യഹോവയുടെ വചനം ജീവനുള്ളത്
ഒന്നു രാജാക്കന്മാരിൽനിന്നുള്ള വിശേഷാശയങ്ങൾ
“നീതിമാന്മാർ വർദ്ധിക്കുമ്പോൾ ജനം സന്തോഷിക്കുന്നു; ദുഷ്ടൻ ആധിപത്യം നടത്തുമ്പോഴോ ജനം നെടുവീർപ്പിടുന്നു.” (സദൃശവാക്യങ്ങൾ 29:2) ഈ സദൃശവാക്യം എത്ര സത്യമാണെന്നു വ്യക്തമായി ചിത്രീകരിക്കുന്ന ബൈബിൾ പുസ്തകമാണ് ഒന്നു രാജാക്കന്മാർ. ഇതിൽ ശലോമോന്റെ ജീവചരിത്രം അടങ്ങിയിരിക്കുന്നു. അവന്റെ ഭരണകാലത്ത് പുരാതന ഇസ്രായേൽ സമ്പദ്സമൃദ്ധവും ഭദ്രവും ആയ ഒരു കാലഘട്ടത്തിലേക്കു പ്രവേശിക്കുന്നു. അവന്റെ മരണശേഷം ദേശം വിഭജിക്കപ്പെടുന്നതും 14 രാജാക്കന്മാർ ഇസ്രായേലിലും യെഹൂദായിലും ഭരണം നടത്തുന്നതും സംബന്ധിച്ചുള്ള വിവരണവും ഈ പുസ്തകത്തിൽ കാണാം. ഈ രാജാക്കന്മാരിൽ രണ്ടുപേർ മാത്രമാണ് യഹോവയോടു വിശ്വസ്തരായി നിലകൊള്ളുന്നത്. ഏലീയാവ് ഉൾപ്പെടെയുള്ള ആറു പ്രവാചകന്മാരുടെ പ്രവർത്തനങ്ങളും ഇതു പ്രതിപാദിക്കുന്നു.
പ്രവാചകനായ യിരെമ്യാവാണു ഗ്രന്ഥകർത്താവ്. യെരൂശലേമിലും യെഹൂദായിലും വെച്ച് എഴുതപ്പെട്ട ഈ പുസ്തകം പൊതുയുഗത്തിനുമുമ്പ് (പൊ.യു.മു.) 1040 മുതൽ പൊ.യു.മു. 911 വരെയുള്ള 129 വർഷത്തെ സംഭവങ്ങൾ രേഖപ്പെടുത്തുന്നു. തെളിവനുസരിച്ച്, ‘ശലോമോന്റെ വൃത്താന്തപുസ്തകം’പോലുള്ള പുരാതന ചരിത്രരേഖകൾ പരിശോധിച്ചുകൊണ്ടാണ് യിരെമ്യാവ് ഇതു രചിച്ചത്. അത്തരം രേഖകൾ ഇപ്പോൾ നിലവിലില്ല.—1 രാജാക്കന്മാർ 11:41; 14:19; 15:7.
ജ്ഞാനിയായ രാജാവിന്റെ ഭരണം സമാധാനവും സമൃദ്ധിയും കൈവരുത്തുന്നു
ദാവീദിൽനിന്നു രാജ്യാധികാരം പിടിച്ചെടുക്കാൻ അവന്റെ മകനായ അദോനീയാവ് നടത്തുന്ന ശ്രമത്തെക്കുറിച്ചുള്ള ഉദ്വേഗജനകമായ വിവരണത്തോടെയാണ് ഒന്നു രാജാക്കന്മാരുടെ പുസ്തകം ആരംഭിക്കുന്നത്. നാഥാൻ പ്രവാചകൻ തക്കസമയത്ത് ഇടപെടുന്നതിനാൽ ആ പദ്ധതി തകിടംമറിയുന്നു. അങ്ങനെ, ദാവീദിന്റെ പുത്രനായ ശലോമോൻ രാജാവാകുന്നു. “ജ്ഞാനവും വിവേകവുമുള്ളോരു ഹൃദയ”ത്തിനുവേണ്ടി ഈ പുതിയ രാജാവ് യഹോവയോട് അപേക്ഷിക്കുന്നു. അതിൽ സംപ്രീതനായ ദൈവം അതോടൊപ്പം “സമ്പത്തും മഹത്വവും കൂടെ” അവനു നൽകുന്നു. (1 രാജാക്കന്മാർ 3:12, 13) അനുപമമായ ജ്ഞാനത്താലും അളവറ്റ സമ്പത്തിനാലും രാജാവ് അനുഗൃഹീതനായിത്തീരുന്നു. ഒരു കാലയളവുവരെ സമാധാനവും സമ്പദ്സമൃദ്ധിയും ഇസ്രായേലിലെങ്ങും കളിയാടുന്നു.
