സാഹിത്യങ്ങളോടു വിലമതിപ്പു പ്രകടമാക്കൽ
1 “പുസ്തകം ഓരോന്നുണ്ടാക്കുന്നതിന്നു അവസാനമില്ല.” (സഭാ. 12:12) അനേകം പുസ്തകങ്ങൾക്കും അവ അച്ചടിക്കുന്ന കടലാസിന്റെ മൂല്യം പോലുമില്ല. എന്നിരുന്നാലും, വാച്ച്ടവർ സൊസൈററി പ്രസിദ്ധപ്പെടുത്തുന്ന സാഹിത്യങ്ങൾ സംബന്ധിച്ചു വസ്തുത അതല്ല. അതു വിലയേറിയതാണ്, കാരണം അതിലടങ്ങിയിരിക്കുന്നതു ജീവരക്ഷാകരമായ ആത്മീയ ഭക്ഷണമാണ്. യഹോവയെ അറിയാൻ അതു താത്പര്യക്കാരെ സഹായിക്കുകയും ഇപ്പോൾത്തന്നെ യഹോവയുടെ സമർപ്പിതദാസൻമാർ ആയിരിക്കുന്നവരുടെ വിശ്വാസത്തെ അതു ബലിഷ്ഠമാക്കുകയും ചെയ്യുന്നു.
2 നമ്മുടെ സാഹിത്യങ്ങളിൽനിന്നു അവർക്കു പ്രയോജനം അനുഭവിക്കാൻ കഴിയുമെന്നു നമുക്കറിയാവുന്നതിനാൽ അവ മററുളളവർക്കു സമർപ്പിക്കാൻ നാം ആഗ്രഹിക്കുന്നു. അതിന്റെ ഉത്പാദനത്തിലും വിതരണത്തിലും വളരെയേറെ ചെലവ് ഉൾപ്പെട്ടിട്ടുണ്ട്. അതുകൊണ്ട്, വിവേചനയില്ലാതെ നാം സൗജന്യമായി പ്രസിദ്ധീകരണങ്ങൾ കൊടുക്കുന്നില്ല. നാം സമർപ്പിക്കുന്ന വ്യത്യസ്ത സാഹിത്യ ഇനങ്ങൾക്കും അതുപോലെതന്നെ വീക്ഷാഗോപുരത്തിനും ഉണരുക!യ്ക്കും ഉളള വരിസംഖ്യകൾക്കും അവയുടെ ഒററപ്രതികൾക്കും മിതമായ ഒരു സംഭാവന ആവശ്യപ്പെടുന്നു. സാഹിത്യം സ്വീകരിക്കുന്ന എല്ലാവർക്കും നാം മടക്കസന്ദർശനം നടത്തേണ്ടതാണ്. ആദ്യ സമയത്തു നാം കണ്ടുമുട്ടുന്ന ഒരു വ്യക്തി സാഹിത്യം എടുക്കുന്നില്ലെങ്കിലും നമ്മുടെ സന്ദേശത്തിൽ താത്പര്യം കാണിക്കുന്നെങ്കിൽ അപ്പോഴും മടക്കസന്ദർശനം നടത്താൻ നാം ഉറപ്പുളളവർ ആയിരിക്കണം. പിന്നീടു സന്ദർശനം നടത്തുന്ന ഒരു സമയത്തു വീണ്ടും സാഹിത്യങ്ങളോ മാസികകളോ സമർപ്പിക്കുന്നത് ഒരുപക്ഷേ ഉചിതമായിരിക്കും, നിങ്ങളുടെ സന്ദർശനങ്ങൾക്കിടയിൽ വായിക്കുന്നതിനും പഠിക്കുന്നതിനും ആ വ്യക്തിക്ക് ഒരു പ്രസിദ്ധീകരണം ഉണ്ടായിരിക്കേണ്ടതിനുതന്നെ.
3 വീട്ടുകാരോടു സാഹിത്യത്തിന്റെ സംഭാവന എന്താണെന്നു പറയാൻ ചിലർ വിമുഖതയുളളവരാണ്. സാഹിത്യം തനിക്കു സൗജന്യമായി തരികയാണോയെന്നു വീട്ടുകാരൻ ആശ്ചര്യപ്പെടുന്നതിനാൽ ഇത് അനിശ്ചിതത്വം ഉളവാക്കുന്നു. നാം ഒരു പ്രസിദ്ധീകരണം സമർപ്പിക്കുമ്പോൾ അതിന്റെ സംഭാവനയും വ്യക്തമായി പരാമർശിക്കണം, നമ്മുടെ പ്രവർത്തനം വാണിജ്യപരമല്ലെന്നും സംഭാവന കൂടുതൽ സാഹിത്യങ്ങൾ ഉത്പാദിപ്പിക്കുന്നതിനാണെന്നും വിശദീകരിക്കുന്നതു ചിലപ്പോൾ നല്ലതായിരിക്കാം. എന്നാൽ നമ്മുടെ ലക്ഷ്യം രാജ്യസുവാർത്ത പ്രസംഗിക്കുകയും ശിഷ്യരെ ഉളവാക്കുകയും ചെയ്യുകയാണ് എന്ന വസ്തുത നമുക്കു പ്രഥമസ്ഥാനത്തു നിർത്താം. ഒരു വീട്ടുകാരൻ സാഹിത്യം എടുക്കുന്നതു യഥാർത്ഥ താത്പര്യം വിവേചിച്ചറിയാൻ നമ്മെ സഹായിച്ചേക്കാം. പുകയില, ലൗകിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ വാങ്ങാൻ ആളുകൾക്കു മിക്കപ്പോഴും പണമുണ്ട്. നിങ്ങൾ അവരോടു പറഞ്ഞതിൽ അവർ ആത്മാർത്ഥമായി താത്പര്യമുളളവരാണെങ്കിൽ, നല്ല സാഹിത്യം ലഭിക്കാൻ സംഭാവന നൽകേണ്ടതിന്റെ ന്യായം അവർക്കു മനസ്സിലാകും.
4 സംഭാവനയുടെ കാര്യം ഉചിതമായി അവതരിപ്പിക്കുമ്പോൾ, നാം സാഹിത്യം വില്ക്കുകയല്ല, പിന്നെയോ ഉത്പാദനച്ചെലവിലേക്കു സംഭാവന സ്വീകരിക്കുകയാണെന്നു വീട്ടുകാരൻ മനസ്സിലാക്കും. വ്യക്തി സാഹിത്യം സ്വീകരിച്ചാലും ഇല്ലെങ്കിലും, രാജ്യസുവാർത്തയുമായി അവരുടെ ഹൃദയങ്ങളിൽ എത്തിച്ചേരുകയും യഹോവയുടെ അത്ഭുതകരമായ ഉദ്ദേശ്യങ്ങളെക്കുറിച്ചു കൂടുതൽ പഠിക്കാൻ ഒരു താത്പര്യം അവരിൽ ഉണർത്തുകയും ചെയ്യുക എന്നതാണു നമ്മുടെ ആഗ്രഹം.