പഠനലേഖനം 42
സ്നാനത്തിലേക്ക് പുരോഗമിക്കാൻ ബൈബിൾവിദ്യാർഥികളെ എങ്ങനെ സഹായിക്കാം?—ഭാഗം 2
“നിനക്കും നിന്റെ പഠിപ്പിക്കലിനും എപ്പോഴും ശ്രദ്ധ കൊടുക്കുക.” —1 തിമൊ. 4:16.
ഗീതം 77 ഇരുട്ടു നിറഞ്ഞ ലോകത്ത് വെളിച്ചം
പൂർവാവലോകനംa
1. ശിഷ്യരാക്കൽവേല ആളുകളുടെ ജീവൻ രക്ഷിക്കുന്നതാണ് എന്ന് പറയുന്നത് എന്തുകൊണ്ട്?
ശിഷ്യരാക്കൽവേല ആളുകളുടെ ജീവൻ രക്ഷിക്കുന്ന വേലയാണ്. അത് എങ്ങനെ? മത്തായി 28:19, 20-ൽ കാണുന്നതുപോലെ ‘പോയി ആളുകളെ ശിഷ്യരാക്കാനുള്ള’ കല്പന കൊടുത്തപ്പോൾ അവരെ “സ്നാനപ്പെടുത്തുകയും” വേണം എന്നു യേശു പറഞ്ഞു. സ്നാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നമുക്ക് അറിയാം, അല്ലേ? രക്ഷ കിട്ടണമെങ്കിൽ നമ്മൾ സ്നാനപ്പെടണം. യേശു നമുക്കുവേണ്ടി മരിക്കുകയും പിന്നീട് ഉയിർപ്പിക്കപ്പെടുകയും ചെയ്തതുകൊണ്ട് മാത്രമാണ് നമുക്ക് രക്ഷ സാധ്യമായത് എന്ന് ഓരോ സ്നാനാർഥിക്കും വിശ്വാസമുണ്ടായിരിക്കണം. അതുകൊണ്ടാണ് അപ്പോസ്തലനായ പത്രോസ് സഹക്രിസ്ത്യാനികളോട് ഇങ്ങനെ പറഞ്ഞത്: “സ്നാനം . . . യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിലൂടെ ഇപ്പോൾ നിങ്ങളെയും രക്ഷിക്കുന്നു.” (1 പത്രോ. 3:21) അതുകൊണ്ട് ഒരു പുതിയ ശിഷ്യൻ സ്നാനപ്പെടുമ്പോൾ രക്ഷയ്ക്കുള്ള ഒരു പ്രധാനപ്പെട്ട പടി അദ്ദേഹം സ്വീകരിക്കുകയാണ്.
2. അധ്യാപകരെന്ന നിലയിൽ നമ്മൾ എങ്ങനെയായിരിക്കണം എന്നാണ് 2 തിമൊഥെയൊസ് 4 :1, 2 പറയുന്നത്?
2 ആളുകളെ ശിഷ്യരാക്കുന്നതിന് നമ്മൾ “വിദഗ്ധമായ പഠിപ്പിക്കൽരീതി” വളർത്തിയെടുക്കണം. (2 തിമൊഥെയൊസ് 4:1, 2 വായിക്കുക.) എന്തുകൊണ്ട്? കാരണം, ‘പോയി ആളുകളെ ശിഷ്യരാക്കാനുള്ള’ കല്പന കൊടുത്തപ്പോൾ അവരെ “പഠിപ്പിക്കുകയും വേണം” എന്ന് യേശു പറഞ്ഞു. അതുപോലെ, ‘നിന്റെ പഠിപ്പിക്കലിന് എപ്പോഴും ശ്രദ്ധ കൊടുക്കാനും’ അതിൽ ‘മടുത്തുപോകാതെ തുടരാനും’ പൗലോസ് അപ്പോസ്തലൻ പറഞ്ഞു. അങ്ങനെ ചെയ്താൽ “നിന്നെത്തന്നെയും നിന്നെ ശ്രദ്ധിക്കുന്നവരെയും നീ രക്ഷിക്കും” എന്നു പറഞ്ഞുകൊണ്ട് അതിന്റെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു. (1 തിമൊ. 4:16) പഠിപ്പിക്കുന്നത് ശിഷ്യരാക്കൽവേലയുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ട് നമ്മുടെ പഠിപ്പിക്കൽരീതി ഏറ്റവും നല്ലതായിരിക്കാൻ നമ്മൾ ആഗ്രഹിക്കും.
3. ബൈബിൾപഠനങ്ങൾ നടത്തുന്നതിനെക്കുറിച്ച് ഈ ലേഖനത്തിൽ നമ്മൾ എന്താണ് പഠിക്കാൻപോകുന്നത്?
