പഠനലേഖനം 10
സ്നാനത്തിലേക്കു പുരോഗമിക്കാൻ ബൈബിൾവിദ്യാർഥിയെ എല്ലാവർക്കും സഹായിക്കാം
‘അവയവങ്ങൾ ഓരോന്നും ശരിയായ വിധത്തിൽ പ്രവർത്തിക്കുമ്പോൾ ശരീരം വളരും.’—എഫെ. 4:16.
ഗീതം 85 അന്യോന്യം സ്വീകരിക്കാം
പൂർവാവലോകനംa
1-2. ബൈബിൾവിദ്യാർഥിയെ സ്നാനത്തിലേക്ക് പുരോഗമിക്കാൻ ആർക്കൊക്കെ സഹായിക്കാൻ കഴിയും?
“ബൈബിൾപഠനത്തിലൂടെ മനസ്സിലാക്കിയ കാര്യങ്ങളൊക്കെ എനിക്ക് വളരെ ഇഷ്ടമായിരുന്നു. അതാണ് സത്യം എന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ സഹോദരങ്ങളുമായി ഇടപഴകാൻ തുടങ്ങിയശേഷം മാത്രമാണ് ഞാൻ മാറ്റങ്ങൾ വരുത്തുകയും സ്നാനമേൽക്കുകയും ചെയ്തത്.” ഫിജിയിൽ താമസിക്കുന്ന ആമി പറഞ്ഞതാണ് ഇത്. ഒരു ബൈബിൾവിദ്യാർഥിയെ സഭയിലെ എല്ലാവരും സഹായിക്കേണ്ടതിന്റെ പ്രാധാന്യമല്ലേ ഈ അനുഭവം കാണിക്കുന്നത്? അങ്ങനെ ചെയ്താൽ ആ വിദ്യാർഥി സ്നാനത്തിലേക്ക് പുരോഗമിക്കാനുള്ള സാധ്യത കൂടുതലാണ്.
2 അതെ, ബൈബിൾവിദ്യാർഥികളെ സഭയുടെ ഭാഗമാകാൻ സഹായിക്കുന്നതിന് സഭയിലെ ഓരോരുത്തർക്കും ചിലത് ചെയ്യാൻ കഴിയും. (എഫെ. 4:16) വന്വാട്ടുവിലുള്ള ലാലാനി എന്ന മുൻനിരസേവിക പറയുന്നു: “ഒരു പഴഞ്ചൊല്ലുണ്ട്. ഒരു ഗ്രാമം മുഴുവനുംകൂടിയാണ് ഒരു കുട്ടിയെ വളർത്തുന്നത്. ആളുകളെ ശിഷ്യരാക്കുന്ന കാര്യത്തിലും ഇത് സത്യമാണെന്ന് എനിക്ക് തോന്നുന്നു. സഭയിലെ എല്ലാവരും ചേർന്നാണ് ഒരാളെ സത്യത്തിലേക്ക് കൊണ്ടുവരുന്നത്.” ഒരു കുട്ടി വളർന്ന് ഒരു നല്ല വ്യക്തിയായിത്തീരാൻ കുടുംബാംഗങ്ങളുടെയും കൂട്ടുകാരുടെയും അധ്യാപകരുടെയും എല്ലാം സഹായം ആവശ്യമുണ്ട്. കുട്ടിയെ നല്ല കാര്യങ്ങൾ പഠിപ്പിച്ചുകൊണ്ടും പ്രോത്സാഹിപ്പിച്ചുകൊണ്ടും ആണ് അവർ അത് ചെയ്യുന്നത്. അതുപോലെ എല്ലാ പ്രചാരകർക്കും ബൈബിൾവിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുകയും അവർക്ക് കാര്യങ്ങൾ പറഞ്ഞുകൊടുക്കുകയും നല്ല മാതൃക വെക്കുകയും ഒക്കെ ചെയ്യാം. അങ്ങനെ അവരെ സ്നാനത്തിലേക്ക് പുരോഗമിക്കാൻ സഹായിക്കാം.—സുഭാ. 15:22.
3. അന്ന, ഡോറിൻ, ലാലാനി എന്നിവരുടെ അഭിപ്രായങ്ങളിൽനിന്ന് നിങ്ങൾ എന്തു പഠിച്ചു?
3 ബൈബിൾപഠനം നടത്തുന്ന പ്രചാരകൻ മറ്റു പ്രചാരകരുടെ സഹായം സന്തോഷത്തോടെ സ്വീകരിക്കേണ്ടത് എന്തുകൊണ്ട്? മൊൾഡോവയിലെ ഒരു പ്രത്യേക മുൻനിരസേവികയായ അന്ന പറയുന്നത് ശ്രദ്ധിക്കുക: “ഒരു ബൈബിൾവിദ്യാർഥിക്ക് പലപല കാര്യങ്ങളിൽ സഹായം ആവശ്യമാണ്, ബൈബിൾ പഠിപ്പിക്കുന്ന ആൾക്കുതന്നെ അതെല്ലാം നൽകാൻ കഴിഞ്ഞെന്നുവരില്ല.” അതേ രാജ്യത്തുതന്നെയുള്ള ഡോറിൻ എന്ന പ്രത്യേക മുൻനിരസേവകൻ പറയുന്നു: “പലപ്പോഴും മറ്റു പ്രചാരകർ പറയുന്ന ചില കാര്യങ്ങൾ വിദ്യാർഥിയുടെ ഉള്ളിൽ തട്ടാറുണ്ട്. ഞാൻ ചിന്തിച്ചിട്ടുപോലുമില്ലാത്ത ആശയമായിരിക്കും അവർ പറഞ്ഞത്.” ലാലാനിക്ക് പറയാനുള്ളത് മറ്റൊരു കാര്യമാണ്: “സഹോദരങ്ങളുടെ സ്നേഹവും കരുതലും അനുഭവിക്കുമ്പോൾ ഇതുതന്നെയാണ് യഹോവയുടെ ജനമെന്ന് വിദ്യാർഥി തിരിച്ചറിയും.”—യോഹ. 13:35.
4. ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
4 ‘ബൈബിൾപഠനം നടത്തുന്നത് ഞാൻ അല്ലെങ്കിലും എനിക്ക് എങ്ങനെ ഒരു ബൈബിൾവിദ്യാർഥിയെ സഹായിക്കാം?’ എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകാം. നമുക്ക് ഇപ്പോൾ ഒരു ബൈബിൾപഠനത്തിന് കൂടെപോകുമ്പോൾ എന്തു ചെയ്യാനാകുമെന്നും വിദ്യാർഥി മീറ്റിങ്ങിനു വരുമ്പോൾ എങ്ങനെ സഹായിക്കാമെന്നും നോക്കാം. കൂടാതെ, സ്നാനത്തിലേക്ക് പുരോഗമിക്കാൻ വിദ്യാർഥികളെ മൂപ്പന്മാർക്ക് എങ്ങനെ സഹായിക്കാമെന്നും പഠിക്കും.
ബൈബിൾപഠനങ്ങൾക്ക് കൂടെയിരിക്കുമ്പോൾ
5. ബൈബിൾപഠനത്തിന് കൂടെപോകുന്നവർ എന്ത് ഓർക്കണം?
5 ഒരു ബൈബിൾപഠനം നടത്തുമ്പോൾ വിദ്യാർഥിക്ക് ദൈവവചനത്തിലെ കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കാനുള്ള മുഖ്യ ഉത്തരവാദിത്വം ബൈബിൾപഠനം നടത്തുന്ന ആൾക്കാണ്. നിങ്ങളെ ആരെങ്കിലും ഒരു ബൈബിൾപഠനത്തിന് കൂടെയിരിക്കാൻ ക്ഷണിച്ചാൽ ഓർക്കുക, ആ സഹോദരനെ സഹായിക്കാനാണ് നിങ്ങൾ പോകുന്നത്. (സഭാ. 4:9, 10) അതിനു നിങ്ങൾക്ക് എന്തെല്ലാം ചെയ്യാൻ കഴിയും?
6. ഒരു ബൈബിൾപഠനത്തിന് കൂടെപോകുമ്പോൾ നിങ്ങൾക്ക് എങ്ങനെ സുഭാഷിതങ്ങൾ 20:18-ലെ തത്ത്വമനുസരിച്ച് പ്രവർത്തിക്കാം?
6 ബൈബിൾപഠനത്തിനായി ഒരുങ്ങുക. ആദ്യംതന്നെ, പഠിപ്പിക്കുന്ന ആളോട് വിദ്യാർഥിയെക്കുറിച്ച് ചില കാര്യങ്ങൾ ചോദിച്ചറിയുക. (സുഭാഷിതങ്ങൾ 20:18 വായിക്കുക.) നിങ്ങൾക്ക് ഇങ്ങനെ ചോദിക്കാം: “വിദ്യാർഥിയുടെ സാഹചര്യങ്ങളും പശ്ചാത്തലവും എന്തൊക്കെയാണ്? ഏതു ഭാഗമാണ് ഇപ്പോൾ പഠിക്കുന്നത്? ആ ഭാഗത്തുനിന്ന് വിദ്യാർഥി പ്രധാനമായും എന്തു മനസ്സിലാക്കാനാണ് പ്രതീക്ഷിക്കുന്നത്? വിദ്യാർഥിയോടൊപ്പം ആയിരിക്കുമ്പോഴും സംസാരിക്കുമ്പോഴും ഞാൻ ശ്രദ്ധിക്കേണ്ട എന്തെങ്കിലും കാര്യമുണ്ടോ? വിദ്യാർഥിയെ പ്രോത്സാഹിപ്പിക്കുന്നതിന് എനിക്ക് എന്തു ചെയ്യാനാകും?” ഇങ്ങനെയൊക്കെ ചോദിച്ചറിയുന്നത് പ്രയോജനം ചെയ്യുമോ? തീർച്ചയായും! ജോയ് എന്ന മിഷനറിസഹോദരി തന്റെകൂടെ ബൈബിൾപഠനത്തിന് വരുന്നവരോട് വിദ്യാർഥിയെക്കുറിച്ച് നേരത്തേതന്നെ സംസാരിക്കാറുണ്ട്. സഹോദരി പറയുന്നു: “ഇങ്ങനെ ചെയ്യുന്നതിലൂടെ കൂടെവരുന്ന ആൾക്ക് വിദ്യാർഥിയെ സഹായിക്കാൻ ഒരാഗ്രഹം തോന്നും. ബൈബിൾപഠനം നടത്തുന്ന സമയത്ത് എന്തു പറയണമെന്നു മനസ്സിലാക്കാനും കഴിയും.” എന്നാൽ വിദ്യാർഥിയെക്കുറിച്ച് രഹസ്യമായി വെക്കേണ്ട കാര്യങ്ങൾ അധ്യാപകൻ ആരോടും പറയില്ല.
