ഓരോരുത്തൻ താന്താന്റെ അത്തിവൃക്ഷത്തിൻ കീഴിൽ ഇരിക്കും
മധ്യപൂർവദേശങ്ങളിലെ ചുട്ടുപൊള്ളുന്ന വേനൽക്കാലങ്ങൾ ആളുകൾ തണലിനായി കൊതിക്കുന്ന സമയങ്ങളാണ്. എന്നാൽ അവിടെ ക്ഷാമമുള്ളതും അതിനു തന്നെയാണ്. പൊള്ളുന്ന വെയിലിൽ അഭയം നൽകുന്ന ഏതു മരത്തെയും ആളുകൾ ഇഷ്ടപ്പെടുന്നു, വീട്ടുവളപ്പിൽ വളരുന്നവയാണെങ്കിൽ പ്രത്യേകിച്ചും. വീതിയുള്ള വലിയ ഇലകളും പടർന്നുപന്തലിച്ച ശാഖകളും ഉള്ള അത്തിവൃക്ഷം തണൽ പ്രദാനം ചെയ്യുന്ന കാര്യത്തിൽ അവിടത്തെ മിക്ക മരങ്ങളെയും കടത്തിവെട്ടുന്നു.
“[അത്തിവൃക്ഷം] തീർക്കുന്ന തണൽ, കൂടാരത്തിന്റെ തണലിനെക്കാൾ നവോന്മേഷവും കുളിർമയും പകരുന്നതായി പറയപ്പെടുന്നു” എന്ന് ബൈബിളിലെ വൃക്ഷങ്ങൾ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. പുരാതന ഇസ്രായേലിലെ കൃഷിപ്പണിക്കാർക്ക് അവിടത്തെ മുന്തിരിത്തോപ്പുകളുടെ ഓരങ്ങളിൽ വളരുന്ന അത്തിവൃക്ഷങ്ങളുടെ തണലിലിരുന്ന് ക്ഷീണം തീർക്കാൻ കഴിയുമായിരുന്നു.
ചൂടുള്ള ഒരു നീണ്ട ദിവസത്തെ അധ്വാനത്തിനു ശേഷം കുടുംബാംഗങ്ങൾക്ക് തങ്ങളുടെ വീട്ടുവളപ്പിലെ അത്തിമരച്ചുവട്ടിലിരുന്ന് ഹൃദ്യമായ സഹവാസം ആസ്വദിക്കാൻ കഴിയുമായിരുന്നു. ഇനിയും, അത്തിവൃക്ഷം അതിന്റെ ഉടമസ്ഥന്റെ അധ്വാനത്തിനുള്ള പ്രതിഫലമായി അയാൾക്ക് പോഷകസമ്പുഷ്ടമായ പഴങ്ങൾ സമൃദ്ധമായി നൽകുന്നു. അതുകൊണ്ട് ശലോമോൻ രാജാവിന്റെ നാൾ മുതൽ, ഓരോരുത്തൻ താന്താന്റെ അത്തിവൃക്ഷത്തിൻ കീഴിൽ ഇരിക്കുന്നത് സമാധാനത്തെയും സമ്പദ്സമൃദ്ധിയെയും പ്രതിനിധാനം ചെയ്തു.—1 രാജാക്കന്മാർ 4:24, 25.
അതിനു നൂറ്റാണ്ടുകൾക്കു മുമ്പ് പ്രവാചകനായ മോശെ വാഗ്ദത്തദേശത്തെ ‘അത്തിവൃക്ഷം ഉള്ള ദേശം’ എന്നു വർണിക്കുകയുണ്ടായി. (ആവർത്തനപുസ്തകം 8:8) ആ ദേശം ഒറ്റുനോക്കാൻ പോയ പന്ത്രണ്ട് ഒറ്റുകാർ അവിടത്തെ ഫലസമൃദ്ധിയുടെ തെളിവായി അത്തിപ്പഴങ്ങളും മറ്റു ഫലങ്ങളും ഇസ്രായേല്യ പാളയത്തിലേക്കു കൊണ്ടുവന്നു. (സംഖ്യാപുസ്തകം 13:21-23) 19-ാം നൂറ്റാണ്ടിൽ ബൈബിൾ നാടുകൾ സന്ദർശിച്ച ഒരു വ്യക്തി, അവിടെ ഏറ്റവും കൂടുതൽ കണ്ടുവരുന്ന വൃക്ഷങ്ങളിൽ ഒന്നാണ് അത്തിവൃക്ഷം എന്നു പറയുകയുണ്ടായി. തിരുവെഴുത്തുകൾ അത്തിപ്പഴങ്ങളെയും അത്തിവൃക്ഷങ്ങളെയും കുറിച്ച് കൂടെക്കൂടെ പരാമർശിക്കുന്നതിൽ അതിശയിക്കാനില്ല!
