ജീവിത കഥ
എട്ടു മക്കളെ യഹോവയുടെ വഴികളിൽ വളർത്തുന്നു—വെല്ലുവിളി നിറഞ്ഞതെങ്കിലും സന്തോഷകരമായ ദൗത്യം
ജസ്ലിൻ വാലന്റൈൻ പറഞ്ഞപ്രകാരം
എന്റെ ഭർത്താവ് 1989-ൽ തൊഴിൽ തേടി മറ്റൊരു രാജ്യത്തേക്കു പോയി. എട്ടു മക്കളുടെയും കാര്യങ്ങൾ നോക്കാനായി വീട്ടിലേക്കു പണം അയച്ചുതരാമെന്നു പറഞ്ഞിട്ടാണ് അദ്ദേഹം പോയത്. പക്ഷേ ആഴ്ചകളും മാസങ്ങളും കടന്നുപോയിട്ടും അദ്ദേഹത്തിന്റെ യാതൊരു വിവരവും ഇല്ലായിരുന്നു. എങ്കിലും ഞാൻ സ്വയം ആശ്വസിച്ചു, ‘എല്ലാം ശരിയാകുമ്പോൾ അദ്ദേഹം മടങ്ങിവരും.’
വീട്ടാവശ്യങ്ങൾക്കുള്ള പണമില്ലാതെ ഞാൻ വലഞ്ഞു. ഉറക്കമില്ലാതെ തള്ളിനീക്കിയ രാത്രികളിൽ വിശ്വാസം വരാതെ എന്നോടുതന്നെ ഞാൻ ചോദിച്ചുകൊണ്ടിരുന്നു, ‘അദ്ദേഹത്തിന് എങ്ങനെ ഞങ്ങളോടിതു ചെയ്യാൻ കഴിയുന്നു?’ എന്റെ ഭർത്താവ് ഞങ്ങളെ ഉപേക്ഷിച്ചുപോയിരിക്കുന്നു എന്ന കയ്പേറിയ യാഥാർഥ്യം ഒടുവിൽ എനിക്ക് അംഗീകരിക്കേണ്ടിവന്നു. അദ്ദേഹം ഞങ്ങളെ ഇട്ടെറിഞ്ഞുപോയിട്ട് ഇപ്പോൾ ഏതാണ്ട് 16 വർഷം കഴിഞ്ഞിരിക്കുന്നു. അങ്ങനെ, ഒരു ഇണയുടെ സഹായമില്ലാതെ എനിക്ക് എന്റെ മക്കളെ വളർത്തേണ്ടിവന്നു. അത് ബുദ്ധിമുട്ടുള്ള ഒരു സംഗതിയായിരുന്നു. എന്നാൽ മക്കൾ യഹോവയുടെ വഴികളിൽ നടക്കാൻ തീരുമാനിക്കുന്നതു കാണുന്നതിലെ അതിയായ ആനന്ദം അനുഭവിക്കാൻ എനിക്കു കഴിഞ്ഞിരിക്കുന്നു. ഞങ്ങളുടെ കുടുംബം പിടിച്ചുനിന്നത് എങ്ങനെയെന്നു വിവരിക്കുന്നതിനുമുമ്പ് ഞാൻ വളർന്നുവന്ന സാഹചര്യത്തെക്കുറിച്ചു പറയാം.
ബൈബിൾപരമായ വഴിനടത്തിപ്പിനായുള്ള അന്വേഷണം
1938-ൽ കരീബിയൻ ദ്വീപായ ജമെയ്ക്കയിലായിരുന്നു എന്റെ ജനനം. എന്റെ പിതാവ് ഒരിക്കലും ഒരു സഭയിലും അംഗമായിരുന്നിട്ടില്ലെങ്കിലും ദൈവഭക്തനായ ഒരു വ്യക്തിയായിട്ടാണ് അദ്ദേഹം തന്നെത്തന്നെ കണക്കാക്കിയിരുന്നത്. രാത്രികളിൽ മിക്കപ്പോഴും, സങ്കീർത്തനപുസ്തകത്തിൽനിന്നു വായിച്ചുകേൾപ്പിക്കാൻ അദ്ദേഹം എന്നോട് ആവശ്യപ്പെടുമായിരുന്നു. താമസിയാതെ, പല സങ്കീർത്തനങ്ങളും എനിക്കു കാണാതെ ഉരുവിടാൻ സാധിക്കുമെന്നായി. അമ്മ ഒരു പ്രാദേശിക സഭയിലെ അംഗമായിരുന്നു. മതപരമായ യോഗങ്ങൾക്കു പോകുമ്പോൾ അമ്മ ഇടയ്ക്കൊക്കെ എന്നെയും കൂട്ടുമായിരുന്നു.
