പരിജ്ഞാനം പുസ്തകംകൊണ്ടു ശിഷ്യരെ ഉളവാക്കാവുന്ന വിധം
1 സകല ക്രിസ്ത്യാനികളുടെയും ഒരു അഭിലഷണീയമായ ലാക്ക് മറ്റുള്ളവരെ സത്യം പഠിപ്പിക്കുകയും “നിത്യജീവനു യോജിച്ച മനോനിലയുള്ള” ശിഷ്യരെ ഉളവാക്കുകയുമാണ്. (പ്രവൃ. 13:48, NW; മത്താ. 28:19, 20) ഇതു നിർവഹിക്കുന്നതിനു യഹോവയുടെ സ്ഥാപനം വിസ്മയാവഹമായ ഒരു ഉപകരണം നമ്മുടെ കരങ്ങളിൽ എത്തിച്ചിരിക്കുന്നു—നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പുസ്തകം. അതിന്റെ ശീർഷകം ഭവന ബൈബിളധ്യയനങ്ങൾക്കുള്ള വമ്പിച്ച പ്രാധാന്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, കാരണം നിത്യജീവൻ ഏകസത്യദൈവമായ യഹോവയെയും അവന്റെ പുത്രനായ യേശുക്രിസ്തുവിനെയും കുറിച്ചുള്ള പരിജ്ഞാനം സമ്പാദിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു.—യോഹ. 17:3.
2 പരിജ്ഞാനം പുസ്തകം ഭവന ബൈബിളധ്യയനങ്ങൾ നടത്തുന്നതിനു സൊസൈറ്റി ഉപയോഗിക്കുന്ന ഇപ്പോഴത്തെ മുഖ്യ പ്രസിദ്ധീകരണമാണ്. ഇത് ഉപയോഗിച്ചുകൊണ്ടു നമുക്കു ലാളിത്യത്തോടെ, വ്യക്തതയോടെ, സംക്ഷിപ്തമായി സത്യം പഠിപ്പിക്കാൻ കഴിയും. പഠിക്കുന്നവരുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ ഇതു സഹായിക്കും. (ലൂക്കൊ. 24:32) തീർച്ചയായും, നിർവാഹകൻ നല്ല പഠിപ്പിക്കൽവിദ്യകൾ ഉപയോഗിക്കേണ്ടയാവശ്യമുണ്ട്. നിർദേശങ്ങളും ഫലപ്രദമെന്നു തെളിഞ്ഞിരിക്കുന്ന പഠിപ്പിക്കൽ രീതികളെക്കുറിച്ചുള്ള ഓർമിപ്പിക്കലുകളും പ്രദാനംചെയ്യുകയെന്ന ഉദ്ദേശ്യത്തിലാണ് ഈ അനുബന്ധം തയ്യാറാക്കിയിരിക്കുന്നത്. ഇവിടെ നൽകപ്പെടുന്നവയിൽ ചിലതോ അല്ലെങ്കിൽ മുഴുവനോ, വിവേചനയോടെയും ഓരോ സാഹചര്യത്തിനനുസൃതമായും ക്രമാനുഗതമായി പ്രാവർത്തികമാക്കാൻ നിങ്ങൾ പ്രാപ്തനായേക്കാം. ഈ അനുബന്ധം സൂക്ഷിക്കുകയും കൂടെക്കൂടെ പരിശോധിക്കുകയും ചെയ്യുക. ശിഷ്യരെ ഉളവാക്കുന്നതിനു പരിജ്ഞാനം പുസ്തകം ഉപയോഗിക്കുന്നതിൽ കൂടുതൽ ഫലപ്രദരായിരിക്കാൻ അതിലെ നിരവധി ആശയങ്ങൾ നിങ്ങളെ സഹായിച്ചേക്കാം.
3 ഒരു പുരോഗമനാത്മക ഭവന ബൈബിളധ്യയനം നടത്തുക: ഒരു ഭാവി ക്രിസ്തീയ ശിഷ്യൻ എന്ന നിലയിലും ഒരു ആത്മീയ സഹോദരനോ സഹോദരിയോ എന്ന നിലയിലും വിദ്യാർഥിയിൽ ഒരു യഥാർഥ വ്യക്തിഗത താത്പര്യം എടുക്കുക. ഊഷ്മളതയും സൗഹൃദവും ഉത്സാഹവും ഉള്ളവരായിരിക്കുക. ഒരു നല്ല ശ്രോതാവായിരിക്കുകവഴി നിങ്ങൾക്കു മറ്റേ വ്യക്തിയെ—അദ്ദേഹത്തിന്റെ പശ്ചാത്തലവും ജീവിത സാഹചര്യവും—അറിയാൻ കഴിയും. അദ്ദേഹത്തെ ആത്മീയമായി സഹായിക്കുന്നത് എത്ര മെച്ചമാണെന്നു തിരിച്ചറിയാൻ അതു നിങ്ങളെ സഹായിക്കും. വിദ്യാർഥിക്കുവേണ്ടി നിങ്ങളെത്തന്നെ വിട്ടുകൊടുക്കാൻ മനസ്സൊരുക്കമുള്ളവനായിരിക്കുക.—1 തെസ്സ. 2:8.
4 ഒരിക്കൽ അധ്യയനം തുടങ്ങിക്കഴിഞ്ഞാൽ, പരിജ്ഞാനം പുസ്തകത്തിലെ അധ്യായങ്ങൾ സംഖ്യാക്രമത്തിൽ പഠിക്കുന്നതാണ് ഉത്തമം. ഇതു വിദ്യാർഥിയെ സത്യത്തിന്റെ ഒരു അനുക്രമമായ ഗ്രാഹ്യം നേടുന്നതിനനുവദിക്കും, കാരണം പുസ്തകം ബൈബിൾ വിഷയങ്ങളെ ഏറ്റവും യുക്തിപൂർവകമായ ക്രമത്തിൽ വികസിപ്പിക്കുന്നു. അധ്യയനം ജീവസ്സുറ്റതും സുഗമവുമായിരിക്കാൻ അതു ലളിതവും രസകരവുമാക്കി നിർത്തുക. (റോമ. 12:11) വിദ്യാർഥിയുടെ സാഹചര്യങ്ങളെയും പ്രാപ്തിയെയും ആശ്രയിച്ച്, അധ്യായങ്ങൾ മിക്കതും ഒരു മണിക്കൂറോ അത്രത്തോളമോ ഉള്ള ഒരു സെഷനിൽ നിങ്ങൾക്കു തീർക്കാൻ കഴിഞ്ഞേക്കും. അതേസമയം ധൃതികൂട്ടി എടുക്കേണ്ട ആവശ്യവുമില്ല. അധ്യാപകനും വിദ്യാർഥിയും ഓരോ വാരവും തങ്ങളുടെ അധ്യയനത്തിനുള്ള നിർദിഷ്ട സമയം പാലിക്കുമ്പോൾ വിദ്യാർഥികൾ ഏറെനല്ല പുരോഗതി പ്രാപിക്കും. അങ്ങനെ, മിക്ക വ്യക്തികളുടെ കാര്യത്തിലും പുസ്തകത്തിന്റെ 19 അധ്യായങ്ങളും ഏതാണ്ട് ആറുമാസമോ അതിനോടടുത്ത സമയമോകൊണ്ടു പൂർത്തിയാക്കാൻ സാധിച്ചേക്കാം.
