ചെറുപ്പക്കാരേ, നിങ്ങൾ സന്തോഷിക്കാൻ സ്രഷ്ടാവ് ആഗ്രഹിക്കുന്നു
“ജീവിതകാലം മുഴുവൻ നല്ല കാര്യങ്ങളാൽ (ദൈവം) നിന്നെ തൃപ്തനാക്കുന്നു.”—സങ്കീ. 103:5.
1, 2. ഭാവിയിൽ എന്തു ചെയ്യണമെന്നു തീരുമാനമെടുക്കുമ്പോൾ, നമ്മുടെ സ്രഷ്ടാവിനെ ശ്രദ്ധിക്കേണ്ടത് ജ്ഞാനമായിരിക്കുന്നത് എന്തുകൊണ്ട്? (ലേഖനാരംഭത്തിലെ ചിത്രങ്ങൾ കാണുക.)
ചെറുപ്പക്കാരേ, ഭാവിയിൽ എന്തു ചെയ്യണം എന്നതിനെക്കുറിച്ച് നിങ്ങൾക്കു ധാരാളം ഉപദേശങ്ങൾ കിട്ടുന്നുണ്ടായിരിക്കും. ഉന്നതവിദ്യാഭ്യാസം നേടാനും നല്ല ശമ്പളമുള്ള ജോലി സമ്പാദിക്കാനും ഒക്കെയായിരിക്കും അധ്യാപകരും, ഉപദേശകരും, മറ്റു പലരും നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. എന്നാൽ തികച്ചും വ്യത്യസ്തമായ ഒരു പാത തിരഞ്ഞെടുക്കാനാണ് യഹോവ നിങ്ങളോടു പറയുന്നത്. സ്കൂളിലായിരിക്കുമ്പോൾ, നിങ്ങൾ നന്നായി പഠിക്കാൻ ദൈവം ആഗ്രഹിക്കുന്നു. എങ്കിലേ പഠനം പൂർത്തിയാക്കുമ്പോൾ നിങ്ങൾക്ക് ഒരു തൊഴിൽ കണ്ടെത്താൻ കഴിയൂ. (കൊലോ. 3:23) എന്നാൽ ജീവിതത്തിൽ ഏതു കാര്യങ്ങൾക്കാണു മുൻഗണന കൊടുക്കേണ്ടതെന്നു നിങ്ങൾ തീരുമാനമെടുക്കേണ്ടിവരും. ഇത് അവസാനകാലമായതുകൊണ്ട് ദൈവത്തിനു നമ്മളെക്കുറിച്ചുള്ള ഇഷ്ടവും ഉദ്ദേശ്യവും വെളിപ്പെടുത്തുന്ന ബൈബിൾതത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ അങ്ങനെ ചെയ്യാൻ ദൈവം നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.—മത്താ. 24:14.
2 കാര്യങ്ങളെക്കുറിച്ചുള്ള മുഴുചിത്രവും യഹോവയ്ക്ക് അറിയാമെന്ന് ഓർക്കുക. ഈ ലോകത്തെ കാത്തിരിക്കുന്നത് എന്താണെന്നും അതിന്റെ അവസാനം എത്ര അടുത്തെത്തിയെന്നും ദൈവത്തിന് അറിയാം. (യശ. 46:10; മത്താ. 24:3, 36) ദൈവത്തിനു നമ്മളെയും അറിയാം. നമുക്കു ശരിക്കും സന്തോഷവും സംതൃപ്തിയും തരുന്നത് എന്താണെന്നും നമ്മളെ നിരാശയിലേക്കും അസന്തുഷ്ടിയിലേക്കും നയിക്കുന്നത് എന്താണെന്നും ദൈവത്തിന് അറിയാം. അതുകൊണ്ട് മനുഷ്യരുടെ ഉപദേശം, അത് എത്ര നല്ലതാണെന്നു തോന്നിയാലും ദൈവവചനം കണക്കിലെടുക്കുന്നില്ലെങ്കിൽ, അതിൽ ജ്ഞാനത്തിന്റെ തരിപോലും ഉണ്ടായിരിക്കില്ല.—സുഭാ. 19:21.
‘യഹോവയ്ക്കെതിരായി ജ്ഞാനമില്ല’
3, 4. തെറ്റായ ഉപദേശം ശ്രദ്ധിച്ചത് ആദാമിനെയും ഹവ്വയെയും അവരുടെ ഭാവിതലമുറകളെയും എങ്ങനെയാണു ബാധിച്ചത്?
