‘വിലയേറിയ മുത്തിനു’വേണ്ടിയുള്ള അന്വേഷണം—ഇന്ന്
‘രാജ്യത്തിന്റെ ഈ സുവിശേഷം ഒരു സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും.’—മത്തായി 24:14.
1, 2. (എ) യേശുവിന്റെ നാളിലെ യഹൂദന്മാർ ദൈവരാജ്യത്തെക്കുറിച്ച് എന്താണു വിചാരിച്ചത്? (ബി) രാജ്യത്തെക്കുറിച്ചുള്ള ഉചിതമായ ഗ്രാഹ്യം നൽകാൻ യേശു എന്തു ചെയ്തു, എന്തു ഫലത്തോടെ?
യേശു ഭൂമിയിലേക്കു വന്ന സമയത്ത് യഹൂദന്മാരുടെയിടയിൽ വളരെയധികം താത്പര്യത്തോടെ ചർച്ചചെയ്യപ്പെട്ടിരുന്ന ഒരു വിഷയമായിരുന്നു ദൈവരാജ്യം. (മത്തായി 3:1, 2; 4:23-25; യോഹന്നാൻ 1:49) എന്നിരുന്നാലും അവരിൽ ഭൂരിഭാഗവും ആദ്യമൊന്നും രാജ്യഭരണത്തിന്റെ വ്യാപ്തിയും അധികാരവും സംബന്ധിച്ച് പൂർണമായി മനസ്സിലാക്കിയില്ലെന്നു മാത്രമല്ല, അതൊരു സ്വർഗീയ ഗവൺമെന്റ് ആയിരിക്കുമെന്ന കാര്യവും തിരിച്ചറിഞ്ഞില്ല. (യോഹന്നാൻ 3:1-5) യേശുവിന്റെ ശിഷ്യന്മാരായിത്തീർന്നവരിൽ ചിലർക്കുപോലും ദൈവരാജ്യം എന്താണെന്നോ ക്രിസ്തുവിന്റെ സഹ ഭരണാധികാരികൾ ആയിത്തീരുന്നതിന്റെ അനുഗ്രഹങ്ങൾ പ്രാപിക്കാൻ എന്തുചെയ്യണമെന്നോ പൂർണമായി അറിയില്ലായിരുന്നു.—മത്തായി 20:20-22; ലൂക്കൊസ് 19:11; പ്രവൃത്തികൾ 1:6.
2 കാലം കടന്നുപോകവേ, മുൻലേഖനത്തിൽ നാം പരിചിന്തിച്ച വിലയേറിയ മുത്തിന്റെ ഉപമ ഉൾപ്പെടെയുള്ള ധാരാളം പാഠങ്ങൾ യേശു ക്ഷമാപൂർവം അവരെ പഠിപ്പിച്ചു. അങ്ങനെ സ്വർഗീയ രാജ്യത്തിനുവേണ്ടി തങ്ങളെത്തന്നെ അർപ്പിക്കുന്നതിന്റെ പ്രാധാന്യത്തിലേക്ക് യേശു വിരൽചൂണ്ടി. (മത്തായി 6:33; 13:45, 46; ലൂക്കൊസ് 13:23, 24) ഇത് അവരുടെ ഹൃദയത്തിന്റെ ആഴങ്ങളിൽ ചലനങ്ങൾ ഉളവാക്കിയിരിക്കണം, എന്തുകൊണ്ടെന്നാൽ പ്രവൃത്തികളുടെ പുസ്തകം വ്യക്തമായി തെളിയിക്കുന്നതുപോലെ, അവർ പെട്ടെന്നുതന്നെ ഭൂമിയുടെ വിദൂരഭാഗങ്ങളിൽ അക്ഷീണം, സുധീരം രാജ്യസുവാർത്ത ഘോഷിച്ചുതുടങ്ങി.—പ്രവൃത്തികൾ 1:8; കൊലൊസ്സ്യർ 1:23.
3. നമ്മുടെ നാളുകളോടുള്ള ബന്ധത്തിൽ, ദൈവരാജ്യത്തെക്കുറിച്ച് യേശു എന്താണു പറഞ്ഞത്?
3 നമ്മുടെ നാളുകൾ സംബന്ധിച്ചെന്ത്? രാജ്യത്തിൻകീഴിലെ ഭൗമിക പറുദീസ മുഖാന്തരമുള്ള അനുഗ്രഹങ്ങൾ കോടിക്കണക്കിന് ആളുകളോടു പ്രസംഗിക്കപ്പെട്ടിരിക്കുന്നു. “ലോകാവസാന”ത്തെ അഥവാ വ്യവസ്ഥിതിയുടെ സമാപനത്തെ കുറിച്ചുള്ള തന്റെ മഹത്തായ പ്രവചനത്തിൽ യേശു പ്രത്യേകം പ്രസ്താവിച്ചു: “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.” (മത്തായി 24:3, 14; മർക്കൊസ് 13:10) സുവാർത്താ പ്രസംഗമെന്ന ബൃഹത്തായ ദൗത്യം, കനത്ത തടസ്സങ്ങളുടെയും വെല്ലുവിളികളുടെയും എന്തിന്, കടുത്ത പീഡനത്തിന്റെപോലും മധ്യത്തിലായിരിക്കും നിർവഹിക്കേണ്ടിവരികയെന്നും യേശു വിശദീകരിച്ചു. എന്നിരുന്നാലും അവൻ ഈ ഉറപ്പു നൽകി: “അവസാനത്തോളം സഹിച്ചുനില്ക്കുന്നവൻ രക്ഷിക്കപ്പെടും.” (മത്തായി 24:9-13) ഇതെല്ലാം യേശുവിന്റെ ഉപമയിലെ സഞ്ചാരവ്യാപാരിയുടേതിനു സമാനമായ ആത്മത്യാഗവും അർപ്പണവും ആവശ്യമാക്കിത്തീർക്കുന്നു. ദൈവരാജ്യത്തോടുള്ള ബന്ധത്തിൽ അത്തരം വിശ്വാസവും തീക്ഷ്ണതയും പ്രകടമാക്കുന്നവർ ഇന്നുണ്ടോ?