5 പാഠഭാഗത്തിൽ താത്പര്യം ഉണർത്തുന്ന ഹ്രസ്വമായ അഭിപ്രായങ്ങളോടെ ഓരോ സെഷനും അവതരിപ്പിക്കുക. ഓരോ അധ്യായത്തിന്റെയും ശീർഷകം അതിന്റെ പ്രതിപാദ്യവിഷയം ആണെന്നു നിങ്ങൾ നിരീക്ഷിക്കും, അതിന് ഊന്നൽ കൊടുക്കേണ്ടതാവശ്യമാണ്. അധ്യായത്തിന്റെ പ്രതിപാദ്യവിഷയം വ്യക്തമാക്കിക്കാണിക്കാൻ നിങ്ങളെ സഹായിച്ചുകൊണ്ട് ഓരോ ഉപതലക്കെട്ടും ഒരു മുഖ്യാശയത്തെ എടുത്തുകാണിക്കുന്നു. വളരെയധികം സംസാരിക്കാതിരിക്കാൻ ശ്രദ്ധയുള്ളവരായിരിക്കുക. പകരം, വിദ്യാർഥിയെക്കൊണ്ടു പറയിക്കുക. വിദ്യാർഥിക്കു മുന്നമേ അറിയാവുന്നതിനെ അടിസ്ഥാനമാക്കിയുള്ള നിർദിഷ്ടമായ മാർഗനിർദേശക ചോദ്യങ്ങൾ ചോദിക്കുന്നത്, ന്യായവാദം ചെയ്യുന്നതിനും ശരിയായ നിഗമനത്തിലെത്തിച്ചേരുന്നതിനും അദ്ദേഹത്തെ സഹായിക്കും. (മത്താ. 17:24-26; ലൂക്കൊ. 10:25-37; സ്കൂൾ ഗൈഡ്ബുക്ക് 51-ാം പേജ് 10-ാം ഖണ്ഡിക കാണുക.) പരിജ്ഞാനം പുസ്തകത്തിലെ അച്ചടിച്ച വിവരത്തോട് അടുത്തു പറ്റിനിൽക്കുക. കൂടുതലായ വിശദീകരണങ്ങൾ അവതരിപ്പിക്കുന്നതു മുഖ്യാശയങ്ങളിൽനിന്നു വ്യതിചലിക്കുന്നതിനോ അതിനു മങ്ങലേൽക്കുന്നതിനോ അധ്യയനം ദീർഘിച്ചുപോകുന്നതിനോ ഇടയാക്കും. (യോഹ. 16:12) പഠിക്കുന്ന വിഷയത്തോടു ബന്ധപ്പെടാത്ത ഒരു ചോദ്യം ഉയർന്നുവരുന്നെങ്കിൽ, മിക്ക സാഹചര്യങ്ങളിലും സെഷന്റെ അവസാനം നിങ്ങൾക്കതിന് ഉത്തരം കൊടുക്കാൻ കഴിയും. വ്യതിചലനം കൂടാതെ വാരത്തിലെ പാഠം തീർക്കുന്നതിന് അതു നിങ്ങളെ അനുവദിക്കും. പഠനപരിപാടിയിലൂടെ അദ്ദേഹത്തിന്റെ മിക്കവാറുമെല്ലാ വ്യക്തിഗത ചോദ്യങ്ങൾക്കും കാലക്രമത്തിൽ ഉത്തരം ലഭിക്കുമെന്നു വിദ്യാർഥിയോടു വിശദീകരിക്കുക.—സ്കൂൾ ഗൈഡ്ബുക്ക് 94-ാം പേജ് 14-ാം ഖണ്ഡിക കാണുക.
6 വിദ്യാർഥി ത്രിത്വം, ദേഹിയുടെ അമർത്ത്യത, നരകാഗ്നി ഇവയിലോ അത്തരത്തിലുള്ള മറ്റു വ്യാജോപദേശങ്ങളിലോ ശക്തമായി വിശ്വസിക്കുകയും എന്നാൽ പരിജ്ഞാനം പുസ്തകത്തിലെ വിവരങ്ങൾ അദ്ദേഹത്തെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്നില്ലെങ്കിൽ, നിങ്ങൾക്കു ന്യായവാദം പുസ്തകമോ ആ വിഷയം ചർച്ച ചെയ്യുന്ന മറ്റൊരു പ്രസിദ്ധീകരണമോ കൊടുക്കാവുന്നതാണ്. വായിച്ചതിനെക്കുറിച്ച് അദ്ദേഹം ചിന്തിച്ചതിനുശേഷം നിങ്ങൾ അദ്ദേഹത്തോടൊപ്പം വിഷയം ചർച്ചചെയ്യുമെന്നു പറയുക.
7 യഹോവയുടെ മാർഗദർശനത്തിനും അനുഗ്രഹത്തിനുമായി പ്രാർഥനയോടെ അധ്യയനം ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും അവസരത്തെ മഹത്ത്വപൂർണമാക്കുന്നു. അത് ഒരുവനെ ആദരപൂർവകമായ മാനസിക ചട്ടക്കൂട്ടിൽ കൊണ്ടുവരുകയും യഥാർഥ ഗുരുവെന്നനിലയിൽ യഹോവയിലേക്കു ശ്രദ്ധയാകർഷിക്കുകയും ചെയ്യുന്നു. (യോഹ. 6:45) വിദ്യാർഥി ഇപ്പോഴും പുകയില ഉപയോഗിക്കുന്നവനാണെങ്കിൽ, അധ്യയന സമയത്ത് അതു വർജിക്കാൻ ക്രമേണ നിങ്ങൾ അദ്ദേഹത്തോടു പറയേണ്ടതാവശ്യമായി വന്നേക്കാം.—പ്രവൃ. 24:16; യാക്കോ. 4:3.
8 തിരുവെഴുത്തുകളും ദൃഷ്ടാന്തങ്ങളും പുനരവലോകന ചോദ്യങ്ങളും ഉപയോഗിച്ചു ഫലപ്രദമായി പഠിപ്പിക്കുക: താൻ മുന്നമേ എത്ര പ്രാവശ്യം പാഠഭാഗങ്ങൾ പഠിച്ചിരുന്നേക്കാമെന്നതു ഗണ്യമാക്കാതെ, ഒരു വിദഗ്ധ അധ്യാപകൻ നിർദിഷ്ട വിദ്യാർഥിയെ മനസ്സിൽപ്പിടിച്ചുകൊണ്ട് ഓരോ പാഠവും പുനരവലോകനം ചെയ്യും. വിദ്യാർഥിയുടെ ചോദ്യങ്ങളിൽ ചിലതു മുൻകൂട്ടിക്കാണാൻ ഇതു സഹായിക്കുന്നു. ഫലപ്രദമായി പഠിപ്പിക്കാൻ, അധ്യായത്തിലെ മുഖ്യാശയങ്ങളുടെ ഒരു വ്യക്തമായ ഗ്രാഹ്യം നേടുക. പാഠഭാഗത്തു തിരുവെഴുത്തുകൾ എങ്ങനെ ബാധകമാകുന്നുവെന്നു കാണാൻ അവ എടുത്തുനോക്കുകയും അധ്യയന സമയത്ത് ഏതൊക്കെ വായിക്കണമെന്നു തീരുമാനിക്കുകയും ചെയ്യുക. ദൃഷ്ടാന്തങ്ങളും അധ്യായത്തിന്റെ അവസാനമുള്ള പുനരവലോകന ചോദ്യങ്ങളും ഉപയോഗിച്ചുകൊണ്ടു നിങ്ങൾക്ക് എങ്ങനെ പഠിപ്പിക്കാൻ കഴിയുമെന്നു ചിന്തിക്കുക.
