യുവജനങ്ങളേ, ദൈവത്തിനു മഹത്ത്വം കരേറ്റുന്ന ലാക്കുകൾ വെക്കുക
“ദൈവഭക്തിക്കു തക്കവണ്ണം അഭ്യാസം ചെയ്ക.”—1 തിമൊഥെയൊസ് 4:7.
1, 2. (എ) പൗലൊസ് തിമൊഥെയൊസിനെ അഭിനന്ദിച്ചത് എന്തുകൊണ്ട്? (ബി) ഇന്നു യുവജനങ്ങൾ ‘ദൈവഭക്തിക്ക് തക്കവണ്ണം അഭ്യാസം ചെയ്യുന്നത്’ എങ്ങനെ?
“നിങ്ങളെ സംബന്ധിച്ചു പരമാർത്ഥമായി കരുതുവാൻ തുല്യചിത്തനായി എനിക്കു മറ്റാരുമില്ല. . . . അവനോ മകൻ അപ്പന്നു ചെയ്യുന്നതുപോലെ എന്നോടുകൂടെ സുവിശേഷഘോഷണത്തിൽ സേവചെയ്തു.” (ഫിലിപ്പിയർ 2:20, 22) ഒന്നാം നൂറ്റാണ്ടിൽ ഫിലിപ്പിയിലെ ക്രിസ്ത്യാനികൾക്ക് അപ്പൊസ്തലനായ പൗലൊസ് എഴുതിയ ലേഖനത്തിലേതാണ് ഊഷ്മളത തുളുമ്പുന്ന, അനുമോദനത്തിന്റേതായ ഈ വാക്കുകൾ. ആരെക്കുറിച്ചാണ് അവൻ ഇതു പറഞ്ഞത്? സഞ്ചാരവേലയിൽ നിഴൽപോലെ കൂടെയുണ്ടായിരുന്ന യുവാവായ തിമൊഥെയൊസിനെക്കുറിച്ച്. തിമൊഥെയൊസിനോടുള്ള വാത്സല്യത്തിനും അവനിലുള്ള വിശ്വാസത്തിനും അടിവരയിടുന്ന ആ വാക്കുകൾ അവനെ എത്ര സന്തോഷിപ്പിച്ചിരിക്കണം!
2 തിമൊഥെയൊസിനെപ്പോലെ ദൈവഭയമുള്ള യുവാക്കൾ യഹോവയുടെ ജനത്തിന് എന്നും ഒരു മുതൽക്കൂട്ടാണ്. (സങ്കീർത്തനം 110:3) ഇന്നിപ്പോൾ പയനിയർമാരായും മിഷനറിമാരായും നിർമാണരംഗത്ത് സ്വമേധയാസേവകരായും ബെഥേലംഗങ്ങളായും സേവിക്കുന്ന യുവതീയുവാക്കളെക്കൊണ്ട് അനുഗൃഹീതമാണ് ദൈവത്തിന്റെ സംഘടന. മറ്റ് ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതോടൊപ്പം സഭാപ്രവർത്തനങ്ങളിൽ തീക്ഷ്ണതയോടെ പങ്കുപറ്റുന്ന യുവാക്കളും അഭിനന്ദനം അർഹിക്കുന്നു. അവർ നമ്മുടെ സ്വർഗീയ പിതാവായ യഹോവയ്ക്കു ബഹുമതി കൈവരുത്തുന്ന ലക്ഷ്യങ്ങൾവെച്ചു മുന്നേറുന്നതിന്റെ സംതൃപ്തി ആസ്വദിക്കുന്നു. ‘ദൈവഭക്തിക്കു തക്കവണ്ണം’ അതായത് ദൈവഭക്തി ലക്ഷ്യമാക്കി തങ്ങളെത്തന്നെ പരിശീലിപ്പിക്കുകയാണ് അവർ.—1 തിമൊഥെയൊസ് 4:7, 8.
3. ഈ ലേഖനത്തിൽ ഏതെല്ലാം ചോദ്യങ്ങളാണു പരിചിന്തിക്കുന്നത്?
3 ഒരു യുവവ്യക്തി എന്നനിലയിൽ ഏതെങ്കിലും ആത്മീയ ലാക്കുകൾക്കായി പ്രവർത്തിക്കുകയാണോ നിങ്ങൾ? അതിനുള്ള സഹായവും പ്രോത്സാഹനവും നിങ്ങൾക്ക് എവിടെനിന്നു ലഭിക്കും? പണത്തിനു പിന്നാലെ പരക്കംപായുന്ന ഈ ലോകത്തിൽനിന്നുള്ള സമ്മർദങ്ങളെ നിങ്ങൾക്ക് എങ്ങനെ ചെറുത്തുനിൽക്കാം? ദൈവത്തിനു മഹത്ത്വം കരേറ്റുന്ന ലാക്കുകൾവെച്ചു മുന്നേറുന്നപക്ഷം എന്തെല്ലാം അനുഗ്രഹങ്ങൾ പ്രതീക്ഷിക്കാനാകും? തിമൊഥെയൊസിന്റെ ജീവിതം വിശകലനം ചെയ്തുകൊണ്ട് നമുക്ക് ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടുപിടിക്കാം.
തിമൊഥെയൊസിന്റെ പശ്ചാത്തലം
4. തിമൊഥെയൊസിന്റെ ക്രിസ്തീയ പശ്ചാത്തലം ചുരുക്കിപ്പറയുക.