3 ലോകമെമ്പാടുമുള്ള കണക്കു നോക്കിയാൽ, നമ്മൾ ലക്ഷക്കണക്കിനാളുകൾക്ക് ക്രമമായി ബൈബിൾപഠനങ്ങൾ നടത്തുന്നുണ്ട്. കഴിഞ്ഞ ലേഖനത്തിൽ പഠിച്ചതുപോലെ, അതിൽപ്പെട്ട കൂടുതൽക്കൂടുതൽ ആളുകൾ സ്നാനപ്പെട്ട് ക്രിസ്തുവിന്റെ ശിഷ്യരായിത്തീരുന്നത് കാണാൻ നമ്മൾ ആഗ്രഹിക്കുന്നു. അവരെ എങ്ങനെ സഹായിക്കാം എന്നതിനെക്കുറിച്ച് നമ്മൾ ചിന്തയുള്ളവരാണ്. ഒരു ബൈബിൾവിദ്യാർഥിയെ സ്നാനത്തിലേക്ക് പുരോഗമിക്കാൻ സഹായിക്കുന്നതിന് അധ്യാപകൻ ചെയ്യേണ്ട കൂടുതലായ അഞ്ചു കാര്യങ്ങളെക്കുറിച്ച് ഈ ലേഖനത്തിൽ നമ്മൾ ചർച്ച ചെയ്യും.
പഠിപ്പിക്കുമ്പോൾ ബൈബിൾ നന്നായി ഉപയോഗിക്കുക
4. ബൈബിൾപഠനം നടത്തുമ്പോൾ അധ്യാപകൻ ആത്മനിയന്ത്രണം കാണിക്കേണ്ടത് എന്തുകൊണ്ട്? (അടിക്കുറിപ്പും കാണുക.)
4 ദൈവവചനത്തിൽനിന്നും നമ്മൾ പഠിപ്പിക്കുന്ന കാര്യങ്ങൾ നമുക്ക് ഇഷ്ടമാണ്. ഇഷ്ടമുള്ള കാര്യങ്ങളെക്കുറിച്ച് ഒരുപാട് സംസാരിക്കാൻ നമുക്ക് തോന്നിയേക്കാം. അങ്ങനെ തോന്നുന്നെങ്കിൽ ഒന്നു സൂക്ഷിക്കുക. വീക്ഷാഗോപുരപഠനമായാലും സഭാ ബൈബിൾപഠനമായാലും ഇനി വിദ്യാർഥിയുമൊത്തുള്ള ബൈബിൾപഠനമായാലും, നടത്തുന്നയാൾ ഒത്തിരി സംസാരിക്കരുത്. ഇക്കാര്യത്തിൽ അധ്യാപകൻ ആത്മനിയന്ത്രണം കാണിക്കണം. ബൈബിളിൽനിന്നാണ് പഠിക്കുന്നതെന്ന് വിദ്യാർഥിക്ക് മനസ്സിലാകണമെങ്കിൽ ഒരു ബൈബിൾഭാഗത്തെക്കുറിച്ചോ വിഷയത്തെക്കുറിച്ചോ തനിക്ക് അറിയാവുന്നതെല്ലാം പറയാതിരിക്കാൻ അധ്യാപകൻ ശ്രദ്ധിക്കണം.b (യോഹ. 16:12) ഒന്ന് ചിന്തിക്കുക, സ്നാനമേറ്റ സമയത്ത് നിങ്ങൾക്ക് എത്രമാത്രം അറിവുണ്ടായിരുന്നു? അടിസ്ഥാന ബൈബിൾപഠിപ്പിക്കലുകളെ കുറിച്ചുള്ള അറിവല്ലേ ഉണ്ടായിരുന്നുള്ളൂ? (എബ്രാ. 6:1) ഇപ്പോൾ അറിവിന്റെ കാര്യത്തിൽ നിങ്ങൾ ഒരുപാട് പുരോഗമിച്ചു. പക്ഷേ അതിന് വർഷങ്ങൾ എടുത്തില്ലേ? അതുകൊണ്ട് എല്ലാ കാര്യങ്ങളും വിദ്യാർഥിയെ ഒറ്റയടിക്ക് പഠിപ്പിക്കാൻ ശ്രമിക്കരുത്.
5. (എ) 1 തെസ്സലോനിക്യർ 2:13-നു ചേർച്ചയിൽ വിദ്യാർഥി എന്തു മനസ്സിലാക്കാൻ നമ്മൾ ആഗ്രഹിക്കുന്നു? (ബി) പഠിക്കുന്ന സമയത്ത് മനസ്സിലാക്കിയ കാര്യങ്ങളെക്കുറിച്ച് പറയാൻ നമുക്ക് വിദ്യാർഥിയെ എങ്ങനെ പ്രോത്സാഹിപ്പിക്കാം?
