സദ്ഗുണം നട്ടുവളർത്താൻ കഴിയുന്ന വിധം
ആധുനിക നിഘണ്ടുക്കൾ “സദ്ഗുണ”ത്തെ “ധാർമിക വൈശിഷ്ട്യം; നന്മ” എന്നിങ്ങനെ നിർവചിച്ചിരിക്കുന്നു. സദ്ഗുണം പ്രകടിപ്പിക്കുകയെന്നാൽ ശരിയായ രീതിയിൽ പ്രവർത്തിക്കുകയും ചിന്തിക്കുകയും ചെയ്യുക എന്നാണർഥം. അത് സ്വഭാവത്തിന്റെ നന്മ ആണ്. “സദ്ഗുണ”മെന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂല ഗ്രീക്ക് പദം “എല്ലാത്തരത്തിലുമുള്ള വൈശിഷ്ട്യ”ത്തെ കുറിക്കുന്നുവെന്നു നിഘണ്ടു നിർമാതാവായ മാർവിൻ ആർ. വിൻസെന്റ് പറയുന്നു. അതുകൊണ്ട് വിവേകം, ധൈര്യം, ആത്മശിക്ഷണം, നിഷ്പക്ഷത, അനുകമ്പ, സ്ഥിരോത്സാഹം, സത്യസന്ധത, താഴ്മ, വിശ്വസ്തത എന്നിവ സദ്ഗുണങ്ങളായി വാഴ്ത്തപ്പെടുന്നതിൽ അതിശയമില്ല. സദ്ഗുണം പ്രകടിപ്പിക്കുന്നതിൽ ശരി സംബന്ധിച്ച ഒരു മാനദണ്ഡത്തോട് അഥവാ നിലവാരത്തോട് അനുരൂപപ്പെടുന്നതും ഉൾപ്പെട്ടിരിക്കുന്നു.
എന്നാൽ ‘ധാർമിക വൈശിഷ്ട്യ’വും ‘നന്മ’യും ‘ശരി’യും സംബന്ധിച്ച ആരുടെ നിലവാരത്തോടാണ് നാം അനുരൂപപ്പെടേണ്ടത്? ന്യൂസ്വീക്ക് മാസിക ഇങ്ങനെ പറഞ്ഞു: “ധാർമിക തത്ത്വചിന്തയെ ഉയർത്തിപ്പിടിക്കുന്ന ആളുകളുടെ അഭിപ്രായത്തിൽ പ്രബുദ്ധ തത്ത്വചിന്ത ഉളവാക്കിയിരിക്കുന്ന അനിശ്ചിതത്വം ശരിയും തെറ്റും ഒരു വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങളെയും വൈകാരിക ചായ്വുകളെയും സംസ്കാരത്തെയും ആശ്രയിച്ചിരിക്കുന്നു എന്ന ചിന്താഗതി പ്രബലപ്പെടാൻ ഇടയാക്കിയിരിക്കുന്നു.” എന്നാൽ ഒരു വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങളെ അടിസ്ഥാനപ്പെടുത്തി തൃപ്തികരമായ വിധത്തിൽ ശരിയും തെറ്റും നിർണയിക്കാൻ നമുക്കു കഴിയുമോ? ഇല്ല. നമുക്ക് അവ സംബന്ധിച്ച് ആശ്രയയോഗ്യമായ ഒരു നിലവാരം ഉണ്ടായിരിക്കണം. അതേ, സദ്ഗുണം നട്ടുവളർത്തുന്നതിന് ഒരു പ്രത്യേക പ്രവൃത്തിയോ മനോഭാവമോ സ്വഭാവസവിശേഷതയോ ശരിയാണോ തെറ്റാണോ എന്നു നിർണയിക്കാൻ സഹായിക്കുന്ന ഒരു നിലവാരം നമുക്ക് ആവശ്യമാണ്.