4 റോമൻ പ്രവിശ്യയായ ഗലാത്യയെന്ന കൊച്ചുപട്ടണത്തിലെ ലുസ്ത്രയിലാണു തിമൊഥെയൊസ് വളർന്നുവന്നത്. തിമൊഥെയൊസ് ക്രിസ്ത്യാനിത്വത്തെക്കുറിച്ചു മനസ്സിലാക്കിയത് സാധ്യതയനുസരിച്ച് കൗമാരത്തിലാണ്, പൊതുയുഗം (പൊ.യു.) ഏകദേശം 47-ൽ പൗലൊസ് ലുസ്ത്രയിൽ പ്രസംഗിച്ചപ്പോൾ. സ്ഥലത്തെ ക്രിസ്തീയ സഹോദരങ്ങൾക്കിടയിൽ പെട്ടെന്നുതന്നെ അവൻ നല്ലൊരു പേര് സമ്പാദിച്ചു. രണ്ടു വർഷത്തിനു ശേഷം ലുസ്ത്രയിൽ തിരിച്ചെത്തിയപ്പോൾ തിമൊഥെയൊസിന്റെ പുരോഗതിയെക്കുറിച്ച് അറിയാനിടയായ പൗലൊസ്, മിഷനറിയാത്രകളിൽ അവനെ കൂടെക്കൂട്ടാൻ തീരുമാനിച്ചു. (പ്രവൃത്തികൾ 14:5-20; 16:1-3) പക്വതയിലേക്കു വളരവേ, സഹോദരങ്ങളെ ശക്തിപ്പെടുത്താനുള്ള സുപ്രധാന ദൗത്യമുൾപ്പെടെ വലിയ ഉത്തരവാദിത്വങ്ങൾ അവനെ തേടിയെത്തി. പൊ.യു. ഏകദേശം 65-ൽ റോമിലെ ജയിലിൽനിന്ന് പൗലൊസ് ലേഖനമെഴുതിയപ്പോൾ തിമൊഥെയൊസ് എഫെസൊസിൽ ഒരു മൂപ്പനായി സേവിക്കുകയായിരുന്നു.
5. ആത്മീയ ലാക്കുകൾവെച്ചു പ്രവർത്തിക്കാൻ തിമൊഥെയൊസിനു പ്രചോദനമായ ഏതു രണ്ടു ഘടകങ്ങളെക്കുറിച്ചാണ് 2 തിമൊഥെയൊസ് 3:14, 15 പറയുന്നത്?
5 തിമൊഥെയൊസ് ആത്മീയ ലാക്കുകൾക്കായി പ്രവർത്തിക്കാൻ തീരുമാനിച്ചു എന്നതു വ്യക്തം. പക്ഷേ എന്താണ് അതിനു പ്രചോദനമായത്? തിമൊഥെയൊസിനുള്ള രണ്ടാമത്തെ ലേഖനത്തിൽ പൗലൊസ് രണ്ടു സംഗതികളെക്കുറിച്ചു പരാമർശിക്കുകയുണ്ടായി. “നീയോ ഇന്നവരോടു പഠിച്ചു എന്നു ഓർക്കുകയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്താൽ നിന്നെ രക്ഷെക്കു ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തുകളെ ബാല്യംമുതൽ അറികയും ചെയ്യുന്നതു കൊണ്ടു നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതിൽ നിലനില്ക്ക.” (2 തിമൊഥെയൊസ് 3:14, 15) തിമൊഥെയൊസിന്റെ തീരുമാനങ്ങളെ സ്വാധീനിച്ച ക്രിസ്ത്യാനികളെക്കുറിച്ച് നമുക്ക് ആദ്യം പരിശോധിക്കാം.
നല്ല സ്വാധീനം പ്രയോജനപ്പെടുത്തുക
6. തിമൊഥെയൊസിന് ഏതുതരം പരിശീലനം ലഭിച്ചു, അവൻ എങ്ങനെ പ്രതികരിച്ചു?
6 വ്യത്യസ്ത മതത്തിൽ പെട്ടവരായിരുന്നു തിമൊഥെയൊസിന്റെ മാതാപിതാക്കൾ. അപ്പൻ ഗ്രീക്കുകാരൻ; അമ്മ യൂനീക്കയും വല്യമ്മ ലോവീസും യഹൂദർ. (പ്രവൃത്തികൾ 16:1) തിമൊഥെയൊസിന്റെ ശൈശവം മുതൽക്കേ യൂനീക്കയും ലോവീസും എബ്രായ തിരുവെഴുത്തുകളിൽനിന്നുള്ള സത്യങ്ങൾ അവനെ പഠിപ്പിച്ചു. ക്രിസ്ത്യാനികൾ ആയിത്തീർന്നശേഷം അവർ ക്രിസ്തീയ ഉപദേശങ്ങൾ വിശ്വസിക്കാൻ അവനെ പ്രേരിപ്പിക്കുന്നതിൽ പങ്കുവഹിച്ചു എന്നതിനു തർക്കമില്ല. വ്യക്തമായും തിമൊഥെയൊസ് ഈ നല്ല പരിശീലനം പൂർണമായി പ്രയോജനപ്പെടുത്തി. പൗലൊസ് അതു പരാമർശിക്കുകയുണ്ടായി: “ആ വിശ്വാസം ആദ്യം നിന്റെ വലിയമ്മ ലോവീസിലും അമ്മ യൂനീക്കയിലും ഉണ്ടായിരുന്നു; നിന്നിലും ഉണ്ടെന്നു ഞാൻ ഉറെച്ചിരിക്കുന്നു.”—2 തിമൊഥെയൊസ് 1:5.