5 പഠിക്കുന്ന കാര്യങ്ങളുടെ ഉറവിടം നമ്മളല്ല, ദൈവവചനമാണെന്ന് വിദ്യാർഥി തിരിച്ചറിയണം. അതാണ് നമ്മുടെ ആഗ്രഹം. (1 തെസ്സലോനിക്യർ 2:13 വായിക്കുക.) അതിനു നമുക്ക് എന്തു ചെയ്യാം? പഠിക്കുന്ന സമയത്ത് മനസ്സിലായ കാര്യങ്ങളെക്കുറിച്ച് പറയാൻ വിദ്യാർഥിയെ പ്രോത്സാഹിപ്പിക്കുക. എല്ലാ വാക്യങ്ങളും വിശദീകരിച്ചുകൊടുക്കുന്നതിനു പകരം ചില വാക്യങ്ങൾ വിശദീകരിക്കാൻ വിദ്യാർഥിയോടുതന്നെ ആവശ്യപ്പെടുക. ദൈവവചനം തന്റെ ജീവിതത്തിൽ എങ്ങനെയാണ് ബാധകമാകുന്നതെന്നു കാണാൻ വിദ്യാർഥിയെ സഹായിക്കുക. വായിക്കുന്ന തിരുവെഴുത്തുകളെക്കുറിച്ച് വിദ്യാർഥിക്ക് എന്താണ് തോന്നുന്നതെന്നു പറയാൻ അദ്ദേഹത്തെ അനുവദിക്കുക. അതിനുവേണ്ടി നല്ലനല്ല ചോദ്യങ്ങൾ ഉപയോഗിക്കുക. (ലൂക്കോ. 10:25-28) ഉദാഹരണത്തിന്, “യഹോവയുടെ ഒരു ഗുണത്തെക്കുറിച്ച് മനസ്സിലാക്കാൻ ഈ തിരുവെഴുത്ത് എങ്ങനെയാണ് താങ്കളെ സഹായിച്ചത്?” “ബൈബിളിൽനിന്ന് പഠിച്ച ഈ കാര്യം താങ്കൾക്ക് എങ്ങനെയാണ് പ്രയോജനം ചെയ്യുന്നത്?” “ഇപ്പോൾ പഠിച്ച ഈ കാര്യത്തെക്കുറിച്ച് താങ്കൾക്ക് എന്താണ് തോന്നുന്നത്?” എന്നതുപോലുള്ള ചോദ്യങ്ങൾ ചോദിക്കുക. (സുഭാ. 20:5) വിദ്യാർഥിക്ക് എത്രമാത്രം അറിവുണ്ട് എന്നതല്ല പ്രധാനം. മറിച്ച് പഠിക്കുന്ന കാര്യങ്ങൾ അദ്ദേഹം എത്രമാത്രം ഇഷ്ടപ്പെടുന്നുണ്ട്, അതനുസരിച്ച് ജീവിക്കുന്നുണ്ടോ ഇതൊക്കെയാണ് ശരിക്കും പ്രധാനം.
6. അനുഭവപരിചയമുള്ള ഒരു അധ്യാപകനെ ബൈബിൾപഠനത്തിനു കൂടെ കൊണ്ടുപോകുന്നതിന്റെ ചില പ്രയോജനങ്ങൾ എന്തെല്ലാമാണ്?
6 അധ്യാപകരെന്ന നിലയിൽ അനുഭവപരിചയമുള്ള പ്രചാരകരെ നിങ്ങളുടെ ബൈബിൾപഠനങ്ങൾക്കായി കൂടെ കൊണ്ടുപോകാറുണ്ടോ? നിങ്ങൾ പഠിപ്പിക്കുന്ന രീതിയെക്കുറിച്ച് അവർക്ക് എന്താണ് തോന്നുന്നതെന്നും പഠിപ്പിക്കാൻ നിങ്ങൾ ബൈബിൾ നന്നായി ഉപയോഗിക്കുന്നുണ്ടോയെന്നും അവരോടു ചോദിക്കാവുന്നതാണ്. ഓർക്കുക, പഠിപ്പിക്കാനുള്ള നിങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്തണമെങ്കിൽ നിങ്ങൾക്ക് താഴ്മ വേണം. (പ്രവൃത്തികൾ 18:24-26 താരതമ്യം ചെയ്യുക.) അതുപോലെ, പഠിക്കുന്ന കാര്യങ്ങളെല്ലാം വിദ്യാർഥിക്ക് മനസ്സിലാകുന്നതായി തോന്നുന്നുണ്ടോ എന്നും അനുഭവപരിചയമുള്ള ആ പ്രചാരകനോട് ചോദിക്കാം. നിങ്ങൾ സ്ഥലത്തില്ലാത്ത ആഴ്ചകളിൽ ബൈബിൾപഠനം നടത്താമോ എന്നും അതേ പ്രചാരകനോട് നിങ്ങൾക്ക് ചോദിക്കാം. അങ്ങനെ ചെയ്താൽ പഠനം മുടങ്ങില്ലെന്നു മാത്രമല്ല ബൈബിൾപഠനത്തിന്റെ പ്രാധാന്യം കുറച്ചുകൂടെ മനസ്സിലാക്കാൻ വിദ്യാർഥിക്ക് കഴിയുകയും ചെയ്യും. ഇത് “എന്റെ” ബൈബിൾപഠനമാണ്, വേറെ ആരു നടത്തിയാലും ശരിയാകില്ല എന്ന് ഒരിക്കലും ചിന്തിക്കരുത്. വിദ്യാർഥിക്ക് ഏറ്റവും നല്ലത് എന്താണോ അത് ചെയ്യാനാണ് നിങ്ങൾ ആഗ്രഹിക്കുക. അദ്ദേഹം സത്യത്തെക്കുറിച്ചുള്ള അറിവ് ക്രമമായി നേടിക്കൊണ്ടിരിക്കുക എന്നതാണ് ഇവിടെ പ്രധാനം.
നിങ്ങളുടെ ബോധ്യവും ബൈബിൾസത്യങ്ങളോടുള്ള സ്നേഹവും വിദ്യാർഥി കാണട്ടെ!
7. പഠിക്കുന്ന കാര്യങ്ങളോട് കൂടുതൽ താത്പര്യം തോന്നാൻ വിദ്യാർഥിയെ എന്ത് സഹായിക്കും?
