നമുക്ക് എങ്ങനെ നമ്മുടെ വിശ്വാസത്തിനു സദ്ഗുണം പ്രദാനം ചെയ്യാൻ കഴിയും?
“അതെ, ഈ കാരണത്താൽത്തന്നെ, പ്രതികരണമായി സകല ആത്മാർഥ ശ്രമവും ചെയ്യുന്നതിനാൽ നിങ്ങളുടെ വിശ്വാസത്തിനു സദ്ഗുണവും . . . പ്രദാനം ചെയ്യുക.”—2 പത്രോസ് 1:5, NW.
1, 2. യഹോവയുടെ ജനം സദ്ഗുണമുള്ളതു ചെയ്യാൻ നാം പ്രതീക്ഷിക്കേണ്ടത് എന്തുകൊണ്ട്?
യഹോവ എല്ലായ്പോഴും സദ്ഗുണപൂർണമായ രീതിയിലാണു പ്രവർത്തിക്കുന്നത്. അവിടുന്നു നീതിയും നൻമയും ചെയ്യുന്നു. അതുകൊണ്ട് അഭിഷിക്ത ക്രിസ്ത്യാനികളെ ‘തന്റെ മഹത്ത്വത്താലും സദ്ഗുണത്താലും’ വിളിച്ചവൻ എന്ന് അപ്പോസ്തലനായ പത്രോസിന് ദൈവത്തെപ്പററി പറയാൻ കഴിഞ്ഞു. യഥാർഥ ദൈവികഭക്തിയുള്ള ജീവിതം നയിക്കാൻ എന്താണ് ആവശ്യമായിരിക്കുന്നത് എന്നു സദ്ഗുണപൂർണനായ അവരുടെ സ്വർഗീയ പിതാവിനെപ്പററിയുള്ള സൂക്ഷ്മമായ അറിവ് അവർക്കു കാണിച്ചുകൊടുത്തിരുന്നു.—2 പത്രൊസ് 1:2, 3.
2 “പ്രിയമക്കൾ എന്നപോലെ ദൈവത്തെ അനുകരിപ്പിൻ” എന്ന് അപ്പോസ്തലനായ പൗലോസ് ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നു. (എഫെസ്യർ 5:1) യഹോവയുടെ ആരാധകർ തങ്ങളുടെ സ്വർഗീയ പിതാവിനെപ്പോലെ ഏതു സാഹചര്യത്തിലും സദ്ഗുണമായുള്ളതു ചെയ്യണം. എന്നാൽ സദ്ഗുണം എന്നാൽ എന്താണ്?
സദ്ഗുണം എന്നാൽ എന്ത്?
3. ‘സദ്ഗുണം’ എങ്ങനെ നിർവചിക്കപ്പെട്ടിരിക്കുന്നു?
3 ആധുനിക നിഘണ്ടുകൾ “സദ്ഗുണ”ത്തെ (virtue) “ധാർമിക വൈശിഷ്ട്യം; നൻമ” എന്നു നിർവചിക്കുന്നു. അത് “ശരിയായ പ്രവർത്തനവും ചിന്തയും” ആണ്; സ്വഭാവത്തിന്റെ നൻമ.” സദ്ഗുണപൂർണനായ ഒരു വ്യക്തി നീതിമാനാണ്. “ഒരു നീതിപ്രമാണത്തോടുള്ള അനുരൂപത” എന്നും സദ്ഗുണത്തെ നിർവചിച്ചിട്ടുണ്ട്. തീർച്ചയായും ക്രിസ്ത്യാനികൾക്കുള്ള “നീതി പ്രമാണം” നിശ്ചയിക്കുന്നതു ദൈവമാണ്, അത് അവിടുത്തെ വിശുദ്ധ വചനമായ ബൈബിളിൽ വ്യക്തമാക്കിയിരിക്കുന്നു.
4. രണ്ടു പത്രോസ് 1:5-7-ൽ പറഞ്ഞിരിക്കുന്ന ഏതു ഗുണങ്ങളാണു ക്രിസ്ത്യാനികൾ കഠിനാധ്വാനം ചെയ്തു വളർത്തിയെടുക്കേണ്ടത്?
4 സത്യക്രിസ്ത്യാനികൾ യഹോവയാം ദൈവത്തിന്റെ നീതിയുള്ള പ്രമാണങ്ങൾ അനുസരിക്കുന്നു, അവർ വിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് അവിടുത്തെ അമൂല്യ വാഗ്ദത്തങ്ങളോടു പ്രതികരിക്കുകയും ചെയ്യുന്നു. അവർ പത്രോസിന്റെ ഈ ബുദ്ധ്യുപദേശവും അനുസരിക്കുന്നു: “അതെ, ഈ കാരണത്താൽത്തന്നെ, പ്രതികരണമായി സകല ആത്മാർഥ ശ്രമവും ചെയ്യുന്നതിനാൽ നിങ്ങളുടെ വിശ്വാസത്തിനു സദ്ഗുണവും നിങ്ങളുടെ സദ്ഗുണത്തിന് അറിവും നിങ്ങളുടെ അറിവിന് ആത്മനിയന്ത്രണവും നിങ്ങളുടെ ആത്മനിയന്ത്രണത്തിനു സഹിഷ്ണുതയും നിങ്ങളുടെ സഹിഷ്ണുതക്കു ദൈവഭക്തിയും നിങ്ങളുടെ ദൈവഭക്തിക്കു സഹോദരപ്രീതിയും നിങ്ങളുടെ സഹോദരപ്രീതിക്കു സ്നേഹവും പ്രദാനം ചെയ്യുക.” (2 പത്രോസ് 1:5-7, NW) ഈ ഗുണങ്ങൾ വളർത്തിയെടുക്കാൻ ഒരു ക്രിസ്ത്യാനി കഠിനമായി പരിശ്രമിക്കണം. ഇതു ചുരുക്കം ചില ദിവസങ്ങൾക്കൊണ്ടോ വർഷങ്ങൾക്കൊണ്ടോ അല്ല ചെയ്യുന്നത്, പിന്നെയോ, ഒരു ആയുഷ്കാലത്തെ തുടർച്ചയായ പരിശ്രമം ആവശ്യമാണ്. എന്തിന്, നമ്മുടെ വിശ്വാസത്തിനു സദ്ഗുണം പ്രദാനം ചെയ്യുന്നത് അതിൽത്തന്നെ ഒരു വെല്ലുവിളിയാണ്!