9 തിരുവെഴുത്തുകൾ ഫലപ്രദമായി ഉപയോഗിക്കുകവഴി വാസ്തവത്തിൽ താൻ ബൈബിൾ പഠിച്ചുകൊണ്ടിരിക്കുകയാണെന്നു മനസ്സിലാക്കാൻ നിങ്ങൾ വിദ്യാർഥിയെ സഹായിക്കും. (പ്രവൃ. 17:11) “ബൈബിൾ നന്നായി വിനിയോഗിക്കുക” എന്ന പരിജ്ഞാനം പുസ്തകത്തിന്റെ 14-ാം പേജിലെ ചതുരം ഉപയോഗിച്ചുകൊണ്ട്, തിരുവെഴുത്തുകൾ എങ്ങനെ കണ്ടുപിടിക്കാമെന്ന് അദ്ദേഹത്തെ പഠിപ്പിക്കുക. പാഠത്തിൽ ഉദ്ധരിച്ചിരിക്കുന്ന വാക്യങ്ങൾ കണ്ടുപിടിക്കുന്നതെങ്ങനെയെന്ന് അദ്ദേഹത്തിനു കാണിച്ചുകൊടുക്കുക. സമയം അനുവദിക്കുന്നതനുസരിച്ച്, ഉദ്ധരിക്കാതെ പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ എടുത്തു വായിക്കുക. അവ ഖണ്ഡികയിൽ പ്രസ്താവിച്ചിരിക്കുന്നതിനെ പിന്താങ്ങുകയോ വ്യക്തമാക്കുകയോ ചെയ്യുന്ന വിധത്തെക്കുറിച്ചു വിദ്യാർഥി അഭിപ്രായം പറയട്ടെ. പാഠത്തിലെ മുഖ്യാശയത്തിന്റെ കാരണങ്ങൾ അദ്ദേഹം വിലമതിക്കത്തക്കവണ്ണം അതിന്റെ മുഖ്യഭാഗങ്ങൾക്ക് ഊന്നൽ കൊടുക്കുക. (നെഹെ. 8:8) സാധാരണമായി, പുസ്തകം നൽകുന്നതിനേക്കാളധികമായ പാഠഭാഗങ്ങൾ അധ്യാപകൻ ചർച്ചയിൽ ഉൾക്കൊള്ളിക്കേണ്ട ആവശ്യമില്ല. ബൈബിൾ പുസ്തകങ്ങളുടെ പേരുകളും ക്രമവും അറിയുന്നതിന്റെ മൂല്യത്തെക്കുറിച്ചു പറയുക. 1991 ജൂൺ 15 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 27-30 വരെയുള്ള പേജുകൾ വായിക്കുന്നതു വിദ്യാർഥിക്കു സഹായകമായിരുന്നേക്കാം. ഉചിതമായിരിക്കുമ്പോൾ, പുതിയലോക ഭാഷാന്തരം ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുക. മാർജിനിലെ പരാമർശനങ്ങൾ, ബൈബിൾ വാക്യങ്ങളുടെ സൂചിക തുടങ്ങിയ അതിന്റെ വ്യത്യസ്ത സവിശേഷതകൾ ഉപയോഗിക്കുന്ന വിധത്തെക്കുറിച്ചു നിങ്ങൾക്കു ക്രമാനുഗതമായി കാണിച്ചുകൊടുക്കാൻ കഴിയും.
10 ദൃഷ്ടാന്തങ്ങൾ ഒരുവന്റെ ചിന്താപ്രക്രിയയെ പ്രചോദിപ്പിക്കുകയും പുതിയ ആശയങ്ങൾ ഗ്രഹിക്കുക കൂടുതൽ എളുപ്പമാക്കിത്തീർക്കുകയും ചെയ്യുന്നുവെന്നു ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂൾ ഗൈഡ്ബുക്കിലെ 34-ാം പാഠം വിശദീകരിക്കുന്നു. അവ ബുദ്ധിപരമായ ആകർഷണത്തെ വൈകാരിക ഫലത്തോടു സംയോജിപ്പിക്കുന്നതിനാൽ, സന്ദേശം ശക്തിയോടെ എത്താൻ ഇടയാക്കുന്നു. ഇതാകട്ടെ പലപ്പോഴും വസ്തുതയുടെ ലളിതമായ പ്രസ്താവനകൾകൊണ്ടു സാധ്യമല്ലതാനും. (മത്താ. 13:34) പരിജ്ഞാനം പുസ്തകത്തിൽ ധാരാളം ബോധനദൃഷ്ടാന്തങ്ങളുണ്ട്, ഇവ ലളിതവും എന്നാൽ ശക്തവുമാണ്. ഉദാഹരണത്തിന്, 17-ാം അധ്യായത്തിൽ ഉപയോഗിച്ചിരിക്കുന്ന ഒരു ദൃഷ്ടാന്തം, ഒരു ആത്മീയ അർഥത്തിൽ യഹോവ ക്രിസ്തീയ സഭയിലൂടെ ഭക്ഷണവും വസ്ത്രവും പാർപ്പിടവും പ്രദാനംചെയ്യുന്ന വിധത്തിൽ വിലമതിപ്പു കെട്ടുപണിചെയ്യുന്നു. പരിജ്ഞാനം പുസ്തകത്തിന്റെ മനോഹരമായ ചിത്ര ദൃഷ്ടാന്തങ്ങൾ വികാരങ്ങളെ ഉത്തേജിപ്പിക്കുന്നതിനു ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും. 86-ാം പേജിലെ ചിത്രം വിദ്യാർഥി മറിച്ചുനോക്കുകവഴി, 185-ാം പേജിലെ “സന്തോഷകരമായ പുനരുത്ഥാനം” എന്ന ഉപതലക്കെട്ടിൻകീഴിലുള്ള 18-ാം ഖണ്ഡികയുടെ ഫലപ്രദത്വം ശക്തമാക്കപ്പെടും. ഇതു പുനരുത്ഥാനത്തെ ദൈവരാജ്യത്തിൻകീഴിലെ ഒരു യാഥാർഥ്യമായി ചിന്തിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചേക്കാം.