ധാർമിക നിലവാരങ്ങൾ വെക്കാൻ യോഗ്യനായ ഏകൻ
ധാർമിക നിലവാരങ്ങൾ വെക്കാൻ യോഗ്യതയുള്ള ഒരേയൊരുവൻ മനുഷ്യവർഗത്തിന്റെ സ്രഷ്ടാവായ യഹോവയാം ദൈവമാണ്. ആദ്യ മനുഷ്യനായ ആദാമിനെ സൃഷ്ടിച്ചശേഷം യഹോവ അവന് ഈ കൽപ്പന നൽകി: “തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം. എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.” (ഉല്പത്തി 2:16, 17) തന്റെ സൃഷ്ടികൾക്കു നന്മയായിരിക്കുന്നതും തിന്മയായിരിക്കുന്നതും എന്താണെന്നു തീരുമാനിക്കാനുള്ള അവകാശം തനിക്കു മാത്രമേയുള്ളു എന്നു കാണിക്കാനാണ് യഹോവയാം ദൈവം ആ വൃക്ഷത്തിന് ആ പ്രത്യേക പേര് നൽകിയത്. അങ്ങനെ നന്മതിന്മകളെ കുറിച്ചുള്ള ദൈവത്തിന്റെ നിലവാരങ്ങൾ ഒരു വ്യക്തിയുടെ പ്രവൃത്തികളെയും മനോഭാവത്തെയും സ്വഭാവസവിശേഷതകളെയും വിലയിരുത്താനും ന്യായം വിധിക്കാനുമുള്ള അടിസ്ഥാനമായിത്തീർന്നു. അത്തരം നിലവാരങ്ങൾ ഇല്ലായിരുന്നെങ്കിൽ ശരിയും തെറ്റും കൃത്യമായി വേർതിരിച്ച് അറിയാൻ നമുക്കു കഴിയുമായിരുന്നില്ല.
നന്മതിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷം സംബന്ധിച്ച കൽപ്പന ആദാമിനും ഹവ്വായ്ക്കും മുമ്പാകെ തിരഞ്ഞെടുപ്പിനുള്ള ഒരു അവസരം തുറന്നു കൊടുത്തു—അവർക്ക് ആ കൽപ്പന അനുസരിക്കാനോ അനുസരിക്കാതിരിക്കാനോ കഴിയുമായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം ആ കൽപ്പന അനുസരിക്കുന്നതായിരുന്നു സദ്ഗുണപൂർണമായ നടത്തയിൽ ഉൾപ്പെട്ടിരുന്നത്. കാലക്രമത്തിൽ, തന്നെ പ്രീതിപ്പെടുത്തുകയും അപ്രീതിപ്പെടുത്തുകയും ചെയ്യുന്ന കൂടുതലായ കാര്യങ്ങൾ യഹോവ വെളിപ്പെടുത്തി. അവ നമുക്കായി ബൈബിളിൽ രേഖപ്പെടുത്തിവെക്കുകയും ചെയ്തിരിക്കുന്നു. അപ്പോൾ സദ്ഗുണം നട്ടുവളർത്തുന്നതിൽ ഉൾപ്പെട്ടിരിക്കുന്നത് തിരുവെഴുത്തുകളിൽ കാണുന്ന യഹോവയുടെ നീതിപൂർവകമായ നിലവാരങ്ങളോടുള്ള അനുരൂപപ്പെടലാണ്.
ദൈവത്തിന്റെ നിലവാരങ്ങൾ അടുത്തറിയുക
യഹോവയാം ദൈവം ശരിയും തെറ്റും സംബന്ധിച്ച നിലവാരങ്ങൾ വെക്കുകയും ബൈബിളിലൂടെ അവ വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്ന സ്ഥിതിക്ക് അവയെ അടുത്തറിയാൻ നാം ശ്രമിക്കേണ്ടതല്ലേ? അപ്പൊസ്തലനായ പൗലൊസ് ഇങ്ങനെ എഴുതി: “എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.”—2 തിമൊഥെയൊസ് 3:16, 17.