7 ബൈബിൾസത്യങ്ങളോട് നിങ്ങൾക്കുള്ള സ്നേഹവും അതിലുള്ള നിങ്ങളുടെ ബോധ്യവും വിദ്യാർഥിക്ക് കാണാൻ കഴിയണം. (1 തെസ്സ. 1:5) അപ്പോൾ പഠിക്കുന്ന കാര്യങ്ങളോട് വിദ്യാർഥിക്ക് കൂടുതൽ താത്പര്യം തോന്നാൻ സാധ്യതയുണ്ട്. ഉചിതമെങ്കിൽ, ബൈബിൾതത്ത്വങ്ങൾ അനുസരിച്ച് ജീവിച്ചതുകൊണ്ട് നിങ്ങൾക്ക് എന്ത് പ്രയോജനമാണ് കിട്ടിയതെന്ന് അദ്ദേഹത്തോട് പറയുക. പ്രായോഗികനിർദേശങ്ങൾ അടങ്ങിയ പുസ്തകമാണ് ബൈബിളെന്നും അവ അനുസരിച്ചാൽ തനിക്ക് പ്രയോജനം കിട്ടുമെന്നും അദ്ദേഹത്തിന് അപ്പോൾ മനസ്സിലാകും.
8. ബൈബിൾവിദ്യാർഥിയെ സഹായിക്കാൻ നിങ്ങൾക്ക് മറ്റ് എന്തുകൂടെ ചെയ്യാം, അതിന്റെ പ്രയോജനം എന്താണ്?
8 വിദ്യാർഥി എന്തെങ്കിലും പ്രശ്നം നേരിടുന്നുണ്ടെങ്കിൽ സമാനമായ പ്രശ്നങ്ങളെ നേരിടുകയും അതിനെ മറികടക്കുകയും ചെയ്ത സഹോദരങ്ങളുടെ അനുഭവങ്ങൾ നിങ്ങൾക്ക് അദ്ദേഹത്തോട് പറയാം. ചിലപ്പോൾ നിങ്ങളുടെ സഭയിൽത്തന്നെ അങ്ങനെയുള്ള സഹോദരങ്ങളുണ്ടായിരിക്കും. അവരെ നിങ്ങൾക്ക് ബൈബിൾപഠനത്തിന് കൂടെ കൊണ്ടുപോകാം. അല്ലെങ്കിൽ jw.org-ലുള്ള “ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു” എന്ന പരമ്പരയിലെ പ്രോത്സാഹനം പകരുന്ന അനുഭവങ്ങൾ നിങ്ങൾക്ക് പങ്കുവെക്കാം.c ബൈബിൾതത്ത്വങ്ങൾ അനുസരിക്കുന്നതുകൊണ്ട് ജീവിതത്തിൽ പ്രയോജനമുണ്ടെന്ന് മനസ്സിലാക്കാൻ അത്തരം ലേഖനങ്ങളും വീഡിയോകളും വിദ്യാർഥിയെ സഹായിക്കും.
9. പഠിക്കുന്ന കാര്യങ്ങൾ കുടുംബാംഗങ്ങളോടും കൂട്ടുകാരോടും പറയാൻ നമുക്ക് വിദ്യാർഥിയെ എങ്ങനെ പ്രോത്സാഹിപ്പിക്കാം?
9 വിദ്യാർഥി വിവാഹിതനാണെങ്കിൽ ഇണയും ബൈബിൾ പഠിക്കുന്നുണ്ടോ? ഇല്ലെങ്കിൽ ബൈബിൾ പഠിക്കാൻ ഇണയെയും ക്ഷണിക്കുക. പഠിക്കുന്ന കാര്യങ്ങൾ കുടുംബാംഗങ്ങളോടും കൂട്ടുകാരോടും പറയാൻ വിദ്യാർഥിയെ പ്രോത്സാഹിപ്പിക്കുക. (യോഹ 1:40-45) അത് എങ്ങനെ ചെയ്യാം? അതിന് ഇതുപോലുള്ള ചില ചോദ്യങ്ങൾ നിങ്ങൾക്ക് ഉപയോഗിക്കാം: “ഈ കാര്യം വീട്ടിലുള്ളവരോട് നിങ്ങൾ എങ്ങനെ പറഞ്ഞുകൊടുക്കും?” “ഈ സത്യം ഒരു കൂട്ടുകാരന് തെളിയിച്ചുകൊടുക്കാൻ നിങ്ങൾ ഏതു തിരുവെഴുത്ത് ഉപയോഗിക്കും?” ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ ഒരു അധ്യാപകനാകാൻ നിങ്ങൾ വിദ്യാർഥിയെ പരിശീലിപ്പിക്കുകയാണ്. പിന്നീട് യോഗ്യതകളിൽ എത്തിച്ചേരുമ്പോൾ, സ്നാനമേൽക്കാത്ത പ്രചാരകനായി ശുശ്രൂഷയിൽ ഏർപ്പെടാൻ അദ്ദേഹത്തിന് സാധിക്കും. ബൈബിൾ പഠിക്കാൻ ആഗ്രഹിക്കുന്ന ആരെയെങ്കിലും അറിയാമോ എന്ന് നമുക്ക് വിദ്യാർഥിയോട് ചോദിക്കാം. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ ആ വ്യക്തിയെ അപ്പോൾത്തന്നെ ബന്ധപ്പെടുക. എന്നിട്ട് ബൈബിൾപഠനം തുടങ്ങുന്നതിനെക്കുറിച്ച് സംസാരിക്കുക. ബൈബിളധ്യയനം—അത് എന്താണ്? എന്ന വീഡിയോ അദ്ദേഹത്തെ കാണിക്കുക.d
സഭയിൽ കൂട്ടുകാരെ കണ്ടെത്താൻ വിദ്യാർഥിയെ പ്രോത്സാഹിപ്പിക്കുക
10. 1 തെസ്സലോനിക്യർ 2:7, 8-ലെ പൗലോസിന്റെ മാതൃക അധ്യാപകർക്ക് എങ്ങനെ അനുകരിക്കാം?
