പഠനലേഖനം 16
ഗീതം 64 സന്തോഷത്തോടെ കൊയ്ത്തിൽ പങ്കുചേരാം
ശുശ്രൂഷയിൽ എങ്ങനെ കൂടുതൽ സന്തോഷം കണ്ടെത്താം?
“സന്തോഷത്തോടെ യഹോവയെ സേവിക്കുവിൻ.”—സങ്കീ. 100:2.
ഉദ്ദേശ്യം
ശുശ്രൂഷയിലെ സന്തോഷം വർധിപ്പിക്കാൻ കഴിയുന്ന ചില വിധങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തിൽ.
1. ശുശ്രൂഷയിൽ ആളുകളോടു സംസാരിക്കുന്നതിനെക്കുറിച്ച് ചിലർക്ക് എന്താണു തോന്നുന്നത്? (ചിത്രവും കാണുക.)
യഹോവയുടെ ജനമായ നമ്മൾ, നമ്മുടെ സ്വർഗീയപിതാവിനെ സ്നേഹിക്കുകയും യഹോവയെക്കുറിച്ച് അറിയാൻ മറ്റുള്ളവരെ സഹായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണു നമ്മൾ ആളുകളെ സന്തോഷവാർത്ത അറിയിക്കുന്നത്. പല പ്രചാരകർക്കും പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടുന്നതു വളരെ ഇഷ്ടമാണ്. എന്നാൽ എല്ലാവർക്കും അതിൽ സന്തോഷം കണ്ടെത്താൻ കഴിയുന്നില്ല. എന്തുകൊണ്ടാണ്? നാണവും ആത്മവിശ്വാസക്കുറവും ഒക്കെയായിരിക്കാം ചിലരുടെ പ്രശ്നം. ചിലർക്ക്, ഒരാളുടെ വീട്ടിലേക്ക് അവർ ക്ഷണിക്കാതെ ചെല്ലുന്നതു അൽപ്പം ബുദ്ധിമുട്ടാണ്. ആളുകൾ എങ്ങനെ പ്രതികരിക്കും എന്നുള്ള പേടിയായിരിക്കാം മറ്റൊരു കാരണം. ആളുകളുമായി മുഷിയേണ്ടിവരുമോ എന്ന ചിന്തയായിരിക്കാം മറ്റു ചിലർക്ക്. ഈ സഹോദരങ്ങളെല്ലാം യഹോവയോടു വളരെയധികം സ്നേഹമുള്ളവർത്തന്നെയാണ്. എങ്കിലും പരിചയമില്ലാത്ത ആളുകളുടെ അടുത്ത് പോയി സന്തോഷവാർത്ത അറിയിക്കുന്നതു അവർക്ക് അൽപ്പം ബുദ്ധിമുട്ടാണ്. എന്നാൽ പ്രസംഗപ്രവർത്തനത്തിന്റെ പ്രാധാന്യം അറിയാവുന്നതുകൊണ്ട് അവർ ഈ വേലയിൽ പതിവായി പങ്കെടുക്കുന്നു. അത് യഹോവയെ എത്രയധികം സന്തോഷിപ്പിക്കുന്നുണ്ടെന്നോ!
2. ശുശ്രൂഷയിൽനിന്ന് നിങ്ങൾക്ക് സന്തോഷം കിട്ടുന്നില്ലെങ്കിൽ വിഷമിക്കേണ്ടതില്ലാത്തത് എന്തുകൊണ്ട്?
