പഠനലേഖനം 25
മൂപ്പന്മാരേ, ഗിദെയോന്റെ മാതൃകയിൽനിന്ന് പഠിക്കുക
‘ഗിദെയോനെക്കുറിച്ച് വിവരിക്കാൻ സമയം പോരാ.’—എബ്രാ. 11:32.
ഗീതം 124 എന്നും വിശ്വസ്തൻ
ചുരുക്കംa
1. 1 പത്രോസ് 5:2 അനുസരിച്ച് മൂപ്പന്മാർക്കു പ്രധാനപ്പെട്ട എന്ത് ഉത്തരവാദിത്വമുണ്ട്?
യഹോവ വളരെ വിലപ്പെട്ടവരായി കാണുന്ന തന്റെ ആടുകളെ പരിപാലിക്കാനുള്ള ഉത്തരവാദിത്വമാണു ക്രിസ്തീയ മൂപ്പന്മാർക്കുള്ളത്. സഹോദരങ്ങളെ സേവിക്കാനുള്ള ആ നിയമനം യഹോവ തങ്ങളെ വിശ്വസിച്ച് ഏൽപ്പിച്ചിരിക്കുന്നതിൽ ആത്മാർഥതയുള്ള ആ മൂപ്പന്മാർ വളരെ നന്ദിയുള്ളവരാണ്. ‘നന്നായി മേയ്ക്കുന്ന ഇടയന്മാരായിരിക്കാൻ’ അവർ കഠിനാധ്വാനം ചെയ്യുന്നു. (യിരെ. 23:4; 1 പത്രോസ് 5:2 വായിക്കുക.) സഭകളിൽ ഇതുപോലുള്ള മേൽവിചാരകന്മാർ ഉണ്ടായിരിക്കുന്നതിൽ നമ്മൾ എത്ര നന്ദിയുള്ളവരാണ്!
2. മൂപ്പന്മാർ നേരിടുന്ന ചില പ്രശ്നങ്ങൾ എന്തൊക്കെയാണ്?
2 മൂപ്പന്മാർ അവരുടെ ഉത്തരവാദിത്വങ്ങൾ ചെയ്യാൻ ശ്രമിക്കുമ്പോൾ അവർക്കു പല പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നു. സഭയെ പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട് അവർക്ക് ഒരുപാടു കാര്യങ്ങൾ ചെയ്യാനുണ്ട്. ഐക്യനാടുകളിൽനിന്നുള്ള ടോണി സഹോദരന്റെ അനുഭവം നോക്കുക. സഭയുമായി ബന്ധപ്പെട്ട് എത്രത്തോളം കാര്യങ്ങൾ ഏറ്റെടുക്കണം എന്നതിൽ കുറേക്കൂടി എളിമ കാണിക്കാൻ അദ്ദേഹം പഠിക്കണമായിരുന്നു. സഹോദരൻ പറയുന്നു: “കോവിഡ്-19 മഹാമാരി തുടങ്ങിയ സമയത്ത് മീറ്റിങ്ങുകളും ശുശ്രൂഷയും സംഘടിപ്പിക്കുന്നതിനുവേണ്ടി ഞാൻ കുറേയധികം കാര്യങ്ങൾ ഏറ്റെടുത്തു. എത്രയൊക്കെ ചെയ്തിട്ടും പിന്നെയും ഒരുപാടു ചെയ്യാനുണ്ടായിരുന്നു. അവസാനം ബൈബിൾ വായിക്കാനും പഠിക്കാനും പ്രാർഥിക്കാനും പോലും എനിക്കു തീരെ സമയമില്ലാതായി.” കൊസോവോയിൽനിന്നുള്ള എലെർ എന്ന മൂപ്പൻ നേരിട്ട പ്രശ്നം മറ്റൊന്നായിരുന്നു. യുദ്ധം നടക്കുന്ന ഒരു പ്രദേശത്തായിരുന്നപ്പോൾ സംഘടനയിൽനിന്ന് കിട്ടിയ ചില നിർദേശങ്ങൾ അനുസരിക്കുന്നത് അല്പം ബുദ്ധിമുട്ടായി അദ്ദേഹത്തിനു തോന്നി. സഹോദരൻ പറയുന്നു: “ബ്രാഞ്ചോഫീസിൽനിന്ന് എനിക്ക് ഒരു നിയമനം കിട്ടി. അതു ശരിക്കും എന്റെ ധൈര്യം പരീക്ഷിക്കുന്ന ഒന്നായിരുന്നു. അപകടംപിടിച്ച സ്ഥലത്ത് താമസിക്കുന്ന സഹോദരങ്ങൾക്കു വേണ്ട സഹായം നൽകുക എന്നതായിരുന്നു അത്. ആ നിർദേശം ഒട്ടും പ്രായോഗികമായി എനിക്കു തോന്നിയില്ല.” ഏഷ്യയിൽനിന്നുള്ള ടിം എന്ന മിഷനറിക്ക് ഓരോ ദിവസത്തെയും കാര്യങ്ങൾ ചെയ്തുതീർക്കാൻതന്നെ ബുദ്ധിമുട്ടായിരുന്നു. സഹോദരൻ പറയുന്നു: “പലപ്പോഴും സഹോദരങ്ങൾക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ പറ്റാത്തവിധം എനിക്കു ക്ഷീണം തോന്നി.” ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്ന മൂപ്പന്മാർക്ക് എന്തു സഹായമാണുള്ളത്?
3. ന്യായാധിപനായ ഗിദെയോന്റെ മാതൃകയെക്കുറിച്ച് പഠിക്കുന്നത് നമുക്കെല്ലാം എങ്ങനെ പ്രയോജനം ചെയ്യും?
