സമൃദ്ധമായി വിതയ്ക്കുക, എന്നാൽ വിവേചനയോടെ
1. ധാരാളമായി വിതച്ചാൽ ധാരാളമായും ലോഭമായി വിതച്ചാൽ ലോഭമായും ആയിരിക്കും കൊയ്യാനാവുക എന്ന് സകല കർഷകർക്കും അറിയാം. (2 കൊരി. 9:6) മുളയ്ക്കുകയില്ലാത്ത സ്ഥലത്ത് വിതച്ചുകൊണ്ട് വിത്തു പാഴാക്കാതിരിക്കാൻ കർഷകർ ശ്രദ്ധാലുക്കളായിരിക്കും. വയലിൽ നമ്മുടെ സാഹിത്യങ്ങൾ സമർപ്പിക്കുമ്പോഴും സമാനമായ വിവേചന ആവശ്യമാണ്. വായിക്കാൻ താത്പര്യമുള്ളവർക്കു സാഹിത്യങ്ങൾ നൽകാനാണ് നാം ആഗ്രഹിക്കുന്നത്. യഹോവയുടെ അനർഹദയയെയും രാജ്യപ്രത്യാശയെയും കുറിച്ചു പഠിക്കാൻ, അർഹരായവർക്ക് അവസരം നൽകാൻ നാം ആശിക്കുന്നു.
2. നിങ്ങളുടെ പ്രദേശത്തെ അർഹരായവരെ സത്യത്തിന്റെ പരിജ്ഞാനത്തിലേക്കു കൊണ്ടുവരാനായി ഉപയോഗിക്കാനാകുന്ന മാസികകളും ലഘുപത്രികകളും മറ്റു പ്രസിദ്ധീകരണങ്ങളും നിങ്ങളുടെ വീട്ടിലെ അലമാരയിൽ കുന്നുകൂടുന്നുണ്ടോ? (മത്തായി 25:25 താരതമ്യം ചെയ്യുക.) രാജ്യപ്രസംഗവേല പിന്തുണയ്ക്കപ്പെടുന്ന വിധത്തെ കുറിച്ചു പറയാൻ ബുദ്ധിമുട്ടു തോന്നുന്നു എന്നതുകൊണ്ടു മാത്രം, ആദ്യസന്ദർശനം നടത്തുന്ന ചില അവസരങ്ങളിൽ നിങ്ങൾ മാസികയോ മറ്റ് പ്രസിദ്ധീകരണങ്ങളോ സമർപ്പിക്കാതിരിക്കുന്നുണ്ടോ? രാജ്യവേലയ്ക്കുള്ള സംഭാവനകൾ ഉപയോഗിക്കപ്പെടുന്ന വിധം സംബന്ധിച്ച ലളിതവും നേരിട്ടുള്ളതുമായ പ്രസ്താവനയോട്, വിലമതിപ്പുള്ള വീട്ടുകാർ പ്രതികരിക്കുന്നതായി അനുഭവപരിചയമുള്ള പ്രസാധകർ കണ്ടെത്തിയിരിക്കുന്നു.
3. നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
◼ “വില ഈടാക്കാതെ സാഹിത്യം നൽകാൻ ഞങ്ങൾക്ക് എങ്ങനെ കഴിയുന്നുവെന്ന് താങ്കൾ ചിന്തിച്ചേക്കാം. സ്വമേധയാ സംഭാവനകളാൽ നടത്തപ്പെടുന്ന ഒരു ലോകവ്യാപക വിദ്യാഭ്യാസ വേലയുടെ ഭാഗമാണ് ഇത്. ഇതിലേക്കായി ഒരു ചെറിയ തുക സംഭാവന ചെയ്യാൻ താങ്കൾ ആഗ്രഹിക്കുന്നപക്ഷം, അതു സ്വീകരിക്കാൻ എനിക്കു വളരെ സന്തോഷമുണ്ട്.”