3 തെറ്റായ ഉപദേശത്തിന്റെ വേരുകൾ തേടിപ്പോയാൽ നമ്മൾ മനുഷ്യചരിത്രത്തിന്റെ തുടക്കത്തിൽ ചെന്നെത്തും. അഹംഭാവിയായ സാത്താൻ സ്വയം ഉപദേശകന്റെ വേഷം അണിഞ്ഞു. അവരുടെ ജീവിതഗതി അവർതന്നെ തിരഞ്ഞെടുക്കുകയാണെങ്കിൽ ആദാമും ഹവ്വയും സന്തുഷ്ടരായിരിക്കുമെന്ന് അവൻ ഹവ്വയോടു പറഞ്ഞു. (ഉൽപ. 3:1-6) വാസ്തവത്തിൽ, സാത്താനു സ്വാർഥമായ ലക്ഷ്യങ്ങളായിരുന്നു. ആദാമും ഹവ്വയും അവരുടെ ഭാവിതലമുറകളും താൻ പറയുന്നത് അനുസരിച്ച് ജീവിക്കണമെന്നും യഹോവയെ ആരാധിക്കുന്നതിനു പകരം തന്നെ ആരാധിക്കണമെന്നും ആയിരുന്നു സാത്താന്റെ ഉള്ളിലിരുപ്പ്. പക്ഷേ അവന് അതിനുള്ള അർഹതയുണ്ടായിരുന്നോ? ആദാമിനു ഹവ്വയെയും ഹവ്വയ്ക്ക് ആദാമിനെയും കൊടുത്തത് ആരായിരുന്നു? അതുപോലെ, അവർ ജീവിച്ച മനോഹരമായ ഉദ്യാനവും ജരാനരകൾ ബാധിക്കുകയില്ലാത്ത, ന്യൂനതകളില്ലാത്ത ശരീരവും കൊടുത്തതോ? യഹോവയായിരുന്നു അവർക്കു വേണ്ടതെല്ലാം കൊടുത്തത്.
4 എന്നാൽ ആദാമും ഹവ്വയും ദൈവത്തോട് അനുസരണക്കേട് കാണിച്ചു. അങ്ങനെ ദൈവവുമായുള്ള അവരുടെ എല്ലാ ബന്ധവും വിച്ഛേദിക്കപ്പെട്ടു. ആ തീരുമാനം ദുരന്തത്തിലാണ് അവസാനിച്ചത് എന്നു നമുക്ക് അറിയാം. ചെടിയിൽനിന്ന് ഇറുത്തെടുത്ത ഒരു പുഷ്പം പതിയെപ്പതിയെ വാടിക്കരിയുന്നതുപോലെ അവരുടെ ശരീരം ദുർബലമാകാനും മരിക്കാനും തുടങ്ങി. അവരുടെ മക്കളായ നമ്മളും പാപം എന്ന ശാപം പേറിയാണു ജീവിക്കുന്നത്. (റോമ. 5:12) എന്നിട്ടും ഇന്നും മിക്കവരും ദൈവത്തിനു കീഴ്പെട്ട് ജീവിക്കാൻ തയ്യാറല്ല. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനാണ് അവർക്കു താത്പര്യം. (എഫെ. 2:1-3) അതിന്റെ ഫലങ്ങൾ നമ്മൾ ഇന്നു വ്യക്തമായി കാണുന്നില്ലേ? ‘യഹോവയ്ക്കെതിരായി ജ്ഞാനമില്ല’ എന്നാണ് അതു തെളിയിക്കുന്നത്.—സുഭാ. 21:30.
5. തന്റെ മനുഷ്യസൃഷ്ടിയുടെ കാര്യത്തിൽ ദൈവത്തിന് എന്ത് ഉറപ്പുണ്ട്, ആ ഉറപ്പ് വെറുതെയായിപ്പോയോ?
5 എങ്കിലും, ധാരാളം ചെറുപ്പക്കാർ ഉൾപ്പെടെ അനവധിയാളുകൾ തന്നെ അന്വേഷിക്കുകയും സേവിക്കുകയും ചെയ്യുമെന്ന് യഹോവയ്ക്ക് അറിയാമായിരുന്നു. (സങ്കീ. 103:17, 18; 110:3) അങ്ങനെയുള്ളവരെ യഹോവ എത്ര വിലയേറിയവരായിട്ടാണു കാണുന്നതെന്നോ! നിങ്ങൾ അവരിൽ ഒരാളാണോ? അങ്ങനെയെങ്കിൽ ദൈവം തന്നിരിക്കുന്ന, നിങ്ങൾക്കു വളരെയധികം സന്തോഷം തരുന്ന പല ‘നല്ല കാര്യങ്ങളും’ നിങ്ങൾ ആസ്വദിക്കുന്നുണ്ട് എന്നതിനു സംശയമില്ല. (സങ്കീർത്തനം 103:5 വായിക്കുക; സുഭാ. 10:22) സമൃദ്ധമായ ആത്മീയാഹാരം, ഏറ്റവും നല്ല സുഹൃത്തുക്കൾ, അർഥവത്തായ ലക്ഷ്യങ്ങൾ, യഥാർഥ സ്വാതന്ത്ര്യം തുടങ്ങിയവ ഈ ‘നല്ല കാര്യങ്ങളിൽ’ ഉൾപ്പെടുന്നു. ഇതെക്കുറിച്ചാണു നമ്മൾ പഠിക്കാൻപോകുന്നത്.
യഹോവ നിങ്ങളുടെ ആത്മീയാവശ്യം തൃപ്തിപ്പെടുത്തുന്നു
6. ആത്മീയകാര്യങ്ങളെക്കുറിച്ച് നിങ്ങൾക്കു ചിന്തയുണ്ടായിരിക്കേണ്ടത് എന്തുകൊണ്ട്, യഹോവ നിങ്ങൾക്കുവേണ്ടി കരുതുന്നത് എങ്ങനെയാണ്?