3 ന്യായാധിപനായ ഗിദെയോന്റെ മാതൃകയിൽനിന്ന് ഇന്നു മൂപ്പന്മാർക്കു പലതും പഠിക്കാനാകും. (എബ്രാ. 6:12; 11:32) അദ്ദേഹം ദൈവജനത്തിന്റെ ഒരു സംരക്ഷകനും ഇടയനും ആയിരുന്നു. (ന്യായാ. 2:16; 1 ദിന. 17:6) അതുപോലെ, ബുദ്ധിമുട്ടു നിറഞ്ഞ ഈ സമയത്തും ദൈവജനത്തെ പരിപാലിക്കാനായി മൂപ്പന്മാരെ നിയമിച്ചിരിക്കുന്നു. (പ്രവൃ. 20:28; 2 തിമൊ. 3:1) ഗിദെയോൻ എളിമയും താഴ്മയും അനുസരണവും കാണിച്ചു. പറ്റില്ലെന്നു തോന്നിയപ്പോഴും മടുത്തുപിന്മാറാതെ അദ്ദേഹം നിയമനങ്ങൾ പൂർത്തിയാക്കി. ഗിദെയോന്റെ ആ മാതൃക മൂപ്പന്മാർക്ക് അനുകരിക്കാനാകും. ഗിദെയോനെക്കുറിച്ച് പഠിക്കുന്നതു മൂപ്പന്മാരുടെ സേവനത്തെ വിലമതിക്കാനും അവരെ കൂടുതൽ നന്നായി പിന്തുണയ്ക്കാനും മറ്റുള്ളവരെയും സഹായിക്കും.—എബ്രാ. 13:17.
എളിമയും താഴ്മയും കാണിക്കേണ്ടിവരുമ്പോൾ
4. ഗിദെയോൻ എങ്ങനെയാണ് എളിമയും താഴ്മയും കാണിച്ചത്?
4 എളിമയും താഴ്മയും ഉള്ള വ്യക്തിയായിരുന്നു ഗിദെയോൻ.b കരുത്തരായ മിദ്യാന്യരുടെ കൈയിൽനിന്ന് ഇസ്രായേല്യരെ വിടുവിക്കാൻവേണ്ടി യഹോവ അദ്ദേഹത്തെ തിരഞ്ഞെടുത്തിരിക്കുന്നതായി ദൂതൻ അറിയിച്ചപ്പോൾ താഴ്മയോടെ അദ്ദേഹം പറഞ്ഞു: “എന്റെ കുലം മനശ്ശെയിൽ ഏറ്റവും ചെറുതും ഞാൻ എന്റെ പിതൃഭവനത്തിൽ ഏറ്റവും നിസ്സാരനും ആണ്.” (ന്യായാ. 6:15) തനിക്ക് അതിനുള്ള യോഗ്യത ഇല്ലെന്നാണു ഗിദെയോൻ ചിന്തിച്ചത്. എന്നാൽ അദ്ദേഹത്തെക്കൊണ്ട് അതിനു കഴിയുമെന്ന് യഹോവയ്ക്ക് അറിയാമായിരുന്നു. യഹോവയുടെ സഹായത്താൽ അദ്ദേഹം ആ നിയമനം വിജയകരമായി പൂർത്തിയാക്കി.
5. താഴ്മയും എളിമയും കാണിക്കാൻ ഒരു മൂപ്പനു ബുദ്ധിമുട്ടു തോന്നിയേക്കാവുന്ന ചില സാഹചര്യങ്ങൾ ഏതൊക്കെയാണ്?
5 എല്ലാ കാര്യങ്ങളിലും എളിമയും താഴ്മയും കാണിക്കാൻ മൂപ്പന്മാർ പരമാവധി ശ്രമിക്കുന്നു. (മീഖ 6:8; പ്രവൃ. 20:18, 19) തങ്ങളുടെ കഴിവുകളെയോ നേട്ടങ്ങളെയോ കുറിച്ച് അവർ പൊങ്ങച്ചം പറയുന്നില്ല. പറ്റിപ്പോയ തെറ്റുകൾ ഓർത്ത് സ്വയം വിലകുറച്ച് കാണുന്നുമില്ല. ഇങ്ങനെയൊക്കെ ആണെങ്കിലും എളിമയും താഴ്മയും കാണിക്കാൻ ബുദ്ധിമുട്ടു തോന്നുന്ന ചില സാഹചര്യങ്ങൾ മൂപ്പന്മാർക്കുണ്ടായേക്കാം. ഉദാഹരണത്തിന്, കുറേയധികം നിയമനങ്ങൾ ഏറ്റെടുക്കുന്ന ഒരു മൂപ്പന് അതെല്ലാം ചെയ്തുതീർക്കാൻ പറ്റാതെ വന്നേക്കാം. അല്ലെങ്കിൽ ഒരു നിയമനം ചെയ്ത വിധത്തെ മറ്റുള്ളവർ കുറ്റപ്പെടുത്തുകയോ പ്രശംസിക്കുകയോ ചെയ്തേക്കാം. ഇത്തരം സാഹചര്യങ്ങളിൽ എളിമയും താഴ്മയും ഉള്ളവരായിരിക്കാൻ ഗിദെയോന്റെ മാതൃക എങ്ങനെയാണു മൂപ്പന്മാരെ സഹായിക്കുന്നത്?
6. ഗിദെയോന്റെ മാതൃകയിൽനിന്ന് എളിമയെക്കുറിച്ച് മൂപ്പന്മാർക്ക് എന്തു പഠിക്കാം? (ചിത്രവും കാണുക.)