7. അനേകം യുവജനങ്ങളും ഏതുവിധത്തിൽ അനുഗൃഹീതരാണ്, അവർക്ക് ഇതെങ്ങനെ പ്രയോജനം ചെയ്തേക്കാം?
7 ഇന്ന് അനേകം യുവജനങ്ങൾക്കും ആത്മീയ ലാക്കുകളുടെ പ്രാധാന്യം തിരിച്ചറിയുന്ന, യൂനീക്കയെയും ലോവീസിനെയുംപോലുള്ള, ദൈവഭക്തരായ മാതാപിതാക്കളും മുത്തശ്ശീമുത്തശ്ശന്മാരും ഉണ്ട്; അതൊരു അനുഗ്രഹമാണ്. ഉദാഹരണത്തിന് സാമിറയുടെ കാര്യമെടുക്കുക. കൗമാരത്തിൽ മാതാപിതാക്കളുമായി നടത്തിയിരുന്ന നീണ്ട സംഭാഷണങ്ങൾ സാമിറയുടെ മനസ്സിൽ ഇന്നും മായാതെ കിടക്കുന്നു. സാമിറ പറയുന്നതു ശ്രദ്ധിക്കുക: “കാര്യങ്ങളെ യഹോവ കാണുന്നതുപോലെ കാണാനും പ്രസംഗവേലയ്ക്ക് മുൻഗണന നൽകാനും ഡാഡിയും മമ്മിയും എന്നെ പഠിപ്പിച്ചു. മുഴുസമയ സേവനം തിരഞ്ഞെടുക്കാൻ അവർ എപ്പോഴും എന്നെ പ്രോത്സാഹിപ്പിക്കുമായിരുന്നു.” സാമിറ മാതാപിതാക്കളുടെ പ്രോത്സാഹനത്തിനു ചേർച്ചയിൽ പ്രവർത്തിച്ചു; ഇപ്പോൾ സ്വന്തം രാജ്യത്തെ ബെഥേൽ കുടുംബത്തിൽ സേവിക്കുന്നു. ആത്മീയ ലാക്കുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മാതാപിതാക്കൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നെങ്കിൽ അവരുടെ വാക്കുകൾക്കു ചെവികൊടുക്കുക. നിങ്ങളുടെ നന്മ മാത്രമേ അവർ ആഗ്രഹിക്കുന്നുള്ളൂ.—സദൃശവാക്യങ്ങൾ 1:5.
8. ക്രിസ്തീയ സഭയ്ക്കുള്ളിലെ നല്ല സുഹൃദ്ബന്ധങ്ങൾ തിമൊഥെയൊസിനെ സഹായിച്ചത് എങ്ങനെ?
8 ക്രിസ്തീയ സഹോദരങ്ങളുമായി നല്ല സുഹൃദ്ബന്ധങ്ങൾ സ്ഥാപിക്കുന്നതും പ്രധാനമാണ്. സ്വന്തം സഭയിലെയും ഏകദേശം 30 കിലോമീറ്റർ അകലെയുള്ള ഇക്കോന്യയിലെയും മൂപ്പന്മാർക്ക് തിമൊഥെയൊസിനെ നന്നായി അറിയാമായിരുന്നു. (പ്രവൃത്തികൾ 16:1, 2) ഊർജസ്വലനായ പൗലൊസുമായി ഒരു അടുത്ത ബന്ധം വളർത്തിയെടുത്തിരുന്നു അവൻ. (ഫിലിപ്പിയർ 3:14; 1 തിമൊഥെയൊസ് 3:1) ഉപദേശങ്ങൾ സന്തോഷത്തോടെ സ്വീകരിക്കുകയും വിശ്വാസത്തിന്റെ മാതൃകകളെ അനുകരിക്കാൻ മനസ്സൊരുക്കം കാണിക്കുകയും ചെയ്ത വ്യക്തിയായിരുന്നു തിമൊഥെയൊസ്; പൗലൊസിന്റെ ലേഖനങ്ങൾ അതാണു സൂചിപ്പിക്കുന്നത്. (1 കൊരിന്ത്യർ 4:17; 1 തിമൊഥെയൊസ് 4:6, 12-16) “നീയോ എന്റെ ഉപദേശം, നടപ്പു, ഉദ്ദേശം, വിശ്വാസം, ദീർഘക്ഷമ, സ്നേഹം, സഹിഷ്ണുത എന്നിവ . . . കണ്ടറിഞ്ഞിരിക്കുന്നു” [“അടുത്തു പിൻപറ്റിയിരിക്കുന്നു,” NW] എന്ന് പൗലൊസ് എഴുതുകയുണ്ടായി. (2 തിമൊഥെയൊസ് 3:10, 11) അതേ, തിമൊഥെയൊസ് പൗലൊസിന്റെ മാതൃക അടുത്തു പിൻപറ്റി. സമാനമായി, സഭയിലെ ആത്മീയമായി കരുത്തരായ സഹോദരങ്ങളുമായി അടുക്കുന്നത് നല്ല ആത്മീയ ലാക്കുകൾവെച്ചു മുന്നേറാൻ നിങ്ങളെയും സഹായിക്കും.—2 തിമൊഥെയൊസ് 2:20-22.
‘തിരുവെഴുത്തുകൾ’ പഠിക്കുക
9. ദൈവഭക്തിക്ക് തക്കവണ്ണം അഭ്യസിക്കാൻ, നല്ല സഹവാസം തിരഞ്ഞെടുക്കുന്നതിനു പുറമേ നിങ്ങൾ മറ്റെന്തുകൂടെ ചെയ്യണം?