6 മൃഗങ്ങളിൽനിന്ന് വ്യത്യസ്തരായി നിങ്ങൾക്ക് ആത്മീയകാര്യങ്ങൾ തൃപ്തിപ്പെടുത്തണം, സ്രഷ്ടാവിനു മാത്രമേ അതിനു കഴിയൂ. (മത്താ. 4:4) വിലമതിപ്പോടെ യഹോവയെ ശ്രദ്ധിക്കുന്നെങ്കിൽ, നിങ്ങൾക്കു ഉൾക്കാഴ്ചയും ജ്ഞാനവും സന്തോഷവും ലഭിക്കും. യേശു പറഞ്ഞു: “ആത്മീയകാര്യങ്ങൾക്കായി ദാഹിക്കുന്നവർ സന്തുഷ്ടർ.” (മത്താ. 5:3) തന്റെ വചനത്തിലൂടെയും ‘വിശ്വസ്തനും വിവേകിയും ആയ അടിമയിലൂടെ’ തരുന്ന സമൃദ്ധമായ ആത്മീയാഹാരത്തിലൂടെയും ദൈവം നിങ്ങളുടെ ആത്മീയാവശ്യം തൃപ്തിപ്പെടുത്തുന്നു. (മത്താ. 24:45) എത്ര വൈവിധ്യമുള്ള, പോഷകസമൃദ്ധമായ ആഹാരമാണ് അത്!—യശ. 65:13, 14.
7. ദൈവം തരുന്ന ആത്മീയാഹാരം കഴിക്കുന്നതുകൊണ്ട് എന്തൊക്കെ പ്രയോജനങ്ങളുണ്ട്?
7 ദൈവത്തിൽനിന്നുള്ള ആത്മീയാഹാരം നിങ്ങൾക്കു ജ്ഞാനവും ചിന്താശേഷിയും തരും. അതു നിങ്ങളെ പല വിധങ്ങളിൽ സംരക്ഷിക്കും. (സുഭാഷിതങ്ങൾ 2:10-14 വായിക്കുക.) ഉദാഹരണത്തിന്, ഒരു സ്രഷ്ടാവില്ല എന്നതുപോലുള്ള തെറ്റായ പഠിപ്പിക്കലുകൾ തിരിച്ചറിയാൻ ഈ ഗുണങ്ങൾ സഹായിക്കും. പണവും വസ്തുവകകളും ഉണ്ടെങ്കിലേ സന്തോഷം കിട്ടുകയുള്ളൂ എന്ന നുണയിൽനിന്ന് അതു നിങ്ങളെ സംരക്ഷിക്കും. തെറ്റായ ആഗ്രഹങ്ങൾ തിരിച്ചറിഞ്ഞ് അവ ചെറുത്തുനിൽക്കാനും ഹാനികരമായ ശീലങ്ങൾ മനസ്സിലാക്കി ഒഴിവാക്കാനും ആ ഗുണങ്ങൾ നിങ്ങളെ സഹായിക്കും. അതുകൊണ്ട് ദൈവികജ്ഞാനവും ചിന്താശേഷിയും നിധിപോലെ കാണുക, അതു നേടാൻ തുടർന്നും ശ്രമിച്ചുകൊണ്ടിരിക്കുക! ഈ വിലയേറിയ ഗുണങ്ങൾ നിങ്ങൾ നേടിയെടുക്കുന്നെങ്കിൽ, യഹോവ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു എന്നും നിങ്ങൾക്ക് ഏറ്റവും നല്ലതു വന്നുകാണാൻ യഹോവ ആഗ്രഹിക്കുന്നു എന്നും സ്വന്തം അനുഭവത്തിൽനിന്ന് നിങ്ങൾക്കു മനസ്സിലാകും.—സങ്കീ. 34:8; യശ. 48:17, 18.
8. ദൈവത്തോടു ഇപ്പോൾ കൂടുതൽ അടുക്കുന്നതു ഭാവിയിൽ നിങ്ങൾക്ക് എങ്ങനെ പ്രയോജനം ചെയ്യും?
8 പെട്ടെന്നുതന്നെ സാത്താന്റെ ലോകത്തിന്റെ എല്ലാ ഘടകങ്ങളും തകർന്ന് ഇല്ലാതാകും. ആ സമയത്ത്, നമുക്കു താങ്ങായി യഹോവ മാത്രമേ കാണൂ. നമ്മുടെ തൊട്ടടുത്ത നേരത്തെ ആഹാരത്തിനുവേണ്ടിപ്പോലും യഹോവയെ ആശ്രയിക്കേണ്ട സമയം വന്നേക്കാം! (ഹബ. 3:2, 12-19) അതെ, നിങ്ങളുടെ സ്വർഗീയപിതാവിനോടു കൂടുതൽ അടുക്കാനും യഹോവയിലുള്ള ആശ്രയം ശക്തമാക്കാനും ഉള്ള സമയം ഇപ്പോഴാണ്. (2 പത്രോ. 2:9) അങ്ങനെ ചെയ്യുന്നെങ്കിൽ നിങ്ങൾക്കു ചുറ്റും എന്തൊക്കെ സംഭവിച്ചാലും സങ്കീർത്തനക്കാരനായ ദാവീദിനു തോന്നിയതുപോലെ നിങ്ങൾക്കും തോന്നും. “ഞാൻ യഹോവയെ എപ്പോഴും എന്റെ മുന്നിൽ വെക്കുന്നു. ദൈവം എന്റെ വലതുഭാഗത്തുള്ളതിനാൽ ഞാൻ ഒരിക്കലും കുലുങ്ങില്ല” എന്നു ദാവീദ് എഴുതി.—സങ്കീ. 16:8.
