യഹോവയുമായി നിങ്ങൾക്ക് എത്രത്തോളം ബന്ധമുണ്ട്?
“ദൈവത്തോട് അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോട് അടുത്തു വരും.”—യാക്കോ. 4:8.
1. യഹോവയുമായുള്ള നമ്മുടെ ബന്ധം ശക്തമാക്കി നിറുത്തേണ്ടത് എന്തുകൊണ്ട്?
നിങ്ങൾ യഹോവയുടെ സ്നാനമേറ്റ ഒരു സാക്ഷിയാണെങ്കിൽ നിങ്ങൾക്ക് വളരെ വിലപ്പെട്ടതായി ഒന്നുണ്ട്. യഹോവയുമായുള്ള ഉറ്റബന്ധം. എന്നാൽ ആ ബന്ധത്തിന് സാത്താന്റെ ലോകവും നമ്മുടെതന്നെ അപൂർണതകളും തുരങ്കം വെക്കുന്നു. അതുകൊണ്ട് നമ്മൾ എല്ലാവരും യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ നമ്മളാലാവുന്നത്ര ശക്തമായി നിലനിറുത്തണം.
2. (എ) ബന്ധം എന്നതുകൊണ്ട് എന്താണ് അർഥമാക്കുന്നത്? (അടിക്കുറിപ്പു കാണുക.) (ബി) യഹോവയുമായുള്ള ബന്ധം നമുക്ക് എങ്ങനെ കൂടുതൽ ശക്തമാക്കാൻ കഴിയും?
2 നിങ്ങൾക്ക് യഹോവ ഒരു യഥാർഥ വ്യക്തിയാണോ? യഹോവ നിങ്ങളുടെ സുഹൃത്താണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? യഹോവയുമായി ഇപ്പോഴുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ എന്താണ് ചെയ്യേണ്ടതെന്ന് യാക്കോബ് 4:8 പറയുന്നു: “ദൈവത്തോട് അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോട് അടുത്തു വരും.” യഹോവയുമായുള്ള നിങ്ങളുടെ ബന്ധത്തിൽ നിങ്ങളും യഹോവയും ഉൾപ്പെടുന്നുണ്ട്.a യഹോവയോട് അടുത്തുചെല്ലാൻ നിങ്ങൾ പടികൾ സ്വീകരിക്കുന്നെങ്കിൽ നിങ്ങളോട് അടുത്തുവരാൻ യഹോവയും പടികൾ സ്വീകരിക്കും. എത്രയധികം ഇതു ചെയ്യുന്നുവോ അത്രയധികം യഹോവ നിങ്ങൾക്ക് യഥാർഥമായിത്തീരും. യഹോവയുമായുള്ള നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമായിത്തീരുമ്പോൾ യേശുവിനു തോന്നിയതുപോലെ നിങ്ങൾക്കും തോന്നും: “സാക്ഷാലുള്ളവൻ എന്നെ അയച്ചതത്രേ; . . . ഞാനോ അവനെ അറിയുന്നു.” (യോഹ. 7:28, 29) എന്നാൽ യഹോവയോട് അടുത്തുചെല്ലുന്നതിനായി നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന മറ്റു ചില കാര്യങ്ങൾ എന്തെല്ലാമാണ്?
3. യഹോവയുമായി നിങ്ങൾക്ക് എങ്ങനെ ആശയവിനിമയം നടത്താൻ കഴിയും?