2 ഈ കാരണങ്ങൾകൊണ്ട് നിങ്ങൾക്കു ശുശ്രൂഷയിൽ സന്തോഷം കിട്ടാതെ പോകാറുണ്ടോ? എങ്കിൽ, വിഷമിക്കേണ്ട. നിങ്ങളുടെ ആത്മവിശ്വാസക്കുറവ് സൂചിപ്പിക്കുന്നത്, നിങ്ങൾ താഴ്മയുള്ള ആളാണെന്നും മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ആഗ്രഹിക്കുന്നില്ലെന്നും ആളുകളുമായി തർക്കിക്കാൻ താത്പര്യപ്പെടുന്നില്ലെന്നും ആയിരിക്കാം. ഇനി, മറ്റുള്ളവർ നമ്മളോടു മോശമായി പ്രതികരിക്കാനും നമ്മളാരും ആഗ്രഹിക്കില്ല, പ്രത്യേകിച്ച് അവർക്കൊരു നന്മ ചെയ്യുമ്പോൾ. നിങ്ങളുടെ ഉള്ളിലെ ഇത്തരം ചിന്തകൾ സ്വർഗീയപിതാവിനു നന്നായി അറിയാം. നിങ്ങളെ സഹായിക്കാൻ യഹോവ ആഗ്രഹിക്കുന്നുമുണ്ട്. (യശ. 41:13) ഈ ലേഖനത്തിൽ, അത്തരം ചിന്തകളോടു പോരാടാനും ശുശ്രൂഷയിൽ സന്തോഷം വളർത്തിയെടുക്കാനും സഹായിക്കുന്ന അഞ്ചു നിർദേശങ്ങൾ നമ്മൾ ചിന്തിക്കും.
ദൈവവചനത്തിൽനിന്ന് ശക്തിയാർജിക്കുക
3. മറ്റുള്ളവരോടു പ്രസംഗിക്കാൻ യിരെമ്യ പ്രവാചകനെ സഹായിച്ചത് എന്താണ്?
3 പണ്ടുമുതലേ ബുദ്ധിമുട്ടുള്ള നിയമനം ചെയ്യാൻ ദൈവത്തിൽനിന്നുള്ള സന്ദേശം ദൈവദാസരെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, പ്രവാചകനായ യിരെമ്യയുടെ കാര്യമെടുക്കുക. യഹോവ പ്രസംഗിക്കാനുള്ള നിയമനം കൊടുത്തപ്പോൾ യിരെമ്യക്ക് ആകെ പേടി തോന്നി. യിരെമ്യ പറഞ്ഞു: “എനിക്കു സംസാരിക്കാൻ അറിയില്ല; ഞാൻ വെറുമൊരു കുട്ടിയല്ലേ?” (യിരെ. 1:6) ആത്മവിശ്വാസം നേടിയെടുക്കാൻ യിരെമ്യ എന്താണു ചെയ്തത്? യഹോവയുടെ വാക്കുകളിൽനിന്ന് അദ്ദേഹം ശക്തി നേടി. അദ്ദേഹം പറഞ്ഞു: “എന്റെ ഹൃദയത്തിൽ അത്, അസ്ഥിക്കുള്ളിൽ അടച്ചുവെച്ച തീപോലെയായി; അത് ഉള്ളിൽ ഒതുക്കിവെച്ച് ഞാൻ തളർന്നു.” (യിരെ. 20:8, 9) ബുദ്ധിമുട്ടുള്ള ഒരു പ്രദേശമായിരുന്നു പ്രവർത്തിക്കാൻ ഉണ്ടായിരുന്നതെങ്കിലും, യഹോവ ഏൽപ്പിച്ച സന്ദേശം യിരെമ്യക്കു ശക്തി നൽകി.
4. ദൈവവചനം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നതു നമുക്ക് എങ്ങനെ പ്രയോജനം ചെയ്യും? (കൊലോസ്യർ 1:9, 10)
4 ബൈബിളിൽ അടങ്ങിയിരിക്കുന്ന യഹോവയുടെ വാക്കുകളിൽനിന്ന് ക്രിസ്ത്യാനികൾക്ക് ആവശ്യമായ ശക്തി കിട്ടുന്നു. കൊലോസ്യയിലെ സഭയ്ക്ക് എഴുതിയപ്പോൾ അപ്പോസ്തലനായ പൗലോസ് പറഞ്ഞത്, ദൈവേഷ്ടത്തെക്കുറിച്ച് ശരിയായ അറിവ് നേടുന്നത് ‘എല്ലാ സത്പ്രവൃത്തികളിലും ഫലം കായ്ക്കുന്നതിൽ’ തുടരാൻ അവരെ സഹായിക്കുമെന്നും അങ്ങനെ ‘യഹോവയ്ക്ക് ഇഷ്ടപ്പെട്ട വിധത്തിൽ നടക്കാൻ’ അവർക്കു കഴിയുമെന്നും ആണ്. (കൊലോസ്യർ 1:9, 10 വായിക്കുക.) ആ സത്പ്രവൃത്തികളിൽ സന്തോഷവാർത്ത പ്രസംഗിക്കുന്നതും ഉൾപ്പെടുന്നുണ്ട്. അതുകൊണ്ട് ദൈവവചനം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുക. അത് യഹോവയിലുള്ള നമ്മുടെ വിശ്വാസം ശക്തമാക്കും. സന്തോഷവാർത്ത പ്രസംഗിക്കേണ്ടതിന്റെ പ്രാധാന്യം നമ്മൾ തിരിച്ചറിയുകയും ചെയ്യും.