7. ബൈബിൾപഠനത്തിന് കൂടെ പോകുന്നയാൾ പാഠഭാഗം നേരത്തേ തയ്യാറാകേണ്ടത് എന്തുകൊണ്ട്?
7 നിങ്ങളെ ആരെങ്കിലും ഒരു ബൈബിൾപഠനത്തിന് വിളിച്ചാൽ പഠിക്കാൻ പോകുന്ന ഭാഗം നേരത്തേതന്നെ തയ്യാറാകുന്നത് നല്ലതായിരിക്കും. (എസ്ര 7:10) മൂന്നാമത്തെ ഖണ്ഡികയിൽ നമ്മൾ കണ്ട ഡോറിൻ സഹോദരൻ പറയുന്നു: “ബൈബിൾപഠനത്തിന് കൂടെ വരുന്നയാൾ നന്നായി തയ്യാറായി വരുന്നതു കാണുമ്പോൾ എനിക്ക് വളരെ സന്തോഷം തോന്നാറുണ്ട്. അപ്പോൾ അദ്ദേഹത്തിനും നല്ലനല്ല അഭിപ്രായങ്ങൾ പറയാനാകും. കൂടാതെ, രണ്ടുപേരും നന്നായി തയ്യാറായി വന്നിരിക്കുന്നത് വിദ്യാർഥി കാണുമ്പോൾ അത് അദ്ദേഹത്തിന് നല്ലൊരു മാതൃകയായിരിക്കും.” പഠിക്കാൻ പോകുന്ന ഭാഗം നന്നായി തയ്യാറാകാൻ പറ്റിയില്ലെങ്കിലും അതിലെ പ്രധാന ആശയങ്ങൾ എങ്കിലും മനസ്സിലാക്കാൻ അൽപ്പസമയം എടുക്കുക.
8. ബൈബിൾപഠനത്തിന്റെ സമയത്ത് നന്നായി പ്രാർഥിക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാം?
8 ബൈബിൾപഠനത്തിലെ വളരെ പ്രധാനപ്പെട്ട ഭാഗമാണ് പ്രാർഥന. അതുകൊണ്ട് ബൈബിൾ പഠിപ്പിക്കുന്ന ആൾ നിങ്ങളോട് പ്രാർഥിക്കാൻ പറഞ്ഞാൽ പ്രാർഥനയിൽ എന്തു പറയണമെന്ന് നേരത്തേ ചിന്തിക്കുക. അപ്പോൾ നിങ്ങൾക്ക് വിദ്യാർഥിയുടെ സാഹചര്യങ്ങൾ മനസ്സിൽക്കണ്ട് പ്രാർഥിക്കാനാകും. (സങ്കീ. 141:2) തന്റെ അധ്യാപികയുടെ കൂടെവന്നിരുന്ന സഹോദരിയുടെ പ്രാർഥന ജപ്പാനിൽ താമസിക്കുന്ന ഹനായ് ഇപ്പോഴും ഓർക്കുന്നു. ഹനായ് പറയുന്നു: “ആ സഹോദരിക്ക് യഹോവയുമായി നല്ല അടുപ്പമുണ്ടെന്ന് എനിക്ക് മനസ്സിലായി. ഈ സഹോദരിയെപ്പോലെ ആകണമെന്ന് അന്നേരം ഞാൻ ഓർത്തു. സഹോദരി പ്രാർഥിക്കുമ്പോൾ എന്റെ പേര് പറഞ്ഞ് പ്രാർഥിക്കുമായിരുന്നു. ഞാൻ വേണ്ടപ്പെട്ടവളാണെന്ന് എനിക്ക് അപ്പോൾ തോന്നി.”
9. യാക്കോബ് 1:19 അനുസരിച്ച് ബൈബിൾപഠനത്തിന്റെ സമയത്ത് നല്ലൊരു സഹായിയായിരിക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാം?