3 യഹോവയോട് അടുത്തുചെല്ലാൻ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾക്കും യഹോവയ്ക്കും ഇടയിൽ ക്രമമായ ഒരു ആശയവിനിമയം ആവശ്യമാണ്. എന്നാൽ ഇത് എങ്ങനെയാണ് സാധ്യമാവുക? വളരെ ദൂരെയുള്ള ഒരു സുഹൃത്തുമായി നിങ്ങൾ എങ്ങനെയാണ് ആശയവിനിമയം നടത്താറുള്ളത് എന്നൊന്ന് ചിന്തിക്കുക. ഇടയ്ക്കിടെ കത്തെഴുതുകയോ ഫോണിലൂടെ സംസാരിക്കുകയോ ചെയ്യും. യഹോവയോട് നിരന്തരം പ്രാർഥിക്കുമ്പോൾ നിങ്ങൾ യഹോവയോട് സംസാരിക്കുകയാണ്. (സങ്കീർത്തനം 142:2 വായിക്കുക.) എന്നാൽ, നിങ്ങളോട് സംസാരിക്കാൻ യഹോവയെ എങ്ങനെ അനുവദിക്കാം? ക്രമമായി ബൈബിൾ വായിക്കുകയും ധ്യാനിക്കുകയും ചെയ്തുകൊണ്ട്. (യെശയ്യാവു 30:20, 21 വായിക്കുക.) ഇത്തരത്തിലുള്ള ആശയവിനിമയം യഹോവയുമായുള്ള നിങ്ങളുടെ ബന്ധം എങ്ങനെ ശക്തിപ്പെടുത്തും? യഹോവയെ നിങ്ങളുടെ യഥാർഥ സുഹൃത്താക്കാൻ ഈ ആശയവിനിമയം എങ്ങനെ സഹായിക്കും? നമുക്കു നോക്കാം.
യഹോവയെ സംസാരിക്കാൻ അനുവദിക്കുക—ബൈബിൾ വായിച്ചുകൊണ്ട്
4, 5. ബൈബിൾ പഠിക്കുമ്പോൾ യഹോവ നിങ്ങളോട് സംസാരിക്കുന്നത് എങ്ങനെയാണ്? ഉദാഹരണം നൽകുക.
4 എല്ലാവർക്കും വേണ്ടിയുള്ള ദൈവത്തിന്റെ സന്ദേശമാണ് ബൈബിളെന്ന് നമുക്ക് അറിയാം. എന്നാൽ യഹോവയോട് അടുത്തുചെല്ലാൻ ബൈബിളിന് നിങ്ങളെ സഹായിക്കാൻ കഴിയുമോ? തീർച്ചയായും. ദിവസവും ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്യുമ്പോൾ, വായിക്കുന്നതിനെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു എന്നതിന് അടുത്ത ശ്രദ്ധ നൽകുക. പഠിച്ച കാര്യങ്ങൾ എങ്ങനെ പ്രാവർത്തികമാക്കാം എന്നതിനെക്കുറിച്ച് ചിന്തിക്കുക. ഇപ്രകാരം ചെയ്യുമ്പോൾ നിങ്ങളോട് സംസാരിക്കാൻ നിങ്ങൾ യഹോവയെ അനുവദിക്കുകയാണ്. അങ്ങനെ, ദൈവം നിങ്ങളെ സഹായിക്കുന്ന ഒരു ഉറ്റസുഹൃത്തായിത്തീരും; നിങ്ങൾ ദൈവത്തോടു കൂടുതൽ അടുക്കുകയും ചെയ്യും.—എബ്രാ. 4:12; യാക്കോ. 1:23-25.
5 ഉദാഹരണത്തിന്, “ഈ ഭൂമിയിൽ നിക്ഷേപങ്ങൾ സ്വരൂപിക്കുന്നതു മതിയാക്കുവിൻ” എന്ന യേശുവിന്റെ വാക്കുകൾ വായിക്കുമ്പോൾ നിങ്ങൾക്ക് എന്താണ് തോന്നുന്നത്? ജീവിതത്തിൽ യഹോവയ്ക്കു മുഖ്യസ്ഥാനം നൽകാൻ പരമാവധി ശ്രമിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ, യഹോവ നിങ്ങളെ അഭിനന്ദിക്കുന്നതായി നിങ്ങൾക്ക് അനുഭവപ്പെടും. നേരേമറിച്ച് ആ വാക്യം വായിക്കുമ്പോൾ, ജീവിതം ലളിതമാക്കി യഹോവയെ സേവിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് നിങ്ങൾക്ക് തോന്നുന്നത് എന്നു കരുതുക. അപ്പോൾ, തന്നോട് കൂടുതൽ അടുത്തുവരാൻ നിങ്ങൾ എന്താണ് ചെയ്യേണ്ടതെന്ന് മനസ്സിലാക്കാൻ യഹോവ നിങ്ങളെ സഹായിക്കുകയാണ്.—മത്താ. 6:19, 20.
6, 7. (എ) നമ്മൾ ബൈബിൾ പഠിക്കുമ്പോൾ യഹോവയ്ക്കും നമുക്കും ഇടയിലുള്ള സ്നേഹത്തിന് എന്തു സംഭവിക്കുന്നു? (ബി) ബൈബിൾ പഠിക്കുമ്പോൾ നമുക്കുണ്ടായിരിക്കേണ്ട മുഖ്യലക്ഷ്യം എന്തായിരിക്കണം?