5. ബൈബിൾ വായനയിൽനിന്നും പഠനത്തിൽനിന്നും പരമാവധി പ്രയോജനം നേടാൻ നമുക്ക് എന്തു ചെയ്യാം?
5 ദൈവവചനത്തിൽനിന്ന് പരമാവധി പ്രയോജനം നേടണമെങ്കിൽ നമ്മൾ തിരക്കുപിടിക്കാതെ സമയമെടുത്ത് ബൈബിൾ വായിക്കുകയും പഠിക്കുകയും ധ്യാനിക്കുകയും ചെയ്യണം. ബൈബിൾ വായിക്കുമ്പോൾ ഏതെങ്കിലും ഒരു വാക്യത്തിന്റെ അർഥം മനസ്സിലായില്ലെങ്കിൽ, അതു വിട്ടുകളഞ്ഞേക്കാം എന്നു വിചാരിക്കരുത്. പകരം, യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായിയോ വാച്ച്ടവർ പ്രസിദ്ധീകരണ സൂചികയോ (ഇംഗ്ലീഷ്) ഉപയോഗിച്ച് ആ വാക്യത്തിന്റെ അർഥം മനസ്സിലാക്കാൻ ശ്രമിക്കുക. ഇങ്ങനെ സമയമെടുത്ത് പഠിച്ചാൽ ബൈബിളിൽ പറയുന്ന കാര്യങ്ങളെല്ലാം സത്യമാണെന്നു നിങ്ങൾക്കു കൂടുതൽ ഉറപ്പാകും. (1 തെസ്സ. 5:21) ആ ഉറപ്പ് എത്ര ശക്തമാണോ അതനുസരിച്ച് പഠിച്ച കാര്യങ്ങൾ മറ്റുള്ളവരോടു പറയുന്നതു നിങ്ങൾ കൂടുതൽ ആസ്വദിക്കും.
നന്നായി തയ്യാറാകുക
6. ശുശ്രൂഷയ്ക്കുവേണ്ടി നമ്മൾ നന്നായി തയ്യാറാകേണ്ടത് എന്തുകൊണ്ട്?
6 ശുശ്രൂഷയ്ക്കുവേണ്ടി നന്നായി തയ്യാറാകുന്നെങ്കിൽ മറ്റുള്ളവരോടു സംസാരിക്കുമ്പോൾ നമുക്ക് അധികം പിരിമുറുക്കം തോന്നില്ല. ശിഷ്യന്മാരെ പ്രസംഗപ്രവർത്തനത്തിനായി അയയ്ക്കുന്നതിനു മുമ്പ് അതിനുവേണ്ടി തയ്യാറാകാൻ യേശു അവരെ സഹായിച്ചു. (ലൂക്കോ. 10:1-11) യേശു പഠിപ്പിച്ച കാര്യങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിച്ചതുകൊണ്ട് ശിഷ്യന്മാർക്കു ധാരാളം കാര്യങ്ങൾ ചെയ്യാനായി. അവരുടെ മനസ്സു സന്തോഷംകൊണ്ട് നിറഞ്ഞു.—ലൂക്കോ. 10:17.
7. ശുശ്രൂഷയ്ക്കുവേണ്ടി നമുക്ക് എങ്ങനെ തയ്യാറാകാം? (ചിത്രവും കാണുക.)