11 ബൈബിൾ വിദ്യാർഥികൾ ഓരോ പാഠത്തോടുമൊപ്പം ആത്മീയ പുരോഗതി പ്രാപിക്കേണ്ടയാവശ്യമുണ്ട്. ഇക്കാരണത്താൽ, ഓരോ അധ്യായത്തിന്റെയും അവസാനം കാണുന്ന “നിങ്ങളുടെ പരിജ്ഞാനം പരിശോധിക്കുക” എന്ന ചതുരത്തിലെ പുനരവലോകന ചോദ്യങ്ങൾ ചോദിക്കാൻ വിട്ടുപോകരുത്. പഠിച്ചതെന്തോ അതിൽനിന്നുള്ള കേവലം ശരിയുത്തരംകൊണ്ട് അധ്യാപകൻ സംതൃപ്തനാകരുത്. ഹൃദയത്തിൽനിന്നു വ്യക്തിഗത പ്രതികരണം പുറത്തുകൊണ്ടുവരാനാണ് ഈ ചോദ്യങ്ങളിലനേകവും രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉദാഹരണത്തിന്, 31-ാം പേജ് കാണുക. അവിടെ വിദ്യാർഥിയോട് ഇങ്ങനെ ചോദിച്ചിരിക്കുന്നു: “യഹോവയാംദൈവത്തിന്റെ ഏതു ഗുണങ്ങൾ നിങ്ങൾ വിശേഷാൽ ഇഷ്ടപ്പെടുന്നു?”—2 കൊരി. 13:5
12 അധ്യയനത്തിനു തയ്യാറാകാൻ വിദ്യാർഥികളെ പരിശീലിപ്പിക്കുക: പാഠങ്ങൾ മുൻകൂട്ടി വായിക്കുകയും ഉത്തരങ്ങൾ അടയാളപ്പെടുത്തുകയും അവ സ്വന്തം വാക്കുകളിൽ എപ്രകാരം പറയാമെന്നു ചിന്തിക്കുകയും ചെയ്യുന്ന ഒരു വിദ്യാർഥി ത്വരിതഗതിയിൽ ആത്മീയ പുരോഗതി പ്രാപിക്കും. നിങ്ങളുടെ മാതൃകയാലും പ്രോത്സാഹനത്താലും അധ്യയനത്തിനു തയ്യാറാകാൻ നിങ്ങൾക്ക് അദ്ദേഹത്തെ പരിശീലിപ്പിക്കാൻ കഴിയും. മുഖ്യ പദങ്ങളും വാചകങ്ങളും എടുത്തുകാട്ടിയിട്ടുള്ളതോ അടിവരയിട്ടിട്ടുള്ളതോ ആയ നിങ്ങളുടെ പുസ്തകം അദ്ദേഹത്തെ കാണിക്കുക. അച്ചടിച്ച ചോദ്യങ്ങൾക്കു നേരിട്ടുള്ള ഉത്തരങ്ങൾ കണ്ടുപിടിക്കാവുന്ന വിധത്തെക്കുറിച്ചു വിശദീകരിക്കുക. ഒരു അധ്യായം ഒരുമിച്ചു തയ്യാറാകുന്നതു വിദ്യാർഥിക്കു സഹായകമായിരുന്നേക്കാം. സ്വന്ത വാക്കുകളിൽ പറയുന്നതിനു വിദ്യാർഥിയെ പ്രോത്സാഹിപ്പിക്കുക. വിവരങ്ങൾ അദ്ദേഹത്തിനു മനസ്സിലാകുന്നുവോയെന്ന് അപ്പോൾ മാത്രമേ വ്യക്തമായിത്തീരുകയുള്ളൂ. പുസ്തകത്തിൽനിന്ന് അദ്ദേഹം ഉത്തരം വായിക്കുന്നെങ്കിൽ, പ്രസ്തുത ആശയം ആരോടെങ്കിലും സ്വന്തം വാക്കുകളിൽ എങ്ങനെ വിവരിക്കുമെന്നു ചോദിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ചിന്തയെ ഉത്തേജിപ്പിക്കാൻ നിങ്ങൾക്കു കഴിയും.
13 അധ്യയനത്തിന്റെ സമയത്ത് എല്ലാ തിരുവെഴുത്തുകളും വായിക്കാൻ സമയം ഇല്ലാതിരുന്നേക്കാവുന്നതുകൊണ്ട്, വാരംതോറുമുള്ള തയ്യാറാകലിന്റെ ഭാഗമെന്നനിലയിൽ ഉദ്ധരിക്കാത്ത തിരുവെഴുത്തുകൾ എടുത്തുനോക്കാൻ വിദ്യാർഥിയെ പ്രോത്സാഹിപ്പിക്കുക. തന്റെ പാഠങ്ങളിൽ അദ്ദേഹം ചെലുത്തുന്ന ശ്രമത്തെ അഭിനന്ദിക്കുക. (2 പത്രൊ. 1:5; ഒരു അധ്യയനസമയത്തെ പഠനം വർധിപ്പിക്കുന്നതിനായി അധ്യാപകനും വിദ്യാർഥിക്കും ചെയ്യാൻ കഴിയുന്നതിനെക്കുറിച്ചുള്ള കൂടുതലായ നിർദേശങ്ങൾക്ക് 1993 ആഗസ്റ്റ് 15 ലക്കം വീക്ഷാഗോപുരത്തിന്റെ 13-14 പേജുകൾ കാണുക.) ഈ വിധത്തിൽ, വിദ്യാർഥി തയ്യാറാകുന്നതിനും സഭാമീറ്റിംഗുകൾക്ക് അർഥവത്തായ അഭിപ്രായങ്ങൾ പറയുന്നതിനും പരിശീലിപ്പിക്കപ്പെടുന്നു. പരിജ്ഞാനം പുസ്തകത്തിൽനിന്നുള്ള തന്റെ വ്യക്തിഗത ബൈബിളധ്യയനം പൂർത്തിയായതിനുശേഷം, സത്യത്തിൽ പുരോഗതി നേടുന്നതിൽ തുടരുന്നതിനു തന്നെ സജ്ജനാക്കുന്ന വ്യക്തിപരമായ നല്ല പഠനശീലങ്ങൾ എങ്ങനെ വികസിപ്പിച്ചെടുക്കാമെന്ന് അദ്ദേഹം പഠിച്ചുകൊണ്ടിരിക്കും.—1 തിമൊ. 4:15; 1 പത്രൊ. 2:2.
14 വിദ്യാർഥികളെ യഹോവയുടെ സ്ഥാപനത്തിലേക്കു നയിക്കുക: വിദ്യാർഥിയുടെ താത്പര്യത്തെ യഹോവയുടെ സ്ഥാപനത്തിലേക്കു നയിക്കുകയെന്നതു ശിഷ്യനാക്കുന്നവന്റെ ഉത്തരവാദിത്വമാണ്. വിദ്യാർഥി സ്ഥാപനത്തെ തിരിച്ചറിയുകയും വിലമതിക്കുകയും അതിന്റെ ഭാഗമായിത്തീരേണ്ട ആവശ്യം മനസ്സിലാക്കുകയും ചെയ്യുന്നെങ്കിൽ അദ്ദേഹം ആത്മീയ പക്വതയിലേക്കു കൂടുതൽ വേഗത്തിൽ പുരോഗമിക്കും. അദ്ദേഹം ദൈവജനത്തോടു സഹവസിക്കുന്നതിൽ ഉല്ലാസം കണ്ടെത്താനും ക്രിസ്തീയ സഭ വാഗ്ദാനം ചെയ്യുന്ന ആത്മീയവും വൈകാരികവുമായ പിന്തുണ സ്വീകരിക്കാൻ കഴിയുന്ന രാജ്യഹാളിൽ നമ്മോടൊപ്പമായിരിക്കുന്നതിനു നോക്കിപ്പാർത്തിരിക്കാനും നാം ആഗ്രഹിക്കുന്നു.—1 തിമൊ. 3:15.