യഹോവയുടെ ആലയവും ഭരണനിർവഹണത്തിനുള്ള വിവിധ കെട്ടിടങ്ങളും ഉൾപ്പെടെ പല നിർമാണ പദ്ധതികളും ശലോമോൻ പൂർത്തീകരിക്കുന്നു. “യിസ്രായേലിലുള്ള നിന്റെ രാജത്വത്തിന്റെ സിംഹാസനം ഞാൻ എന്നേക്കും സ്ഥിരമാക്കും” എന്ന് യഹോവ അവന് ഉറപ്പുകൊടുക്കുന്നു. എന്നാൽ അതിനായി അവൻ യഹോവയെ എന്നും അനുസരിക്കേണ്ടിയിരുന്നു. (1 രാജാക്കന്മാർ 9:4, 5) അനുസരണക്കേടിന്റെ പരിണതഫലങ്ങൾ സംബന്ധിച്ചും സത്യദൈവം അവനു മുന്നറിയിപ്പു നൽകുന്നു. എന്നാൽ കാലക്രമത്തിൽ ശലോമോൻ അനേകം പുറജാതി സ്ത്രീകളെ വിവാഹംചെയ്യുന്നു, അവരുടെ സ്വാധീനത്തിനു വശംവദനായി വാർധക്യത്തിൽ അവൻ വ്യാജദൈവങ്ങളിലേക്കു തിരിയുന്നു. രാജ്യം വിഭജിക്കപ്പെടുമെന്നു യഹോവ പ്രവചിക്കുന്നു. പൊ.യു.മു. 997-ൽ ശലോമോൻ മരണമടയുന്നതോടെ, 40 വർഷത്തെ അവന്റെ ഭരണത്തിനു തിരശ്ശീല വീഴുന്നു. പുത്രനായ രെഹബെയാം ഭരണം കയ്യേൽക്കുന്നു.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
1:5—ദാവീദ് ജീവിച്ചിരിക്കുമ്പോൾത്തന്നെ അധികാരം പിടിച്ചെടുക്കാൻ അദോനീയാവ് ശ്രമിച്ചത് എന്തുകൊണ്ട്? അതിന്റെ കാരണം ബൈബിൾ പറയുന്നില്ല. എന്നാൽ മൂത്ത സഹോദരന്മാരായ അമ്നോനും അബ്ശാലോമും, സാധ്യതയനുസരിച്ച് ദാവീദിന്റെ പുത്രനായ കിലെയാബും മരിച്ചുപോയിരുന്നതിനാൽ, ശേഷിക്കുന്ന പുത്രന്മാരിൽ ഏറ്റവും മൂത്തവനായ തനിക്കാണു രാജാവാകാൻ അവകാശമെന്ന് അദോനീയാവ് ന്യായമായും ചിന്തിച്ചിരിക്കണം. (2 ശമൂവേൽ 3:2-4; 13:28, 29; 18:14-17) കരുത്തുറ്റ സേനാനായകനായ യോവാബിന്റെയും ഏറെ സ്വാധീനമുള്ള മഹാപുരോഹിതനായ അബ്യാഥാറിന്റെയും പിൻബലം നേടിയെടുത്തിരുന്നതിനാൽ ഈ കരുനീക്കത്തിൽ താൻ ജയിക്കുമെന്ന് അദോനീയാവിന് ഉറപ്പുണ്ടായിരുന്നിരിക്കണം. ശലോമോനെ സിംഹാസനസ്ഥനാക്കാനുള്ള ദാവീദിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് അവന് അറിയാമായിരുന്നോയെന്നു ബൈബിൾ പറയുന്നില്ല. എന്നാൽ ഒരു യാഗം അർപ്പിച്ചപ്പോൾ ശലോമോനെയും ദാവീദിനോടു വിശ്വസ്തരായിരുന്ന മറ്റുള്ളവരെയും അവൻ ക്ഷണിച്ചില്ല. (1 രാജാക്കന്മാർ 1:9, 10) ശലോമോനെ അവൻ ശത്രുവായി കണ്ടിരുന്നെന്ന് ഇതു സൂചിപ്പിക്കുന്നു.
