പഠനലേഖനം 7
സൗമ്യത അന്വേഷിക്കൂ, യഹോവയെ സന്തോഷിപ്പിക്കൂ
“ഭൂമിയിലെ സൗമ്യരേ, യഹോവയെ അന്വേഷിക്കുക. . . . സൗമ്യത അന്വേഷിക്കുക.”—സെഫ. 2:3.
ഗീതം 80 “യഹോവ നല്ലവനെന്നു രുചിച്ചറിയൂ!”
പൂർവാവലോകനംa
1-2. (എ) മോശയെ എങ്ങനെയാണു വിശേഷിപ്പിച്ചിരിക്കുന്നത്, മോശ ധീരനും കരുത്തനും ആയിരുന്നെന്നു പറയുന്നത് എന്തുകൊണ്ട്? (ബി) സൗമ്യത വളർത്തിയെടുക്കുന്നത് ഇത്ര പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
“മോശ ഭൂമിയിലുള്ള എല്ലാ മനുഷ്യരെക്കാളും സൗമ്യനായിരുന്നു” എന്നാണു ബൈബിൾ പറയുന്നത്. (സംഖ്യ 12:3) ദുർബലനായ, തീരുമാനങ്ങളെടുക്കാൻ പ്രാപ്തിയില്ലാത്ത, ഭീരുവായ ഒരാളായിരുന്നു മോശ എന്നാണോ അതിന് അർഥം? സൗമ്യതയുള്ള ആളുകളെ ചിലർ അങ്ങനെയാണു വിശേഷിപ്പിക്കുന്നത്. എന്നാൽ അതല്ല സത്യം. ഉറച്ച തീരുമാനങ്ങളെടുത്തിരുന്ന, ധീരനും കരുത്തനും ആയ ഒരു ദൈവദാസനായിരുന്നു മോശ. യഹോവയുടെ സഹായത്താൽ മോശ ഈജിപ്തിലെ ശക്തനായ ഭരണാധികാരിയെ നേരിട്ട് കണ്ട് സംസാരിച്ചു, 30 ലക്ഷത്തോളം വരുന്ന ഇസ്രായേല്യരെ മരുഭൂമിയിലൂടെ നടത്തി, ശത്രുക്കളെ കീഴടക്കാൻ ഇസ്രായേൽ ജനതയെ സഹായിച്ചു.
2 മോശ നേരിട്ടതുപോലുള്ള പ്രശ്നങ്ങൾ നമുക്കില്ല, പക്ഷേ ചില സാഹചര്യങ്ങളിലും ചിലരോട് ഇടപെടുമ്പോഴും സൗമ്യത കാണിക്കുക അത്ര എളുപ്പമല്ല. ഇത് എല്ലാ ദിവസവും നമ്മൾ നേരിടുന്ന ഒരു പ്രശ്നമാണ്. എന്നാൽ ഓർക്കുക: “സൗമ്യതയുള്ളവർ ഭൂമി കൈവശമാക്കും” എന്ന് യഹോവ വാഗ്ദാനം ചെയ്തിരിക്കുന്നു. സൗമ്യത വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം ഇതു വ്യക്തമാക്കുന്നില്ലേ? (സങ്കീ. 37:11) ‘ഞാൻ സൗമ്യതയുള്ളയാളാണ്’ എന്നു നിങ്ങൾക്കു പറയാനാകുമോ? മറ്റുള്ളവർ നിങ്ങളെക്കുറിച്ച് അങ്ങനെ പറയുമോ? ഈ പ്രധാനപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിന്, സൗമ്യത എന്താണെന്ന് ആദ്യം നമ്മൾ മനസ്സിലാക്കണം.
എന്താണു സൗമ്യത?
3-4. (എ) സൗമ്യതയെ എന്തിനോടു താരതമ്യം ചെയ്യാനാകും? (ബി) സൗമ്യത ഉണ്ടായിരിക്കണമെങ്കിൽ നമുക്ക് ഏതു നാലു ഗുണങ്ങൾ വേണം, എന്തുകൊണ്ട്?
3 മനോഹരമായ ഒരു ചിത്രംപോലെയാണു സൗമ്യത.b അത് എങ്ങനെ? ആകർഷകമായ പലപല നിറങ്ങൾ ചേർത്ത് ഒരു കലാകാരൻ ചിത്രം വരയ്ക്കുന്നതുപോലെ ആകർഷകമായ പല ഗുണങ്ങൾ ചേർന്നാലേ നമുക്കു സൗമ്യതയുള്ളവരാകാൻ കഴിയൂ. അതിൽ പ്രധാനപ്പെട്ട ചിലതാണു താഴ്മ, കീഴ്പെടൽ, ശാന്തത, ധൈര്യം എന്നിവ. യഹോവയെ സന്തോഷിപ്പിക്കാൻ ഈ ഗുണങ്ങൾ ആവശ്യമായിരിക്കുന്നത് എന്തുകൊണ്ടാണ്?