6 ബൈബിൾ പഠിക്കുമ്പോൾ, യഹോവയെ മെച്ചമായി സേവിക്കുന്നതിന് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് നാം മനസ്സിലാക്കും എന്നത് ശരിയാണ്. കൂടാതെ, ദൈവം നമുക്കായി സ്നേഹപൂർവം ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചും ദൈവത്തിന്റെ വിശിഷ്ടമായ വ്യക്തിത്വത്തെക്കുറിച്ചും നമ്മൾ പഠിക്കും. അത് ദൈവത്തെ കൂടുതൽ സ്നേഹിക്കാൻ നമ്മെ പ്രചോദിപ്പിക്കും. അങ്ങനെ, ദൈവത്തോടുള്ള നമ്മുടെ സ്നേഹം കൂടുന്നതനുസരിച്ച് നമ്മോടുള്ള ദൈവത്തിന്റെ സ്നേഹവും വർധിക്കും. ദൈവവുമായുള്ള നമ്മുടെ ബന്ധം ബലിഷ്ഠമായിത്തീരുകയും ചെയ്യും.—1 കൊരിന്ത്യർ 8:3 വായിക്കുക.
7 യഹോവയോട് അടുക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, ഉചിതമായ ലക്ഷ്യത്തോടെയായിരിക്കണം നമ്മൾ ബൈബിൾ പഠിക്കേണ്ടത്. അത് വളരെ പ്രധാനമാണ്. യേശു ഇങ്ങനെ പറഞ്ഞു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ച യേശുക്രിസ്തുവിനെയും അവർ അറിയുന്നതല്ലോ നിത്യജീവൻ.” (യോഹ. 17:3) ബൈബിൾ വായിക്കുമ്പോൾ താത്പര്യജനകമായ പല പുതിയ കാര്യങ്ങളും പഠിക്കാനാകും. പക്ഷേ, നമ്മുടെ മുഖ്യലക്ഷ്യം യഹോവയെ ഒരു വ്യക്തിയെന്ന നിലയിൽ കൂടുതൽ അടുത്തറിയുക എന്നതായിരിക്കണം.—പുറപ്പാടു 33:13 വായിക്കുക; സങ്കീ. 25:4.
8. (എ) അസര്യാവിനോട് യഹോവ ഇടപെട്ട വിധത്തെക്കുറിച്ച് ചിലർക്ക് എന്തു തോന്നിയേക്കാം? (ബി) യഹോവയെക്കുറിച്ച് നന്നായി അറിയാമെങ്കിൽ യഹോവ ചെയ്യുന്ന കാര്യങ്ങളെ നിങ്ങൾ എങ്ങനെ വീക്ഷിക്കും?
8 നമ്മൾ യഹോവയെ ഒരു ഉറ്റസുഹൃത്തായി അടുത്തറിയുമ്പോൾ, ചില പ്രത്യേകവിധങ്ങളിൽ ദൈവം പ്രവർത്തിച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ബൈബിൾ എല്ലായ്പോഴും വിശദീകരിച്ചില്ലെങ്കിലും അതിനെപ്രതി നമ്മൾ അസ്വസ്ഥരാകില്ല. ഉദാഹരണത്തിന്, യെഹൂദാരാജാവായിരുന്ന അസര്യാവിന്റെ കാലത്ത് ജനം വ്യാജദൈവങ്ങളെ ആരാധിച്ചുപോന്നു. എന്നാൽ അസര്യാവ് അതിൽ ഉൾപ്പെട്ടില്ല. പകരം, “അവൻ . . . യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു.” (2 രാജാ. 15:1-5) എന്നാൽ യഹോവ അസര്യാവിനെ കുഷ്ഠം വരുത്തിക്കൊണ്ട് ശിക്ഷിച്ചു. എന്തുകൊണ്ട്? അതേക്കുറിച്ച് ഈ വിവരണം ഒന്നും പറയുന്നില്ല. അങ്ങനെയെങ്കിൽ, യഹോവയുടെ ഈ പ്രവൃത്തിയെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു? തക്കതായ കാരണമില്ലാതെ യഹോവ അസര്യാവിനെ ശിക്ഷിച്ചത് ശരിയായില്ലെന്നു ചിന്തിച്ച് നിങ്ങൾ അസ്വസ്ഥരാകുമോ? ഇല്ല. നിങ്ങൾക്ക് യഹോവയെ നന്നായി അറിയാമെങ്കിൽ, അവൻ കൊടുക്കുന്ന ശിക്ഷണം എപ്പോഴും ഉചിതമായിരിക്കുമെന്ന് നിങ്ങൾക്ക് ബോധ്യമുണ്ടായിരിക്കും. ദൈവം എല്ലായ്പോഴും “ന്യായത്തോടെ”യായിരിക്കും ശിക്ഷിക്കുക. (യിരെ. 30:11) അതുകൊണ്ട്, എന്തു കാരണത്താലാണ് അസര്യാവിനെ ശിക്ഷിച്ചതെന്ന് അറിയില്ലെങ്കിലും യഹോവ ചെയ്തത് ശരിയാണെന്ന് നമുക്ക് ഉറപ്പുള്ളവരായിരിക്കാൻ കഴിയും.