വർഷത്തിൽ രണ്ടു തവണ വിളവു തരുന്ന ഒരു വൃക്ഷം
അത്തി മിക്കവാറും എല്ലാത്തരം മണ്ണിലും വളരും. അതിന്റെ വിസ്തൃതമായ വേരുപടലം മധ്യപൂർവദേശത്തെ വരൾച്ചയുള്ള, നീണ്ട വേനൽക്കാലങ്ങളെ അതിജീവിക്കാൻ അതിനെ സഹായിക്കുന്നു. ഈ വൃക്ഷത്തിന് ഒരു പ്രത്യേകതയുണ്ട്. ജൂൺ മാസത്തിൽ അതിൽ തലപ്പഴം കായ്ക്കുന്നു, പിന്നീട് സാധാരണഗതിയിൽ ആഗസ്റ്റ് മാസം മുതൽ മുഖ്യ വിളവും ഉത്പാദിപ്പിക്കപ്പെടുന്നു. (യെശയ്യാവു 28:4) ഇസ്രായേല്യർ പൊതുവേ തലപ്പഴം ഉണക്കാതെ അതേപടി ഭക്ഷിക്കുകയാണു ചെയ്തിരുന്നത്. എന്നാൽ പിന്നീടുണ്ടാകുന്ന മുഖ്യ വിള, വർഷം മുഴുവൻ ഉപയോഗിക്കുന്നതിനായി അവർ ഉണക്കിയെടുക്കുമായിരുന്നു. ഉണങ്ങിയ ഈ അത്തിപ്പഴങ്ങൾ അവർ വട്ടത്തിൽ അടയായി പരത്തുമായിരുന്നു. ചിലപ്പോൾ അതിൽ ബദാം പരിപ്പും ചേർത്തിരുന്നു. സ്വാദിഷ്ഠമായ ഈ അത്തിയടകൾ കൊണ്ടുനടക്കാൻ എളുപ്പമായിരുന്നെന്നു മാത്രമല്ല, അവ പോഷകസമ്പുഷ്ടവും ആയിരുന്നു.
അബീഗയിൽ എന്ന വിവേകമതിയായ സ്ത്രീ ദാവീദിന് 200 അത്തിയടകൾ നൽകി. ഉഴന്നു നടക്കുന്നവർക്ക് അനുയോജ്യമായ ആഹാരമാണ് അത് എന്ന് അവൾ കരുതിയിട്ടുണ്ടാകും എന്നതിനു സംശയമില്ല. (1 ശമൂവേൽ 25:18, 27) അത്തിയടകൾക്ക് ഔഷധമൂല്യവും ഉണ്ടായിരുന്നു. ഒരു പരു വന്ന് ഹിസ്കീയാവ് രാജാവിന്റെ ജീവൻ അപകടത്തിലായപ്പോൾ അത്തിപ്പഴക്കട്ട അതായത് ഉണങ്ങിയ അത്തിപ്പഴങ്ങൾ പരത്തിയെടുത്തത് കൊണ്ടുവന്ന് അതിൽ വെച്ചുകെട്ടുകയുണ്ടായി—എന്നിരുന്നാലും, ഹിസ്കീയാവ് സൗഖ്യം നേടിയത് പ്രധാനമായും ദിവ്യ ഇടപെടൽ നിമിത്തമായിരുന്നു.a—2 രാജാക്കന്മാർ 20:4-7.
പുരാതന നാളുകളിൽ, മെഡിറ്ററേനിയൻ പ്രദേശത്ത് ഉടനീളമുള്ള ആളുകൾക്ക് ഉണക്ക അത്തിപ്പഴത്തോട് വലിയ കമ്പമായിരുന്നു. ഒരു അത്തിപ്പഴം ഉയർത്തിക്കാണിച്ചുകൊണ്ടാണ് രാജ്യതന്ത്രജ്ഞനായ കേറ്റോ, കാർത്തേജിന് എതിരെ മൂന്നാം പ്യൂണിക് യുദ്ധം നടത്താൻ റോമൻ സെനറ്റിനെ പ്രേരിപ്പിച്ചത്. റോമിൽ ഏറ്റവും മേൽത്തരമായ ഉണക്ക അത്തിപ്പഴങ്ങൾ എത്തിയിരുന്നത് ഏഷ്യാമൈനറിലെ കാരിയയിൽനിന്നായിരുന്നു. അങ്ങനെ കാരിക്ക എന്നത് ഉണക്ക അത്തിപ്പഴങ്ങളുടെ ലത്തീൻ പേര് ആയിത്തീർന്നു. ഇന്ന് ആ പ്രദേശം ടർക്കിയുടെ ഭാഗമാണ്. ഇന്നും അവിടത്തെ ഉണക്ക അത്തിപ്പഴങ്ങൾ ഗുണമേന്മയ്ക്കു പേരുകേട്ടതാണ്.