15 തന്റെ ഇഷ്ടം നിറവേറ്റുന്നതിനു യഹോവ ഇന്ന് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഏക ദൃശ്യസ്ഥാപനവുമായി ആളുകളെ സുപരിചിതരാക്കാൻ, യഹോവയുടെ സാക്ഷികൾ ലോകവ്യാപകമായി ഐക്യത്തിൽ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നു എന്ന ലഘുപത്രിക അച്ചടിച്ചിരിക്കുന്നു. ഒരു അധ്യയനം പച്ചപിടിച്ചുകഴിഞ്ഞാൽ വിദ്യാർഥിക്ക് എന്തുകൊണ്ട് ഒരു പ്രതി കൊടുത്തുകൂടാ? ആദ്യം മുതൽത്തന്നെ വിദ്യാർഥിയെ യോഗങ്ങൾക്കു ക്ഷണിച്ചുകൊണ്ടേയിരിക്കുക. അവ നടത്തപ്പെടുന്ന വിധം വിശദീകരിക്കുക. നടത്താനിരിക്കുന്ന പരസ്യപ്രസംഗത്തിന്റെ ശീർഷകത്തെക്കുറിച്ചു നിങ്ങൾക്ക് അദ്ദേഹത്തോടു പറയാൻ കഴിയും, അല്ലെങ്കിൽ വീക്ഷാഗോപുര അധ്യയനത്തിനു ചർച്ച ചെയ്യാനിരിക്കുന്ന ലേഖനം അദ്ദേഹത്തെ കാണിക്കുക. ഒരു പുതിയ സ്ഥലത്തേക്ക് ആദ്യമായി പോകുമ്പോഴുണ്ടാകുന്ന ഉത്കണ്ഠ ലഘൂകരിക്കുന്നതിനായി ഒരുപക്ഷേ യോഗം നടക്കാത്ത സമയത്തു നിങ്ങൾക്കു രാജ്യഹാൾ കാണുന്നതിനായി അദ്ദേഹത്തെ കൊണ്ടുപോകാൻ കഴിയും. യോഗങ്ങൾക്കു പോകുന്നതിനു യാത്രാസൗകര്യം നൽകാൻ നിങ്ങൾക്കു കഴിഞ്ഞേക്കാം. ഹാജരാകുമ്പോൾ തനിക്കു സ്വാഗതവും ഉന്മേഷവും ലഭിക്കുന്നതായി തോന്നാൻ ഇടയാക്കുക. (മത്താ. 7:12) മൂപ്പന്മാരുൾപ്പെടെയുള്ള മറ്റു സാക്ഷികൾക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തുക. അദ്ദേഹം സഭയെ തന്റെ ആത്മീയ കുടുംബമായി വീക്ഷിക്കാൻ തുടങ്ങുമെന്നു പ്രത്യാശിക്കാം. (മത്താ. 12:49, 50; മർക്കൊ 10:29, 30) ഓരോ ആഴ്ചയിലും ഒരു യോഗത്തിനു സംബന്ധിക്കുക എന്നിങ്ങനെ അദ്ദേഹത്തിനുവേണ്ടി നിങ്ങളൊരു ലാക്കു വെച്ചേക്കാം, അനുക്രമമായി ലാക്ക് ഉയർത്തുക.—എബ്രാ. 10:24, 25.
16 പരിജ്ഞാനം പുസ്തകത്തിലൂടെ ഭവന ബൈബിളധ്യയനം തുടരുന്നതനുസരിച്ച്, യോഗങ്ങളിൽ സഭയുമായുള്ള ക്രമമായ സഹവാസത്തിന്റെ ആവശ്യം എടുത്തുകാട്ടുന്ന ഭാഗങ്ങൾക്ക് ഊന്നൽകൊടുക്കുക. 52, 115, 137-9, 159 എന്നീ പേജുകളും 17-ാം അധ്യായവും വിശേഷാൽ ശ്രദ്ധിക്കുക. യഹോവയുടെ സ്ഥാപനത്തോടുള്ള നിങ്ങളുടെ ആഴമായ സ്വന്തം വിലമതിപ്പിൻ വികാരങ്ങൾ പ്രകടിപ്പിക്കുക. (മത്താ. 24:45-47) പ്രാദേശിക സഭയെക്കുറിച്ചും നിങ്ങൾ യോഗങ്ങളിൽ പഠിക്കുന്നതിനെക്കുറിച്ചും ക്രിയാത്മകമായി സംസാരിക്കുക. (സങ്കീ. 84:10; 133:1-3) യഹോവയുടെ സാക്ഷികൾ—ആ പേരിനു പിമ്പിലെ സ്ഥാപനം എന്നതിൽ തുടങ്ങി സൊസൈറ്റിയുടെ വീഡിയോകളിൽ ഓരോന്നും വിദ്യാർഥിക്കു വീക്ഷിക്കാൻ കഴിയുമെങ്കിൽ നന്നായിരിക്കും. സ്ഥാപനത്തിലേക്കു താത്പര്യം തിരിച്ചുവിടുന്ന വിധത്തെക്കുറിച്ചുള്ള കൂടുതലായ ആശയങ്ങൾക്ക് 1984 നവംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 14-18 വരെയുള്ള പേജുകളും 1993 ഏപ്രിലിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധവും കാണുക.
17 മറ്റുള്ളവരോടു സാക്ഷീകരിക്കാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുക: നാം ആളുകൾക്ക് അധ്യയനമെടുക്കുന്നതിന്റെ ലക്ഷ്യം യഹോവയ്ക്കു സാക്ഷ്യം വഹിക്കുന്ന ശിഷ്യരെ ഉളവാക്കുകയെന്നതാണ്. (യെശ. 43:10-12) വിദ്യാർഥി ബൈബിളിൽനിന്നു പഠിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ചു മറ്റുള്ളവരോടു സംസാരിക്കാൻ അധ്യാപകൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കണമെന്ന് അത് അർഥമാക്കുന്നു. “നിങ്ങൾ ഈ സത്യം എങ്ങനെ നിങ്ങളുടെ കുടുംബത്തിനു വിശദീകരിച്ചുകൊടുക്കും?” എന്നോ “ഒരു സുഹൃത്തിന് ഇതു തെളിയിച്ചുകൊടുക്കാൻ നിങ്ങൾ ഏതു തിരുവെഴുത്ത് ഉപയോഗിക്കും?” എന്നോ കേവലം ചോദിച്ചുകൊണ്ട് ഇതു ചെയ്യാൻ കഴിയും. 22, 93-5, 105-6 എന്നീ പേജുകൾ, അതുപോലെ 18-ാം അധ്യായം എന്നിങ്ങനെ സാക്ഷീകരിക്കലിനെ പ്രോത്സാഹിപ്പിക്കുന്ന പരിജ്ഞാനം പുസ്തകത്തിലെ മുഖ്യ ഭാഗങ്ങൾക്ക് ഊന്നൽ കൊടുക്കുക. ഉചിതമായിരിക്കുമ്പോൾ, മറ്റുള്ളവരോട് അനൗപചാരികമായി സാക്ഷീകരിക്കുന്നതിൽ ഉപയോഗിക്കുന്നതിനു വിദ്യാർഥിക്കു കുറച്ചു ലഘുലേഖകൾ നൽകാവുന്നതാണ്. അധ്യയനത്തിന് ഇരിക്കുന്നതിന് അയാൾ കുടുംബാംഗങ്ങളെ ക്ഷണിക്കാൻ നിർദേശിക്കുക. പഠിക്കാൻ താത്പര്യമുള്ള സുഹൃത്തുക്കൾ അദ്ദേഹത്തിനുണ്ടോ? താത്പര്യമുള്ളവരെക്കുറിച്ചു നിങ്ങളോടു സൂചിപ്പിക്കാൻ അദ്ദേഹത്തോടു പറയുക.