9 ആത്മീയ ലാക്കുകളിൽ എത്തിച്ചേരുന്നതിന് നല്ല സഹവാസം മാത്രം മതിയോ? പോരാ. തിമൊഥെയൊസിനെപ്പോലെ ‘തിരുവെഴുത്തുകൾ’ ശ്രദ്ധാപൂർവം പരിശോധിക്കുകയും ചെയ്യേണ്ടതുണ്ട്. പഠിക്കാൻ അത്ര ഇഷ്ടമുള്ള കൂട്ടത്തിൽ അല്ലായിരിക്കാം നിങ്ങൾ. പക്ഷേ ഒന്നോർക്കുക; തിമൊഥെയൊസ് ‘ദൈവഭക്തിക്കു തക്കവണ്ണം അഭ്യാസം’ ചെയ്യേണ്ടിയിരുന്നു. കായികാഭ്യാസികൾ അവരുടെ ലക്ഷ്യത്തിലെത്താൻ മാസങ്ങളോളം കഠിന പരിശീലനം നടത്താറുണ്ട്. സമാനമായി, ആത്മീയ ലാക്കുകളിൽ എത്തിച്ചേരാൻ ത്യാഗവും നല്ല ശ്രമവും ആവശ്യമാണ്. (1 തിമൊഥെയൊസ് 4:7, 8, 10) ‘പക്ഷേ ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ ബൈബിൾ പഠനം എങ്ങനെയാണ് എന്നെ സഹായിക്കുക’ എന്നായിരിക്കാം നിങ്ങൾ ചിന്തിക്കുന്നത്. മൂന്നു വിധങ്ങൾ നമുക്കു പരിശോധിക്കാം.
10, 11. ആത്മീയ ലാക്കുകൾ കൈവരിക്കാൻ തിരുവെഴുത്തുകൾ പ്രചോദിപ്പിക്കുന്നത് എങ്ങനെ? ഉദാഹരിക്കുക.
10 ഒന്നാമതായി, തിരുവെഴുത്തുകൾ നിങ്ങൾക്കു ശരിയായ പ്രചോദനമേകും. നമ്മുടെ സ്വർഗീയ പിതാവിന്റെ വ്യക്തിത്വ മാഹാത്മ്യത്തെയും നമ്മോടുള്ള ബന്ധത്തിൽ അവൻ കാണിച്ച ഉത്കൃഷ്ടസ്നേഹത്തെയും വിശ്വസ്ത ദാസന്മാർക്കായി കരുതിവെച്ചിരിക്കുന്ന ശാശ്വത അനുഗ്രഹങ്ങളെയും കുറിച്ച് തിരുവെഴുത്തുകൾ വെളിപ്പെടുത്തുന്നു. (ആമോസ് 3:7; യോഹന്നാൻ 3:16; റോമർ 15:4) യഹോവയെപ്പറ്റി അറിയുന്തോറും അവനോടുള്ള സ്നേഹവും ജീവിതം അവനുവേണ്ടി സമർപ്പിക്കാനുള്ള നിങ്ങളുടെ ആഗ്രഹവും വർധിക്കും.
11 ക്രമമായ ബൈബിൾ പഠനമാണ് സത്യം സ്വന്തമാക്കാൻ തങ്ങളെ സഹായിക്കുന്നതെന്ന് അനേകം യുവക്രിസ്ത്യാനികൾ പറയുന്നു. അഡെലിന്റെ കാര്യം പരിചിന്തിക്കുക. ക്രിസ്തീയ കുടുംബത്തിലാണ് അഡെൽ വളർന്നുവന്നത്. എന്നാൽ ആത്മീയ ലാക്കുകൾ ഒന്നുമില്ലായിരുന്നു അവൾക്ക്. “മാതാപിതാക്കൾ എന്നെ രാജ്യഹാളിൽ കൊണ്ടുപോകുമായിരുന്നു. എന്നാൽ വ്യക്തിപരമായ പഠനമോ യോഗങ്ങളിൽ ശ്രദ്ധിക്കുന്ന ശീലമോ എനിക്കില്ലായിരുന്നു,” അവൾ പറയുന്നു. ചേച്ചി സ്നാപനമേറ്റതിനുശേഷം അഡെൽ സത്യത്തെ ഏറെ ഗൗരവമായെടുക്കാൻ തുടങ്ങി. “ഞാൻ മുഴുബൈബിളും വായിക്കാൻ ലക്ഷ്യംവെച്ചു. കുറച്ചുഭാഗം വായിച്ചിട്ട് ഞാൻ അതിനെക്കുറിച്ച് ഒരു കുറിപ്പ് എഴുതുമായിരുന്നു. ആ കുറിപ്പുകൾ ഇപ്പോഴും എന്റെ കയ്യിലുണ്ട്. ഒരു വർഷംകൊണ്ട് ഞാൻ ബൈബിൾ വായിച്ചുതീർത്തു.” ഫലമോ? ജീവിതം യഹോവയ്ക്കു സമർപ്പിക്കാൻ ഇത് അഡെലിനു പ്രചോദനമേകി. ഗുരുതരമായ ഒരു ശാരീരിക പ്രശ്നമുണ്ടെങ്കിലും ഇന്ന് അഡെൽ പയനിയർ അഥവാ മുഴുസമയ സുവിശേഷകയാണ്.
12, 13. (എ) ബൈബിൾ പഠനം എന്തു മാറ്റങ്ങൾ വരുത്താൻ ഒരു യുവവ്യക്തിയെ സഹായിക്കും, എങ്ങനെ? (ബി) ദൈവവചനത്തിൽ പ്രായോഗിക ജ്ഞാനം അടങ്ങിയിരിക്കുന്നു എന്നതിന്റെ ചില ഉദാഹരണങ്ങളേവ?
