“ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്”
“അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്.”—മത്തായി 19:6.
1, 2. ഭാര്യാഭർത്താക്കന്മാർക്കിടയിൽ ഇടയ്ക്കൊക്കെ പ്രശ്നങ്ങളുണ്ടാകുമെന്നതു സ്വാഭാവികമായിരിക്കുന്നത് എന്തുകൊണ്ട്, തിരുവെഴുത്തുകൾ ഇതു വ്യക്തമാക്കുന്നത് എങ്ങനെ?
നിങ്ങൾ നിങ്ങളുടെ കാറിൽ ഒരു ദീർഘയാത്ര പോകാൻ തുടങ്ങുകയാണെന്നു കരുതുക. യാത്രയിൽ പ്രതിബന്ധങ്ങൾ പ്രതീക്ഷിക്കാമോ? ഒരു കുഴപ്പവും നേരിടുകയില്ലെന്നു സങ്കൽപ്പിക്കുന്നതു മൗഢ്യമായിരിക്കും! ഉദാഹരണത്തിന് വഴിമധ്യേ കാലാവസ്ഥ പ്രതികൂലമായിത്തീരുകയും വേഗം കുറച്ച് ജാഗ്രതയോടെ മുന്നോട്ടുപോകേണ്ടത് ആവശ്യമായിവരികയും ചെയ്തേക്കാം. അല്ലെങ്കിൽ വാഹനത്തിന് എന്തെങ്കിലും തകരാറു സംഭവിച്ചേക്കാം. സ്വന്തമായി അതു ശരിയാക്കാൻ കഴിയുന്നില്ലെങ്കിൽ വണ്ടി ഒതുക്കിയിട്ടശേഷം ആരുടെയെങ്കിലും സഹായം തേടേണ്ടതായിവന്നേക്കാം. ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുന്നപക്ഷം, യാത്ര പുറപ്പെട്ടത് അബദ്ധമായിപ്പോയെന്നും വണ്ടി ഉപേക്ഷിച്ചുകളഞ്ഞേക്കാമെന്നും നിങ്ങൾ ചിന്തിക്കുമോ? ഇല്ല. ദീർഘയാത്ര ചെയ്യുമ്പോൾ നിങ്ങൾ പ്രശ്നങ്ങൾ പ്രതീക്ഷിക്കുകയും അവ ഉണ്ടാകുന്നപക്ഷം പരിഹാരമാർഗങ്ങൾ തേടുകയും ചെയ്യും.
2 ദാമ്പത്യത്തിന്റെ കാര്യത്തിലും ഇതു സത്യമാണ്; അതു പ്രശ്നരഹിതമല്ല. വിവാഹത്തെക്കുറിച്ചു ചിന്തിക്കുന്നവർ സന്തോഷം മാത്രമുള്ള ഒരു ജീവിതം സ്വപ്നം കാണുന്നതു മൗഢ്യമായിരിക്കും. ഭാര്യക്കും ഭർത്താവിനും “ജഡത്തിൽ കഷ്ടത ഉണ്ടാകും” എന്ന് ബൈബിൾ തുറന്നുപറയുന്നു. (1 കൊരിന്ത്യർ 7:28) എന്താണ് ഇതിനു കാരണം? ചുരുക്കിപ്പറഞ്ഞാൽ ഭാര്യാഭർത്താക്കന്മാർ അപൂർണരാണ്, കൂടാതെ നാം ജീവിക്കുന്നതു “ദുർഘടസമയങ്ങ”ളിലുമാണ്. (2 തിമൊഥെയൊസ് 3:1; റോമർ 3:23) അതുകൊണ്ട് പരസ്പര യോജിപ്പും ആത്മീയതയുമുള്ള ദമ്പതികൾക്കുപോലും ഇടയ്ക്കൊക്കെ പ്രശ്നങ്ങളുണ്ടാകും.
3. (എ) ലോകത്തിൽ അനേകരും വിവാഹബന്ധത്തെ എങ്ങനെ വീക്ഷിക്കുന്നു? (ബി) വിവാഹബന്ധം കാത്തുസൂക്ഷിക്കാൻ ക്രിസ്ത്യാനികൾ പരിശ്രമിക്കുന്നത് എന്തുകൊണ്ട്?