കഴിഞ്ഞ ലേഖനത്തിൽ പരാമർശിച്ച കുനീഹീതോയുടെ കാര്യംതന്നെ എടുക്കുക. എളിമ സംബന്ധിച്ച് തന്റെ സംസ്കാരം വെച്ചുപുലർത്തിയ വീക്ഷണഗതി അനുസരിച്ചു പെരുമാറിയപ്പോൾ അത് എത്ര വലിയ ഒരു തെറ്റിദ്ധാരണയ്ക്കാണ് ഇടയാക്കിയത്. പിന്നീട് തിരുവെഴുത്തു നിലവാരങ്ങൾ അടുത്തു പരിശോധിച്ചത് കുറേക്കൂടെ സമനിലയോടു കൂടിയ ഒരു സമീപനം ഉണ്ടായിരിക്കാൻ കുനീഹീതോയെ സഹായിച്ചു. തീർച്ചയായും എളിമ പ്രകടമാക്കുന്നതിനെ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ, അമിത ആത്മവിശ്വാസത്തിനും ധിക്കാരത്തിനും എതിരെ അതു മുന്നറിയിപ്പു നൽകുകയും ചെയ്യുന്നു. (സദൃശവാക്യങ്ങൾ 11:2, NW; മീഖാ 6:8, NW) എന്നിരുന്നാലും “അദ്ധ്യക്ഷസ്ഥാന”ത്തിനു വേണ്ട യോഗ്യതകൾ വിവരിക്കവെ ആ പദവി “എത്തിപ്പിടിക്കുന്ന”തിനെ കുറിച്ച് അപ്പൊസ്തലനായ പൗലൊസ് പറയുകയുണ്ടായി. (1 തിമൊഥെയൊസ് 3:1, NW) ഇങ്ങനെ “എത്തിപ്പിടിക്കു”മ്പോൾ ഒരു വ്യക്തി അഹങ്കാരമോ ധിക്കാരമോ പ്രകടിപ്പിക്കരുതെങ്കിലും അദ്ദേഹം സ്വയം താഴ്ത്തിക്കെട്ടേണ്ടതില്ല.
വ്യാപാര രംഗത്തെ ധാർമിക വൈശിഷ്ട്യത്തെ കുറിച്ചു ബൈബിൾ എന്താണു പറയുന്നത്? ചോദ്യം ചെയ്യത്തക്ക നടപടികളിൽ ഏർപ്പെടുന്നതും ഗവൺമെന്റ് ചട്ടങ്ങളിൽനിന്നും നികുതി നിയമങ്ങളിൽനിന്നും രക്ഷപ്പെടാൻ കുറുക്കുവഴികൾ തേടുന്നതും ഇന്നത്തെ വ്യാപാര ലോകത്തിൽ സർവസാധാരണമാണ്. എന്നാൽ മറ്റുള്ളവർ എന്തൊക്കെ ചെയ്താലും ‘സകലത്തിലും സത്യസന്ധരായി നടക്കുക’ എന്ന നിലവാരമാണു ബൈബിൾ വെക്കുന്നത്. (എബ്രായർ 13:18, NW) അതുകൊണ്ട് ലൗകിക ഗവൺമെന്റുകളുമായോ തൊഴിലുടമകൾ, തൊഴിലാളികൾ, ഉപഭോക്താക്കൾ എന്നിവരുമായോ ഉള്ള ഇടപാടുകളിൽ സത്യസന്ധരും നിഷ്പക്ഷരും ആയിരുന്നുകൊണ്ട് നമുക്കു സദ്ഗുണം പ്രകടമാക്കാൻ കഴിയും. (ആവർത്തനപുസ്തകം 25:13-16; റോമർ 13:1; തീത്തൊസ് 2:9, 10) സത്യസന്ധത തീർച്ചയായും ആളുകൾ തമ്മിലുള്ള നല്ല ബന്ധങ്ങൾക്കും പരസ്പര വിശ്വാസത്തിനും സംഭാവന ചെയ്യുന്നു. അതുപോലെ കരാറുകൾ എഴുതിവെക്കുന്നത് മിക്കപ്പോഴും തെറ്റിദ്ധാരണകളും “മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങ”ൾ നിമിത്തം ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളും ഒഴിവാക്കുന്നതിനും സഹായിക്കും.—സഭാപ്രസംഗി 9:11, NW; യാക്കോബ് 4:13, 14.