സത്യം കണ്ടെത്തുന്നതിന്റെ സന്തോഷം
4. ഇന്ന് രാജ്യസത്യത്തിന് ആളുകളുടെമേൽ എന്തു പ്രഭാവമുണ്ട്?
4 ‘വിലയേറിയ മുത്ത്’ കണ്ടെത്തിയപ്പോൾ യേശുവിന്റെ ദൃഷ്ടാന്തത്തിലെ വ്യാപാരി അതിയായി സന്തോഷിച്ചു. ആ സന്തോഷം, മുത്ത് സ്വന്തമാക്കാൻ തന്നാൽ കഴിയുന്നതെല്ലാം ചെയ്യാൻ അയാളെ പ്രേരിപ്പിച്ചു. (എബ്രായർ 12:1) ഇന്ന് ദൈവത്തെയും അവന്റെ രാജ്യത്തെയും കുറിച്ചുള്ള സത്യം ആളുകളെ ആകർഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് ഫെയ്ത്ത് ഓൺ ദ മാർച്ച് എന്ന പുസ്തകത്തിൽ, ദൈവത്തെയും മനുഷ്യവർഗത്തെ സംബന്ധിച്ച അവന്റെ ഉദ്ദേശ്യത്തെയും കുറിച്ചുള്ള തന്റെ അന്വേഷണങ്ങളെപ്പറ്റി എ. എച്ച്. മാക്മില്ലൻ സഹോദരൻ ഇങ്ങനെ എഴുതി: “ഞാൻ കണ്ടെത്തിയത് ഓരോ വർഷവും അനേകായിരങ്ങൾ ഇപ്പോഴും കണ്ടെത്തുന്നു. അവർ നിങ്ങളെയും എന്നെയും പോലെയുള്ള ആളുകളാണ്, അവർ എല്ലാ ജനതകളിൽനിന്നും വർഗങ്ങളിൽനിന്നും ജീവിതമണ്ഡലങ്ങളിൽനിന്നും പ്രായപരിധികളിൽനിന്നും ഉള്ളവരാണ്. സത്യത്തിനു മുഖപക്ഷമില്ല. അത് എല്ലാത്തരം ആളുകളെയും ആകർഷിക്കുന്നു.”
5. സേവനവർഷം 2004-ലെ റിപ്പോർട്ടിൽ എന്തു മികച്ച ഫലങ്ങളാണു ദൃശ്യമാകുന്നത്?
5 മേൽപ്പറഞ്ഞ വാക്കുകളുടെ സത്യത ഓരോ വർഷവും പ്രകടമാണ്, ആത്മാർഥഹൃദയരായ ലക്ഷക്കണക്കിനു വ്യക്തികൾ ദൈവരാജ്യ സുവാർത്തയാൽ ആകർഷിക്കപ്പെട്ട് യഹോവയ്ക്കും അവന്റെ ഇഷ്ടം ചെയ്യുന്നതിനും വേണ്ടി തങ്ങളുടെ ജീവിതം സമർപ്പിക്കുന്നു. സേവനവർഷം 2004-ലും—2003 സെപ്റ്റംബർമുതൽ 2004 ആഗസ്റ്റ്വരെയുള്ള കാലയളവിലും—ഇങ്ങനെതന്നെ സംഭവിച്ചിരിക്കുന്നു. ആ 12 മാസത്തിനുള്ളിൽ 235 ദേശങ്ങളിലായി 2,62,416 വ്യക്തികൾ യഹോവയ്ക്കുള്ള തങ്ങളുടെ സമർപ്പണം ജലസ്നാപനത്താൽ പരസ്യമായി പ്രതീകപ്പെടുത്തി. ഈ ദേശങ്ങളിലെല്ലാം, യഹോവയുടെ സാക്ഷികൾ 60,85,387 ഭവന ബൈബിളധ്യയനങ്ങൾ നടത്തിക്കൊണ്ട് ദൈവവചനത്തിൽനിന്നുള്ള ജീവദായകജലം വ്യത്യസ്ത ജനതകളിൽനിന്നും ഗോത്രങ്ങളിൽനിന്നും ഭാഷകളിൽനിന്നും ജീവിതത്തിന്റെ വിവിധ തുറകളിൽനിന്നും ഉള്ള ആളുകൾക്കു വാരംതോറും പകർന്നു കൊടുത്തുകൊണ്ടിരിക്കുന്നു.—വെളിപ്പാടു 7:9.
6. വർഷങ്ങളായുള്ള സ്ഥിരമായ വർധനയ്ക്കു കാരണമെന്ത്?