യഹോവ ഏറ്റവും നല്ല സുഹൃത്തുക്കളെ തരുന്നു
9. (എ) യോഹന്നാൻ 6:44 അനുസരിച്ച് യഹോവ എന്താണു ചെയ്യുന്നത്? (ബി) സത്യത്തിൽ ഇല്ലാത്ത ആളുകളെ കണ്ടുമുട്ടുന്നതും മറ്റു സാക്ഷികളെ കണ്ടുമുട്ടുന്നതും തമ്മിൽ എന്തു വ്യത്യാസമുണ്ട്?
9 ആത്മാർഥഹൃദയരായ ആളുകളെ സത്യാരാധനയിലേക്കു നയിച്ചുകൊണ്ട് യഹോവ അവരെ തന്റെ ആത്മീയകുടുംബത്തിലെ അംഗങ്ങളാകാൻ അനുവദിക്കുന്നു. (യോഹന്നാൻ 6:44 വായിക്കുക.) സത്യത്തിൽ ഇല്ലാത്ത ഒരാളെ ആദ്യമായി കാണുമ്പോൾ ആ വ്യക്തിയെക്കുറിച്ച് നിങ്ങൾക്ക് എന്തൊക്കെ അറിയാം? കാര്യമായി ഒന്നുംതന്നെ അറിയില്ലായിരിക്കും. എന്നാൽ യഹോവയെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരാളെ ആദ്യമായി കാണുമ്പോഴോ? മറ്റൊരു പശ്ചാത്തലത്തിലോ രാജ്യത്തിലോ വംശത്തിലോ സംസ്കാരത്തിലോ ഉള്ള ആളാണെങ്കിൽപ്പോലും നിങ്ങൾക്ക് ആ വ്യക്തിയെക്കുറിച്ച് ധാരാളം കാര്യങ്ങൾ അറിയാം, ആ വ്യക്തിക്കു നിങ്ങളെക്കുറിച്ചും!
10, 11. യഹോവയുടെ ജനത്തിനു പൊതുവായി എന്താണുള്ളത്, ഇതു നമുക്ക് എങ്ങനെയാണു പ്രയോജനം ചെയ്യുന്നത്?
10 ഉദാഹരണത്തിന്, ആ വ്യക്തിയുടെ “ഭാഷ” നിങ്ങൾ തിരിച്ചറിയും, സത്യത്തിന്റെ ‘ശുദ്ധമായ ഭാഷ.’ (സെഫ. 3:9) ദൈവത്തെയും ധാർമികതയെയും പ്രത്യാശയെയും കുറിച്ച് രണ്ടു പേർക്കുമുള്ള വിശ്വാസങ്ങൾ എന്താണെന്നു പരസ്പരം അറിയാം. വാസ്തവത്തിൽ അതല്ലേ ഒരു വ്യക്തിയെക്കുറിച്ച് നമ്മൾ അറിയേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ? പരസ്പരവിശ്വാസത്തിന്റെ ആണിക്കല്ല് ഈ അറിവാണ്. നിലനിൽക്കുന്ന സൗഹൃദങ്ങളുടെ അടിസ്ഥാനവും ഈ അറിവാണ്.
11 അതുകൊണ്ട് യഹോവയുടെ ഒരു ആരാധകനായ നിങ്ങൾക്ക് ഏറ്റവും നല്ല സുഹൃത്തുക്കളെയാണു കിട്ടിയിരിക്കുന്നതെന്നു പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തിയില്ല. ലോകത്ത് എവിടെ ചെന്നാലും അങ്ങനെയുള്ളവരുണ്ട്. അവരെ എല്ലാവരെയും നേരിട്ട് പരിചയമില്ലെങ്കിലും നമുക്ക് അറിയാം, അവർ ശരിക്കും നമ്മുടെ സുഹൃത്തുക്കളാണെന്ന്. യഹോവയുടെ ജനത്തിനല്ലാതെ മറ്റാർക്കാണു വിലപ്പെട്ട ഈ സമ്മാനമുള്ളത്?
യഹോവ നിങ്ങൾക്ക് അർഥവത്തായ ലക്ഷ്യങ്ങൾ തരുന്നു
12. നിങ്ങൾക്ക് ഏതെല്ലാം ആത്മീയലക്ഷ്യങ്ങൾ വെക്കാനാകും?