1:49-53; 2:13-25—അദോനീയാവിനോടു ക്ഷമിച്ചശേഷവും എന്തുകൊണ്ടാണ് ശലോമോൻ അവനെ വധിച്ചത്? അബീശഗിനെ തനിക്കു ഭാര്യയായി നൽകാൻ രാജാവിനോടു ചോദിക്കാമോയെന്ന് അദോനീയാവ് ബത്ത്-ശേബയോട് അഭ്യർഥിച്ചപ്പോൾ അതിന്റെ പിന്നിലുള്ള യഥാർഥ ഉദ്ദേശ്യം തിരിച്ചറിയാൻ ബത്ത്-ശേബയ്ക്കു കഴിഞ്ഞില്ല. എന്നാൽ ശലോമോൻ അതു മനസ്സിലാക്കി. അബീശഗുമായി ദാവീദ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നില്ലെങ്കിലും സുന്ദരിയായ ആ സ്ത്രീ ദാവീദിന്റെ ഒരു വെപ്പാട്ടിയായിരുന്നു. അക്കാലത്തെ സമ്പ്രദായം അനുസരിച്ച് അവൾ, ദാവീദിനുശേഷം ഭരിക്കേണ്ടിയിരുന്ന നിയമാനുസൃത അവകാശിയുടെമാത്രം സ്വത്തായിരിക്കണമായിരുന്നു. അബീശഗിനെ ഭാര്യയായി കിട്ടിയാൽ സിംഹാസനം സ്വന്തമാക്കാൻ വീണ്ടുമൊരു ശ്രമം നടത്താൻ കഴിയുമെന്ന് അദോനീയാവ് ചിന്തിച്ചിരിക്കാം. ഭരണം പിടിച്ചെടുക്കാനുള്ള മോഹമാണ് ഈ അഭ്യർഥനയുടെ പിന്നിലെന്നു തിരിച്ചറിഞ്ഞ ശലോമോൻ ഇനി അവനോടു ക്ഷമിക്കേണ്ടതില്ലെന്നു തീരുമാനിച്ചു.
6:37–8:2—ആലയം സമർപ്പിക്കപ്പെട്ടത് എപ്പോഴായിരുന്നു? ശലോമോന്റെ വാഴ്ചയുടെ 11-ാം വർഷമായ പൊ.യു.മു. 1027-ലെ എട്ടാം മാസത്തിലാണ് ആലയത്തിന്റെ പണി പൂർത്തിയായത്. തുടർന്ന്, ആവശ്യമായ സാധന സാമഗ്രികൾ കൊണ്ടുവരുന്നതിനും മറ്റ് ഒരുക്കങ്ങൾക്കും ആയി 11 മാസം വേണ്ടിവന്നതായി കാണപ്പെടുന്നു. പൊ.യു.മു. 1026-ലെ ഏഴാം മാസത്തിൽ സമർപ്പണം നടന്നിരിക്കാം. ആലയത്തിന്റെ നിർമാണം പൂർത്തിയായതിനുശേഷം അതിന്റെ സമർപ്പണത്തെക്കുറിച്ചു പറയുന്നതിനു മുമ്പായി അക്കാലത്തു നടന്ന മറ്റു നിർമാണ പരിപാടികളെക്കുറിച്ചു വിവരണം പ്രസ്താവിക്കുന്നു. നിർമാണ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിശദീകരണം മുഴുമിക്കുക എന്നതായിരുന്നു എഴുത്തുകാരന്റെ ഉദ്ദേശ്യം എന്നതു വ്യക്തമാണ്.—2 ദിനവൃത്താന്തം 5:1-3.