6 ഇതെല്ലാം സാധ്യമാക്കിത്തീർത്തത് ആരാണ്? ‘ശരിയായ മനോനിലയുള്ള’ ഇത്തരം ആളുകളെ തന്നിലേക്ക് ആകർഷിക്കുന്നതു യഹോവയാണെന്നതിൽ സംശയമില്ല. (യോഹന്നാൻ 6:65; പ്രവൃത്തികൾ 13:48, NW) എന്നിരുന്നാലും രാജ്യം അന്വേഷിച്ചുകൊണ്ട് തങ്ങളെത്തന്നെ അർപ്പിച്ചവരുടെ നിസ്സ്വാർഥ മനോഭാവവും അക്ഷീണ പ്രയത്നവും വിലകുറച്ചുകാണാൻ കഴിയില്ല. മാക്മില്ലൻ സഹോദരന് 79 വയസ്സുള്ളപ്പോൾ അദ്ദേഹം ഇങ്ങനെ എഴുതി: “രോഗഗ്രസ്തരും മരിച്ചുകൊണ്ടിരിക്കുന്നവരുമായ മനുഷ്യവർഗത്തിനു നൽകപ്പെട്ടിരിക്കുന്ന വാഗ്ദാനങ്ങളെക്കുറിച്ചു ഞാൻ ആദ്യമായി മനസ്സിലാക്കിയപ്പോൾ ആ ബൈബിൾ സന്ദേശം എന്നിൽ ഉളവാക്കിയ പ്രത്യാശ ഇന്നും മങ്ങാതെ ജ്വലിച്ചുകൊണ്ടിരിക്കുന്നു. സർവശക്തനാം ദൈവമായ യഹോവയെയും മനുഷ്യവർഗത്തെ സംബന്ധിച്ച അവന്റെ മഹത്തായ ഉദ്ദേശ്യങ്ങളെയും കുറിച്ചുള്ള പരിജ്ഞാനം തേടുന്ന എന്നെപ്പോലെയുള്ള ആളുകളെ സഹായിക്കേണ്ടതിന് ബൈബിളിനെപ്പറ്റി കൂടുതൽ പഠിക്കാൻ അന്നുതന്നെ ഞാൻ ദൃഢനിശ്ചയം ചെയ്തു.”
7. ബൈബിൾ സത്യം കണ്ടെത്തുന്നതിലെ ആകാംക്ഷയും സന്തോഷവും വ്യക്തമാക്കുന്ന ഒരു ഉദാഹരണം നൽകുക.
7 ആ ഉത്സാഹം യഹോവയുടെ ഇന്നത്തെ സാക്ഷികളിലും ദൃശ്യമാണ്. ഉദാഹരണത്തിന് ഓസ്ട്രിയയിലെ വിയന്നയിൽനിന്നുള്ള ഡാന്യേലയുടെ കാര്യമെടുക്കാം. അവൾ പറയുന്നു: “നന്നേ ചെറുപ്പംമുതൽ ദൈവം എനിക്കു വളരെയടുത്ത, എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ‘ദൈവം’ എന്നു പറയുമ്പോൾ ഒരു വ്യക്തിയായി ഉൾക്കൊള്ളാൻ വളരെ ബുദ്ധിമുട്ടായിരുന്നു. അതിനാൽ അവന്റെ പേര് അറിയാൻ ഞാൻ എല്ലായ്പോഴും ആഗ്രഹിച്ചു. എന്നാൽ അതറിയാൻ എനിക്ക് 17 വയസ്സാകുന്നതുവരെ കാത്തിരിക്കേണ്ടിവന്നു, ഒരിക്കൽ യഹോവയുടെ സാക്ഷികൾ ഞങ്ങളുടെ വീട്ടിൽ വരുന്നതുവരെ. ദൈവത്തെക്കുറിച്ചു ഞാൻ അറിയാൻ ആഗ്രഹിച്ചിരുന്നതെല്ലാം അവർ വിശദീകരിച്ചുതന്നു. ഒടുവിൽ ഞാൻ സത്യം കണ്ടെത്തി, അത് എന്നെ എത്ര ഉത്സാഹവതിയാക്കിയെന്നോ! കാണുന്നവരോടെല്ലാം ഞാൻ സാക്ഷീകരിച്ചു തുടങ്ങി.” അവളുടെ ഉത്സാഹപൂർവമായ സമീപനം സഹപാഠികളിൽനിന്നുള്ള പരിഹാസം ക്ഷണിച്ചുവരുത്തി. ഡാന്യേല തുടരുന്നു: “എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം അത് ബൈബിൾ പ്രവചനത്തിന്റെ നിവൃത്തി കാണുന്നതുപോലെയായിരുന്നു. എന്തുകൊണ്ടെന്നാൽ തന്റെ നാമത്തെപ്രതി തന്റെ അനുഗാമികൾ നിന്ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുമെന്ന് യേശു പറഞ്ഞിരുന്നതായി ഞാൻ മനസ്സിലാക്കിയിരുന്നു. ഞാൻ വളരെയധികം സന്തോഷിക്കുകയും വിസ്മയിക്കുകയും ചെയ്തു. താമസിയാതെ ഡാന്യേല തന്റെ ജീവിതം യഹോവയ്ക്കു സമർപ്പിക്കുകയും സ്നാപനമേൽക്കുകയും ചെയ്തു. മിഷനറി സേവനമെന്ന ലക്ഷ്യം മുൻനിറുത്തിക്കൊണ്ട് അവൾ പുരോഗതി വരുത്താൻ തുടങ്ങി. വിവാഹശേഷം, ഭർത്താവായ ഹെൽമുട്ടുമൊത്ത് അവൾ വിയന്നയിലുള്ള ആഫ്രിക്കൻ, ചൈനീസ്, ഫിലിപ്പിനോ, ഇന്ത്യൻ വംശജരുടെയിടയിൽ പ്രസംഗപ്രവർത്തനം ആരംഭിച്ചു. ഇപ്പോൾ അവർ തെക്കുപടിഞ്ഞാറേ ആഫ്രിക്കയിൽ മിഷനറിമാരായി സേവിക്കുന്നു.
അവർ മടുത്തു പിന്മാറുന്നില്ല
8. ഒട്ടനവധി പേർ ദൈവത്തോടുള്ള സ്നേഹവും അവന്റെ രാജ്യത്തോടുള്ള കൂറും പ്രകടിപ്പിച്ചിട്ടുള്ള പ്രതിഫലദായകമായ ഒരു വിധമെന്ത്?