9 ബൈബിൾപഠനം നടത്തുന്നയാളെ സഹായിക്കുക. നൈജീരിയയിലെ പ്രത്യേക മുൻനിരസേവികയായ ഒമാമുയോബി സഹോദരി പറയുന്നു: “ഒരു നല്ല സഹായി ബൈബിൾപഠനത്തിന്റെ സമയത്ത് ശ്രദ്ധിച്ചിരിക്കും. അങ്ങനെയുള്ള ഒരാൾ നല്ല ആശയങ്ങൾ ഒക്കെ പറയും. പക്ഷേ ഒത്തിരി സംസാരിക്കില്ല. കാരണം ചർച്ച നടത്തുന്നത് ബൈബിൾ പഠിപ്പിക്കുന്ന ആളാണെന്ന് അദ്ദേഹത്തിന് അറിയാം.” പക്ഷേ എപ്പോൾ, എന്തു പറയണം എന്ന് നിങ്ങൾക്ക് എങ്ങനെ അറിയാൻ പറ്റും? (സുഭാ. 25:11) അധ്യാപകനും വിദ്യാർഥിയും സംസാരിക്കുമ്പോൾ ശ്രദ്ധിച്ച് കേൾക്കുക. (യാക്കോബ് 1:19 വായിക്കുക.) എങ്കിൽ മാത്രമേ ആവശ്യമുള്ള സമയത്ത് സഹായം നൽകാൻ സാധിക്കൂ. എന്നാൽ നമ്മൾ സംസാരിക്കുമ്പോൾ വിവേകം കാണിക്കണം. കാരണം നമ്മൾ ഒരുപാടു സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല. അധ്യാപകൻ ഒരു കാര്യം വിശദീകരിക്കുമ്പോൾ അതിനിടയിൽ കയറാനോ മറ്റൊരു വിഷയം എടുത്തിടാനോ നമ്മൾ ശ്രമിക്കില്ല. എന്നാൽ ചെറിയ ഒരു അഭിപ്രായമോ ഉദാഹരണമോ ചോദ്യമോ ഉപയോഗിച്ച്, പഠിപ്പിക്കുന്ന വിഷയം വ്യക്തമാക്കാൻ നിങ്ങൾക്കു സഹായിക്കാനായേക്കും. ചിലപ്പോൾ പഠിക്കുന്ന വിഷയത്തെക്കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടാകും. പക്ഷേ വിദ്യാർഥിയെ അഭിനന്ദിക്കാനും അവരോട് സ്നേഹത്തോടെ ഇടപെടാനും കഴിയും. അങ്ങനെ ചെയ്യുന്നതുതന്നെ പുരോഗമിക്കാൻ വിദ്യാർഥിയെ വളരെയധികം സഹായിക്കും.
10. നിങ്ങളുടെ അനുഭവങ്ങൾ ഒരു ബൈബിൾവിദ്യാർഥിയെ എങ്ങനെ സഹായിച്ചേക്കാം?
10 നിങ്ങളുടെ അനുഭവങ്ങൾ പറയുക. വിദ്യാർഥിക്ക് പ്രയോജനം ചെയ്യും എന്ന് തോന്നുന്നെങ്കിൽ നിങ്ങൾ എങ്ങനെയാണ് സത്യം പഠിച്ചത്, പ്രശ്നങ്ങൾ ഉണ്ടായപ്പോൾ നിങ്ങൾ എങ്ങനെയാണ് അതിനെ നേരിട്ടത്, നിങ്ങൾ യഹോവയുടെ സഹായം തിരിച്ചറിഞ്ഞ ചില സംഭവങ്ങൾ ഏതൊക്കെയാണ് എന്നൊക്കെ ചുരുക്കമായി വിദ്യാർഥിയോട് പറയാനാകും. (സങ്കീ. 78:4, 7) ചിലപ്പോൾ ഇത്തരം അനുഭവങ്ങളായിരിക്കും വിദ്യാർഥിക്ക് ശരിക്കും വേണ്ടിയിരുന്നത്. അദ്ദേഹത്തിന്റെ വിശ്വാസം ശക്തമാകാനും സ്നാനത്തിലേക്ക് പുരോഗമിക്കാനും അത് ഇടയാക്കിയേക്കാം. താൻ അനുഭവിക്കുന്ന ഒരു പ്രശ്നം എങ്ങനെ നേരിടണമെന്ന് മനസ്സിലാക്കാനും അത് അദ്ദേഹത്തെ സഹായിച്ചേക്കാം. (1 പത്രോ. 5:9) ബൈബിൾ പഠിച്ചിരുന്ന സമയത്ത്, തന്നെ സഹായിച്ച ഒരു കാര്യത്തെക്കുറിച്ച് ബ്രസീലിലുള്ള ഗബ്രിയേൽ എന്ന മുൻനിരസേവകൻ പറയുന്നു. “സഹോദരങ്ങളുടെ അനുഭവങ്ങൾ കേട്ടപ്പോൾ യഹോവ നമ്മുടെ പ്രശ്നങ്ങളൊക്കെ കാണുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. അവർക്ക് ആ പ്രശ്നങ്ങളെ നേരിടാൻ കഴിഞ്ഞെങ്കിൽ എനിക്കും അതിനു പറ്റുമല്ലോ എന്ന് ഞാൻ ചിന്തിച്ചു.”
ബൈബിൾവിദ്യാർഥി സഭായോഗങ്ങൾക്കു വരുമ്പോൾ
11-12. ബൈബിൾവിദ്യാർഥി യോഗങ്ങൾക്കു വരുമ്പോൾ നമ്മൾ അവരെ സന്തോഷത്തോടെ സ്വാഗതം ചെയ്യേണ്ടത് എന്തുകൊണ്ട്?
11 ഒരു ബൈബിൾവിദ്യാർഥി സ്നാനത്തിലേക്കു പുരോഗമിക്കുന്നതിന് അദ്ദേഹം ക്രമമായി യോഗങ്ങൾക്ക് വരുകയും അതിൽനിന്ന് പ്രയോജനം നേടുകയും വേണം. (എബ്രാ. 10:24, 25) സാധ്യതയനുസരിച്ച് അധ്യാപകൻ ക്ഷണിച്ചിട്ടായിരിക്കും വിദ്യാർഥി ആദ്യമായി മീറ്റിങ്ങിനു വരുന്നത്. എന്നാൽ രാജ്യഹാളിൽ വന്നുകഴിയുമ്പോൾ ക്രമമായി യോഗങ്ങൾക്ക് വരാൻ നമുക്ക് എല്ലാവർക്കും അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കാൻ കഴിയും. നമുക്ക് എങ്ങനെയൊക്കെ അത് ചെയ്യാം?
