അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ
7 അപ്പോൾ മഹാപുരോഹിതൻ, “ഇതെല്ലാം സത്യമാണോ” എന്നു ചോദിച്ചു. 2 സ്തെഫാനൊസ് പറഞ്ഞു: “സഹോദരന്മാരേ, പിതാക്കന്മാരേ, കേൾക്കൂ. നമ്മുടെ പൂർവികനായ അബ്രാഹാം ഹാരാനിൽ വന്ന് താമസിക്കുന്നതിനു+ മുമ്പ് മെസൊപ്പൊത്താമ്യയിലായിരുന്നപ്പോൾ, തേജോമയനായ ദൈവം അബ്രാഹാമിനു പ്രത്യക്ഷനായി 3 ഇങ്ങനെ പറഞ്ഞു: ‘നിന്റെ ദേശത്തെയും ബന്ധുക്കളെയും വിട്ട് ഞാൻ നിന്നെ കാണിക്കാനിരിക്കുന്ന ദേശത്തേക്കു വരുക.’+ 4 അങ്ങനെ അബ്രാഹാം കൽദയരുടെ ദേശം വിട്ട് ഹാരാനിൽ ചെന്ന് താമസിച്ചു. അബ്രാഹാമിന്റെ അപ്പന്റെ മരണശേഷം+ ദൈവം അബ്രാഹാമിനെ നിങ്ങൾ ഇപ്പോൾ താമസിക്കുന്ന ഈ ദേശത്ത് കൊണ്ടുവന്ന് താമസിപ്പിച്ചു.+ 5 ആ സമയത്ത് ദൈവം അബ്രാഹാമിന് അവിടെ ഒരു ഓഹരിയും കൊടുത്തില്ല, ഒരു അടി മണ്ണുപോലും. എന്നാൽ അബ്രാഹാമിനും അബ്രാഹാമിന്റെ ശേഷം അദ്ദേഹത്തിന്റെ സന്തതിക്കും ആ ദേശം അവകാശമായി കൊടുക്കുമെന്ന്+ അബ്രാഹാമിനു മക്കളില്ലാതിരിക്കെത്തന്നെ+ ദൈവം വാഗ്ദാനം ചെയ്തു. 6 അബ്രാഹാമിന്റെ സന്തതി അവരുടേതല്ലാത്ത ഒരു ദേശത്ത് പരദേശികളായി ജീവിക്കുമെന്നും ആ ജനം അവരെ അടിമകളാക്കി 400 വർഷം കഷ്ടപ്പെടുത്തുമെന്നും* ദൈവം പറഞ്ഞു.+ 7 ‘അവരെ അടിമകളാക്കുന്ന ആ ജനതയെ ഞാൻ ന്യായം വിധിക്കും’+ എന്നും ‘അതിനു ശേഷം അവർ അവിടെനിന്ന് ഈ സ്ഥലത്ത് വന്ന് എന്നെ ആരാധിക്കും’+ എന്നും ദൈവം പറഞ്ഞു.
8 “ദൈവം അബ്രാഹാമിനു പരിച്ഛേദനയുടെ* ഉടമ്പടിയും നൽകി.+ അങ്ങനെ അബ്രാഹാം യിസ്ഹാക്ക്+ ജനിച്ചതിന്റെ എട്ടാം ദിവസം യിസ്ഹാക്കിനെ പരിച്ഛേദന ചെയ്തു.+ യിസ്ഹാക്കിനു യാക്കോബും യാക്കോബിന് 12 ഗോത്രപിതാക്കന്മാരും ജനിച്ചു. 9 യോസേഫിനോട് അസൂയ മൂത്ത+ ഗോത്രപിതാക്കന്മാർ യോസേഫിനെ ഈജിപ്തിലേക്കു വിറ്റു.+ എന്നാൽ ദൈവം യോസേഫിന്റെകൂടെയുണ്ടായിരുന്നു.+ 10 യോസേഫിന്റെ എല്ലാ കഷ്ടതകളിൽനിന്നും ദൈവം യോസേഫിനെ രക്ഷപ്പെടുത്തി;+ ഈജിപ്തിലെ രാജാവായ ഫറവോനു യോസേഫിനോടു പ്രീതി തോന്നാൻ ഇടയാക്കുകയും അദ്ദേഹത്തിന്റെ മുന്നിൽ യോസേഫിനു ജ്ഞാനം കൊടുക്കുകയും ചെയ്തു. അങ്ങനെ ഫറവോൻ യോസേഫിനെ ഈജിപ്തിനും തന്റെ കൊട്ടാരത്തിനു മുഴുവനും അധിപനായി നിയമിച്ചു.