8 തീർച്ചയായും ഇന്ന് യഹോവയുടെ ജനം ദൈവത്തോടുള്ള സ്നേഹവും അവന്റെ രാജ്യത്തോടുള്ള കൂറും പ്രകടമാക്കുന്ന വിധങ്ങളിലൊന്നാണ് മിഷനറി സേവനം. ഈ സേവനം ഏറ്റെടുക്കുന്നവർ, യേശുവിന്റെ ഉപമയിലെ വ്യാപാരിയെപ്പോലെ രാജ്യവേലയ്ക്കായി വിദൂരങ്ങളിൽ പോകാൻ മനസ്സൊരുക്കമുള്ളവരാണ്. ഇവർ യാത്ര ചെയ്യുന്നത് രാജ്യസുവാർത്ത കണ്ടെത്താനല്ല, മറിച്ച് ഭൂമിയുടെ അതിവിദൂര ഭാഗങ്ങളിൽ വസിക്കുന്ന ആളുകൾക്ക് സുവാർത്ത എത്തിച്ചുകൊടുക്കുകയും യേശുക്രിസ്തുവിന്റെ ശിഷ്യരാകാൻ അവരെ പഠിപ്പിക്കുകയും സഹായിക്കുകയും ചെയ്യാനാണ്. (മത്തായി 28:19, 20) പല രാജ്യങ്ങളിലും അവർക്ക് അസാധാരണമായ ക്ലേശങ്ങൾ സഹിക്കേണ്ടതായിവരുന്നു. എന്നാൽ അവരുടെ സഹിഷ്ണുതയ്ക്കു സമൃദ്ധമായ പ്രതിഫലം ലഭിക്കുന്നു.
9, 10. മധ്യാഫ്രിക്കൻ റിപ്പബ്ലിക് പോലെയുള്ള വിദൂര ദേശങ്ങളിൽ മിഷനറിമാർ ആവേശകരമായ എന്ത് അനുഭവങ്ങൾ ആസ്വദിച്ചിരിക്കുന്നു?
9 ഉദാഹരണത്തിന്, മധ്യാഫ്രിക്കൻ റിപ്പബ്ലിക്കിന്റെ കാര്യമെടുക്കുക. അവിടെ കഴിഞ്ഞ വർഷത്തെ സ്മാരക ഹാജർ 16,184 ആയിരുന്നു, ഇത് ആ രാജ്യത്തെ രാജ്യപ്രസാധകരുടെ ഏതാണ്ട് ഏഴു മടങ്ങാണ്. രാജ്യത്തിന്റെ പല ഭാഗത്തും വൈദ്യുതി എത്തിച്ചേർന്നിട്ടില്ലാത്തതിനാൽ ആളുകൾ സാധാരണമായി വീടിനു പുറത്തു മരത്തണലിൽ ഇരുന്നാണ് ഓരോ ജോലികൾ ചെയ്യാറുള്ളത്. അതുകൊണ്ട് സ്വാഭാവികമായും മിഷനറിമാർ അവരുടെ വേല ചെയ്യുന്നതും—ബൈബിളധ്യയനം നടത്തുന്നതും—മരത്തണലിൽവെച്ചാണ്. അതു കൂടുതൽ കുളിർമയും വെളിച്ചവും പ്രദാനം ചെയ്യുന്നു. എന്നാൽ മറ്റൊരു മെച്ചംകൂടെ ഉണ്ട്. ഇവിടത്തുകാർ ബൈബിളിനോടു സ്വതവേ വിലമതിപ്പുള്ളവരാണ്, മാത്രമല്ല ഇവിടെ മതപരമായ ചർച്ചകൾ നടത്തുന്നത് ചില സംസ്കാരങ്ങളിൽ കായികരംഗത്തെക്കുറിച്ചോ കാലാവസ്ഥയെക്കുറിച്ചോ സംസാരിക്കുന്നതുപോലെ ഒരു സാധാരണ സംഗതിയാണ്. അതുകൊണ്ട് മിഷനറിമാർ പുറത്തിരുന്ന് അധ്യയനം നടത്തുമ്പോൾ, മിക്കപ്പോഴും വഴിപോക്കർ അവിടെ നടക്കുന്നതെന്താണെന്നു ശ്രദ്ധിക്കുകയും അധ്യയനത്തിൽ പങ്കെടുക്കുകയും ചെയ്യുന്നു.
10 ഒരിക്കൽ, ഒരു മിഷനറി ഒരു വീടിനു വെളിയിൽവെച്ച് ബൈബിളധ്യയനം നടത്തിക്കൊണ്ടിരുന്നപ്പോൾ തെരുവിനപ്പുറത്തു താമസിച്ചിരുന്ന ഒരു ചെറുപ്പക്കാരൻ അടുത്തുചെന്നു. മിഷനറി ഇതുവരെ തന്നെ സന്ദർശിച്ചിട്ടില്ലെന്നും തന്നെയും ബൈബിൾ പഠിപ്പിക്കണമെന്നും അയാൾ ആവശ്യപ്പെട്ടു. അങ്ങനെ ചെയ്യുന്നതിൽ മിഷനറിക്കു സന്തോഷമേ ഉണ്ടായിരുന്നുള്ളു എന്നു പറയേണ്ടതില്ലല്ലോ. ആ ചെറുപ്പക്കാരൻ ദ്രുതഗതിയിൽ പുരോഗതി വരുത്തുന്നു. ആ രാജ്യത്ത് മിക്കപ്പോഴും പോലീസുകാർ സാക്ഷികളെ റോഡിൽ തടഞ്ഞുനിറുത്താറുണ്ട്. സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെടാനോ പിഴ ഈടാക്കാനോ അല്ല, വീക്ഷാഗോപുരത്തിന്റെയോ ഉണരുക!യുടെയോ ഏറ്റവും പുതിയ ലക്കങ്ങൾ ലഭിക്കുമോ എന്നറിയാൻ അല്ലെങ്കിൽ തങ്ങൾ നന്നായി ആസ്വദിച്ച ഏതെങ്കിലും ലേഖനത്തിനു നന്ദിപറയാൻ.