4 താഴ്മയുള്ള ആളുകൾ മാത്രമേ ദൈവത്തിന്റെ ഇഷ്ടത്തിനു കീഴ്പെടുകയുള്ളൂ. ദൈവത്തിന്റെ ഇഷ്ടത്തിൽ നമ്മൾ ശാന്തരായിരിക്കുന്നതും ഉൾപ്പെടുന്നു. (സുഭാ. 29:11; 2 തിമൊ. 2:24) എന്നാൽ നമ്മൾ ദൈവത്തിന്റെ ഇഷ്ടം ചെയ്യുമ്പോൾ സാത്താൻ ഉഗ്രമായി കോപിക്കും. നമ്മൾ താഴ്മയും സൗമ്യതയും ഉള്ളവരാണെങ്കിലും സാത്താന്റെ ലോകത്തിലെ പല ആളുകളും നമ്മളെ വെറുക്കും. (യോഹ. 15:18, 19) അതുകൊണ്ട് സാത്താനെ ചെറുത്തുനിൽക്കണമെങ്കിൽ നമുക്കു ധൈര്യം കൂടിയേ തീരൂ.
5-6. (എ) സൗമ്യതയുള്ള ആളുകളെ സാത്താൻ വെറുക്കുന്നത് എന്തുകൊണ്ട്? (ബി) നമ്മൾ ഏതു ചോദ്യങ്ങൾക്ക് ഉത്തരം കണ്ടുപിടിക്കും?
5 സൗമ്യതയുള്ള ഒരു വ്യക്തിയുടെ നേർവിപരീതമായ സ്വഭാവമുള്ള ഒരാളെക്കുറിച്ച് ചിന്തിക്കുക. ആ വ്യക്തി അഹങ്കാരിയായ, അനിയന്ത്രിതമായി കോപിക്കുന്ന, യഹോവയെ അനുസരിക്കാത്ത ഒരാളായിരിക്കും. സാത്താൻ ശരിക്കും അങ്ങനെയല്ലേ? അതുകൊണ്ടുതന്നെ അവനു സൗമ്യതയുള്ള ആളുകളെ വെറുപ്പാണ്. അവരുടെ നല്ല ഗുണങ്ങൾ സാത്താന്റെ വ്യക്തിത്വത്തിലെ കുറവുകൾ എടുത്തുകാണിക്കുന്നു. ഇനി അതു മാത്രമല്ല, സാത്താൻ ഒരു നുണയനാണെന്നും അവർ തെളിയിക്കുന്നു. എങ്ങനെ? സാത്താൻ എന്തൊക്കെ പറഞ്ഞാലും എന്തൊക്കെ ചെയ്താലും ശരി, യഹോവയെ സേവിക്കുന്നതിൽനിന്ന് സൗമ്യതയുള്ള ആളുകളെ തടയാൻ അവനു കഴിയില്ല.—ഇയ്യോ. 2:3-5.
6 എപ്പോഴാണു സൗമ്യത കാണിക്കാൻ നമുക്കു ബുദ്ധിമുട്ടു തോന്നുക? എപ്പോഴും സൗമ്യത അന്വേഷിക്കേണ്ടത് എന്തുകൊണ്ട്? ഈ ചോദ്യങ്ങളുടെ ഉത്തരത്തിനായി നമുക്കു മോശ, ബാബിലോണിലെ മൂന്ന് എബ്രായർ, യേശു എന്നിവരുടെ മാതൃക നോക്കാം.
സൗമ്യത കാണിക്കുന്നത് എപ്പോഴാണു ബുദ്ധിമുട്ടാകുക?
7-8. മറ്റുള്ളവർ തന്നോട് ആദരവില്ലാതെ ഇടപെട്ടപ്പോൾ മോശ എങ്ങനെയാണു പ്രതികരിച്ചത്?
7 നമുക്ക് അധികാരമുള്ളപ്പോൾ: അധികാരമുള്ളവർക്കു സൗമ്യത കാണിക്കാൻ ചിലപ്പോൾ ബുദ്ധിമുട്ടു തോന്നിയേക്കാം, പ്രത്യേകിച്ച് അവരുടെ അധികാരത്തിലുള്ളവർ അവരോട് അനാദരവോടെ ഇടപെടുകയും അവരുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യുകയും ചെയ്യുമ്പോൾ. നിങ്ങൾക്ക് അങ്ങനെ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? നിങ്ങളുടെ കുടുംബത്തിലെ ആരെങ്കിലും ആ വിധത്തിൽ പ്രവർത്തിച്ചാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും? അത്തരം ഒരു സാഹചര്യം മോശ എങ്ങനെ കൈകാര്യം ചെയ്തെന്നു നോക്കാം.
