നിങ്ങൾക്ക് “അഭിമാനിക്കാൻ വക”നൽകുന്നത് എന്താണ്?
1. ഓരോ മാസത്തിന്റെ അവസാനവും നമുക്ക് അഭിമാനിക്കാൻ വകനൽകുന്നത് എന്താണ്?
1 മാസാവസാനം വയൽസേവന റിപ്പോർട്ട് ഇടേണ്ട സമയമാകുമ്പോൾ നിങ്ങൾക്ക് “അഭിമാനിക്കാൻ വക”നൽകുന്നത് എന്താണ്? (ഗലാ. 6:4) ശുശ്രൂഷയിൽ 130 മണിക്കൂർ റിപ്പോർട്ടു ചെയ്യുന്ന പ്രത്യേക പയനിയർമാരായാലും 15 മിനിട്ട് റിപ്പോർട്ടു ചെയ്യാൻ അനുമതി ലഭിച്ചിട്ടുള്ള പ്രസാധകരായാലും യഹോവയെ മുഴുദേഹിയോടെ സേവിക്കാനാകുന്നതിൽ നാമെല്ലാം സന്തോഷിക്കണം.—സങ്കീ. 100:2.
2. യഹോവയുടെ സേവനത്തിൽ നാം പരമാവധി ചെയ്യേണ്ടത് എന്തുകൊണ്ട്?
2 നമുക്ക് നൽകാവുന്നതിലും ഏറ്റവും നല്ലത് അർഹിക്കുന്നവനാണ് അഖിലാണ്ഡ പരമാധികാരിയായ യഹോവ. (മലാ. 1:6) ദൈവത്തോടുള്ള സ്നേഹംനിമിത്തം അവന്റെ ഹിതം ചെയ്യാൻ നാം നമ്മുടെ ജീവിതം സമർപ്പിച്ചിരിക്കുന്നു. അതുകൊണ്ട്, ദിവസത്തിന്റെ അല്ലെങ്കിൽ മാസത്തിന്റെ അവസാനം യഹോവയുടെ സേവനത്തിൽ നമ്മുടെ സമയത്തിന്റെയും പ്രാപ്തികളുടെയും ആരോഗ്യത്തിന്റെയും “ആദ്യഫലം” നൽകിയെന്ന് ഉറപ്പുണ്ടെങ്കിൽ തീർച്ചയായും നമുക്ക് അഭിമാനിക്കാൻ വകയുണ്ട്. (സദൃ. 3:9) എന്നാൽ മനസ്സാക്ഷി നമ്മെ കുറ്റപ്പെടുത്തുന്നെങ്കിലോ? പുരോഗമിക്കാൻ എന്തു ചെയ്യാനാകുമെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.—റോമ. 2:15.
3. നമ്മെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുന്നത് ജ്ഞാനമല്ലാത്തത് എന്തുകൊണ്ട്?
3 “മറ്റാരുമായും താരതമ്യപ്പെടുത്താതെ”: നാം ചെയ്യുന്നതിനെ മറ്റുള്ളവർ ചെയ്യുന്നതുമായോ അല്ലെങ്കിൽ ആയകാലത്ത് നാം ചെയ്ത കാര്യങ്ങളുമായോ താരതമ്യപ്പെടുത്തുന്നത് ജ്ഞാനമല്ല. സാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കും. പ്രാപ്തികളിലും ഏറ്റക്കുറച്ചിലുകളുണ്ടാകും. താരതമ്യം ചെയ്യുന്നത് പലപ്പോഴും മത്സരത്തിലേക്കോ ആത്മനിന്ദയിലേക്കോ നയിച്ചേക്കാം. (ഗലാ. 5:26; 6:4) യേശു ഒരാളുടെ പ്രവൃത്തിയെ മറ്റൊരാളുടെ പ്രവൃത്തിയുമായി തട്ടിച്ചുനോക്കിയില്ല. പകരം, സ്വന്തം പ്രാപ്തിക്കനുസരിച്ചു പ്രവർത്തിച്ചവരെ യേശു അഭിനന്ദിക്കുകയാണ് ചെയ്തത്.—മർക്കോ. 14:6-9.
4. താലന്തുകളെക്കുറിച്ചുള്ള യേശുവിന്റെ ഉപമയിൽനിന്ന് വിലപ്പെട്ട എന്ത് പാഠങ്ങൾ നമുക്ക് പഠിക്കാനുണ്ട്?
4 താലന്തുകളെക്കുറിച്ചുള്ള യേശുവിന്റെ ഉപമയിൽ ഓരോ ജോലിക്കാരനും “അവനവന്റെ പ്രാപ്തിയനുസരിച്ച്” താലന്തുകൾ ലഭിക്കുകയുണ്ടായി. (മത്താ. 25:15) യജമാനൻ മടങ്ങിവന്ന് അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് ചോദിച്ചപ്പോൾ, അവരവരുടെ പ്രാപ്തികൾക്കും സാഹചര്യങ്ങൾക്കും അനുസരിച്ച് ഉത്സാഹത്തോടെ പ്രവർത്തിച്ചവർക്ക് അഭിനന്ദനം ലഭിച്ചു. ഒപ്പം, യജമാനന്റെ സന്തോഷത്തിൽ പങ്കുചേരാൻ അവസരം ലഭിക്കുകയും ചെയ്തു. (മത്താ. 25:21, 23) സമാനമായി, രാജ്യപ്രസംഗവേലയിൽ നാം ഉത്സാഹത്തോടെ ഏർപ്പെടുന്നെങ്കിൽ ദിവ്യാംഗീകാരം ലഭിക്കുമെന്ന കാര്യത്തിൽ നമുക്ക് ഉറപ്പുള്ളവരായിരിക്കാം; മാത്രമല്ല, അത് നമുക്ക് അഭിമാനിക്കാൻ വകനൽകുകയും ചെയ്യും!