ഇനി വസ്ത്രധാരണത്തിന്റെയും ചമയത്തിന്റെയും കാര്യത്തിലും നാം സദ്ഗുണം നട്ടുവളർത്തേണ്ടതുണ്ട്. സംസ്കാരത്തിന് അനുസരിച്ച് വസ്ത്രധാരണ രീതികൾക്കും മാറ്റം വരും. ഏറ്റവും പുതിയ സ്റ്റൈലുകൾ സ്വീകരിക്കാനുള്ള സമ്മർദം അതിശക്തമായിരുന്നേക്കാം. എന്നാൽ മാറിവരുന്ന ഓരോ ഫാഷന്റെയും പിന്നാലെ നാം ഓടേണ്ടതുണ്ടോ? വാസ്തവത്തിൽ ‘ഈ ലോകത്തിന്നു അനുരൂപമാകുന്നത്’ ഒഴിവാക്കാനാണ് ബൈബിൾ നമ്മെ പ്രബോധിപ്പിക്കുന്നത്. (റോമർ 12:2) ഏതെങ്കിലും തരത്തിലുള്ള നിയമങ്ങൾ വെക്കുന്നതിനു പകരം അപ്പൊസ്തലനായ പൗലൊസ് നിശ്വസ്തതയിൽ ഇങ്ങനെ എഴുതി: “സ്ത്രീകളും യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാശീലത്തോടും സുബോധത്തോടുംകൂടെ തങ്ങളെ അലങ്കരിക്കേണം. പിന്നിയ തലമുടി, പൊന്നു, മുത്തു, വിലയേറിയ വസ്ത്രം എന്നിവകൊണ്ടല്ല, ദൈവഭക്തിയെ സ്വീകരിക്കുന്ന സ്ത്രീകൾക്കു ഉചിതമാകുംവണ്ണം സൽപ്രവൃത്തികളെക്കൊണ്ടത്രേ അലങ്കരിക്കേണ്ടതു.” (1 തിമൊഥെയൊസ് 2:9, 10) ഈ അടിസ്ഥാന നിലവാരം സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ബാധകമാണ്. വ്യത്യസ്ത സംസ്കാരങ്ങൾക്കും വ്യക്തിപരമായ താത്പര്യങ്ങൾക്കും അനുസരിച്ച് വ്യത്യസ്ത സ്റ്റൈലുകൾ സ്വീകരിക്കരുതെന്നല്ല അതിന്റെ അർഥം.
ദൈവം വ്യക്തമായും കുറ്റംവിധിക്കുന്ന അധാർമിക നടപടികളെയും ബൈബിൾ തിരിച്ചറിയിക്കുന്നു. 1 കൊരിന്ത്യർ 6:9, 10-ൽ നാം ഈ മുന്നറിയിപ്പു കാണുന്നു: “അന്യായം ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിൻ; ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വയഭോഗികൾ, പുരുഷകാമികൾ, കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല.” ഈ വാക്യത്തിന്റെ അടിസ്ഥാനത്തിൽ ധാർമിക വൈശിഷ്ട്യം സംബന്ധിച്ച സ്രഷ്ടാവിന്റെ നിലവാരം അനുസരിച്ച് ഹ്വാനുമായുള്ള തന്റെ ബന്ധം തെറ്റാണെന്നും ദൈവപ്രീതി വേണമെങ്കിൽ അത് ഉടൻ അവസാനിപ്പിക്കണമെന്നും തിരിച്ചറിയാൻ നേരത്തേ പരാമർശിച്ച മരിയയ്ക്കു കഴിഞ്ഞു. അപ്പോൾ വ്യക്തമായും, സദ്ഗുണം നട്ടുവളർത്തണമെങ്കിൽ നാം യഹോവയുടെ നിലവാരങ്ങളെ അടുത്ത് അറിയേണ്ടതുണ്ട്.