12 രണ്ടാമതായി, വ്യക്തിത്വത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ബൈബിൾ നിങ്ങളെ സഹായിക്കും. ‘തിരുവെഴുത്തുകൾ,’ “ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു” എന്നു പൗലൊസ് തിമൊഥെയൊസിനോടു പറഞ്ഞു. (2 തിമൊഥെയൊസ് 3:16, 17) ദൈവവചനവുമായി ബന്ധപ്പെട്ട സംഗതികളെക്കുറിച്ചു ധ്യാനിക്കുകയും ബൈബിൾ തത്ത്വങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്യുമ്പോൾ നിങ്ങളുടെ വ്യക്തിത്വം സ്ഫുടം ചെയ്തെടുക്കാൻ നിങ്ങൾ ദൈവാത്മാവിനെ അനുവദിക്കുകയായിരിക്കും ചെയ്യുന്നത്. എളിമ, സ്ഥിരോത്സാഹം, അധ്വാനശീലം, സഹക്രിസ്ത്യാനികളോടുള്ള ആത്മാർഥ സ്നേഹം തുടങ്ങിയ അനിവാര്യഗുണങ്ങൾ നിങ്ങളിൽ വളർന്നുവരാൻ അത് ഇടയാക്കും. (1 തിമൊഥെയൊസ് 4:15) തിമൊഥെയൊസിന് ഈ ഗുണങ്ങളെല്ലാം ഉണ്ടായിരുന്നു; അങ്ങനെ അവൻ പൗലൊസിനും സഭകൾക്കും ഒരു മുതൽക്കൂട്ടായിത്തീർന്നു.—ഫിലിപ്പിയർ 2:20-22.
13 മൂന്നാമതായി, പ്രായോഗിക ജ്ഞാനത്തിന്റെ കലവറയാണു ദൈവവചനം. (സങ്കീർത്തനം 1:1-3; 19:7; 2 തിമൊഥെയൊസ് 2:7; 3:14, 15) കൂട്ടുകാരെ ജ്ഞാനപൂർവം തിരഞ്ഞെടുക്കാനും നല്ല വിനോദങ്ങൾ മാത്രം ആസ്വദിക്കാനും മറ്റനേകം വെല്ലുവിളികൾ തരണംചെയ്യാനും അതു നിങ്ങളെ സഹായിക്കും. (ഉല്പത്തി 34:1, 2; സങ്കീർത്തനം 119:37; 1 കൊരിന്ത്യർ 7:36, NW) ആത്മീയ ലക്ഷ്യങ്ങൾ നേടുന്നതിന്, നിങ്ങൾ ഇപ്പോൾത്തന്നെ ബുദ്ധിപൂർവകമായ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്.
“നല്ല പോർ പൊരുതുക”
14. ആത്മീയ ലാക്കുകൾവെച്ചു പ്രവർത്തിക്കുന്നത് എളുപ്പമല്ലാത്തത് എന്തുകൊണ്ട്?
14 യഹോവയ്ക്കു ബഹുമതി കൈവരുത്തുന്ന ലക്ഷ്യങ്ങൾക്കു മുൻഗണന കൊടുക്കുന്നതാണ് ഏറ്റവും ബുദ്ധിപൂർവകമായ ഗതി; പക്ഷേ അതത്ര എളുപ്പമല്ല. ഭാവി സംബന്ധിച്ച് ഒരു തീരുമാനം എടുക്കേണ്ടിവരുമ്പോൾ, ഉന്നതവിദ്യാഭ്യാസവും കൈനിറയെ പണം തരുന്ന ഒരു ജോലിയുമാണ് വിജയത്തിനും സന്തോഷത്തിനും നിദാനം എന്നു വിശ്വസിക്കുന്ന ബന്ധുക്കളിൽനിന്നും കൂട്ടുകാരിൽനിന്നും അഭ്യുദയകാംക്ഷികളായ അധ്യാപകരിൽനിന്നുമുള്ള സമ്മർദം വലിയ പ്രശ്നം സൃഷ്ടിച്ചേക്കാം. (റോമർ 12:2) യഹോവ വെച്ചുനീട്ടുന്ന “നിത്യജീവനെ പിടിച്ചു”കൊള്ളുന്നതിന് തിമൊഥെയൊസിനെപ്പോലെ നിങ്ങളും “വിശ്വാസത്തിന്റെ നല്ല പോർ പൊരുത”ണം.—1 തിമൊഥെയൊസ് 6:12; 2 തിമൊഥെയൊസ് 3:12.
15. തിമൊഥെയൊസിന് എന്ത് എതിർപ്പു നേരിട്ടിരിക്കാം?