7 നമുക്ക് എങ്ങനെ ശുശ്രൂഷയ്ക്കുവേണ്ടി തയ്യാറാകാം? ആളുകളോട് എന്തു പറയണമെന്നും സ്വാഭാവികതയോടെ, സ്വന്തം വാക്കുകളിൽ അത് എങ്ങനെ പറയണമെന്നും നേരത്തേതന്നെ ചിന്തിച്ച് വെക്കുക. നമ്മൾ സംസാരിക്കുമ്പോൾ അവർ പ്രതികരിക്കാൻ സാധ്യതയുള്ള രണ്ടോ മൂന്നോ വിധങ്ങളെക്കുറിച്ചും അതിന് എന്തു മറുപടി കൊടുക്കുമെന്നും മുന്നമേ ചിന്തിക്കുന്നതു നല്ലതാണ്. എന്നിട്ട് ആളുകളോടു സംസാരിക്കുമ്പോൾ ശാന്തമായി, പുഞ്ചിരിയോടെ നിൽക്കാൻ ശ്രമിക്കുക.
8. ക്രിസ്ത്യാനികൾ പൗലോസിന്റെ ദൃഷ്ടാന്തത്തിലെ മൺപാത്രങ്ങൾപോലെ ആയിരിക്കുന്നത് എങ്ങനെ?
8 അപ്പോസ്തലനായ പൗലോസ് പ്രസംഗപ്രവർത്തനത്തെക്കുറിച്ച് സഹക്രിസ്ത്യാനികളോട് ഇങ്ങനെ പറഞ്ഞു: “ഞങ്ങളുടെ കാര്യത്തിൽ ഈ അമൂല്യനിധി മൺപാത്രങ്ങളിലാണ്.” (2 കൊരി. 4:7) എന്താണ് ഈ അമൂല്യനിധി? രാജ്യസന്ദേശം അറിയിച്ചുകൊണ്ട് ആളുകളുടെ ജീവൻ രക്ഷിക്കുന്ന പ്രവർത്തനമാണ് അത്. (2 കൊരി. 4:1) മൺപാത്രങ്ങളോ? ആളുകളെ സന്തോഷവാർത്ത അറിയിക്കുന്ന ദൈവദാസരെയാണ് അത് അർഥമാക്കുന്നത്. പൗലോസിന്റെ കാലത്ത് വ്യാപാരികൾ ഭക്ഷണം, വീഞ്ഞ്, പണം പോലുള്ള വിലയേറിയ വസ്തുക്കൾ കൊണ്ടുപോയിരുന്നത് മൺപാത്രങ്ങളിലാണ്. അതുപോലെ സന്തോഷവാർത്തയാകുന്ന വിലയേറിയ സന്ദേശം യഹോവ ഏൽപ്പിച്ചിരിക്കുന്നതു നമ്മളെയാണ്. ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിക്കാൻവേണ്ട ശക്തി യഹോവ തുടർന്നും നമുക്കു തരും.
ധൈര്യത്തിനുവേണ്ടി പ്രാർഥിക്കുക
9. ആളുകൾ ശുശ്രൂഷയെ എതിർക്കുമോ എന്ന പേടി നമുക്ക് എങ്ങനെ മറികടക്കാം? (ചിത്രവും കാണുക.)