12 വിദ്യാർഥിയെ സന്തോഷത്തോടെ സ്വാഗതം ചെയ്യുക. (റോമ. 15:7) വിദ്യാർഥി മീറ്റിങ്ങിനു വരുമ്പോൾ നമ്മൾ അവരെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നെങ്കിൽ അവർ തുടർന്നും യോഗങ്ങൾക്ക് വരാൻ താത്പര്യം കാണിച്ചേക്കാം. പക്ഷേ ചില കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കണം. നമ്മൾ ചെന്ന് വിദ്യാർഥിയെ പരിചയപ്പെടുകയോ മറ്റുള്ളവർക്കു പരിചയപ്പെടുത്തിക്കൊടുക്കുകയോ ചെയ്യുമ്പോൾ വിദ്യാർഥിക്ക് അസ്വസ്ഥതയൊന്നും തോന്നാൻ ഇടയാകരുത്. അദ്ദേഹത്തിന്റെ അധ്യാപകൻ ചിലപ്പോൾ എത്തിയിട്ടുണ്ടാകില്ല. അല്ലെങ്കിൽ സഭയിലെ മറ്റേതെങ്കിലും ഉത്തരവാദിത്വത്തിന്റെ തിരക്കിലായിരിക്കാം. അതുകൊണ്ട് നമ്മൾ മടിച്ചുനിൽക്കാതെ ആ ബൈബിൾവിദ്യാർഥിയുടെ അടുത്ത് ചെന്ന് സംസാരിക്കണം. വിദ്യാർഥി പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ച് കേൾക്കുകയും അവരുടെ കാര്യത്തിൽ താത്പര്യമുണ്ടെന്ന് കാണിക്കുകയും ചെയ്യുക. ഇങ്ങനെയൊക്കെ ചെയ്യുന്നതുകൊണ്ട് വിദ്യാർഥിക്ക് എന്തെങ്കിലും പ്രയോജനമുണ്ടോ? നമുക്ക് ഡിമിട്രി സഹോദരന്റെ അനുഭവം നോക്കാം. ഇപ്പോൾ ഒരു ശുശ്രൂഷാദാസനായി സേവിക്കുന്ന അദ്ദേഹം സ്നാനമേറ്റിട്ട് അധികം വർഷങ്ങളായില്ല. ആദ്യമായി മീറ്റിങ്ങിനു പോയത് ഓർത്തുകൊണ്ട് സഹോദരൻ ഇങ്ങനെ പറഞ്ഞു: “അൽപ്പം പരിഭ്രമത്തോടെ ഞാൻ രാജ്യഹാളിന് പുറത്ത് കാത്തുനിൽക്കുന്നതു കണ്ടപ്പോൾ ഒരു സഹോദരൻ എന്നെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. കുറെ പേർ വന്ന് എന്നെ പരിചയപ്പെട്ടു. ഞാനാകെ അതിശയിച്ചുപോയി. എനിക്ക് അത് ഒത്തിരി ഇഷ്ടപ്പെട്ടു. ആഴ്ചയിൽ എല്ലാ ദിവസവും മീറ്റിങ്ങുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. ഇങ്ങനെ ഒരു അനുഭവം എനിക്ക് ഇതിനു മുമ്പ് ഉണ്ടായിട്ടേ ഇല്ല.”
13. നിങ്ങളുടെ നല്ല മാതൃക ബൈബിൾവിദ്യാർഥിയെ എന്തിനു സഹായിക്കും?
13 നല്ല മാതൃകയായിരിക്കുക. താൻ കണ്ടെത്തിയിരിക്കുന്നത് സത്യമാണെന്ന് തിരിച്ചറിയാൻ നമ്മുടെ നല്ല പെരുമാറ്റം ബൈബിൾവിദ്യാർഥിയെ സഹായിക്കും. (മത്താ. 5:16) മൊൾഡോവയിലെ ഒരു മുൻനിരസേവികയായ വിറ്റാലി പറയുന്നു: “സഭയിലുള്ളവരുടെ ജീവിതരീതിയും മനോഭാവവും പെരുമാറ്റവും എല്ലാം ഞാൻ ശ്രദ്ധിച്ചു. യഹോവയുടെ സാക്ഷികളുടേതാണ് സത്യമതമെന്ന് അപ്പോൾ എനിക്ക് ഉറപ്പായി.”
14. സ്നാനത്തിലേക്ക് പുരോഗമിക്കാൻ നമ്മുടെ മാതൃക ഒരു ബൈബിൾവിദ്യാർഥിയെ എങ്ങനെ സഹായിച്ചേക്കാം?