3 പ്രശ്നങ്ങൾ തലപൊക്കുമ്പോൾ വിവാഹബന്ധം വേർപെടുത്തുന്നതിനെക്കുറിച്ചാണ് ആദ്യംതന്നെ ചില ദമ്പതികൾ ചിന്തിക്കുന്നത്. പല നാടുകളിലും വിവാഹമോചനനിരക്ക് കുതിച്ചുയരുകയാണ്. എന്നാൽ പ്രശ്നങ്ങളിൽനിന്ന് ഓടിയൊളിക്കുന്നതിനു പകരം സത്യക്രിസ്ത്യാനികൾ അവ പരിഹരിക്കാൻ നോക്കുന്നു. എന്തുകൊണ്ടെന്നാൽ ദാമ്പത്യക്രമീകരണത്തെ യഹോവയിൽനിന്നുള്ള ഒരു പവിത്രദാനമായിട്ടാണ് അവർ വീക്ഷിക്കുന്നത്. ഭാര്യാഭർത്താക്കന്മാരോടുള്ള ബന്ധത്തിൽ യേശു ഇങ്ങനെ പറഞ്ഞു: “ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്.” (മത്തായി 19:6) ഈ പ്രമാണത്തിനു ചേർച്ചയിൽ ജീവിക്കുന്നത് എല്ലായ്പോഴും എളുപ്പമല്ലെന്നതു സത്യംതന്നെ. ഉദാഹരണത്തിന് ബൈബിൾ തത്ത്വങ്ങൾക്കു വിലകൽപ്പിക്കാത്ത ബന്ധുക്കളും ചില വിവാഹോപദേഷ്ടാക്കൾ ഉൾപ്പെടെയുള്ള മറ്റുള്ളവരും തിരുവെഴുത്തു സാധുതയില്ലാത്ത കാരണങ്ങളുടെ അടിസ്ഥാനത്തിൽ വേർപിരിയാനോ ബന്ധം വേർപെടുത്താനോ മിക്കപ്പോഴും ദമ്പതികളെ പ്രേരിപ്പിക്കുന്നു.a എന്നാൽ പ്രശ്നങ്ങൾ പരിഹരിച്ച് ഒരു വിവാഹബന്ധത്തെ പരിരക്ഷിക്കുന്നതാണ്, ക്ഷണത്തിൽ അതിനെ അറുത്തുമുറിക്കുന്നതിനെക്കാൾ അത്യന്തം അഭികാമ്യമെന്നു ക്രിസ്ത്യാനികൾക്കറിയാം. അതുകൊണ്ട് മറ്റുള്ളവരുടെ ഉപദേശം പിൻപറ്റുന്നതിനുപകരം യഹോവയുടെ വഴികൾക്കു ചേർച്ചയിൽ എല്ലാ കാര്യങ്ങളും ചെയ്യുമെന്നു നാം ആദ്യംതന്നെ ദൃഢനിശ്ചയം ചെയ്യുന്നതു സർവപ്രധാനമാണ്.—സദൃശവാക്യങ്ങൾ 14:12.
വൈതരണികൾ തരണംചെയ്യുന്നു
4, 5. (എ) പരിഹരിക്കേണ്ടതായ ഏതു വെല്ലുവിളികൾ വിവാഹജീവിതത്തിൽ ഉയർന്നുവന്നേക്കാം? (ബി) ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾപ്പോലും ദൈവവചനത്തിലെ തത്ത്വങ്ങൾ നിശ്ചയമായും ഫലപ്രദമായിരിക്കുന്നത് എന്തുകൊണ്ട്?
4 ഏതൊരു ദാമ്പത്യത്തിനും ഇടയ്ക്കൊക്കെ ചില ‘കേടുപോക്കലുകൾ’ ആവശ്യമാണെന്നതാണു സത്യം. നിസ്സാരം വിയോജിപ്പുകളൊക്കെ പറഞ്ഞുതീർക്കുക എന്നതാണു മിക്കപ്പോഴും അതിൽ ഉൾപ്പെട്ടിരിക്കുന്നത്. എന്നാൽ ദാമ്പത്യത്തിന്റെ അടിത്തറയ്ക്കുതന്നെ ഭീഷണിയായ ഗൗരവമേറിയ വെല്ലുവിളികൾ ചിലരുടെ വിവാഹജീവിതത്തിൽ ഉയർന്നുവന്നേക്കാം. ചില ഘട്ടങ്ങളിൽ, അനുഭവസമ്പന്നനും വിവാഹിതനുമായ ഒരു ക്രിസ്തീയ മൂപ്പന്റെ സഹായം തേടേണ്ടത് ആവശ്യമായിരുന്നേക്കാം. എന്നാൽ ഇതൊന്നും നിങ്ങളുടെ വിവാഹബന്ധം ഒരു പരാജയമാണെന്ന് അർഥമാക്കുന്നില്ല. ബൈബിൾ തത്ത്വങ്ങളോടു പറ്റിനിന്നുകൊണ്ടു പരിഹാരം കണ്ടെത്താൻ ശ്രമിക്കേണ്ടത് എത്ര പ്രധാനമാണെന്ന വസ്തുതയ്ക്ക് അത് അടിവരയിടുക മാത്രമാണു ചെയ്യുന്നത്.
5 വിജയപ്രദമായ ദാമ്പത്യജീവിതത്തിന് ആവശ്യമായിരിക്കുന്നത് എന്താണെന്ന് മനുഷ്യന്റെ സ്രഷ്ടാവും വിവാഹക്രമീകരണത്തിന്റെ ഉപജ്ഞാതാവുമായ യഹോവയ്ക്കു മറ്റാരെക്കാളും മെച്ചമായി അറിയാം. അവന്റെ വചനത്തിൽ കാണപ്പെടുന്ന ബുദ്ധിയുപദേശം നാം ശ്രദ്ധിക്കുകയും പിൻപറ്റുകയും ചെയ്യുമോ എന്നതാണു ചോദ്യം. അങ്ങനെ ചെയ്താൽ അതു തീർച്ചയായും നമ്മുടെ നന്മയിൽ കലാശിക്കും. യഹോവ തന്റെ പുരാതന ജനത്തോട് ഇങ്ങനെ പറഞ്ഞു: “നീ എന്റെ കല്പനകളെ കേട്ടനുസരിച്ചെങ്കിൽ കൊള്ളായിരുന്നു! എന്നാൽ നിന്റെ സമാധാനം നദിപോലെയും നിന്റെ നീതി സമുദ്രത്തിലെ തിരപോലെയും ആകുമായിരുന്നു.” (യെശയ്യാവു 48:18) ബൈബിൾ ചൂണ്ടിക്കാട്ടുന്ന മാർഗരേഖകൾ അടുത്തു പിൻപറ്റുമ്പോൾ വിവാഹജീവിതം വിജയപ്രദമായിരിക്കും. ആദ്യംതന്നെ ഭർത്താക്കന്മാർക്ക് ബൈബിൾ എന്തു ബുദ്ധിയുപദേശം നൽകുന്നുവെന്നു നോക്കാം.
