ഏററവും മഹാനായ മനുഷ്യനെക്കുറിച്ചു പഠിക്കാൻ മററുളളവരെ സഹായിക്കുക
1 ജീവിച്ചിരുന്നിട്ടുളളതിലേക്കും ഏററവും മഹാനായ മനുഷ്യൻ എന്ന പുസ്തകം വായിച്ചിട്ടുളള അനേകരും അതു തങ്ങളുടെ ജീവിതത്തിൽ ഉളവാക്കിയിട്ടുളള ഫലം നിമിത്തം ആത്മാർഥമായ വിലമതിപ്പു പ്രകടിപ്പിച്ചിട്ടുണ്ട്. ഒരാൾ ഇപ്രകാരം എഴുതി: “ഞാൻ ആ പുസ്തകം വായിച്ചുതീർത്തപ്പോൾ, യേശുവിനോടൊപ്പം സഹവസിക്കാനും അവിടുത്തെ സമീപത്തു ജീവിക്കാനും അവിടുത്തെ കഷ്ടങ്ങളിലും വികാരങ്ങളിലും അവിടുത്തെ ശുശ്രൂഷയുടെ എല്ലാ വശങ്ങളിലും പങ്കുപററാനും ഞാൻ യേശുവിനാൽ ക്ഷണിക്കപ്പെടുന്നതുപോലെ എനിക്കു തോന്നി. . . . ആ പുസ്തകം വായിക്കുന്നതു യേശുവിന്റെ ജീവിതത്തെക്കുറിച്ചുളള ഒരു ചലച്ചിത്രം കാണുന്നതുപോലെയാണ്.”
2 ഏററവും മഹാനായ മനുഷ്യൻ പുസ്തകം യേശുവിനോടു മാത്രമല്ല യഹോവയോടും മെച്ചമായി പരിചിതമാകാൻ നമ്മെ സഹായിക്കുന്നു. (യോഹന്നാൻ 14:9) പന്ത്രണ്ടു വയസ്സുളള ഒരു കുട്ടി ഈ പുസ്തകത്തെക്കുറിച്ച് ഇപ്രകാരം പറഞ്ഞു: “ഞാനതു വായിച്ചയുടനെ സന്തോഷാശ്രുക്കളോടുകൂടി യഹോവയോടു പ്രാർഥിക്കാൻ ഇടയാകത്തക്കവണ്ണം അത് എന്നെ അത്രയധികം ആശ്വസിപ്പിച്ചു. യഹോവയും യേശുവും നമ്മെ പരിപാലിക്കുന്നുണ്ടെന്ന് ഉളളിന്റെയുളളിൽ എനിക്കു വീണ്ടും ഉറപ്പു ലഭിച്ചു.” യോഹന്നാൻ 17:3-ൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, യഹോവയെയും അവിടുത്തെ പുത്രനെയും അറിയുന്നതു നമുക്കു നിത്യജീവനെ അർഥമാക്കുന്നുവെന്നു യേശു പറഞ്ഞു. യേശുവിന്റെ ജീവിതത്തെ സംബന്ധിച്ച ഈ പുസ്തകം പഠിക്കുന്നത്, യഹോവയുടെ വ്യക്തിത്വം സംബന്ധിച്ചു സവിശേഷമായ ഉൾക്കാഴ്ച നമുക്കു തരുന്നു, എന്തെന്നാൽ യേശു “അവിടുത്തെ . . . സത്തയുടെ മുദ്ര”യാണ്.—എബ്രാ. 1:3, പി. ഒ. സി. ബൈ.
3 എഴുപതിലധികം ഭാഷകളിൽ ഏററവും മഹാനായ മനുഷ്യൻ പുസ്തകത്തിന്റെ 1 കോടി 90 ലക്ഷത്തിലധികം പ്രതികൾ അച്ചടിച്ചുകഴിഞ്ഞു. ഈ പുസ്തകത്തിനു എത്ര നന്നായി സ്വാഗതം ലഭിക്കുന്നുണ്ടെന്ന് ഇതു കാണിക്കുന്നു. തങ്ങൾക്കു ലഭിച്ചാലുടൻതന്നെ അനേകർ ഈ മുഴുപുസ്തകവും വായിച്ചുതീർക്കുന്നു. ലഭിച്ചു രണ്ടാഴ്ചയ്ക്കുളളിൽ താത്പര്യക്കാരനായ ഒരു മനുഷ്യൻ അതു മുഴുവനും വായിച്ചുതീർത്തു. ഈ പുസ്തകം ലഭിച്ച ഒരു പുരോഹിതൻ ഇപ്രകാരം പ്രസ്താവിച്ചു: “ഈ പുസ്തകം താഴെ വയ്ക്കാൻ എനിക്കു കഴിയുന്നില്ല. ഉറങ്ങുന്നതിനു മുമ്പായി ഞാനും എന്റെ ഭാര്യയും എല്ലാ രാത്രിയിലും അതിന്റെ ഏതാനും ഭാഗം വായിക്കുന്നു.”