9 ചിലപ്പോൾ, ആളുകൾ നമ്മുടെ ശുശ്രൂഷയെ എതിർക്കുമോ എന്നു നമുക്കു പേടി തോന്നിയേക്കാം. അതിനെ എങ്ങനെ മറികടക്കാനാകും? പ്രസംഗിക്കരുതെന്ന് അപ്പോസ്തലന്മാരോടു കല്പിച്ചപ്പോൾ അവർ എന്താണു ചെയ്തെന്നു ചിന്തിക്കുക. പേടിച്ച് പ്രസംഗപ്രവർത്തനം നിറുത്തിക്കളയുന്നതിനു പകരം ദൈവത്തിന്റെ “വചനം പൂർണധൈര്യത്തോടെ പ്രസംഗിച്ചുകൊണ്ടിരിക്കാൻ” സഹായിക്കണേ എന്ന് അവർ യഹോവയോടു പ്രാർഥിച്ചു. (പ്രവൃ. 4:18, 29, 31) യഹോവ പെട്ടെന്നുതന്നെ അവരുടെ പ്രാർഥനയ്ക്ക് ഉത്തരം കൊടുത്തു. ഇതുപോലെ ചിലപ്പോഴൊക്കെ നമുക്കും മാനുഷഭയം തോന്നുന്നെങ്കിൽ സഹായത്തിനായി യഹോവയോടു പ്രാർഥിക്കണം. ആളുകളെ പേടിക്കുന്നതിനു പകരം അവരോടുള്ള സ്നേഹം ശക്തമാക്കാൻ സഹായിക്കണേ എന്നു നമുക്കു പ്രാർഥിക്കാം.
10. തന്റെ സാക്ഷികളായിരിക്കാനുള്ള നിയമനം നിറവേറ്റാൻ യഹോവ ഏതെല്ലാം വിധങ്ങളിലാണു നമ്മളെ സഹായിക്കുന്നത്? (യശയ്യ 43:10-12)
10 യഹോവ തന്റെ സാക്ഷികളായി നമ്മളെ നിയമിച്ചിരിക്കുകയാണ്. (യശയ്യ 43:10-12 വായിക്കുക.) ധൈര്യത്തോടെ ആ നിയമനം നിറവേറ്റാൻ നമ്മളെ സഹായിക്കുമെന്ന് യഹോവ ഉറപ്പും തന്നിട്ടുണ്ട്. യഹോവ അതു ചെയ്യുന്ന നാലു വിധങ്ങൾ നമുക്കു നോക്കാം. ഒന്ന്, സന്തോഷവാർത്ത പ്രസംഗിക്കുമ്പോഴെല്ലാം യേശു നമ്മുടെ കൂടെയുണ്ടായിരിക്കും. (മത്താ. 28:18-20) രണ്ട്, നമ്മളെ സഹായിക്കാൻ ദൂതന്മാരെ യഹോവ നൽകിയിട്ടുണ്ട്. (വെളി. 14:6) മൂന്ന്, പഠിച്ച കാര്യങ്ങൾ ഓർമയിലേക്കു കൊണ്ടുവരാൻ യഹോവ നമുക്കു പരിശുദ്ധാത്മാവിനെ തരും. (യോഹ. 14:25, 26) നാല്, നമ്മുടെ കൂട്ടിന് സഹോദരങ്ങളെയും തന്നിട്ടുണ്ട്. യഹോവയുടെ സഹായവും സഹോദരങ്ങളുടെ പിന്തുണയും ഉള്ളതുകൊണ്ട് നമുക്കു ധൈര്യത്തോടെ പ്രസംഗപ്രവർത്തനവുമായി മുന്നോട്ടുപോകാൻ കഴിയും.
വഴക്കമുള്ളവരായിരിക്കുക, ശരിയായ വീക്ഷണം നിലനിറുത്തുക
11. ശുശ്രൂഷയിൽ കൂടുതൽ ആളുകളോടു സംസാരിക്കാൻ നമുക്ക് എന്തു ചെയ്യാം? (ചിത്രവും കാണുക.)