9:10-13—സോർരാജാവായ ഹീരാമിന് ഗലീലദേശത്തു ശലോമോൻ 20 പട്ടണങ്ങൾ സമ്മാനമായി കൊടുത്തതു ന്യായപ്രമാണത്തിനു ചേർച്ചയിൽ ആയിരുന്നോ? ലേവ്യപുസ്തകം 25:23, 24-ൽ കാണപ്പെടുന്ന നിയമം ഇസ്രായേല്യർ വസിച്ചിരുന്ന പ്രദേശങ്ങൾക്കുമാത്രം ബാധകമാകുന്നത് ആയിരുന്നിരിക്കാം. ശലോമോൻ ഹീരാമിനു കൊടുത്ത പട്ടണങ്ങൾ വാഗ്ദത്ത ദേശത്തിന്റെ അതിരുകൾക്കുള്ളിൽ ആയിരുന്നെങ്കിലും അവിടെ പാർത്തിരുന്നത് ഇസ്രായേല്യേതരർ ആയിരിക്കാൻ സാധ്യതയുണ്ട്. (പുറപ്പാടു 23:31) ഇനി, ന്യായപ്രമാണം പൂർണമായി അനുസരിക്കുന്നതിൽ ശലോമോൻ പരാജയപ്പെട്ടതായിരിക്കാനും വഴിയുണ്ട്. ‘അനവധി കുതിരകളെ’ സമ്പാദിക്കുകയും അനേകം ഭാര്യമാരെ എടുക്കുകയും ചെയ്തപ്പോൾ അവനു സംഭവിച്ചത് അതായിരുന്നല്ലോ. (ആവർത്തനപുസ്തകം 17:16, 17) ഏതായാലും, ഹീരാമിന് ഈ സമ്മാനം ഇഷ്ടമായില്ല. ഒരുപക്ഷേ ആ പട്ടണങ്ങളെ നന്നായി സൂക്ഷിക്കുന്നതിൽ അവിടെ പാർത്തിരുന്ന പുറജാതീയർ പരാജയപ്പെട്ടിരുന്നിരിക്കാം. അല്ലെങ്കിൽ അവയുടെ സ്ഥാനം അവന് അത്ര ഇഷ്ടപ്പെട്ടില്ലായിരിക്കാം.
11:4—വയസ്സുകാലത്ത് ശലോമോൻ അവിശ്വസ്തനായിത്തീർന്നതു വാർധക്യസഹജമായ ബുദ്ധിമാന്ദ്യം നിമിത്തം ആയിരുന്നോ? അങ്ങനെ ആയിരിക്കാൻ സാധ്യതയില്ല. ഭരണം ആരംഭിച്ചപ്പോൾ ശലോമോൻ വളരെ ചെറുപ്പമായിരുന്നു. 40 വർഷത്തെ ഭരണത്തിനുശേഷവും അവന് അത്രയൊന്നും പ്രായക്കൂടുതൽ ഉണ്ടായിരുന്നില്ല. തന്നെയുമല്ല, യഹോവയുടെ ആരാധന അവൻ പൂർണമായി ഉപേക്ഷിച്ചിരുന്നില്ല. ഒരുതരം മിശ്രവിശ്വാസം ആചരിക്കാൻ അവൻ ആഗ്രഹിച്ചതായി കാണപ്പെടുന്നു.
നമുക്കുള്ള പാഠങ്ങൾ:
2:26, 27, 35. യഹോവ മുന്നറിയിക്കുന്ന എല്ലാ കാര്യങ്ങളും സത്യമായി ഭവിക്കുന്നു. ഏലിയുടെ അനന്തരാവകാശിയായ അബ്യാഥാറിനെ പൗരോഹിത്യത്തിൽനിന്നു നീക്കിയപ്പോൾ ‘[യഹോവ] ഏലിയുടെ കുടുംബത്തെക്കുറിച്ച് അരുളിച്ചെയ്ത വചനം’ നിവൃത്തിയായി. ഫീനെഹാസിന്റെ കുടുംബത്തിൽപ്പെട്ട സാദോക്കിനെ അബ്യാഥാറിനു പകരം നിയമിച്ചത് സംഖ്യാപുസ്തകം 25:10-13-ന്റെ നിവൃത്തിയിലും കലാശിച്ചു.—പുറപ്പാടു 6:25; 1 ശമൂവേൽ 2:31; 3:12; 1 ദിനവൃത്താന്തം 24:3.