15 വിശ്വാസികളല്ലാത്ത കുടുംബാംഗങ്ങൾ നിങ്ങളുടെ തീരുമാനങ്ങളെ എതിർക്കുമ്പോൾ പ്രശ്നം ഒന്നുകൂടെ വഷളാകാൻ ഇടയുണ്ട്. തിമൊഥെയൊസിന് അത്തരം എതിർപ്പ് തരണംചെയ്യേണ്ടിവന്നിരിക്കാം. സാധ്യതയനുസരിച്ച് തിമൊഥെയൊസിന്റെ കുടുംബം “വിദ്യാസമ്പന്നരുടെയും ധനികരുടെയും തട്ടിൽപ്പെട്ടതായിരുന്നു” എന്നാണ് ഒരു പരാമർശകൃതി പറയുന്നത്. തിമൊഥെയൊസ് ഉപരിപഠനത്തിനു പോകുമെന്നും കുടുംബവക കച്ചവടം ഏറ്റെടുത്തു നടത്തുമെന്നും അവന്റെ അപ്പൻ പ്രതീക്ഷിച്ചിരിക്കണം.a അപകടം നിറഞ്ഞ, സാമ്പത്തിക ഭദ്രത ലവലേശമില്ലാത്ത മിഷനറിവേലയിൽ പൗലൊസിനൊപ്പം പോകാനാണ് തിമൊഥെയൊസ് ആഗ്രഹിക്കുന്നതെന്നു മനസ്സിലാക്കിയപ്പോൾ അവന്റെ അപ്പൻ എങ്ങനെ പ്രതികരിച്ചിരിക്കുമെന്ന് സങ്കൽപ്പിക്കുക!
16. ഒരു യുവാവ് എങ്ങനെയാണ് പിതാവിന്റെ എതിർപ്പിനെ തരണംചെയ്തത്?
16 ഇന്നത്തെ യുവക്രിസ്ത്യാനികളും ഇതുപോലുള്ള പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. യഹോവയുടെ സാക്ഷികളുടെ ഒരു ബ്രാഞ്ച് ഓഫീസിൽ സേവിക്കുന്ന മാത്യു പറയുന്നു: “ഞാൻ പയനിയർ സേവനം തുടങ്ങിയത് ഡാഡിയെ അങ്ങേയറ്റം നിരാശനാക്കി. ശുശ്രൂഷയുമായി മുന്നോട്ടുപോകവേ എന്റെ ചെലവുകൾ നടത്തുന്നതിനായി ഒരു കെട്ടിടത്തിന്റെ സൂക്ഷിപ്പുകാരനായി ഞാൻ ജോലിനോക്കി; എന്റെ വിദ്യാഭ്യാസം ഞാൻ ‘പാഴാക്കിക്കളയുകയാണെന്ന്’ അദ്ദേഹത്തിനു തോന്നി. ഒരു മുഴുസമയ ജോലിയുണ്ടായിരുന്നെങ്കിൽ എനിക്ക് എന്തുമാത്രം പണം സമ്പാദിക്കാനാകുമായിരുന്നു എന്നു പറഞ്ഞുകൊണ്ട് ഡാഡി എന്നെ അധിക്ഷേപിക്കുമായിരുന്നു.” മാത്യു ആ സാഹചര്യത്തെ എങ്ങനെയാണു കൈകാര്യം ചെയ്തത്? “ബൈബിൾ വായനയ്ക്ക് ഞാൻ ഒരിക്കലും മുടക്കംവരുത്തിയില്ല. മാത്രമല്ല, എപ്പോഴും പ്രാർഥിക്കുകയും ചെയ്യുമായിരുന്നു, നിയന്ത്രണം വിട്ടുപോകുമെന്ന സാഹചര്യങ്ങളിൽ പ്രത്യേകിച്ചും.” മാത്യുവിന്റെ ഉറച്ച നിലപാടിനു ഫലമുണ്ടായി. സമയം കടന്നുപോയതോടെ ഡാഡിയുമായുള്ള ബന്ധം മെച്ചപ്പെട്ടു. യഹോവയോട് കൂടുതൽ അടുക്കാനും മാത്യുവിനു സാധിച്ചു. അദ്ദേഹം പറയുന്നു: “യഹോവ എന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതും എന്നെ പ്രോത്സാഹിപ്പിക്കുന്നതും ബുദ്ധിശൂന്യമായ തീരുമാനങ്ങൾ എടുക്കുന്നതിൽനിന്നു സംരക്ഷിക്കുന്നതും ഒക്കെ ഞാൻ കണ്ടിരിക്കുന്നു. ആത്മീയ ലാക്കുകൾക്കായി പ്രവർത്തിച്ചില്ലായിരുന്നെങ്കിൽ ഇതൊന്നും ആസ്വദിക്കാൻ എനിക്കാകുമായിരുന്നില്ല.”
ആത്മീയ ലാക്കുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക
17. മുഴുസമയ സേവനം ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നവരെ മനഃപൂർവമല്ലെങ്കിലും ചിലർ നിരുത്സാഹപ്പെടുത്തിയേക്കാവുന്നത് എങ്ങനെ? (മത്തായി 16:22)
17 മനഃപൂർവമല്ലെങ്കിൽക്കൂടി, ആത്മീയ ലാക്കുകൾക്കായി പ്രവർത്തിക്കുന്നതിൽനിന്നു നിങ്ങളെ തടയാൻ സഹവിശ്വാസികൾപോലും ശ്രമിച്ചേക്കാം. ‘എന്തിനാ പയനിയറിങ് ചെയ്യുന്നത്? ഒരു സാധാരണ ജീവിതം നയിച്ചുകൊണ്ടുതന്നെ പ്രസംഗവേലയിൽ പങ്കുപറ്റാമല്ലോ? നല്ലൊരു ജോലി കണ്ടെത്തണം. ജീവിക്കാൻ പണംവേണ്ടേ?’ എന്നു ചിലർ ചോദിച്ചേക്കാം. ആ ഉപദേശം കൊള്ളാമെന്നു തോന്നിയേക്കാം. എന്നാൽ അതു പിൻപറ്റിയാൽ ദൈവഭക്തിക്ക് തക്കവണ്ണം സ്വയം പരിശീലിപ്പിക്കുകയാണെന്നു നിങ്ങൾക്കു പറയാനാകുമോ?
