പാഠം 34
ഗിദെയോൻ മിദ്യാന്യരെ തോൽപ്പിച്ചു
കുറച്ച് കാലം കഴിഞ്ഞപ്പോൾ ഇസ്രായേല്യർ വീണ്ടും യഹോവയെ വിട്ട് വ്യാജദൈവങ്ങളെ ആരാധിക്കാൻതുടങ്ങി. ആ കാലത്ത് മിദ്യാന്യർ വന്ന് ഇസ്രായേല്യരുടെ മൃഗങ്ങളെ മോഷ്ടിക്കുകയും അവരുടെ വിളകൾ നശിപ്പിക്കുകയും ചെയ്തു. ഏഴു വർഷം അതു തുടർന്നു. മിദ്യാന്യരിൽനിന്ന് രക്ഷപ്പെടാൻ ഇസ്രായേല്യർ ഗുഹകളിലും പർവതങ്ങളിലും ഒളിച്ചു. തങ്ങളെ രക്ഷിക്കാൻ അവർ യഹോവയോട് യാചിച്ചു. അപ്പോൾ യഹോവ ഗിദെയോൻ എന്ന ചെറുപ്പക്കാരന്റെ അടുത്തേക്ക് ഒരു ദൂതനെ അയച്ചു. ദൂതൻ ഗിദെയോനോട്, ‘വീരനായ ഒരു യോദ്ധാവായി യഹോവ നിന്നെ തിരഞ്ഞടുത്തിരിക്കുന്നു’ എന്നു പറഞ്ഞു. അപ്പോൾ ഗിദെയോൻ ചോദിച്ചു: ‘എന്നെപ്പോലെ നിസ്സാരനായ ഒരാൾ ഇസ്രായേലിനെ എങ്ങനെ രക്ഷിക്കാനാണ്?’
യഹോവ തന്നെ തിരഞ്ഞെടുത്തു എന്നു ഗിദെയോന് എങ്ങനെ മനസ്സിലാകുമായിരുന്നു? ഗിദെയോൻ ഒരു കഷണം കമ്പിളി നിലത്ത് ഇട്ടിട്ട് യഹോവയോടു പറഞ്ഞു: ‘രാവിലെ മഞ്ഞുകൊണ്ട് കമ്പിളി നനഞ്ഞിരിക്കുകയും നിലം ഉണങ്ങിയിരിക്കുകയും ചെയ്താൽ ഞാൻ ഇസ്രായേലിനെ രക്ഷിക്കാൻ അങ്ങ് ആഗ്രഹിക്കുന്നെന്ന് എനിക്കു മനസ്സിലാകും.’ പിറ്റേന്നു രാവിലെ കമ്പിളി നനഞ്ഞുകുതിർന്നിരുന്നു, നിലം ഉണങ്ങിയുമിരുന്നു! എന്നാൽ ഗിദെയോൻ ഒരു അപേക്ഷകൂടി നടത്തി. അടുത്ത ദിവസം രാവിലെ കമ്പിളി ഉണങ്ങിയിരിക്കാനും നിലം നനഞ്ഞിരിക്കാനും ഇടവരുത്തണമെന്നായിരുന്നു അത്. അതും അങ്ങനെതന്നെ സംഭവിച്ചു. അങ്ങനെ യഹോവ തന്നെ തിരഞ്ഞെടുത്തിരിക്കുന്നെന്നു ഗിദെയോനു ബോധ്യമായി. മിദ്യാന്യരോടു പോരാടാൻ ഗിദെയോൻ തന്റെ പടയാളികളെ വിളിച്ചുകൂട്ടി.
യഹോവ ഗിദെയോനോടു പറഞ്ഞു: ‘ഞാൻ ഇസ്രായേല്യർക്കു വിജയം നൽകും. എന്നാൽ നിന്റെകൂടെ ഇത്രയധികം പടയാളികൾ ഉള്ളതുകൊണ്ട് സ്വന്തം കഴിവുകൊണ്ടാണു യുദ്ധം ജയിച്ചതെന്നു നീ ചിന്തിക്കാൻ ഇടയുണ്ട്. അതുകൊണ്ട് പേടിയുള്ളവരോടെല്ലാം വീട്ടിൽ പോകാൻ പറയുക.’ അങ്ങനെ 22,000 പടയാളികൾ വീട്ടിലേക്കു മടങ്ങി. 10,000 പേർ ബാക്കിയായി. യഹോവ പറഞ്ഞു: ‘ഇപ്പോഴും പടയാളികൾ അധികമാണ്. അവരെ അരുവിയിലേക്കു കൊണ്ടുവന്നിട്ട് വെള്ളം കുടിക്കാൻ പറയുക. എന്നിട്ട് ശത്രു വരുന്നുണ്ടോ എന്നു നിരീക്ഷിച്ചുകൊണ്ട് വെള്ളം കുടിക്കുന്നവരെ മാത്രം നിന്റെകൂടെ നിറുത്തുക.’ 300 പേർ മാത്രമേ അങ്ങനെ ജാഗ്രതയോടെ വെള്ളം കുടിച്ചുള്ളൂ. ഈ ചുരുക്കം പേർ 1,35,000 വരുന്ന മിദ്യാന്യപടയാളികളെ തോൽപ്പിക്കുമെന്ന് യഹോവ വാക്കു കൊടുത്തു.
ആ രാത്രി യഹോവ ഗിദെയോനോടു പറഞ്ഞു: ‘മിദ്യാന്യരെ ആക്രമിക്കാനുള്ള സമയമായി!’ ഗിദെയോൻ തന്റെ ആളുകൾക്ക് ഊതാൻ കൊമ്പുകളും വലിയ കുടങ്ങളും കുടങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് തീപ്പന്തങ്ങളും കൊടുത്തു. എന്നിട്ട് അവരോടു പറഞ്ഞു: ‘ഞാൻ ചെയ്യുന്നതു നോക്കി അതുപോലെതന്നെ ചെയ്യുക.’ ഗിദെയോൻ കൊമ്പു വിളിക്കുകയും കുടം ഉടയ്ക്കുകയും തീപ്പന്തം ഉയർത്തി ആട്ടുകയും ചെയ്തുകൊണ്ട് ഉച്ചത്തിൽ ഇങ്ങനെ വിളിച്ചുപറഞ്ഞു: ‘യഹോവയുടെയും ഗിദെയോന്റെയും വാൾ!’ ഗിദെയോന്റെകൂടെ ഉണ്ടായിരുന്ന 300 പേരും അതുതന്നെ ചെയ്തു. വിരണ്ടുപോയ മിദ്യാന്യർ നാലുപാടും ചിതറി ഓടി. ആകെ ആശയക്കുഴപ്പത്തിലായിട്ട് അവർ പരസ്പരം പോരാടാൻതുടങ്ങി. വീണ്ടും ശത്രുക്കളുടെ മേൽ ജയം നേടാൻ യഹോവ ഇസ്രായേല്യരെ സഹായിച്ചു.
“അത്, ഞങ്ങൾക്കുള്ള അസാധാരണശക്തി ഞങ്ങളുടെ സ്വന്തമല്ല, ദൈവത്തിൽനിന്നുള്ളതാണ് എന്നു വരാൻവേണ്ടിയാണ്.”—2 കൊരിന്ത്യർ 4:7