8 യഹോവയാണു മോശയെ ഇസ്രായേലിന്റെ നേതാവായി നിയമിച്ചത്, ആ ജനതയ്ക്കുള്ള നിയമങ്ങൾ രേഖപ്പെടുത്താനുള്ള പദവിയും കൊടുത്തു. മോശയ്ക്ക് യഹോവയുടെ പിന്തുണയുണ്ടായിരുന്നു എന്നത് ഒരു സംശയവുമില്ലാത്ത കാര്യമാണ്. എന്നിട്ടും മോശയുടെ പെങ്ങളായ മിര്യാമും ചേട്ടനായ അഹരോനും മോശയെ വിമർശിക്കുകയും ഭാര്യയെ തിരഞ്ഞെടുത്തതിൽ മോശയ്ക്കു തെറ്റു പറ്റിയെന്നു പറയുകയും ചെയ്തു. മറ്റാരെങ്കിലുമായിരുന്നു മോശയുടെ സ്ഥാനത്തെങ്കിൽ, ഒരുപക്ഷേ കോപിക്കുകയും നീരസം വെച്ചുകൊണ്ടിരിക്കുകയും ചെയ്തേനേ. പക്ഷേ മോശ അങ്ങനെയുള്ള ഒരാളായിരുന്നില്ല. മോശ പെട്ടെന്നു നീരസപ്പെട്ടില്ല, മിര്യാമിനു കൊടുത്ത ശിക്ഷ പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് യഹോവയോട് അപേക്ഷിക്കുകപോലും ചെയ്തു. (സംഖ്യ 12:1-13) മോശയ്ക്ക് എങ്ങനെയാണ് ഇത്ര സൗമ്യത കാണിക്കാൻ കഴിഞ്ഞത്?
9-10. (എ) എന്തു മനസ്സിലാക്കാൻ യഹോവ മോശയെ സഹായിച്ചു? (ബി) കുടുംബനാഥന്മാർക്കും മൂപ്പന്മാർക്കും മോശയിൽനിന്ന് എന്തു പഠിക്കാം?
9 തന്നെ പരിശീലിപ്പിക്കാൻ മോശ യഹോവയെ അനുവദിച്ചു. ഏതാണ്ട് 40 വർഷം മുമ്പ്, ഈജിപ്തിലെ രാജകുടുംബാംഗമായിരുന്നപ്പോൾ മോശയ്ക്കു സൗമ്യതയില്ലായിരുന്നു. ആ കാലത്ത്, ഒരാൾ മോശമായി പ്രവർത്തിച്ചെന്നു സ്വയം വിധി കല്പിച്ച മോശ കോപത്തോടെ അയാളെ കൊല്ലുകപോലും ചെയ്തു, അതായിരുന്നു മോശയുടെ സ്വഭാവം. തന്റെ പ്രവൃത്തികൾ യഹോവയെ സന്തോഷിപ്പിക്കുമെന്നു മോശ ചിന്തിച്ചു. എന്നാൽ അടുത്ത 40 വർഷംകൊണ്ട് ഒരു കാര്യം പഠിക്കാൻ യഹോവ മോശയെ സഹായിച്ചു: ഇസ്രായേല്യരെ നയിക്കാൻ ധൈര്യം മാത്രം പോരാ, സൗമ്യതയും വേണം. അങ്ങനെ താഴ്മ കാണിക്കാനും കീഴ്പെട്ടിരിക്കാനും ശാന്തത കൈവിടാതിരിക്കാനും മോശ പഠിച്ചു. ഇങ്ങനെ സൗമ്യതയുടെ പാഠം നന്നായി പഠിച്ച മോശ മികച്ച ഒരു മേൽവിചാരകനായി.—പുറ. 2:11, 12; പ്രവൃ. 7:21-30, 36.
10 ഇക്കാലത്തെ കുടുംബനാഥന്മാരും മൂപ്പന്മാരും മോശയെ അനുകരിക്കണം. ആരെങ്കിലും അനാദരവോടെ ഇടപെട്ടാൽ പെട്ടെന്നു നീരസം തോന്നരുത്. തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ താഴ്മയോടെ അതു സമ്മതിക്കുക. (സഭാ. 7:9, 20) യഹോവയുടെ നിർദേശങ്ങൾക്കനുസരിച്ച് പ്രശ്നങ്ങൾ കൈകാര്യം ചെയ്യുക. അങ്ങനെ യഹോവയ്ക്കു കീഴ്പെടുക. എപ്പോഴും സൗമ്യതയോടെ, ശാന്തമായി മറുപടി പറയുക. (സുഭാ. 15:1) ഈ വിധത്തിൽ പ്രവർത്തിക്കുന്ന കുടുംബനാഥന്മാരും മൂപ്പന്മാരും യഹോവയെ സന്തോഷിപ്പിക്കും, അവർ സമാധാനമുണ്ടാക്കും. സൗമ്യത കാണിക്കുന്ന കാര്യത്തിൽ അവർ നല്ലൊരു മാതൃക വെക്കുകയുമാണ്.
11-13. മൂന്ന് എബ്രായർ നമുക്ക് എന്തു മാതൃകയാണു വെച്ചത്?