ദൈവം നല്ലവരെ സ്വർഗത്തിൽ കൊണ്ടുപോകുമെന്നും ദുഷ്ടന്മാരെ എന്നേക്കും തീനരകത്തിലിട്ടു ദണ്ഡിപ്പിക്കുമെന്നും ആണ് യോഗങ്ങളിൽ ഞങ്ങളോടു പറഞ്ഞിരുന്നത്. കൂടാതെ, യേശു ദൈവമാണെന്നും അവൻ കുട്ടികളെ സ്നേഹിക്കുന്നുവെന്നും ഞങ്ങളെ പഠിപ്പിച്ചിരുന്നു. ഞാൻ ആകെ ആശയക്കുഴപ്പത്തിലായി, ദൈവത്തെ എനിക്കു പേടിയായിരുന്നു. ‘നമ്മെ സ്നേഹിക്കുന്ന ഒരു ദൈവത്തിന് ആളുകളെ തീയിലിട്ടു ദണ്ഡിപ്പിക്കാൻ കഴിയുന്നത് എങ്ങനെയാണ്’ എന്നു ഞാൻ ചിന്തിച്ചു.
അഗ്നിനരകത്തെക്കുറിച്ചു ഞാൻ പേടിസ്വപ്നങ്ങൾ കണ്ടു. കുറെ കഴിഞ്ഞപ്പോൾ സെവൻത് ഡേ അഡ്വെന്റിസ്റ്റ് സഭ സ്പോൺസർ ചെയ്തിരുന്ന ഒരു ബൈബിൾ കറസ്പോണ്ടൻസ് കോഴ്സിനു ഞാൻ ചേർന്നു. നിത്യമായി ദണ്ഡിപ്പിക്കപ്പെടുന്നതിനുപകരം ദുഷ്ടന്മാർ അഗ്നിയിൽ കത്തിച്ചാമ്പലാക്കപ്പെടുമെന്ന് അവർ പഠിപ്പിച്ചു. അത് കുറെക്കൂടെ യുക്തിസഹമായി തോന്നി, ഞാൻ അവരുടെ മതയോഗങ്ങളിൽ സംബന്ധിക്കാൻ തുടങ്ങി. പക്ഷേ അവരുടെ പഠിപ്പിക്കലുകളും എന്നെ ആശയക്കുഴപ്പത്തിലാക്കി. ഞാൻ പഠിച്ച കാര്യങ്ങൾ ധാർമികതയെക്കുറിച്ചുള്ള എന്റെ തെറ്റിദ്ധാരണകൾ തിരുത്തിയതുമില്ല.
പരസംഗം തെറ്റാണെന്ന് അക്കാലത്ത് ആളുകൾ പൊതുവേ സമ്മതിച്ചിരുന്നു. എന്നാൽ, ഒന്നിലധികം പങ്കാളികളുമായി ശാരീരികബന്ധം പുലർത്തുന്നതു മാത്രമാണ് പരസംഗം എന്നാണു ഞാനുൾപ്പെടെ പലരും വിശ്വസിച്ചിരുന്നത്—അതായത്, ലൈംഗികത തങ്ങൾക്കിടയിൽ മാത്രം ഒതുക്കിനിറുത്തുന്ന അവിവാഹിതരായ രണ്ടുപേർ പാപം ചെയ്യുന്നില്ല എന്ന്. (1 കൊരിന്ത്യർ 6:9, 10; എബ്രായർ 13:4) അവിവാഹിതയായിരിക്കെ ആറു മക്കൾക്കു ജന്മം നൽകുന്നതിലേക്ക് ആ വിശ്വാസം എന്നെ നയിച്ചു.
ആത്മീയ പുരോഗതി വരുത്തുന്നു
1965-ൽ വാസ്ലിൻ ഗുഡിസണും എത്തൽ ചേമ്പേഴ്സും അടുത്തുള്ള ബാത്ത് നഗരത്തിൽ താമസത്തിനെത്തി. യഹോവയുടെ സാക്ഷികൾക്കിടയിലെ മുഴുസമയ ശുശ്രൂഷകരായ പയനിയർമാർ ആയിരുന്നു അവർ. ഒരു ദിവസം അവർ എന്റെ പിതാവുമായി സംസാരിച്ചു. ഭവന ബൈബിളധ്യയനത്തെക്കുറിച്ച് അവർ പറഞ്ഞപ്പോൾ അദ്ദേഹം അതു സ്വീകരിച്ചു. അവർ വരുമ്പോൾ ഞാൻ വീട്ടിലുണ്ടെങ്കിൽ എന്നോടും അവർ സംസാരിക്കുമായിരുന്നു. യഹോവയുടെ സാക്ഷികളെ അങ്ങേയറ്റം സംശയത്തോടെയാണു ഞാൻ വീക്ഷിച്ചിരുന്നതെങ്കിലും അവരുമൊത്തു ബൈബിൾ പഠിക്കാൻ ഞാൻ തീരുമാനിച്ചു. എന്തിനെന്നോ? അവരുടെ വിശ്വാസങ്ങൾ തെറ്റാണെന്നു തെളിയിക്കാൻ.
