മാനസികാരോഗ്യം—ലോകം നേരിടുന്ന ഒരു പ്രതിസന്ധി
“എനിക്ക് എപ്പോഴും ഉത്കണ്ഠയാണ്, ഒറ്റയ്ക്ക് ഇരിക്കുമ്പോൾപ്പോലും.”
“ഒരു നിമിഷം ഒരുപാട് സന്തോഷിച്ചാൽ അടുത്ത നിമിഷം വല്ലാത്ത വിഷമമായിരിക്കും. എന്റെ മനസ്സ് അങ്ങനെയാണ്.”
“ഓരോ ദിവസവും അന്നന്നത്തെ കാര്യങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. പക്ഷേ പെട്ടെന്നായിരിക്കും പലപല പ്രശ്നങ്ങൾ എന്റെ മനസ്സിനെ വലയ്ക്കാൻ തുടങ്ങുന്നത്.”
മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന ചിലരുടെ വാക്കുകളാണിത്. നിങ്ങൾക്ക് എപ്പോഴെങ്കിലും ഇങ്ങനെ തോന്നിയിട്ടുണ്ടോ? നിങ്ങളോ നിങ്ങളുടെ പ്രിയപ്പെട്ടവരോ ഇത്തരം പ്രതിസന്ധി നേരിടുന്നുണ്ടോ?
എങ്കിൽ ഒരു കാര്യത്തിൽ ഉറപ്പുണ്ടായിരിക്കുക: നിങ്ങൾ ഒറ്റയ്ക്കല്ല. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ ഇന്ന് പലരും അനുഭവിക്കുന്നുണ്ട്. ചിലപ്പോൾ നമുക്കായിരിക്കാം പ്രശ്നങ്ങൾ. അല്ലെങ്കിൽ നമ്മുടെ പ്രിയപ്പെട്ടവർക്കായിരിക്കാം.
നമ്മൾ ജീവിക്കുന്ന ഈ ‘അവസാനകാലത്ത് ബുദ്ധിമുട്ടു നിറഞ്ഞ സമയങ്ങൾ ഉണ്ടാകും.’ മനസ്സിനെ അസ്വസ്ഥമാക്കുന്ന പലതും നമ്മൾ അനുഭവിക്കേണ്ടിവരും. (2 തിമൊഥെയൊസ് 3:1) ഒരു റിപ്പോർട്ട് പറയുന്നതനുസരിച്ച്, ലോകത്ത് എട്ടു പേരിൽ ഒരാൾ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു പ്രശ്നം നേരിടുന്നുണ്ട്. കോവിഡ്-19-ന്റെ കാലത്ത് അതു കൂടുതൽ വഷളായി. 2020-ൽ അമിതമായ ഉത്കണ്ഠ ബാധിച്ചവരുടെ എണ്ണം 26 ശതമാനവും ഗുരുതരമായ വിഷാദം ബാധിച്ചവരുടെ എണ്ണം 28 ശതമാനവും ഉയർന്നു.
ഈ കണക്കുകൾ അറിയുന്നതു പ്രധാനമാണ്. പക്ഷേ കഴിയുന്നത്ര മാനസികാരോഗ്യം നിലനിറുത്തി എങ്ങനെ ജീവിക്കാമെന്നു മനസ്സിലാക്കുന്നത് അതിനെക്കാൾ പ്രധാനമാണ്.
എന്താണ് മാനസികാരോഗ്യം?
നല്ല മാനസികാരോഗ്യമുള്ള ഒരാളുടെ മനസ്സ് സ്വസ്ഥമായിരിക്കും. ആ വ്യക്തിക്ക് കാര്യങ്ങളൊക്കെ നന്നായി ചെയ്യാൻ പറ്റും. ഉത്കണ്ഠകളെ മറികടന്ന് മുന്നോട്ടുപോകാനും കാര്യക്ഷമതയോടെ ജോലികൾ ചെയ്യാനും കഴിയും. മനസ്സിന് എപ്പോഴും സംതൃപ്തിയുണ്ടായിരിക്കും.
മാനസികാസ്വാസ്ഥ്യം . . .