11 മറ്റുള്ളവർ ഉപദ്രവിക്കുമ്പോൾ: പണ്ടുകാലം മുതലേ, ഭരണാധികാരികൾ യഹോവയുടെ ജനത്തെ ഉപദ്രവിച്ചിട്ടുണ്ട്. അവർ പല ‘കുറ്റങ്ങൾ’ നമ്മുടെ മേൽ ആരോപിച്ചേക്കാം. പക്ഷേ, ശരിക്കുള്ള കാരണം നമ്മൾ എല്ലാ കാര്യങ്ങളിലും ‘ദൈവത്തെ അനുസരിക്കുന്നു’ എന്നതാണ്. (പ്രവൃ. 5:29) അവർ നമ്മളെ പരിഹസിച്ചേക്കാം, തടവിലാക്കിയേക്കാം, നമ്മളെ ഉപദ്രവിക്കുകപോലും ചെയ്തേക്കാം. എന്നാൽ യഹോവയുടെ സഹായമുള്ളതുകൊണ്ട് അപ്പോഴെല്ലാം നമ്മൾ ശാന്തരായി നിൽക്കും, ഒരിക്കലും പകരം വീട്ടില്ല.
12 ഹനന്യ, മീശായേൽ, അസര്യ എന്നീ എബ്രായർ വെച്ച മാതൃക നോക്കാം.c ബാബിലോണിൽ കഴിയേണ്ടിവന്ന സമയത്ത്, സ്വർണം കൊണ്ടുണ്ടാക്കിയ ഒരു കൂറ്റൻ പ്രതിമയ്ക്കു മുമ്പിൽ കുമ്പിടാൻ ഒരിക്കൽ അവിടത്തെ രാജാവ് അവരോട് ആജ്ഞാപിച്ചു. എന്നാൽ തങ്ങൾ പ്രതിമയെ ആരാധിക്കാത്തതിന്റെ കാരണം ശാന്തമായി അവർ രാജാവിനോടു വിശദീകരിച്ചു. കത്തിജ്വലിക്കുന്ന തീച്ചൂളയിലേക്ക് എറിയുമെന്ന് രാജാവ് ഭീഷണിപ്പെടുത്തിയിട്ടും അവർ ദൈവത്തിനു കീഴ്പെട്ടിരുന്നു. അവരെ രക്ഷിക്കാൻ യഹോവ തീരുമാനിച്ചു. എന്നാൽ യഹോവ അങ്ങനെ ചെയ്യുമെന്ന് അവർ പ്രതീക്ഷിച്ചില്ല. പകരം, യഹോവ എന്തുതന്നെ അനുവദിച്ചാലും അതു സ്വീകരിക്കാൻ അവർ തയ്യാറായിരുന്നു. (ദാനി. 3:1, 8-28) സൗമ്യതയുള്ളവർ ധീരരുമാണെന്ന് അവർ തെളിയിച്ചു. ഒരു രാജാവിന്റെയും, ഒരു ഭീഷണിയുടെയും, ഒരു ശിക്ഷയുടെയും മുമ്പിൽ യഹോവയ്ക്കുള്ള “സമ്പൂർണഭക്തി” നമ്മൾ അടിയറ വെക്കില്ല.—പുറ. 20:4, 5.
13 ദൈവത്തോടുള്ള വിശ്വസ്തത പരിശോധിക്കപ്പെട്ടാൽ, നമുക്ക് എങ്ങനെ ഈ മൂന്ന് എബ്രായരെ അനുകരിക്കാം? യഹോവ സഹായിക്കുമെന്ന ഉറപ്പോടെ, താഴ്മയോടെ നമ്മൾ യഹോവയിൽ ആശ്രയിക്കണം. (സങ്കീ. 118:6, 7) നമ്മുടെ മേൽ കുറ്റം ആരോപിക്കുന്നവരോടു നമ്മൾ സൗമ്യതയോടും ബഹുമാനത്തോടും കൂടി വേണം മറുപടി പറയാൻ. (1 പത്രോ. 3:15) കൂടാതെ, സ്നേഹം നിറഞ്ഞ നമ്മുടെ സ്വർഗീയപിതാവുമായുള്ള സൗഹൃദം നശിപ്പിക്കുന്ന ഒന്നും നമ്മൾ ചെയ്യില്ല.
14-15. (എ) സമ്മർദത്തിലാകുമ്പോൾ നമുക്ക് എന്തു സംഭവിച്ചേക്കാം? (ബി) യശയ്യ 53:7, 10 അനുസരിച്ച്, സമ്മർദത്തിൻകീഴിലും സൗമ്യത കാണിക്കുന്നതിൽ യേശു ഏറ്റവും നല്ല മാതൃക വെച്ചത് എങ്ങനെ?
14 സമ്മർദം അനുഭവിക്കുമ്പോൾ: പലപല കാരണങ്ങളാൽ നമ്മളെല്ലാം സമ്മർദം അനുഭവിക്കുന്നുണ്ട്. സ്കൂളിൽ ഒരു പരീക്ഷയ്ക്കു പോകുമ്പോഴും ജോലിസ്ഥലത്ത് ഏതെങ്കിലും ഒരു പ്രത്യേകകാര്യം ചെയ്യാൻ ആവശ്യപ്പെടുമ്പോഴും ഒക്കെ നമുക്കു സമ്മർദം തോന്നിയിട്ടുണ്ടാകും. ചിലപ്പോൾ ഒരു വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ പോകുന്നതിനെക്കുറിച്ച് ചിന്തിച്ചപ്പോഴായിരിക്കാം സമ്മർദം അനുഭവപ്പെട്ടത്. സമ്മർദത്തിലായിരിക്കുമ്പോൾ സൗമ്യത കാണിക്കുന്നത് അത്ര എളുപ്പമല്ല. വെറും സാധാരണകാര്യങ്ങൾ പോലും നമ്മളെ അസ്വസ്ഥരാക്കിയേക്കാം. നമ്മുടെ വാക്കുകൾക്കു കടുപ്പം കൂടിയേക്കാം, മറ്റുള്ളവരോടു ദയയില്ലാതെ ഇടപെട്ടേക്കാം. നിങ്ങൾ എപ്പോഴെങ്കിലും സമ്മർദം അനുഭവിച്ചിട്ടുണ്ടെങ്കിൽ, യേശുവിന്റെ മാതൃകയെക്കുറിച്ച് ചിന്തിക്കുക.
