‘മാനസിക ആരോഗ്യത്തിനു കടുത്ത പ്രതിസന്ധി’
“ആരോഗ്യ പരിപാലനത്തിന്റെ വ്യത്യസ്ത മേഖലകളിൽ അഭൂതപൂർവമായ നേട്ടങ്ങൾ കൈവരിച്ചിട്ടും, നാം കടുത്ത ആഗോള മാനസിക ആരോഗ്യ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്” എന്ന് കാനഡയിലെ അന്താരാഷ്ട്ര ആരോഗ്യ പരിപാലന സൊസൈറ്റിയുടെ വാർത്താപത്രികയായ സിനെർജിയിലെ ഒരു ലേഖനം പറയുന്നു.
ഒരു റിപ്പോർട്ട് പറയുന്ന പ്രകാരം, ലോകവ്യാപകമായി 4-ൽ ഒരാൾക്കു വീതം മാനസികമോ വൈകാരികമോ പെരുമാറ്റ സംബന്ധമോ ആയ പ്രശ്നങ്ങൾ ഉണ്ട്. ആരോഗ്യ പ്രവർത്തകരെ കാണുന്ന 3-ൽ ഒരാൾ വീതം അവരെ കാണുന്നതിന്റെ കാരണം വിഷാദവും ഉത്കണ്ഠാ പ്രശ്നങ്ങളും ആണെന്നു മറ്റൊരു പഠനം സൂചിപ്പിച്ചു. ആ സംഖ്യ വർധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു എന്ന് ഗവേഷകർ പ്രസ്താവിച്ചു.
എന്തുകൊണ്ട്? ഹാർവാർഡ് സർവകലാശാലയിലെ സാമൂഹിക ചികിത്സാ വിഭാഗം നടത്തിയ ഒരു പഠനം പറയുന്ന പ്രകാരം വിഷാദരോഗം, ശിഥിലവ്യക്തിത്വം, മതിഭ്രമം എന്നിങ്ങനെയുള്ള രോഗങ്ങൾ വളരെയേറെ വർധിക്കുന്നത് “കൂടുതൽ ആളുകൾ അവ ബാധിക്കാൻ സാധ്യതയുള്ള പ്രായം വരെ ജീവിക്കുന്നു” എന്നതുകൊണ്ടാണ്. എന്നിരുന്നാലും ആയുസ്സു വർധിച്ചു വരുന്നു എന്നതു മാത്രമല്ല അതിന്റെ കാരണം. സാമ്പത്തിക പ്രശ്നങ്ങളും ആധുനിക ജീവിതത്തിലെ വർധിച്ച സമ്മർദവും കാരണങ്ങളാണ്.
ഈ ദുഃഖകരമായ അവസ്ഥയ്ക്ക് എപ്രകാരം ഒരു മാറ്റം വരുത്താൻ കഴിയും? ആരോഗ്യ പരിപാലനത്തിന്റെ വ്യത്യസ്ത വശങ്ങളിൽ മാനസിക ആരോഗ്യത്തിനു പ്രാമുഖ്യത നൽകേണ്ടതുണ്ട് എന്നു വിദഗ്ധർ പറയുന്നു. കാരണം, “മനുഷ്യാവസ്ഥ മെച്ചപ്പെടുത്താനുള്ള അവസാനത്തെ അസ്പർശിത മേഖലകളിൽ ഒന്നാണ്” അത്.