ഭാര്യയെ “സ്നേഹിക്കുന്നതിൽ തുടരുവിൻ”
6. തിരുവെഴുത്തുകൾ ഭർത്താക്കന്മാർക്ക് എന്തു ബുദ്ധിയുപദേശം നൽകുന്നു?
6 പൗലൊസ് അപ്പൊസ്തലൻ എഫെസ്യർക്കെഴുതിയ ലേഖനത്തിൽ ഭർത്താക്കന്മാർക്കുള്ള വ്യക്തമായ മാർഗരേഖകൾ അടങ്ങിയിരിക്കുന്നു. അവൻ ഇങ്ങനെയെഴുതി: “ഭർത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ [“സ്നേഹിക്കുന്നതിൽ തുടരുവിൻ,” NW]. . . . [അവൻ] തന്നെത്താൻ അവൾക്കു വേണ്ടി ഏല്പിച്ചുകൊടുത്തു. അവ്വണ്ണം ഭർത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്നേഹിക്കുന്നവൻ തന്നെത്താൻ സ്നേഹിക്കുന്നു. ആരും തന്റെ ജഡത്തെ ഒരുനാളും പകെച്ചിട്ടില്ലല്ലോ; ക്രിസ്തുവും സഭയെ ചെയ്യുന്നതുപോലെ അതിനെ പോറ്റി പുലർത്തുകയത്രേ ചെയ്യുന്നതു [“പരിപോഷിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു,” പി.ഒ.സി. ബൈബിൾ]. . . . എന്നാൽ നിങ്ങളും അങ്ങനെ തന്നേ ഓരോരുത്തൻ താന്താന്റെ ഭാര്യയെ തന്നെപ്പോലെ സ്നേഹിക്കേണം.”—എഫെസ്യർ 5:25, 27-29, 32.
7. (എ) ക്രിസ്തീയ ദാമ്പത്യങ്ങൾക്ക് അടിത്തറപാകുന്ന ഒരു പ്രമുഖ ഘടകം എന്തായിരിക്കണം? (ബി) ഭാര്യയെ സ്നേഹിക്കുന്നതിൽ തുടരാൻ ഭർത്താവിന് എങ്ങനെ കഴിയും?
7 ഭാര്യാഭർത്താക്കന്മാർക്കിടയിൽ സംജാതമായേക്കാവുന്ന സകല പ്രശ്നങ്ങളും പൗലൊസ് ചർച്ചചെയ്യുന്നില്ല. പകരം എല്ലാ ക്രിസ്തീയ ദാമ്പത്യങ്ങൾക്കും അടിത്തറപാകുന്ന ഒരു പ്രമുഖ ഘടകം സ്നേഹമായിരിക്കണം എന്നു ചൂണ്ടിക്കാട്ടിക്കൊണ്ട് അവൻ പ്രശ്നങ്ങൾക്കുള്ള അടിസ്ഥാന പരിഹാരമാർഗം കാണിച്ചുതരുന്നു. യഥാർഥത്തിൽ, മേൽപ്പറഞ്ഞ വാക്യങ്ങളിൽ ആറു പ്രാവശ്യം അവൻ സ്നേഹത്തെ പരാമർശിച്ചിരിക്കുന്നു. ഭാര്യയെ “സ്നേഹിക്കുന്നതിൽ തുടരുവിൻ” എന്ന് അവൻ പറയുന്നതും ശ്രദ്ധിക്കുക. ഒരാളുമായി സ്നേഹത്തിലാകുന്നത് സ്നേഹത്തിൽ നിലനിൽക്കുന്നതിനെക്കാൾ വളരെ എളുപ്പമായിരുന്നേക്കാമെന്നു വ്യക്തമായും പൗലൊസിന് അറിയാമായിരുന്നു. അനേകരും “സ്വസ്നേഹികളും . . . ഇണങ്ങാത്തവരും” ആയിത്തീർന്നിരിക്കുന്ന ഈ “അന്ത്യകാലത്ത്” അതു വിശേഷാൽ സത്യമാണ്. (2 തിമൊഥെയൊസ് 3:1-3) അനഭികാമ്യമായ അത്തരം സ്വഭാവങ്ങൾ ഇന്ന് അനേകരുടെയും ദാമ്പത്യഭദ്രതയെ കാർന്നുതിന്നുകയാണ്. എന്നാൽ ലോകത്തിന്റെ സ്വാർഥതാത്പര്യങ്ങൾ തന്റെ മനോഭാവത്തെയും പെരുമാറ്റത്തെയും സ്വാധീനിക്കാൻ സ്നേഹമുള്ള ഒരു ഭർത്താവ് അനുവദിക്കില്ല.—റോമർ 12:2.