ഇസ്രായേല്യ കർഷകർ മുന്തിരിത്തോപ്പുകളിൽ അത്തിവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാറുണ്ടായിരുന്നു. എന്നാൽ ഫലം കായ്ക്കാത്ത വൃക്ഷങ്ങൾ അവർ വെട്ടിക്കളയുമായിരുന്നു. നല്ല മണ്ണ് വളരെ കുറവായിരുന്നു. ഫലം കായ്ക്കാത്ത വൃക്ഷങ്ങൾക്കുവേണ്ടി പാഴാക്കി കളയാൻ ഉള്ളതായിരുന്നില്ല അത്. ഫലം കായ്ക്കാത്ത അത്തിവൃക്ഷത്തെ കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തത്തിലെ കർഷകൻ തോട്ടക്കാരനോട് “ഞാൻ ഇപ്പോൾ മൂന്നു സംവത്സരമായി ഈ അത്തിയിൽ ഫലം തിരഞ്ഞുവരുന്നു കാണുന്നില്ലതാനും; അതിനെ വെട്ടിക്കളക അതു നിലത്തെ നിഷ്ഫലമാക്കുന്നതു എന്തിന്നു” എന്നു പറഞ്ഞു. (ലൂക്കൊസ് 13:6, 7) യേശുവിന്റെ കാലത്ത് ഫലവൃക്ഷങ്ങൾക്ക് നികുതി ചുമത്തിയിരുന്നതിനാൽ ഫലം കായ്ക്കാത്ത ഏതൊരു വൃക്ഷവും അനാവശ്യമായ ഒരു സാമ്പത്തിക ഭാരം കൂടിയായിരുന്നു.
ഇസ്രായേല്യരുടെ ഭക്ഷണക്രമത്തിൽ അത്തിപ്പഴങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, യഹോവയിൽനിന്നുള്ള പ്രതികൂല ന്യായവിധിയുടെ ഭാഗമായോ മറ്റോ അത്തിവൃക്ഷങ്ങൾ വിളവ് ഉത്പാദിപ്പിക്കാതെ വന്നാൽ അത് വലിയൊരു വിപത്തുതന്നെ ആയിരിക്കുമായിരുന്നു. (ഹോശേയ 2:12; ആമോസ് 4:9) ഹബക്കൂക് പ്രവാചകൻ പറഞ്ഞു: “അത്തിവൃക്ഷം തളിർക്കയില്ല; മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകയില്ല; ഒലിവുമരത്തിന്റെ പ്രയത്നം നിഷ്ഫലമായ്പോകും; നിലങ്ങൾ ആഹാരം വിളയിക്കയില്ല . . . എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും; എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും.”—ഹബക്കൂക് 3:17, 18.
വിശ്വാസമില്ലാതിരുന്ന ഒരു ജനതയുടെ പ്രതീകം
തിരുവെഴുത്തുകൾ ചിലപ്പോഴൊക്കെ അത്തിപ്പഴങ്ങളെയോ അത്തിവൃക്ഷങ്ങളെയോ പ്രതീകാത്മക അർഥത്തിൽ പരാമർശിക്കുന്നുണ്ട്. ഉദാഹരണത്തിന്, യിരെമ്യാവ് വിശ്വസ്തരായ യഹൂദാ പ്രവാസികളെ ഒരു കൊട്ട നല്ല അത്തിപ്പഴങ്ങളോട്, സാധാരണഗതിയിൽ ഉണക്കാതെ അതേപടി ഭക്ഷിക്കുന്ന തലപ്പഴങ്ങളോട് ഉപമിച്ചു. എന്നാൽ, അവിശ്വസ്തരായ പ്രവാസികളെ തിന്നാൻ കൊള്ളാത്ത, എറിഞ്ഞു കളയേണ്ട ചീത്ത അത്തിപ്പഴങ്ങളോട് അവൻ ഉപമിക്കുകയുണ്ടായി. —യിരെമ്യാവു 24:2, 5, 8, 10.