11. ബുദ്ധിമുട്ടുകളുണ്ടെങ്കിലും ദീർഘകാല മിഷനറിമാർ തങ്ങളുടെ സേവനത്തെക്കുറിച്ച് എന്തു വിചാരിക്കുന്നു?
11 നാൽപ്പതോ അമ്പതോ വർഷംമുമ്പ് മിഷനറി സേവനം ആരംഭിച്ച പലരും വിശ്വസ്തതയോടെ ഇപ്പോഴും ആ പ്രവർത്തനത്തിൽ തുടരുന്നു. അനുകരണീയമായ വിശ്വാസത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും എത്ര നല്ല മാതൃക! ഒരു ദമ്പതികൾ 45 വർഷമായി മൂന്നു രാജ്യങ്ങളിൽ മിഷനറിമാരെന്ന നിലയിൽ സേവിച്ചിട്ടുണ്ട്. ഭർത്താവു പറയുന്നു: “ധാരാളം ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ട്. ഉദാഹരണത്തിന്, 35 വർഷം ഞങ്ങൾക്കു മലമ്പനിയുമായി പൊരുതേണ്ടിവന്നു. എന്നിരുന്നാലും മിഷനറി സേവനത്തിൽ ഏർപ്പെടാനുള്ള തീരുമാനത്തെപ്രതി ഞങ്ങൾ ഒരിക്കലും ഖേദിച്ചിട്ടില്ല.” അദ്ദേഹത്തിന്റെ ഭാര്യ കൂട്ടിച്ചേർക്കുന്നു: “നന്ദിയുള്ളവരായിരിക്കാൻ ഞങ്ങൾക്ക് എപ്പോഴും ധാരാളം കാരണങ്ങൾ ഉണ്ടായിരുന്നു. വയൽശുശ്രൂഷ വളരെ സന്തോഷദായകമാണ്, ബൈബിളധ്യയനങ്ങൾ ആരംഭിക്കാനാണെങ്കിൽ വളരെ എളുപ്പം. വിദ്യാർഥികൾ യോഗങ്ങളിൽ ഹാജരാകുന്നതും പരസ്പരം അടുത്തറിയുന്നതും കാണുമ്പോൾ ഓരോ പ്രാവശ്യവും കുടുംബക്കാരെല്ലാം ഒത്തുചേരുന്ന ഒരു പ്രതീതിയാണ്.”
അവർ എല്ലാം “ചേതം എന്നു എണ്ണുന്നു”
12. ഒരുവൻ രാജ്യത്തിന്റെ മൂല്യത്തെ യഥാർഥമായി വിലമതിക്കുന്നെന്നു പ്രകടമാക്കുന്നത് എങ്ങനെ?
12 വിലയേറിയ ഒരു മുത്ത് കണ്ടെത്തിയ സഞ്ചാരവ്യാപാരി “ചെന്നു തനിക്കുള്ളതൊക്കെയും വിറ്റു അതു വാങ്ങി.” (മത്തായി 13:46) തങ്ങൾ മൂല്യവത്തെന്നു കരുതുന്നതു പരിത്യജിക്കാനുള്ള ഈ മനസ്സൊരുക്കം രാജ്യത്തിന്റെ മൂല്യത്തെ യഥാർഥമായി വിലമതിക്കുന്നവരുടെ ഒരു സവിശേഷതയാണ്. ക്രിസ്തുവിനോടൊപ്പം രാജ്യമഹത്ത്വത്തിൽ പങ്കുചേരാനുള്ള പദവി ലഭിക്കാൻ പോകുന്നവനെന്ന നിലയിൽ പൗലൊസ് അപ്പൊസ്തലൻ ഇങ്ങനെ പറഞ്ഞു: “എന്റെ കർത്താവായ ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രേഷ്ഠതനിമിത്തം ഞാൻ [എല്ലാം] ഇപ്പോഴും ചേതം എന്നു എണ്ണുന്നു. ഞാൻ ക്രിസ്തുവിനെ നേടേണ്ടതിന്നു . . . ഞാൻ അവന്റെ നിമിത്തം എല്ലാം ഉപേക്ഷിച്ചു ചവറു എന്നു എണ്ണുന്നു.” —ഫിലിപ്പിയർ 3:8-11.
13. ചെക്ക് റിപ്പബ്ലിക്കിലുള്ള ഒരു വ്യക്തി ദൈവരാജ്യത്തോടുള്ള തന്റെ സ്നേഹം പ്രകടിപ്പിച്ചത് എങ്ങനെ?
13 അതേവിധത്തിൽ ഇന്ന് അനേകം വ്യക്തികൾ രാജ്യാനുഗ്രഹങ്ങൾ നേടേണ്ടതിനു തങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ മനസ്സൊരുക്കം കാണിക്കുന്നു. ഉദാഹരണത്തിന്, ചെക്ക് റിപ്പബ്ലിക്കിലുള്ള 60-കാരനായ ഒരു ഹെഡ്മാസ്റ്ററുടെ കാര്യമെടുക്കുക. 2003 ഒക്ടോബറിൽ അദ്ദേഹത്തിന് നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകം ലഭിക്കാനിടയായി. അതു വായിച്ചതിനുശേഷം പെട്ടെന്നുതന്നെ അദ്ദേഹം തന്റെ പ്രദേശത്തെ യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടുകയും ഒരു ബൈബിളധ്യയനം ആവശ്യപ്പെടുകയും ചെയ്തു. ആത്മീയമായി നല്ല പുരോഗതി വരുത്തിയ അദ്ദേഹം താമസംവിനാ എല്ലാ യോഗങ്ങൾക്കും ഹാജരാകാൻ തുടങ്ങി. എന്നാൽ മേയർ പദവിയിലേക്കും പിന്നീട് സെനറ്റർ പദവിയിലേക്കും മത്സരിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനങ്ങൾക്കു മാറ്റമുണ്ടായോ? തീർച്ചയായും. ഇപ്പോൾ ഒരു രാജ്യഘോഷകനെന്ന നിലയിൽ, പുതിയൊരു പ്രവർത്തനത്തിനായി—ജീവനുവേണ്ടിയുള്ള ഓട്ടത്തിൽ പങ്കെടുക്കാനായി—തന്റെ ജീവിതം ഉഴിഞ്ഞുവെക്കാൻ അദ്ദേഹം തീരുമാനിച്ചു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “എന്റെ വിദ്യാർഥികൾക്കു ധാരാളം ബൈബിൾ സാഹിത്യങ്ങൾ സമർപ്പിക്കാൻ എനിക്കു കഴിഞ്ഞു.” 2004 ജൂലൈയിലെ ഒരു കൺവെൻഷനിൽ അദ്ദേഹം യഹോവയ്ക്കുള്ള തന്റെ സമർപ്പണം ജലസ്നാപനത്താൽ പ്രതീകപ്പെടുത്തി.