14 പഠിക്കുന്ന കാര്യങ്ങൾക്കനുസരിച്ച് ജീവിച്ചാലേ ഒരു വിദ്യാർഥിക്ക് സ്നാനത്തിനുള്ള യോഗ്യത നേടാൻ കഴിയുകയുള്ളൂ. എന്നാൽ അത് അത്ര എളുപ്പമല്ല. ബൈബിൾതത്ത്വങ്ങൾ അനുസരിക്കുന്നതുകൊണ്ട് നിങ്ങൾക്കുള്ള പ്രയോജനങ്ങൾ വിദ്യാർഥി കാണുമ്പോൾ അതുപോലെ ചെയ്യാൻ അദ്ദേഹത്തിനും തോന്നിയേക്കാം. (1 കൊരി. 11:1) നേരത്തേ പറഞ്ഞ ഹനായിയുടെ അനുഭവം നോക്കുക. സഹോദരി പറയുന്നു: “പഠിച്ചുകൊണ്ടിരുന്ന കാര്യങ്ങൾക്കു ചേർച്ചയിൽ എങ്ങനെ പ്രവർത്തിക്കാമെന്ന് സഭയിലെ സഹോദരങ്ങളെ നോക്കിയപ്പോൾ എനിക്ക് മനസ്സിലായി. മറ്റുള്ളവരെ എങ്ങനെ പ്രോത്സാഹിപ്പിക്കാം, എങ്ങനെ ക്ഷമിക്കുന്ന ഒരാളായിരിക്കാം, എങ്ങനെയൊക്കെ സ്നേഹം കാണിക്കാം എന്നെല്ലാം ഞാൻ അവരെ കണ്ട് പഠിച്ചു. അവർ എപ്പോഴും മറ്റുള്ളവരെക്കുറിച്ച് നല്ലതു മാത്രമേ പറഞ്ഞിരുന്നുള്ളൂ. അവരെപ്പോലെയാകാൻ ഞാൻ ആഗ്രഹിച്ചു.”
15. സുഭാഷിതങ്ങൾ 27:17 അനുസരിച്ച് ബൈബിൾവിദ്യാർഥി ക്രമമായി മീറ്റിങ്ങുകൾക്കു വരാൻ തുടങ്ങുമ്പോൾ നമ്മൾ അവരുടെ നല്ലൊരു സുഹൃത്തായിത്തീരേണ്ടത് എന്തുകൊണ്ട്?
15 വിദ്യാർഥിയുടെ കൂട്ടുകാരാകുക. വിദ്യാർഥി ക്രമമായി മീറ്റിങ്ങിന് വരാൻ തുടങ്ങിയാലും തുടർന്നും വ്യക്തിപരമായ താത്പര്യം കാണിക്കുക. (ഫിലി. 2:4) നിങ്ങൾക്ക് അദ്ദേഹത്തെ കൂടുതൽ അടുത്തറിയാൻ ശ്രമിക്കാം. ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹം വരുത്തിയ മാറ്റങ്ങളെക്കുറിച്ച് പറഞ്ഞ് അഭിനന്ദിക്കാം. അദ്ദേഹത്തിന്റെ ബൈബിൾപഠനത്തെക്കുറിച്ചോ കുടുംബം, ജോലി എന്നിവയെക്കുറിച്ചോ ഒക്കെ നിങ്ങൾക്ക് ചോദിക്കാം. എന്നാൽ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കുന്ന തരം ചോദ്യങ്ങൾ ഒഴിവാക്കുക. ഇത്തരത്തിലുള്ള സംഭാഷണം നിങ്ങളെ പരസ്പരം അടുപ്പിക്കും. വിദ്യാർഥിയുമായുള്ള നിങ്ങളുടെ സൗഹൃദം സ്നാനത്തിലേക്ക് പുരോഗമിക്കാൻ അദ്ദേഹത്തെ സഹായിക്കും. (സുഭാഷിതങ്ങൾ 27:17 വായിക്കുക.) ഹനായ് ഇപ്പോൾ ഒരു സാധാരണ മുൻനിരസേവികയാണ്. താൻ മീറ്റിങ്ങുകൾക്കു പോകാൻ തുടങ്ങിയതിനെക്കുറിച്ച് സഹോദരി പറയുന്നു: “സഭയിൽ കൂട്ടുകാരെയൊക്കെ കിട്ടിയപ്പോൾ മീറ്റിങ്ങുള്ള ദിവസങ്ങൾക്കായി ഞാൻ കാത്തിരിക്കാൻ തുടങ്ങി. എത്ര ക്ഷീണമുണ്ടെങ്കിലും ഞാൻ മീറ്റിങ്ങുകൾ മുടക്കാറില്ല. പുതിയ കൂട്ടുകാരെ എനിക്ക് ഒത്തിരി ഇഷ്ടമായി. യഹോവയെ ആരാധിക്കാത്തവരുമൊത്തുള്ള ചങ്ങാത്തം നിറുത്താൻ അത് എന്നെ സഹായിച്ചു. യഹോവയോടും സഹോദരങ്ങളോടും കൂടുതൽ അടുക്കാൻ ഞാൻ ആഗ്രഹിച്ചു. അതുകൊണ്ട് സ്നാനപ്പെടാൻ ഞാൻ തീരുമാനിച്ചു.”
16. താനും സഭയുടെ ഭാഗമാണെന്ന് ഒരു ബൈബിൾവിദ്യാർഥിക്കു തോന്നുന്നതിന് നിങ്ങൾക്ക് എങ്ങനെ സഹായിക്കാൻ കഴിയും?