+ 11 അങ്ങനെയിരിക്കെ, ഈജിപ്തിൽ എല്ലായിടത്തും കനാനിലും ഒരു ക്ഷാമം ഉണ്ടായി. ആ വലിയ കഷ്ടതയുടെ സമയത്ത് നമ്മുടെ പൂർവികർക്കു ഭക്ഷണം കിട്ടാതായി.+ 12 ഈജിപ്തിൽ ഭക്ഷണസാധനങ്ങൾ* കിട്ടുമെന്നു കേട്ട് യാക്കോബ് നമ്മുടെ പൂർവികരെ അവിടേക്ക് അയച്ചു.+ 13 രണ്ടാം പ്രാവശ്യം അവർ അവിടെ എത്തിയപ്പോൾ യോസേഫ് സഹോദരന്മാരോടു താൻ ആരാണെന്നു വെളിപ്പെടുത്തി. യോസേഫിന്റെ കുടുംബത്തെക്കുറിച്ച് ഫറവോനും അറിഞ്ഞു.+ 14 അപ്പനായ യാക്കോബിനെയും എല്ലാ ബന്ധുക്കളെയും യോസേഫ് കനാനിൽനിന്ന് വരുത്തി.+ അവർ മൊത്തം 75 പേരുണ്ടായിരുന്നു.+ 15 അങ്ങനെ യാക്കോബ് ഈജിപ്തിലേക്കു വന്നു.+ അവിടെവെച്ച് യാക്കോബ് മരിച്ചു,+ നമ്മുടെ പൂർവികരും മരിച്ചു.+ 16 അവരെയെല്ലാം ശെഖേമിലേക്കു കൊണ്ടുപോയി, അബ്രാഹാം ശെഖേമിൽവെച്ച് ഹാമോരിന്റെ മക്കളിൽനിന്ന് വില* കൊടുത്ത് വാങ്ങിയ കല്ലറയിൽ അടക്കം ചെയ്തു.+
17 “ദൈവം അബ്രാഹാമിനു നൽകിയ വാഗ്ദാനം നിറവേറാനുള്ള സമയം അടുത്തപ്പോഴേക്കും ഇസ്രായേൽ ജനം ഈജിപ്തിൽ വർധിച്ചുപെരുകിയിരുന്നു. 18 അപ്പോൾ യോസേഫിനെ അറിയാത്ത വേറൊരു രാജാവ് ഈജിപ്തിൽ അധികാരത്തിൽ വന്നു.+ 19 ആ രാജാവ് നമ്മുടെ ജനത്തിന് എതിരെ തന്ത്രം പ്രയോഗിക്കുകയും നമ്മുടെ പൂർവികരോടു ക്രൂരത കാട്ടുകയും ചെയ്തു. അവരുടെ കുഞ്ഞുങ്ങൾ ജീവിക്കാതിരിക്കാൻ അവരെ ഉപേക്ഷിക്കണമെന്നു രാജാവ് ഉത്തരവിട്ടു.+ 20 ആ കാലത്താണു മോശ ജനിച്ചത്. മോശ വളരെ സുന്ദരനായിരുന്നു. മൂന്നു മാസം മോശയെ അപ്പന്റെ വീട്ടിൽ പരിപാലിച്ചു.*+ 21 അതിനു ശേഷം, ഉപേക്ഷിക്കപ്പെട്ട മോശയെ+ ഫറവോന്റെ മകൾ സ്വന്തം മകനായി എടുത്ത് വളർത്തി.+ 22 മോശയ്ക്ക് ഈജിപ്തിലെ സകല ജ്ഞാനത്തിലും പരിശീലനം ലഭിച്ചു. വാക്കിലും പ്രവൃത്തിയിലും മോശ ശക്തനായിത്തീർന്നു.+
23 “40 വയസ്സായപ്പോൾ, സഹോദരങ്ങളായ ഇസ്രായേൽമക്കളെ ചെന്നുകാണണമെന്നു* മോശ തീരുമാനിച്ചു.+ 24 ഒരിക്കൽ ഒരു ഈജിപ്തുകാരൻ തന്റെ സഹോദരന്മാരിൽ ഒരാളോടു മോശമായി പെരുമാറുന്നതു കണ്ട് മോശ അയാളുടെ രക്ഷയ്ക്കെത്തി. മോശ ആ ഈജിപ്തുകാരനെ കൊന്ന് ദ്രോഹിക്കപ്പെട്ടവനുവേണ്ടി പ്രതികാരം ചെയ്തു.