അധ്യയനത്തിനിടയിൽ ഞാൻ നിരവധി ചോദ്യങ്ങൾ ചോദിക്കുമായിരുന്നു. സാക്ഷികളാകട്ടെ ബൈബിൾ ഉപയോഗിച്ച് എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുകയും ചെയ്തു. മരിച്ചവർ ഒന്നും അറിയുന്നില്ലെന്നും അവർ നരകത്തിൽ യാതന അനുഭവിക്കുന്നില്ലെന്നും തിരിച്ചറിയാൻ സാക്ഷികൾ എന്നെ സഹായിച്ചു. (സഭാപ്രസംഗി 9:5, 10) ഭൂമിയിലെ പറുദീസയിൽ നിത്യമായി ജീവിക്കാനുള്ള പ്രത്യാശയെക്കുറിച്ചും ഞാൻ മനസ്സിലാക്കി. (സങ്കീർത്തനം 37:11, 29; വെളിപ്പാടു 21:3-5) എന്റെ പിതാവ് ബൈബിൾ പഠനം നിറുത്തിയെങ്കിലും ഞാൻ സ്ഥലത്തെ, യഹോവയുടെ സാക്ഷികളുടെ സഭയിലെ യോഗങ്ങളിൽ സംബന്ധിക്കാൻ തുടങ്ങി. യോഗങ്ങൾ നടത്തുന്നതിലെ അടുക്കും ചിട്ടയും അവിടത്തെ സമാധാനപൂർണമായ അന്തരീക്ഷവും യഹോവയെക്കുറിച്ചു കൂടുതൽ കാര്യങ്ങൾ പഠിക്കാൻ എന്നെ പ്രേരിപ്പിച്ചു. സാക്ഷികൾ സംഘടിപ്പിച്ച വലിയ കൂടിവരവുകളിലും, അതായത് സർക്കിട്ട് സമ്മേളനങ്ങളിലും ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിലും ഞാൻ സംബന്ധിച്ചു. ബൈബിളുമായുള്ള ഈ സമ്പർക്കം യഹോവയെ അവനു സ്വീകാര്യമായ രീതിയിൽ ആരാധിക്കാനുള്ള ശക്തമായ ആഗ്രഹം എന്നിൽ ഉളവാക്കി. എന്നിരുന്നാലും എന്റെ മുന്നിൽ ഒരു പ്രതിബന്ധം ഉണ്ടായിരുന്നു.
എന്റെ ആറു മക്കളിൽ മൂന്നു പേരുടെ പിതാവായിരുന്ന വ്യക്തിയോടൊപ്പമായിരുന്നു അപ്പോൾ ഞാൻ ജീവിച്ചിരുന്നത്. ഞങ്ങൾ വിവാഹിതരായിരുന്നില്ല. വിവാഹിതരല്ലാത്തവർ തമ്മിലുള്ള ലൈംഗികബന്ധത്തെ ദൈവം കുറ്റം വിധിക്കുന്നതായി ഞാൻ മനസ്സിലാക്കി, എന്റെ മനസ്സാക്ഷി എന്നെ അലട്ടാൻ തുടങ്ങി. (സദൃശവാക്യങ്ങൾ 5:15-20; ഗലാത്യർ 5:19) സത്യത്തോടുള്ള സ്നേഹം വർധിക്കവേ എന്റെ ജീവിതം ദൈവനിയമത്തിനു ചേർച്ചയിൽ കൊണ്ടുവരാൻ ഞാൻ ഉത്കടമായി ആഗ്രഹിച്ചു. ഒടുവിൽ ഞാൻ ഒരു തീരുമാനത്തിലെത്തി. എന്നോടൊപ്പം ജീവിക്കുന്ന പുരുഷനോട് ഞാൻ പറഞ്ഞു, ‘ഒന്നുകിൽ നമ്മൾ വിവാഹം കഴിക്കണം അല്ലെങ്കിൽ ഈ ബന്ധം അവസാനിപ്പിക്കണം.’ അദ്ദേഹം എന്റെ വിശ്വാസങ്ങൾ സ്വീകരിച്ചില്ലെങ്കിലും 1970 ആഗസ്റ്റ് 15-ന്—സാക്ഷികൾ എന്നോട് ആദ്യമായി സംസാരിച്ച് അഞ്ചു വർഷത്തിനുശേഷം—ഞങ്ങൾ ഇരുവരും ഔദ്യോഗികമായി വിവാഹിതരായി. 1970 ഡിസംബറിൽ ഞാൻ യഹോവയ്ക്കുള്ള എന്റെ സമർപ്പണം ജലസ്നാപനത്താൽ പ്രതീകപ്പെടുത്തി.