6 സഹായം ചോദിക്കുക. എളിമയുള്ള വ്യക്തി തനിക്കു ചെയ്യാൻ പറ്റാത്ത കാര്യങ്ങളും ഉണ്ടെന്നു തിരിച്ചറിയും. ഇക്കാര്യത്തിലും ഗിദെയോൻ നല്ലൊരു മാതൃകയാണ്. മറ്റുള്ളവരോടു സഹായം ചോദിക്കാൻ തയ്യാറായിക്കൊണ്ട് എളിമയുള്ള ആളാണെന്ന് അദ്ദേഹം തെളിയിച്ചു. (ന്യായാ. 6:27, 35; 7:24) ഇന്നു മൂപ്പന്മാരും ഗിദെയോന്റെ ആ മാതൃക അനുകരിക്കുന്നു. ഉദാഹരണത്തിന് മുമ്പ് കണ്ട ടോണി സഹോദരൻ പറയുന്നതു ശ്രദ്ധിക്കുക: “പറ്റുന്നതിൽ കൂടുതൽ ജോലി ഏറ്റെടുക്കുന്ന ഒരു സ്വഭാവം എനിക്കുണ്ടായിരുന്നു. കാരണം അതാണു ഞാൻ കണ്ടുവളർന്നത്. അതുകൊണ്ട് എളിമയെക്കുറിച്ച് കുടുംബാരാധനയിൽ ചർച്ച ചെയ്യാനും ഇക്കാര്യത്തിൽ ഞാൻ എങ്ങനെയുണ്ടെന്നു ഭാര്യയോടു ചോദിക്കാനും തീരുമാനിച്ചു. കൂടാതെ jw.org-ൽനിന്ന് ‘യേശു ചെയ്തതുപോലെ മറ്റുള്ളവരെ പരിശീലിപ്പിക്കുക, വിശ്വസിക്കുക, ശക്തിപ്പെടുത്തുക’ എന്ന വീഡിയോ കാണുകയും അതെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുകയും ചെയ്തു.” അതോടെ സഭയിലെ ചില ഉത്തരവാദിത്വങ്ങൾ ചെയ്യാൻ അദ്ദേഹം മറ്റുള്ളവരുടെ സഹായം ചോദിക്കാൻതുടങ്ങി. എന്തായിരുന്നു അതിന്റെ ഫലം? ടോണി പറയുന്നു: “സഭയിലെ കാര്യങ്ങളൊക്കെ നന്നായിനടന്നു. യഹോവയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ എനിക്കു കൂടുതൽ സമയം കിട്ടുകയും ചെയ്തു.”
7. ആരെങ്കിലും കുറ്റപ്പെടുത്തുമ്പോൾ മൂപ്പന്മാർക്ക് എങ്ങനെ ഗിദെയോന്റെ മാതൃക അനുകരിക്കാം? (യാക്കോബ് 3:13)
7 കുറ്റപ്പെടുത്തുമ്പോൾ ശാന്തമായി പ്രതികരിക്കുക. മൂപ്പന്മാർക്ക് എളിമയും താഴ്മയും കാണിക്കാൻ ബുദ്ധിമുട്ടു തോന്നിയേക്കാവുന്ന മറ്റൊരു സാഹചര്യം ആരെങ്കിലും അവരെ കുറ്റപ്പെടുത്തുമ്പോഴാണ്. ഇവിടെയും ഗിദെയോന്റെ മാതൃക അനുകരിക്കാനാകും. എഫ്രയീമ്യർ കുറ്റപ്പെടുത്തിയപ്പോൾ തനിക്കും കുറവുകളൊക്കെയുണ്ടെന്ന് അറിയാമായിരുന്നതുകൊണ്ട് അദ്ദേഹം ദേഷ്യപ്പെട്ടില്ല. പകരം ശാന്തമായിട്ടാണു പ്രതികരിച്ചത്. (ന്യായാ. 8:1-3) അവർക്കു പറയാനുള്ളതു ക്ഷമയോടെ കേൾക്കുകയും ദയയോടെ മറുപടി പറയുകയും ചെയ്തുകൊണ്ട് അദ്ദേഹം താഴ്മ കാണിച്ചു. അങ്ങനെ ആ പ്രശ്നം പരിഹരിക്കാനായി. ഇന്നു മൂപ്പന്മാരും ആരെങ്കിലും തങ്ങളെ കുറ്റപ്പെടുത്തുമ്പോൾ ദേഷ്യപ്പെടാതെ അവർക്കു പറയാനുള്ളതു ശ്രദ്ധിച്ചുകേൾക്കുകയും ശാന്തമായി പ്രതികരിക്കുകയും ചെയ്തുകൊണ്ട് ഗിദെയോന്റെ മാതൃക അനുകരിക്കുന്നു. (യാക്കോബ് 3:13 വായിക്കുക.) അങ്ങനെ സഭയിൽ സമാധാനം നിലനിറുത്താൻ അവർക്കാകുന്നു.
8. സഹോദരങ്ങൾ പ്രശംസിക്കുമ്പോൾ മൂപ്പന്മാർ എങ്ങനെ പ്രതികരിക്കണം? ഒരു ഉദാഹരണം പറയുക.