5. തിരുവെഴുത്തുനിലപാടിൽ സദ്ഗുണം എന്താണ്?
5 “സദ്ഗുണ”മെന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂല ഗ്രീക്ക് പദത്തിന്റെ പൗരാണിക അർഥം “ഏതു തരത്തിലുമുള്ള നൻമ”യെ കുറിക്കുന്നുവെന്നു നിഘണ്ടുനിർമാതാവായ എം. ആർ. വിൻസെൻറ് പറയുന്നു. ക്രിസ്ത്യാനികൾ ദൈവത്തിന്റെ “സദ്ഗുണങ്ങളെ” അല്ലെങ്കിൽ നൻമകളെ ഘോഷിക്കേണ്ടതാണെന്നു പറഞ്ഞപ്പോൾ പത്രോസ് അതിന്റെ ബഹുവചനരൂപം ഉപയോഗിച്ചു. (1 പത്രൊസ് 2:9) തിരുവചനാനുസൃതമായ ഒരു നിലപാടിൽ സദ്ഗുണം നിഷ്ക്രിയമായ ഒന്നായിട്ടല്ല, പിന്നെയോ “ധാർമിക ശക്തി, ധാർമിക ബലം, ദേഹിയുടെ ഓജസ്സ്” ആയിട്ടാണു വർണിക്കുന്നത്. സദ്ഗുണത്തെപ്പററി പറഞ്ഞപ്പോൾ ദൈവത്തിന്റെ ദാസൻമാർ പ്രകടിപ്പിക്കാനും നിലനിർത്താനും പ്രതീക്ഷിക്കുന്ന ധീരമായ ധാർമിക വൈശിഷ്ട്യമാണു പത്രോസിന്റെ മനസ്സിലുണ്ടായിരുന്നത്. ഏതായാലും, നാം അപൂർണരായിരിക്കുന്ന സ്ഥിതിക്ക് നമുക്കു ദൈവദൃഷ്ടിയിൽ യഥാർഥത്തിൽ സദ്ഗുണമുള്ളതു ചെയ്യാൻ കഴിയുമോ?
അപൂർണരാണെങ്കിലും സദ്ഗുണമുള്ളവർ
6. നാം അപൂർണരെങ്കിലും നമുക്കു ദൈവദൃഷ്ടിയിൽ സദ്ഗുണമുള്ളതു പ്രവർത്തിക്കാമെന്നു പറയാൻ കഴിയുന്നതെന്തുകൊണ്ട്?
6 നമ്മൾ അപൂർണതയും പാപവും അവകാശപ്പെടുത്തിയിരിക്കുന്നു, അതുകൊണ്ട്, ദൈവദൃഷ്ടിയിൽ യഥാർഥത്തിൽ സദ്ഗുണമുള്ളത് എങ്ങനെ ചെയ്യാൻ കഴിയുമെന്ന് അറിയാൻ നാം ആഗ്രഹിച്ചേക്കാം. (റോമർ 5:12) സദ്ഗുണമുള്ള ചിന്തകളും വാക്കുകളും പ്രവൃത്തികളും വരാൻ കഴിയുന്ന ശുദ്ധമായ ഹൃദയം ഉണ്ടായിരിക്കേണ്ടതിന് തീർച്ചയായും യഹോവയുടെ സഹായം നമുക്ക് ആവശ്യമാണ്. (ലൂക്കൊസ് 6:45 താരതമ്യം ചെയ്യുക.) ബത്ത്-ശേബയുമായുള്ള ബന്ധത്തിൽ പാപം ചെയ്തശേഷം പശ്ചാത്തപിച്ച സങ്കീർത്തനക്കാരനായ ദാവീദ് യാചിച്ചു: “ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ.” (സങ്കീർത്തനം 51:10) ദാവീദിനു ദൈവത്തിന്റെ ക്ഷമയും ഒരു സദ്ഗതി പിന്തുടരുന്നതിനാവശ്യമായ സഹായവും ലഭിച്ചു. അതുകൊണ്ട്, നാം ഗൗരവമായ പാപം ചെയ്തശേഷം പശ്ചാത്താപമനോഭാവത്തോടെ ദൈവത്തിന്റെയും സഭാമൂപ്പൻമാരുടെയും സഹായം സ്വീകരിച്ചിട്ടുണ്ടെങ്കിൽ നമുക്കു സദ്ഗുണപൂർണമായ ഒരു പാതയിലേക്കു തിരികെ വരുന്നതിനും അതിൽ നിലകൊള്ളുന്നതിനും കഴിയും.—സങ്കീർത്തനം 103:1-3; 10-14; യാക്കോബ് 5:13-15.
7, 8. (എ) നാം സദ്ഗുണമുള്ളവരായി നിലകൊള്ളുന്നതിന് എന്താണ് ആവശ്യം? (ബി) ക്രിസ്ത്യാനികൾക്കു സദ്ഗുണമുള്ളവരായിരിക്കുവാൻ എന്തു സഹായം ലഭ്യമാണ്?
