നിങ്ങൾ ആത്മത്യാഗ മനോഭാവം പ്രകടിപ്പിക്കുന്നുണ്ടോ?
1 തന്റെ നിസ്വാർഥ ഗതിയിലൂടെ യേശു മനുഷ്യവർഗത്തിനു നേടിത്തന്ന സംഗതികളോടുള്ള വിലമതിപ്പ്, നമ്മുടെ പ്രാപ്തികളും ഊർജവും ശക്തിയുമെല്ലാം ആത്മത്യാഗപരമായ ഒരു വിധത്തിൽ ഉപയോഗിക്കാൻ നമ്മെ പ്രേരിപ്പിക്കേണ്ടതാണ്. തിരുവെഴുത്തുകൾ ഇപ്രകാരം പ്രബോധിപ്പിക്കുന്നു: “നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ.” (റോമ. 12:1) വ്യക്തിപരമായ സാഹചര്യങ്ങൾ അനുവദിക്കുന്നിടത്തോളം പൂർണമായ അളവിൽ നിങ്ങൾ അത്തരത്തിലുള്ള ഒരു ആത്മാവു പ്രകടിപ്പിക്കുന്നുണ്ടോ എന്നു മനസ്സിലാക്കാൻ ഇടയ്ക്കിടയ്ക്കുള്ള ആത്മപരിശോധന നിങ്ങളെ സഹായിക്കും.
2 ബൈബിൾ പരിജ്ഞാനം സമ്പാദിക്കുന്നതിൽ: ഒരു ക്രമമായ അടിസ്ഥാനത്തിൽ വ്യക്തിപരമായി ബൈബിൾ വായിക്കുന്നതിനും പഠിക്കുന്നതിനും നിങ്ങൾ സമയം പട്ടികപ്പെടുത്തിയിട്ടുണ്ടോ? ആ പട്ടികയോടു നിങ്ങൾ പറ്റിനിൽക്കുന്നുണ്ടോ? സഭായോഗങ്ങൾക്കു നന്നായി തയ്യാറാകുന്നതു നിങ്ങളുടെ ഒരു ശീലമാണോ? നിങ്ങൾ ഒരു കുടുംബനാഥനാണെങ്കിൽ, നിങ്ങൾ ക്രമമായി കുടുംബ ബൈബിൾ അധ്യയനം നടത്താറുണ്ടോ? ഇതൊക്കെ ചെയ്യുന്നതിന് ടെലിവിഷന്റെയോ കമ്പ്യൂട്ടറിന്റെയോ മുന്നിൽ ചെലവഴിക്കുന്ന സമയത്തിലും മറ്റു കാര്യങ്ങൾക്കായി ചെലവഴിക്കുന്ന സമയത്തിലും വെട്ടിച്ചുരുക്കൽ നടത്തേണ്ടി വന്നേക്കാം. എന്നാൽ ദൈവവചനം പഠിക്കുന്നതിനായി ചെലവഴിക്കുന്ന സമയം നിങ്ങളെ നിത്യജീവൻ നേടാൻ സഹായിക്കും എന്നോർക്കുമ്പോൾ അത് എത്ര ചെറിയ ഒരു ത്യാഗമാണ്!—യോഹ. 17:3.
3 കുട്ടികളെ പരിശീലിപ്പിക്കുന്നതിൽ: ആത്മത്യാഗ മനോഭാവം നട്ടുവളർത്താൻ പറ്റിയ ഏറ്റവും നല്ല സമയം കുട്ടിക്കാലമാണ്. അതുകൊണ്ട്, കളിക്കാൻ ഒരു സമയം ഉണ്ടെന്നിരിക്കെ ജോലി ചെയ്യാനും ദിവ്യാധിപത്യ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ഒരു സമയം ഉണ്ടെന്ന് നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കുക. (എഫെ. 6:4) ചില വീട്ടുജോലികളൊക്കെ അവരെക്കൊണ്ടു ചെയ്യിക്കുക. അവരോടൊപ്പം ക്രമമായി ശുശ്രൂഷയിൽ ഏർപ്പെടുന്നതിന് ഒരു പട്ടിക തയ്യാറാക്കുക. നിങ്ങളുടെ നല്ല മാതൃകയിലൂടെ നിങ്ങളുടെ പ്രബോധനത്തെ ദൃഢീകരിക്കുക.
4 സഭാപ്രവർത്തനങ്ങളിൽ: സഭയുടെ മൊത്തത്തിലുള്ള പ്രയോജനത്തിനായി എല്ലാവരും മനസ്സോടെ ത്യാഗങ്ങൾ ചെയ്യുമ്പോൾ സഭ അനുഗ്രഹിക്കപ്പെടും. (എബ്രാ. 13:16) പ്രസംഗ-ശിഷ്യരാക്കൽ വേലയിൽ കൂടുതൽ സമയം ചെലവഴിക്കാൻ നിങ്ങൾക്കാകുമോ? യോഗങ്ങൾക്ക് എത്തിച്ചേരുന്നതിനും മറ്റും സഹായിച്ചുകൊണ്ട് രോഗികളോടും പ്രായമായവരോടും കരുതൽ പ്രകടമാക്കാൻ നിങ്ങൾ സന്നദ്ധതയുള്ളവർ ആയിരിക്കുമോ?
5 തന്റെ ഭൗമിക ജീവിതത്തിലെ ഏറ്റവും വലിയ ത്യാഗം നടത്തുന്നതിനു മുമ്പ് യേശു തന്റെ ശിഷ്യന്മാർക്ക് വിലയേറിയ ഒരു ബുദ്ധിയുപദേശം നൽകി, മറ്റെല്ലാ സംഗതികളെയും പിമ്പിലേക്കു മാറ്റിക്കൊണ്ട് രാജ്യതാത്പര്യങ്ങളിൽ ദൃഷ്ടി പതിപ്പിക്കാൻ. (മത്താ. 6:33) സന്തോഷപൂർവം യഹോവയെ സേവിക്കുന്നതിൽ തുടരവെ ആത്മത്യാഗത്തിന്റെ അത്തരമൊരു ആത്മാവു പ്രകടിപ്പിക്കുന്നതിലൂടെ നമുക്ക് ഏറ്റവും വലിയ സന്തോഷം സ്വായത്തമാക്കാൻ കഴിയും.