യഹോവയുടെ സ്നേഹത്തോടു വിലമതിപ്പു പ്രകടമാക്കുന്നതിന്റെ പ്രയോജനങ്ങൾ—ഭാഗം 1
1 അപ്പൊസ്തലനായ യോഹന്നാൻ എഴുതി: ‘[യഹോവ] ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ടു നാം സ്നേഹിക്കുന്നു.’ (1 യോഹ. 4:19) യഹോവ നമുക്കു പ്രദാനം ചെയ്തിരിക്കുന്നവയെ കുറിച്ചെല്ലാം ചിന്തിക്കുമ്പോൾ തിരിച്ച് ആഴമായ വിലമതിപ്പു പ്രകടമാക്കാൻ നാം പ്രേരിതരാകുന്നു. ദൈവത്തിന്റെ നാമത്തെയും രാജ്യത്തെയും കുറിച്ച് അനുസരണപൂർവം സാക്ഷീകരിച്ചുകൊണ്ട് ഇതു ചെയ്യുന്നതിൽ യേശു മാതൃക വെച്ചു. (യോഹ. 14:31) യഹോവയുടെ സ്നേഹത്തോടും തത്ഫലമായുള്ള അനുഗ്രഹങ്ങളോടും നമുക്കു വിലമതിപ്പു പ്രകടമാക്കാവുന്ന ചില മാർഗങ്ങൾ പരിചിന്തിക്കുന്നതു പ്രയോജനകരമാണ്.
2 വീടുതോറുമുള്ള സാക്ഷീകരണം: രാജ്യപ്രസംഗ വേല എങ്ങനെ നിർവഹിക്കണമെന്ന് യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു. സുവാർത്ത പ്രചരിപ്പിച്ചുകൊണ്ട് അവർ വീടുതോറും പോയെന്ന് അവന്റെ നിർദേശങ്ങൾ വ്യക്തമായി കാണിക്കുന്നു. (ലൂക്കൊ. 9:1-6; 10:1-7) താത്പര്യമില്ലായ്മയും എതിർപ്പും ഒക്കെ ഉണ്ടായിരിക്കെ വീടുതോറും പോകുന്നതിൽ തുടരാൻ ദൈവത്തോടും അയൽക്കാരോടുമുള്ള സ്നേഹം നമ്മെ പ്രേരിപ്പിക്കുന്നു. എന്നിരുന്നാലും, ഇതു ചെയ്യുന്നതിലൂടെ നാം വ്യക്തിപരമായി പ്രയോജനം അനുഭവിക്കുന്നു, കാരണം നമ്മുടെ വിശ്വാസം ബലിഷ്ഠവും ബോധ്യം ശക്തവും പ്രത്യാശ ശോഭനവും ആയിത്തീരുന്നു.
3 ദൂത മാർഗനിർദേശത്തിൻ കീഴിൽ വേല ചെയ്തുകൊണ്ട് സത്യത്തിനു വേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്ന അനേകരെ നാം കണ്ടെത്തിയിരിക്കുന്നു. (വെളി. 14:6) ഒരു സാക്ഷി വീട്ടുവാതിൽക്കൽ വന്നപ്പോൾ തങ്ങൾ സഹായത്തിനായി പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്ന് വീട്ടുകാർ പറഞ്ഞിട്ടുണ്ട്. ഒരു കരീബിയൻ ദ്വീപിൽ, രണ്ടു സാക്ഷികളും ഒരു കൊച്ചുകുട്ടിയും വീടുതോറും പോകുകയായിരുന്നു. അന്നത്തെ വേല നിറുത്താൻ മുതിർന്ന രണ്ടു പേരും തീരുമാനിച്ചെങ്കിലും കുട്ടി തനിയെ അടുത്ത വീട്ടിൽ പോയി കതകിൽ മുട്ടി. ഒരു ചെറുപ്പക്കാരി വാതിൽ തുറന്നു. അതു കണ്ട മുതിർന്ന സാക്ഷികൾ ചെന്ന് അവളുമായി സംസാരിച്ചു. അവൾ അവരെ അകത്തേക്കു ക്ഷണിച്ചു. തന്നെ ബൈബിൾ പഠിപ്പിക്കാൻ സാക്ഷികളെ തന്റെ അടുത്തേക്ക് അയയ്ക്കണമേയെന്നു താൻ അപ്പോൾ ദൈവത്തോടു പ്രാർഥിച്ചതേയുള്ളു എന്ന് അവൾ വിശദീകരിച്ചു!