7 സഹജമായ പാപപൂർണത നിമിത്തം, ഒരു സദ്ഗതി നമ്മളിൽനിന്ന് ആവശ്യപ്പെടുന്നതു ചെയ്യുന്നതിന് നാം തുടർച്ചയായ ഒരു ആന്തരിക പോരാട്ടം നടത്തണം. നാം സദ്ഗുണപൂർണരായി നിലനിൽക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ പാപത്തിന്റെ അടിമകളായിരിക്കാൻ നമുക്കു നമ്മേത്തന്നെ ഒരിക്കലും അനുവദിക്കാൻ പററില്ല. പകരം നാം “നീതിക്കു അടിമകൾ” ആയിരിക്കണം, സദ്ഗുണമുള്ള രീതിയിൽ എല്ലായ്പോഴും ചിന്തിക്കുകയും സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്തുകൊണ്ടുതന്നെ. (റോമർ 6:16-23, NW) തീർച്ചയായും നമ്മുടെ ജഡിക അഭിലാഷങ്ങളും പാപ പ്രവണതകളും ശക്തമാണ്, ഇവയും ദൈവം നമ്മിൽനിന്ന് ആവശ്യപ്പെടുന്ന സദ്ഗുണപൂർണമായ കാര്യങ്ങളും തമ്മിലുള്ള ഒരു സംഘട്ടനത്തെ നാം അഭിമുഖീകരിക്കുന്നു. അതുകൊണ്ട് എന്തുചെയ്യേണ്ടതുണ്ട്?
8 ഒരു സംഗതി നാം യഹോവയുടെ പരിശുദ്ധാത്മാവിന്റെ അഥവാ പ്രവർത്തനനിരതമായ ശക്തിയുടെ നടത്തിപ്പ് അനുസരിക്കേണ്ടതുണ്ട് എന്നതാണ്. അതുകൊണ്ടു നാം പൗലോസിന്റെ പിൻവരുന്ന ബുദ്ധ്യുപദേശം അനുസരിക്കണം: “ആത്മാവിനെ അനുസരിച്ചുനടപ്പിൻ; എന്നാൽ നിങ്ങൾ ജഡത്തിന്റെ മോഹം നിവർത്തിക്കയില്ല എന്നു ഞാൻ പറയുന്നു. ജഡാഭിലാഷം ആത്മാവിന്നും ആത്മാഭിലാഷം ജഡത്തിന്നും വിരോധമായിരിക്കുന്നു. നിങ്ങൾ ഇച്ഛിക്കുന്നതു ചെയ്യാതവണ്ണം അവ തമ്മിൽ പ്രതികൂലമല്ലോ.” (ഗലാത്യർ 5:16, 17) അതേ, നമുക്കു നീതിക്കുവേണ്ടിയുള്ള ഒരു സ്വാധീന ശക്തിയായി ദൈവത്തിന്റെ ആത്മാവും നല്ല നടത്തയ്ക്കുവേണ്ടിയുള്ള വഴികാട്ടിയായി അവിടുത്തെ വചനവുമുണ്ട്. യഹോവയുടെ സ്ഥാപനത്തിന്റെ സ്നേഹനിർഭരമായ സഹായവും “വിശ്വസ്തനും വിവേകിയുമായ അടിമ”യുടെ ബുദ്ധ്യുപദേശവും നമുക്കുണ്ട്. (മത്തായി 24:45-47, NW) അങ്ങനെ നമുക്കു പാപ പ്രവണതകൾക്കെതിരായി ഒരു വിജയകരമായ പോരാട്ടം നടത്താൻ കഴിയും. (റോമർ 7:15-25) തീർച്ചയായും, ഒരു അശുദ്ധമായ ചിന്ത മനസ്സിലേക്കു വന്നാൽ നാം അതു സത്വരം ഉപേക്ഷിക്കുകയും സദ്ഗുണരഹിതമായ ഏതു വിധത്തിലും പ്രവർത്തിക്കാനുള്ള ഏതു പ്രലോഭനത്തെയും ചെറുത്തുനിൽക്കാൻ ദൈവ സഹായത്തിനായി പ്രാർഥിക്കുകയും ചെയ്യണം.—മത്തായി 6:13.
സദ്ഗുണവും നമ്മുടെ ചിന്തകളും
9. സദ്ഗുണപൂർണമായ നടത്ത എപ്രകാരമുള്ള ചിന്ത ആവശ്യമാക്കിത്തീർക്കുന്നു?
9 ഒരു വ്യക്തി ചിന്തിക്കുന്ന വിധത്തിൽ സദ്ഗുണം തുടങ്ങുന്നു. ദിവ്യാംഗീകാരം ആസ്വദിക്കുന്നതിനു നാം നീതിനിഷ്ഠവും നല്ലതും സദ്ഗുണപൂർണവുമായ കാര്യങ്ങളെപ്പററി ചിന്തിക്കണം. പൗലോസ് പറഞ്ഞു: “സഹോദരൻമാരേ, സത്യമായ ഏതു കാര്യങ്ങളും ഗൗരവാവഹമായ ഏതു കാര്യങ്ങളും നീതിനിഷ്ഠമായ ഏതു കാര്യങ്ങളും നിർമലമായ ഏതു കാര്യങ്ങളും പ്രിയങ്കരമായ ഏതു കാര്യങ്ങളും പ്രശംസിക്കപ്പെടുന്ന ഏതു കാര്യങ്ങളും ഏതു സദ്ഗുണവും ഏതു സ്തുത്യർഹമായ കാര്യവും, ഇവ പരിചിന്തിക്കുന്നതിൽ തുടരുക.” (ഫിലിപ്പിയർ 4:8, NW) നാം നമ്മുടെ മനസ്സുകളെ നീതിനിഷ്ഠവും നിർമലവുമായ കാര്യങ്ങളിൽ പതിപ്പിക്കേണ്ടതുണ്ട്, സദ്ഗുണത്തിന്റെ അഭാവമുള്ള ഒന്നും നമുക്ക് ആകർഷകമായിരിക്കരുത്. “എന്നോടു പഠിച്ചും ഗ്രഹിച്ചും കേട്ടും കണ്ടുമുള്ളതു പ്രവർത്തിപ്പിൻ” എന്നു പൗലോസിനു പറയാൻ കഴിഞ്ഞു. നാം പൗലോസിനെപ്പോലെ—ചിന്തയിലും ഭാഷണത്തിലും പ്രവൃത്തിയിലും സദ്ഗുണപൂർണർ—ആണെങ്കിൽ നാം നല്ല കൂട്ടാളികളും ക്രിസ്തീയജീവിതത്തിന്റെ നല്ല മാതൃകകളും ആയിരിക്കും, ‘സമാധാനത്തിന്റെ ദൈവം നമ്മോടുകൂടെ ഇരിക്കുകയും ചെയ്യും.’—ഫിലിപ്പിയർ 4:9.