10 അധ്യാപകർ തങ്ങളുടെ വിദ്യാർഥികളെക്കുറിച്ച് ചിന്തയുള്ളവരായിരിക്കണം. അവരെ നമ്മുടെ ഒരു ഭാവി സഹോദരനോ സഹോദരിയോ ആയി കാണുക. (1 തെസ്സലോനിക്യർ 2:7, 8 വായിക്കുക.) ഇപ്പോഴുള്ള കൂട്ടുകെട്ടുകളൊക്കെ അവസാനിപ്പിക്കുന്നതും യഹോവയെ സേവിക്കുന്നതിന് ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതും ഒന്നും അവർക്ക് എളുപ്പമല്ല. അതുകൊണ്ട് സഭയിൽ നല്ല സുഹൃത്തുക്കളെ കണ്ടെത്താൻ നമ്മൾ അവരെ സഹായിക്കണം. നിങ്ങളും നിങ്ങളുടെ വിദ്യാർഥിയുടെ ഒരു നല്ല സുഹൃത്തായിരിക്കണം. അതിന് ബൈബിൾപഠനത്തിന്റെ സമയത്ത് മാത്രം അദ്ദേഹത്തിന്റെകൂടെ സമയം ചെലവിട്ടാൽ പോരാ. നിങ്ങൾക്ക് അവരെ ഇടയ്ക്ക് ഫോൺ വിളിക്കാം; അല്ലെങ്കിൽ മെസ്സേജ് അയയ്ക്കാം; ഇനി ഇടയ്ക്ക് വെറുതേ ഒന്ന് കാണാൻ ചെല്ലാം. അപ്പോൾ നിങ്ങൾക്ക് അവരെക്കുറിച്ച് ചിന്തയുണ്ടെന്ന് അവർക്ക് മനസ്സിലാകും.
11. വിദ്യാർഥികളെ സഹായിക്കാൻ ആഗ്രഹിക്കുന്ന അധ്യാപകർ എന്തുകൂടെ ചെയ്യണം, എന്തുകൊണ്ട്?
11 ഒരു പഴഞ്ചൊല്ലുണ്ട്: “ഒരു ഗ്രാമം മുഴുവനും കൂടിയാണ് ഒരു കുട്ടിയെ വളർത്തുന്നത്.” നമ്മുടെ കാര്യത്തിൽ അത് ഇങ്ങനെ പറയാം: “സഭയിലെ എല്ലാവരും കൂടിയാണ് ഒരാളെ ശിഷ്യനാക്കുന്നത്.” അതുകൊണ്ട് വിദഗ്ധരായ അധ്യാപകർ, വിദ്യാർഥിയെ നല്ല രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന സഹോദരങ്ങൾക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തിക്കൊടുക്കും. അങ്ങനെ ദൈവജനത്തിന്റെകൂടെ സഹവസിക്കുന്നത് വിദ്യാർഥി ആസ്വദിച്ചുതുടങ്ങും. യഹോവയോട് അടുക്കുന്നതിന് അദ്ദേഹത്തെ സഹായിക്കാനും പ്രശ്നങ്ങളുള്ളപ്പോൾ വേണ്ട പ്രോത്സാഹനം കൊടുക്കാനും അവർക്കു കഴിയും. സഭയുടെയും നമ്മുടെ ആത്മീയകുടുംബത്തിന്റെയും ഒരു ഭാഗമാണ് താനെന്ന് ഓരോ വിദ്യാർഥിക്കും തോന്നണമെന്നാണു നമ്മുടെ ആഗ്രഹം. സ്നേഹം നിറഞ്ഞ നമ്മുടെ സഹോദരകുടുംബത്തിന്റെ ഭാഗമാകാൻ വിദ്യാർഥിക്കു താത്പര്യം തോന്നണമെന്നും നമ്മൾ ആഗ്രഹിക്കുന്നു. യഹോവയെ സ്നേഹിക്കാൻ തന്നെ സഹായിക്കാത്ത ആളുകളുമായുള്ള അടുത്ത കൂട്ടുകെട്ട് അവസാനിപ്പിക്കുന്നത് അപ്പോൾ അദ്ദേഹത്തിന് എളുപ്പമായിരിക്കും. (സുഭാ. 13:20) മുമ്പുണ്ടായിരുന്ന സുഹൃത്തുക്കൾ അദ്ദേഹത്തെ പൂർണമായി ഒഴിവാക്കിയാലും യഹോവയുടെ സംഘടനയിൽ തനിക്ക് നല്ല സുഹൃത്തുക്കളെ കണ്ടെത്താനാകുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരിക്കും.—മർക്കോ. 10:29, 30; 1 പത്രോ. 4:4.