ഹൃദയംകൊണ്ട് പഠിക്കുക
സദ്ഗുണത്തിൽ തെറ്റായ കാര്യങ്ങൾ ഒഴിവാക്കുന്നതിലും അധികം ഉൾപ്പെട്ടിട്ടുണ്ട്. അത് ധാർമിക ബലം ഉണ്ടായിരിക്കേണ്ടത് ആവശ്യമാക്കിത്തീർക്കുന്നു. സദ്ഗുണപൂർണനായ ഒരു വ്യക്തി നന്മയുള്ളവനാണ്. ഒരു പ്രൊഫസർ പറയുന്നത് അനുസരിച്ച് “മനസ്സുകൊണ്ടും ഹൃദയംകൊണ്ടും പഠിക്കേണ്ട ഒന്നാണു സദ്ഗുണം.” അപ്പോൾ സദ്ഗുണം നട്ടുവളർത്തുന്നതിൽ ദൈവവചനം നന്നായി അറിയുന്നതിലും കൂടുതൽ ഉൾപ്പെട്ടിരിക്കുന്നു. അതിൽ എഴുതിയിരിക്കുന്ന കാര്യങ്ങളെ കുറിച്ചു നാം ധ്യാനിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ നമ്മുടെ ഹൃദയങ്ങൾ യഹോവയോടുള്ള നന്ദികൊണ്ടു നിറയുകയും ജീവിതത്തിൽ തിരുവെഴുത്തു തത്ത്വങ്ങൾ ബാധകമാക്കാൻ നാം പ്രചോദിതരായിത്തീരുകയും ചെയ്യുകയുള്ളൂ.
“നിന്റെ ന്യായപ്രമാണം എനിക്കു എത്രയോ പ്രിയം; ഇടവിടാതെ അതു എന്റെ ധ്യാനമാകുന്നു” എന്നു സങ്കീർത്തനക്കാരൻ എഴുതി. (സങ്കീർത്തനം 119:97) ദാവീദു രാജാവ് ഇപ്രകാരം പറഞ്ഞു: “ഞാൻ പണ്ടത്തെ നാളുകളെ ഓർക്കുന്നു; നിന്റെ സകലപ്രവൃത്തികളെയും ഞാൻ ധ്യാനിക്കുന്നു; നിന്റെ കൈകളുടെ പ്രവൃത്തിയെ ഞാൻ ചിന്തിക്കുന്നു.” (സങ്കീർത്തനം 143:5) ബൈബിളും ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളും പഠിക്കുമ്പോൾ നാമും പ്രാർഥനാപൂർവകമായ ധ്യാനത്തിനു സമയം കണ്ടെത്തേണ്ടത് അനിവാര്യമാണ്.
ഉത്സാഹപൂർവകമായ പഠനത്തിനും ധ്യാനത്തിനും സമയം കണ്ടെത്തുന്നത് ഒരു വെല്ലുവിളിയായിരിക്കാൻ കഴിയും. എന്നാൽ സദ്ഗുണം നട്ടുവളർത്തണമെങ്കിൽ മറ്റു കാര്യങ്ങളിൽനിന്നും നാം സമയം വിലയ്ക്കു വാങ്ങിയേ തീരൂ. (എഫെസ്യർ 5:15, 16, NW) 24 വയസ്സുള്ള ആരൻ എന്താണു ചെയ്യുന്നതെന്നു നോക്കൂ. മുമ്പ് എഴുന്നേറ്റിരുന്നതിനെക്കാൾ 30 മിനിട്ട് നേരത്തേ എഴുന്നേറ്റുകൊണ്ട് അവൻ ദിവസവും സമയം വിലയ്ക്കു വാങ്ങുന്നു. അവൻ പറയുന്നു: “ആദ്യമൊക്കെ അരമണിക്കൂർ മുഴുവനും ബൈബിൾ വായിക്കുന്നതിനാണ് ഞാൻ ചെലവഴിച്ചിരുന്നത്. അടുത്ത കാലത്താണ് ധ്യാനത്തിന്റെ പ്രാധാന്യം ഞാൻ മനസ്സിലാക്കിയത്. അതുകൊണ്ട് ഇപ്പോൾ പകുതി സമയം വായിച്ച കാര്യങ്ങളെ കുറിച്ചു ചിന്തിക്കാൻ ഞാൻ ഉപയോഗിക്കുന്നു. ഇതു വളരെ ഗുണം ചെയ്തിട്ടുണ്ട്.” മറ്റു സമയങ്ങളും ധ്യാനത്തിനായി ഉപയോഗിക്കാൻ കഴിയും. യഹോവയ്ക്കുള്ള ഒരു കീർത്തനത്തിൽ ദാവീദ് ഇങ്ങനെ പാടി: ‘ഞാൻ രാത്രിയാമങ്ങളിൽ നിന്നെ ധ്യാനിക്കുന്നു.’ (സങ്കീർത്തനം 63:5) “വൈകുന്നേരത്തു യിസ്ഹാക് ധ്യാനിപ്പാൻ വെളിമ്പ്രദേശത്തു പോയിരുന്നു” എന്നും നാം ബൈബിളിൽ വായിക്കുന്നു.—ഉല്പത്തി 24:63.