12 സഭാപ്രസംഗകൻ 11:9–12:1 വായിക്കുക. നിങ്ങൾ ആത്മീയലക്ഷ്യങ്ങൾ വെച്ച് അതു നേടാനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണോ? എല്ലാ ദിവസവും ബൈബിളിലെ ഒരു ഭാഗം വായിക്കാൻ നിങ്ങൾ ലക്ഷ്യം വെച്ചിട്ടുണ്ടോ? ഒരുപക്ഷേ, മീറ്റിങ്ങുകളിൽ നല്ല അഭിപ്രായങ്ങൾ പറയാനായിരിക്കാം നിങ്ങൾ ലക്ഷ്യം വെച്ചിരിക്കുന്നത്. അതോ ശുശ്രൂഷയിലുള്ള വൈദഗ്ധ്യം വർധിപ്പിക്കാൻ നിങ്ങൾ ശ്രമിക്കുകയാണോ? എന്താണെങ്കിലും നിങ്ങളുടെ ലക്ഷ്യങ്ങളുടെ നല്ല ഫലങ്ങൾ കാണുമ്പോൾ, അല്ലെങ്കിൽ മറ്റുള്ളവർ അതു കണ്ടിട്ട് നിങ്ങളെ അഭിനന്ദിക്കുമ്പോൾ നിങ്ങൾക്ക് എന്താണു തോന്നുന്നത്? തീർച്ചയായും ഒരു കാര്യം നേടിയെടുത്തതിന്റെ ചാരിതാർഥ്യവും സന്തോഷവും ഒക്കെ നിങ്ങൾക്കു തോന്നിയിട്ടുണ്ടാകും. അതിൽ ഒരു തെറ്റുമില്ല. കാരണം ലക്ഷ്യങ്ങൾ വെച്ച് നിങ്ങൾ പ്രവർത്തിക്കുമ്പോൾ യേശുവിനെ അനുകരിച്ചുകൊണ്ട് നിങ്ങളുടെ താത്പര്യങ്ങളെക്കാൾ ദൈവേഷ്ടത്തിനു പ്രാധാന്യം കൊടുക്കുകയാണ്.—സങ്കീ. 40:8; സുഭാ. 27:11.
13. പണത്തിന്റെയും പ്രശസ്തിയുടെയും പിന്നാലെ പോകുന്നതിനോടുള്ള താരതമ്യത്തിൽ ദൈവത്തെ സേവിക്കുന്നതിന്റെ പ്രയോജനം എന്താണ്?
13 കൂടാതെ, ആത്മീയകാര്യങ്ങളിൽ മനസ്സ് അർപ്പിക്കുന്നെങ്കിൽ ശരിക്കും സംതൃപ്തി തരുന്ന, ജീവിതത്തിന് അർഥം പകരുന്ന ഒരു പ്രവർത്തനത്തിൽ നിങ്ങൾ ഏർപ്പെടുകയാണ്. പൗലോസ് അപ്പോസ്തലൻ എഴുതി: “എന്റെ പ്രിയസഹോദരങ്ങളേ, ഇളകിപ്പോകാതെ ഉറച്ചുനിൽക്കുക. കർത്താവിന്റെ സേവനത്തിൽ നിങ്ങൾ അധ്വാനിക്കുന്നതു വെറുതേയല്ല എന്ന് ഓർത്ത് കർത്താവിന്റെ വേലയിൽ എപ്പോഴും തിരക്കുള്ളവരായിരിക്കുക.” (1 കൊരി. 15:58) മറുവശത്ത്, പണവും പ്രശസ്തിയും സമ്പാദിക്കുക എന്ന ലക്ഷ്യം വെച്ച് അതിന്റെ പുറകേ പോകുന്നവരുടെ ജീവിതമോ? പുറമേ കണ്ടാൽ അവർ വിജയം കൊയ്യുന്നെന്നു തോന്നിയേക്കാം. പക്ഷേ വാസ്തവത്തിൽ അവരുടെ ജീവിതം വെള്ളത്തിൽ വരച്ച വരപോലെയാണ്. (ലൂക്കോ. 9:25) ഈ കാര്യം സ്വന്തം ജീവിതത്തിലൂടെ മനസ്സിലാക്കിയ വ്യക്തിയാണു ശലോമോൻ രാജാവ്. അദ്ദേഹത്തിന്റെ അനുഭവം നമുക്കും ഒരു പാഠമാണ്.—റോമ. 15:4.
14. ശലോമോന്റെ അനുഭവം നിങ്ങളെ എന്താണു പഠിപ്പിക്കുന്നത്?