2:37, 41-46. ദിവ്യനിയമങ്ങളുടെ ലംഘനം ശിക്ഷ കൈവരുത്തുകയില്ലെന്നു ചിന്തിക്കുന്നത് എത്ര അപകടകരമാണ്! ‘ജീവനിലേക്കു നയിക്കുന്ന ഞെരുക്കമുള്ള വഴി’യിൽനിന്നു മനഃപൂർവം വ്യതിചലിക്കുന്നവർ ജ്ഞാനരഹിതമായ ആ തീരുമാനത്തിന്റെ പരിണതഫലങ്ങൾ കൊയ്യും.—മത്തായി 7:14.
3:9, 12-14. യഹോവയെ സേവിക്കുന്നതിന് ആവശ്യമായ ജ്ഞാനത്തിനും ഗ്രാഹ്യത്തിനും മാർഗദർശനത്തിനും വേണ്ടി അവന്റെ ദാസന്മാർ ആത്മാർഥമായി പ്രാർഥിക്കുമ്പോൾ അവൻ ഉത്തരം നൽകുന്നു.—യാക്കോബ് 1:5.
8:22-53. സ്നേഹദയ പ്രകടിപ്പിക്കുകയും വാഗ്ദാനങ്ങൾ നിറവേറ്റുകയും പ്രാർഥന കേൾക്കുകയും ചെയ്യുന്ന ദൈവമായ യഹോവയോടുള്ള എത്ര ഹൃദയസ്പർശിയായ വിലമതിപ്പാണു ശലോമോൻ വെളിപ്പെടുത്തിയത്! ആലയത്തിന്റെ സമർപ്പണ പ്രാർഥനയിൽ അവൻ പറഞ്ഞ വാക്കുകളെക്കുറിച്ചു ധ്യാനിക്കുന്നത് ദൈവത്തിന്റെ വ്യക്തിത്വത്തിന്റെ ഇത്തരം സവിശേഷതകളോടുള്ള നമ്മുടെ വിലമതിപ്പു വർധിപ്പിക്കും.
11:9-14, 23, 26. പിൽക്കാലത്ത് ശലോമോൻ യഹോവയ്ക്കു പുറംതിരിഞ്ഞതിനാൽ, യഹോവ അവനുനേരെ പ്രതിയോഗികളെ എഴുന്നേൽപ്പിച്ചു. “ദൈവം നിഗളികളോടു എതിർത്തുനില്ക്കുന്നു; താഴ്മയുള്ളവർക്കോ കൃപ നല്കുന്നു” എന്ന് അപ്പൊസ്തലനായ പത്രൊസ് പറയുന്നു.—1 പത്രൊസ് 5:5.
11:30-40. അഹീയാവ് യൊരോബെയാമിനെക്കുറിച്ചു പ്രവചിച്ച കാര്യങ്ങൾ നിമിത്തം ശലോമോൻ യൊരോബെയാമിനെ കൊല്ലാൻ ശ്രമിച്ചു. ഏകദേശം 40 വർഷംമുമ്പ് അവന്റെ മനോഭാവം എത്ര വ്യത്യസ്തമായിരുന്നു! അന്ന് അദോനീയാവിനോടും മറ്റ് ഉപജാപകരോടും പ്രതികാരം ചെയ്യാൻ അവൻ താത്പര്യപ്പെട്ടില്ല. (1 രാജാക്കന്മാർ 1:50-53) അവൻ യഹോവയെ ഉപേക്ഷിച്ചതാണ് ഇങ്ങനെയൊരു മനംമാറ്റത്തിനു കാരണം.