ഫലം കായ്ക്കാത്ത അത്തിവൃക്ഷത്തെ സംബന്ധിച്ച തന്റെ ദൃഷ്ടാന്തത്തിലൂടെ യേശു, യഹൂദ ജനതയോടുള്ള ദൈവത്തിന്റെ ക്ഷമ വരച്ചുകാട്ടി. ദൃഷ്ടാന്തത്തിലെ മനുഷ്യന്റെ മുന്തിരിത്തോട്ടത്തിലെ അത്തിവൃക്ഷം ഫലം ഉത്പാദിപ്പിക്കാതെ നിൽക്കാൻ തുടങ്ങിയിട്ട് മൂന്നു വർഷമായിരുന്നു. ഉടമസ്ഥൻ അത് വെട്ടിയിടീക്കാൻ തുടങ്ങുകയായിരുന്നു. എന്നാൽ തോട്ടക്കാരൻ പറഞ്ഞു: “കർത്താവേ, ഞാൻ അതിന്നു ചുററും കിളെച്ചു വളം ഇടുവോളം ഈ ആണ്ടുംകൂടെ നില്ക്കട്ടെ. മേലാൽ കായിച്ചെങ്കിലോ—ഇല്ലെങ്കിൽ വെട്ടിക്കളയാം.”—ലൂക്കൊസ് 13:8, 9.
യേശു ഈ ദൃഷ്ടാന്തം പറഞ്ഞപ്പോൾ അവൻ പ്രസംഗവേല നടത്താൻ തുടങ്ങിയിട്ട് അപ്പോൾത്തന്നെ മൂന്നു വർഷമായിരുന്നു, യഹൂദ ജനതയിലെ അംഗങ്ങൾക്കിടയിൽ വിശ്വാസം നട്ടുവളർത്താൻ അവൻ യത്നിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രതീകാത്മക അത്തിവൃക്ഷത്തിന്—യഹൂദ ജനതയ്ക്ക്—“വളമിട്ടു”കൊടുത്തുകൊണ്ടും ഫലം ഉത്പാദിപ്പിക്കാനുള്ള അവസരം നൽകിക്കൊണ്ടും യേശു തന്റെ പ്രവർത്തനം ഊർജിതപ്പെടുത്തി. എന്നിരുന്നാലും, യേശു മരിക്കുന്നതിന്റെ തലേ ആഴ്ച ആ ജനത പൊതുവിൽ മിശിഹായെ തള്ളിക്കളഞ്ഞു എന്നതു വ്യക്തമായിത്തീർന്നു.—മത്തായി 23:37, 38.
ആ ജനതയുടെ മോശമായ ആത്മീയ അവസ്ഥയെ ചിത്രീകരിക്കാൻ വീണ്ടും യേശു അത്തിവൃക്ഷത്തെ ഉപയോഗിച്ചു. തന്റെ മരണത്തിനു നാലു ദിവസം മുമ്പ് ബേഥാന്യയിൽനിന്ന് യെരൂശലേമിലേക്കു പോകുമ്പോൾ നിറയെ ഇലകളുള്ള എന്നാൽ ഫലമൊന്നും ഉത്പാദിപ്പിക്കാതെ നിൽക്കുന്ന ഒരു അത്തിവൃക്ഷം അവൻ കാണുകയുണ്ടായി. തലപ്പഴം ഇലകളുടെ കൂടെത്തന്നെ—ചിലപ്പോഴാകട്ടെ ഇലകൾ ഉണ്ടാകുന്നതിനു മുമ്പു പോലും—ഉണ്ടാകുക പതിവായതിനാൽ കായ്ക്കാതെ നിൽക്കുന്ന ആ മരം ഉപയോഗശൂന്യമായ ഒന്നായിരുന്നു.—മർക്കൊസ് 11:13, 14.b
ഫലം കായ്ക്കാത്ത ആ അത്തിവൃക്ഷം പുറമേ നല്ല ആരോഗ്യമുള്ളതായി കാണപ്പെട്ടതുപോലെ, പുറമേ നിന്നു നോക്കിയാൽ യഹൂദ ജനതയ്ക്ക് എന്തെങ്കിലും കുഴപ്പം ഉള്ളതായി തോന്നുമായിരുന്നില്ല. എന്നാൽ അത് ദൈവിക ഫലങ്ങൾ ഉത്പാദിപ്പിച്ചിരുന്നില്ല. മാത്രമല്ല, ഒടുവിൽ അത് യഹോവയുടെ സ്വന്തം പുത്രനെ തള്ളിക്കളയുകയും ചെയ്തു. ഫലം കായ്ക്കാത്ത ആ അത്തിവൃക്ഷത്തെ യേശു ശപിച്ചു. പിറ്റേ ദിവസം, അത് ഉണങ്ങിപ്പോയിരിക്കുന്നതായി ശിഷ്യന്മാർ നിരീക്ഷിച്ചു. ഉണങ്ങിപ്പോയ ആ മരം, തിരഞ്ഞെടുക്കപ്പെട്ട ജനമായ യഹൂദരെ ദൈവം പരിത്യജിക്കാൻ പോകുന്നതിനെ ഉചിതമായി ചിത്രീകരിച്ചു.—മർക്കൊസ് 11:20, 21.