10. സദ്ഗുണമുള്ളവരായി നിലനിൽക്കുന്നതിന് 1 കൊരിന്ത്യർ 14:20-ന്റെ വ്യക്തിപരമായ ബാധകമാക്കൽ എങ്ങനെ നമ്മെ സഹായിക്കും?
10 ചിന്തകളിൽ സദ്ഗുണമുള്ളവരായി നിലകൊള്ളുകയും അങ്ങനെ നമ്മുടെ സ്വർഗീയ പിതാവിനെ പ്രസാദിപ്പിക്കയും ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ നാം പൗലോസിന്റെ പിൻവരുന്ന ബുദ്ധ്യുപദേശം പ്രാവർത്തികമാക്കേണ്ടത് ആവശ്യമാണ്: “ബുദ്ധിയിൽ കുഞ്ഞുങ്ങളാകരുതു; തിന്മക്കു ശിശുക്കൾ ആയിരിപ്പിൻ; ബുദ്ധിയിലോ മുതിർന്നവരാകുവിൻ.” (1 കൊരിന്ത്യർ 14:20) ഇതിന്റെ അർഥം ക്രിസ്ത്യാനികളായ നാം ദുഷ്ടതയെ സംബന്ധിച്ച അറിവോ അനുഭവമോ തേടുന്നില്ല എന്നാണ്. ഈ രീതിയിൽ നമ്മുടെ മനസ്സ് ദുഷിക്കാൻ അനുവദിക്കുന്നതിനു പകരം ഈ സംഗതിയിൽ നാം ശിശുക്കളെപ്പോലെ അനുഭവപരിചയമില്ലാത്തവരും ശിശുക്കളെപ്പോലെ നിഷ്കളങ്കരും ആയിരിക്കാൻ ബുദ്ധിപൂർവം തീരുമാനിക്കുന്നു. അതേ സമയം തന്നെ, അധാർമികതയും ദുഷ്പ്രവൃത്തിയും യഹോവയുടെ ദൃഷ്ടിയിൽ പാപപൂർണമാണ് എന്നു നാം പൂർണമായും മനസ്സിലാക്കുന്നു. സദ്ഗുണമുള്ളവരായി നിലനിന്നുകൊണ്ട് അവിടുത്തെ പ്രസാദിപ്പിക്കുന്നതിനുള്ള ഹൃദയംഗമമായ അതിവാഞ്ഛ നമുക്കു പ്രയോജനം കൈവരുത്തും, കാരണം അതു സാത്താന്റെ അധീനതയിൽ കിടക്കുന്ന ഈ ലോകത്തിന്റെ അശുദ്ധമായ വിനോദങ്ങളും മനസ്സിനെ ദുഷിപ്പിക്കുന്ന മററു സ്വാധീനങ്ങളും ഒഴിവാക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കും.—1 യോഹന്നാൻ 5:19.
സദ്ഗുണവും നമ്മുടെ സംസാരവും
11. സദ്ഗുണപൂർണരായിരിക്കുന്നതിന് ഏതുതരം സംസാരരീതി ആവശ്യമാണ്, ഇക്കാര്യത്തിൽ നമുക്കു യഹോവയിലും യേശുക്രിസ്തുവിലും എന്ത് ദൃഷ്ടാന്തങ്ങൾ ഉണ്ട്?
11 നമ്മുടെ ചിന്തകൾ സദ്ഗുണമുള്ളതാണെങ്കിൽ, അതിനു നാം സംസാരിക്കുന്ന വിധത്തിൻമേൽ ഒരു ആഴമായ ഫലം ഉണ്ടായിരിക്കേണ്ടതാണ്. സദ്ഗുണമുള്ളവരായിരിക്കുന്നതിന് ശുദ്ധവും ആരോഗ്യാവഹവും സത്യസന്ധവും പ്രോത്സാഹജനകവുമായ സംസാരം ആവശ്യമാണ്. (2 കൊരിന്ത്യർ 6:3, 4, 7) യഹോവ “വിശ്വസ്തദൈവമാ”കുന്നു. (സങ്കീർത്തനം 31:5) അവിടുന്നു തന്റെ എല്ലാ ഇടപെടലുകളിലും വിശ്വസ്തനാണ്, തനിക്കു ഭോഷ്കു പറയാൻ കഴിയാത്തതിനാൽ അവിടുത്തെ വാഗ്ദത്തങ്ങൾ ഉറപ്പുള്ളതാണ്, (സംഖ്യാപുസ്തകം 23:19; 1 ശമൂവേൽ 15:29; തീത്തൊസ് 1:2) ദൈവപുത്രനായ യേശുക്രിസ്തു “കൃപയും സത്യവും നിറഞ്ഞവനാ”ണ്. അവിടുന്നു ഭൂമിയിലായിരുന്നപ്പോൾ തന്റെ പിതാവിൽനിന്നു ലഭിച്ചിരുന്നപ്രകാരം എല്ലായ്പോഴും സത്യം സംസാരിച്ചു. (യോഹന്നാൻ 1:14; 8:40) തന്നെയുമല്ല യേശു “പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല.” (1 പത്രൊസ് 2:22) നാം വാസ്തവമായും ദൈവത്തിന്റെയും ക്രിസ്തുവിന്റെയും ദാസർ ആകുന്നുവെങ്കിൽ “അരെക്കു സത്യം കെട്ടി”യിരിക്കുന്ന മാതിരി നാം സത്യം സംസാരിക്കുന്നവരും നടത്തയിൽ നേരുള്ളവരും ആയിരിക്കും.—എഫെസ്യർ 5:9; 6:14.