18, 19. (എ) ആത്മീയ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നതെങ്ങനെ? (ബി) യുവവ്യക്തിയെന്നനിലയിൽ രാജ്യതാത്പര്യങ്ങൾക്കായി നിങ്ങൾ ചെയ്യുന്ന ത്യാഗങ്ങൾ വിശദീകരിക്കുക.
18 തിമൊഥെയൊസിന്റെ നാളിലെ ചില ക്രിസ്ത്യാനികൾ ആ വിധത്തിൽ ചിന്തിച്ചിരുന്നിരിക്കണം. (1 തിമൊഥെയൊസ് 6:17, 18) ആത്മീയ ലക്ഷ്യങ്ങളിൽ ദൃഷ്ടി പതിപ്പിക്കുന്നതിന് തിമൊഥെയൊസിനെ സഹായിക്കുന്നതിനായി പിൻവരുംവിധം പറഞ്ഞുകൊണ്ട് പൗലൊസ് അവനെ പ്രോത്സാഹിപ്പിച്ചു: “പട ചേർത്തവനെ പ്രസാദിപ്പിക്കേണ്ടതിന്നു യാതൊരു പടയാളിയും ജീവനകാര്യങ്ങളിൽ ഇടപെടാതിരിക്കുന്നു.” (2 തിമൊഥെയൊസ് 2:4) ഡ്യൂട്ടിയിലായിരിക്കുന്ന ഒരു പടയാളിക്ക് ശ്രദ്ധ പതറിക്കുന്ന മറ്റു കാര്യങ്ങളിൽ ഇടപെടാനാകില്ല. മേലധികാരിയുടെ ആജ്ഞകൾ പാലിക്കാൻ അദ്ദേഹം സദാ സജ്ജനായിരിക്കണം; അദ്ദേഹത്തിന്റെയും മറ്റുള്ളവരുടെയും ജീവൻ അതിനെ ആശ്രയിച്ചാണിരിക്കുന്നത്. ക്രിസ്തുവിനു കീഴിലുള്ള ഒരു പടയാളി എന്നനിലയിൽ നിങ്ങളും അതുപോലെതന്നെ ഏകലക്ഷ്യത്തിൽ മനസ്സു കേന്ദ്രീകരിക്കുകയും ജീവരക്ഷാകരമായ ശുശ്രൂഷയിൽ പൂർണമായി പങ്കുപറ്റുന്നതിൽനിന്നു നിങ്ങളെ തടയുന്ന ഭൗതികത്വത്തിൽ കുടുങ്ങിപ്പോകുന്നത് ഒഴിവാക്കുകയും ചെയ്യണം.—മത്തായി 6:24; 1 തിമൊഥെയൊസ് 4:16; 2 തിമൊഥെയൊസ് 4:2, 5.
19 സുഖലോലുപമായ ഒരു ജീവിതം ലക്ഷ്യമിടുന്നതിനു പകരം ആത്മത്യാഗ മനോഭാവം നട്ടുവളർത്തുക. “ക്രിസ്തുയേശുവിന്റെ ഒരു ഭടൻ എന്നനിലയിൽ സുഖലോലുപമല്ലാത്ത ജീവിതം നയിക്കാൻ സന്നദ്ധരായിരിക്കുക.” (2 തിമൊഥെയൊസ് 2:3, ദി ഇംഗ്ലീഷ് ബൈബിൾ ഇൻ ബേസിക് ഇംഗ്ലീഷ്) പൗലൊസിനോടൊപ്പം യാത്രചെയ്യവേ, അങ്ങേയറ്റം പ്രയാസകരമായ സാഹചര്യങ്ങളിൽപ്പോലും സംതൃപ്തനായിരിക്കേണ്ടത് എങ്ങനെയെന്ന് തിമൊഥെയൊസ് പഠിച്ചു. (ഫിലിപ്പിയർ 4:11, 12; 1 തിമൊഥെയൊസ് 6:6-8) നിങ്ങൾക്കും അതു ചെയ്യാനാകും. രാജ്യതാത്പര്യങ്ങൾക്കായി ത്യാഗങ്ങൾ ചെയ്യാൻ നിങ്ങൾ സന്നദ്ധനാണോ?
അനുഗ്രഹങ്ങൾ—ഇപ്പോഴും ഭാവിയിലും
20, 21. (എ) ആത്മീയ ലാക്കുകൾവെച്ചു പ്രവർത്തിക്കുന്നതിന്റെ ചില അനുഗ്രഹങ്ങൾ വിവരിക്കുക. (ബി) എന്താണു നിങ്ങളുടെ തീരുമാനം?