18 ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂളിലും സേവനയോഗത്തിലും സംബന്ധിക്കുകവഴി സുവാർത്തയുടെ പ്രസാധകനായിത്തീരാൻ സഹായിക്കുന്ന കൂടുതലായ പരിശീലനവും ഉത്തേജനവും ഈ ഭാവി ശിഷ്യനു സ്വീകരിക്കാൻ കഴിയും. സ്കൂളിൽ പേർ ചാർത്തുന്നതിനോ ഒരു സ്നാപനമേൽക്കാത്ത പ്രസാധകനായിത്തീരുന്നതിനോ അദ്ദേഹം താത്പര്യം പ്രകടമാക്കുമ്പോൾ നമ്മുടെ ശുശ്രൂഷ പുസ്തകത്തിന്റെ 102-4 വരെയുള്ള പേജുകളിൽ വിവരിച്ചിരിക്കുന്ന തത്ത്വങ്ങൾ ബാധകമാകും. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു വശം യോഗ്യത നേടുന്നതിനു തടസ്സമാകുന്നെങ്കിൽ, അതേക്കുറിച്ചു വിശദീകരിക്കുന്ന സഹായകമായ വിവരങ്ങൾ സൊസൈറ്റിയുടെ പ്രസിദ്ധീകരണങ്ങളിൽ ഗവേഷണം ചെയ്ത് അത് അദ്ദേഹവുമായി പങ്കുവെക്കാവുന്നതാണ്. ഉദാഹരണത്തിന്, ഒരു വിദ്യാർഥിക്കു പുകയിലയോടോ മറ്റു മയക്കുമരുന്നുകളോടോ ഉള്ള ആസക്തിയെ തരണംചെയ്യുന്നതിനു ബുദ്ധിമുട്ടുണ്ടായിരുന്നേക്കാം. ക്രിസ്ത്യാനികൾ അത്തരം ഹാനികരമായ ശീലങ്ങളെ ഒഴിവാക്കുന്നതിന്റെ ശക്തമായ തിരുവെഴുത്തു കാരണങ്ങൾ ന്യായവാദം പുസ്തകം ചൂണ്ടിക്കാണിക്കുന്നു, മാത്രവുമല്ല ഹാനികരമായ ശീലങ്ങൾ ഉപേക്ഷിക്കുന്നതിനു മറ്റുള്ളവരെ സഹായിക്കുന്നതിൽ വിജയകരമെന്നു തെളിഞ്ഞിരിക്കുന്ന ഒരു വിധം 112-ാമത്തെ പേജിൽ അതു വരച്ചുകാട്ടുന്നു. സഹായത്തിനായി യഹോവയിൽ തന്റെ ആശ്രയം കെട്ടുപണിചെയ്യാൻ പഠിപ്പിച്ചുകൊണ്ടു കാര്യത്തെക്കുറിച്ച് അദ്ദേഹത്തോടൊപ്പം പ്രാർഥിക്കുക.—യാക്കോ.4:8.
19 പരസ്യശുശ്രൂഷയിൽ പങ്കുപറ്റുന്നതിന് ഒരുവൻ യോഗ്യനാണോ എന്നു നിർണയിക്കുന്നതിനു പിന്തുടരേണ്ട നടപടിക്രമം 1996 ജനുവരി 15 ലക്കം വീക്ഷാഗോപുരത്തിന്റെ 16-ാം പേജിലെ 6-ാം ഖണ്ഡിക വിവരിക്കുന്നുണ്ട്. വിദ്യാർഥി യോഗ്യത നേടുന്നതോടെ, വയൽസേവനത്തിലെ തന്റെ ആദ്യദിവസത്തേക്കു തയ്യാറാകുന്നതിന് ഒരു പരിശീലന സെഷൻ നടത്തുന്നതു സഹായകമായിരിക്കും. ഒരു ക്രിയാത്മക വിധത്തിൽ, നിങ്ങളുടെ പ്രദേശത്തു ആളുകളുടെ പൊതുവായുള്ള പ്രതികരണത്തെക്കുറിച്ചും എതിർപ്പുകളെക്കുറിച്ചും ചർച്ച ചെയ്യുക. സാധ്യമാകുന്നിടത്തോളം അദ്ദേഹം ആദ്യം വീടുതോറുമുള്ള വേല തുടങ്ങുകയും ശുശ്രൂഷയുടെ മറ്റു വശങ്ങളിൽ ക്രമാനുഗതമായി അദ്ദേഹത്തെ പരിശീലിപ്പിക്കുകയും ചെയ്യുക. നിങ്ങളുടെ അവതരണം ഹ്രസ്വവും ലളിതവുമാണെങ്കിൽ അനുകരിക്കാൻ അദ്ദേഹത്തിന് എളുപ്പമായിരിക്കും. വേലയിൽ സന്തോഷം പ്രസരിപ്പിച്ചുകൊണ്ടു കെട്ടുപണി ചെയ്യുന്നവരും പ്രോത്സാഹിപ്പിക്കുന്നവരുമായിരിക്കുക. തന്മൂലം അദ്ദേഹം നിങ്ങളുടെ മനോഭാവം വളർത്തിയെടുക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യും. (പ്രവൃ. 18:25) സുവാർത്തയുടെ ഒരു ക്രമമുള്ള, തീക്ഷ്ണതയുള്ള പ്രസാധകൻ ആയിത്തീരുകയെന്നതായിരിക്കണം ഒരു പുതിയ ശിഷ്യന്റെ ലാക്ക്. സേവനത്തിനായി ഒരു പ്രായോഗിക പട്ടിക ഉണ്ടാക്കാൻ ഒരുപക്ഷേ നിങ്ങൾക്ക് അയാളെ സഹായിക്കാൻ കഴിയും. മറ്റുള്ളവരോടു സാക്ഷീകരിക്കാനുള്ള കഴിവിൽ പുരോഗമിക്കുന്നതിനായി പിൻവരുന്ന വീക്ഷാഗോപുര ലക്കങ്ങൾ വായിക്കാൻ നിർദ്ദേശിക്കാവുന്നതാണ്: 1984 ആഗസ്റ്റ് 15, പേജ് 15-25; 1988 ജൂലൈ 15, പേജ് 9-20; 1991 ജനുവരി 15, പേജ് 15-20; (ഇംഗ്ലീഷ്) 1994 ജനുവരി 1, പേജ് 20-5.