16 ഒരു വിദ്യാർഥി പഠിച്ച് പുരോഗതി പ്രാപിക്കുമ്പോൾ താനും സഭയുടെ ഒരു ഭാഗമാണെന്ന് അദ്ദേഹത്തിനു തോന്നണം. അതിനു നമുക്ക് എന്തു ചെയ്യാനാകും? ആതിഥ്യം കാണിക്കുന്നതാണ് ഒരു വഴി. (എബ്രാ. 13:2) മൊൾഡോവയിൽ സേവിക്കുന്ന ഡെനിസ് എന്ന സഹോദരൻ താൻ ബൈബിൾ പഠിച്ചിരുന്ന കാലത്തെക്കുറിച്ച് ഇങ്ങനെ ഓർമിക്കുന്നു: “പലപ്പോഴും സഹോദരങ്ങൾ എന്നെയും ഭാര്യയെയും അവരോടൊത്ത് കൂടിവരാൻ ക്ഷണിക്കാറുണ്ടായിരുന്നു. യഹോവ ആ സഹോദരങ്ങളെ സഹായിച്ച കാര്യത്തെക്കുറിച്ചെല്ലാം ആ സമയത്ത് അവർ ഞങ്ങളോട് പറഞ്ഞു. അത് ഞങ്ങൾക്ക് ഒരു പ്രോത്സാഹനമായി. ഞങ്ങൾ യഹോവയെ സേവിക്കണമെന്നും അങ്ങനെ ചെയ്താൽ നല്ലൊരു ഭാവി ഞങ്ങൾക്ക് ലഭിക്കുമെന്നും മനസ്സിലാക്കാൻ ഇത്തരം അവസരങ്ങൾ സഹായിച്ചു.” ഒരു വിദ്യാർഥി പ്രചാരകനായി കഴിഞ്ഞാൽ ശുശ്രൂഷയ്ക്ക് പോകുമ്പോൾ നമുക്ക് അദ്ദേഹത്തെയും കൊണ്ടുപോകാനാകും. ബ്രസീലിലെ ഡീഗോ എന്ന പ്രചാരകൻ പറയുന്നു: “ശുശ്രൂഷയ്ക്ക് പോകുമ്പോൾ പല സഹോദരങ്ങളും എന്നെ വിളിക്കുമായിരുന്നു. അവരെ അടുത്തറിയാനുള്ള നല്ലൊരു അവസരമായിരുന്നു അത്. അവരുടെകൂടെ പോയപ്പോൾ എനിക്ക് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. യഹോവയോടും യേശുവിനോടും എനിക്ക് നല്ലൊരു അടുപ്പം തോന്നി.”
മൂപ്പന്മാർക്ക് എങ്ങനെ സഹായിക്കാനാകും?
17. മൂപ്പന്മാർക്ക് ബൈബിൾവിദ്യാർഥികളെ എങ്ങനെ സഹായിക്കാം?
17 ബൈബിൾവിദ്യാർഥികൾക്കായി സമയം മാറ്റിവെക്കുക. മൂപ്പന്മാരേ, നിങ്ങൾ ബൈബിൾവിദ്യാർഥികളോട് സ്നേഹത്തോടെയും കരുതലോടെയും ഇടപെടുമ്പോൾ സ്നാനത്തിലേക്ക് പുരോഗമിക്കാൻ നിങ്ങൾ അവരെ സഹായിക്കുകയായിരിക്കും. ബൈബിൾവിദ്യാർഥികൾ മീറ്റിങ്ങുകൾക്കു വരുമ്പോഴെല്ലാം അവരോട് സംസാരിക്കാൻ കഴിയുമോ? നിങ്ങൾ അവരുടെ പേര് ഓർത്തിരിക്കുന്നെങ്കിൽ നിങ്ങൾക്ക് അവരിൽ താത്പര്യമുണ്ടെന്ന് അവർക്കു മനസ്സിലാകും, പ്രത്യേകിച്ച് അവർ ഉത്തരം പറയാനായി കൈകൾ ഉയർത്തുമ്പോൾ. ബൈബിൾപഠനം നടത്തുന്നതിനായി പ്രചാരകൻ പോകുമ്പോൾ അദ്ദേഹത്തോടൊപ്പം പോകാൻ നിങ്ങൾക്ക് സമയം കണ്ടെത്താനാകുമോ? നിങ്ങൾ ചിന്തിക്കുന്നതിനെക്കാൾ അധികം ഫലം അതിനുണ്ടായേക്കാം. നൈജീരിയയിലുള്ള ജാക്കി എന്ന മുൻനിരസേവിക പറയുന്നു: “ഒരു മൂപ്പനാണ് ബൈബിൾപഠനത്തിന് കൂടെവന്നിരിക്കുന്നത് എന്ന് അറിഞ്ഞപ്പോൾ പല ബൈബിൾവിദ്യാർഥികൾക്കും ഒരു അത്ഭുതമായിരുന്നു.” ഒരു വിദ്യാർഥി ഇങ്ങനെ പറഞ്ഞു: “ഞങ്ങളുടെ പാസ്റ്റർ ഒരിക്കലും അങ്ങനെ വരാറില്ല. പണക്കാരുടെ അടുത്തും കാശ് തരുന്നവരുടെ അടുത്തും മാത്രമേ അദ്ദേഹം പോകാറുള്ളൂ.” ആ വിദ്യാർഥി ഇപ്പോൾ മീറ്റിങ്ങുകൾക്കു വരാൻ തുടങ്ങി.
18. പ്രവൃത്തികൾ 20:28-നു ചേർച്ചയിൽ മൂപ്പന്മാർക്ക് എങ്ങനെ തങ്ങളുടെ ഉത്തരവാദിത്വം നിർവഹിക്കാനാകും?