11 വീടുകളിൽ ചെല്ലുമ്പോൾ അവിടെ ആളില്ലെങ്കിൽ നിങ്ങൾക്കു വിഷമം തോന്നാറുണ്ടോ? അങ്ങനെയെങ്കിൽ ചിന്തിക്കുക: ‘എന്റെ പ്രദേശത്തെ ആളുകൾ ഈ സമയത്ത് എവിടെയായിരിക്കും?’ (പ്രവൃ. 16:13) ‘അവർ ജോലിസ്ഥലത്താണോ? അതോ സാധനങ്ങൾ വാങ്ങാൻ പോയിരിക്കുകയാണോ?’ എങ്കിൽ, തെരുവുസാക്ഷീകരണം നടത്തിക്കൊണ്ട് കൂടുതൽ ആളുകളെ കണ്ടെത്താൻ നിങ്ങൾക്കാകുമോ? ജോഷ്വ എന്നു പേരുള്ള ഒരു സഹോദരൻ പറയുന്നു: “ഷോപ്പിങ് മാളുകളിലും മറ്റു പൊതുസ്ഥലങ്ങളിലും ആളുകളോടു സന്തോഷവാർത്ത അറിയിക്കാനുള്ള അവസരങ്ങൾ ഞാൻ കണ്ടെത്തി.” ഇനി, സായാഹ്നങ്ങളിലും ഞായറാഴ്ച ഉച്ചകഴിഞ്ഞും കൂടുതൽ ആളുകളെ വീടുകളിൽ കണ്ടെത്താനാകുമെന്നു സഹോദരനും ഭാര്യ ബ്രിജിറ്റും മനസ്സിലാക്കി.—എഫെ. 5:15, 16.
12. ആളുകളുടെ വിശ്വാസങ്ങളും അവർക്കു താത്പര്യമുള്ള വിഷയങ്ങളും നമുക്ക് എങ്ങനെ മനസ്സിലാക്കാം?
12 നമ്മുടെ പ്രദേശത്തെ ആളുകൾ രാജ്യസന്ദേശത്തോടു താത്പര്യം കാണിക്കുന്നില്ലെങ്കിൽ, അവരുടെ വിശ്വാസങ്ങൾ എന്താണെന്നും അവർ ചിന്തിക്കുന്ന വിഷയങ്ങൾ എന്തൊക്കെയാണെന്നും മനസ്സിലാക്കാൻ ശ്രമിക്കുക. അതിനായി ജോഷ്വയും ബ്രിജിറ്റും നമ്മുടെ ലഘുലേഖകളുടെ ആദ്യപേജിലുള്ള ചോദ്യം ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന്, ബൈബിൾ ഏതുതരം പുസ്തകമാണ്? എന്ന ലഘുലേഖ ഉപയോഗിക്കുമ്പോൾ അവർ ചോദിക്കും: “പല ആളുകളും ബൈബിളിനെ ദൈവത്തിൽനിന്നുള്ള ഒരു പുസ്തകമായി കാണുന്നു. എന്നാൽ മറ്റു ചിലർക്ക് അങ്ങനെ തോന്നുന്നില്ല. നിങ്ങളുടെ അഭിപ്രായം എന്താണ്?” മിക്കപ്പോഴും ഇത് നല്ലൊരു സംഭാഷണമായി മാറാറുണ്ട്.
13. ആളുകൾ സന്ദേശം ശ്രദ്ധിക്കുന്നില്ലെങ്കിലും ശുശ്രൂഷയെ നമുക്കൊരു വിജയമായി കാണാനാകുന്നത് എന്തുകൊണ്ട്? (സുഭാഷിതങ്ങൾ 27:11)
13 നമുക്കു കിട്ടുന്ന ഫലത്തിന്റെ അടിസ്ഥാനത്തിലല്ല ശുശ്രൂഷയുടെ വിജയം അളക്കുന്നത്. കാരണം, ആളുകൾ സന്ദേശം ശ്രദ്ധിക്കുന്നില്ലെങ്കിലും യഹോവയും യേശുവും പറഞ്ഞ കാര്യം നമ്മൾ ചെയ്യുകയാണ്, നമ്മൾ ഒരു സാക്ഷ്യം കൊടുക്കുകയാണ്. (പ്രവൃ. 10:42) അതുകൊണ്ട് ശുശ്രൂഷയിൽ ആരെയും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും ആളുകൾ നല്ല രീതിയിൽ പ്രതികരിച്ചില്ലെങ്കിലും നമുക്കു സന്തോഷിക്കാം. കാരണം നമുക്ക് അറിയാം, നമ്മൾ സ്വർഗീയപിതാവിനെ സന്തോഷിപ്പിക്കുകയാണെന്ന്.—സുഭാഷിതങ്ങൾ 27:11 വായിക്കുക.
