ജീവരക്ഷാകരമായ നമ്മുടെ ശുശ്രൂഷയിൽ വിജയപൂർവ്വം പങ്കുപററൽ
1 “ഏതുവിധത്തിലും ചിലരെ രക്ഷിക്കേണ്ടതിന്നു” അപ്പോസ്തലനായ പൗലോസ് തന്റെ സുവാർത്തയുടെ അവതരണം പൊരുത്തപ്പെടുത്തി. (1 കൊരി. 9:19-23) സമാനമായി, വീട്ടുകാരന്റെ താത്പര്യങ്ങൾ വിവേചിച്ചറിയാൻ ജാഗ്രത പുലർത്തുകയും അയാളുടെ ആവശ്യങ്ങൾക്കനുസരിച്ചു നമ്മുടെ ചർച്ചയെ പൊരുത്തപ്പെടുത്താൻ സജ്ജരുമാണെങ്കിൽ ശുശ്രൂഷയിൽ നാം കൂടുതൽ വിജയപ്രദരായിരിക്കും. വീക്ഷാഗോപുരം, ഉണരുക! വരിസംഖ്യകൾ സമർപ്പിക്കുമ്പോൾ ഇതു വിഷമകരമായിരിക്കരുത്.
2 നിങ്ങളെ പരിചയപ്പെടുത്തിയശേഷം, നിങ്ങളുടെ സ്വന്തം വാക്കുകളിൽ ഏതാണ്ടിതുപോലെ പറഞ്ഞുകൊണ്ടു തുടങ്ങാവുന്നതാണ്:
▪“നമ്മുടെ കാലത്തെ പ്രശ്നങ്ങൾക്കു പ്രായോഗികമായ പരിഹാരം നല്കാനുളള ലോകഭരണകൂടങ്ങളുടെ വ്യക്തമായ കഴിവില്ലായ്മയിൽ അനേകമാളുകൾ നിരാശപ്പെടുന്നു. ചിലർ തങ്ങളുടെ പ്രശ്നങ്ങൾക്കു ഭരണകൂടങ്ങളെ കുററപ്പെടുത്തുകപോലും ചെയ്യുന്നു. നമ്മുടെ എല്ലാ ആവശ്യങ്ങൾക്കും വേണ്ടത്ര അളവിൽ കരുതാൻ കഴിവുളള ഒരു ഗവൺമെൻറ് ഉണ്ടാകുമെന്നു നിങ്ങൾ കരുതുന്നുണ്ടോ? [പ്രതികരണത്തിന് അനുവദിക്കുക.] നാം അഭിമുഖീകരിക്കുന്ന സകല പ്രശ്നങ്ങളെയും തീർച്ചയായും അവസാനിപ്പിക്കുന്ന ഒരു ഗവൺമെൻറിനെക്കുറിച്ചുളള ആശ്രയയോഗ്യമായ വാഗ്ദത്തം നമുക്കുണ്ടെന്നു നിങ്ങൾക്കറിയാമോ?” വീട്ടുകാരന്റെ മറുപടി ശ്രദ്ധയോടെ കേൾക്കുക. അയാൾ പറയുന്നതിനെ ആശ്രയിച്ച് അനേകം വ്യത്യസ്ത അവതരണങ്ങളിൽ ഒന്നിലേക്കു മാറാൻ ഒരുങ്ങിയിരിക്കുക.
3 വീട്ടുകാരൻ ഒരു ക്രിസ്ത്യാനിയാണെന്ന അവകാശവാദത്തിന്റെ സൂചനയുണ്ടെങ്കിൽ, “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,” അഥവാ കർത്താവിന്റെ പ്രാർത്ഥന ചൊല്ലാറുണ്ടോയെന്നു നമുക്കു ചോദിക്കാൻ കഴിയും. ഉണ്ട് എന്ന് അയാൾ മറുപടി പറയുന്നെങ്കിൽ, “നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ” എന്നു പറയുന്നിടംവരെ മാതൃകാപ്രാർത്ഥന നമുക്കു ചൊല്ലാൻ കഴിയും. (മത്താ. 6:9, 10) ഒരിക്കൽ ഭൂമിയിൽ യഹോവയുടെ ഇഷ്ടം ചെയ്യപ്പെടാൻ പോകുകയാണെന്ന് ഇതു തെളിയിക്കുന്നു. വീക്ഷാഗോപുരത്തിലെയോ ഉണരുക!യിലെയോ ഉചിതമായ ഒരു ലേഖനം പരാമർശിച്ചുകൊണ്ട് ഒരു വരിസംഖ്യ സമർപ്പിക്കാവുന്നതാണ്. വീട്ടുകാരൻ സമർപ്പണം നിരസിക്കുന്നെങ്കിൽ പറുദീസ സ്ഥാപിക്കുന്ന ഗവൺമെൻറ് എന്നതിലെ മൂന്നാമത്തെ പേജുപോലെ, ഈ വിഷയം പ്രതിപാദിക്കുന്ന ഒരു ലഘുപത്രിക കാണിക്കാവുന്നതാണ്.