8 എല്ലാ മഹത്ത്വവും യഹോവയ്ക്കു നൽകുക. മിദ്യാന്യരുടെമേൽ ജയം നേടിയപ്പോൾ ആളുകൾ വന്ന് ഗിദെയോനെ പ്രശംസിച്ചു. പക്ഷേ അദ്ദേഹം അവരുടെ ശ്രദ്ധ തന്നിൽനിന്ന് യഹോവയിലേക്കു തിരിച്ചുവിടുകയാണ് ചെയ്തത്. (ന്യായാ. 8:22, 23) ഇന്നു മൂപ്പന്മാർക്ക് എങ്ങനെ ഗിദെയോന്റെ മാതൃക അനുകരിക്കാം? തങ്ങൾ ചെയ്യുന്ന കാര്യങ്ങൾക്കുള്ള മഹത്ത്വം യഹോവയ്ക്കു നൽകിക്കൊണ്ട്. (1 കൊരി. 4:6, 7) ഉദാഹരണത്തിന് ഒരു മൂപ്പന്റെ പഠിപ്പിക്കൽരീതി വളരെ നല്ലതാണെന്ന് ആരെങ്കിലും പറയുന്നു എന്നിരിക്കട്ടെ. അപ്പോൾ, താൻ പഠിപ്പിക്കുന്നത് ദൈവവചനത്തിൽനിന്നാണെന്നും യഹോവയുടെ സംഘടനയിലൂടെ നമുക്കു കിട്ടുന്ന പരിശീലനമാണു തന്നെ അതിനു സഹായിക്കുന്നതെന്നും അദ്ദേഹത്തിനു പറയാനാകും. ഇനി, തങ്ങൾ പഠിപ്പിക്കുന്നത് യഹോവയ്ക്കു മഹത്ത്വം നൽകുന്ന രീതിയിലാണോ അതോ തങ്ങളിലേക്ക് അനാവശ്യശ്രദ്ധ ആകർഷിക്കുന്ന തരത്തിലാണോ എന്നും മൂപ്പന്മാർക്ക് ഇടയ്ക്കിടെ ചിന്തിക്കാവുന്നതാണ്. തിമൊത്തി എന്നു പേരുള്ള ഒരു മൂപ്പന്റെ അനുഭവം നോക്കുക. ഒരു മൂപ്പനായി നിയമനം കിട്ടിയപ്പോൾ പൊതുപ്രസംഗങ്ങൾ നടത്താൻ അദ്ദേഹത്തിനു വലിയ ഇഷ്ടമായിരുന്നു. അദ്ദേഹം പറയുന്നു: “വളരെ സങ്കീർണമായ നീണ്ട മുഖവുരയും ദൃഷ്ടാന്തങ്ങളും ഉപയോഗിക്കുന്നതായിരുന്നു എന്റെ രീതി. ഇതൊക്കെ കേട്ട് സഹോദരങ്ങൾ മിക്കപ്പോഴും എന്നെ പ്രശംസിച്ചിരുന്നു. പക്ഷേ അതിനൊരു പ്രശ്നമുണ്ടായിരുന്നു. കേൾവിക്കാരുടെ ശ്രദ്ധ ബൈബിളിലേക്കും യഹോവയിലേക്കും പോകുന്നതിനു പകരം എന്നിലേക്കായി.” പതിയെ, തന്റെ ആ പഠിപ്പിക്കൽരീതിക്ക് ഒരു മാറ്റം വരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. (സുഭാ. 27:21) എന്തായിരുന്നു അതിന്റെ ഫലം? തിമൊത്തി സഹോദരൻ പറയുന്നു: “എന്റെ പ്രസംഗം, പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനും പ്രയാസസാഹചര്യങ്ങൾ സഹിച്ചുനിൽക്കാനും യഹോവയോടു കൂടുതൽ അടുക്കാനും തങ്ങളെ എങ്ങനെ സഹായിക്കുന്നെന്ന് ഇപ്പോൾ സഹോദരങ്ങൾ പറയാറുണ്ട്. അവരുടെ ആ അഭിപ്രായങ്ങൾ കേൾക്കുമ്പോൾ, മുമ്പ് സഹോദരങ്ങൾ എന്നെ പ്രശംസിച്ചപ്പോൾ കിട്ടിയിരുന്നതിനെക്കാൾ കൂടുതൽ സന്തോഷം എനിക്കു കിട്ടുന്നു.”
അനുസരണവും ധൈര്യവും കാണിക്കേണ്ടിവരുമ്പോൾ
9. യഹോവയെ അനുസരിക്കാനും ധൈര്യം കാണിക്കാനും ബുദ്ധിമുട്ടുള്ള ഏതൊക്കെ സാഹചര്യങ്ങൾ ഗിദെയോനുണ്ടായി? (പുറംതാളിലെ ചിത്രം കാണുക.)
9 ന്യായാധിപനായി നിയമിതനായശേഷം ഗിദെയോന് അനുസരണവും ധൈര്യവും തെളിയിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് യഹോവ ഗിദെയോനോട്, അദ്ദേഹത്തിന്റെ അപ്പൻ ബാലിനു ബലിയർപ്പിച്ചിരുന്ന യാഗപീഠം ഇടിച്ചുകളയാൻ പറഞ്ഞു. അത് അപകടംപിടിച്ച ഒരു നിയമനമായിരുന്നു. (ന്യായാ. 6:25, 26) പിന്നീട്, സൈന്യത്തെ കൂട്ടിവരുത്തിയതിനു ശേഷം അവരുടെ എണ്ണം കുറയ്ക്കാൻ രണ്ടു പ്രാവശ്യം യഹോവ ആവശ്യപ്പെട്ടു. (ന്യായാ. 7:2-7) എന്നിട്ട് ആ രാത്രിയിൽത്തന്നെ ശത്രുപാളയത്തെ ആക്രമിക്കാനും അദ്ദേഹത്തോടു പറഞ്ഞു.—ന്യായാ. 7:9-11.
10. മൂപ്പന്മാർക്ക് അനുസരണം കാണിക്കാൻ ബുദ്ധിമുട്ടായേക്കാവുന്ന ചില സാഹചര്യങ്ങൾ ഏതൊക്കെയാണ്?