14. (എ) രാജ്യസുവാർത്ത ലക്ഷക്കണക്കിന് ആളുകളെ എന്തു ചെയ്യാൻ പ്രേരിപ്പിച്ചിരിക്കുന്നു? (ബി) നാം ചിന്താർഹമായ ഏതു ചോദ്യങ്ങൾ നമ്മോടുതന്നെ ചോദിക്കണം?
14 ലോകമെമ്പാടും, ലക്ഷക്കണക്കിനു വരുന്ന മറ്റ് ആളുകളും സമാനമായ ഒരു വിധത്തിൽ പ്രതികരിച്ചിട്ടുണ്ട്. അവർ ഈ ദുഷ്ടലോകത്തിൽനിന്നു പുറത്തു വരുകയും തങ്ങളുടെ പഴയ വ്യക്തിത്വം ഉരിഞ്ഞു കളയുകയും മുൻകാല സഹകാരികളെ ഉപേക്ഷിക്കുകയും ലൗകിക ലക്ഷ്യങ്ങൾ ത്യജിക്കുകയും ചെയ്തിരിക്കുന്നു. (യോഹന്നാൻ 15:19; എഫെസ്യർ 4:22-24; യാക്കോബ് 4:4; 1 യോഹന്നാൻ 2:15-17) എന്തുകൊണ്ടാണ് അവർ ഇങ്ങനെയെല്ലാം ചെയ്യുന്നത്? ദൈവരാജ്യത്തിന്റെ അനുഗ്രഹങ്ങളെ ഈ വ്യവസ്ഥിതിക്കു വെച്ചുനീട്ടാൻ കഴിയുന്ന എന്തിനെക്കാളും പല മടങ്ങ് അധികമായി അവർ വിലമതിക്കുന്നു എന്നതാണ് അതിനു കാരണം. ദൈവരാജ്യ സുവാർത്തയെക്കുറിച്ചു നിങ്ങൾക്ക് അങ്ങനെതന്നെയാണോ തോന്നുന്നത്? യഹോവ എന്ത് ആവശ്യപ്പെടുന്നുവെന്നതിന് അനുസൃതമായി നിങ്ങളുടെ ജീവിതശൈലിയിലും മൂല്യങ്ങളിലും ലക്ഷ്യങ്ങളിലും ആവശ്യമായ മാറ്റങ്ങൾ വരുത്താൻ സുവാർത്ത നിങ്ങളെ പ്രചോദിപ്പിച്ചിരിക്കുന്നുവോ? അങ്ങനെ ചെയ്യുന്നത് നിങ്ങൾക്കു സമൃദ്ധമായ അനുഗ്രഹങ്ങൾ കൈവരുത്തും, ഇപ്പോഴും ഭാവിയിലും.
കൊയ്ത്ത് അതിന്റെ പാരമ്യത്തിൽ എത്തിച്ചേരുന്നു
15. ദൈവജനം അന്ത്യനാളുകളിൽ എന്തു ചെയ്യുമെന്നു മുൻകൂട്ടിപ്പറയപ്പെട്ടു?
15 സങ്കീർത്തനക്കാരൻ ഇങ്ങനെ എഴുതി: “നിന്റെ സേനാദിവസത്തിൽ നിന്റെ ജനം നിനക്കു സ്വമേധാദാനമായിരിക്കുന്നു.” സ്വമേധയാ തങ്ങളെത്തന്നെ സമർപ്പിച്ചിരിക്കുന്നവരിൽ, ‘യുവാക്കളായ മഞ്ഞും’ ‘സുവാർത്താദൂതികളുടെ വലിയോരു ഗണവും’ ഉൾപ്പെടുന്നു. (സങ്കീർത്തനം 68:11; 110:3) പുരുഷന്മാരും സ്ത്രീകളും ചെറുപ്പക്കാരും പ്രായംചെന്നവരും ഉൾപ്പെടെയുള്ള, യഹോവയുടെ ജനം പ്രകടിപ്പിച്ചിരിക്കുന്ന ഉത്സാഹവും ആത്മത്യാഗ മനോഭാവവും ഈ അന്ത്യനാളുകളിൽ എന്തു ഫലം ഉളവാക്കിയിരിക്കുന്നു?
16. രാജ്യത്തെക്കുറിച്ചു പഠിക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതിന് ദൈവദാസർ എങ്ങനെ മുൻകൈയെടുക്കുന്നുവെന്നതിന് ഒരു ഉദാഹരണം നൽകുക.
