ഏററവും മഹാനായ മനുഷ്യനെ പിൻപററാൻ മററുളളവരെ ക്ഷണിക്കുക
1 മത്തായി 5:14-ൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, യേശു ശിഷ്യൻമാരോടു പറഞ്ഞു: “നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു.” യഹോവയുടെ രാജ്യത്തെക്കുറിച്ചും രക്ഷയ്ക്കുവേണ്ടി യേശുവിലൂടെ അവൻ ചെയ്തിരിക്കുന്ന സ്നേഹപുരസ്സരമായ ക്രമീകരണത്തെക്കുറിച്ചും യേശുവിന്റെ അനുഗാമികൾ എല്ലായിടത്തുമുളള ആളുകളോടു പറയണമായിരുന്നു. ആ നിയോഗം മനസ്സിൽപ്പിടിച്ചുകൊണ്ട്, ജീവിച്ചിരുന്നിട്ടുളളതിലേക്കും ഏററവും മഹാനായ മനുഷ്യൻ പുസ്തകം ഡിസംബറിൽ സമർപ്പിക്കുന്നതിനായി നാം ആകാംക്ഷാപൂർവം കാത്തിരിക്കുകയാണ്. നിങ്ങൾ ഉപയോഗിക്കാനിഷ്ടപ്പെട്ടേക്കാവുന്ന ഏതാനും നിർദേശങ്ങൾ ഇതാ.
2 പരിചയപ്പെടുത്തിയശേഷം, താഴെക്കൊടുത്തിരിക്കുന്നതു നിങ്ങളുടെ സ്വന്ത വാക്കുകളിൽ പറയാവുന്നതാണ്:
◼“ഭൂമിയിൽ ഒരു മനുഷ്യനായി ജീവിച്ചപ്പോൾ യേശു എങ്ങനെയുളള വ്യക്തിയായിരുന്നു എന്നറിയാൻ പലർക്കും ആകാംക്ഷയുണ്ടായിട്ടുണ്ട്. മററുളളവരിൽനിന്ന് അവൻ ഏതു വിധത്തിൽ വ്യത്യസ്തനായിരുന്നുവെന്നാണു നിങ്ങൾ ചിന്തിക്കുന്നത്? [പ്രതികരണത്തിന് അനുവദിക്കുക.] ജീവിച്ചിരുന്നിട്ടുളളതിലേക്കും ഏററവും മഹാനായ മനുഷ്യൻ എന്ന മനംകവരുന്ന ഈ പുസ്തകം അവന്റെ ജീവിതത്തിന്റെയും ശുശ്രൂഷയുടെയും പ്രസക്ത ഭാഗങ്ങൾ വിവരിക്കുകയും അവൻ ഏതുതരം മനുഷ്യനായിരുന്നു എന്നതു സംബന്ധിച്ച് ഉൾക്കാഴ്ച നൽകുകയും ചെയ്യുന്നു. അവനുമായി വ്യക്തിപരമായി സഹവസിക്കാനും അവന്റെ കഷ്ടങ്ങളിൽ പങ്കുപററാനും അവന്റെ ശുശ്രൂഷ നേരിട്ടു നിരീക്ഷിക്കാനുമുളള ഒരു അവസരം ലഭിച്ചതുപോലെയാണ് അതുവായിച്ച ചിലർക്കു തോന്നുന്നത്.” പുസ്തകശീർഷകത്തെ പ്രദീപ്തമാക്കുന്ന, പുസ്തകത്തിലെ ആദ്യത്തെ ചിത്രത്തിലേക്കു ശ്രദ്ധ ക്ഷണിക്കുക. പിന്നെ ആമുഖത്തിലേക്കു തിരിഞ്ഞ് “അവനെപ്പററി പഠിക്കുന്നതിൽനിന്ന് പ്രയോജനം അനുഭവിക്കുക” എന്ന ഉപശീർഷകത്തിൻ കീഴിലുളള രണ്ടാമത്തെ ഖണ്ഡിക വായിക്കുക. തുടർന്ന്, പുസ്തകം 45.00 രൂപ സംഭാവനക്കു സമർപ്പിക്കുക.
3 അല്ലെങ്കിൽ നിങ്ങൾക്ക് ഏതാണ്ട് ഇങ്ങനെ പറയാവുന്നതാണ്:
◼“ക്രിസ്മസ് സമയത്തോടനുബന്ധിച്ച് നാം മിക്കപ്പോഴും യേശുവിനെക്കുറിച്ചു വളരെയധികം കേൾക്കാറുണ്ട്. എങ്കിലും, ലോകത്തെല്ലായിടത്തും മോശമായ വളരെയധികം കാര്യങ്ങൾ നടക്കുന്നതുകൊണ്ട്, യേശു നമ്മെ വാസ്തവത്തിൽ ശ്രദ്ധിക്കുന്നുണ്ടോ അല്ലെങ്കിൽ അവനു നമുക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുമോ? എന്ന് ചിലർ അതിശയിച്ചേക്കാം. അതേക്കുറിച്ചു നിങ്ങൾക്ക് എന്തു തോന്നുന്നു?” മറുപടി പറയാൻ അനുവദിക്കുക. ഏററവും മഹാനായ മനുഷ്യൻ പുസ്തകത്തിന്റെ 24-ാം അധ്യായമെടുത്ത് യേശു ഭൂമിയിലേക്കു വന്നതിന്റെ കാരണം ഹ്രസ്വമായി ചർച്ച ചെയ്യുക. എന്നിട്ട് മററുളളവരോടുളള യേശുവിന്റെ ഹൃദയംഗമമായ സ്നേഹത്തെ ഊന്നിപ്പറഞ്ഞുകൊണ്ട് യോഹന്നാൻ 15:13 വായിക്കുക. പുസ്തകം സ്വീകരിക്കുന്നില്ലെങ്കിൽ, ലഭ്യമായ ഏററവും പുതിയ മാസികകളോ ഒരു ലഘുപത്രികയോ ഉചിതമായ ലഘുലേഖയോ സമർപ്പിക്കാൻതക്കവണ്ണം കൈവശം വയ്ക്കാൻ ഓർക്കുക.