ഭാര്യക്കുവേണ്ടി കരുതാനാകുന്ന വിധം
8, 9. ഒരു ക്രിസ്തീയ ഭർത്താവ് ഏതു വിധങ്ങളിൽ തന്റെ ഭാര്യക്കായി കരുതുന്നു?
8 നിങ്ങൾ ഒരു ക്രിസ്തീയ ഭർത്താവാണെങ്കിൽ സ്വാർഥപ്രവണതകൾ അകറ്റിനിറുത്തിക്കൊണ്ട് ഭാര്യയെ ആത്മാർഥമായി സ്നേഹിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും? എഫെസ്യർക്കുള്ള മേലുദ്ധരിച്ച പൗലൊസിന്റെ വാക്കുകളിൽ, നിങ്ങൾ ചെയ്യേണ്ടതായ രണ്ടു കാര്യങ്ങൾ അവൻ എടുത്തുകാട്ടി—ഭാര്യക്കുവേണ്ടി കരുതുകയും സ്വന്തം ശരീരത്തെയെന്നപോലെ അവളെ പരിപാലിക്കുകയും ചെയ്യുക. നിങ്ങളുടെ ആത്മസഖിക്കുവേണ്ടി നിങ്ങൾക്ക് എങ്ങനെ കരുതാൻ കഴിയും? ഭൗതിക ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുക എന്നതാണ് ഒരു വിധം. “തനിക്കുള്ളവർക്കും പ്രത്യേകം സ്വന്തകുടുംബക്കാർക്കും വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു” എന്ന് പൗലൊസ് അപ്പൊസ്തലൻ തിമൊഥെയൊസിന് എഴുതി.—1 തിമൊഥെയൊസ് 5:8.
9 എന്നാൽ ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ ഉറപ്പുവരുത്തുന്നതുകൊണ്ടു മാത്രമായില്ല. ഭാര്യയുടെ ഭൗതിക ആവശ്യങ്ങൾ ഭംഗിയായി നിറവേറ്റിക്കൊടുക്കുമ്പോൾത്തന്നെ അവളുടെ വൈകാരികവും ആത്മീയവുമായ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിൽ ഒരു ഭർത്താവ് പരാജയപ്പെട്ടേക്കാം. പ്രസ്തുത ആവശ്യങ്ങൾ നിവർത്തിക്കേണ്ടത് അനിവാര്യമാണ്. അനേകം ക്രിസ്തീയ പുരുഷന്മാരും സഭാപരമായ കാര്യങ്ങളോടുള്ള ബന്ധത്തിൽ വളരെ തിരക്കിലാണെന്നതു ശരിതന്നെ. എന്നാൽ സഭയിൽ ഭാരിച്ച ഉത്തരവാദിത്വങ്ങൾ ഉള്ളതിനാൽ ഒരു ഭർത്താവിന്, കുടുംബനാഥൻ എന്ന നിലയിലുള്ള തന്റെ ദൈവദത്ത കടപ്പാടുകൾ നിറവേറ്റുന്നതിൽ വീഴ്ചവരുത്താനാകുമെന്ന് അർഥമില്ല. (1 തിമൊഥെയൊസ് 3:5, 12) ഇതു സംബന്ധിച്ച് ഏതാനും വർഷംമുമ്പ് ഈ മാസിക ഇങ്ങനെ പറഞ്ഞിരുന്നു: “ബൈബിൾ വ്യവസ്ഥകളനുസരിച്ച് ‘ഇടയവേല ഭവനത്തിൽ തുടങ്ങുന്നു’വെന്ന് പറയാൻ കഴിയും. ഒരു മൂപ്പൻ തന്റെ കുടുംബത്തെ അവഗണിക്കുന്നുവെങ്കിൽ, അയാൾക്ക് തന്റെ നിയമനത്തെ അപകടപ്പെടുത്താൻ കഴിയും.”b ഭൗതികമായും വൈകാരികമായും എല്ലാറ്റിനുമുപരി ആത്മീയമായും ഭാര്യക്കായി കരുതേണ്ടത് അനുപേക്ഷണീയമാണ് എന്നതു വ്യക്തം.
ഭാര്യയെ പരിപാലിക്കുക എന്നതിന്റെ അർഥം
10. ഭാര്യയെ പരിപാലിക്കാൻ ഭർത്താവിന് എങ്ങനെ കഴിയും?