9. യഹോവ അസര്യാവിന് കുഷ്ഠം വരുത്തിയത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ കൂടുതലായ ഏതു വിശദാംശങ്ങൾ നമ്മെ സഹായിക്കുന്നു?
9 അസര്യാവിന് ഉസ്സീയാവ് എന്നും പേരുണ്ട്. (2 രാജാ. 15:7, 32) 2 ദിനവൃത്താന്തം 26:3-5, 16-21-ൽ അവനെക്കുറിച്ച് കൂടുതലായ വിവരങ്ങൾ ലഭ്യമാണ്. അവിടെ, അവൻ “യഹോവെക്കു പ്രസാദമായുള്ളതു ചെയ്തൂ” എന്നും എന്നാൽ പിന്നീട് “അവന്റെ ഹൃദയം അവന്റെ നാശത്തിന്നായിട്ടു നിഗളിച്ചു” എന്നും പറയുന്നു. പുരോഹിതന്മാർ മാത്രം ചെയ്യേണ്ടിയിരുന്ന ചില കാര്യങ്ങൾ രാജാവ് ചെയ്യാൻ ശ്രമിച്ചു. 81 പുരോഹിതന്മാർ അവന്റെ തെറ്റു ചൂണ്ടിക്കാട്ടി അവനെ വിലക്കാൻ ശ്രമിച്ചു. എന്നാൽ അവൻ എങ്ങനെയാണ് പ്രതികരിച്ചത്? അഹങ്കാരത്താൽ അവൻ കോപാകുലനായി! യഹോവ അസര്യാവിന് കുഷ്ഠം വരുത്തിയത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ കൂടുതലായ ഈ വിശദാംശങ്ങൾ നമ്മെ സഹായിക്കുന്നു.
10. (എ) യഹോവ ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും പിന്നിലുള്ള കാരണങ്ങളെക്കുറിച്ച് നമ്മൾ അറിയേണ്ടതില്ലാത്തത് എന്തുകൊണ്ട്? (ബി) യഹോവ ചെയ്യുന്ന എല്ലാ കാര്യങ്ങളും ശരിയാണെന്ന് ഉറപ്പോടെ വിശ്വസിക്കാൻ നമുക്ക് എങ്ങനെ കഴിയും?