18 ബൈബിൾപഠനങ്ങൾ നടത്തുന്നവരെ പരിശീലിപ്പിക്കുക, പ്രോത്സാഹിപ്പിക്കുക. മൂപ്പന്മാരേ, പ്രചാരകർ നല്ല ശുശ്രൂഷകരും അധ്യാപകരും ആയിത്തീരുന്നതിന് അവരെ പരിശീലിപ്പിക്കാനുള്ള ഉത്തരവാദിത്വം നിങ്ങൾക്കുണ്ട്. (പ്രവൃത്തികൾ 20:28 വായിക്കുക.) ആർക്കെങ്കിലും നിങ്ങളുടെ മുന്നിൽവെച്ച് ബൈബിൾപഠനം നടത്താൻ മടി തോന്നുന്നുണ്ടെങ്കിൽ നിങ്ങൾ അത് നടത്താമെന്നു പറയുക. നേരത്തേ പറഞ്ഞ ജാക്കിയുടെ വാക്കുകൾ ഇതാണ്: “എന്റെ ബൈബിൾവിദ്യാർഥികളെക്കുറിച്ച് മൂപ്പന്മാർ എപ്പോഴും തിരക്കാറുണ്ട്. ബൈബിൾപഠനത്തിന് എനിക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ അവർ അത് നൽകും.” ബൈബിൾ പഠിപ്പിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിൽ മൂപ്പന്മാർക്ക് വലിയൊരു പങ്കുണ്ട്. (1 തെസ്സ. 5:11) ജാക്കി പറയുന്നു: “മൂപ്പന്മാർ എന്നെ പ്രോത്സാഹിപ്പിക്കുകയും എന്റെ കഠിനാധ്വാനത്തെ വിലമതിക്കുന്നു എന്ന് പറയുകയും ചെയ്യുമ്പോൾ എനിക്ക് സന്തോഷം തോന്നാറുണ്ട്. നല്ല ചൂടുള്ള സമയത്ത് ഒരു ഗ്ലാസ് തണുത്ത വെള്ളം നൽകുന്ന നവോന്മേഷംപോലെയാണ് എനിക്ക് ആ വാക്കുകൾ. അവർ പ്രോത്സാഹിപ്പിച്ചപ്പോൾ എനിക്ക് കൂടുതൽ ആത്മവിശ്വാസം തോന്നി. ബൈബിൾപഠനം കൂടുതൽ ആസ്വദിക്കാനും കഴിഞ്ഞു.”—സുഭാ. 25:25.
19. സന്തോഷം നൽകുന്ന ഏതു കാര്യം നമുക്കെല്ലാം ചെയ്യാനാകും?
19 നിങ്ങൾക്ക് ഇപ്പോൾ ഒരു ബൈബിൾപഠനം നടത്താൻ കഴിയുന്നില്ലെങ്കിലും മറ്റുള്ളവരെ സ്നാനത്തിലേക്ക് പുരോഗമിക്കാൻ നിങ്ങൾക്ക് സഹായിക്കാനാകും. ബൈബിൾപഠനത്തിന്റെ സമയത്ത് അധികമൊന്നും സംസാരിച്ചില്ലെങ്കിലും നന്നായി തയ്യാറായ ചെറിയചെറിയ അഭിപ്രായങ്ങളൊക്കെ പറഞ്ഞുകൊണ്ട് നമുക്ക് അധ്യാപകനെ സഹായിക്കാം. ബൈബിൾവിദ്യാർഥികൾ രാജ്യഹാളിൽ വരുമ്പോൾ അവരുടെ സുഹൃത്തായിരിക്കുക, അവർക്ക് നല്ല മാതൃകയായിരിക്കുക. മൂപ്പന്മാർ ബൈബിൾവിദ്യാർഥികളോട് സംസാരിക്കാൻ സമയം മാറ്റിവെക്കണം. ഒപ്പം അധ്യാപകരെ പരിശീലിപ്പിക്കുകയും അഭിനന്ദിക്കുകയും വേണം. ഇങ്ങനെയെല്ലാം അവർക്ക് ബൈബിൾവിദ്യാർഥികളെയും അവരുടെ അധ്യാപകരെയും പ്രോത്സാഹിപ്പിക്കാൻ കഴിയും. യഹോവയെ സ്നേഹിക്കാനും സേവിക്കാനും ഒരാളെ സഹായിക്കുന്നതിന് എന്തെങ്കിലും ചെയ്യാനായാൽ അത് എത്ര ചെറുതാണെങ്കിൽപ്പോലും അതിൽനിന്ന് ലഭിക്കുന്ന സന്തോഷം വളരെ വലുതാണ്.
ഗീതം 79 ഉറച്ചുനിൽക്കാൻ അവരെ പഠിപ്പിക്കുക
a നമുക്ക് എല്ലാവർക്കും ഇപ്പോൾ സ്വന്തമായി ഒരു ബൈബിൾപഠനം ഇല്ലായിരിക്കാം. എങ്കിലും സ്നാനത്തിലേക്ക് പുരോഗമിക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതിന് നമുക്കു കഴിയും. അതിനുവേണ്ടി നമുക്ക് ഓരോരുത്തർക്കും എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് ഈ ലേഖനത്തിൽ നമ്മൾ പഠിക്കും.