അത് ഒരു വ്യക്തിയുടെ കുഴപ്പംകൊണ്ട് ഉണ്ടാകുന്നതല്ല.
ഒരാളുടെ മാനസികനിലയെ സാരമായി ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് അത്. സാധാരണപോലെ ചിന്തിക്കാനും പ്രവർത്തിക്കാനും ആ വ്യക്തിക്ക് കഴിയാതെവരും. വികാരങ്ങളെ നിയന്ത്രിക്കാനും ബുദ്ധിമുട്ടായിരിക്കും.
അവർക്ക് വ്യക്തിബന്ധങ്ങൾ സ്ഥാപിക്കുന്നതും അനുദിനകാര്യങ്ങൾ ചെയ്യുന്നതും പലപ്പോഴും ബുദ്ധിമുട്ടാകുന്നു.
ആർക്കു വേണമെങ്കിലും ഇതു വരാം. ഒരാളുടെ പ്രായമോ സംസ്കാരമോ മതമോ വിദ്യാഭ്യാസമോ വരുമാനമോ ഒന്നും ഒരു ഘടകമല്ല.
മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് സഹായം തേടുക
നിങ്ങളുടെയോ പ്രിയപ്പെട്ടവരുടെയോ വ്യക്തിത്വത്തിൽ കാര്യമായ മാറ്റങ്ങൾ വരുന്നു, നന്നായി ഉറങ്ങാൻ പറ്റുന്നില്ല, ചിട്ടയോടെ ഭക്ഷണം കഴിക്കുന്നില്ല, അസ്വസ്ഥതയോ ഉത്കണ്ഠയോ വിഷമമോ ഉണ്ടായാൽ അതു കുറെ സമയത്തേക്കു നീണ്ടുനിൽക്കുന്നു. അങ്ങനെയെങ്കിൽ ഇതിന്റെ അടിസ്ഥാനകാരണങ്ങൾ കണ്ടുപിടിച്ച് പരിഹരിക്കുന്നതിന് നിങ്ങൾക്ക് വിദഗ്ധസഹായം ആവശ്യമായിരുന്നേക്കാം. ശരി, സഹായം തേടി നിങ്ങൾക്ക് എവിടേക്കു പോകാം?
ഭൂമിയിൽ ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും ജ്ഞാനിയായ വ്യക്തിയാണ് യേശുക്രിസ്തു. യേശു ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണു വൈദ്യനെ ആവശ്യം.” (മത്തായി 9:12) ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് കൃത്യമായ ചികിത്സയോ മരുന്നോ ലഭിക്കുകയാണെങ്കിൽ രോഗത്തിന്റെ ബുദ്ധിമുട്ടുകൾ ഒരു പരിധിവരെ നിയന്ത്രിച്ചുനിറുത്താനാകും. ഒരളവുവരെ സന്തോഷം ആസ്വദിക്കാനും കാര്യങ്ങൾ നന്നായി ചെയ്യാനും പറ്റും. കുറെ നാളായി രോഗലക്ഷണങ്ങൾ ഉണ്ടെങ്കിലോ അതു ഗുരുതരമാണെങ്കിലോ ചികിത്സ വൈകിപ്പിക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്.a
ബൈബിൾ വൈദ്യശാസ്ത്രപരമായ നിർദേശങ്ങൾ തരുന്ന ഒരു പുസ്തകമല്ല. പക്ഷേ അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നമ്മുടെ മാനസികാരോഗ്യത്തിനു ഗുണം ചെയ്യും. മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തളർന്നുപോകാതിരിക്കാൻ ബൈബിൾ എങ്ങനെയാണ് സഹായിക്കുന്നത്? അതു മനസ്സിലാക്കാൻ തുടർന്നുവരുന്ന ലേഖനങ്ങൾ വായിക്കുക.
a വീക്ഷാഗോപുരം ഏതെങ്കിലും ഒരു പ്രത്യേക ചികിത്സാരീതി നിർദേശിക്കുന്നില്ല. തീരുമാനമെടുക്കുന്നതിനു മുമ്പ് ഓരോ വ്യക്തിയും അവരവരുടെ സാഹചര്യങ്ങൾ ശ്രദ്ധയോടെ വിലയിരുത്തണം.