യിരെമ്യ
24 യഹൂദാരാജാവായ യഹോയാക്കീമിന്റെ മകൻ+ യഖൊന്യയെയും*+ യഹൂദയിലെ പ്രഭുക്കന്മാരെയും ശില്പികളെയും ലോഹപ്പണിക്കാരെയും* ബാബിലോണിലെ നെബൂഖദ്നേസർ* രാജാവ് യരുശലേമിൽനിന്ന് ബാബിലോണിലേക്കു ബന്ദികളായി കൊണ്ടുപോയതിനു ശേഷം+ യഹോവ എനിക്ക് യഹോവയുടെ ആലയത്തിനു മുന്നിൽ വെച്ചിരിക്കുന്ന രണ്ടു കൊട്ട അത്തിപ്പഴം കാണിച്ചുതന്നു. 2 ആദ്യം വിളയുന്ന അത്തിപ്പഴങ്ങൾപോലുള്ള വളരെ നല്ല അത്തിപ്പഴങ്ങളാണ് ഒരു കൊട്ടയിലുണ്ടായിരുന്നത്. പക്ഷേ മറ്റേ കൊട്ടയിൽ ചീഞ്ഞ അത്തിപ്പഴങ്ങളും; അതു വായിൽ വെക്കാനേ കൊള്ളില്ലായിരുന്നു.
3 തുടർന്ന് യഹോവ എന്നോട്, “യിരെമ്യാ, നീ എന്താണു കാണുന്നത്” എന്നു ചോദിച്ചു. അപ്പോൾ ഞാൻ പറഞ്ഞു: “അത്തിപ്പഴങ്ങൾ! നല്ല അത്തിപ്പഴങ്ങൾ വളരെ നല്ലതാണ്. പക്ഷേ ചീഞ്ഞതു വല്ലാതെ ചീഞ്ഞതും; വായിൽ വെക്കാനേ കൊള്ളില്ല.”+
4 അപ്പോൾ യഹോവയുടെ സന്ദേശം എനിക്കു കിട്ടി: 5 “ഇസ്രായേലിന്റെ ദൈവമായ യഹോവ പറയുന്നത് ഇതാണ്: ‘ഞാൻ ഈ സ്ഥലത്തുനിന്ന് കൽദയരുടെ ദേശത്തേക്കു നാടുകടത്തിയ യഹൂദാനിവാസികൾ എനിക്ക് ഈ നല്ല അത്തിപ്പഴങ്ങൾപോലെയാണ്; ഞാൻ അവർക്കു നല്ലതു വരുത്തും. 6 അവർക്കു നന്മ ചെയ്യാൻ അവരുടെ മേൽ എന്റെ കണ്ണ് എപ്പോഴുമുണ്ടായിരിക്കും. ഞാൻ അവരെ ഈ ദേശത്തേക്കു മടക്കിവരുത്തും.+ ഞാൻ അവരെ പണിതുയർത്തും, പൊളിച്ചുകളയില്ല. ഞാൻ അവരെ നടും, പിഴുതുകളയില്ല.+ 7 എന്നെ അറിയാൻ, ഞാൻ യഹോവയാണെന്ന് അറിയാൻ, സഹായിക്കുന്ന ഒരു ഹൃദയം ഞാൻ അവർക്കു നൽകും.+ അവർ മുഴുഹൃദയത്തോടെ+ എന്നിലേക്കു മടങ്ങിവരും; അങ്ങനെ അവർ എന്റെ ജനവും ഞാൻ അവരുടെ ദൈവവും ആകും.+
8 “‘പക്ഷേ വായിൽ വെക്കാൻ കൊള്ളാത്തത്ര ചീഞ്ഞ അത്തിപ്പഴങ്ങളെക്കുറിച്ച്+ യഹോവ പറയുന്നത് ഇതാണ്: “യഹൂദയിലെ സിദെക്കിയ രാജാവിനെയും+ അവന്റെ പ്രഭുക്കന്മാരെയും യരുശലേംകാരായ അതിജീവകരിൽ ഈ ദേശത്തും ഈജിപ്തിലും താമസിക്കുന്നവരെയും+ ഞാൻ ചീഞ്ഞ അത്തിപ്പഴംപോലെ കണക്കാക്കും. 9 ഞാൻ അവരുടെ മേൽ വരുത്തിയ ദുരന്തം നിമിത്തം അവർ ഭൂമിയിലെ എല്ലാ രാജ്യങ്ങൾക്കും ഭീതികാരണമാകും.+ അവരെ ചിതറിക്കുന്നിടത്തെല്ലാം+ അവർ നിന്ദയ്ക്കും പരിഹാസത്തിനും പാത്രമാകും; ഞാൻ അവരെ ഒരു പഴഞ്ചൊല്ലും ശാപവും ആക്കും.+ 10 ഞാൻ അവർക്കും അവരുടെ പൂർവികർക്കും കൊടുത്ത ദേശത്തുനിന്ന് അവർ നശിച്ചുപോകുന്നതുവരെ അവരുടെ നേരെ വാളും+ ക്ഷാമവും മാരകമായ പകർച്ചവ്യാധിയും അയയ്ക്കും.”’”+