4 അനൗപചാരിക സാക്ഷീകരണം: ഒരു മനുഷ്യൻ തന്റെ ജോലിസ്ഥലത്തുളള ആളുകളെ ഏററവും മഹാനായ മനുഷ്യൻ പുസ്തകം കാണിച്ചു. അദ്ദേഹത്തിന് ഈ പുസ്തകം ഉണ്ടെന്നുളള വാർത്ത പ്രചരിച്ചു, അതിന്റെ ഉളളടക്കത്തെ സംബന്ധിച്ച റിപ്പോർട്ടുകൾ വ്യാപിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സഹജോലിക്കാർ ഒരു പ്രതി കിട്ടാൻ ആഗ്രഹിച്ചവരുടെ ഒരു ലിസ്ററുണ്ടാക്കി. അദ്ദേഹം 461 പുസ്തകങ്ങൾ സമർപ്പിച്ചു! അതു ലഭിച്ചവരിൽ അഞ്ചുപേർ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഒരു വിമാനത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കെ ഒരു സഹോദരി, പുതിയൊരു കർദിനാളിന്റെ പട്ടം കൊടുക്കൽ ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്ന ഒരു പുരോഹിതന് ഏററവും മഹാനായ മനുഷ്യൻ പുസ്തകം സമർപ്പിച്ചു. ഈ പുരോഹിതൻ 40 വർഷം വത്തിക്കാനിലായിരുന്നു. മററുളളവർക്ക് ഈ പുസ്തകം ശുപാർശ ചെയ്യാനുളള എല്ലാ അവസരങ്ങളും നാമെല്ലാം പൂർണമായി പ്രയോജനപ്പെടുത്തേണ്ടതുണ്ട്.
5 യുവാക്കൾ അതിനെ വിലമതിക്കുന്നു: കുട്ടികൾ ഈ പുസ്തകത്തിൽ വളരെയധികം താത്പര്യം കാണിക്കുന്നുണ്ട്. ഒൻപതു വയസ്സുളള ഒരു കുട്ടി ഇപ്രകാരം എഴുതി: “എന്റെ ഏററവും ഇഷ്ടപ്പെട്ട പ്രസിദ്ധീകരണം ജീവിച്ചിരുന്നിട്ടുളളതിലേക്കും ഏററവും മഹാനായ മനുഷ്യൻ ആണ്, എന്തെന്നാൽ അതിൽനിന്നു ഞാൻ ധാരാളം പഠിക്കുന്നു.” നാം വയൽസേവനത്തിൽ യുവജനങ്ങളെ കണ്ടുമുട്ടുമ്പോൾ, അവരുടെ മാതാപിതാക്കൾ സമ്മതിക്കുന്നെങ്കിൽ, ഈ ചെറുപ്പക്കാരെ ഈ പുസ്തകം കാണിക്കാനും അതിലെ ചില സവിശേഷാശയങ്ങളും ചിത്രങ്ങളും അവലോകനം ചെയ്യാനും സമയമെടുക്കണം. ഈ ചെറുപ്പക്കാർക്കു പുസ്തകങ്ങൾ സമർപ്പിക്കാൻ നമുക്കു കഴിഞ്ഞേക്കും. യേശുവിനെക്കുറിച്ച് അറിയാൻ അവസരം ലഭിക്കുമ്പോൾ, ഇന്നു യുവജനങ്ങൾക്കു യേശുവിനോട് അനുകൂലമായി പ്രതികരിക്കാൻ കഴിയുന്നുണ്ട്. യേശു സമീപിക്കാവുന്ന ഒരു മനുഷ്യനായിരുന്നു.—മത്താ. 19:14, 15.
6 ഏററവും മഹാനായ മനുഷ്യൻ പുസ്തകത്തിന്റെ വായനയ്ക്കു ആളുകളുടെ ജീവിതത്തിനു മാററം വരുത്താൻ കഴിയും. കഴിയുന്നിടത്തോളം പേരെ അതിലെ ഉളളടക്കം പരിചയപ്പെടുത്താൻ ശ്രമിക്കുക. ഈ പുസ്തകത്തിന്റെ ആമുഖത്തിന്റെ അവസാന പേജിലുളള, “അവനെക്കുറിച്ചു പഠിച്ചുകൊണ്ടു പ്രയോജനം നേടുക” എന്ന ഉപതലക്കെട്ടിൻകീഴിലെ വിവരങ്ങൾ ഉപയോഗിക്കുക. ഈ പുസ്തകം വായിക്കുന്നതിൽനിന്ന് തങ്ങൾക്കു ലഭിക്കാൻ കഴിയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഈ വിവരങ്ങൾ ആളുകളെ സഹായിക്കും. ഈ പുസ്തകം വായിച്ചശേഷം, “ഞാൻ എക്കാലത്തും വായിച്ചിട്ടുളള ഏററവും നല്ല പുസ്തകം ഇതാണ്! ഇത് എന്റെ ജീവിതത്തിനു മാററം വരുത്തി” എന്നു ഉദ്ഘോഷിച്ച ഒരു വ്യക്തിയെപ്പോലെ നിങ്ങളുടെ പ്രദേശത്തെ പലരും പ്രതികരിച്ചേക്കാം.