ഒരു ഏകീകൃത രാജ്യം ശിഥിലമാകുന്നു
യൊരോബെയാമും ജനങ്ങളും രെഹബെയാമിനെ സമീപിച്ച് അവന്റെ പിതാവായ ശലോമോൻ അവരുടെമേൽ വെച്ചിരിക്കുന്ന നുകത്തിന്റെ ഭാരം കുറച്ചുതരേണം എന്ന് അഭ്യർഥിക്കുന്നു. അതിനു ചെവികൊടുക്കുന്നതിനുപകരം, അവരെ കൂടുതലായി ഭാരപ്പെടുത്തുമെന്ന് രെഹബെയാം ഭീഷണി മുഴക്കുന്നു. അതോടെ, പത്തു ഗോത്രങ്ങൾ അവനെതിരെ തിരിയുകയും യൊരോബെയാമിനെ രാജാവാക്കുകയും ചെയ്യുന്നു. അങ്ങനെ രാജ്യം വിഭജിക്കപ്പെടുന്നു. രെഹബെയാം യെഹൂദാഗോത്രവും ബെന്യാമീൻഗോത്രവും അടങ്ങിയ തെക്കേ രാജ്യവും, യൊരോബെയാം വടക്കുള്ള പത്തുഗോത്ര രാജ്യവും ഭരിക്കുന്നു.
ആരാധനയ്ക്കായി ജനം യെരൂശലേമിലേക്കു പോകുന്നതു നിരുത്സാഹപ്പെടുത്താൻ ദാനിലും ബേഥേലിലും ആയി യൊരോബെയാം ഓരോ സ്വർണ കാളക്കുട്ടികളെ പ്രതിഷ്ഠിക്കുന്നു. യൊരോബെയാമിനുശേഷം ഇസ്രായേൽ ഭരിക്കുന്ന രാജാക്കന്മാരിൽ നാദാബ്, ബയെശാ, ഏലാ, സിമ്രി, തിബ്നി, ഒമ്രി, ആഹാബ്, അഹസ്യാവ് എന്നിവർ ഉൾപ്പെടുന്നു. രെഹബെയാമിനെത്തുടർന്ന് അബീയാം, ആസാ, യെഹോശാഫാത്ത്, യെഹോരാം എന്നിവർ യെഹൂദായിൽ ഭരണം നടത്തുന്നു. ഈ രാജാക്കന്മാരുടെ നാളുകളിൽ സേവിച്ചിരുന്ന പ്രവാചകന്മാരിൽ അഹീയാവ്, ശെമയ്യാവ്, പേർ പറഞ്ഞിട്ടില്ലാത്ത ഒരു ദൈവപുരുഷൻ, യേഹൂ, ഏലീയാവ്, മീഖായാവ് എന്നിവർ ഉൾപ്പെടുന്നു.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
18:21—‘ഒന്നുകിൽ യഹോവയെ അനുഗമിക്കുക അല്ലെങ്കിൽ ബാലിനെ അനുഗമിക്കുക’ എന്ന് ഏലീയാവ് പറഞ്ഞപ്പോൾ ജനം നിശ്ശബ്ദരായിരുന്നത് എന്തുകൊണ്ട്? യഹോവ നിഷ്കർഷിച്ചിരുന്നതിനു ചേർച്ചയിൽ അവന് അനന്യ ഭക്തി നൽകുന്നതിൽ തങ്ങൾ പരാജയപ്പെട്ടെന്നു ജനം തിരിച്ചറിയുകയും അതിന്റെ പേരിൽ അവർക്കു കുറ്റബോധം തോന്നുകയും ചെയ്തിരിക്കാം. അല്ലെങ്കിൽ, യഹോവയുടെ ആരാധകരെന്ന് അവകാശപ്പെടുകയും അതേസമയം ബാലിനെ ആരാധിക്കുകയും ചെയ്യുന്നതിൽ യാതൊരു തെറ്റും ഉള്ളതായി കാണാൻ കഴിയാത്ത അളവോളം അവരുടെ മനസ്സാക്ഷി തഴമ്പിച്ചുപോയിട്ടുണ്ടായിരുന്നിരിക്കാം. യഹോവ തന്റെ ശക്തി പ്രകടിപ്പിച്ചപ്പോൾ മാത്രമാണ്, “യഹോവ തന്നേ ദൈവം, യഹോവ തന്നേ ദൈവം” എന്ന് അവർ പറഞ്ഞത്!—1 രാജാക്കന്മാർ 18:39.