14 പ്രതാപശാലിയും സമ്പന്നരിൽ സമ്പന്നനും ആയിരുന്ന ശലോമോൻ ‘ആനന്ദിച്ചുല്ലസിക്കാനും അതുകൊണ്ട് എന്തു നേട്ടമുണ്ടെന്നു നോക്കാനും’ തീരുമാനിച്ചു. (സഭാ. 2:1-10) ആഗ്രഹിച്ചതെല്ലാം നേടാൻ അദ്ദേഹം ഇറങ്ങിപ്പുറപ്പെട്ടു. അദ്ദേഹം തനിക്കുവേണ്ടി അരമനകൾ തീർത്തു, പൂന്തോട്ടങ്ങളും ഉദ്യാനങ്ങളും ഉണ്ടാക്കി. എല്ലാം നേടിക്കഴിഞ്ഞ് പിന്തിരിഞ്ഞ് നോക്കിയപ്പോൾ അദ്ദേഹത്തിന് എന്താണു തോന്നിയത്? സംതൃപ്തി തോന്നിയോ? ശലോമോൻതന്നെ അതു നമ്മളോടു പറയുന്നുണ്ട്. അദ്ദേഹം എഴുതി: ‘ഞാൻ എന്റെ കൈകളുടെ പ്രയത്നത്തെക്കുറിച്ച് ചിന്തിച്ചപ്പോൾ, എല്ലാം വ്യർഥമാണെന്നു കണ്ടു. വാസ്തവത്തിൽ, മൂല്യമുള്ളതായി ഒന്നുമില്ല.’ (സഭാ. 2:11) നമുക്കുള്ള എത്ര ശക്തമായ പാഠം! അതിലെ ജ്ഞാനം നമ്മൾ ഉൾക്കൊള്ളുന്നുണ്ടോ?
15. വിശ്വാസം പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്, സങ്കീർത്തനം 32:8 അനുസരിച്ച് എന്താണ് അതിന്റെ പ്രയോജനങ്ങൾ?
15 വേണമെങ്കിൽ സ്വന്തം അനുഭവങ്ങളിലൂടെ, ജീവിതപാഠങ്ങൾ നമുക്കു പഠിക്കാം. നമ്മൾ അങ്ങനെ ചെയ്ത് ഓരോ പ്രശ്നങ്ങളിൽ ചെന്ന് ചാടുന്നതു കാണാൻ യഹോവ ആഗ്രഹിക്കുന്നില്ല. ദൈവത്തെ അനുസരിക്കാനും ദൈവത്തിന്റെ ഇഷ്ടം ജീവിതത്തിൽ ഒന്നാമതു വെക്കാനും നിങ്ങൾക്കു വിശ്വാസം ആവശ്യമാണ് എന്നതു ശരിയാണ്. ആ വിശ്വാസം അമൂല്യമാണ്. ദൈവത്തിലുള്ള വിശ്വാസം നമ്മളെ ഒരിക്കലും നിരാശപ്പെടുത്തില്ല. ‘നിങ്ങൾ ദൈവനാമത്തോടു കാണിക്കുന്ന സ്നേഹം’ യഹോവ ഒരിക്കലും മറന്നുകളയുകയുമില്ല. (എബ്രാ. 6:10) അതുകൊണ്ട് ശക്തമായ വിശ്വാസം വളർത്തിയെടുക്കാൻ കഠിനാധ്വാനം ചെയ്യുക, അങ്ങനെയെങ്കിൽ, നിങ്ങൾക്ക് ഏറ്റവും നല്ലതു വന്നുകാണാനാണ് സ്വർഗീയപിതാവ് ആഗ്രഹിക്കുന്നതെന്നു സ്വന്തജീവിതത്തിൽ നിങ്ങൾ അനുഭവിച്ചറിയും.—സങ്കീർത്തനം 32:8 വായിക്കുക.
ദൈവം നിങ്ങൾക്ക് യഥാർഥസ്വാതന്ത്ര്യം തരുന്നു
16. സ്വാതന്ത്ര്യം നമ്മൾ വിലയുള്ളതായി കാണുകയും അതു ജ്ഞാനത്തോടെ ഉപയോഗിക്കുകയും ചെയ്യേണ്ടത് എന്തുകൊണ്ട്?
16 പൗലോസ് എഴുതി: “യഹോവയുടെ ആത്മാവുള്ളിടത്ത് സ്വാതന്ത്ര്യമുണ്ട്.” (2 കൊരി. 3:17) യഹോവ സ്വാതന്ത്ര്യം പ്രിയപ്പെടുന്നു എന്നല്ലേ ഇതു കാണിക്കുന്നത്? യഹോവ നമ്മളെ സൃഷ്ടിച്ചിരിക്കുന്നതും അതേ വിധത്തിലാണ്. എന്നാൽ, നമ്മൾ സ്വാതന്ത്ര്യം ഉത്തരവാദിത്വബോധത്തോടെ ഉപയോഗിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. അങ്ങനെ ചെയ്യുന്നതു നിങ്ങൾക്ക് ഒരു സംരക്ഷണമാണ്. ഒരുപക്ഷേ അശ്ലീലം കാണുകയോ ലൈംഗിക അധാർമികതയിലും സാഹസികവിനോദങ്ങളിലും ഏർപ്പെടുകയോ ചെയ്യുന്ന ചെറുപ്പക്കാരെ നിങ്ങൾക്ക് അറിയാമായിരിക്കും. മറ്റു ചില ചെറുപ്പക്കാർ അമിതമായി മദ്യപിക്കുകയും മയക്കുമരുന്നുകൾ ഉപയോഗിക്കുകയും ചെയ്യുന്നവരായിരിക്കും. ഏതാനും നിമിഷത്തേക്ക് അവർക്കു സന്തോഷം കിട്ടും എന്നതു ശരിയാണ്, പക്ഷേ അതിന് അവർ കൊടുക്കുന്ന വിലയോ? അതു വളരെ വലുതാണ്. അത്തരം ദുശ്ശീലങ്ങളിൽനിന്ന് കരകയറാൻ അവർക്കു കഴിഞ്ഞെന്നുപോലും വരില്ല. രോഗങ്ങളും ചിലപ്പോൾ മരണംപോലും അവരെ പിടികൂടിയേക്കാം. (ഗലാ. 6:7, 8) വ്യക്തമായും, ‘സ്വാതന്ത്ര്യം’ ആസ്വദിക്കുന്നെന്നു പറയുമ്പോൾ അവർ സ്വയം വഞ്ചിക്കുകയല്ലേ?—തീത്തോ. 3:3.