സദ്ഗുണം നട്ടുവളർത്തുന്നതിൽ ധ്യാനത്തിനുള്ള പങ്ക് അമൂല്യമാണ്. എന്തുകൊണ്ടെന്നാൽ ഒരു സംഗതി സംബന്ധിച്ച് യഹോവയ്ക്കു തോന്നുന്നതുപോലെ തോന്നാനും കാര്യങ്ങളെ അവൻ വീക്ഷിക്കുന്നതുപോലെ വീക്ഷിക്കാനും അതു നമ്മെ സഹായിക്കും. ഉദാഹരണത്തിന് ദൈവം പരസംഗത്തെ കുറ്റംവിധിക്കുന്നുവെന്ന് മരിയയ്ക്ക് അറിയാമായിരുന്നു. എന്നാൽ “തീയതിനെ വെറുത്തു നല്ലതിനോടു പറ്റിക്കൊൾവാൻ” പ്രധാനപ്പെട്ട ബൈബിൾ വാക്യങ്ങളെ കുറിച്ച് അവൾ ധ്യാനിക്കേണ്ടതുണ്ടായിരുന്നു. (റോമർ 12:9) “ദുർന്നടപ്പു, അശുദ്ധി, അതിരാഗം, ദുർമ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ” എന്ന് ഉദ്ബോധിപ്പിക്കുന്ന കൊലൊസ്സ്യർ 3:5 വായിച്ച ശേഷം താൻ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നു മനസ്സിലാക്കാൻ അവൾക്കു സാധിച്ചു. മരിയ തന്നോടുതന്നെ ഇങ്ങനെ ചോദിക്കേണ്ടതുണ്ടായിരുന്നു: ‘ഏതുതരത്തിലുള്ള അതിരാഗം അഥവാ കാമവികാരമാണു ഞാൻ മരിപ്പിക്കേണ്ടത്? അശുദ്ധമായ ആഗ്രഹങ്ങളെ ഉണർത്തിയേക്കാവുന്ന എന്താണ് ഞാൻ ഒഴിവാക്കേണ്ടത്? എതിർലിംഗ വർഗത്തിൽ പെട്ടവരോട് ഇടപെടുന്ന വിധത്തിൽ ഞാൻ എന്തെങ്കിലും മാറ്റം വരുത്തേണ്ടത് ഉണ്ടോ?’
ധ്യാനത്തിൽ ഒരു പ്രവൃത്തിയുടെ അനന്തരഫലത്തെ കുറിച്ചു ചിന്തിക്കുന്നതും ഉൾപ്പെടുന്നു. “ഈ കാര്യത്തിൽ ആരും അതിക്രമിക്കയും സഹോദരനെ ചതിക്കയും” ചെയ്യാതിരിക്കേണ്ടതിന് ആത്മനിയന്ത്രണം പ്രകടമാക്കാനും പരസംഗം വർജിക്കാനും പൗലൊസ് ക്രിസ്ത്യാനികളെ പ്രബോധിപ്പിക്കുന്നു. (1 തെസ്സലൊനീക്യർ 4:3-7) ‘ഈ പ്രവൃത്തി എനിക്കും എന്റെ കുടുംബത്തിനും മറ്റുള്ളവർക്കും എന്തു ദോഷം ചെയ്യും? ആത്മീയവും വൈകാരികവും ശാരീരികവുമായി ഇത് എന്നെ എങ്ങനെ ബാധിക്കും? മുൻകാലങ്ങളിൽ ദൈവനിയമങ്ങൾ ലംഘിച്ചവർക്ക് എന്താണു സംഭവിച്ചത്?’ എന്നിങ്ങനെയുള്ള ചോദ്യങ്ങളെ കുറിച്ചു ചിന്തിക്കുന്നതു നല്ലതായിരിക്കും. ഇത്തരത്തിലുള്ള ധ്യാനം മനക്കരുത്ത് നേടുന്നതിന് മരിയയെ സഹായിച്ചു. നമ്മുടെ കാര്യത്തിലും അത് അതുതന്നെ ചെയ്യും.