10 മൂപ്പന്മാർ ‘അനുസരിക്കാൻ ഒരുക്കമുള്ളവരായിരിക്കണം.’ (യാക്കോ. 3:17) അങ്ങനെയുള്ള ഒരു മൂപ്പൻ തിരുവെഴുത്തുകൾ പറയുന്ന കാര്യങ്ങളും സംഘടന നൽകുന്ന നിർദേശങ്ങളും അനുസരിക്കാൻ മനസ്സുകാണിക്കും. അതു മറ്റുള്ളവർക്കു നല്ലൊരു മാതൃകയാണ്. പക്ഷേ അനുസരിക്കുന്നത് എപ്പോഴും അത്ര എളുപ്പമായിരിക്കണമെന്നില്ല. ഉദാഹരണത്തിന്, ചിലപ്പോൾ പെട്ടെന്നുപെട്ടെന്നു നിർദേശങ്ങൾക്കു മാറ്റം വരുമ്പോൾ അത് അനുസരിക്കാൻ ഒരു മൂപ്പനു ബുദ്ധിമുട്ടു തോന്നാം. അതല്ലെങ്കിൽ ഒരു നിർദേശം കിട്ടുമ്പോൾ ശരിക്കും അങ്ങനെ ചെയ്യാൻ പറ്റുമോ, അങ്ങനെ ചെയ്യുന്നതു ബുദ്ധിയായിരിക്കുമോ എന്നൊക്കെ അദ്ദേഹം ചിന്തിച്ചേക്കാം. അതുമല്ലെങ്കിൽ അദ്ദേഹത്തോട് ആവശ്യപ്പെട്ടകാര്യം ചെയ്താൽ അറസ്റ്റു ചെയ്യപ്പെടാൻ സാധ്യതയുണ്ടായിരിക്കും. ഇത്തരം സാഹചര്യങ്ങളിൽ മൂപ്പന്മാർക്ക് എങ്ങനെ ഗിദെയോന്റെ മാതൃക അനുകരിക്കാം?
11. മൂപ്പന്മാർക്ക് എങ്ങനെ അനുസരണമുള്ളവരായിരിക്കാം?
11 കിട്ടുന്ന നിർദേശം നന്നായി ശ്രദ്ധിക്കുക, അനുസരിക്കുക. യഹോവ ഗിദെയോനോട്, അപ്പന്റെ യാഗപീഠം എങ്ങനെ നശിപ്പിക്കണമെന്നും എവിടെയാണ് യഹോവയ്ക്കു പുതിയ യാഗപീഠം പണിയേണ്ടതെന്നും ഏതു മൃഗത്തെയാണ് അതിൽ ബലിയർപ്പിക്കേണ്ടതെന്നും പറഞ്ഞു. അദ്ദേഹം ആ നിർദേശങ്ങളെ ചോദ്യം ചെയ്തില്ല. പകരം, യഹോവ പറഞ്ഞത് അങ്ങനെതന്നെ അനുസരിച്ചു. അതുപോലെ യഹോവയോട് അടുത്തുനിൽക്കാനും സുരക്ഷിതരായിരിക്കാനും നമ്മളെ സഹായിക്കുന്ന നിർദേശങ്ങൾ സംഘടനയിൽനിന്ന് കത്തുകളിലൂടെയും അറിയിപ്പുകളിലൂടെയും എല്ലാം ഇന്നു മൂപ്പന്മാർക്കു കിട്ടാറുണ്ട്. അതെല്ലാം വിശ്വസ്തമായി അനുസരിക്കുന്ന പ്രിയമൂപ്പന്മാരെ നമ്മൾ സ്നേഹിക്കുന്നു. അവർ അങ്ങനെ ചെയ്യുന്നതുകൊണ്ട് മുഴുസഭയ്ക്കും പ്രയോജനം കിട്ടുന്നു.—സങ്കീ. 119:112.
12. സംഘടന ഒരു മാറ്റം ആവശ്യപ്പെടുമ്പോൾ എബ്രായർ 13:17-ലെ തത്ത്വം മനസ്സിൽപ്പിടിച്ചുകൊണ്ട് മൂപ്പന്മാർക്ക് എങ്ങനെ പ്രവർത്തിക്കാം?