4 തെരുവു സാക്ഷീകരണം: ചില പ്രദേശങ്ങളിൽ ആളുകളെ വീട്ടിൽ കണ്ടെത്തുക വളരെ പ്രയാസമായതിനാൽ ആളുകൾക്കു സാക്ഷ്യം നൽകുന്നതിനുള്ള ഫലപ്രദമായ ഒരു മാർഗമാണു തെരുവു സാക്ഷീകരണം. കൂടാതെ, അന്യർക്കു പ്രവേശനം നിരോധിച്ചിരിക്കുന്ന കോളനികളിലോ കനത്ത സുരക്ഷാ സംവിധാനങ്ങളുള്ള കെട്ടിടങ്ങളിലോ ആണ് പലരും താമസിക്കുന്നതും. അത്തരം സ്ഥലങ്ങളിൽ വീടുതോറുമുള്ള വേല സാധ്യമല്ല. എന്നിരുന്നാലും, രാജ്യ സന്ദേശവുമായി ആളുകളെ സമീപിക്കുന്നതിന് തെരുവു സാക്ഷീകരണം ഉൾപ്പെടെ സാധ്യമായ എല്ലാ മാർഗങ്ങളും പ്രയോജനപ്പെടുത്താൻ യഹോവയുടെ സ്നേഹത്തോടുള്ള വിലമതിപ്പു നമ്മെ പ്രേരിപ്പിക്കുന്നു.—സദൃ. 1:20, 21.
5 മടക്കസന്ദർശനങ്ങൾ നടത്തൽ: “തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവ”രെ നാം അന്വേഷിക്കുന്നതിനാൽ, ആ ആവശ്യത്തെ തൃപ്തിപ്പെടുത്തുന്നതിന് നമ്മാലാവുന്നതു ചെയ്യാൻ നാം ആഗ്രഹിക്കുന്നു. (മത്താ. 5:3, NW) അതിന്, സത്യത്തിന്റെ വിത്തുകൾ നട്ടശേഷം അവ നനയ്ക്കാൻ നാം മടങ്ങിച്ചെല്ലേണ്ടതുണ്ട്. (1 കൊരി. 3:6-8) ഓസ്ട്രേലിയയിലുള്ള ഒരു സഹോദരി ഒരു സ്ത്രീക്ക് ഒരു ലഘുലേഖ സമർപ്പിച്ചു. അവർക്ക് അത്ര താത്പര്യമൊന്നും ഉള്ളതായി തോന്നിയില്ല. എന്നിരുന്നാലും, അവരെ വീണ്ടും വീട്ടിൽ കണ്ടെത്താൻ കഴിയുന്നതുവരെ ആ സഹോദരി മടങ്ങിച്ചെന്നുകൊണ്ടേയിരുന്നു. ഒടുവിൽ അവരെ കണ്ടുമുട്ടിയപ്പോൾ, ആ ആദ്യസന്ദർശനത്തെ തുടർന്ന് അവർ വിലകൂടിയ ഒരു ബൈബിൾ വാങ്ങിയിരിക്കുന്നതായി സഹോദരി കണ്ടെത്തി. സഹോദരി അവരുമൊത്ത് ഒരു അധ്യയനം ആരംഭിച്ചു!
6 ബൈബിൾ അധ്യയനങ്ങൾ നടത്തൽ: ഇതിന് നമ്മുടെ ശുശ്രൂഷയുടെ ഏറ്റവും ആസ്വാദ്യവും പ്രതിഫലദായകവുമായ ഒരു വശം ആയിരിക്കാനാകും. യഹോവയെ കുറിച്ചു പഠിക്കാൻ ആളുകളെ സഹായിക്കുന്നതും അവനെ പ്രസാദിപ്പിക്കാൻ തക്കവണ്ണം ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുകയും പിന്നീട് ദൈവത്തിനുള്ള സമർപ്പണത്തിന്റെ പ്രതീകമായി സ്നാപനമേൽക്കുകയും ചെയ്യുന്നതു കാണുന്നതും എത്ര വലിയ അനുഗ്രഹമാണ്!—1 തെസ്സ. 2:20; 3 യോഹ. 4.
7 അടുത്ത ലക്കത്തിൽ, യഹോവയുടെ സ്നേഹത്തോടു വിലമതിപ്പു പ്രകടമാക്കുന്നതിനാൽ നാം അനുഗ്രഹിക്കപ്പെടുന്ന കൂടുതലായ വിധങ്ങളെ കുറിച്ചു പരിചിന്തിക്കുന്നതായിരിക്കും.