10 നമ്മൾ ഇതിൽനിന്ന് ഏതു പ്രധാനപാഠമാണ് പഠിക്കുന്നത്? യഹോവ അസര്യാവിനെ ശിക്ഷിച്ചത് എന്തുകൊണ്ടാണെന്നു മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്ന ധാരാളം വിശദാംശങ്ങൾ ഈ വിവരണത്തിലുണ്ട്. എന്നാൽ ബൈബിൾ കൂടുതലായ വിശദാംശങ്ങൾ നൽകാത്ത സാഹചര്യങ്ങളിൽ നിങ്ങൾ എന്തു ചെയ്യും? യഹോവ ചെയ്തതു ശരിതന്നെയാണോ എന്നു നിങ്ങൾ ഒരുവേള ചിന്തിച്ചേക്കുമോ? അതോ, ദൈവം ചെയ്യുന്ന കാര്യങ്ങൾ എല്ലായ്പോഴും ശരിയാണെന്നു വിശ്വസിക്കാൻ മതിയായ കാരണങ്ങൾ ബൈബിളിലുണ്ടെന്ന് നിങ്ങൾക്ക് തോന്നുമോ? (ആവ. 32:4) ഒരു വ്യക്തിയെന്ന നിലയിൽ യഹോവയെ നിങ്ങൾ എത്രയധികം അറിയുന്നുവോ അത്രയധികം അവനെ നിങ്ങൾ സ്നേഹിക്കുകയും ആശ്രയിക്കുകയും ചെയ്യും. അങ്ങനെയാകുമ്പോൾ, യഹോവ ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും കാരണം അറിയേണ്ടതായി വരില്ല. ബൈബിൾ പഠിക്കുന്തോറും യഹോവ നിങ്ങൾക്ക് കൂടുതൽ യാഥാർഥ്യമായിത്തീരുകയും അവനോട് നിങ്ങൾ കൂടുതൽ അടുക്കുകയും ചെയ്യും.—സങ്കീ. 77:12, 13.
യഹോവയോടു സംസാരിക്കുക—പ്രാർഥിച്ചുകൊണ്ട്
11-13. യഹോവ പ്രാർഥനകൾ കേൾക്കുന്നുണ്ടെന്ന ബോധ്യമുണ്ടായിരിക്കാൻ നമ്മെ എന്തു സഹായിക്കും? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
11 പ്രാർഥിക്കുമ്പോൾ നമ്മൾ യഹോവയോട് അടുത്തുചെല്ലുന്നു. നമ്മൾ ദൈവത്തെ സ്തുതിക്കുന്നു, അവനു നന്ദി അർപ്പിക്കുന്നു, അവന്റെ സഹായത്തിനായി അപേക്ഷിക്കുന്നു. (സങ്കീ. 32:8) എന്നാൽ, യഹോവയുമായി ഒരു ഉറ്റ സുഹൃദ്ബന്ധം ആഗ്രഹിക്കുന്നെങ്കിൽ നിങ്ങളുടെ പ്രാർഥനകൾ ദൈവം കേൾക്കുന്നുണ്ടെന്ന് നിങ്ങൾക്കു ബോധ്യപ്പെടണം.
12 പ്രാർഥനകളൊന്നും ദൈവം കേൾക്കുന്നില്ലെന്നും ആശ്വാസം കിട്ടാൻവേണ്ടി ചെയ്യുന്ന ഒരു പ്രവൃത്തി മാത്രമാണ് പ്രാർഥനയെന്നും ആണ് ചിലരുടെ അഭിപ്രായം. പ്രശ്നങ്ങളെക്കുറിച്ചു സ്വയമേ ചിന്തിച്ച് പോംവഴി കണ്ടെത്താനുള്ള ഒരു മാർഗം മാത്രമാണ് പ്രാർഥനയെന്ന് അവർ അവകാശപ്പെടുന്നു. പ്രാർഥന നമ്മെ ഈ വിധങ്ങളിൽ സഹായിച്ചേക്കാം എന്നതു സത്യമാണ്. എന്നാൽ പ്രാർഥനയിലൂടെ നിങ്ങൾ യഹോവയോടു സംസാരിക്കുമ്പോൾ തീർച്ചയായും യഹോവ നിങ്ങളുടെ വാക്കുകൾ കേൾക്കുന്നുണ്ട്. നമുക്ക് അത് എങ്ങനെ വിശ്വസിക്കാം?