15 ഭൂമിയിലെ ജീവിതത്തിന്റെ അവസാനത്തെ മൂന്നു മാസങ്ങളിൽ കടുത്ത സമ്മർദത്തിൻകീഴിലായിരുന്നു യേശു. താൻ അങ്ങേയറ്റം യാതനകൾ സഹിക്കേണ്ടിവരുമെന്നും വധിക്കപ്പെടുമെന്നും യേശുവിന് അറിയാമായിരുന്നു. (യോഹ. 3:14, 15; ഗലാ. 3:13) താൻ ആകെ അസ്വസ്ഥനാണെന്ന് മരിക്കുന്നതിന് ഏതാനും മാസങ്ങൾക്കു മുമ്പ് യേശു പറഞ്ഞു. (ലൂക്കോ. 12:50) പിന്നീട്, മരിക്കുന്നതിനു ദിവസങ്ങൾക്കു മുമ്പും യേശു ഇതേ വാക്കുകൾ ആവർത്തിച്ചു: “ഞാൻ ആകെ അസ്വസ്ഥനാണ്.” യേശു ഇങ്ങനെയും പറഞ്ഞു: “പിതാവേ, ഈ നാഴികയിൽനിന്ന് എന്നെ രക്ഷിക്കേണമേ. എങ്കിലും ഇതിനുവേണ്ടിയാണല്ലോ ഞാൻ ഈ നാഴികയിലേക്കു വന്നിരിക്കുന്നത്. പിതാവേ, അങ്ങയുടെ പേര് മഹത്ത്വപ്പെടുത്തേണമേ.” (യോഹ. 12:27, 28) യേശുവിന്റെ താഴ്മയും കീഴ്പെടലും അല്ലേ ആ പ്രാർഥനയിൽ നമ്മൾ കാണുന്നത്? കൂടാതെ, സമയം വന്നപ്പോൾ യേശു ധൈര്യത്തോടെ ശത്രുക്കൾക്കു തന്നെത്തന്നെ വിട്ടുകൊടുത്തു. ഏറ്റവും വേദനാകരമായ, ലജ്ജാകരമായ വിധത്തിൽ അവർ യേശുവിനെ വധിച്ചു. ആ കഷ്ടപ്പാടുകളിലും ആ സമ്മർദത്തിലും യേശു സൗമ്യതയോടെ ദൈവേഷ്ടം ചെയ്തു. സമ്മർദം അനുഭവിച്ചപ്പോഴും സൗമ്യത കാണിക്കുന്നതിൽ ഏറ്റവും നല്ല മാതൃക വെച്ചത് ആരാണ് എന്ന ചോദ്യത്തിന് മറ്റൊരു ഉത്തരമില്ല!—യശയ്യ 53:7, 10 വായിക്കുക.
16-17. (എ) യേശുവിന്റെ സുഹൃത്തുക്കൾ യേശുവിന്റെ സൗമ്യത പരീക്ഷിച്ചത് എങ്ങനെ? (ബി) നമുക്കു യേശുവിനെ എങ്ങനെ അനുകരിക്കാം?