+ 25 തന്നിലൂടെ ദൈവം അവർക്കു രക്ഷ നൽകുകയാണെന്നു സഹോദരന്മാർ മനസ്സിലാക്കുമെന്നാണു മോശ വിചാരിച്ചത്. പക്ഷേ അവർ അതു മനസ്സിലാക്കിയില്ല. 26 പിറ്റേന്ന് അവർ വഴക്കടിച്ചുകൊണ്ടിരിക്കുമ്പോൾ മോശ അവരുടെ അടുത്ത് എത്തി, ‘നിങ്ങൾ സഹോദരന്മാരല്ലേ, എന്തിനാണ് ഇങ്ങനെ വഴക്കുകൂടുന്നത്’ എന്നു ചോദിച്ച് അവരെ ശാന്തരാക്കാൻ ശ്രമിച്ചു.+ 27 എന്നാൽ കൂട്ടുകാരനെ ഉപദ്രവിക്കുന്നവൻ മോശയെ തള്ളിമാറ്റിക്കൊണ്ട് ചോദിച്ചു: ‘നിന്നെ ആരാണു ഞങ്ങളുടെ ഭരണാധികാരിയും ന്യായാധിപനും ആക്കിയത്? 28 ഇന്നലെ ആ ഈജിപ്തുകാരനെ കൊന്നതുപോലെ എന്നെയും കൊല്ലാനാണോ ഭാവം?’+ 29 ഇതു കേട്ട് മോശ അവിടെനിന്ന് ഓടിപ്പോയി മിദ്യാൻ ദേശത്ത് ചെന്ന് ഒരു പരദേശിയായി താമസിച്ചു. അവിടെവെച്ച് മോശയ്ക്കു രണ്ട് ആൺമക്കൾ ഉണ്ടായി.+
30 “40 വർഷത്തിനു ശേഷം സീനായ് പർവതത്തിന് അരികെയുള്ള വിജനഭൂമിയിൽവെച്ച്* മുൾച്ചെടിയിലെ തീജ്വാലയിൽ ഒരു ദൈവദൂതൻ മോശയ്ക്കു പ്രത്യക്ഷനായി.+ 31 ആ കാഴ്ച കണ്ട് മോശ അത്ഭുതപ്പെട്ടു. അത് എന്താണെന്ന് അറിയാൻ അടുത്ത് ചെന്നപ്പോൾ മോശ യഹോവയുടെ ശബ്ദം കേട്ടു: 32 ‘ഞാൻ നിന്റെ പൂർവികരുടെ ദൈവമാണ്; അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം.’+ പേടിച്ചുവിറച്ച മോശ പിന്നെ അവിടേക്കു നോക്കാൻ ധൈര്യപ്പെട്ടില്ല. 33 അപ്പോൾ യഹോവ മോശയോടു പറഞ്ഞു: ‘നീ നിൽക്കുന്ന സ്ഥലം വിശുദ്ധമായതുകൊണ്ട് നിന്റെ കാലിൽനിന്ന് ചെരിപ്പ് ഊരിമാറ്റുക.+ 34 ഞാൻ ഈജിപ്തിലുള്ള എന്റെ ജനം അനുഭവിക്കുന്ന ദുരിതം കാണുകയും അവരുടെ ഞരക്കം കേൾക്കുകയും ചെയ്തു.+ അവരെ രക്ഷിക്കാൻ ഞാൻ ഇറങ്ങിവന്നിരിക്കുകയാണ്. അതുകൊണ്ട് വരൂ, ഞാൻ നിന്നെ ഈജിപ്തിലേക്ക് അയയ്ക്കും.’+ 35 ‘നിന്നെ ആരാണു ഞങ്ങളുടെ ഭരണാധികാരിയും ന്യായാധിപനും ആക്കിയത്’+ എന്നു ചോദിച്ച് അവർ തള്ളിക്കളഞ്ഞ അതേ മോശയെ മുൾച്ചെടിയിൽ പ്രത്യക്ഷനായ ദൈവദൂതനിലൂടെ ദൈവം ഭരണാധികാരിയും വിമോചകനും ആയി അയച്ചു.+ 36 ഈജിപ്തിലും ചെങ്കടലിലും+ 40 വർഷം വിജനഭൂമിയിലും+ അത്ഭുതങ്ങളും അടയാളങ്ങളും+ പ്രവർത്തിച്ച് മോശ അവരെ നയിച്ചുകൊണ്ടുവന്നു.+