20 ഏകദേശം 15 വർഷം തിമൊഥെയൊസ് പൗലൊസിനോടൊപ്പം ഉണ്ടായിരുന്നു. മെഡിറ്ററേനിയൻ പ്രദേശത്തിന്റെ വടക്കുഭാഗത്തേക്കു സുവാർത്ത വ്യാപിക്കവേ, പുതിയ സഭകളുടെ പിറവി നേരിൽ കണ്ട വ്യക്തിയാണു തിമൊഥെയൊസ്. ഒരു “സാധാരണ” ജീവിതം നയിക്കാൻ തീരുമാനിച്ചിരുന്നെങ്കിൽ കിട്ടുമായിരുന്ന എന്തിനെക്കാളും സംതൃപ്തികരവും സന്തോഷപ്രദവുമായിരുന്നു അവന്റെ ജീവിതം. ആത്മീയ ലാക്കുകൾവെച്ചു പ്രവർത്തിച്ചാൽ നിങ്ങൾക്കും അമൂല്യമായ ആത്മീയ അനുഗ്രഹങ്ങൾ ലഭിക്കും. നിങ്ങൾ യഹോവയോട് അടുക്കും; സഹക്രിസ്ത്യാനികളുടെ സ്നേഹവും ആദരവും നിങ്ങളെ തേടിയെത്തും. പണത്തിനു പിന്നാലെയുള്ള പരക്കംപാച്ചൽ വരുത്തിവെക്കുന്ന ദുഃഖവും ദുരിതവുമല്ല, പിന്നെയോ നിസ്സ്വാർഥമായ കൊടുക്കലിൽനിന്ന് ഉളവാകുന്ന യഥാർഥ സന്തോഷം നിങ്ങൾ ആസ്വദിക്കും. ഏറ്റവും പ്രധാനമായി, പറുദീസാഭൂമിയിലെ നിത്യജീവന്റെമേൽ, അതായത് ‘സാക്ഷാലുള്ള ജീവന്റെമേൽ ഒരു പിടി’ ഉണ്ടായിരിക്കാൻ നിങ്ങൾക്കു കഴിയും.—1 തിമൊഥെയൊസ് 6:9, 10, 17-19; പ്രവൃത്തികൾ 20:35.
21 അതുകൊണ്ട് ഉടൻതന്നെ ദൈവഭക്തിക്ക് തക്കവണ്ണം സ്വയം പരിശീലിപ്പിച്ചു തുടങ്ങാൻ ഹൃദയത്തിന്റെ ഭാഷയിൽ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്, ഇതുവരെയും അങ്ങനെ ചെയ്തിട്ടില്ലെങ്കിൽ. ആത്മീയ ലക്ഷ്യങ്ങളിലെത്താൻ നിങ്ങളെ സഹായിക്കാനാകുന്ന സഹോദരങ്ങളുമായി അടുക്കുക. അവരുടെ ഉപദേശം തേടുക. ക്രമമായ വ്യക്തിഗത പഠനത്തിനു മുൻതൂക്കം നൽകുക. പണത്തിനു പിന്നാലെ പരക്കംപായുന്ന ഈ ലോകത്തിന്റെ മനോഭാവം ചെറുക്കാൻ നിശ്ചയിച്ചുറയ്ക്കുക. ദൈവത്തിനു ബഹുമതി കൈവരുത്തുന്ന ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുന്ന പക്ഷം, “നമുക്കു സകലവും ധാരാളമായി അനുഭവിപ്പാൻ തരുന്ന” ദൈവം ഇപ്പോഴും ഭാവിയിലും നിങ്ങളുടെമേൽ അനുഗ്രഹങ്ങൾ വർഷിക്കുമെന്ന് വാക്കു തന്നിട്ടുണ്ട് എന്നകാര്യം എപ്പോഴും ഓർക്കുക.—1 തിമൊഥെയൊസ് 6:17.
[അടിക്കുറിപ്പ്]
a ഗ്രീക്കു സമൂഹം വിദ്യാഭ്യാസത്തിന് വലിയ മൂല്യം കൽപ്പിച്ചിരുന്നു. തിമൊഥെയൊസിന്റെ കാലത്തു ജീവിച്ചിരുന്ന പ്ലൂട്ടാർക്ക് ഇപ്രകാരം എഴുതി: എല്ലാ നന്മയുടെയും ഉറവിടമെന്നു പറയുന്നത് നല്ല വിദ്യാഭ്യാസമാണ്. . . . നല്ല ധാർമികതയും സന്തോഷവും അതിന്റെ ഉപോൽപ്പന്നങ്ങളാണെന്നു ഞാൻ പറയും. . . . മറ്റു നേട്ടങ്ങളെല്ലാം കേവലം മാനുഷികവും നിസ്സാരവും നമ്മുടെ കാര്യമായ ശ്രദ്ധ അർഹിക്കാത്തവയുമാണ്.”—മോറാല്യാ, I, “കുട്ടികളുടെ വിദ്യാഭ്യാസം.” (ഇംഗ്ലീഷ്)
നിങ്ങൾ ഓർമിക്കുന്നുവോ?
• ആത്മീയ ലാക്കുകൾവെച്ചു പ്രവർത്തിക്കുന്നതിനുള്ള സഹായം യുവജനങ്ങൾക്ക് എവിടെനിന്നു ലഭിക്കും?
• ബൈബിളിന്റെ ശ്രദ്ധാപൂർവകമായ പഠനം വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
• ഈ ലോകത്തിന്റെ ഭൗതികത്വ സമ്മർദങ്ങളെ യുവജനങ്ങൾക്ക് എങ്ങനെ ചെറുത്തുനിൽക്കാം?
• ആത്മീയ ലാക്കുകൾവെച്ചു പ്രവർത്തിക്കുന്നതിന്റെ അനുഗ്രഹങ്ങളേവ?
[24-ാം പേജിലെ ചിത്രം]
തിമൊഥെയൊസ് നല്ല ലക്ഷ്യങ്ങൾക്കായി പ്രവർത്തിച്ചു
[25-ാം പേജിലെ ചിത്രങ്ങൾ]
തിമൊഥെയൊസിന് പ്രോത്സാഹനമേകിയത് എന്തെല്ലാം?
[26-ാം പേജിലെ ചിത്രങ്ങൾ]
നിങ്ങൾ ആത്മീയ ലാക്കുകൾക്കായി പ്രവർത്തിക്കുന്നുണ്ടോ?