10 ഭാര്യയെ പരിപാലിക്കുന്നതിൽ സ്നേഹപൂർവം അവൾക്കു നല്ല പരിചരണം നൽകുന്നത് ഉൾപ്പെടുന്നു. പല വിധങ്ങളിൽ നിങ്ങൾക്കതു ചെയ്യാനാകും. ഒന്നാമതായി, ഭാര്യയോടൊപ്പം ആവശ്യത്തിനു സമയം ചെലവഴിക്കുക. ഇക്കാര്യത്തിൽ അവഗണന കാട്ടിയാൽ അവൾക്കു നിങ്ങളോടുള്ള സ്നേഹം തണുത്തുപോയേക്കാം. ഇണയ്ക്ക് ആവശ്യമായിരിക്കുന്നതായി നിങ്ങൾ കരുതുന്നത്ര സമയവും ശ്രദ്ധയും ആയിരിക്കില്ല, തനിക്കു ലഭിക്കണമെന്ന് അവൾ പ്രതീക്ഷിക്കുന്നത് എന്നും ഓർക്കുക. ഭാര്യയെ പരിപാലിക്കുന്നു എന്നു പറയുന്നതുകൊണ്ടു മാത്രമായില്ല. താൻ അതിയായി സ്നേഹിക്കപ്പെടുന്നുണ്ടെന്നു ഭാര്യക്ക് അനുഭവപ്പെടണം. “ഓരോരുത്തൻ സ്വന്ത ഗുണമല്ല, മറ്റുള്ളവന്റെ ഗുണം അന്വേഷിക്കട്ടെ” എന്ന് പൗലൊസ് എഴുതി. (1 കൊരിന്ത്യർ 10:24) സ്നേഹമുള്ള ഒരു ഭർത്താവെന്ന നിലയിൽ ഭാര്യയുടെ യഥാർഥ ആവശ്യങ്ങൾ നന്നായി മനസ്സിലാക്കുന്നുവെന്ന് ഉറപ്പുവരുത്താൻ നിങ്ങൾ ആഗ്രഹിക്കും.—ഫിലിപ്പിയർ 2:4.
11. ഭാര്യയോടുള്ള ഒരു വ്യക്തിയുടെ പെരുമാറ്റം ദൈവവും സഭയുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെ എങ്ങനെ സ്വാധീനിക്കുന്നു? (അടിക്കുറിപ്പുകൂടെ കാണുക.)
11 ഭാര്യയോട് ആർദ്രതയോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുക എന്നതാണ് അവളെ പരിപാലിക്കുന്നു എന്നു തെളിയിക്കാനുള്ള മറ്റൊരു വിധം. (സദൃശവാക്യങ്ങൾ 12:18) കൊലൊസ്സ്യർക്ക് പൗലൊസ് ഇങ്ങനെയെഴുതി: “ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ; അവരോടു കൈപ്പായിരിക്കയുമരുത്.” (കൊലൊസ്സ്യർ 3:19) പൗലൊസിന്റെ ഈ പ്രസ്താവനയുടെ രണ്ടാം ഭാഗം “ഒരു ദാസിയെപ്പോലെ അവളോടു പെരുമാറരുത്,” അല്ലെങ്കിൽ “ഒരു അടിമയെപ്പോലെ അവളെ വീക്ഷിക്കരുത്” എന്നു വിവർത്തനം ചെയ്യാനാകുമെന്ന് ഒരു പരാമർശ ഗ്രന്ഥം പറയുന്നു. വീട്ടിലോ വെളിയിലോ ഒരു സ്വേച്ഛാധിപതിയെപ്പോലെ പ്രവർത്തിക്കുന്ന ഭർത്താവ് തന്റെ ഭാര്യയെ പരിപാലിക്കുന്നവനാണെന്ന് ഒരിക്കലും പറയാനാവില്ല. ഭാര്യയോടുള്ള കർക്കശമായ പെരുമാറ്റം ദൈവവുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തിൽ വിള്ളൽവീഴ്ത്തിയേക്കാം. പത്രൊസ് അപ്പൊസ്തലൻ ഭർത്താക്കന്മാർക്ക് ഇങ്ങനെയെഴുതി: “നിങ്ങളുടെ പ്രാർത്ഥനെക്കു മുടക്കം വരാതിരിക്കേണ്ടതിന്നു വിവേകത്തോടെ ഭാര്യമാരോടുകൂടെ വസിച്ചു, സ്ത്രീജനം ബലഹീനപാത്രം എന്നും അവർ ജീവന്റെ കൃപെക്കു കൂട്ടവകാശികൾ എന്നും ഓർത്തു അവർക്കു ബഹുമാനം കൊടുപ്പിൻ.”c—1 പത്രൊസ് 3:7.
12. യേശു ക്രിസ്തീയ സഭയോടു പെരുമാറിയ വിധത്തിൽനിന്നു ഭർത്താക്കന്മാർക്ക് എന്തു പഠിക്കാനാകും?
12 നിങ്ങളുടെ പെരുമാറ്റം എങ്ങനെയുള്ളതായിരുന്നാലും നിങ്ങളെ സ്നേഹിക്കാൻ ഭാര്യ ‘പ്രോഗ്രാം’ ചെയ്യപ്പെട്ടിരിക്കുകയാണെന്നു വിചാരിക്കരുത്. നിങ്ങളുടെ നിലയ്ക്കാത്ത സ്നേഹം സംബന്ധിച്ച് അവൾക്ക് ഉറപ്പുകൊടുക്കുക. ക്രിസ്തീയ സഭയോട് ഇടപെട്ട വിധത്താൽ ഭർത്താക്കന്മാർക്ക് യേശു ഒരു മാതൃകവെച്ചു. അവന്റെ അനുഗാമികൾ അനഭികാമ്യമായ ഗുണങ്ങൾ ആവർത്തിച്ചു പ്രകടമാക്കിയപ്പോഴും അവൻ ദയയും സൗമ്യതയും ക്ഷമയും പ്രദർശിപ്പിച്ചു. അതുകൊണ്ടുതന്നെ മറ്റുള്ളവരോട് ഇങ്ങനെ പറയാൻ അവനു കഴിഞ്ഞു: “എന്റെ അടുക്കൽ വരുവിൻ; . . . ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ . . . നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടെത്തും.” (മത്തായി 11:28, 29) യേശുവിനെ അനുകരിക്കുന്ന ഒരു ഭർത്താവ് യേശു സഭയോടു പെരുമാറിയ അതേവിധത്തിൽ ഭാര്യയോടു പെരുമാറുന്നു. ഭാര്യയോടുള്ള പ്രിയം വാക്കിലും പ്രവൃത്തിയിലും പ്രതിഫലിപ്പിച്ചുകൊണ്ട് അവളെ വാത്സല്യപൂർവം പരിപാലിക്കുന്ന ഭർത്താവ് അവൾക്ക് യഥാർഥ ആശ്വാസത്തിന്റെയും നവോന്മേഷത്തിന്റെയും സ്രോതസ്സാണ്.
ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്ന ഭാര്യമാർ
13. ഭാര്യമാർക്കു സഹായകമായ ഏതു തത്ത്വങ്ങൾ ബൈബിളിൽ കാണപ്പെടുന്നു?
13 ഭാര്യമാർക്കു സഹായകമായ തത്ത്വങ്ങളും ബൈബിളിലുണ്ട്. ഉദാഹരണത്തിന് എഫെസ്യർ 5:22-24, 32 ഇങ്ങനെ പറയുന്നു: “ഭാര്യമാരേ, കർത്താവിന്നു എന്നപോലെ സ്വന്ത ഭർത്താക്കന്മാർക്കു കീഴടങ്ങുവിൻ. ക്രിസ്തു ശരീരത്തിന്റെ രക്ഷിതാവായി സഭെക്കു തലയാകുന്നതുപോലെ ഭർത്താവു ഭാര്യെക്കു തലയാകുന്നു. എന്നാൽ സഭ ക്രിസ്തുവിന്നു കീഴടങ്ങിയിരിക്കുന്നതുപോലെ ഭാര്യമാരും ഭർത്താക്കന്മാർക്കു സകലത്തിലും കീഴടങ്ങിയിരിക്കേണം. . . . ഭാര്യയോ ഭർത്താവിനെ ഭയപ്പെടേണ്ടതാകുന്നു [“ആഴമായി ആദരിക്കേണ്ടതാകുന്നു,” NW].”
14. കീഴ്പെടൽ സംബന്ധിച്ച തിരുവെഴുത്തു തത്ത്വം സ്ത്രീകൾക്ക് അപമാനകരമായിരിക്കുന്നില്ലാത്തത് എന്തുകൊണ്ട്?
14 കീഴ്പെട്ടിരിക്കുകയും ഭർത്താവിനെ ആദരിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം പൗലൊസ് ഊന്നിപ്പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക. ഭാര്യ ഭർത്താവിനു കീഴ്പെട്ടിരിക്കുന്നത് ദൈവത്തിന്റെ ക്രമീകരണത്തിനു ചേർച്ചയിലുള്ള ഒരു കാര്യമാണ്. സ്വർഗത്തിലെയും ഭൂമിയിലെയും ജീവനുള്ള സൃഷ്ടികളെല്ലാവരും മറ്റാർക്കെങ്കിലും കീഴ്പെട്ടാണിരിക്കുന്നത്. യേശുപോലും യഹോവയാം ദൈവത്തിനു കീഴ്പെട്ടിരിക്കുന്നു. (1 കൊരിന്ത്യർ 11:3) തീർച്ചയായും, ഭർത്താവ് തന്റെ ശിരസ്ഥാനം ഉചിതമായ വിധത്തിൽ പ്രയോഗിക്കുമ്പോൾ അദ്ദേഹത്തിനു കീഴ്പെട്ടിരിക്കുക എന്നതു ഭാര്യക്ക് എളുപ്പമായിരിക്കും.
15. ഭാര്യമാർക്കു ബൈബിൾ നൽകുന്ന ചില ബുദ്ധിയുപദേശങ്ങൾ ഏവ?
15 ഭാര്യ “ഭർത്താവിനെ ആഴമായി ആദരിക്കേണ്ടതാകുന്നു” എന്നും പൗലൊസ് പറഞ്ഞിരിക്കുന്നു. “സൌമ്യതയും സാവധാനതയുമുള്ള” ഒരു മനസ്സിന്റെ ഉടമയായിരിക്കണം ക്രിസ്തീയ ഭാര്യ; ധിക്കാരപൂർവം ഭർത്താവിന്റെ അധികാരത്തെ വെല്ലുവിളിക്കുകയോ തന്നിഷ്ടപ്രകാരം പ്രവർത്തിക്കുകയോ ചെയ്യുന്ന ഒരു വ്യക്തിയായിരിക്കരുത് അവൾ. (1 പത്രൊസ് 3:4) ദൈവഭയമുള്ള ഒരു ഭാര്യ കുടുംബത്തിന്റെ നന്മയ്ക്കായി അധ്വാനിക്കുകയും തന്റെ തലയായ ഭർത്താവിനു മഹത്ത്വം കൈവരുത്തുകയും ചെയ്യുന്നു. (തീത്തൊസ് 2:4, 5) മറ്റുള്ളവർ ഭർത്താവിനെ അവമതിക്കാൻ ഇടയാക്കുന്ന യാതൊന്നും അവൾ ചെയ്യില്ല, അതുകൊണ്ടുതന്നെ അദ്ദേഹത്തെക്കുറിച്ചു നല്ല കാര്യങ്ങൾ പറയാൻ അവൾ ശ്രദ്ധയുള്ളവളായിരിക്കും. ഭർത്താവിന്റെ തീരുമാനങ്ങളെ അവൾ സർവാത്മനാ പിന്തുണയ്ക്കും.—സദൃശവാക്യങ്ങൾ 14:1.