സമർപ്പണവും സ്നാനവും എന്ന ലക്ഷ്യത്തിൽ എത്താൻ പ്രോത്സാഹിപ്പിക്കുക
12. സമർപ്പണത്തെയും സ്നാനത്തെയും കുറിച്ച് നമ്മൾ വിദ്യാർഥിയോടു സംസാരിക്കേണ്ടത് എന്തുകൊണ്ട്?
12 സമർപ്പിക്കുകയും സ്നാനപ്പെടുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കൂടെക്കൂടെ വിദ്യാർഥിയോട് സംസാരിക്കുക. അതിന് മടിച്ചുനിൽക്കരുത്. നമ്മൾ ബൈബിൾപഠനം നടത്തുന്നതിന്റെ ലക്ഷ്യംതന്നെ ആ വ്യക്തിയെ സ്നാനപ്പെട്ട ഒരു ശിഷ്യനാകാനും യഹോവയുടെ ഒരു സാക്ഷിയാകാനും സഹായിക്കുക എന്നതാണ്. ഇതാണ് ബൈബിൾപഠനത്തിന്റെ ലക്ഷ്യമെന്ന് ക്രമമായി ബൈബിൾപഠനം തുടങ്ങി ഏതാനും മാസങ്ങൾക്കുള്ളിൽ, പ്രത്യേകിച്ച് മീറ്റിങ്ങുകൾക്ക് ഹാജരാകാൻ തുടങ്ങിയതിനു ശേഷം വിദ്യാർഥി മനസ്സിലാക്കണം.
13. സ്നാനത്തിലേക്ക് പുരോഗമിക്കാൻ ഒരു വിദ്യാർഥി ഏതെല്ലാം പടികൾ എടുക്കണം?
13 ആത്മാർഥതയോടെ പഠിക്കുന്ന ഒരു ബൈബിൾവിദ്യാർഥിക്ക് പടിപടിയായി സ്നാനം എന്ന ലക്ഷ്യത്തിൽ എത്താൻ കഴിയും. ആദ്യം വിദ്യാർഥി യഹോവയെ അറിയുകയും സ്നേഹിക്കുകയും യഹോവയിൽ വിശ്വാസം അർപ്പിക്കുകയും ചെയ്യും. (യോഹ. 3:16; 17:3) അതിനു ശേഷം വിദ്യാർഥി യഹോവയുമായി ഒരു ബന്ധത്തിലേക്ക് വരുകയും സഭയോടൊത്ത് സഹവസിക്കാൻ തുടങ്ങുകയും ചെയ്യും. (എബ്രാ. 10:24, 25; യാക്കോ. 4:8) പിന്നീട് വിദ്യാർഥി മോശമായ ശീലങ്ങൾ ഉപേക്ഷിക്കുകയും തന്റെ പാപങ്ങളെക്കുറിച്ച് പശ്ചാത്തപിക്കുകയും ചെയ്യും. (പ്രവൃ. 3:19) കൂടാതെ പഠിക്കുന്ന കാര്യങ്ങളിൽ വിശ്വാസമുള്ളതുകൊണ്ട് അദ്ദേഹം അത് മറ്റുള്ളവരുമായി പങ്കുവെക്കും. (2 കൊരി. 4:13) ഒടുവിൽ അദ്ദേഹം യഹോവയ്ക്കു തന്നെത്തന്നെ സമർപ്പിക്കുകയും അതിന്റെ പ്രതീകമായി സ്നാനപ്പെടുകയും ചെയ്യും. (1 പത്രോ. 3:21; 4:2) അത് എല്ലാവർക്കും സന്തോഷത്തിന്റെ ഒരു ദിവസമാണ്. വിദ്യാർഥി സ്നാനം എന്ന ലക്ഷ്യത്തിലേക്കുള്ള ഓരോ പടിയും കയറുമ്പോൾ ആത്മാർഥമായി അഭിനന്ദിക്കുക. ശരിയായ ദിശയിൽത്തന്നെ മുന്നോട്ടുപോകാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുക.
വിദ്യാർഥിയുടെ പുരോഗതി ഇടയ്ക്കിടെ വിലയിരുത്തുക
14. ഒരു അധ്യാപകന് വിദ്യാർഥിയുടെ പുരോഗതി എങ്ങനെ വിലയിരുത്താം?
14 സമർപ്പിക്കാനും സ്നാനപ്പെടാനും ഒരു വിദ്യാർഥിയെ സഹായിക്കുമ്പോൾ നമ്മൾ ക്ഷമയുള്ളവരായിരിക്കണം എന്നത് ശരിയാണ്. എങ്കിലും അദ്ദേഹത്തിന് ശരിക്കും യഹോവയെ സേവിക്കാനുള്ള ആഗ്രഹമുണ്ടോ എന്ന് നമ്മൾ കണ്ടെത്തണം. വിദ്യാർഥി യേശുവിന്റെ കല്പനകൾ അനുസരിക്കാൻ ശ്രമിക്കുന്നതിന്റെ എന്തെങ്കിലും സൂചനകൾ നിങ്ങൾ കാണുന്നുണ്ടോ? അതോ കേവലം കുറെ അറിവ് നേടുക എന്നതു മാത്രമാണോ അദ്ദേഹത്തിന്റെ ലക്ഷ്യം?