17, 18. (എ) ദൈവത്തെ അനുസരിക്കുന്നതു നമ്മളെ യഥാർഥത്തിൽ സ്വതന്ത്രരാക്കുന്നത് എങ്ങനെ? (ബി) ആദാമും ഹവ്വയും തുടക്കത്തിൽ ആസ്വദിച്ച സ്വാതന്ത്ര്യവും ഇന്നു മനുഷ്യർക്കുള്ള സ്വാതന്ത്ര്യവും തമ്മിൽ എങ്ങനെ താരതമ്യം ചെയ്യാം?
17 എന്നാൽ ബൈബിളിന്റെ നിലവാരങ്ങളനുസരിച്ച് ജീവിച്ചതിന്റെ ഫലമായി രോഗം പിടിപെടുകയോ മരണമടയുകയോ ചെയ്ത എത്ര പേരേ നിങ്ങൾക്ക് അറിയാം? വ്യക്തമായും യഹോവയെ അനുസരിക്കുന്നതു നമ്മുടെ ആരോഗ്യത്തിനു ഗുണം ചെയ്യും. അതാണ് യഥാർഥസ്വാതന്ത്ര്യം! (സങ്കീ. 19:7-11) മാത്രമല്ല, ദൈവത്തിന്റെ തികവുറ്റ നിയമങ്ങളുടെയും തത്ത്വങ്ങളുടെയും പരിധിയിൽനിന്നുകൊണ്ട് നിങ്ങൾ ജ്ഞാനത്തോടെ സ്വാതന്ത്ര്യം ഉപയോഗിക്കുന്നെന്നു കരുതുക. അപ്പോൾ നിങ്ങളെ വിശ്വസിക്കാൻ കഴിയുമെന്നും നിങ്ങൾക്കു കൂടുതൽ സ്വാതന്ത്ര്യം തരാൻ കഴിയുമെന്നും ദൈവത്തിനും മാതാപിതാക്കൾക്കും നിങ്ങൾ കാണിച്ചുകൊടുക്കുകയാണ്. വാസ്തവത്തിൽ, തന്റെ വിശ്വസ്തരായ ദാസർക്കു തികവുറ്റ സ്വാതന്ത്ര്യം കൊടുക്കുക എന്നതാണു ദൈവോദ്ദേശ്യം. “ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം” എന്നാണ് അതിനെ ബൈബിൾ വിളിക്കുന്നത്.—റോമ. 8:21.
18 അത്തരം സ്വാതന്ത്ര്യത്തിന്റെ മധുരം നുകർന്നവരാണ് ആദാമും ഹവ്വയും. ഏദെൻ തോട്ടത്തിലായിരുന്നപ്പോൾ അവരുടെ സ്വാതന്ത്ര്യത്തിനു പരിധി വെക്കുന്ന എത്ര കല്പനകൾ ദൈവം കൊടുത്തു? ഒരേ ഒരെണ്ണം. ഒരു മരത്തിന്റെ പഴം കഴിക്കാൻ പാടില്ല, അത്രമാത്രം. (ഉൽപ. 2:9, 17) ആ ഒരൊറ്റ നിയമം കടുത്തതാണെന്നും അവരുടെ സ്വാതന്ത്ര്യം കവർന്നെടുത്തെന്നും നിങ്ങൾക്കു തോന്നുന്നുണ്ടോ? തീർച്ചയായും ഇല്ല. ഒന്നു ചിന്തിക്കുക: മനുഷ്യൻ ഉണ്ടാക്കിയിരിക്കുന്ന എണ്ണമറ്റ നിയമങ്ങളാണ് നമ്മൾ പഠിക്കുകയും അനുസരിക്കുകയും ചെയ്യേണ്ടിവരുന്നത്.
19. ഒരു സ്വതന്ത്രജനതയാകാൻ യഹോവ നമ്മളെ എങ്ങനെയാണു പഠിപ്പിക്കുന്നത്?