13 ഇതേക്കുറിച്ച് ഒന്നു ചിന്തിക്കുക: ഭൂമിയിലുള്ള തന്റെ ദാസന്മാരുടെ പ്രാർഥനകൾക്ക് യഹോവ ഉത്തരം നൽകുന്നത് സ്വർഗത്തിലായിരുന്നപ്പോൾ യേശു കണ്ടിട്ടുണ്ടായിരുന്നു. ഭൂമിയിലായിരിക്കേ, യേശു തന്റെ ചിന്തകളും വികാരങ്ങളും പ്രാർഥനയിലൂടെ സ്വർഗീയ പിതാവിനെ അറിയിച്ചു. ഒരിക്കൽ ഒരു രാത്രി മുഴുവനും യേശു പ്രാർഥിച്ചു. (ലൂക്കോ. 6:12; 22:40-46) കൂടാതെ, യഹോവയോട് എങ്ങനെ പ്രാർഥിക്കണമെന്ന് യേശു ശിഷ്യന്മാരെ പഠിപ്പിക്കുകയും ചെയ്തു. യഹോവ വാസ്തവത്തിൽ പ്രാർഥന കേൾക്കുന്നവനല്ലായിരുന്നെങ്കിൽ യേശു അങ്ങനെ ചെയ്യുമായിരുന്നോ? യഹോവ പ്രാർഥന കേൾക്കുന്നവനാണെന്ന് യേശുവിന് വ്യക്തമായി അറിയാമായിരുന്നു. ഒരവസരത്തിൽ, “പിതാവേ, നീ എന്റെ അപേക്ഷ കേട്ടതിനാൽ ഞാൻ നിനക്കു നന്ദി നൽകുന്നു. നീ എപ്പോഴും എന്റെ അപേക്ഷ കേൾക്കുന്നുവെന്ന് എനിക്കറിയാം” എന്നുപോലും യേശു പിതാവിനോട് പറയുകയുണ്ടായി. നമുക്കും യഹോവ നമ്മുടെ പ്രാർഥന കേൾക്കുന്നുണ്ടെന്ന് പൂർണബോധ്യമുണ്ടായിരിക്കാനാകും.—യോഹ. 11:41, 42; സങ്കീ. 65:2.
14, 15. (എ) ഓരോ കാര്യവും എടുത്തു പറഞ്ഞുകൊണ്ട് പ്രാർഥിക്കുന്നതിൽനിന്ന് നമുക്ക് എന്തു പ്രയോജനമാണ് ലഭിക്കുന്നത്? (ബി) കാത്തിയുടെ പ്രാർഥനകൾ യഹോവയോട് കൂടുതൽ അടുക്കാൻ അവളെ സഹായിച്ചത് എങ്ങനെ?
14 നിങ്ങളുടെ പ്രാർഥനകളുടെ ഉത്തരം എല്ലായ്പോഴും പ്രകടമായ വിധത്തിൽ കാണാൻ പറ്റിയെന്നുവരില്ല. എന്നാൽ ഒരു കാര്യത്തിനുവേണ്ടി എടുത്തു പറഞ്ഞ് പ്രാർഥിക്കുകയാണെങ്കിൽ അതേക്കുറിച്ചുള്ള യഹോവയുടെ ഉത്തരം നിങ്ങൾക്ക് കൂടുതൽ വ്യക്തമായി കാണാനാകും. യഹോവ നിങ്ങൾക്ക് ഒരു യഥാർഥ വ്യക്തിയായിത്തീരുകയും ചെയ്യും. നിങ്ങളെ അലട്ടുന്ന എല്ലാ വിഷമങ്ങളെയും കുറിച്ച് യഹോവയോട് തുറന്നു സംസാരിക്കുന്നെങ്കിൽ യഹോവ നിങ്ങളോട് അടുത്തുവരും.
15 ഉദാഹരണത്തിന്, കാത്തിb എന്ന സഹോദരി ഒട്ടും താത്പര്യമില്ലാതെയാണ് വയൽസേവനത്തിൽ ഏർപ്പെട്ടിരുന്നത്. അവൾ ഇങ്ങനെ പറയുന്നു: “വയൽസേവനം എനിക്കു ഇഷ്ടമല്ല, എനിക്ക് ഒട്ടും ഇഷ്ടമല്ല.” എന്നാൽ അവൾ ജോലിയിൽനിന്നു വിരമിച്ചപ്പോൾ ഒരു സാധാരണ പയനിയറായി പ്രവർത്തിക്കാൻ ഒരു മൂപ്പൻ അവളെ പ്രോത്സാഹിപ്പിച്ചു. അവൾ തുടർന്ന് ഇങ്ങനെ പറയുന്നു: “അദ്ദേഹം എനിക്ക് ഒരു അപേക്ഷാഫാറം നൽകുകപോലും ചെയ്തു. ഞാൻ പയനിയറിങ് ചെയ്യാൻ തീരുമാനിച്ചു. എന്നാൽ അതോടൊപ്പം വയൽസേവനം ആസ്വദിക്കാൻ എന്നെ സഹായിക്കണമേ എന്നും ഞാൻ യഹോവയോട് പ്രാർഥിക്കാൻ തുടങ്ങി.” യഹോവ അവളുടെ പ്രാർഥനകൾക്ക് ഉത്തരം നൽകിയോ? മൂന്നു വർഷം പയനിയറിങ് ചെയ്തശേഷം അവൾ ഇപ്പോൾ ഇങ്ങനെ പറയുന്നു: “ശുശ്രൂഷയിൽ കൂടുതൽ സമയം ചെലവഴിക്കുകയും മറ്റു സഹോദരിമാരിൽനിന്നു പഠിക്കുകയും ചെയ്യുന്നതിനാൽ സാക്ഷീകരിക്കാനുള്ള എന്റെ പ്രാപ്തി ക്രമേണ വർധിച്ചിരിക്കുന്നു. ഇപ്പോൾ വയൽശുശ്രൂഷ എനിക്കു ഇഷ്ടമാണെന്നു മാത്രമല്ല, അത് എനിക്കു ജീവനാണ്. ഇതിലെല്ലാം ഉപരി, എനിക്കു യഹോവയുമായി മുമ്പുണ്ടായിരുന്നതിലും വളരെ അടുത്ത ഒരു ബന്ധമാണ് ഇപ്പോഴുള്ളത്.” അവളുടെ പ്രാർഥനകൾ യഹോവയോട് കൂടുതൽ അടുത്തുചെല്ലാൻ അവളെ സഹായിച്ചു എന്നതിൽ സംശയമില്ല.
നിങ്ങളുടെ പങ്ക് നിർവഹിക്കുക
16, 17. (എ) യഹോവയുമായുള്ള ബന്ധം ശക്തമാക്കുന്നതിൽ തുടരാൻ നമ്മൾ എന്തു ചെയ്യണം? (ബി) അടുത്ത ലേഖനത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?
16 യഹോവയുമായി അടുത്ത ബന്ധം വളർത്തിയെടുക്കുന്നത് ഒരു ആജീവനാന്ത ശ്രമമാണ്. അതുകൊണ്ട് ക്രമമായി ബൈബിൾ പഠിച്ചുകൊണ്ടും പ്രാർഥിച്ചുകൊണ്ടും നമുക്ക് ദൈവവുമായി നല്ല ആശയവിനിമയം നടത്തുന്നതിൽ തുടരാം. നമ്മൾ അപ്രകാരം ചെയ്യുന്നെങ്കിൽ യഹോവയുമായുള്ള നമ്മുടെ ബന്ധം കൂടുതൽക്കൂടുതൽ ശക്തമാകുമെന്നു മാത്രമല്ല, വരാനിരിക്കുന്ന പരിശോധനകളെ സഹിച്ചുനിൽക്കാനും അത് നമ്മെ പ്രാപ്തരാക്കും.
17 നിരന്തരം യഹോവയോടു പ്രാർഥിക്കുന്നുണ്ടെങ്കിലും ചിലപ്പോൾ വ്യക്തിപരമായ പ്രശ്നങ്ങളാൽ നമ്മൾ ബുദ്ധിമുട്ടനുഭവിക്കുന്നു. ഇത്തരം സമയങ്ങളിൽ യഹോവയിലുള്ള നമ്മുടെ വിശ്വാസം മങ്ങിത്തുടങ്ങിയേക്കാം. യഹോവ നമ്മുടെ പ്രാർഥന കേൾക്കുന്നില്ലെന്നും നമ്മൾ യഹോവയുടെ സുഹൃത്താണോ എന്നുപോലും ഒരുപക്ഷേ നമ്മൾ ചിന്തിച്ചുപോയേക്കാം. ഈ വിധത്തിൽ നിങ്ങൾ ചിന്തിച്ചുതുടങ്ങിയിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും? അടുത്ത ലേഖനം അതിനു നിങ്ങളെ സഹായിക്കും.
a രണ്ടു വ്യക്തികൾക്ക് അന്യോന്യം തോന്നുന്ന വികാരങ്ങളും അവരുടെ ഇടപെടലുകളും ഉൾപ്പെടുന്നതാണ് ബന്ധം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു ബന്ധം ശക്തമായി നിറുത്തുന്നതിൽ രണ്ടുകൂട്ടർക്കും പങ്കുണ്ട്.
b പേര് മാറ്റിയിരിക്കുന്നു.