12. നാം സദ്ഗുണമുള്ളവരായിരിക്കണമെങ്കിൽ ഏതുതരം സംസാരം ഒഴിവാക്കണം?
12 നാം സദ്ഗുണമുള്ളവരാണെങ്കിൽ ഒഴിവാക്കേണ്ട ചില സംസാര രീതികളുണ്ട്. നാം പൗലോസിന്റെ ഈ ബുദ്ധ്യുപദേശത്താൽ ഭരിക്കപ്പെടും: “എല്ലാ കൈപ്പും കോപവും ക്രോധവും കൂററാരവും ദൂഷണവും സകലദുർഗുണവുമായി നിങ്ങളെ വിട്ടു ഒഴിഞ്ഞുപോകട്ടെ.” “ദുർന്നടപ്പും യാതൊരു അശുദ്ധിയും അത്യാഗ്രഹവും നിങ്ങളുടെ ഇടയിൽ പേർ പറകപോലും അരുതു; അങ്ങനെ ആകുന്നു വിശുദ്ധൻമാർക്കു ഉചിതം. ചീത്തത്തരം, പൊട്ടച്ചൊൽ, കളിവാക്കു ഇങ്ങനെ ചേർച്ചയല്ലാത്തവ ഒന്നും അരുതു; സ്തോത്രമത്രേ വേണ്ടതു.” (എഫെസ്യർ 4:31; 5:3, 4) നമ്മുടെ നീതിയുള്ള ഹൃദയം അക്രിസ്തീയ സംസാരരീതി ഒഴിവാക്കാൻ നമ്മെ പ്രേരിപ്പിക്കുന്നതുകൊണ്ടു മററുള്ളവർ നമ്മളുമായുള്ള സംസർഗം നവോൻമേഷപ്രദമാണെന്നു കണ്ടെത്തും.
13. ക്രിസ്ത്യാനികൾ നാവിനെ നിയന്ത്രിക്കേണ്ടത് എന്തുകൊണ്ട്?
13 ദൈവത്തെ പ്രസാദിപ്പിക്കുന്നതിനും സദ്ഗുണപൂർണമായ കാര്യങ്ങൾ പറയുന്നതിനും ഉള്ള ആഗ്രഹം നാവിനെ നിയന്ത്രിക്കാൻ നമ്മെ സഹായിക്കും. പാപപ്രവണതകൾ നിമിത്തം നാമെല്ലാവരും ചില സമയങ്ങളിൽ വാക്കിൽ പിഴക്കുന്നു. എന്നിരുന്നാലും, “കുതിരയെ . . . വായിൽ കടിഞ്ഞാൺ ഇട്ടു” നിയന്ത്രിക്കുന്നുവെങ്കിൽ നാം നയിക്കുന്നിടത്തേക്ക് അവ അനുസരണയോടെ പോകുന്നു എന്നു ശിഷ്യനായ യാക്കോബ് പറയുന്നു. അതുകൊണ്ടു നാവിനു കടിഞ്ഞാൺ ഇടുന്നതിനും അതിനെ സദ്ഗുണപൂർണമായ വിധങ്ങളിൽ മാത്രം ഉപയോഗിക്കുന്നതിനും കഠിനമായി പരിശ്രമിക്കണം. ഒരു അനിയന്ത്രിത നാവ് ഒരു “അനീതി ലോകമായി”ത്തീരുന്നു. (യാക്കോബ് 3:1-7) ഈ ഭക്തികെട്ട ലോകത്തിന്റെ എല്ലാത്തരം ദുഃസ്വഭാവവും മെരുക്കിയെടുക്കാത്ത നാവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതു കള്ളസാക്ഷ്യം, ചീത്തപറച്ചിൽ, ദൂഷണം എന്നിങ്ങനെയുള്ള ഹാനികരമായ കാര്യങ്ങൾക്ക് ഉത്തരവാദിയാണ്. (യെശയ്യാവു 5:20; മത്തായി 15:18-20) ഒരു അനിയന്ത്രിതമായ നാവ് നിന്ദകമായ, മുറിപ്പെടുത്തുന്ന അല്ലെങ്കിൽ ദൂഷകമായ അഭിപ്രായങ്ങൾ പറയുമ്പോൾ അതിൽ മാരകമായ വിഷം നിറഞ്ഞിരിക്കുകയാണ്.—സങ്കീർത്തനം 140:3; റോമർ 3:13; യാക്കോബ് 3:8.
14. ക്രിസ്ത്യാനികൾ സംസാരത്തിൽ ഏത് ഇരട്ടത്താപ്പ് ഒഴിവാക്കണം?
14 യാക്കോബ് സൂചിപ്പിക്കുന്ന പ്രകാരം ദൈവത്തെ പ്രകീർത്തിച്ചുകൊണ്ടു “കർത്താവിനെ [യഹോവ, NW] സ്തുതിക്കു”ന്നതും അനന്തരം ദൂഷണം പറഞ്ഞുകൊണ്ട് “മനുഷ്യരെ . . . ശപിക്കാ”ൻ നാവിനെ ദുരുപയോഗപ്പെടുത്തുന്നതും പൂർവാപരവിരുദ്ധമായിരിക്കും. യോഗങ്ങളിൽ ദൈവസ്തുതി പാടുകയും പിന്നീടു വെളിയിൽ സഹവിശ്വാസികളെ സംബന്ധിച്ചു ദൂഷണം പറയുകയും ചെയ്യുന്നത് എത്ര പാപകരമാണ്! ഒരേ ഉറവിൽനിന്നു മധുരവും കൈപ്പും ഉള്ള വെള്ളം പുറപ്പെടാൻ കഴിയുകയില്ല. നാം യഹോവയെ സേവിക്കുകയാണെങ്കിൽ നാം അരോചകമായ വാക്കുകൾക്കു പകരം സദ്ഗുണപൂർണമായ കാര്യങ്ങൾ പറയുന്നതിനു പ്രതീക്ഷിക്കാൻ മററുള്ളവർക്ക് അവകാശമുണ്ട്. അതുകൊണ്ടു നമുക്കു ദുർഭാഷണം ത്യജിച്ചുകളയുകയും നമ്മുടെ കൂട്ടാളികൾക്കു പ്രയോജനം ചെയ്യുന്നതും അവരെ ആത്മീയമായി കെട്ടുപണിചെയ്യുന്നതുമായ കാര്യങ്ങൾ സംസാരിക്കുന്നതിനു പരിശ്രമിക്കുകയും ചെയ്യാം.—യാക്കോബ് 3:9-12.