16. സാറായുടെയും റിബെക്കായുടെയും ദൃഷ്ടാന്തത്തിൽനിന്നു ക്രിസ്തീയ ഭാര്യമാർക്ക് എന്തു പഠിക്കാനാകും?
16 ക്രിസ്തീയ ഭാര്യക്ക് “സൌമ്യതയും സാവധാനതയുമുള്ള” മനസ്സുണ്ടായിരിക്കണമെന്നു പറയുമ്പോൾ, അവൾക്കു സ്വന്തമായ അഭിപ്രായങ്ങൾ ഇല്ലെന്നോ അവളുടെ ആശയങ്ങൾ അപ്രധാനമാണെന്നോ അർഥമില്ല. സാറായെയും റിബെക്കായെയും പോലുള്ള, പുരാതനകാലത്തെ ദൈവഭക്തരായ സ്ത്രീകൾ തങ്ങളുടെ വിചാരങ്ങൾ ഭർത്താവിനെ അറിയിക്കാൻ മടിച്ചില്ല; അവരുടെ പ്രവൃത്തിയെ യഹോവ അംഗീകരിച്ചുവെന്നു ബൈബിൾരേഖ പ്രകടമാക്കുകയും ചെയ്യുന്നു. (ഉല്പത്തി 21:8-12; 27:46-28:4) ക്രിസ്തീയ ഭാര്യമാരും തങ്ങളുടെ വികാരവിചാരങ്ങൾ വെളിപ്പെടുത്തുന്നതിൽ ഒരു തെറ്റുമില്ല; അധിക്ഷേപരൂപേണ ആയിരിക്കാതെ ഭർത്താവിന്റെ വികാരങ്ങൾ കണക്കിലെടുത്തുകൊണ്ടായിരിക്കണം അങ്ങനെ ചെയ്യേണ്ടത് എന്നുമാത്രം. അങ്ങനെയാകുമ്പോൾ ആശയപ്രകടനം ഏറെ ഹൃദ്യവും ഫലപ്രദവും ആയിത്തീരുന്നതായി കാണാൻ അവർക്കു കഴിഞ്ഞേക്കും.
പ്രതിബദ്ധതയുടെ പങ്ക്
17, 18. ദാമ്പത്യബന്ധം തകർക്കാനുള്ള സാത്താന്റെ ശ്രമങ്ങളെ ചെറുത്തുനിൽക്കാൻ ഭാര്യാഭർത്താക്കന്മാർക്കു കഴിയുന്ന ചില വഴികൾ ഏവ?
17 ആജീവനാന്ത പ്രതിബദ്ധത ഉൾപ്പെട്ടിരിക്കുന്ന ഒരു ബന്ധമാണു ദാമ്പത്യം. അതുകൊണ്ട് അതു വിജയിച്ചുകാണാൻ ഭർത്താവിനും ഭാര്യക്കും ആത്മാർഥമായ ആഗ്രഹമുണ്ടായിരിക്കണം. തുറന്ന ആശയവിനിമയത്തിന്റെ അഭാവം അസ്വാരസ്യങ്ങൾക്ക് ആക്കംകൂട്ടുകയും സ്ഥിതിവിശേഷം വഷളാക്കുകയും ചെയ്തേക്കാം. പ്രശ്നങ്ങളുണ്ടായാൽ സംസാരിക്കാതിരിക്കാനാണു മിക്കപ്പോഴും ദമ്പതികളുടെ പ്രവണത. അതു നീരസത്തിനു വഴിവെക്കും. ഒരുപക്ഷേ ഒരു അന്യവ്യക്തിയെ പ്രണയിച്ചുകൊണ്ട് ചില പങ്കാളികൾ വിവാഹബന്ധത്തിൽനിന്ന് എങ്ങനെയെങ്കിലും പുറത്തുകടക്കാനുള്ള മാർഗം തേടുകപോലും ചെയ്യുന്നു. എന്നാൽ “സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി” എന്ന് യേശു മുന്നറിയിപ്പു നൽകി.—മത്തായി 5:28.