ആദ്യമായി പ്രസംഗവേലയിൽ പങ്കുപറ്റിയ ദിവസം എനിക്കു മറക്കാനാവില്ല. എനിക്കു വല്ലാത്ത പരിഭ്രമമായിരുന്നു, ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള ഒരു സംഭാഷണം തുടങ്ങേണ്ടത് എങ്ങനെയെന്ന് എനിക്ക് അറിയില്ലായിരുന്നു. വാസ്തവത്തിൽ, ശുശ്രൂഷയിൽ ആദ്യമായി കണ്ടുമുട്ടിയ വ്യക്തി പെട്ടെന്നുതന്നെ സംഭാഷണത്തിനു വിരാമമിട്ടപ്പോൾ എനിക്ക് ആശ്വാസമാണു തോന്നിയത്. എന്നാൽ കുറച്ചുകഴിഞ്ഞപ്പോഴേക്കും എന്റെ പേടിയൊക്കെ മാറി. ദിവസത്തിന്റെ അവസാനമായപ്പോൾ ഞാൻ വളരെ സന്തോഷവതിയായിരുന്നു, കാരണം നിരവധി ആളുകളോട് ഞാൻ ഹ്രസ്വമായി ബൈബിളിനെക്കുറിച്ചു പറഞ്ഞിരുന്നു, നമ്മുടെ ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളിൽ ചിലത് അവർക്കു നൽകുകയും ചെയ്തിരുന്നു.
കുടുംബത്തെ ആത്മീയമായി കരുത്തുറ്റതാക്കി നിറുത്തുന്നു
1977 ആയപ്പോഴേക്കും എനിക്ക് മക്കൾ എട്ടായി. യഹോവയെ സേവിക്കുന്നതിന് എന്റെ കുടുംബത്തെ സഹായിക്കാൻ എന്നെക്കൊണ്ടാകുന്നതു ചെയ്യാൻ ഞാൻ തീരുമാനിച്ചുറച്ചിരുന്നു. (യോശുവ 24:15) അതുകൊണ്ട് ക്രമമായ ഒരു കുടുംബ ബൈബിളധ്യയനം നടത്താൻ ഞാൻ കഠിനമായി യത്നിച്ചിരുന്നു. ചില അവസരങ്ങളിൽ അധ്യയനത്തിനിടെ ക്ഷീണംകൊണ്ട് ഞാൻ മയങ്ങിപ്പോകുമായിരുന്നു, കുട്ടികളിൽ ഒരാൾ അപ്പോഴും ഖണ്ഡിക ഉറക്കെ വായിക്കുന്നുണ്ടാകും. കുട്ടികളാണ് പിന്നെ എന്നെ വിളിച്ചുണർത്തുന്നത്. എന്നാൽ ശാരീരികമായ തളർച്ച ബൈബിൾ പഠിക്കുന്നതിൽനിന്ന് ഒരിക്കലും ഞങ്ങളുടെ കുടുംബത്തെ തടഞ്ഞിരുന്നില്ല.
കൂടാതെ, ഒട്ടുമിക്കപ്പോഴും മക്കളോടൊത്തു ഞാൻ പ്രാർഥിക്കാറുണ്ടായിരുന്നു. തന്നെ പ്രാർഥിക്കാനുള്ള പ്രായമായപ്പോൾ, യഹോവയോടു വ്യക്തിപരമായി പ്രാർഥിക്കാൻ ഞാൻ അവരെ പഠിപ്പിച്ചു. ഉറങ്ങാൻ പോകുന്നതിനുമുമ്പ് അവർ ഓരോരുത്തരും പ്രാർഥിച്ചിട്ടുണ്ടെന്ന് ഞാൻ ഉറപ്പുവരുത്തുമായിരുന്നു. തന്നെ പ്രാർഥിക്കാനുള്ള പ്രായം ആയിട്ടില്ലായിരുന്നവരിൽ ഓരോരുത്തരോടുമൊപ്പം ഞാൻ പ്രാർഥിക്കുമായിരുന്നു.
കുട്ടികളെ സഭായോഗങ്ങൾക്കു കൊണ്ടുപോകുന്നതിനോട് ആദ്യമൊക്കെ ഭർത്താവിന് എതിർപ്പായിരുന്നു. എന്നാൽ ഞാൻ യോഗങ്ങൾക്കു പോകുമ്പോൾ കുട്ടികളെ തനിച്ചു നോക്കേണ്ടിവരുമെന്നായപ്പോൾ എതിർപ്പു കുറഞ്ഞു. രാത്രി കൂട്ടുകാരുമായി സമയം ചെലവഴിക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു, പക്ഷേ എട്ടു കുട്ടികളുടെ അകമ്പടിയോടെ പോകുന്നത് അത്ര സുഖമുള്ള കാര്യമല്ലായിരുന്നുതാനും! പിന്നെപ്പിന്നെ രാജ്യഹാളിലേക്കു പോകാൻ കുട്ടികളെ ഒരുക്കുന്നതിൽ അദ്ദേഹം എന്നെ സഹായിക്കാൻ തുടങ്ങി.
താമസിയാതെ, എല്ലാ സഭായോഗങ്ങളിലും സംബന്ധിക്കുന്നതും പരസ്യശുശ്രൂഷയിൽ ഏർപ്പെടുന്നതും കുട്ടികളുടെ ജീവിതത്തിന്റെ ഭാഗമായി. വേനലവധിക്ക് അവർ മിക്കപ്പോഴും സഭയിലെ പയനിയർമാരോടൊപ്പം—മുഴുസമയ ശുശ്രൂഷകരോടൊപ്പം—പ്രസംഗപ്രവർത്തനത്തിനു പോകുമായിരുന്നു. ഇത് സഭയോടും പ്രസംഗവേലയോടും ഹൃദയംഗമമായ സ്നേഹം വളർത്താൻ എന്റെ കുഞ്ഞുങ്ങളെ സഹായിച്ചു.—മത്തായി 24:14.
