വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
കുറ്റവാളികളെ സ്തംഭത്തിൽ തൂക്കിക്കൊല്ലുന്ന രീതി ഇസ്രായേല്യർക്ക് ഉണ്ടായിരുന്നോ?
പുരാതനകാലത്ത് ചില കുറ്റവാളികളെ സ്തംഭത്തിലോ തൂണിലോ തറച്ച് കൊല്ലുന്ന രീതി പല രാജ്യങ്ങളിലും ഉണ്ടായിരുന്നു. റോമാക്കാരുടെ രീതി ഇങ്ങനെയായിരുന്നു: കുറ്റവാളികളെ സ്തംഭത്തിന്മേൽ ചേർത്തുകെട്ടുകയോ ആണിതറയ്ക്കുകയോ ചെയ്യും. കുറ്റവാളി സ്തംഭത്തിൽ കിടന്ന് കാറ്റും മഴയും വെയിലും ഏറ്റ് വേദനയും വിശപ്പും ദാഹവും കൊണ്ടു തളർന്ന് ഇഞ്ചിഞ്ചായി മരിക്കും. താഴേക്കിടയിലുള്ള കുറ്റവാളികൾക്കാണ് ഈ ശിക്ഷ നൽകിയിരുന്നത്. അപമാനകരമായ ഒരു ശിക്ഷയായിട്ടാണ് റോമാക്കാർ ഇതിനെ കരുതിയിരുന്നത്.
പുരാതന ഇസ്രായേലിലെ കാര്യമോ? കുറ്റവാളികളെ സ്തംഭത്തിൽ തൂക്കിക്കൊല്ലുന്ന രീതി ഇസ്രായേല്യർക്ക് ഉണ്ടായിരുന്നോ? മോശൈകന്യായപ്രമാണം ഇങ്ങനെ അനുശാസിക്കുന്നു: “ഒരുത്തൻ മരണയോഗ്യമായ ഒരു പാപം ചെയ്തിട്ടു അവനെ കൊന്നു ഒരു മരത്തിൽ തൂക്കിയാൽ അവന്റെ ശവം മരത്തിന്മേൽ രാത്രിമുഴുവനും ഇരിക്കരുതു; അന്നുതന്നേ അതു കുഴിച്ചിടേണം.” (ആവ. 21:22) അതുകൊണ്ട് എബ്രായതിരുവെഴുത്തുകൾ എഴുതപ്പെട്ട കാലത്ത്, വധശിക്ഷ അർഹിക്കുന്ന ഒരു വ്യക്തിയെ ആദ്യം വധിക്കുകയും പിന്നെ സ്തംഭത്തിലോ മരത്തിലോ തൂക്കുകയും ആയിരുന്നുവെന്ന് വ്യക്തമാണ്.
ഇതിനോടുള്ള ബന്ധത്തിൽ ലേവ്യപുസ്തകം 20:2 ഇങ്ങനെ പറയുന്നു: “യിസ്രായേൽമക്കളിലോ യിസ്രായേലിൽ വന്നു പാർക്കുന്ന പരദേശികളിലോ ആരെങ്കിലും തന്റെ സന്തതിയിൽ ഒന്നിനെ മോലെക്കിന്നു കൊടുത്താൽ അവൻ മരണശിക്ഷ അനുഭവിക്കേണം; ദേശത്തിലെ ജനം അവനെ കല്ലെറിയേണം.” “വെളിച്ചപ്പാടോ മന്ത്രവാദമോ ഉള്ള” ആരെങ്കിലും ഉണ്ടെങ്കിൽ അവരെയും കൊല്ലണമായിരുന്നു. എങ്ങനെ? “അവരെ കല്ലെറിഞ്ഞു കൊല്ലേണം” എന്നായിരുന്നു കൽപ്പന.—ലേവ്യ. 20:27.
ആവർത്തനപുസ്തകം 22:23, 24-ൽ നാം ഇപ്രകാരം വായിക്കുന്നു: “വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്ന കന്യകയായ ഒരു യുവതിയെ ഒരുത്തൻ പട്ടണത്തിൽവെച്ചു കണ്ടു അവളോടുകൂടെ ശയിച്ചാൽ യുവതി പട്ടണത്തിൽ ആയിരുന്നിട്ടും നിലവിളിക്കായ്കകൊണ്ടും പുരുഷൻ കൂട്ടുകാരന്റെ ഭാര്യക്കു പോരായ്ക വരുത്തിയതുകൊണ്ടും നിങ്ങൾ അവരെ ഇരുവരെയും പട്ടണവാതില്ക്കൽ കൊണ്ടുവന്നു കല്ലെറിഞ്ഞു കൊല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്നു ദോഷം നീക്കിക്കളയേണം.” അതുകൊണ്ട് പുരാതന ഇസ്രായേലിൽ ഹീനമായ കുറ്റം ചെയ്ത വ്യക്തിയെ കല്ലെറിഞ്ഞു കൊന്നാണ് വധശിക്ഷ നടപ്പാക്കിയിരുന്നത്.a
എബ്രായതിരുവെഴുത്തുകൾ എഴുതപ്പെട്ട കാലത്ത് വധശിക്ഷ അർഹിക്കുന്ന ഒരു വ്യക്തിയെ ആദ്യം വധിക്കുകയും പിന്നെ സ്തംഭത്തിലോ മരത്തിലോ തൂക്കുകയും ആയിരുന്നു
നിയമാവർത്തനം (ആവർത്തനപുസ്തകം) 21:23, (പി.ഒ.സി.) “മരത്തിൽ തൂക്കപ്പെട്ടവൻ ദൈവത്താൽ ശപിക്കപ്പെട്ടവനാണ്” എന്നു പ്രസ്താവിക്കുന്നു. “ദൈവത്താൽ ശപിക്കപ്പെട്ട” ദുഷ്ടനായ ഒരു വ്യക്തിയുടെ മൃതദേഹം സ്തംഭത്തിന്മേലോ മരത്തിന്മേലോ തൂക്കി പരസ്യമായി പ്രദർശിപ്പിക്കുന്നത് മറ്റുള്ളവർക്ക് ഒരു മുന്നറിയിപ്പായി ഉതകുമായിരുന്നു.
a ന്യായപ്രമാണമനുസരിച്ച്, ഒരു കുറ്റവാളിയെ വധിച്ചതിനുശേഷമാണ് സ്തംഭത്തിൽ തൂക്കിയിരുന്നതെന്ന് മിക്ക പണ്ഡിതന്മാരും സമ്മതിക്കുന്നു. എന്നാൽ ഒന്നാം നൂറ്റാണ്ടോടെ യഹൂദന്മാർ ചില കുറ്റവാളികളെ സ്തംഭത്തിലേറ്റി വധിച്ചതായി തെളിവുകൾ സൂചിപ്പിക്കുന്നു.