16 രാജ്യസുവാർത്ത ഗ്രഹിക്കാൻ ഇന്ത്യയിലെ 20 ലക്ഷത്തിലധികംവരുന്ന ബധിരരെ സഹായിക്കാൻ എന്തു ചെയ്യാൻ കഴിയുമെന്നതിനെക്കുറിച്ച് ഇവിടെയുള്ള ഒരു പയനിയർ അഥവാ മുഴുസമയ രാജ്യഘോഷക ചിന്തിച്ചിരുന്നു. (യെശയ്യാവു 35:5) ആംഗ്യഭാഷ പഠിപ്പിക്കുന്ന ഒരു സ്ഥാപനത്തിൽ ചേർന്നു പഠിക്കാൻ അവർ നിശ്ചയിച്ചു. അവിടെയുള്ള നിരവധി ബധിരരുമായി രാജ്യപ്രത്യാശ പങ്കുവെക്കാൻ അവർക്കു സാധിച്ചു, തത്ഫലമായി ബൈബിളധ്യയന കൂട്ടങ്ങൾ രൂപവത്കരിക്കപ്പെട്ടു. ഏതാനും ആഴ്ചകൾക്കുള്ളിൽ ഒരു ഡസനിലധികം ആളുകൾ രാജ്യഹാളിൽ യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി. പിന്നീട് ഒരു വിവാഹവിരുന്നിൽവെച്ച് ഈ പയനിയർ കൊൽക്കൊത്തയിൽനിന്നുള്ള ചെറുപ്പക്കാരനായ ഒരു ബധിരനെ കണ്ടുമുട്ടി. നിരവധി ചോദ്യങ്ങൾ ചോദിച്ച ആ ചെറുപ്പക്കാരൻ യഹോവയെക്കുറിച്ചു കൂടുതൽ അറിയുന്നതിൽ അതിയായ താത്പര്യം പ്രകടിപ്പിച്ചു. പക്ഷേ ഒരു പ്രശ്നമുണ്ടായിരുന്നു. ഈ ചെറുപ്പക്കാരനു കോളേജ് പഠനത്തിനായി ഏകദേശം 1,600 കിലോമീറ്റർ അകലെയുള്ള കൊൽക്കൊത്തയിലേക്കു മടങ്ങിപ്പോകേണ്ടിയിരുന്നു, അവിടെ ആംഗ്യഭാഷ അറിയാവുന്ന സാക്ഷികൾ ആരും ഇല്ലായിരുന്നുതാനും. ബൈബിളധ്യയനം തുടരത്തക്കവിധം ബാംഗ്ലൂരിൽത്തന്നെയുള്ള ഒരു കോളേജിൽ ചേർന്നുപഠിക്കുന്നതിന് പിതാവിന്റെ സമ്മതം നേടിയെടുക്കാൻ വളരെ ബുദ്ധിമുട്ടിയാണെങ്കിലും, അയാൾക്കു സാധിച്ചു. അയാൾ ആത്മീയമായി നന്നായി പുരോഗമിക്കുകയും ഏകദേശം ഒരു വർഷത്തിനുശേഷം തന്റെ ജീവിതം യഹോവയ്ക്കു സമർപ്പിക്കുകയും ചെയ്തു. തന്റെ ബാല്യകാലസുഹൃത്ത് ഉൾപ്പെടെ നിരവധി ബധിരരുമായി ആ ചെറുപ്പക്കാരൻ ബൈബിളധ്യയനം നടത്തി. ബധിരരായ വ്യക്തികളെ സഹായിക്കാനായി പയനിയർമാരെ ആംഗ്യഭാഷ പഠിപ്പിക്കുന്നതിനു വേണ്ട ക്രമീകരണങ്ങൾ ഇന്ത്യാ ബ്രാഞ്ച് ഓഫീസ് ചെയ്തുവരികയാണ്.
17. 19-22 പേജുകളിലെ സേവനവർഷം-2004 റിപ്പോർട്ടിൽ പ്രോത്സാഹജനകമായി നിങ്ങൾ കണ്ടെത്തിയത് എന്താണെന്നു പറയുക.
17 ഈ മാസികയുടെ 19-22 പേജുകളിൽ സേവനവർഷം 2004-ൽ യഹോവയുടെ സാക്ഷികൾ ലോകവ്യാപകമായി നടത്തിയ വയൽപ്രവർത്തനത്തിന്റെ റിപ്പോർട്ട് നിങ്ങൾക്കു കാണാം. കുറച്ചു സമയമെടുത്ത് അതു പരിശോധിക്കുക. ഇന്ന് യഹോവയുടെ ജനം ലോകവ്യാപകമായി, ‘വിലയേറിയ മുത്ത്’ അന്വേഷിക്കുന്നതിൽ തീവ്രശ്രദ്ധ കൊടുക്കുന്നതിന്റെ തെളിവുകൾ സ്വയം കണ്ടെത്തുക.
‘രാജ്യം അന്വേഷിച്ചുകൊണ്ടേയിരിക്കുക’
18. സഞ്ചാരവ്യാപാരിയെക്കുറിച്ചുള്ള ഉപമയിൽ യേശു ഏതു വിവരം ഉൾപ്പെടുത്തിയില്ല, എന്തുകൊണ്ട്?