12 മാറ്റംവരുത്താൻ മനസ്സുള്ളവരായിരിക്കുക. യഹോവ ആവശ്യപ്പെട്ടത് അനുസരിച്ച് ഗിദെയോൻ തന്റെ സൈന്യത്തിലെ 99 ശതമാനത്തിലധികം പേരെയും പറഞ്ഞുവിട്ടു. (ന്യായാ. 7:8) ആ നിർദേശം കിട്ടിയപ്പോൾ ‘എന്തിനാ ഇപ്പോ ഇങ്ങനെയൊരു മാറ്റം, ഇതു ശരിയാകുമോ’ എന്ന് അദ്ദേഹം ചിന്തിച്ചിരിക്കാം. എങ്കിലും ഗിദെയോൻ അനുസരിക്കാൻ തയ്യാറായി. ഗിദെയോനെപ്പോലെ ഇന്നു മൂപ്പന്മാരും സംഘടനയിൽനിന്ന് പുതിയൊരു നിർദേശം കിട്ടുമ്പോൾ അത് അനുസരിച്ച് മാറ്റംവരുത്താൻ തയ്യാറാകുന്നു. (എബ്രായർ 13:17 വായിക്കുക.) ഉദാഹരണത്തിന്, 2014-ൽ രാജ്യഹാളുകളുടെയും സമ്മേളനഹാളുകളുടെയും നിർമാണത്തിന് ആവശ്യമായ പണം കണ്ടെത്തുന്ന വിധത്തിനു ഭരണസംഘം ഒരു മാറ്റംവരുത്തി. (2 കൊരി. 8:12-14) മുമ്പ് സഭകൾ സംഘടനയിൽനിന്ന് പണം കടമെടുത്ത് രാജ്യഹാളുകൾ പണിയുന്ന രീതിയുണ്ടായിരുന്നു. എന്നാൽ പുതിയ ക്രമീകരണം അനുസരിച്ച് ലോകമെങ്ങുമുള്ള സഭകൾ നൽകുന്ന സംഭാവനകൾ ഉപയോഗിച്ച് സംഘടനയ്ക്കു രാജ്യഹാളുകളും സമ്മേളനഹാളുകളും പണിയാനാകുമായിരുന്നു. അതിലൂടെ അധികം പണം കൈയിലില്ലാത്ത സഭകൾക്കുപോലും രാജ്യഹാളുകൾ പണിയാനാകും. ഈ പുതിയ ക്രമീകരണത്തെക്കുറിച്ച് കേട്ടപ്പോൾ അതു നടക്കുന്നകാര്യമാണോ എന്നു ഹോസെ സഹോദരനു തോന്നി. ‘ഒരു രാജ്യഹാളുപോലും പണിയാൻ പോകുന്നില്ല. അതൊന്നും ഈ രാജ്യത്ത് നടക്കില്ല’ എന്നാണ് അദ്ദേഹം ചിന്തിച്ചത്. എന്നാൽ പുതിയ ക്രമീകരണത്തെ പിന്തുണയ്ക്കാൻ അദ്ദേഹത്തെ സഹായിച്ചത് എന്താണ്? സഹോദരൻ പറയുന്നു: “യഹോവയിൽ ആശ്രയിക്കേണ്ടത് എത്ര പ്രധാനമാണെന്നു സുഭാഷിതങ്ങൾ 3:5, 6-ലെ വാക്കുകൾ എന്നെ ഓർമിപ്പിച്ചു. പുതിയ മാറ്റം കൊണ്ടുള്ള പ്രയോജനങ്ങൾ വിചാരിച്ചതിനും അപ്പുറമായിരുന്നു. ഇപ്പോൾ നമ്മൾ കൂടുതൽ രാജ്യഹാളുകൾ പണിയുന്നു. പുതിയ രീതി വന്നതോടെ ലോകമെങ്ങുമുള്ള സഭകൾക്കു പ്രയോജനം ചെയ്യുന്ന വിധത്തിൽ സംഭാവനകൾ ഉപയോഗിക്കാനുമാകുന്നു.”
13. (എ) ഗിദെയോന് ഏതു കാര്യത്തിൽ ഉറപ്പുണ്ടായിരുന്നു? (ബി) മൂപ്പന്മാർക്ക് ഇന്ന് ഗിദെയോനെ എങ്ങനെ അനുകരിക്കാം? (ചിത്രവും കാണുക.)
13 ധൈര്യത്തോടെ യഹോവയുടെ ഇഷ്ടം ചെയ്യുക. ഗിദെയോന്റെ നിയമനം അപകടംപിടിച്ച ഒന്നായിരുന്നു. അതു ചെയ്യാൻ പേടി തോന്നിയെങ്കിലും യഹോവയെ അനുസരിക്കാൻ അദ്ദേഹം തയ്യാറായി. (ന്യായാ. 9:17) ദൈവജനത്തെ രക്ഷിക്കാൻവേണ്ടി താൻ പ്രവർത്തിക്കുമ്പോൾ യഹോവ തന്നെ പിന്തുണയ്ക്കുമെന്നു ഗിദെയോനു ബോധ്യമുണ്ടായിരുന്നു. കാരണം മുമ്പ് പലപ്പോഴും ദൈവം അദ്ദേഹത്തിന് അങ്ങനെയൊരു ഉറപ്പു കൊടുത്തിരുന്നു. ഇന്ന്, നമ്മുടെ പ്രവർത്തനം നിരോധിച്ചിട്ടുള്ള സ്ഥലങ്ങളിൽ താമസിക്കുന്ന മൂപ്പന്മാർ ഗിദെയോന്റെ മാതൃക അനുകരിക്കുന്നു. അവിടെ അവർ ധൈര്യത്തോടെ മീറ്റിങ്ങുകൾ നടത്തുകയും ശുശ്രൂഷയ്ക്കു നേതൃത്വം എടുക്കുകയും ചെയ്യുന്നു. അറസ്റ്റു ചെയ്യപ്പെടാനോ ചോദ്യം ചെയ്യപ്പെടാനോ ജോലി നഷ്ടപ്പെടാനോ ഉപദ്രവത്തിന് ഇരയാകാനോ സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും അവർ അതിനു തയ്യാറാകുന്നു.c ഇനി, മഹാകഷ്ടതയുടെ സമയത്തും മൂപ്പന്മാർ ധൈര്യം കാണിക്കേണ്ട ചില സാഹചര്യങ്ങളുണ്ടായേക്കാം; പ്രത്യേകിച്ച്, ചില നിർദേശങ്ങൾ അനുസരിക്കുന്നത് അപകടം വരുത്തിവെച്ചേക്കാം എന്നു തോന്നുമ്പോൾ. കാരണം, ശക്തമായ ന്യായവിധി സന്ദേശം അറിയിക്കുന്നതിനെക്കുറിച്ചോ മാഗോഗിലെ ഗോഗിന്റെ ആക്രമണത്തെ അതിജീവിക്കാൻ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചോ ഉള്ള നിർദേശങ്ങളായിരിക്കാം അവ.—യഹ. 38:18; വെളി. 16:21.