ദൃഷ്ടാന്തങ്ങളിൽനിന്നും പഠിക്കുക
ഒരു ക്ലാസ്സ് മുറിയിൽ ഇരുത്തി പഠിപ്പിക്കാൻ കഴിയുന്ന ഒന്നാണോ സദ്ഗുണം? ആയിരക്കണക്കിനു വർഷങ്ങളായി ചിന്തകരെ കുഴക്കിയിരിക്കുന്ന ഒരു ചോദ്യമാണിത്. അതു സാധ്യമാണെന്ന് ഗ്രീക്കു തത്ത്വചിന്തകനായ പ്ലേറ്റോ ചിന്തിച്ചപ്പോൾ പരിശീലനത്തിലൂടെ മാത്രമേ സദ്ഗുണം നേടിയെടുക്കാനാവൂ എന്ന് അരിസ്റ്റോട്ടിൽ വാദിച്ചു. ഈ സംവാദത്തെ സംഗ്രഹിച്ചുകൊണ്ട് ഒരു പത്രപ്രവർത്തകൻ ഇങ്ങനെ എഴുതി: “ചുരുക്കത്തിൽ, സദ്ഗുണങ്ങൾ തനിയെ പഠിച്ചെടുക്കാൻ കഴിയില്ല; പാഠപുസ്തകങ്ങൾ ഉപയോഗിച്ചു പഠിപ്പിക്കാനും സാധിക്കില്ല. സദ്ഗുണത്തെ പ്രോത്സാഹിപ്പിക്കുകയും അതിനു പ്രതിഫലം നൽകുകയും ചെയ്യുന്ന . . . സമൂഹത്തിൽ ജീവിക്കുന്നതിന്റെ ഫലമാണ് നല്ല സ്വഭാവം.” എന്നാൽ സദ്ഗുണപൂർണരായ വ്യക്തികളെ നമുക്ക് എവിടെയാണു കാണാൻ കഴിയുക? മിക്ക സംസ്കാരങ്ങളിലും സദ്ഗുണത്തിന്റെ ചില ദൃഷ്ടാന്തങ്ങൾ—പുരാണങ്ങളിലെയും കഥകളിലെയും നായകന്മാരിൽ എങ്കിലും—നമുക്കു കാണാൻ കഴിയുമെങ്കിലും ബൈബിളിൽ അതിനുള്ള അനേകം യഥാർഥ ദൃഷ്ടാന്തങ്ങൾ അടങ്ങിയിട്ടുണ്ട്.
ഏറ്റവും മികച്ച ദൃഷ്ടാന്തം യഹോവയുടേതാണ്. അവൻ എല്ലായ്പോഴും സദ്ഗുണം പ്രകടിപ്പിക്കുകയും നല്ലതും ന്യായവുമായതു പ്രവർത്തിക്കുകയും ചെയ്യുന്നു. “ദൈവത്തെ അനുകരി”ച്ചുകൊണ്ട് നമുക്കു സദ്ഗുണം നട്ടുവളർത്താൻ കഴിയും. (എഫെസ്യർ 5:1) അതുപോലെ ദൈവപുത്രനായ യേശുക്രിസ്തു നമുക്ക് “അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു.” (1 പത്രൊസ് 2:21) കൂടാതെ ബൈബിളിൽ അബ്രാഹാം, സാറാ, യോസേഫ്, രൂത്ത്, ഇയ്യോബ്, ദാനീയേൽ, അവന്റെ മൂന്ന് എബ്രായ കൂട്ടുകാർ എന്നിങ്ങനെ വിശ്വസ്തരായ അനേകം വ്യക്തികളുടെ ദൃഷ്ടാന്തങ്ങൾ കാണാൻ കഴിയും. സദ്ഗുണം പ്രകടമാക്കിയ വ്യക്തികളുടെ അനേകം ആധുനിക ദൃഷ്ടാന്തങ്ങളും നമുക്കുണ്ട്.