20 വിദ്യാർഥികളെ സമർപ്പണത്തിനും സ്നാപനത്തിനും പ്രേരിപ്പിക്കുക: ദൈവത്തിനു സമർപ്പിക്കാനും സ്നാപനത്തിനു യോഗ്യത നേടാനും തക്കവണ്ണം പരിജ്ഞാനം പുസ്തകത്തിന്റെ അധ്യയനത്തിലൂടെ ആവശ്യമായ അളവോളം പഠിക്കാൻ പരമാർഥ ഹൃദയമുള്ള ഒരു വിദ്യാർഥിക്കു സാധ്യമാകണം. (പ്രവൃ. 8:27-39; 16:25-34 എന്നിവ താരതമ്യം ചെയ്യുക.) എന്നിരുന്നാലും, ഒരു വ്യക്തിയെ സമർപ്പണത്തിനു പ്രേരിപ്പിക്കുന്നതിനു മുമ്പായി അദ്ദേഹം യഹോവയോടുള്ള ഭക്തി വികസിപ്പിച്ചെടുക്കേണ്ട ആവശ്യമുണ്ട്. (സങ്കീ. 73:25-28) അധ്യയന ഘട്ടത്തിലുടനീളം യഹോവയുടെ ഗുണങ്ങളെക്കുറിച്ചു വിലമതിപ്പു കെട്ടുപണിചെയ്യാനുള്ള അവസരങ്ങൾക്കായി നോക്കുക. ദൈവത്തോടു നിങ്ങൾക്കുതന്നെയുള്ള ആഴമായ വികാരങ്ങളെ പ്രകടിപ്പിക്കുക. യഹോവയുമായി ഒരു ഊഷ്മളമായ വ്യക്തിഗത ബന്ധം വികസിപ്പിച്ചെടുക്കുന്നതിന്റെ അടിസ്ഥാനത്തിൽ ചിന്തിക്കാൻ വിദ്യാർഥിയെ സഹായിക്കുക. അദ്ദേഹം യഥാർഥത്തിൽ ദൈവത്തെ അറിയാനും സ്നേഹിക്കാനും ഇടവരുന്നെങ്കിൽ വിശ്വസ്തതയോടെ അവനെ സേവിക്കും, കാരണം ഒരു വ്യക്തിയെന്ന നിലയിൽ യഹോവയെക്കുറിച്ചു നാം ചിന്തിക്കുന്ന വിധവുമായാണു ദൈവികഭക്തി ബന്ധപ്പെട്ടിരിക്കുന്നത്.—1 തിമൊ. 4:7, 8; സ്കൂൾ ഗൈഡ്ബുക്ക് പേജ് 76, ഖണ്ഡിക 11 കാണുക.
21 വിദ്യാർഥിയുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ യത്നിക്കുക. (സങ്കീ. 119:11; പ്രവൃ. 16:14; റോമ. 10:10) സത്യം വ്യക്തിപരമായി തന്നെ ബാധിക്കുന്നതെങ്ങനെയെന്ന് അദ്ദേഹം കാണുകയും താൻ പഠിച്ചിരിക്കുന്നവകൊണ്ട് എന്തു ചെയ്യണമെന്നു തീരുമാനിക്കുകയും ചെയ്യേണ്ടയാവശ്യമുണ്ട്. (റോമ. 12:2) വാരംതോറും തനിക്കു നൽകപ്പെടുന്ന സത്യം അദ്ദേഹം യഥാർഥമായി വിശ്വസിക്കുന്നവോ? (1 തെസ്സ. 2:13) ആ ഉദ്ദേശ്യത്തിൽ, ഇതിനെക്കുറിച്ചു നിങ്ങൾക്കെന്തു തോന്നുന്നു? നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്കിതെങ്ങനെ ബാധകമാക്കാൻ കഴിയും? എന്നിങ്ങനെയുള്ള വിവേചനാപൂർവകമായ വീക്ഷണ ചോദ്യങ്ങൾ ചോദിക്കുകവഴി നിങ്ങൾക്കു വിദ്യാർഥിയുടെ ഉള്ളറിയാൻ കഴിയും. ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ എവിടെയാണു കൂടുതൽ സഹായം ആവശ്യമായിരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ ഉത്തരങ്ങളിൽനിന്നു നിങ്ങൾ തിരിച്ചറിഞ്ഞേക്കാം. (ലൂക്കൊ. 8:15; സ്കൂൾ ഗൈഡ്ബുക്ക് പേജ് 52, ഖണ്ഡിക 11 കാണുക.) പരിജ്ഞാനം പുസ്തകത്തിന്റെ 172, 174 എന്നീ പേജുകളിലെ ചിത്രക്കുറിപ്പുകൾ ഇങ്ങനെ ചോദിക്കുന്നു: “നിങ്ങൾ പ്രാർഥനയിൽ ദൈവത്തിന് ഒരു സമർപ്പണം നടത്തിയിട്ടുണ്ടോ?” “സ്നാപനമേൽക്കുന്നതിൽനിന്നു നിങ്ങളെ തടയുന്നത് എന്ത്?” ഇവ പ്രവർത്തനത്തിനു വിദ്യാർഥിയെ ഫലപ്രദമായി പ്രേരിപ്പിച്ചേക്കാം.
22 ഒരു സ്നാപനമേൽക്കാത്ത പ്രസാധകൻ സ്നാപനമേൽക്കാൻ ആഗ്രഹിക്കുമ്പോൾ പിൻപറ്റേണ്ട നടപടിക്രമം 1996 ജനുവരി 15 ലക്കം വീക്ഷാഗോപുരത്തിന്റെ 17-ാം പേജിലെ 9-ാം ഖണ്ഡിക വിവരിക്കുന്നു. നമ്മുടെ ശുശ്രൂഷ പുസ്തകത്തിന്റെ അനുബന്ധത്തിൽ കാണപ്പെടുന്ന “സ്നാനപ്പെടുവാൻ ആഗ്രഹിക്കുന്നവർക്കു വേണ്ടിയുള്ള ചോദ്യങ്ങൾ”ക്ക് ഉത്തരം നൽകാൻ വ്യക്തിയെ സജ്ജനാക്കുകയെന്ന ലക്ഷ്യത്തോടെയാണു പരിജ്ഞാനം പുസ്തകം എഴുതപ്പെട്ടിരിക്കുന്നത്, മൂപ്പന്മാർ അവ അയാളുമായി പുനരവലോകനം ചെയ്യും. പരിജ്ഞാനം പുസ്തകത്തിലെ അച്ചടിച്ച ചോദ്യങ്ങളുടെ ഉത്തരങ്ങൾക്കു നിങ്ങൾ ഊന്നൽ കൊടുത്തിട്ടുണ്ടെങ്കിൽ, സ്നാപനത്തിനുള്ള തയ്യാറെടുപ്പിൽ മൂപ്പന്മാർ നടത്തുന്ന ചോദ്യ സെഷനുകൾക്കായി വിദ്യാർഥി സുസജ്ജനായിരിക്കും.
23 ഭവന ബൈബിളധ്യയനം പൂർത്തിയായവരെ സഹായിക്കുക: ഒരു വ്യക്തിക്കു പരിജ്ഞാനം പുസ്തകത്തിന്റെ അധ്യയനം പൂർത്തിയാകുന്ന സമയംകൊണ്ട് അദ്ദേഹത്തിന്റെ ആത്മാർഥതയും ദൈവത്തെ സേവിക്കുന്നതിലെ ആഴമായ താത്പര്യവും വ്യക്തമായിത്തീർന്നിട്ടുണ്ടാവുമെന്നു പ്രതീക്ഷിക്കണം. (മത്താ. 13:23) അതുകൊണ്ടാണു പുസ്തകത്തിന്റെ അവസാനത്തെ ഉപതലക്കെട്ട് “നിങ്ങൾ എന്തു ചെയ്യും?” എന്നു ചോദിക്കുന്നത്. ദൈവവുമായി താൻ വികസിപ്പിച്ചെടുക്കേണ്ട ബന്ധത്തിലും താൻ നേടിയ പരിജ്ഞാനം ബാധകമാക്കുന്നതിന്റെയും യഹോവയോടുള്ള തന്റെ സ്നേഹം പ്രകടമാക്കാൻ ത്വരിതഗതിയിൽ പ്രവർത്തിക്കേണ്ടതിന്റെയും ആവശ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ അവസാനത്തെ ഖണ്ഡികകൾ വിദ്യാർഥിയോട് അഭ്യർഥിക്കുന്നു. പരിജ്ഞാനം പുസ്തകം പൂർത്തിയാക്കിയവരുമായി കൂടുതലായ പ്രസിദ്ധീകരണങ്ങൾ പഠിക്കുന്നതിനുള്ള ക്രമീകരണമില്ല. ദൈവത്തിന്റെ പരിജ്ഞാനത്തോടു പ്രതികരിക്കാൻ പരാജയപ്പെടുന്ന വിദ്യാർഥിയോട്, ആത്മീയമായി പുരോഗമിക്കാൻ അദ്ദേഹം ചെയ്യേണ്ടതെന്താണെന്നു ദയാപുരസ്സരമായും വ്യക്തമായും വിശദീകരിക്കുക. നിത്യജീവനിലേക്കു നയിക്കുന്ന പടികളെടുക്കാൻ അദ്ദേഹത്തിനു വഴി തുറന്നിട്ടുകൊണ്ട് കാലാകാലങ്ങളിൽ നിങ്ങൾ സമ്പർക്കം പുലർത്തിയേക്കാം.—സഭാ. 12:13.
