നമുക്ക് ‘ചുരുക്കിപ്പറയാം!’
1 “ചുരുക്കിപ്പറ, നിങ്ങളുടെ ഉദ്ദേശ്യം എന്താ?” എന്നു ചോദിച്ചുകൊണ്ട്, നിങ്ങൾ നന്നായി തയ്യാറായ ഒരു അവതരണത്തെ ഏതെങ്കിലും ഒരു വീട്ടുകാരൻ തടസ്സപ്പെടുത്തിയിട്ടുണ്ടോ? അത്തരമൊരു അനുഭവത്തിൽനിന്നു നമുക്ക് എന്തു പഠിക്കാൻ കഴിയും?
2 ഇന്നു മിക്ക ആളുകൾക്കും ക്ഷമയില്ല. നാം ആരാണെന്നും എന്തിനാണു വന്നതെന്നും അറിയാൻ അവർ ആഗ്രഹിക്കുന്നു. ബൈബിൾ വിഷയങ്ങൾ ചർച്ച ചെയ്യുകയാണ് നമ്മുടെ സന്ദർശനോദ്ദേശ്യം എന്നു മനസ്സിലാക്കുമ്പോൾ അവർ ശ്രദ്ധിക്കാൻ വിസമ്മതിച്ചേക്കാം. ബൈബിൾ വായിക്കുന്നതും ആത്മീയ കാര്യങ്ങളെ കുറിച്ചു സംസാരിക്കുന്നതും മറ്റും ഇന്നു പലരുടെയും ജീവിതത്തിൽ പ്രധാന കാര്യങ്ങളല്ല. അത്തരം വീട്ടുകാരെ, നമ്മോടൊത്ത് ഒരു ബൈബിൾ വിഷയം ചർച്ചചെയ്യാനായി അൽപ്പ സമയം ചെലവഴിക്കേണ്ടതിന്റെ പ്രാധാന്യം നമുക്ക് എങ്ങനെ ബോധ്യപ്പെടുത്താനാകും?
3 ഏറ്റവും ഫലപ്രദം: വീട്ടുകാരന്റെ ഉത്കണ്ഠയ്ക്കു കാരണമായ പ്രശ്നങ്ങൾക്കുള്ള പ്രായോഗിക പരിഹാരം ബൈബിൾ പ്രദാനം ചെയ്യുന്നു എന്ന് ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ അദ്ദേഹത്തോടു പറയുന്നതാണ് മുഖ്യ സംഗതി. വീട്ടുകാരനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒരു ചോദ്യം ചോദിച്ചിട്ട് അതിനുള്ള ഉത്തരം തിരുവെഴുത്തിൽ നിന്നു കാണിച്ചുകൊടുക്കുന്ന അവതരണങ്ങളാണ് ഏറ്റവും ഫലപ്രദം. താഴെ കൊടുത്തിരിക്കുന്ന ചില നിർദേശങ്ങൾ പരീക്ഷിച്ചുനോക്കാൻ നിങ്ങൾ ഇഷ്ടപ്പെട്ടേക്കാം. വീട്ടുകാരന്റെ താത്പര്യം ഉണർത്തിക്കൊണ്ട് പെട്ടെന്ന് ‘ചുരുക്കിപ്പറയാൻ’ നമ്മെ സഹായിക്കും വിധത്തിലാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്.
4 പൊതുവെ താത്പര്യം ഇല്ലെന്ന് ആളുകൾ പറയുന്ന പ്രദേശങ്ങളിൽ, അവരെ വ്യക്തിപരമായി ഉൾപ്പെടുത്തുന്ന ഒരു ചോദ്യം ചോദിക്കുക:
◼“പുതിയ സഹസ്രാബ്ദത്തിന്റെ കവാടത്തിൽ എത്തിനിൽക്കുന്ന ഈ അവസരത്തിൽ താങ്കൾ പ്രത്യാശയുള്ളവനാണോ, അതോ സംശയത്തോടെയാണോ താങ്കൾ ഭാവിയിലേക്കു നോക്കുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] ഇന്നു നാം കാണുന്ന ഈ കുഴഞ്ഞുമറിഞ്ഞ അവസ്ഥകളെയും അതുപോലെതന്നെ അവയ്ക്ക് എന്തു സംഭവിക്കും എന്നതിനെയും കുറിച്ച് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്.” 2 തിമൊഥെയൊസ് 3:1, 2, 5-ഉം സദൃശവാക്യങ്ങൾ 2:21, 22-ഉം വായിക്കുക.