37 “‘ദൈവം നിങ്ങളുടെ സഹോദരന്മാർക്കിടയിൽനിന്ന് എന്നെപ്പോലുള്ള ഒരു പ്രവാചകനെ നിങ്ങൾക്കുവേണ്ടി എഴുന്നേൽപ്പിക്കും’+ എന്ന് ഇസ്രായേൽമക്കളോടു പറഞ്ഞത് ഈ മോശയാണ്. 38 നമ്മുടെ പൂർവികരോടും സീനായ് പർവതത്തിൽവെച്ച് സംസാരിച്ച+ ദൂതനോടും+ ഒപ്പം വിജനഭൂമിയിലെ സഭയിലുണ്ടായിരുന്നത് ഇതേ മോശയാണ്. നമുക്കു കൈമാറാനുള്ള ജീവനുള്ള വചനങ്ങൾ ദൈവത്തിൽനിന്ന് സ്വീകരിച്ചതും മോശയാണ്.+ 39 എന്നാൽ നമ്മുടെ പൂർവികർ മോശയെ അനുസരിക്കാൻ മനസ്സു കാണിച്ചില്ല. അവർ മോശയെ തള്ളിക്കളഞ്ഞിട്ട്+ മനസ്സുകൊണ്ട് ഈജിപ്തിലേക്കു തിരിച്ചുപോയി.+ 40 അവർ അഹരോനോടു പറഞ്ഞു: ‘ഞങ്ങളെ നയിക്കാൻ ദൈവങ്ങളെ ഉണ്ടാക്കിത്തരുക. ഈജിപ്ത് ദേശത്തുനിന്ന് ഞങ്ങളെ നയിച്ചുകൊണ്ടുവന്ന ആ മോശയ്ക്ക് എന്തു പറ്റിയെന്ന് ആർക്ക് അറിയാം.’+ 41 അങ്ങനെ അവർ അപ്പോൾ ഒരു കാളക്കുട്ടിയെ ഉണ്ടാക്കി. അവർ കൈകൊണ്ട് ഉണ്ടാക്കിയ ആ വിഗ്രഹത്തിനു ബലി അർപ്പിച്ച് ഒരു ആഘോഷം നടത്തി.+ 42 അതുകൊണ്ട് ദൈവവും അവരിൽനിന്ന് മുഖം തിരിച്ചു. ദൈവം അവരെ ഉപേക്ഷിക്കുകയും ആകാശത്തിലെ സൈന്യത്തെ സേവിക്കാൻ* അവരെ വിട്ടുകൊടുക്കുകയും ചെയ്തു.+ അതിനെക്കുറിച്ച് പ്രവാചകന്മാരുടെ പുസ്തകത്തിൽ ഇങ്ങനെ എഴുതിയിട്ടുണ്ടല്ലോ: ‘ഇസ്രായേൽഗൃഹമേ, വിജനഭൂമിയിലായിരുന്ന 40 വർഷം നിങ്ങൾ ബലികളും യാഗങ്ങളും അർപ്പിച്ചത് എനിക്കായിരുന്നോ? 43 ആരാധിക്കാൻ നിങ്ങൾ ഉണ്ടാക്കിയ മോലോക്കിന്റെ+ കൂടാരവും രേഫാൻ ദൈവത്തിന്റെ നക്ഷത്രവും അല്ലേ നിങ്ങൾ ചുമന്നുകൊണ്ടുനടന്നത്? അതുകൊണ്ട് ഞാൻ നിങ്ങളെ ബാബിലോണിന് അപ്പുറത്തേക്കു നാടുകടത്തും.’+
44 “ദൈവം മോശയോടു സംസാരിച്ചപ്പോൾ കാണിച്ചുകൊടുത്ത അതേ മാതൃകയിൽ പണിത+ സാക്ഷ്യകൂടാരം വിജനഭൂമിയിൽ നമ്മുടെ പൂർവികർക്കുണ്ടായിരുന്നു. 45 അവരുടെ മക്കൾക്ക് അത് അവകാശമായി ലഭിച്ചു. ദൈവം അവരുടെ മുന്നിൽനിന്ന് ഓടിച്ചുകളഞ്ഞ ജനതകൾ കൈവശമാക്കിവെച്ചിരുന്ന ദേശത്തേക്ക്+ അവർ യോശുവയോടൊപ്പം വന്നപ്പോൾ+ ആ സാക്ഷ്യകൂടാരവും കൂടെ കൊണ്ടുപോന്നു. ദാവീദിന്റെ കാലംവരെ അത് ഇവിടെയുണ്ടായിരുന്നു. 46 ദൈവത്തിന്റെ പ്രീതി ലഭിച്ച ദാവീദ് യാക്കോബിന്റെ ദൈവത്തിന് ഒരു വാസസ്ഥലം ഉണ്ടാക്കാനുള്ള* പദവിക്കുവേണ്ടി പ്രാർഥിച്ചു.+ 47 എന്നാൽ ശലോമോനാണു ദേവാലയം പണിതത്.