4. സാഹിത്യത്തിന്റെ വില എത്രയെന്ന് പല വീട്ടുകാരും ചോദിക്കാറുണ്ട്.
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം:
◼ “ഞങ്ങളുടെ വേല നിർവഹിക്കപ്പെടുന്നത് സ്വമേധയായുള്ള സംഭാവനകളാൽ ആയതിനാൽ സാഹിത്യത്തിന് ഞങ്ങൾ വില ഈടാക്കുന്നില്ല. ഇപ്പോൾ ചെറിയൊരു തുക സംഭാവനയായി നൽകാൻ താങ്കൾ ആഗ്രഹിക്കുന്നപക്ഷം, ലോകവ്യാപക പഠിപ്പിക്കൽ വേലയ്ക്കുവേണ്ടി അതു വിനിയോഗിക്കുന്നതിൽ ഞങ്ങൾ സന്തോഷമുള്ളവരായിരിക്കും.”
അല്ലെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാം:
◼ “ബൈബിളിനെ കുറിച്ച് കൂടുതൽ അറിയാൻ താത്പര്യമുള്ള എല്ലാവർക്കും ഞങ്ങൾ പ്രസിദ്ധീകരണങ്ങൾ നൽകുന്നുണ്ട്. ഈ ലോകവ്യാപക വേലയ്ക്കുവേണ്ടി ചെറിയൊരു തുക സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നപക്ഷം, താങ്കൾക്കുവേണ്ടി അത് അയച്ചുകൊടുക്കാൻ എനിക്കു സന്തോഷമാണ്.”
5. മാസികാ വേലയിൽ ആയിരിക്കെ ചില പ്രസാധകർ മാസികയുടെ ഉൾപ്പേജ് കാണിച്ചുകൊണ്ട് ഇങ്ങനെ പറയുന്നു:
◼ “ഇവിടെ പറയുന്നതുപോലെ, സ്വമേധയാ സംഭാവനകളാലാണ് ഞങ്ങളുടെ വേല നിർവഹിക്കപ്പെടുന്നത്. ഈ വേലയുടെ ഉന്നമനത്തിനായി ഒരു ചെറിയ തുക സംഭാവന നൽകാൻ താങ്കൾ ആഗ്രഹിക്കുന്നെങ്കിൽ, എന്റെ കൈവശം അത് ഏൽപ്പിക്കാവുന്നതാണ്.”
ലളിതമായ മറ്റൊരു പ്രതികരണം ഇതാ:
◼ “ഞങ്ങളുടെ സാഹിത്യങ്ങൾക്ക് വില ഈടാക്കുന്നില്ലെങ്കിലും, ഞങ്ങളുടെ ലോകവ്യാപക വേലയ്ക്കുവേണ്ടി എളിയ സംഭാവനകൾ ഞങ്ങൾ സ്വീകരിക്കും.”
6. വേലയ്ക്ക് സാമ്പത്തിക പിന്തുണ ലഭിക്കുന്നത് എങ്ങനെയെന്നു പറയാൻ മടിയുള്ളതിന്റെ പേരിൽ നാം രാജ്യ വിത്ത് വിതയ്ക്കുന്നതിൽനിന്ന് ഒരിക്കലും പിന്മാറി നിൽക്കരുത്. അതേസമയം, ‘പാറസ്ഥലത്ത്’ വീണ് നമ്മുടെ സാഹിത്യങ്ങൾ പാഴായിപ്പോകാതിരിക്കാൻ നാം വിവേചന പ്രകടമാക്കുകയും വേണം. (മർക്കൊ. 4:5, 6, 16, 17) നാം കൊണ്ടുചെല്ലുന്ന സുവാർത്തയെ വിലമതിക്കുന്നവർ, അതിലേക്ക് ഭൗതികമായി സംഭാവന ചെയ്യാനുള്ള അവസരം ലഭിക്കുന്നതിൽ സന്തുഷ്ടരാണ്.—മത്തായി 10:42 താരതമ്യം ചെയ്യുക.