16 മരണത്തിനു മുമ്പുള്ള അവസാനരാത്രിയിൽ സൗമ്യനായി നിൽക്കുന്നതിനു യേശുവിനു ശരിക്കും ബുദ്ധിമുട്ടു തോന്നിക്കാണും. യേശുവിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ അപ്പോസ്തലന്മാരുടെ ഇടയിലെ തർക്കമായിരുന്നു കാരണം. അവരുമൊത്തുള്ള അവസാനത്തെ ഭക്ഷണത്തിന്റെ സമയമായിരുന്നു അത്. ആ രാത്രി യേശു എന്തുമാത്രം സമ്മർദം അനുഭവിച്ചെന്നു ചിന്തിച്ചുനോക്കുക. മരണംവരെ യേശു വിശ്വസ്തനായി നിൽക്കണമായിരുന്നു. കാരണം, കോടിക്കണക്കിന് ആളുകളുടെ ജീവനാണു തുലാസ്സിൽ തൂങ്ങുന്നത്. (റോമ. 5:18, 19) അതിലും പ്രധാനമായി, യേശുവിന്റെ പ്രവൃത്തികൾ പിതാവിന്റെ പേരിനെയും ബാധിക്കുമായിരുന്നു. (ഇയ്യോ. 2:4) ഇത്രയധികം സമ്മർദം അനുഭവിച്ച സമയത്താണ്, ‘തങ്ങളുടെ കൂട്ടത്തിൽ ആരാണു വലിയവൻ എന്നതിനെപ്പറ്റി ചൂടുപിടിച്ച ഒരു തർക്കം (അപ്പോസ്തലന്മാരുടെ) ഇടയിൽ ഉണ്ടായത്.’ ഈ കാര്യത്തിനു യേശു പലവട്ടം അവരെ തിരുത്തിയിട്ടുണ്ട്. എന്തിന്, ആ വൈകുന്നേരംപോലും യേശു അവരെ ഉപദേശിച്ചതാണ്! എന്നിട്ട് അതേ കാര്യം അവർ ആവർത്തിച്ചപ്പോൾ യേശു അസ്വസ്ഥനായോ? ഇല്ല. പകരം യേശു സൗമ്യതയോടെയാണ് അവരോട് ഇടപെട്ടത്. അവർക്കുണ്ടായിരിക്കേണ്ട മനോഭാവം ദയയോടെ, അതേസമയം വ്യക്തമായി വീണ്ടും വിശദീകരിച്ചുകൊടുത്തു. കൂടാതെ, തന്നോടു വിശ്വസ്തമായി പറ്റിനിന്നതിനു തന്റെ സുഹൃത്തുക്കളെ അഭിനന്ദിക്കുകയും ചെയ്തു.—ലൂക്കോ. 22:24-28; യോഹ. 13:1-5, 12-15.
17 നിങ്ങളായിരുന്നു ആ സാഹചര്യത്തിലെങ്കിൽ എന്തു ചെയ്യുമായിരുന്നു? സമ്മർദത്തിലായിരിക്കുമ്പോൾപ്പോലും യേശുവിനെ അനുകരിക്കാനും സൗമ്യതയോടെ നിൽക്കാനും നമുക്കു കഴിയും. ‘പരാതിക്കു കാരണമുണ്ടായാൽത്തന്നെ അതു സഹിക്കാനുള്ള’ യഹോവയുടെ കല്പന മനസ്സോടെ അനുസരിക്കുക. (കൊലോ. 3:13) മറ്റുള്ളവരെ മുഷിപ്പിക്കുന്ന കാര്യങ്ങൾ നമ്മളും പറയുകയും പ്രവർത്തിക്കുകയും ചെയ്യുമെന്ന് ഓർക്കുന്നെങ്കിൽ ഈ കല്പന നമ്മൾ അനുസരിക്കും. (സുഭാ. 12:18; യാക്കോ. 3:2, 5) കൂടാതെ, മറ്റുള്ളവരുടെ നല്ല ഗുണങ്ങൾക്ക് അവരെ അഭിനന്ദിക്കുക.—എഫെ. 4:29.
എപ്പോഴും സൗമ്യത അന്വേഷിക്കേണ്ടത് എന്തുകൊണ്ട്?
18. നല്ല തീരുമാനങ്ങളെടുക്കാൻ സൗമ്യതയുള്ളവരെ യഹോവ സഹായിക്കുന്നത് എങ്ങനെ, പക്ഷേ അവർ എന്തു ചെയ്യണം?
18 നല്ല തീരുമാനങ്ങളെടുക്കാൻ നമുക്കു കഴിയും. ജീവിതത്തിൽ എന്തു ചെയ്യണമെന്ന് അറിയാത്ത സാഹചര്യങ്ങളിൽ, നല്ല തീരുമാനങ്ങളെടുക്കാൻ യഹോവ സഹായിക്കും, നമ്മൾ സൗമ്യരായിരിക്കണമെന്നു മാത്രം. താൻ “സൗമ്യരുടെ അപേക്ഷ കേൾക്കും” എന്ന് യഹോവ വാക്കു തന്നിട്ടുണ്ട്. (സങ്കീ. 10:17) ദൈവം നമ്മുടെ അപേക്ഷ കേൾക്കുക മാത്രമല്ല ചെയ്യുന്നത്, “ശരിയായതു ചെയ്യാൻ ദൈവം സൗമ്യരെ നയിക്കും; അവരെ തന്റെ വഴികൾ പഠിപ്പിക്കും” എന്നും ബൈബിൾ പറയുന്നു. (സങ്കീ. 25:9) ബൈബിൾ, “വിശ്വസ്തനും വിവേകിയും ആയ അടിമ” തരുന്ന പ്രസിദ്ധീകരണങ്ങൾ,d അവർ തയ്യാറാക്കുന്ന മറ്റു പരിപാടികൾ എന്നിവയിലൂടെ യഹോവ നമുക്കു മാർഗനിർദേശം നൽകുന്നു. (മത്താ. 24:45-47) അതേസമയം, നമ്മൾ ചെയ്യാനുള്ളതു നമ്മളും ചെയ്യണം. ആദ്യംതന്നെ, സഹായം ആവശ്യമാണെന്ന കാര്യം അംഗീകരിക്കണം. യഹോവ തരുന്ന വിവരങ്ങൾ പഠിക്കണം, പഠിക്കുന്ന കാര്യങ്ങൾ മനസ്സോടെ ബാധകമാക്കണം.
19-21. മോശയ്ക്കു കാദേശിൽവെച്ച് എന്തു തെറ്റാണു പറ്റിയത്, അതിൽനിന്ന് നമുക്ക് എന്തെല്ലാം പഠിക്കാം?
19 പല തെറ്റുകളും ഒഴിവാക്കാൻ നമുക്കു കഴിയും. മോശയെക്കുറിച്ച് ചിന്തിക്കുക. അനേകവർഷങ്ങൾ മോശ സൗമ്യനായി നിൽക്കുകയും യഹോവയെ സന്തോഷിപ്പിക്കുകയും ചെയ്തു. എന്നാൽ ഒരിക്കൽ മോശയുടെയും സൗമ്യത നഷ്ടപ്പെട്ടു. വിജനഭൂമിയിലൂടെയുള്ള 40 വർഷത്തെ പ്രയാണം അവസാനിക്കാറായ സമയം. ഇസ്രായേല്യർ ഇപ്പോൾ കാദേശിലാണ്. മോശയുടെ പ്രിയപ്പെട്ട പെങ്ങൾ, സർവസാധ്യതയുമനുസരിച്ച് ശിശുവായിരുന്നപ്പോൾ മോശയുടെ ജീവൻ രക്ഷിച്ച പെങ്ങൾ, അവിടെവെച്ച് മരിച്ചിട്ട് അധികമായില്ല. ഇപ്പോൾ ഇസ്രായേല്യർ വീണ്ടും, അവർക്കു വേണ്ടതൊന്നും ഇല്ലെന്നു പരാതിപ്പെടാൻ തുടങ്ങി. ഇത്തവണ വെള്ളമില്ലാത്തതിന്റെ പേരിൽ അവർ “മോശയോടു കലഹിച്ചു.” യഹോവ മോശയിലൂടെ ഇത്രയെല്ലാം അത്ഭുതങ്ങൾ ചെയ്തിട്ടും, ഇക്കണ്ട കാലമെല്ലാം ഒരു ലാഭവും നോക്കാതെ മോശ ഇസ്രായേലിനെ നയിച്ചിട്ടും ജനം പരാതിപ്പെട്ടു. വെള്ളമില്ലെന്നു മാത്രമല്ലായിരുന്നു പരാതി, തങ്ങളുടെ ഈ അവസ്ഥയ്ക്കു കാരണക്കാരൻ മോശയാണെന്ന രീതിയിലും അവർ സംസാരിച്ചു.—സംഖ്യ 20:1-5, 9-11.
20 കോപം ആളിക്കത്തിയ മോശയുടെ സൗമ്യത നഷ്ടപ്പെട്ടു. യഹോവ പറഞ്ഞതുപോലെ വിശ്വാസത്തോടെ പാറയോടു സംസാരിക്കുന്നതിനു പകരം മോശ നീരസത്തോടെ ജനത്തോടു സംസാരിക്കുകയും ആ അത്ഭുതം ചെയ്തതിന്റെ ബഹുമതി കരസ്ഥമാക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നിട്ട് പാറയെ രണ്ടു പ്രാവശ്യം അടിച്ചു. ധാരാളം വെള്ളം ഒഴുകാൻതുടങ്ങി. അഹങ്കാരവും ദേഷ്യവും കാരണമാണു മോശയ്ക്കു ഗുരുതരമായ ഈ തെറ്റ് പറ്റിയത്. (സങ്കീ. 106:32, 33) അൽപ്പസമയത്തേക്കു സൗമ്യത നഷ്ടപ്പെട്ടതുകൊണ്ട് വാഗ്ദത്തദേശത്ത് പ്രവേശിക്കാനുള്ള അവസരം മോശയ്ക്കു നഷ്ടമായി.—സംഖ്യ 20:12.
21 ഈ സംഭവത്തിൽനിന്ന് നമുക്കു പ്രധാനപ്പെട്ട ചില പാഠങ്ങൾ പഠിക്കാനുണ്ട്. ഒന്ന്, സൗമ്യത നിലനിറുത്താൻ നമ്മൾ എപ്പോഴും ശ്രമിക്കണം. ഒരു നിമിഷത്തേക്കു നമുക്ക് അതു നഷ്ടപ്പെട്ടാൽ, അതിന്റെ സ്ഥാനത്ത് അഹങ്കാരം കടന്നുവന്നേക്കാം. അങ്ങനെ നമ്മൾ ബുദ്ധിശൂന്യമായി സംസാരിക്കാനും പ്രവർത്തിക്കാനും സാധ്യതയുണ്ട്. രണ്ട്, സമ്മർദം നമ്മളെ തളർത്തിയേക്കാം. അതുകൊണ്ട് അത്തരം സാഹചര്യങ്ങളിലും സൗമ്യതയുള്ളവരായിരിക്കാൻ നമ്മൾ കഠിനശ്രമം ചെയ്യണം.
22-23. (എ) നമ്മൾ എപ്പോഴും സൗമ്യത അന്വേഷിക്കേണ്ടത് എന്തുകൊണ്ട്? (ബി) സെഫന്യ 2:3- ലെ പ്രസ്താവന എന്താണു സൂചിപ്പിക്കുന്നത്?