സദ്ഗുണവും നമ്മുടെ പ്രവൃത്തികളും
15. വഞ്ചനാത്മകമായ രീതികൾ ഒഴിവാക്കേണ്ടതു വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
15 ക്രിസ്തീയ ചിന്തയും സംസാരവും സദ്ഗുണമുള്ളതായിരിക്കേണ്ടതുള്ളതിനാൽ നമ്മുടെ പ്രവൃത്തികൾ സംബന്ധിച്ചെന്ത്? നടത്തയിൽ സദ്ഗുണമുള്ളവരായിരിക്കുകയാണു ദൈവാംഗീകാരം ഉണ്ടായിരിക്കുന്നതിനുള്ള ഏക മാർഗം. യഹോവയുടെ ഒരു ദാസനും സദ്ഗുണം ത്യജിക്കാനും വക്രതയും വഞ്ചനയും ഉള്ളവരായിരിക്കാനും അങ്ങനെയുള്ള കാര്യങ്ങൾ ദൈവം അംഗീകരിക്കുമെന്നു ന്യായമായി വിചാരിക്കാനും കഴിയുകയില്ല. “വക്രതയുള്ളവൻ യഹോവെക്കു വെറുപ്പാകുന്നു; നീതിമാൻമാർക്കോ അവന്റെ സഖ്യത ഉണ്ടു” എന്നാണു സദൃശവാക്യങ്ങൾ 3:32 പറയുന്നത്. യഹോവയാം ദൈവവുമായുള്ള ബന്ധം നാം വിലമതിക്കുന്നുവെങ്കിൽ മേൽപ്പറഞ്ഞ ചിന്തോദ്ദീപകമായ വാക്കുകൾ ദ്രോഹിക്കാൻ ഗൂഢാലോചന നടത്തുന്നതിൽനിന്ന് അല്ലെങ്കിൽ വഞ്ചനാപരമായ എന്തെങ്കിലും ചെയ്യുന്നതിൽനിന്ന് നമ്മെ പിന്തിരിപ്പിക്കേണ്ടതാണ്. എന്തിന്, യഹോവക്കു വെറുപ്പുള്ള ഏഴു കാര്യങ്ങളിൽ ഒന്ന് “ദുരുപായം നിരൂപിക്കുന്ന ഹൃദയ”മാണ്! (സദൃശവാക്യങ്ങൾ 6:16-19) ആകയാൽ നമുക്ക് അപ്രകാരമുള്ള പ്രവൃത്തികൾ ഒഴിവാക്കി നമ്മുടെ സഹ മനുഷ്യർക്കു പ്രയോജനം ചെയ്യുന്നതും നമ്മുടെ സ്വർഗീയ പിതാവിനു മഹത്ത്വം കൈവരുത്തുന്നതുമായ സദ്ഗുണപൂർണമായ കാര്യങ്ങൾ ചെയ്യാം.
16. ക്രിസ്ത്യാനികൾ ഏതെങ്കിലും കപടപ്രവൃത്തികളിൽ ഏർപ്പെടരുതാത്തത് എന്തുകൊണ്ട്?
16 സദ്ഗുണം പ്രകടമാക്കുന്നതിനു നാം സത്യസന്ധരായിരിക്കേണ്ടതുണ്ട്. (എബ്രായർ 13:18) തന്റെ വാക്കുകൾക്ക് അനുയോജ്യമായ പ്രവൃത്തിയില്ലാത്ത കാപട്യമുള്ള ഒരു വ്യക്തി സദ്ഗുണപൂർണനല്ല. “കപടഭക്തൻ” (hy·po·kri·tesʹ) എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദത്തിന്റെ അർഥം “ഉത്തരം പറയുന്നവൻ” എന്നാണ്, അത് ഒരു നാടക നടനെയും കുറിക്കുന്നു. ഗ്രീസിലെയും റോമിലെയും നടൻമാർ മുഖംമൂടി ധരിച്ചിരുന്നതിനാൽ ഈ വാക്ക് ആലങ്കാരികമായി ഒരു നാട്യക്കാരന് ഉപയോഗിക്കാൻ ഇടയായി. കപടഭക്തിക്കാർ “അവിശ്വസ്തർ” ആണ്. (ലൂക്കൊസ് 12:46-നെ മത്തായി 24:50, 51-നോടു താരതമ്യപ്പെടുത്തുക.) കപടഭക്തി (hy·poʹkri·sis) ദുഷ്ടതയെയും ഉപായത്തെയും കുറിച്ചേക്കാം. (മത്തായി 22:18; മർക്കൊസ് 12:15; ലൂക്കൊസ് 20:23) വിശ്വാസമർപ്പിക്കുന്ന ഒരു വ്യക്തി പുഞ്ചിരിയാലും മുഖസ്തുതിയാലും നാട്യം മാത്രമായിരിക്കുന്ന പ്രവർത്തനങ്ങളാലും വഞ്ചിക്കപ്പെടുന്നത് എത്ര ദുഃഖകരമാണ്! എന്നാൽ നാം വിശ്വാസയോഗ്യരായ ക്രിസ്ത്യാനികളുമായാണ് ഇടപെടുന്നത് എന്നറിയുന്നതു നമുക്കു ഹൃദയോൻമേഷം പകരുന്നു. നാം സദ്ഗുണപൂർണരും കാപട്യമില്ലാത്തവരും ആയിരിക്കുന്നതിനു ദൈവം നമ്മെ അനുഗ്രഹിക്കുന്നു. അവിടുത്തെ അംഗീകാരമുള്ളത് “നിർവ്യാജമായ സഹോദരപ്രീതി” പ്രകടിപ്പിക്കുകയും “നിർവ്യാജവിശ്വാസം” ഉണ്ടായിരിക്കുകയും ചെയ്യുന്നവർക്കാണ്.—1 പത്രൊസ് 1:22; 1 തിമൊഥെയൊസ് 1:5.