24 സത്യത്തെ അംഗീകരിച്ചു സ്നാപനമേൽക്കുന്ന ഒരു പുതിയ ശിഷ്യൻ, വിശ്വാസത്തിൽ കൂടുതൽ സുസ്ഥിരമായിത്തീരാൻ തന്റെ പരിജ്ഞാനത്തിലും ഗ്രാഹ്യത്തിലും വളരെയധികം വളരേണ്ടതുണ്ടാകും. (കൊലൊ. 2:6, 7) നിങ്ങൾ പരിജ്ഞാനം പുസ്തകം പൂർത്തിയാക്കിയതിനുശേഷം അദ്ദേഹത്തിന്റെ ഭവന ബൈബിളധ്യയനം തുടരുന്നതിനുപകരം, ആത്മീയമായി പക്വത പ്രാപിക്കുന്നതിന് അദ്ദേഹത്തിന് ആവശ്യമായി വന്നേക്കാവുന്ന വ്യക്തിപരമായ സഹായം പ്രദാനം ചെയ്യുന്നതിനു നിങ്ങൾക്കു നിങ്ങളെത്തന്നെ ലഭ്യമാക്കാവുന്നതാണ്. (ഗലാ. 6:10; എബ്രാ. 6:1) ദിനംപ്രതി ബൈബിൾ വായിച്ചുകൊണ്ട്, ‘വിശ്വസ്തനായ അടിമ’യുടെ വീക്ഷാഗോപുരവും മറ്റു പ്രസിദ്ധീകരണങ്ങളും വ്യക്തിപരമായി പഠിച്ചുകൊണ്ട്, യോഗങ്ങൾക്കായി തയ്യാറാകുകയും അതിനു ഹാജരാകുകയും ചെയ്തുകൊണ്ട്, സഹവിശ്വാസികളുമായി സത്യത്തെക്കുറിച്ചു ചർച്ച ചെയ്തുകൊണ്ട് അദ്ദേഹത്തിനു തന്റെ ഗ്രാഹ്യം പൂർണമാക്കാൻ കഴിയും. (മത്താ. 24:45-47; സങ്കീ. 1:2; പ്രവൃ. 2:41, 42; കൊലൊ. 1:9, 10) അയാൾ നമ്മുടെ ശുശ്രൂഷ പുസ്തകം വായിച്ച് അതിലടങ്ങിയിരിക്കുന്നതു ബാധകമാക്കുന്നത്, തന്റെ ശുശ്രൂഷ നിറപടിയായി നിവർത്തിക്കാൻ ദിവ്യാധിപത്യപരമായി സംഘടിപ്പിക്കപ്പെടുന്ന ഒരാളായിത്തീരുന്നതിൽ ജീവത്പ്രധാന പങ്കു വഹിക്കും.—2 തിമൊ. 2:2; 4:5.
25 പഠിപ്പിക്കൽ കല വികസിപ്പിച്ചെടുക്കുക: ‘ആളുകളെ . . . . പഠിപ്പിച്ചു ശിഷ്യരാക്കാൻ’ നാം നിയോഗിക്കപ്പെട്ടിരിക്കുന്നു. (മത്താ. 28:19, 20) പഠിപ്പിക്കൽ കല ശിഷ്യരെ ഉളവാക്കുന്നതിനോട് അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ട് അധ്യാപകരെന്ന നിലയിൽ പുരോഗതി പ്രാപിക്കാൻ പ്രയത്നിക്കുന്നതിനു നാം ആഗ്രഹിക്കുന്നു. (1 തിമൊ. 4:16; 2 തിമൊ. 4:2) പഠിപ്പിക്കൽ കല വികസിപ്പിക്കാവുന്ന വിധത്തെക്കുറിച്ചുള്ള കൂടുതലായ നിർദ്ദേശങ്ങൾക്കു നിങ്ങൾ പിൻവരുന്നവ വായിച്ചേക്കാം: “പഠിപ്പിക്കൽ കല വളർത്തിയെടുക്കൽ,” “നിങ്ങളുടെ ശ്രോതാക്കളുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലുക” എന്ന സ്കൂൾ ഗൈഡ്ബുക്കിലെ 10-ഉം 15-ഉം പാഠങ്ങൾ; ഉൾക്കാഴ്ച (ഇംഗ്ലീഷ്) 2-ാം വാല്യത്തിലെ ‘അധ്യാപകൻ, പഠിപ്പിക്കൽ’ എന്ന ഭാഗം; വീക്ഷാഗോപുര ലേഖനങ്ങളായ 1985 ഏപ്രിൽ 1-ലെ ‘തീയെ ചെറുത്തുനിൽക്കുന്ന വസ്തുക്കൾകൊണ്ടു പണിയുക,’ മേയ് 1-ലെ ‘നിങ്ങൾ പഠിപ്പിക്കുമ്പോൾ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലുക’; 1986 മാർച്ച് 1-ലെ (ഇംഗ്ലീഷ്) ‘നിങ്ങൾ തിരുവെഴുത്തുകളിൽനിന്നു ഫലപ്രദമായി ന്യായവാദം ചെയ്യുന്നുവോ?’; 1996 ഫെബ്രുവരി 15-ലെ ‘ശിഷ്യരാക്കലിൽ സന്തോഷം കണ്ടെത്താവുന്ന വിധം’.
26 പരിജ്ഞാനം പുസ്തകം ഉപയോഗിച്ചുകൊണ്ടു ശിഷ്യരെ ഉളവാക്കാൻ നിങ്ങൾ കഠിനാധ്വാനം ചെയ്യുമ്പോൾ, ‘വളരുമാറാക്കുന്ന’വനായ യഹോവ, രാജ്യസുവാർത്തയുമായി ആളുകളുടെ ഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിലുള്ള നിങ്ങളുടെ ശ്രമങ്ങളെ അനുഗ്രഹിക്കണമേയെന്നു പ്രാർഥിക്കുക. (1 കൊരി. 3:5-7) നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം മനസ്സിലാക്കാൻ, വിലമതിക്കാൻ, അതുപ്രകാരം വർത്തിക്കാൻ, മറ്റുള്ളവരെ പഠിപ്പിക്കുന്നതിന്റെ സന്തോഷം നിങ്ങൾ അനുഭവിക്കുമാറാകട്ടെ!