ഇനി ഒട്ടും പറ്റില്ല എന്നു തോന്നുമ്പോൾ
14. തന്റെ നിയമനം ചെയ്യുന്നതിൽ ഗിദെയോൻ എന്തെല്ലാം ബുദ്ധിമുട്ടുകൾ നേരിട്ടു?
14 ന്യായാധിപനായുള്ള ഗിദെയോന്റെ നിയമനത്തിൽ കഠിനാധ്വാനം ഉൾപ്പെട്ടിരുന്നു. ഒരു രാത്രിനടന്ന പോരാട്ടത്തിനിടെ മിദ്യാന്യർ ഓടിപ്പോയപ്പോൾ ഗിദെയോൻ ജസ്രീൽ താഴ്വര മുതൽ യോർദാൻ നദി വരെ അവരെ പിന്തുടർന്നുചെന്നു. സാധ്യതയനുസരിച്ച് ഒരുപാടു കുറ്റിച്ചെടികളൊക്കെ നിറഞ്ഞ സ്ഥലമായിരുന്നു അത്. (ന്യായാ. 7:22) യോർദാൻ നദിക്കരെ എത്തിയപ്പോൾ ഇനി മുന്നോട്ടു പോകേണ്ട എന്നു ഗിദെയോൻ തീരുമാനിച്ചോ? ഇല്ല. നല്ല ക്ഷീണമുണ്ടായിരുന്നെങ്കിലും അദ്ദേഹവും കൂടെയുണ്ടായിരുന്ന 300 പേരും നദി കടന്ന് മിദ്യാന്യരുടെ പുറകേ ചെന്നു. അങ്ങനെ ആ ശത്രുക്കളെ പരാജയപ്പെടുത്താൻ അവർക്കു കഴിഞ്ഞു.—ന്യായാ. 8:4-12.
15. മൂപ്പന്മാർക്ക് അവരുടെ ഉത്തരവാദിത്വങ്ങൾ ചെയ്യുന്നത് ചിലപ്പോഴൊക്കെ ബുദ്ധിമുട്ടായിരുന്നേക്കാവുന്നത് എന്തുകൊണ്ട്?
15 സഭയ്ക്കും കുടുംബത്തിനും വേണ്ടി ഒരുപാടു കാര്യങ്ങൾ ചെയ്ത് ചിലപ്പോഴൊക്കെ മൂപ്പന്മാർ ആകെ ക്ഷീണിച്ചുപോയേക്കാം. ഇത്തരം സാഹചര്യങ്ങളിൽ അവർക്ക് എങ്ങനെ ഗിദെയോനെ അനുകരിക്കാം?
16-17. (എ) ക്ഷീണം തോന്നിയപ്പോഴും മുന്നോട്ടുപോകാൻ ഗിദെയോനെ സഹായിച്ചത് എന്താണ്? (ബി) ഏതു കാര്യത്തിൽ മൂപ്പന്മാർക്ക് ഉറപ്പുണ്ടായിരിക്കാനാകും? (യശയ്യ 40:28-31) (ചിത്രവും കാണുക.)
16 യഹോവ നിങ്ങളെ ബലപ്പെടുത്തുമെന്ന് ഉറച്ചു വിശ്വസിക്കുക. യഹോവ തന്നെ ബലപ്പെടുത്തുമെന്നു ഗിദെയോന് ഉറപ്പുണ്ടായിരുന്നു. യഹോവ ചെയ്തതും അതുതന്നെയാണ്. (ന്യായാ. 6:14, 34) അതിന് ഒരു ഉദാഹരണമാണ് ഗിദെയോനും കൂട്ടരും രണ്ട് മിദ്യാന്യരാജാക്കന്മാരെ പിന്തുടർന്ന സംഭവം. ആ രാജാക്കന്മാർ രക്ഷപ്പെടാൻ നോക്കിയതു സാധ്യതയനുസരിച്ച് ഒട്ടകപ്പുറത്തായിരുന്നു. അവരെ പിന്തുടർന്നുപോയ ഗിദെയോനും കൂട്ടർക്കുമാകട്ടെ അതൊന്നുമില്ലായിരുന്നു. (ന്യായാ. 8:12, 21) എന്നാൽ യഹോവയുടെ സഹായത്താൽ ഇസ്രായേല്യർക്ക് അവരെ പിടികൂടാനും തോൽപ്പിക്കാനും കഴിഞ്ഞു. ഗിദെയോനെപ്പോലെ മൂപ്പന്മാർക്കും ഒരിക്കലും ‘ക്ഷീണിച്ച് തളരാത്ത’ യഹോവയിൽ ആശ്രയിക്കാനാകും. തളർച്ച തോന്നുമ്പോൾ യഹോവ അവരെ ശക്തീകരിക്കും.—യശയ്യ 40:28-31 വായിക്കുക.