+ 48 എങ്കിലും, മനുഷ്യകരങ്ങൾ നിർമിച്ച ദേവാലയങ്ങളിൽ അത്യുന്നതൻ വസിക്കുന്നില്ല.+ ഇതെക്കുറിച്ച് പ്രവാചകൻ ഇങ്ങനെ പറഞ്ഞിട്ടുണ്ട്: 49 ‘യഹോവ ഇങ്ങനെ പറയുന്നു: സ്വർഗം എന്റെ സിംഹാസനമാണ്;+ ഭൂമി എന്റെ പാദപീഠവും.+ പിന്നെ ഏതുതരം ഭവനമാണു നിങ്ങൾ എനിക്കുവേണ്ടി പണിയുക? എവിടെയാണ് എനിക്കു വിശ്രമസ്ഥലം ഒരുക്കുക? 50 എന്റെ കൈയല്ലേ ഇതെല്ലാം സൃഷ്ടിച്ചത്?’+
51 “ദുശ്ശാഠ്യക്കാരേ, ഹൃദയങ്ങളും കാതുകളും പരിച്ഛേദന ചെയ്യാത്തവരേ,+ നിങ്ങൾ എപ്പോഴും പരിശുദ്ധാത്മാവിനെ എതിർത്തുനിൽക്കുന്നു. നിങ്ങളുടെ പൂർവികർ ചെയ്തതുപോലെതന്നെ നിങ്ങളും ചെയ്യുന്നു.+ 52 നിങ്ങളുടെ പൂർവികർ ഉപദ്രവിച്ചിട്ടില്ലാത്ത ഏതെങ്കിലും പ്രവാചകന്മാരുണ്ടോ?+ നീതിമാനായവന്റെ വരവ് മുൻകൂട്ടി അറിയിച്ചവരെ അവർ കൊന്നുകളഞ്ഞു.+ നിങ്ങളാകട്ടെ, ആ നീതിമാനെ ഒറ്റിക്കൊടുക്കുകയും കൊല്ലുകയും ചെയ്തു.+ 53 ദൈവദൂതന്മാരിലൂടെ നിയമം ലഭിച്ചിട്ടും+ അതു പാലിക്കാത്തവരല്ലേ നിങ്ങൾ?”
54 ഇതു കേട്ട അവർക്കു ദേഷ്യം അടക്കാൻ പറ്റിയില്ല. അവർ സ്തെഫാനൊസിനെ നോക്കി പല്ലിറുമ്മി.+ 55 എന്നാൽ സ്തെഫാനൊസ് പരിശുദ്ധാത്മാവ് നിറഞ്ഞവനായി ആകാശത്തേക്കു നോക്കി, ദൈവത്തിന്റെ മഹത്ത്വവും ദൈവത്തിന്റെ വലതുഭാഗത്ത് യേശു നിൽക്കുന്നതും കണ്ടു.+ 56 “ഇതാ, ആകാശങ്ങൾ തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ+ ദൈവത്തിന്റെ വലതുഭാഗത്ത് നിൽക്കുന്നതും+ ഞാൻ കാണുന്നു” എന്നു സ്തെഫാനൊസ് പറഞ്ഞു. 57 ഇതു കേട്ടപ്പോൾ അവരെല്ലാം ദേഷ്യത്തോടെ അലറിവിളിച്ച് ചെവി പൊത്തിക്കൊണ്ട് സ്തെഫാനൊസിന്റെ നേരെ പാഞ്ഞുചെന്നു. 58 അവർ സ്തെഫാനൊസിനെ നഗരത്തിനു വെളിയിലേക്കു കൊണ്ടുപോയി കല്ലെറിഞ്ഞു.+ സാക്ഷി+ പറയാൻ എത്തിയിരുന്നവർ അവരുടെ പുറങ്കുപ്പായങ്ങൾ ശൗൽ എന്നൊരു യുവാവിനെ ഏൽപ്പിച്ചു.+ 59 അവർ കല്ലെറിഞ്ഞുകൊണ്ടിരിക്കുമ്പോൾ സ്തെഫാനൊസ്, “കർത്താവായ യേശുവേ, എന്റെ ജീവൻ* സ്വീകരിക്കേണമേ” എന്ന് അപേക്ഷിച്ചു. 60 പിന്നെ സ്തെഫാനൊസ് മുട്ടുകുത്തി, “യഹോവേ, ഈ പാപത്തിന് ഇവരെ ശിക്ഷിക്കരുതേ”+ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. ഇതു പറഞ്ഞശേഷം സ്തെഫാനൊസ് മരിച്ചു.