20:34—സിറിയക്കാർക്കുമേൽ യഹോവ ആഹാബിനു വിജയം നൽകിയിട്ടും അവരുടെ രാജാവായ ബെൻ-ഹദദിനെ ആഹാബ് വെറുതെവിട്ടത് എന്തുകൊണ്ട്? ബെൻ-ഹദദിനെ വധിക്കുന്നതിനു പകരം ആഹാബ് അവനുമായി ഒരു ഉടമ്പടിയിൽ ഏർപ്പെടുന്നു. അതനുസരിച്ച്, സിറിയയുടെ തലസ്ഥാനമായ ദമ്മേശെക്കിൽ അഥവാ ദമസ്കൊസിൽ ഉള്ള തെരുവീഥികൾ, വ്യാപാരകേന്ദ്രങ്ങൾ തുറക്കാനായി ആഹാബിനു വിട്ടുകൊടുക്കണമായിരുന്നു. മുമ്പ്, ഇതേ ഉദ്ദേശ്യത്തിൽ ബെൻ-ഹദദിന്റെ പിതാവ് ശമര്യയിലുള്ള തെരുവീഥികൾ കൈവശമാക്കിയിരുന്നു. അങ്ങനെ, ദമസ്കൊസിലെ വാണിജ്യം മുന്നിൽക്കണ്ടുകൊണ്ടായിരുന്നു ആഹാബ് ബെൻ-ഹദദിനെ മോചിപ്പിച്ചത്.
നമുക്കുള്ള പാഠങ്ങൾ:
12:13, 14. ജീവിതത്തിൽ മർമപ്രധാനമായ തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ, തിരുവെഴുത്തുകൾ സംബന്ധിച്ചു നല്ല ഗ്രാഹ്യവും ദൈവിക തത്ത്വങ്ങളോട് ഉയർന്ന ആദരവും ഉള്ള ജ്ഞാനികളും പക്വമതികളും ആയ വ്യക്തികളോടു നാം ഉപദേശം തേടണം.
13:11-24. സംശയാസ്പദമായ ഉപദേശങ്ങളോ നിർദേശങ്ങളോ ദൈവവചനത്തിന്റെ തികവുറ്റ മാർഗദർശനത്തിന്റെ അടിസ്ഥാനത്തിൽ നാം തൂക്കിനോക്കണം, ആത്മാർഥതയുള്ള സഹവിശ്വാസികളാണ് അവ നൽകുന്നതെങ്കിൽപ്പോലും.—1 യോഹന്നാൻ 4:1.
14:13. നമ്മിൽ നന്മ കണ്ടെത്താൻ യഹോവ നമ്മെ സമഗ്രമായി പരിശോധിക്കുന്നു. ആ നന്മ എത്ര നിസ്സാരമായിരുന്നാലും അതിൽ മെച്ചപ്പെടാൻ അവനു നമ്മെ സഹായിക്കാൻ കഴിയും. എന്നാൽ അതിനായി, യഹോവയെ സേവിക്കാൻ നാം പരമാവധി പ്രവർത്തിക്കേണ്ടതുണ്ട്.
15:10-13. നാം വിശ്വാസത്യാഗത്തിനെതിരെ ധൈര്യപൂർവം പ്രവർത്തിക്കുകയും സത്യാരാധനയെ ഉന്നമിപ്പിക്കുകയും ചെയ്യണം.
17:10-16. സാരെഫാത്തിലെ വിധവ, ഏലീയാവ് ഒരു പ്രവാചകനാണെന്നു തിരിച്ചറിയുകയും യോഗ്യമായ വിധത്തിൽ അവന് ആതിഥ്യമരുളുകയും ചെയ്തു. വിശ്വാസത്തിന്റേതായ പ്രവൃത്തികൾക്കായി അവൾക്ക് യഹോവയിൽനിന്ന് അനുഗ്രഹം ലഭിക്കുകയും ചെയ്തു. വിശ്വാസത്തെപ്രതി ഇന്നു നാം ചെയ്യുന്ന കാര്യങ്ങളും യഹോവ ശ്രദ്ധിക്കുന്നു. വ്യത്യസ്തമായ വിധങ്ങളിൽ രാജ്യവേലയെ പിന്തുണയ്ക്കുന്നവർക്ക് അവൻ പ്രതിഫലം നൽകുകയും ചെയ്യുന്നു.—മത്തായി 6:33; 10:41, 42; എബ്രായർ 6:10.