സദ്ഗുണം സജീവമായ നൻമയാണ്
17, 18. നാം ആത്മാവിന്റെ ഫലമായ നൻമ പ്രകടിപ്പിക്കുമ്പോൾ മററുള്ളവരോട് എങ്ങനെ ഇടപെടും?
17 നാം നമ്മുടെ വിശ്വാസത്തിനു സദ്ഗുണം പ്രദാനം ചെയ്യുന്നുവെങ്കിൽ ദൈവത്തിനു സ്വീകാര്യമല്ലാത്ത കാര്യങ്ങൾ ചിന്തിക്കുകയും പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നതിൽനിന്ന് ഒഴിഞ്ഞുനിൽക്കും. ക്രിസ്തീയ സദ്ഗുണം പ്രകടിപ്പിക്കുന്നതിനു നാം സജീവമായ നൻമ പ്രവർത്തിക്കേണ്ടതുണ്ട്. വാസ്തവത്തിൽ സദ്ഗുണം നൻമയെന്നു നിർവചിക്കപ്പെട്ടിട്ടുണ്ട്. നൻമ യഹോവയുടെ പരിശുദ്ധാത്മാവിന്റെ ഒരു ഫലമാണ്, മനുഷ്യരുടെ വെറും പരിശ്രമത്തിന്റെ ഫലമല്ല. (ഗലാത്യർ 5:22, 23) നാം നൻമയെന്ന ആത്മാവിന്റെ ഫലം പ്രകടിപ്പിക്കുമ്പോൾ മററുള്ളവരെക്കുറിച്ചു നല്ലതു ചിന്തിക്കുന്നതിനും അവരുടെ അപൂർണതകൾ ഗണ്യമാക്കാതെ അവർക്കുള്ള നല്ല ഗുണങ്ങൾക്ക് അവരെ ശ്ലാഘിക്കുന്നതിനും പ്രേരിതരാകും. അവർ യഹോവയെ വർഷങ്ങളോളം വിശ്വസ്തതയോടെ സേവിച്ചിട്ടുണ്ടോ? അങ്ങനെയെങ്കിൽ നാം അവരോട് ആദരവു കാട്ടുകയും അവരെയും അവരുടെ ദൈവസേവനത്തെയും പ്രശംസിക്കുകയും ചെയ്യണം. നമ്മുടെ സ്വർഗീയ പിതാവ് അവിടുത്തെ നാമത്തോടുള്ള അവരുടെ സ്നേഹത്തെയും വിശ്വാസത്തിന്റെ സൽപ്രവൃത്തികളെയും പരിഗണിക്കുന്നു, നാമും അങ്ങനെ ചെയ്യണം.—നെഹെമ്യാവു 13:31ബി; എബ്രായർ 6:10.
18 സദ്ഗുണം നമ്മെ ക്ഷമയും ഗ്രാഹ്യവും ദയയും ഉള്ളവർ ആക്കിത്തീർക്കുന്നു. യഹോവയുടെ ഒരു സഹാരാധകൻ ക്ലേശമോ വിഷാദമോ അനുഭവിക്കുന്നുവെങ്കിൽ നാം ആശ്വാസദായകമായി സംസാരിക്കുകയും നമ്മുടെ സ്വർഗീയ പിതാവു നമ്മോടു ചെയ്യുന്നതുപോലെ അയാൾക്കു കുറെ ആശ്വാസം പകരാൻ ശ്രമിക്കുകയും ചെയ്യും. (2 കൊരിന്ത്യർ 1:3, 4; 1 തെസ്സലൊനീക്യർ 5:14) ഒരുപക്ഷേ പ്രിയപ്പെട്ട ഒരാൾ മരണത്തിൽ നഷ്ടപ്പെട്ടതു നിമിത്തം ദുഃഖിക്കുന്നവരോടു നാം അനുശോചനമറിയിക്കുന്നു. ദുഃഖം ലഘൂകരിക്കാൻ നമുക്കെന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ നാം അതു ചെയ്യും, കാരണം സദ്ഗുണമുള്ള ഒരു മനോഭാവം സ്നേഹനിർഭരവും ഉദാരവും ആയ പ്രവർത്തനത്തിനു പ്രേരിപ്പിക്കുന്നു.
19. നാം ചിന്തയിലും വാക്കിലും പ്രവൃത്തിയിലും സദ്ഗുണമുള്ളവരാണെങ്കിൽ മററുള്ളവർ നമ്മോട് എങ്ങനെ പെരുമാറാനിടയുണ്ട്?