◼“ആരോഗ്യ പരിപാലനം സംബന്ധിച്ച് നമ്മുടെ രാജ്യത്തു ധാരാളം പ്രശ്നങ്ങൾ നിലവിലുണ്ട്. എന്നാൽ സകല ആരോഗ്യ പ്രശ്നങ്ങളെയും ശാശ്വതമായി പരിഹരിക്കും എന്നു ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നു എന്നു താങ്കൾക്ക് അറിയാമോ?” വെളിപ്പാടു 21:3, 4 വായിക്കുക.
◼“ഈ പ്രദേശത്തുള്ള എല്ലാവരും ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കിയാൽ അതു നമ്മുടെ സമൂഹത്തിനു പ്രയോജനം ചെയ്യുമെന്നു താങ്കൾ കരുതുന്നുണ്ടോ?” മത്തായി 22:37-39 വായിക്കുക.
5 നമ്മുടെ നിയോഗം രാജ്യസുവാർത്ത പ്രസംഗിക്കുക ആയതിനാൽ, രാജ്യം ചെയ്യാൻ പോകുന്ന കാര്യങ്ങളിലേക്കു സാധ്യമാകുമ്പോഴെല്ലാം ആളുകളുടെ ശ്രദ്ധ ക്ഷണിക്കുക. നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
◼“മുഴു ലോകത്തെയും ഒരൊറ്റ ഗവൺമെന്റ് ഭരിക്കുമെന്ന് ലോകത്തിലെ ഏറ്റവും പുരാതന ഗ്രന്ഥമായ ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിട്ടുള്ളതായി നിങ്ങൾക്ക് അറിയാമോ?” ദാനീയേൽ 2:44 വായിക്കുക.
◼“യേശുക്രിസ്തുവാണ് ലോകത്തെ ഭരിക്കുന്നതെങ്കിൽ ഭൂമിയിലെ അവസ്ഥകൾ എങ്ങനെ ആയിരിക്കുമെന്നാണു താങ്കൾ കരുതുന്നത്?” സങ്കീർത്തനം 72:7, 8 വായിക്കുക.
6 മതതത്പരരായ ആളുകളുള്ള പ്രദേശത്ത് പിൻവരുന്ന മുഖവുരകളിൽ ഒന്ന് ഉപയോഗിക്കാവുന്നതാണ്:
◼“നിരവധി ആളുകൾ ലിംഗ വ്യത്യാസം, മതം, തൊലിയുടെ നിറം എന്നിവയുടെ പേരിലുള്ള വിവേചനത്തിന്റെ ഇരകളാണ്. അത്തരം മുൻവിധികളെ കുറിച്ച് ദൈവത്തിന് എന്തു തോന്നുന്നുവെന്നാണ് താങ്കൾ കരുതുന്നത്?” പ്രവൃത്തികൾ 10:34, 35 വായിക്കുക.
◼“ഭൂമിയിലായിരുന്നപ്പോൾ യേശു ധാരാളം അത്ഭുതങ്ങൾ പ്രവർത്തിച്ചെന്നു നമുക്ക് അറിയാം. ഒരു അത്ഭുതം കൂടി ചെയ്യാൻ അവനോടു പറയാനുള്ള അവസരം ലഭിച്ചാൽ, നിങ്ങൾ എന്തു പറയും?” സങ്കീർത്തനം 72:12-14, 16 വായിക്കുക.