19:1-8. കടുത്ത എതിർപ്പു നേരിടുമ്പോൾ യഹോവ നമ്മെ പിന്തുണയ്ക്കുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും.—2 കൊരിന്ത്യർ 4:7-9.
19:10, 14, 18. സത്യാരാധകർ ഒരിക്കലും തനിച്ചല്ല. യഹോവയും ലോകവ്യാപക സഹോദരവർഗവും അവരോടൊപ്പമുണ്ട്.
19:11-13. ഏതെങ്കിലും ഒരു പ്രകൃതിശക്തിയുടെ ആൾരൂപമല്ല യഹോവയാം ദൈവം.
20:11. ശമര്യയെ നശിപ്പിക്കുന്നതുസംബന്ധിച്ച് ബെൻ-ഹദദ് വീമ്പിളക്കിയപ്പോൾ ഇസ്രായേൽ രാജാവ് ഇങ്ങനെ പ്രതിവചിച്ചു: “[യുദ്ധത്തിനുള്ള തയ്യാറെടുപ്പിൽ] വാൾ അരെക്കു കെട്ടുന്നവൻ [യുദ്ധത്തിൽ ജയിച്ചുവന്നശേഷം അത്] അഴിച്ചുകളയുന്നവനെപ്പോലെ വമ്പുപറയരുത്.” ഒരു പുതിയ സംരംഭത്തിൽ ഏർപ്പെടേണ്ടിവരുമ്പോൾ ഒരു പൊങ്ങച്ചക്കാരനെപ്പോലെ നാം അമിതവിശ്വാസം പ്രകടമാക്കരുത്.—സദൃശവാക്യങ്ങൾ 27:1; യാക്കോബ് 4:13-16.
നമുക്കു വലിയ മൂല്യമുള്ളത്
സീനായ് മലയിൽവെച്ച് ന്യായപ്രമാണം ലഭിച്ചതു സംബന്ധിച്ച് ഇസ്രായേൽ മക്കളോടു വിവരിക്കവേ മോശെ ഇങ്ങനെ പറഞ്ഞു: “ഇതാ, ഞാൻ ഇന്നു അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വെക്കുന്നു. ഇന്നു ഞാൻ നിങ്ങളോടു ആജ്ഞാപിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ നിങ്ങൾ അനുസരിക്കുന്നു എങ്കിൽ അനുഗ്രഹവും നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ അനുസരിക്കാതെ ഇന്നു ഞാൻ നിങ്ങളോടു കല്പിക്കുന്ന വഴിയെ വിട്ടുമാറി നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളുടെ പിന്നാലെ ചെല്ലുന്നു എങ്കിൽ ശാപവും വരും.”—ആവർത്തനപുസ്തകം 11:26-28.
ഒന്നു രാജാക്കന്മാരുടെ പുസ്തകം എത്ര വ്യക്തമായിട്ടാണ് ഈ ജീവത്പ്രധാന സത്യം നമ്മുടെ ശ്രദ്ധയിൽപ്പെടുത്തുന്നത്! നാം കണ്ടുകഴിഞ്ഞതുപോലെ, മൂല്യവത്തായ മറ്റു പാഠങ്ങളും ഈ പുസ്തകം നമ്മെ പഠിപ്പിക്കുന്നു. ഇതിലെ സന്ദേശം യഥാർഥമായും ജീവനും ചൈതന്യവും ഉള്ളതാണ്.—എബ്രായർ 4:12.
[29-ാം പേജിലെ ചിത്രം]
ശലോമോൻ നിർമിച്ച ആലയവും മറ്റു കെട്ടിടങ്ങളും
[30, 31 പേജുകളിലെ ചിത്രം]
യഹോവ തന്റെ ശക്തി പ്രകടിപ്പിച്ചപ്പോൾ, “യഹോവ തന്നേ ദൈവം” എന്നു ജനം ആർത്തുവിളിച്ചു