‘അത്തിയെ നോക്കി പഠിപ്പിൻ’
തന്റെ സാന്നിധ്യത്തെ കുറിച്ചുള്ള ഒരു സുപ്രധാന പാഠം പഠിപ്പിക്കാനും യേശു അത്തിവൃക്ഷത്തെ ഉപയോഗിച്ചു. അവൻ പറഞ്ഞു: “അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിൻ; അതിന്റെ കൊമ്പു ഇളതായി ഇല തളിർക്കുമ്പോൾ വേനൽ അടുത്തു എന്നു നിങ്ങൾ അറിയുന്നുവല്ലോ. അങ്ങനെ നിങ്ങൾ ഇതു ഒക്കെയും കാണുമ്പോൾ അവൻ അടുക്കെ വാതില്ക്കൽ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ.” (മത്തായി 24:32, 33) അത്തിമരത്തിന്റെ നല്ല പച്ച നിറത്തിലുള്ള ഇലകൾ വേനൽക്കാലം വരാൻ പോകുന്നു എന്നതിന്റെ ശ്രദ്ധേയവും സുവ്യക്തവുമായ ഒരു അടയാളമാണ്. അതുപോലെ, മത്തായി 24-ാം അധ്യായം, മർക്കൊസ് 13-ാം അധ്യായം, ലൂക്കൊസ് 21-ാം അധ്യായം എന്നിവയിൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ മഹത്തായ പ്രവചനം സ്വർഗീയ രാജ്യാധികാരത്തിലുള്ള അവന്റെ ഇപ്പോഴത്തെ സാന്നിധ്യം സംബന്ധിച്ച് വ്യക്തമായ തെളിവു നൽകുന്നു.—ലൂക്കൊസ് 21:29-31.
നാം ജീവിക്കുന്നത് ചരിത്രത്തിലെ അത്തരമൊരു നിർണായക കാലത്ത് ആയതിനാൽ അത്തിയെ നോക്കി പഠിക്കാൻ തീർച്ചയായും നാം ആഗ്രഹിക്കുന്നു. നാം അപ്രകാരം ചെയ്യുകയും ആത്മീയമായി ഉണർന്നിരിക്കുകയും ചെയ്യുന്നെങ്കിൽ പിൻവരുന്ന മഹത്തായ വാഗ്ദാനത്തിന്റെ നിവൃത്തി ആസ്വദിക്കുന്നതിനുള്ള പ്രത്യാശ നമുക്കുണ്ട്: “അവർ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും [“ഇരിക്കും,” ഓശാന ബൈബിൾ]; ആരും അവരെ ഭയപ്പെടുത്തുകയില്ല; സൈന്യങ്ങളുടെ യഹോവയുടെ വായ് അതു അരുളിച്ചെയ്തിരിക്കുന്നു.”—മീഖാ 4:4.
[അടിക്കുറിപ്പുകൾ]
a പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ബൈബിൾ നാടുകൾ സന്ദർശിച്ച എച്ച്. ബി. ട്രിസ്ട്രാം എന്ന പ്രകൃതിവിജ്ഞാനി, അവിടത്തെ ആളുകൾ ഇപ്പോഴും ഔഷധമെന്നനിലയിൽ പരുക്കളിൽ അത്തിപ്പഴം വെച്ചുകെട്ടുന്നതായി നിരീക്ഷിച്ചു.
b ബേത്ത്ഫാഗ എന്ന ഗ്രാമത്തിനു സമീപത്തു വെച്ചാണ് ഈ സംഭവമുണ്ടായത്. ആ പേരിന്റെ അർഥം “തലപ്പഴങ്ങളുടെ ഭവനം” എന്നാണ്. തലപ്പഴങ്ങളുടെ സമൃദ്ധമായ ഉത്പാദനത്തിന് ഈ പ്രദേശം പ്രശസ്തമായിരുന്നു എന്ന് സാധ്യതയനുസരിച്ച് ഇതു സൂചിപ്പിക്കുന്നു.