22 നമുക്കു സംരക്ഷണം ലഭിക്കും. പെട്ടെന്നുതന്നെ യഹോവ ഭൂമിയിൽനിന്ന് ദുഷ്ടന്മാരെ നീക്കംചെയ്യും. പിന്നെ സൗമ്യതയുള്ളവർ മാത്രമേ ഇവിടെയുണ്ടായിരിക്കൂ. അതിനു ശേഷം ഭൂമിയിൽ സമാധാനം കളിയാടും. (സങ്കീ. 37:10, 11) സൗമ്യരായ ആ ആളുകളുടെ കൂട്ടത്തിൽ നിങ്ങളുണ്ടായിരിക്കുമോ? സെഫന്യ പ്രവാചകനിലൂടെ യഹോവ പറഞ്ഞ കാര്യം അനുസരിക്കുന്നെങ്കിൽ നിങ്ങൾക്ക് അതിനു കഴിയും.—സെഫന്യ 2:3 വായിക്കുക.
23 എന്തുകൊണ്ടാണ് സെഫന്യ 2:3-ൽ ‘ഒരുപക്ഷേ നിങ്ങൾക്കു മറഞ്ഞിരിക്കാനാകും’ എന്നു പറയുന്നത്? തന്നെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്ന, താൻ സ്നേഹിക്കുന്ന ആളുകളെ രക്ഷിക്കാൻ യഹോവയ്ക്കു കഴിയില്ല എന്നല്ല അതിന് അർഥം. അന്തിമഫലം എന്തായിരിക്കുമെന്നതു നമ്മുടെ പ്രവൃത്തികളെയും ആശ്രയിച്ചാണിരിക്കുന്നത് എന്നാണ് അതു സൂചിപ്പിക്കുന്നത്. സൗമ്യത അന്വേഷിക്കുകയും യഹോവയെ സന്തോഷിപ്പിക്കുകയും ചെയ്യുന്നെങ്കിൽ ‘യഹോവയുടെ കോപദിവസത്തെ’ അതിജീവിച്ച് എന്നേക്കും ഈ ഭൂമിയിൽ ജീവിക്കാനുള്ള പ്രതീക്ഷ നമുക്കുണ്ടായിരിക്കും.
ഗീതം 120 യേശുവിന്റെ സൗമ്യത അനുകരിക്കാം
a സൗമ്യത നമുക്കു ജന്മനാ കിട്ടുന്ന ഒരു ഗുണമല്ല. അതു നമ്മൾ വളർത്തിയെടുക്കേണ്ട ഒന്നാണ്. സമാധാനപ്രിയരായ ആളുകളോട് ഇടപെടുമ്പോൾ സൗമ്യത കാണിക്കാൻ നമുക്കു വലിയ ബുദ്ധിമുട്ടില്ലായിരിക്കും. എന്നാൽ അഹങ്കാരികളായ ആളുകളോട് ഇടപെടുമ്പോൾ അത് അത്ര എളുപ്പമായിരിക്കില്ല. സൗമ്യത എന്ന മനോഹരമായ ഗുണം വളർത്തിയെടുക്കുന്നതിനു തടസ്സമായി നിൽക്കുന്ന ചില കാര്യങ്ങളെക്കുറിച്ചും അവ എങ്ങനെ മറികടക്കാമെന്നും ചർച്ച ചെയ്യും.
b പദപ്രയോഗങ്ങളുടെ വിശദീകരണം: സൗമ്യത. സൗമ്യതയുള്ള ആളുകൾ ദയയോടെ മറ്റുള്ളവരോട് ഇടപെടും, ദേഷ്യം വരുന്ന സാഹചര്യങ്ങളിൽപ്പോലും അവർ ശാന്തത കൈവിടില്ല. താഴ്മ. ഈ ഗുണമുള്ളവർ അഹങ്കാരമോ ഗർവോ ഇല്ലാത്തവരാണ്. അവർ മറ്റുള്ളവരെ തങ്ങളെക്കാൾ ശ്രേഷ്ഠരായി കാണുന്നു. യഹോവയുടെ കാര്യത്തിലോ? തന്നെക്കാൾ താഴ്ന്നവരോടു സ്നേഹത്തോടെയും കരുണയോടെയും ഇടപെടുന്നു എന്ന അർഥത്തിലാണ് യഹോവയ്ക്കു താഴ്മയുണ്ടെന്നു പറയുന്നത്.
d ഉദാഹരണത്തിന്, 2011 ഏപ്രിൽ 15 ലക്കം വീക്ഷാഗോപുരത്തിലെ “ദൈവത്തിനു മഹത്ത്വം കരേറ്റുന്ന തീരുമാനങ്ങളെടുക്കുക” എന്ന ലേഖനം കാണുക.
e ചിത്രക്കുറിപ്പ്: തങ്ങളിൽ ആരാണു വലിയവനെന്നു ശിഷ്യന്മാർ തർക്കിച്ചപ്പോൾ സൗമ്യത കൈവിടാതെ യേശു അവരെ ശാന്തമായി തിരുത്തുന്നു.