15. വിദ്യാർഥി പുരോഗതി വരുത്തുന്നുണ്ടോ എന്ന് അറിയാൻ അധ്യാപകന് ഏതെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം?
15 വിദ്യാർഥി എത്രത്തോളം പുരോഗതി വരുത്തുന്നുണ്ടെന്ന് പതിവായി പരിശോധിക്കണം. ഉദാഹരണത്തിന്, യഹോവയോടുള്ള സ്നേഹവും നന്ദിയും ഒക്കെ അദ്ദേഹത്തിന്റെ വാക്കുകളിൽ നിങ്ങൾക്ക് കാണാനാകുന്നുണ്ടോ? അദ്ദേഹം യഹോവയോടു പ്രാർഥിക്കുന്നുണ്ടോ? (സങ്കീ. 116:1, 2) ബൈബിൾ വായിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമാണോ? (സങ്കീ. 119:97) ക്രമമായി മീറ്റിങ്ങുകൾക്ക് വരുന്നുണ്ടോ? (സങ്കീ. 22:22) പഠിക്കുന്ന കാര്യങ്ങൾക്കു ചേർച്ചയിൽ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുന്നുണ്ടോ? (സങ്കീ. 119:112) മനസ്സിലാക്കിയ ബൈബിൾസത്യങ്ങൾ അദ്ദേഹം കുടുംബാംഗങ്ങളോടും കൂട്ടുകാരോടും പറയാൻ തുടങ്ങിയിട്ടുണ്ടോ? (സങ്കീ. 9:1) ഏറ്റവും പ്രധാനമായി, യഹോവയുടെ സാക്ഷികളിൽ ഒരാളാകാൻ അദ്ദേഹത്തിന് ആഗ്രഹമുണ്ടോ? (സങ്കീ. 40:8) മേൽപ്പറഞ്ഞ കാര്യങ്ങളിലൊന്നും വിദ്യാർഥി വേണ്ടത്ര പുരോഗതി വരുത്തുന്നില്ലെന്ന് കാണുന്നെങ്കിൽ അതിന്റെ കാരണം എന്താണെന്ന് നയപൂർവം മനസ്സിലാക്കാൻ ശ്രമിക്കുക. എന്നിട്ട് അക്കാര്യത്തെക്കുറിച്ച് ദയയോടെ അതേസമയം തുറന്ന് അദ്ദേഹത്തോട് സംസാരിക്കുക.e
16. ഒരു ബൈബിൾപഠനം നിറുത്തണോ എന്ന് തീരുമാനിക്കാൻ അധ്യാപകനെ എന്തു സഹായിക്കും?
16 ഒരു ബൈബിൾപഠനം തുടരണോ വേണ്ടയോ എന്ന് ഇടയ്ക്കിടെ വിലയിരുത്തുക. അതിനായി നിങ്ങളോടുതന്നെ ചോദിക്കുക: ‘തയ്യാറാകാതെയാണോ വിദ്യാർഥി ബൈബിൾപഠനത്തിന് ഇരിക്കുന്നത്? മീറ്റിങ്ങിന് വരാൻ അദ്ദേഹത്തിനു താത്പര്യക്കുറവുണ്ടോ? മോശമായ ശീലങ്ങൾ അദ്ദേഹത്തിന് ഇപ്പോഴുമുണ്ടോ? അദ്ദേഹം ഇപ്പോഴും വ്യാജമതത്തിലെ ഒരു അംഗമാണോ?’ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ‘അതെ’ എന്നാണെങ്കിൽ പഠിക്കുന്ന കാര്യങ്ങൾക്ക് താൻ വലിയ വില കൊടുക്കുന്നില്ലെന്നും മാറ്റങ്ങൾ വരുത്താൻ ആഗ്രഹിക്കുന്നില്ലെന്നും അല്ലേ വിദ്യാർഥി തെളിയിക്കുന്നത്? അങ്ങനെ ഒരാളുമായി ബൈബിൾ പഠിക്കുന്നതിൽ എന്തെങ്കിലും അർഥമുണ്ടോ? നനയാൻ ആഗ്രഹിക്കാത്ത ഒരാളെ നീന്തൽ പഠിപ്പിക്കാൻ ശ്രമിക്കുന്നത് പോലെയല്ലേ അത്?
17. 1 തിമൊഥെയൊസ് 4:16-ൽ കാണുന്ന “നിന്റെ പഠിപ്പിക്കലിന് എപ്പോഴും ശ്രദ്ധ കൊടുക്കുക” എന്ന ഉപദേശം ബൈബിൾ പഠിപ്പിക്കുന്നവർക്ക് എങ്ങനെ അനുസരിക്കാം?