4 ഇതാ മറെറാരു നിർദേശം:
◼“അനുകരിക്കാനുളള മോഡലുകളെ തേടുകയാണു മിക്ക യുവജനങ്ങളും. പക്ഷേ നല്ലവരെ കണ്ടുകിട്ടുക പ്രയാസം. എന്നാൽ യേശുക്രിസ്തുവാകട്ടെ സകലർക്കുംവേണ്ടി പൂർണതയുളള മാതൃക വെച്ചിരിക്കുന്നു. [1 പത്രൊസ് 2:21 വായിക്കുക.] തന്റെ സ്വർഗീയ പിതാവിന്റെ ആരാധനയെ കേന്ദ്രീകരിച്ചുളളതായിരുന്നു അവന്റെ മുഴുജീവിതവും. കൂടുതൽ ആളുകൾ അവനെ അനുകരിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ എങ്ങനെയാകുമായിരുന്നുവെന്നാണു നിങ്ങൾ വിചാരിക്കുന്നത്?” മറുപടി പറയാൻ അനുവദിക്കുക. അവന്റെ പ്രത്യേക ഗുണങ്ങളെ വർണിക്കുന്ന, പുസ്തകത്തിന്റെ അവസാന പേജിനു തൊട്ടു മുമ്പുളള പേജിലെ മൂന്നാമത്തെ ഖണ്ഡിക പരാമർശിക്കുക. മെച്ചപ്പെട്ട വ്യക്തികളായിത്തീരാൻ നമ്മെ എല്ലാവരെയും സഹായിക്കാൻ ഏററവും മഹാനായ മനുഷ്യൻ പുസ്തകത്തിന് എങ്ങനെ കഴിയുമെന്നു വിശദമാക്കുക.
5 നിങ്ങൾ ഏതാണ്ട് ഇതുപോലെ പറയാൻ ആഗ്രഹിച്ചേക്കാം:
◼“ആരെങ്കിലും യേശുക്രിസ്തുവിനെക്കുറിച്ചു പരാമർശിക്കുമ്പോൾ, പലരും അവനെപ്പററി ചിന്തിക്കുന്നത് ഒന്നുകിൽ ഒരു ശിശുവായിട്ട് അല്ലെങ്കിൽ മരിക്കാറായി കഷ്ടപ്പെടുന്ന ഒരു മനുഷ്യനായിട്ട് ആണ്. യേശുവിന്റെ ജനനം, മരണം എന്നിവയിൽ മാത്രം ഒതുങ്ങുന്നതാണ് അവനെക്കുറിച്ചുളള അവരുടെ ധാരണ. തന്റെ ജീവിതകാലത്ത് അവൻ പറഞ്ഞതും ചെയ്തതുമായ ആശ്ചര്യകരമായ സംഗതികൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുകയാണ്. ഭൂമിയിൽ ജീവിച്ചിട്ടുളള ഓരോ വ്യക്തിയെയും ബാധിക്കുന്നതാണ് അവൻ പൂർത്തിയാക്കിയിരിക്കുന്ന സംഗതികൾ. അതുകൊണ്ടാണ് നമുക്കുവേണ്ടി അവൻ ചെയ്ത മഹത്തായ സംഗതികളെക്കുറിച്ചു നമുക്കു സാധിക്കുന്നത്രയും പഠിക്കുന്നത് ജീവത്പ്രധാനമായിരിക്കുന്നത്.” യോഹന്നാൻ 17:3 വായിക്കുക. ഏററവും മഹാനായ മനുഷ്യൻ പുസ്തകത്തിലെ ആമുഖത്തിന്റെ ആദ്യപേജ് എടുത്ത് നാലാമത്തെ ഖണ്ഡിക വായിക്കുക. പുസ്തകം സമർപ്പിച്ചിട്ട് വ്യക്തിപരമായ പഠനത്തിന് അത് എങ്ങനെ ഉപയോഗിക്കാനാവുമെന്നു വിശദീകരിക്കുക.
6 താത്പര്യം കാട്ടുന്നവരുടെയും പ്രസിദ്ധീകരണങ്ങൾ എടുക്കുന്നവരുടെയും ഒരു രേഖ സൂക്ഷിക്കാൻ ശ്രദ്ധിക്കുക. അപ്പോൾ അതിൻപ്രകാരം നിങ്ങൾക്കു മടക്കസന്ദർശനങ്ങൾ നടത്താനാവും. ഇനിയും സമയം ബാക്കിയുളളതുകൊണ്ട്, പരമാർഥ ഹൃദയരെ സതീക്ഷ്ണം അന്വേഷിച്ച് നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിന്റെ അനുഗാമികളായിത്തീരാൻ നമുക്ക് അവരെ സഹായിക്കാം.—മത്താ. 16:24.