18 വിവാഹിതർ ഉൾപ്പെടെയുള്ള എല്ലാ ക്രിസ്ത്യാനികൾക്കും പൗലൊസ് അപ്പൊസ്തലൻ പിൻവരുന്ന ബുദ്ധിയുപദേശം നൽകുന്നു: “കോപിച്ചാൽ പാപം ചെയ്യാതിരിപ്പിൻ. സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുതു. പിശാചിന്നു ഇടം കൊടുക്കരുത്.” (എഫെസ്യർ 4:26, 27) ക്രിസ്ത്യാനികൾക്കിടയിൽ ഉണ്ടായേക്കാവുന്ന അഭിപ്രായവ്യത്യാസങ്ങൾ മുതലെടുക്കാൻ നമ്മുടെ മുഖ്യ ശത്രുവായ സാത്താൻ ശ്രമിക്കുന്നു. അവൻ അതിൽ വിജയിക്കാൻ അനുവദിക്കരുത്! പ്രശ്നങ്ങളുണ്ടാകുമ്പോൾ യഹോവയുടെ വീക്ഷണം സംബന്ധിച്ചു ബൈബിൾ എന്തു പറയുന്നുവെന്നു മനസ്സിലാക്കാൻ ക്രിസ്തീയ പ്രസിദ്ധീകരണങ്ങളുടെ സഹായത്താൽ ഗവേഷണം നടത്തുക. ശാന്തമായും സത്യസന്ധമായും വിയോജിപ്പുകൾ ചർച്ചചെയ്യുക. യഹോവയുടെ നിലവാരങ്ങൾ സംബന്ധിച്ചു നിങ്ങൾക്കറിയാവുന്ന കാര്യങ്ങൾക്കും ഇപ്പോൾ നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾക്കുമിടയിൽ വ്യത്യാസങ്ങളുണ്ടെങ്കിൽ അതു നികത്തുക. (യാക്കോബ് 1:22-25) നിങ്ങളുടെ വിവാഹജീവിതത്തോടുള്ള ബന്ധത്തിൽ പറയുകയാണെങ്കിൽ, തുടർന്നും ദമ്പതികളെന്ന നിലയിൽ ദൈവത്തോടുകൂടെ നടക്കാൻ ദൃഢനിശ്ചയമുള്ളവരായിരിക്കുക. (മീഖാ 6:8) ദൈവം യോജിപ്പിച്ചതിനെ—നിങ്ങളുടെ ദാമ്പത്യത്തെ—ആരും അല്ലെങ്കിൽ യാതൊന്നും വേർപിരിക്കാതിരിക്കട്ടെ!
[അടിക്കുറിപ്പുകൾ]
a യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിക്കുന്ന ഉണരുക! മാസികയുടെ (ഇംഗ്ലീഷ്) 2002 ഫെബ്രുവരി 8 ലക്കത്തിന്റെ 10-ാം പേജിലുള്ള “വിവാഹമോചനവും വേർപിരിയലും” എന്ന തലക്കെട്ടിലുള്ള ചതുരം കാണുക.
c ‘തല്ലുകാരനായ’ ഒരു വ്യക്തി—മറ്റുള്ളവരെ ശാരീരികമായി ഉപദ്രവിക്കുകയോ വാക്കുകളാൽ വിരട്ടുകയോ ചെയ്യുന്ന മനുഷ്യൻ—ക്രിസ്തീയ സഭയിലെ സേവനപദവികളിൽ നിയമിക്കപ്പെടാൻ യോഗ്യനല്ല. 1991 മേയ് 1 ലക്കം വീക്ഷാഗോപുരം 17-ാം പേജിൽ ഇങ്ങനെ പറയുന്നു: “ഒരു പുരുഷൻ മറ്റുള്ളിടങ്ങളിൽ ദൈവികരീതിയിൽ പ്രവർത്തിക്കുന്നുവെങ്കിലും വീട്ടിൽ ഒരു നിഷ്ഠുരനാണെങ്കിൽ അയാൾക്ക് യോഗ്യതയില്ല.”—1 തിമൊഥെയൊസ് 3:2-5, 12.
നിങ്ങൾ ഓർമിക്കുന്നുവോ?
• ക്രിസ്തീയ ദമ്പതികളുടെ ജീവിതത്തിലും പ്രശ്നങ്ങൾ ഉണ്ടായേക്കാവുന്നത് എന്തുകൊണ്ട്?
• ഭാര്യക്കായി കരുതുകയും അവളെ പരിപാലിക്കുകയും ചെയ്യുന്നുവെന്ന് ഭർത്താവിന് എങ്ങനെ തെളിയിക്കാനാകും?
• ഭർത്താവിനെ ആഴമായി ആദരിക്കുന്നുവെന്ന് ഭാര്യക്ക് ഏതു വിധങ്ങളിൽ പ്രകടമാക്കാനാകും?
• ദാമ്പത്യ പ്രതിബദ്ധത അരക്കിട്ടുറപ്പിക്കാൻ ഭാര്യാഭർത്താക്കന്മാർക്ക് എങ്ങനെ കഴിയും?
[20-ാം പേജിലെ ചിത്രം]
ഭാര്യയുടെ ഭൗതിക ആവശ്യങ്ങൾ മാത്രമല്ല ആത്മീയ ആവശ്യങ്ങളും നിറവേറ്റുന്നതിൽ ഭർത്താവ് ശ്രദ്ധയുള്ളവനായിരിക്കണം
[21-ാം പേജിലെ ചിത്രം]
ഭാര്യയെ വാത്സല്യപൂർവം പരിപാലിക്കുന്ന ഭർത്താവ് അവൾക്ക് ആശ്വാസത്തിന്റെയും നവോന്മേഷത്തിന്റെയും സ്രോതസ്സാണ്
[23-ാം പേജിലെ ചിത്രം]
ക്രിസ്തീയ ഭാര്യമാർ തങ്ങളുടെ വികാരവിചാരങ്ങൾ ആദരപൂർവം വെളിപ്പെടുത്തുന്നു