പരിശോധനയുടെ കാലം
കുടുംബത്തിന്റെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തുന്നതിന് ജോലിക്കായി ഭർത്താവ് വിദേശത്തേക്കു പോകാൻ തുടങ്ങി. കുറെനാൾ വീട്ടിൽനിന്നു വിട്ടുനിൽക്കുമായിരുന്നെങ്കിലും കൃത്യമായ ഇടവേളകളിൽ അദ്ദേഹം മടങ്ങിയെത്തുമായിരുന്നു. എന്നാൽ 1989-ൽ പോയശേഷം അദ്ദേഹം തിരിച്ചുവന്നില്ല. മുമ്പ് പറഞ്ഞതുപോലെ ഭർത്താവിന്റെ നഷ്ടം എന്നെ തകർത്തുകളഞ്ഞു. പല രാത്രികളും ഞാൻ കണ്ണീരോടെ കഴിച്ചുകൂട്ടി, ആശ്വാസത്തിനും സഹനശക്തിക്കും വേണ്ടി ഞാൻ യഹോവയോട് ഉള്ളുരുകി പ്രാർഥിച്ചു. അവൻ എന്റെ പ്രാർഥനയ്ക്ക് ഉത്തരം നൽകിയതായി എനിക്കു തോന്നി. യെശയ്യാവു 54:4; 1 കൊരിന്ത്യർ 7:15 പോലുള്ള തിരുവെഴുത്തുകൾ എനിക്കു മനശ്ശാന്തിയും മുന്നോട്ടു പോകാനുള്ള കരുത്തും നൽകി. ക്രിസ്തീയ സഭയിലെ സുഹൃത്തുക്കളും ബന്ധുക്കളും എന്നെ വൈകാരികമായും സാമ്പത്തികമായും പിന്തുണച്ചു. എനിക്കു നൽകിയ സഹായത്തെപ്രതി ഞാൻ യഹോവയോടും അവന്റെ ജനത്തോടും നന്ദിയുള്ളവളാണ്.
മറ്റുവിധത്തിലുള്ള പരിശോധനകളും ഞങ്ങൾക്കു നേരിട്ടു. ഒരിക്കൽ എന്റെ പെൺമക്കളിലൊരാളെ തിരുവെഴുത്തുവിരുദ്ധമായ നടപടിയുടെ പേരിൽ സഭയിൽനിന്നു പുറത്താക്കി. എന്റെ മക്കളെയെല്ലാം ഞാൻ ജീവനുതുല്യം സ്നേഹിക്കുന്നു, എങ്കിലും യഹോവയോടുള്ള വിശ്വസ്തതയ്ക്കാണു ഞാൻ പ്രഥമസ്ഥാനം നൽകുന്നത്. അതുകൊണ്ട് സഭയിൽനിന്നു പുറത്താക്കിയവരോട് എങ്ങനെ പെരുമാറണമെന്ന ബൈബിളിന്റെ നിർദേശം ആ സമയത്ത് ഞാനും എന്റെ മറ്റു മക്കളും അക്ഷരംപ്രതി പാലിച്ചു. (1 കൊരിന്ത്യർ 5:11, 13) ഞങ്ങളുടെ നിലപാട് മനസ്സിലാക്കാതിരുന്ന ആളുകൾ ഞങ്ങളെ വളരെയധികം വിമർശിച്ചു. എന്നാൽ ബൈബിൾ തത്ത്വങ്ങൾക്കുവേണ്ടി ഞങ്ങൾ കൈക്കൊണ്ട ഉറച്ച നിലപാട് തന്നിൽ വളരെ മതിപ്പുളവാക്കിയെന്ന് എന്റെ മകളെ സഭയിൽ തിരിച്ചെടുത്തശേഷം അവളുടെ ഭർത്താവ് എന്നോടു പറഞ്ഞു. ഇന്ന് അവൻ തന്റെ കുടുംബത്തോടൊപ്പം യഹോവയെ സേവിക്കുന്നു.
സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നു
ഭർത്താവ് ഞങ്ങളെ വിട്ടു പോകുമ്പോൾ എനിക്ക് ഒരു സ്ഥിരവരുമാനം ഉണ്ടായിരുന്നില്ല. ഞങ്ങൾക്ക് അദ്ദേഹത്തിൽനിന്ന് പിന്നെ സാമ്പത്തിക സഹായമൊന്നും ലഭിച്ചതുമില്ല. ഉള്ളതുകൊണ്ടു തൃപ്തിപ്പെട്ട് ലളിതമായ ഒരു ജീവിതം നയിക്കാനും ഭൗതിക സമ്പത്തിനെക്കാൾ ആത്മീയ സമ്പത്തിനു മൂല്യം കൽപ്പിക്കാനും ആ സാഹചര്യം ഞങ്ങളെ പഠിപ്പിച്ചു. കുട്ടികൾ പരസ്പരം സ്നേഹിക്കാനും സഹായിക്കാനും പഠിച്ചപ്പോൾ അവർ പരസ്പരം അടുത്തു. മുതിർന്നവർ ജോലിക്കു പോകാൻ തുടങ്ങിയപ്പോൾ സ്വമനസ്സാലെ അവർ തങ്ങളുടെ ഇളയ കൂടപ്പിറപ്പുകളെ സഹായിച്ചു. എന്റെ മൂത്ത മകൾ മാർസെരിയാണ് ഏറ്റവും ഇളയവളായ നിക്കോളിനെ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കാൻ സഹായിച്ചത്. ഒരു ചെറിയ പലചരക്കുകട നടത്താൻ എനിക്കു കഴിഞ്ഞു. അതിൽനിന്നു ലഭിച്ച പരിമിതമായ വരുമാനംകൊണ്ട് ഞങ്ങളുടെ ചില ഭൗതികാവശ്യങ്ങൾ നിറവേറ്റാൻ സാധിച്ചു.
യഹോവ ഒരിക്കലും ഞങ്ങളെ കൈവിട്ടില്ല. ഒരിക്കൽ, പണത്തിനു ബുദ്ധിമുട്ടുള്ളതുകൊണ്ട് ഡിസ്ട്രിക്റ്റ് കൺവെൻഷനു പോകാൻ ഞങ്ങൾക്കു സാധിക്കില്ലെന്നു ഞാൻ ഒരു ക്രിസ്തീയ സഹോദരിയോടു പറഞ്ഞു. അവർ പ്രതിവചിച്ചു: “സഹോദരീ, കൺവെൻഷനെക്കുറിച്ചു കേൾക്കുമ്പോൾ യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ ഉടനെ തുടങ്ങുക! ബാക്കിയെല്ലാം യഹോവ നോക്കിക്കൊള്ളും.” ഞാൻ ആ ഉപദേശം പിൻപറ്റി. യഹോവ വേണ്ട കരുതൽ ചെയ്തു, ഇന്നും അവൻ ഞങ്ങൾക്കായി അതു ചെയ്യുന്നുണ്ട്. പണത്തിന്റെ കുറവുകൊണ്ട് ഞങ്ങളുടെ കുടുംബത്തിന് ഒരിക്കലും ഒരു സമ്മേളനമോ കൺവെൻഷനോ മുടക്കേണ്ടിവന്നിട്ടില്ല.
1988-ൽ ഗിൽബർട്ട് ചുഴലിക്കൊടുങ്കാറ്റ് ജമെയ്ക്കയെ കശക്കിയെറിഞ്ഞു. ഞങ്ങൾ വീടുവിട്ട് സുരക്ഷിതമായ ഒരു സ്ഥാനത്ത് അഭയം തേടി. കൊടുങ്കാറ്റ് ശമിച്ചപ്പോൾ ഞാനും മകനും കൂടെ ഞങ്ങളുടെ വീട് ഉണ്ടായിരുന്ന സ്ഥലത്തേക്കു പോയി. എല്ലാം തകർന്നടിഞ്ഞിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ പരതവേ, ഞാൻ സംരക്ഷിക്കാൻ ആഗ്രഹിച്ച ഒരു വസ്തു കണ്ണിലുടക്കി. പെട്ടെന്ന് കാറ്റിന്റെ മുരൾച്ച വീണ്ടും കേൾക്കാൻ തുടങ്ങി. പക്ഷേ ഞാൻ കണ്ടെടുത്ത എന്റെ ആ പ്രിയപ്പെട്ട വസ്തു കൈവിട്ടുകളയാൻ എനിക്കു മനസ്സു വന്നില്ല. “മമ്മി ആ ടിവി താഴെ ഇട്ടിട്ടുവരുന്നുണ്ടോ. എന്താ ലോത്തിന്റെ ഭാര്യയെപ്പോലെയാകാനാണോ ഭാവം?” (ലൂക്കൊസ് 17:31, 32) മകന്റെ ആ വാക്കുകൾ എന്നെ സുബോധത്തിലേക്കു തിരിച്ചുകൊണ്ടുവന്നു. മഴയിൽ കുതിർന്ന ടിവി സെറ്റ് ഞാൻ താഴെ ഇട്ടു, ഞങ്ങളിരുവരും സുരക്ഷിതസ്ഥാനത്തേക്ക് ഓടി.