19 യഹോവ ജ്ഞാനത്തോടെയാണു തന്റെ ദാസരോട് ഇടപെടുന്നത്. ദൈവം നമുക്ക് അസംഖ്യം നിയമങ്ങൾ തന്നിട്ടില്ല. പകരം സ്നേഹിക്കുക എന്ന നിയമം തന്നിരിക്കുന്നു. അത് അനുസരിക്കാൻ ക്ഷമയോടെ നമ്മളെ പഠിപ്പിക്കുന്നു. നമ്മൾ ദൈവികതത്ത്വങ്ങൾ അനുസരിച്ച് ജീവിക്കാനും തിന്മയെ വെറുക്കാനും ദൈവം പ്രതീക്ഷിക്കുന്നു. (റോമ. 12:9) അത്തരം പഠിപ്പിക്കലുകളുടെ നല്ല ഒരു മാതൃകയാണു യേശുവിന്റെ ഗിരിപ്രഭാഷണം. കാരണം തെറ്റായ കാര്യങ്ങളുടെ മൂലകാരണങ്ങൾ എന്താണെന്ന് അതിൽ കാണാം. (മത്താ. 5:27, 28) ദൈവരാജ്യത്തിന്റെ രാജാവെന്ന നിലയിൽ ക്രിസ്തു പുതിയ ലോകത്തിലും നമ്മളെ പഠിപ്പിക്കും. നീതിയെയും അനീതിയെയും കുറിച്ച് യേശുവിനുള്ള അതേ മനോഭാവമുണ്ടായിരിക്കാൻ നമ്മളെ സഹായിക്കുക എന്നതാണ് ആ വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യം. (എബ്രാ. 1:9) ശാരീരികവും മാനസികവും ആയ പൂർണതയിലേക്കു യേശു നമ്മളെ ഉയർത്തും. പിന്നെയൊരിക്കലും നമുക്കു പാപത്തിന്റെ സ്വാധീനമുണ്ടായിരിക്കില്ല, അതിന്റെ മോശമായ ഫലങ്ങൾ അനുഭവിക്കേണ്ടിവരില്ല. ഇതെല്ലാമൊന്നു ഭാവനയിൽ കാണാമോ? അങ്ങനെ ഒടുവിൽ യഹോവ വാഗ്ദാനം ചെയ്തിരിക്കുന്ന “മഹത്തായ സ്വാതന്ത്ര്യം” നിങ്ങൾ ആസ്വദിക്കും.
20. (എ) യഹോവ എങ്ങനെയാണു സ്വാതന്ത്ര്യം ഉപയോഗിക്കുന്നത്? (ബി) ദൈവത്തിന്റെ മാതൃകയിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
20 നമുക്ക് ഒരിക്കലും പരിപൂർണമായ സ്വാതന്ത്ര്യം ലഭിക്കില്ല. നമുക്കുള്ള സ്വാതന്ത്ര്യം ഉപയോഗിക്കേണ്ടത് ദൈവത്തോടും സഹമനുഷ്യരോടും ഉള്ള സ്നേഹത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം. ഇക്കാര്യത്തിൽ തന്നെ അനുകരിക്കാനാണ് യഹോവ നമ്മളോട് ആവശ്യപ്പെടുന്നത്. യഹോവയ്ക്കു പരിധികളില്ലാത്ത സ്വാതന്ത്ര്യമുണ്ട്, എങ്കിലും ബുദ്ധിശക്തിയുള്ള തന്റെ സൃഷ്ടികളുമായി ഇടപെടുമ്പോൾ സ്നേഹമാണ് യഹോവയെ വഴി നയിക്കുന്നത്. (1 യോഹ. 4:7, 8) അതുകൊണ്ട് ദൈവതുല്യമായ സ്നേഹം നമ്മളെ വഴി നയിച്ചാൽ മാത്രമേ നമുക്കു സ്വാതന്ത്ര്യം ഏറ്റവും നന്നായി ഉപയോഗിക്കാൻ കഴിയൂ.
21. (എ) യഹോവയെക്കുറിച്ച് ദാവീദിന് എന്താണു തോന്നിയത്? (ബി) അടുത്ത ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
21 സമൃദ്ധമായ ആത്മീയാഹാരം, നല്ല സുഹൃത്തുക്കൾ, അർഥവത്തായ ലക്ഷ്യങ്ങൾ, തികവുറ്റ സ്വാതന്ത്ര്യത്തിന്റെ പ്രതീക്ഷ—ദൈവം നിങ്ങൾക്കു തന്നിരിക്കുന്ന ‘നല്ല കാര്യങ്ങളിൽ’ ചിലതാണ് ഇവ. ഈ നല്ല കാര്യങ്ങൾക്കു നിങ്ങൾ ദൈവത്തോടു നന്ദിയുള്ളവനാണോ? (സങ്കീ. 103:5) അങ്ങനെയെങ്കിൽ സങ്കീർത്തനം 16:11-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രാർഥനാനിർഭരമായ വാക്കുകൾ പറയാൻ നമുക്കും തോന്നും: “അങ്ങ് എനിക്കു ജീവന്റെ പാത കാണിച്ചുതരുന്നു. അങ്ങയുടെ സന്നിധിയിൽ ആഹ്ലാദം അലതല്ലുന്നു. അങ്ങയുടെ വലതുവശത്ത് എന്നും സന്തോഷമുണ്ട്.” ശരിക്കും സംതൃപ്തിയേകുന്ന ജീവിതത്തിലേക്കുള്ള വാതിൽ തുറന്നുതരുന്ന മറ്റു ചില ആത്മീയരത്നങ്ങളും 16-ാം സങ്കീർത്തനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതെക്കുറിച്ച് നമ്മൾ അടുത്ത ലേഖനത്തിൽ ചർച്ച ചെയ്യും.