7 വീട്ടുകാരന് വാതിൽ തുറക്കാൻ മടിയാണെങ്കിൽ ഇങ്ങനെ പറഞ്ഞുകൊണ്ടു നിങ്ങൾക്ക് സംഭാഷണം ആരംഭിക്കാവുന്നതാണ്:
◼“പ്രശ്നങ്ങളെ കുറിച്ചു കേട്ടുകേട്ട് ആളുകൾ ഇന്നു പൊറുതിമുട്ടിയിരിക്കയാണ്. അവർക്കു കേൾക്കേണ്ടതു പരിഹാരത്തെ കുറിച്ചാണ്. നിങ്ങൾക്കു കേൾക്കേണ്ടതും പരിഹാരത്തെ കുറിച്ചാണെന്നതിൽ സംശയമില്ല. എന്നാൽ നമ്മുടെ പ്രശ്നങ്ങൾക്കുള്ള യഥാർഥ പരിഹാരം എവിടെ കണ്ടെത്താനാകും?” പ്രതികരിക്കാൻ അനുവദിക്കുക. 2 തിമൊഥെയൊസ് 3:16, 17 വായിക്കുക.
8 ഇതെന്തുകൊണ്ടു പരീക്ഷിച്ചുനോക്കിക്കൂടാ? ലളിതവും ഹ്രസ്വവുമായ ഒരു ചോദ്യം മതി മിക്കപ്പോഴും വീട്ടുകാരന്റെ താത്പര്യം ഉണർത്താൻ. “കർത്താവിന്റെ പ്രാർഥനയിലെ ആ രാജ്യം എന്താണെന്നു ചേച്ചിക്കറിയാമോ?” എന്ന് ഒരിക്കൽ എതിർപ്പു പ്രകടിപ്പിച്ചിരുന്ന ഒരു സ്ത്രീയോട് ഒരു സഹോദരി ചോദിച്ചു. അതേത്തുടർന്ന് ആ സ്ത്രീ ഈ സഹോദരിയെയും കൂടെ ഉണ്ടായിരുന്ന സഹോദരിയെയും തന്റെ വീട്ടിലേക്കു ക്ഷണിച്ചു. സഹോദരിയുടെ ഈ ചോദ്യത്തിൽ ജിജ്ഞാസ തോന്നിയ ആ സ്ത്രീ ഒരു ബൈബിൾ അധ്യയനം സ്വീകരിച്ചു. അവർ ഇപ്പോൾ യഹോവയുടെ ഒരു സമർപ്പിത ദാസിയാണ്!
9 വീട്ടുകാരോടു സംസാരിക്കുമ്പോൾ പറയുന്ന വാക്കുകളിൽ ആത്മാർഥത നിഴലിക്കണം. ഹൃദയത്തിൽനിന്നു സംസാരിക്കുക. നമുക്ക് അവരിൽ യഥാർഥ താത്പര്യം ഉണ്ടെന്നു ബോധ്യമാകുമ്പോൾ ആളുകൾ മിക്കപ്പോഴും അനുകൂലമായി പ്രതികരിക്കുന്നു.—പ്രവൃ. 2:46, 47.
10 സുവാർത്താ പ്രസംഗ വേല ഇന്നൊരു വെല്ലുവിളിയാണ്. ചില വീട്ടുകാർ അപരിചിതരെ സംശയത്തോടെ വീക്ഷിക്കുന്നു. മറ്റു ചിലരാകട്ടെ വളരെ തിരക്കുപിടിച്ച ഒരു ജീവിതമാണു നയിക്കുന്നത്, അവർക്ക് ഒട്ടും സമയമില്ല. എന്നിരുന്നാലും, യോഗ്യരായ അനേകരെക്കൂടി ഇനിയും കണ്ടെത്താനുണ്ട് എന്നതിനു സംശയമില്ല. (മത്താ. 10:11) നമ്മുടെ അവതരണങ്ങൾ ഹ്രസ്വമായിരിക്കുകയും സന്ദേശം “ചുരുക്കിപ്പറ”യുകയും ചെയ്യുന്നപക്ഷം, അവരെ കണ്ടെത്താനുള്ള നമ്മുടെ ശ്രമങ്ങൾ കൂടുതൽ വിജയിക്കാനിടയുണ്ട്.