17 ആശുപത്രി ഏകോപനസമിതിയിൽ പ്രവർത്തിക്കുന്ന മാത്യു സഹോദരന്റെ അനുഭവം നോക്കുക. തന്റെ നിയമനം ചെയ്യാൻ പറ്റില്ലെന്നു തോന്നുമ്പോഴും മുന്നോട്ടുപോകാൻ അദ്ദേഹത്തെ സഹായിക്കുന്നത് എന്താണ്? മാത്യു പറയുന്നു: “ഫിലിപ്പിയർ 4:13-ൽ പറഞ്ഞിരിക്കുന്നതുപോലെ യഹോവയിൽനിന്നുള്ള സഹായം എനിക്കു കിട്ടി. പലപ്പോഴും ക്ഷീണവും തളർച്ചയും ഒക്കെ തോന്നിയപ്പോൾ സഹായത്തിനായി ഞാൻ ദൈവത്തോടു പ്രാർഥിച്ചു. സഹോദരങ്ങളെ സഹായിക്കാൻ വേണ്ട ശക്തി തരണേ എന്നു മുട്ടിപ്പായി അപേക്ഷിച്ചു. അപ്പോഴെല്ലാം ആ നിയമനത്തിൽ തുടരാൻ വേണ്ട ശക്തി യഹോവ തന്റെ ആത്മാവിലൂടെ തരുന്നതു ഞാൻ അനുഭവിച്ചറിഞ്ഞു.” പല തടസ്സങ്ങൾ ഉണ്ടെങ്കിലും നമ്മുടെ മൂപ്പന്മാർ ഗിദെയോനെപ്പോലെ ദൈവജനത്തെ പരിപാലിക്കുന്നതിനുവേണ്ടി ഒരുപാടു കഠിനാധ്വാനം ചെയ്യുന്നുണ്ട്. തങ്ങളുടെ ഉത്തരവാദിത്വങ്ങൾ ചെയ്യാനുള്ള സഹായത്തിനായി പ്രാർഥിക്കുമ്പോൾ യഹോവ അതു കേൾക്കുമെന്നും മുന്നോട്ടുപോകാനുള്ള ശക്തി നൽകുമെന്നും അവർക്ക് ഉറപ്പുണ്ടായിരിക്കാനാകും. അതേസമയം ആഗ്രഹിക്കുന്നതെല്ലാം എപ്പോഴും ചെയ്യാൻ ആർക്കും പറ്റില്ലെന്ന കാര്യം അവർ ഓർക്കേണ്ടതുണ്ട്.—സങ്കീ. 116:1; ഫിലി. 2:13.
18. ഈ ലേഖനത്തിൽനിന്ന് പഠിച്ചതുപോലെ മൂപ്പന്മാർക്ക് എങ്ങനെ ഗിദെയോനെ അനുകരിക്കാം?
18 ഗിദെയോന്റെ മാതൃകയിൽനിന്ന് മൂപ്പന്മാർക്ക് ഒരുപാടു കാര്യങ്ങൾ പഠിക്കാനുണ്ട്. എത്രമാത്രം ജോലി ഏറ്റെടുക്കണമെന്നു തീരുമാനിക്കുമ്പോഴും മറ്റുള്ളവർ കുറ്റപ്പെടുത്തുകയോ പ്രശംസിക്കുകയോ ചെയ്യുമ്പോഴും അവർ എളിമയും താഴ്മയും കാണിക്കണം. ഒപ്പം അവർ നല്ല ധൈര്യവും അനുസരണവും ഉള്ളവരായിരിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ഈ ദുഷ്ടലോകം അതിന്റെ അവസാനത്തോട് അടുക്കുന്ന ഈ സമയത്ത്. എന്തെല്ലാം പ്രശ്നങ്ങൾ നേരിട്ടാലും ദൈവത്തിനു തങ്ങളെ ശക്തീകരിക്കാനാകുമെന്ന ബോധ്യവും അവർക്കുണ്ടായിരിക്കണം. കഠിനാധ്വാനികളായ ഇടയന്മാരോടു നമുക്കു വളരെയധികം നന്ദിയുണ്ട്. അവരെ തുടർന്നും ‘വളരെ വിലപ്പെട്ടവരായി കാണാം.’—ഫിലി. 2:29.
ഗീതം 120 യേശുവിന്റെ സൗമ്യത അനുകരിക്കാം
a ഇസ്രായേൽ ജനതയുടെ ചരിത്രത്തിലെ വളരെ ബുദ്ധിമുട്ടു നിറഞ്ഞ ഒരു കാലത്ത്, തന്റെ ജനത്തെ നയിക്കാനും സംരക്ഷിക്കാനും വേണ്ടി യഹോവ നിയമിച്ച വ്യക്തിയായിരുന്നു ഗിദെയോൻ. 40 വർഷത്തോളം അദ്ദേഹം വിശ്വസ്തമായി ആ നിയമനം ചെയ്തു. എന്നാൽ അതിനിടയ്ക്ക് അദ്ദേഹത്തിനു പല പ്രശ്നങ്ങളും നേരിട്ടു. ഗിദെയോന്റെ മാതൃക പ്രയാസം നിറഞ്ഞ സാഹചര്യങ്ങളിൽ ഇന്നു മൂപ്പന്മാരെ എങ്ങനെ സഹായിക്കുമെന്നു നമ്മൾ ചർച്ച ചെയ്യും.
b പരസ്പരം അടുത്ത ബന്ധമുള്ള രണ്ടു ഗുണങ്ങളാണ് എളിമയും താഴ്മയും. എളിമയുള്ള ഒരാൾക്കു തന്റെ കുറവുകളെക്കുറിച്ച് ബോധ്യമുണ്ടായിരിക്കും. അതുകൊണ്ട് അയാൾ തന്നെക്കുറിച്ച് വേണ്ടതിലധികം ചിന്തിക്കില്ല. ഇനി, താഴ്മയുണ്ടെങ്കിൽ നമ്മൾ മറ്റുള്ളവരെ ബഹുമാനിക്കുകയും അവരെ നമ്മളെക്കാൾ ശ്രേഷ്ഠരായി കാണുകയും ചെയ്യും. (ഫിലി. 2:3) എളിമയുള്ള ഒരാൾക്കു പൊതുവേ താഴ്മയുമുണ്ടായിരിക്കും.
c 2019 ജൂലൈ ലക്കം വീക്ഷാഗോപുരത്തിലെ “നിരോധനത്തിൻകീഴിലും യഹോവയെ ആരാധിക്കുക” എന്ന ലേഖനത്തിന്റെ 10-13 ഖണ്ഡികകൾ കാണുക.