ഒരു ടിവി സെറ്റിനുവേണ്ടിയാണല്ലോ ജീവൻ അപകടപ്പെടുത്താൻ നോക്കിയത് എന്ന് ഓർക്കുമ്പോൾ ഞാൻ ഇപ്പോൾ ഭയംകൊണ്ടു വിറച്ചുപോകും. പക്ഷേ എന്റെ മകൻ ആ അവസരത്തിൽ പറഞ്ഞ, ആത്മീയ ജാഗ്രത പ്രതിഫലിപ്പിക്കുന്ന വാക്കുകൾ അനുസ്മരിക്കുമ്പോൾ എന്റെ ഹൃദയത്തിൽ ഊഷ്മളമായ ഒരുതരം വികാരം വന്നുനിറയും. ക്രിസ്തീയ സഭയിൽനിന്നു ലഭിച്ച ബൈബിൾ പരിശീലനത്തിന്റെ ഫലമായിട്ടാണ് ശാരീരികവും ഒരുപക്ഷേ ആത്മീയവുമായ വലിയ അപകടം ഒഴിവാക്കുന്നതിന് എന്നെ സഹായിക്കാൻ അവനു കഴിഞ്ഞത്.
കൊടുങ്കാറ്റിൽ വീടുൾപ്പെടെ ഞങ്ങളുടെ ആസ്തികളെല്ലാം നഷ്ടമായി. അത് ഞങ്ങളെ നിരുത്സാഹിതരാക്കി. എന്നാൽ ഞങ്ങളുടെ ക്രിസ്തീയ സഹോദരങ്ങൾ സഹായത്തിനെത്തി. യഹോവയിൽ ആശ്രയിച്ചുകൊണ്ട് ആ നഷ്ടത്തെ നേരിടാനും ശുശ്രൂഷയിൽ തുടർന്നും സജീവമായി പ്രവർത്തിക്കാനും അവർ ഞങ്ങളെ പ്രോത്സാഹിപ്പിച്ചു. വീട് വീണ്ടും കെട്ടിപ്പൊക്കാനും അവർ സഹായിച്ചു. ജമെയ്ക്കയിൽനിന്നും വിദേശ രാജ്യങ്ങളിൽനിന്നും വന്ന സാക്ഷികളായ സ്വമേധാ സേവകരുടെ സ്നേഹപൂർവകവും ആത്മത്യാഗപരവുമായ വേല ഞങ്ങളുടെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചു.
യഹോവയ്ക്ക് പ്രഥമ സ്ഥാനം നൽകുന്നു
വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം എന്റെ രണ്ടാമത്തെ മകൾ മെലേൻ പയനിയർ ശുശ്രൂഷയിൽ പ്രവേശിച്ചു. പിന്നെ അവൾ മറ്റൊരു സഭയിൽ പയനിയറായി സേവിക്കാനുള്ള ക്ഷണം സ്വീകരിച്ചു, അതിനായി അവൾക്ക് ജോലി വേണ്ടെന്നുവെക്കേണ്ടിവന്നു. കുടുംബത്തെ സാമ്പത്തികമായി ഒരുവിധം നന്നായി സഹായിക്കാനുള്ള വരുമാനം ആ ജോലിയിൽനിന്ന് അവൾക്കു ലഭിച്ചിരുന്നെങ്കിലും ഞങ്ങൾ ഓരോരുത്തരും രാജ്യതാത്പര്യങ്ങൾ ഒന്നാമതു വെക്കുന്നെങ്കിൽ യഹോവ ഞങ്ങൾക്കായി കരുതുമെന്നു ഞങ്ങൾ ഉറച്ചു വിശ്വസിച്ചു. (മത്തായി 6:33) പിന്നീട്, എന്റെ മകൻ യൂവാനും പയനിയറായി സേവിക്കാനുള്ള ക്ഷണം സ്വീകരിച്ചു. ഞങ്ങളുടെ കുടുംബം അവന്റെ വരുമാനത്തെ ആശ്രയിക്കുന്നുണ്ടായിരുന്നു, എങ്കിലും ആ ക്ഷണം സ്വീകരിക്കാൻ ഞങ്ങൾ അവനെ പ്രോത്സാഹിപ്പിക്കുകയും യഹോവയുടെ അനുഗ്രഹം ലഭിക്കട്ടേയെന്ന് ആശംസിക്കുകയും ചെയ്തു. രാജ്യസേവനം വിപുലീകരിക്കുന്നതിൽനിന്നു ഞാൻ മക്കളെ ഒരിക്കലും നിരുത്സാഹപ്പെടുത്തിയിട്ടില്ല. ബാക്കിയുള്ള കുടുംബാംഗങ്ങളുടെ അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റപ്പെടാതെ പോയിട്ടുമില്ല. പകരം ഞങ്ങളുടെ സന്തോഷം വർധിച്ചുവന്നു. ചിലപ്പോഴൊക്കെ മറ്റുള്ളവരെ സഹായിക്കാനും ഞങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്.