18 സഞ്ചാരവ്യാപാരിയെക്കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തത്തിലേക്ക് ഒന്നുകൂടെ തിരിച്ചുവരാം. തനിക്കുള്ളതെല്ലാം വിറ്റതിനുശേഷം അയാൾ തന്റെ ഉപജീവനത്തിനുള്ള വക എങ്ങനെ കണ്ടെത്തുമെന്ന് യേശു പറഞ്ഞില്ലെന്നു നാം കാണുന്നു. ഒരുപക്ഷേ ചിലർ യാഥാർഥ്യബോധത്തോടെ ഇങ്ങനെ ചോദിച്ചേക്കാം: ‘അയാൾക്കു യാതൊന്നും ഇല്ലെന്നിരിക്കെ ഭക്ഷണത്തിനും വസ്ത്രത്തിനും പാർപ്പിടത്തിനുമായി അയാൾ എന്തു ചെയ്യും? ആ വിലയേറിയ മുത്തുകൊണ്ട് അയാൾക്കെന്തു പ്രയോജനം?’ ജഡികമായ ഒരു വീക്ഷണകോണിൽനിന്നു നോക്കുമ്പോൾ ഈ ചോദ്യങ്ങൾ ന്യായയുക്തമാണ്. എന്നാൽ “ഒന്നാമതു രാജ്യവും അവന്റെ നീതിയും അന്വേഷിച്ചുകൊണ്ടേയിരിക്കുക, [മറ്റു]വസ്തുക്കളെല്ലാം നിങ്ങളോടു ചേർക്കപ്പെടും” എന്ന് യേശു തന്റെ ശിഷ്യന്മാരെ ഉദ്ബോധിപ്പിച്ചില്ലേ? (മത്തായി 6:31-33, NW) ഒരു വ്യക്തി തന്നെത്തന്നെ മുഴുഹൃദയത്തോടെ ദൈവത്തിന് അർപ്പിക്കേണ്ടതിന്റെയും രാജ്യത്തെപ്രതി തീക്ഷ്ണത പ്രകടമാക്കേണ്ടതിന്റെയും ആവശ്യകതയാണ് ഈ ഉപമയുടെ മുഖ്യാശയം. അതിൽ നമുക്ക് ഉൾക്കൊള്ളാൻ ഒരു പാഠമുണ്ടോ?
19. വിലയേറിയ മുത്ത് സംബന്ധിച്ച യേശുവിന്റെ ദൃഷ്ടാന്തത്തിൽനിന്നു നമുക്ക് എന്തു മുഖ്യാശയം പഠിക്കാൻ കഴിയും?
19 നാം അത്ഭുതകരമായ സുവാർത്തയെക്കുറിച്ചു പഠിച്ചത് ഈ അടുത്ത കാലത്താണെങ്കിലും, രാജ്യം അന്വേഷിക്കാനും അതിന്റെ അനുഗ്രഹങ്ങളെക്കുറിച്ചു മറ്റുള്ളവരോടു പറയാനും തുടങ്ങിയിട്ട് പതിറ്റാണ്ടുകളായിട്ടുണ്ടെങ്കിലും ശരി, നാമെല്ലാവരും നമ്മുടെ താത്പര്യവും ശ്രദ്ധയും രാജ്യത്തിൽ കേന്ദ്രീകരിക്കുന്നതിൽ തുടരണം. ഈ കാലം ദുഷ്കരമാണ്, എന്നാൽ നാം അന്വേഷിക്കുന്നതെന്തോ അത്, വ്യാപാരി കണ്ടെത്തിയ മുത്തുപോലെ യഥാർഥവും അനുപമവും ആണെന്നു വിശ്വസിക്കുന്നതിനുള്ള ഉറച്ച കാരണങ്ങൾ നമുക്കുണ്ട്. നാം “ലോകാവസാന” നാളുകളിൽ അഥവാ വ്യവസ്ഥിതിയുടെ സമാപന നാളുകളിൽ ആണു ജീവിക്കുന്നത് എന്നതിനു ലോകസംഭവങ്ങളും നിറവേറിയ ബൈബിൾ പ്രവചനങ്ങളും നിസ്സന്ദേഹമായ തെളിവു നൽകുന്നു. (മത്തായി 24:3) നമുക്ക് ആ സഞ്ചാരവ്യാപാരിയെപ്പോലെ, ദൈവരാജ്യവിഷയകമായി മുഴുഹൃദയത്തോടെയുള്ള തീക്ഷ്ണത കാണിക്കുകയും സുവാർത്ത ഘോഷിക്കുന്നതിനുള്ള പദവിയിൽ സന്തോഷിക്കുകയും ചെയ്യാം.—സങ്കീർത്തനം 9:1, 2.
നിങ്ങൾ ഓർമിക്കുന്നുവോ?
• വർഷങ്ങളായി, സത്യാരാധകരുടെ വർധനയ്ക്കു സംഭാവനചെയ്തിട്ടുള്ളത് എന്താണ്?
• മിഷനറിമാരായി സേവിക്കുന്നവരുടെ ഇടയിൽ എന്തു മനോഭാവം ദൃശ്യമാണ്?
• രാജ്യസുവാർത്ത നിമിത്തം ആളുകൾ എന്തു മാറ്റങ്ങളാണു വരുത്തിയിട്ടുള്ളത്?
• വിലയേറിയ മുത്തിനെക്കുറിച്ചുള്ള യേശുവിന്റെ ഉപമയിൽ നമുക്ക് എന്തു വിലപ്പെട്ട പാഠമാണുള്ളത്?
[19-22 പേജുകളിലെ ചാർട്ട്]
2004 സേവനവർഷത്തിലെ യഹോവയുടെ സാക്ഷികളുടെ ലോകവ്യാപകറിപ്പോർട്ട്
(അച്ചടിച്ച മാസിക കാണുക)
[14-ാം പേജിലെ ചിത്രം]
‘സത്യം എല്ലാത്തരം ആളുകളെയും ആകർഷിക്കുന്നു.’ —എ. എച്ച്. മാക്മില്ലൻ
[15-ാം പേജിലെ ചിത്രം]
ഡാന്യേലയും ഹെൽമുട്ടും വിയന്നയിലെ വിദേശഭാഷാ വയലിൽ പ്രസംഗിച്ചു
[16, 17 പേജുകളിലെ ചിത്രങ്ങൾ]
സഞ്ചാരവ്യാപാരിയെപ്പോലെ, ഇന്നത്തെ മിഷനറിമാരും സമൃദ്ധമായി അനുഗ്രഹിക്കപ്പെടുന്നു
[17-ാം പേജിലെ ചിത്രം]
“നിന്റെ ജനം നിനക്കു സ്വമേധാദാനമായിരിക്കുന്നു”