19 നാം ചിന്തയിലും വാക്കിലും പ്രവൃത്തിയിലും സദ്ഗുണപൂർണരായിരുന്നാൽ മററുള്ളവർ നമുക്കു ശുഭാശംസ അർപ്പിക്കാൻ ഇടയുണ്ട്, നാം യഹോവയെ പ്രകീർത്തിച്ചുകൊണ്ടു വാഴ്ത്തുന്നതുപോലെതന്നെ. (സങ്കീർത്തനം 145:10) “നീതിമാന്റെ ശിരസ്സിൻമേൽ അനുഗ്രഹങ്ങൾ വരുന്നു; എന്നാൽ ദുഷ്ടൻമാരുടെ വായെ സാഹസം മൂടുന്നു” എന്ന് ഒരു ജ്ഞാനപൂർവകമായ സദൃശവാക്യം പറയുന്നു. (സദൃശവാക്യങ്ങൾ 10:6) ദുഷ്ടനും അക്രമിയുമായ ഒരു വ്യക്തിയിൽ അയാളെ മററുള്ളവരുടെ പ്രീതിക്കു പാത്രമാക്കുന്നതിനുള്ള സദ്ഗുണത്തിന്റെ അഭാവം ഉണ്ട്. അയാൾ വിതയ്ക്കുന്നതു കൊയ്യുന്നു, കാരണം മററുള്ളവർക്ക് സത്യസന്ധമായി അയാളെ പ്രശംസിച്ചുകൊണ്ട് അനുഗ്രഹം ചൊരിയാൻ കഴിയുകയില്ല. (ഗലാത്യർ 6:7) യഹോവയുടെ ദാസൻമാർ എന്നനിലയിൽ സദ്ഗുണത്തോടെ ചിന്തിക്കുകയും പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് അത് എത്ര നല്ലതാണ്. അവർ മററുള്ളവരുടെ സ്നേഹവും വിശ്വാസവും ആദരവും നേടുന്നു, അവരെ വാഴ്ത്താനും പ്രശംസിക്കാനും അവർ പ്രേരിതരായിത്തീരുന്നു. കൂടുതലായി, അവരുടെ ദൈവിക സദ്ഗുണം യഹോവയുടെ അമൂല്യമായ അനുഗ്രഹത്തിൽ കലാശിക്കുന്നു.—സദൃശവാക്യങ്ങൾ 10:22.
20. സദ്ഗുണപൂർണമായ ചിന്തകൾക്കും സംസാരത്തിനും പ്രവർത്തനങ്ങൾക്കും യഹോവയുടെ ജനത്തിന്റെ ഒരു സഭയിൽ എന്തു ഫലം ഉണ്ടായിരിക്കാൻ കഴിയും?
20 സദ്ഗുണമുള്ള ചിന്തകളും സംസാരവും പ്രവർത്തനങ്ങളും യഹോവയുടെ ജനത്തിന്റെ സഭക്കു തീർച്ചയായും പ്രയോജനം കൈവരുത്തും. സഹവിശ്വാസികൾക്കു പരസ്പരം പ്രീതിയും ആദരവും ഉള്ള ചിന്തകളുള്ളപ്പോൾ അവരുടെയിടയിൽ സഹോദര സ്നേഹം പുഷ്ടിപ്പെടുന്നു. (യോഹന്നാൻ 13:34, 35) ആത്മാർഥമായ അഭിനന്ദനവും പ്രോത്സാഹനവും ഉൾപ്പെടെയുള്ള സദ്ഗുണപൂർവമായ സംസാരം സഹകരണത്തിന്റെയും ഐക്യത്തിന്റെയും ഊഷ്മളമായ ഒരു വികാരം വളർത്തുന്നു. (സങ്കീർത്തനം 133:1-3) ഹൃദയോഷ്മളമായ, സദ്ഗുണപൂർണമായ പ്രവൃത്തികൾ സമാനമായ രീതിയിൽ പ്രതികരിക്കാൻ മററുള്ളവരെ ഉത്തേജിപ്പിക്കുന്നു. എല്ലാററിനുമുപരിയായി ക്രിസ്തീയ സദ്ഗുണം പ്രാവർത്തികമാക്കുന്നതു സദ്ഗുണമുള്ള നമ്മുടെ സ്വർഗീയ പിതാവായ യഹോവയുടെ അംഗീകാരത്തിലും അനുഗ്രഹത്തിലും കലാശിക്കുന്നു. അതുകൊണ്ടു നമുക്ക്, വിശ്വാസം പ്രകടമാക്കിക്കൊണ്ടു ദൈവത്തിന്റെ വിലയേറിയ വാഗ്ദത്തങ്ങളോടു പ്രതികരിക്കുക എന്നതു ലക്ഷ്യമാക്കാം. തീർച്ചയായും നമ്മുടെ വിശ്വാസത്തിനു സദ്ഗുണം പ്രദാനം ചെയ്യുന്നതിനു നമുക്കു കഠിനശ്രമം ചെയ്യാം.
നിങ്ങളുടെ ഉത്തരങ്ങൾ എന്താണ്?
◻ “സദ്ഗുണ”ത്തെ നിങ്ങൾ എങ്ങനെ നിർവചിക്കും, അപൂർണമനുഷ്യർക്കു സദ്ഗുണമുള്ളവരായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
◻ സദ്ഗുണം എപ്രകാരമുള്ള ചിന്തകൾ ആവശ്യപ്പെടുന്നു?
◻ നമ്മുടെ സംസാരത്തെ സദ്ഗുണം എങ്ങനെ ബാധിക്കണം?
◻ നമ്മുടെ പ്രവൃത്തികളിൽ സദ്ഗുണത്തിന് എന്തു ഫലം ഉണ്ടായിരിക്കണം?
◻ സദ്ഗുണമുള്ളവരായിരിക്കുന്നതിന്റെ ചില പ്രയോജനങ്ങൾ ഏവ?
[21-ാം പേജിലെ ചിത്രം]
മധുരവും കയ്പും ഉള്ള വെള്ളത്തിന് ഒരു ഉറവിൽനിന്നു പുറപ്പെടുവാൻ കഴിയുകയില്ലാത്തതിനാൽ യഹോവയുടെ ദാസൻമാർ സദ്ഗുണമുള്ള കാര്യങ്ങൾ മാത്രം പറയാൻ മററുള്ളവർ ന്യായമായി പ്രതീക്ഷിക്കുന്നു