നമുക്കു വിജയിക്കാൻ കഴിയും
ദൈവമുമ്പാകെ സദ്ഗുണപൂർണരായി നടക്കുന്നതിൽ നമുക്കു വിജയിക്കാൻ കഴിയുമോ? അപൂർണത കൈമാറി കിട്ടിയിരിക്കുന്നതിനാൽ ചില സമയങ്ങളിൽ നമ്മുടെ മനസ്സും ശരീരവും തമ്മിൽ ഉഗ്രപോരാട്ടം നടന്നേക്കാം—സദ്ഗുണം പ്രകടിപ്പിക്കാനുള്ള ആഗ്രഹവും നമ്മുടെ പാപപൂർണമായ ചായ്വുകളും തമ്മിലുള്ള ഒരു പോരാട്ടം. (റോമർ 5:12; 7:13-23) എന്നാൽ ദൈവത്തിന്റെ സഹായത്താൽ സദ്ഗുണം പ്രകടിപ്പിക്കാനുള്ള ഈ പോരാട്ടത്തിൽ വിജയം നേടാൻ കഴിയും. (റോമർ 7:24, 25) യഹോവ തന്റെ വചനവും ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളും ലഭ്യമാക്കിയിരിക്കുന്നു. തിരുവെഴുത്തുകൾ ഉത്സാഹപൂർവം പഠിക്കുകയും പ്രാർഥനാപൂർവം അതിനെ കുറിച്ചു ധ്യാനിക്കുകയും ചെയ്യുമ്പോൾ നാം ഹൃദയശുദ്ധിയുള്ളവർ ആയിത്തീരും. അങ്ങനെയുള്ള ശുദ്ധമായ ഒരു ഹൃദയത്തിൽനിന്നു സദ്ഗുണപൂർണമായ ചിന്തകളും വാക്കുകളും പ്രവൃത്തികളും പുറപ്പെടും. (ലൂക്കൊസ് 6:45) യഹോവയുടെയും യേശുക്രിസ്തുവിന്റെയും വ്യക്തിത്വത്തെ അനുകരിച്ചുകൊണ്ട് നമുക്ക് ഒരു ദൈവിക വ്യക്തിത്വം വളർത്തിയെടുക്കാൻ കഴിയും. കൂടാതെ, ഇന്ന് ദൈവത്തെ വിശ്വസ്തമായി സേവിക്കുന്ന വ്യക്തികളിൽനിന്നും നമുക്കു വളരെയേറെ പഠിക്കാൻ കഴിയും.
സദ്ഗുണമായത് ഒക്കെയും പുകഴ്ചയായത് ഒക്കെയും “ചിന്തിച്ചുകൊണ്ടേയിരിക്കാൻ” [NW] അപ്പൊസ്തലനായ പൗലൊസ് അവന്റെ വായനക്കാരെ പ്രോത്സാഹിപ്പിച്ചു. ഇങ്ങനെ ചെയ്താൽ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടായിരിക്കും എന്നു തീർച്ചയാണ്. (ഫിലിപ്പിയർ 4:8, 9) യഹോവയുടെ സഹായത്തോടെ സദ്ഗുണം നട്ടുവളർത്തുന്നതിൽ നമുക്കു വിജയിക്കാൻ കഴിയും.
[6-ാം പേജിലെ ചിത്രം]
ധ്യാനത്തെ നിങ്ങളുടെ ബൈബിൾ പഠനത്തിന്റെ ഭാഗമാക്കുക
[7-ാം പേജിലെ ചിത്രം]
യേശുക്രിസ്തുവിനെ അനുകരിച്ചുകൊണ്ട് ഒരു ദൈവിക വ്യക്തിത്വം വളർത്തിയെടുക്കുക