17 ആളുകളെ ശിഷ്യരാക്കാനുള്ള ഉത്തരവാദിത്വം നമ്മൾ ഗൗരവമായി കാണുന്നു. നമ്മുടെ ബൈബിൾവിദ്യാർഥികളെ സ്നാനമെന്ന ലക്ഷ്യത്തിൽ എത്താൻ സഹായിക്കുക എന്നതാണ് നമ്മുടെ ആഗ്രഹം. അതുകൊണ്ട് പഠിപ്പിക്കുമ്പോൾ നമ്മൾ ബൈബിൾ നന്നായി ഉപയോഗിക്കും. നമ്മുടെ ഉറച്ച ബോധ്യവും ബൈബിൾസത്യങ്ങളോടുള്ള സ്നേഹവും പ്രതിഫലിപ്പിക്കുന്ന രീതിയിൽ നമ്മൾ പഠിപ്പിക്കും. സഭയിൽ നല്ല കൂട്ടുകാരെ കണ്ടെത്താൻ നമ്മൾ വിദ്യാർഥിയെ പ്രോത്സാഹിപ്പിക്കണം. അതുപോലെ സമർപ്പിക്കേണ്ടതിന്റെയും സ്നാനപ്പെടേണ്ടതിന്റെയും പ്രാധാന്യം നമ്മൾ എടുത്തുപറയും. വിദ്യാർഥിയുടെ പുരോഗതി ഇടയ്ക്കിടെ വിലയിരുത്തുകയും ചെയ്യും. (13-ാം പേജിലെ “വിദ്യാർഥികളെ സ്നാനത്തിലേക്കു നയിക്കാൻ അധ്യാപകർ ചെയ്യേണ്ടത്” എന്ന ചതുരം കാണുക.) ആളുകളുടെ ജീവൻ രക്ഷിക്കുന്ന ഈ വേലയിൽ ഒരു പങ്കുണ്ടായിരിക്കുന്നതിൽ നമ്മൾ സന്തോഷിക്കുന്നു. നമ്മുടെ ബൈബിൾവിദ്യാർഥികളെ സ്നാനത്തിലേക്ക് പുരോഗമിക്കാൻ സഹായിക്കുന്നതിനു കഴിയുന്നതെല്ലാം നമുക്ക് ചെയ്യാം.
ഗീതം 79 ഉറച്ചുനിൽക്കാൻ അവരെ പഠിപ്പിക്കുക
a ബൈബിൾപഠനങ്ങൾ നടത്തുന്നത് ശരിക്കും ഒരു വലിയ പദവിയാണ്. കാരണം അതിലൂടെ യഹോവ ആഗ്രഹിക്കുന്നതുപോലെ ചിന്തിക്കാനും പ്രവർത്തിക്കാനും നമ്മൾ ആളുകളെ സഹായിക്കുകയാണ്. പഠിപ്പിക്കാനുള്ള കഴിവ് നമുക്ക് എങ്ങനെ മെച്ചപ്പെടുത്താനാകുമെന്ന് ഈ ലേഖനത്തിൽ നമ്മൾ കൂടുതലായി പഠിക്കും.
b 2016 സെപ്റ്റംബർ ലക്കം ജീവിത-സേവന യോഗത്തിനുള്ള പഠനസഹായിയിലെ “ബൈബിൾപഠനം നടത്തുമ്പോൾ ഒഴിവാക്കേണ്ട ചില രീതികൾ” എന്ന ലേഖനം കാണുക.
c ഞങ്ങളെക്കുറിച്ച് > അനുഭവങ്ങൾ എന്നതിന് കീഴിൽ നോക്കുക.
d JW ലൈബ്രറിയിൽ ഓഡിയോ-വീഡിയോ പരിപാടികൾ (മീഡിയ) > ഞങ്ങളുടെ യോഗങ്ങളും ശുശ്രൂഷയും > പ്രസംഗവേലയ്ക്കുള്ള ഉപകരണങ്ങൾ എന്നതിന് കീഴിൽ നോക്കുക.
e 2020 മാർച്ച് ലക്കം വീക്ഷാഗോപുരത്തിലെ “യഹോവയോടുള്ള സ്നേഹം സ്നാനപ്പെടാൻ നിങ്ങളെ പ്രചോദിപ്പിക്കും,” “നിങ്ങൾ സ്നാനപ്പെടാറായോ?” എന്നീ ലേഖനങ്ങൾ കാണുക.
f ചിത്രക്കുറിപ്പ്: ഒരു സഹോദരി ബൈബിൾപഠനം നടത്തുമ്പോൾ അനുഭവപരിചയമുള്ള മറ്റൊരു സഹോദരി കൂടെയിരിക്കുന്നു. ബൈബിൾ പഠിപ്പിക്കുമ്പോൾ ഒത്തിരി സംസാരിക്കാതിരിക്കാൻ എന്ത് ചെയ്യാം എന്ന് മറ്റൊരു സമയത്ത് അനുഭവപരിചയമുള്ള സഹോദരി പറഞ്ഞുകൊടുക്കുന്നു.
g ചിത്രക്കുറിപ്പ്: എങ്ങനെ നല്ല ഒരു ഭാര്യയാകാം എന്ന് വിദ്യാർഥി ബൈബിൾപഠനത്തിന്റെ സമയത്ത് മനസ്സിലാക്കുന്നു. പഠിച്ച കാര്യങ്ങളെക്കുറിച്ച് വിദ്യാർഥി പിന്നീട് ഭർത്താവിനോട് സംസാരിക്കുന്നു.
h ചിത്രക്കുറിപ്പ്: രാജ്യഹാളിൽവെച്ച് സൗഹൃദത്തിലായ ഒരു സഹോദരിയുടെ വീട്ടിൽ ആ വിദ്യാർഥിയും ഭർത്താവും കുറച്ച് സമയം ചെലവഴിക്കുന്നു.