എന്റെ മക്കൾ “സത്യത്തിൽ നടക്കുന്ന”തു കാണുമ്പോൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു. (3 യോഹന്നാൻ 4) എന്റെ പെൺമക്കളിലൊരാളായ മെലേൻ ഇപ്പോൾ, സർക്കിട്ട് മേൽവിചാരകനായ അവളുടെ ഭർത്താവിനോടൊപ്പം സഞ്ചാര ശുശ്രൂഷയിലാണ്. മകൾ ആൻഡ്രിയയും ഭർത്താവും പ്രത്യേക പയനിയർമാരായി സേവിക്കുന്നു. അവളുടെ ഭർത്താവ് പകര സർക്കിട്ട് മേൽവിചാരകനെന്നനിലയിൽ സഭകൾ സന്ദർശിക്കുമ്പോൾ അവളും കൂടെപ്പോകാറുണ്ട്. മകൻ യൂവാൻ സഭാമൂപ്പനാണ്. അവനും ഭാര്യയും പ്രത്യേക പയനിയർമാരായി സേവിക്കുന്നു. മറ്റൊരു മകളായ ഏവാഗേ ഭർത്താവിനോടൊപ്പം യഹോവയുടെ സാക്ഷികളുടെ ജമെയ്ക്ക ബ്രാഞ്ച് ഓഫീസിൽ സേവിക്കുന്നു. ജെന്നിഫറും ജെനീവും നിക്കോളും ഭർത്താക്കന്മാരോടും കുട്ടികളോടുമൊപ്പം തങ്ങളുടെ സഭകളിൽ സജീവമായി സേവിക്കുന്നു. മാർസെരി എന്നോടൊപ്പമാണു താമസിക്കുന്നത്. ഞങ്ങളിരുവരും പോർട് മോറന്റ് സഭയോടൊത്തു സഹവസിക്കുന്നു. എനിക്കു ലഭിച്ച അനുഗ്രഹങ്ങൾ വലുതാണ്, കാരണം എന്റെ എട്ടു മക്കളും യഹോവയെ ആരാധിക്കുന്നതിൽ തുടരുന്നു.
പ്രായാധിക്യം മൂലം ഇപ്പോൾ എനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ട്. റൂമറ്റോയ്ഡ് ആർത്രൈറ്റിസാണ് ഒരു പ്രശ്നം. എങ്കിലും ഞാനിപ്പോഴും പയനിയർ സേവനം ആസ്വദിക്കുന്നു. കുറച്ചുനാളുകൾക്കുമുമ്പ് ഞാൻ താമസിച്ചിരുന്ന സ്ഥലത്തിന്റെ ചുറ്റുവട്ടത്തുള്ള കുന്നിൻപ്രദേശങ്ങളിൽ കാൽനടയായി യാത്ര ചെയ്യുന്നത് വളരെ ബുദ്ധിമുട്ടായിത്തീർന്നു. ശുശ്രൂഷയിൽ ഏർപ്പെടുന്നതു തികച്ചും ദുഷ്കരമായി. സൈക്കിൾ ചവിട്ടിനോക്കിയപ്പോൾ നടക്കുന്നതിനെക്കാൾ എളുപ്പമാണ് അതെന്നു തോന്നി. അതുകൊണ്ട് ഞാൻ പഴയ ഒരു സൈക്കിൾ വാങ്ങി അത് ഉപയോഗിക്കാൻ തുടങ്ങി. ആദ്യമൊക്കെ, രോഗിണിയായ അമ്മ സൈക്കിൾ ചവിട്ടുന്നത് കാണുമ്പോൾ എന്റെ മക്കൾക്കു വലിയ സങ്കടമായിരുന്നു. എന്നാൽ എന്റെ ഹൃദയാഭിലാഷം സഫലമാകുന്നതു കാണുന്നതിൽ, പ്രസംഗവേല തുടർന്നുകൊണ്ടു പോകാൻ എനിക്കു സാധിക്കുന്നതിൽ, അവർക്കു വളരെ സന്തോഷംതോന്നി.
ഞാൻ ബൈബിൾ പഠിക്കാൻ സഹായിച്ചിട്ടുള്ള ആളുകൾ സത്യം സ്വീകരിക്കുന്നതു കാണുന്നത് എനിക്കു വളരെ സന്തോഷം നൽകുന്നു. ഈ അന്ത്യകാലത്തും നിത്യതയിലുടനീളവും യഹോവയോടു വിശ്വസ്തരായി നിലകൊള്ളാൻ എന്റെ മുഴുകുടുംബത്തെയും സഹായിക്കണമേ എന്നു ഞാൻ എപ്പോഴും പ്രാർഥിക്കുന്നു. എട്ടു മക്കളെയും യഹോവയുടെ വഴികളിൽ വളർത്തിക്കൊണ്ടുവരുന്നതിലെ വെല്ലുവിളി വിജയകരമായി നേരിടാൻ എന്നെ സഹായിച്ചതിന് “പ്രാർത്ഥന കേൾക്കുന്നവനായ” യഹോവയ്ക്കു ഞാൻ സ്തുതിയും കൃതജ്ഞതയും കരേറ്റുന്നു.—സങ്കീർത്തനം 65:2.
[10-ാം പേജിലെ ചിത്രം]
മക്കളോടും മരുമക്കളോടും പേരക്കുട്ടികളോടും ഒപ്പം
[12-ാം പേജിലെ ചിത്രം]
ശുശ്രൂഷയിലേർപ്പെടാൻ ഞാൻ ഇപ്പോൾ സൈക്കിളിനെയാണ് ആശ്രയിക്കുന്നത്