4 വീട്ടുകാരൻ ഒരു ഹൈന്ദവനാണെങ്കിൽ നിങ്ങൾക്കു ദാനീയേൽ 2:44 പരാമർശിക്കാനും അടുത്തകാലത്തെ മാസികകളിലൊന്നിലെ ഒരു വിഷയത്തോടു ബന്ധിപ്പിക്കാനും കഴിയും. വീണ്ടും വരിസംഖ്യ നിരസിക്കുന്നെങ്കിൽ നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ ആർ നമ്മെ സഹായിക്കും? എന്ന ലഘുപത്രികയുടെ 8-ാം പേജിലേക്കു തിരിയുക. നാലാമത്തെ ഖണ്ഡികയിൽ പരാമർശിച്ചിരിക്കുന്ന പൊതുവിശ്വാസത്തിലേക്കു ശ്രദ്ധയാകർഷിച്ചശേഷം നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ യഹോവയാം ദൈവം വളരെ പെട്ടെന്നുതന്നെ എങ്ങനെ നടപടിയെടുക്കുമെന്നു തുടർന്നു കാണിച്ചുകൊടുക്കുകയും ചെയ്യുക. ഈ ലഘുപത്രിക രണ്ടു മാസികകളോടൊപ്പം സമർപ്പിക്കാൻ കഴിയും.
5 വീട്ടുകാരൻ ജീവിതത്തിലെ തന്റെ ഭാഗധേയത്തിൽ സംതൃപ്തനാണെന്നു തോന്നുന്നെങ്കിൽ നിങ്ങൾ ഈ ചോദ്യം ചോദിച്ചേക്കാം:
▪“ഗവൺമെൻറിന്റെ ഭാവി സംബന്ധിച്ചു ബൈബിൾ പറയുന്നതു നാം ഗൗരവത്തോടെ പരിചിന്തിക്കേണ്ടത് എന്തുകൊണ്ട്?” അതിനുശേഷം, ന്യായവാദം പുസ്തകത്തിന്റെ 154-ഉം 155-ഉം പേജുകളിലെ വിവരങ്ങൾ ഉപയോഗിച്ചുകൊണ്ട് പ്രസ്തുതഭാഗത്തു നല്കിയിരിക്കുന്ന എട്ടു കാരണങ്ങളിൽ ഒന്നോ അധികമോ പരാമർശിക്കാൻ കഴിയും. ഈ ആശയത്തെ കൈവശമുളള മാസികകളിലൊന്നിലെ ഉചിതമായ ഒരു വിഷയത്തോടു ബന്ധിപ്പിക്കുക. വീട്ടുകാരൻ ഒരു വരിസംഖ്യ സ്വീകരിക്കുന്നില്ലെങ്കിൽ സംഭാഷണത്തെ ദീർഘിപ്പിക്കുന്നതിനു സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം എന്ന ലഘുലേഖ ഉപയോഗിക്കുക.
6 മറെറാരു സന്ദർശനത്തിനായി വീട്ടുകാരന്റെ വിശപ്പു വർദ്ധിപ്പിക്കുന്നില്ലെങ്കിൽ നിങ്ങളുടെ ആദ്യ സന്ദർശനം മുഴുവനായി വിജയപ്രദമായിരിക്കുകയില്ല. അതുകൊണ്ട് താത്പര്യജനകമായ ഒരു ചോദ്യം ചോദിക്കാനും നിങ്ങൾ മടങ്ങിച്ചെല്ലുമ്പോൾ അതിന് ഉത്തരം നല്കാമെന്നു വാഗ്ദാനം ചെയ്യാനും ശ്രദ്ധിക്കുക.
7 മുകളിൽ കൊടുത്തിരിക്കുന്ന വിവരങ്ങളിൽനിന്ന്, പറയാൻ എളുപ്പമുളളതെന്നു നിങ്ങൾക്കു തോന്നുന്നതു തിരഞ്ഞെടുക്കുക. നിങ്ങളുടെ പ്രദേശത്തിനു യോജിക്കുംവിധം ഈ നിർദ്ദേശങ്ങളെ പൊരുത്തപ്പെടുത്തുക. വീട്ടുകാരന്റെ ആവശ്യങ്ങൾക്കനുസരിച്ചു നിങ്ങളുടെ ചർച്ചയെ പെട്ടെന്നു പൊരുത്തപ്പെടുത്താൻ കഴിയേണ്ടതിനു ലഘുപത്രികകൾ, ലഘുലേഖകൾ, മാസികയിലെ ലേഖനങ്ങൾ എന്നിവയുമായി പരിചയപ്പെടുക. നമുക്കെല്ലാം “സുവാർത്തയ്ക്കുവേണ്ടി” നമ്മുടെ അവതരണങ്ങൾ ഉത്സാഹത്തോടെ തയ്യാറാവുകയും അങ്ങനെ ജീവരക്ഷാകരമായ ഈ ശുശ്രൂഷയിൽ വിജയപൂർവ്വം പങ്കെടുക്കുകയും ചെയ്യാം.—1 കൊരി. 9:23.