14. പ്രദേശത്ത് മറ്റൊരു പ്രചാരകനു താത്പര്യമുള്ള ഒരാളെ കണ്ടെത്താൻ കഴിഞ്ഞാൽ നമുക്കു സന്തോഷിക്കാവുന്നത് എന്തുകൊണ്ട്?
14 മറ്റൊരു പ്രചാരകൻ നമ്മുടെ സഭാപ്രദേശത്ത് താത്പര്യമുള്ള ഒരാളെ കണ്ടെത്തുമ്പോഴും നമുക്കു സന്തോഷിക്കാം. മുമ്പ് വീക്ഷാഗോപുരത്തിൽ, നമ്മുടെ പ്രവർത്തനത്തെ കാണാതെപോയ ഒരു കുട്ടിയെ അന്വേഷിക്കുന്നതിനോടു താരതമ്യപ്പെടുത്തിയിട്ടുണ്ട്. കുട്ടിക്കുവേണ്ടി പല ആളുകൾ തിരച്ചിൽ നടത്തും. ഒരാൾ ഒരു ഭാഗത്താണു തിരയുന്നതെങ്കിൽ വേറെ ഒരാൾ വേറൊരു ഭാഗത്തായിരിക്കും. കുട്ടിയെ കണ്ടുകിട്ടുമ്പോൾ കണ്ടെത്തിയ ആൾ മാത്രമല്ല എല്ലാവരും ഒരുപോലെ സന്തോഷിക്കും. ഇതുപോലെ ശിഷ്യരാക്കൽ വേലയും കൂട്ടായൊരു പ്രവർത്തനമാണ്. എല്ലാവരും ഒരുമിച്ച് ശ്രമിച്ചാലേ പ്രദേശം പ്രവർത്തിച്ച് തീർക്കാനാകൂ. അതുകൊണ്ടുതന്നെ പുതിയ ഒരാൾ മീറ്റിങ്ങിനു വരുമ്പോൾ എല്ലാവരും സന്തോഷിക്കും.
യഹോവയോടും അയൽക്കാരോടും ഉള്ള സ്നേഹം നിങ്ങളെ പ്രചോദിപ്പിക്കട്ടെ
15. നമുക്ക് എങ്ങനെ ശുശ്രൂഷയിലുള്ള ഉത്സാഹം വർധിപ്പിക്കാം? (മത്തായി 22:37-39) ( ചിത്രവും കാണുക.)
15 യഹോവയോടും അയൽക്കാരോടും സ്നേഹം കാണിക്കാൻ കഴിയുന്ന ഏറ്റവും നല്ല മാർഗമാണു പ്രസംഗപ്രവർത്തനമെന്ന് ഓർക്കുന്നതു നമ്മുടെ ഉത്സാഹം വർധിപ്പിക്കും. (മത്തായി 22:37-39 വായിക്കുക.) നമ്മൾ പ്രസംഗപ്രവർത്തനം ചെയ്യുന്നതു കാണുമ്പോൾ യഹോവയ്ക്ക് എത്ര സന്തോഷമാകുമെന്നും ആളുകൾ ബൈബിൾ പഠിക്കാൻ തുടങ്ങുമ്പോൾ അവർക്ക് എത്ര സന്തോഷം തോന്നുമെന്നും ഒന്ന് ചിന്തിച്ചുനോക്കുക. ഇനി, നമ്മുടെ സന്ദേശം ശ്രദ്ധിക്കുന്നത് ആളുകളെ രക്ഷയിലേക്കു നയിക്കുമെന്ന കാര്യവും മറക്കരുത്.—യോഹ. 6:40; 1 തിമൊ. 4:16.
16. വീട്ടിൽനിന്ന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണെങ്കിലും ശുശ്രൂഷയിൽ സന്തോഷം കണ്ടെത്താൻ നമുക്ക് എന്തു ചെയ്യാം? ഉദാഹരണങ്ങൾ പറയുക.
16 എന്തെങ്കിലും കാരണത്താൽ വീട്ടിൽനിന്ന് പുറത്തിറങ്ങാൻ പറ്റാത്ത ഒരു അവസ്ഥയിലാണോ നിങ്ങൾ? എങ്കിൽ, യഹോവയോടും അയൽക്കാരോടും ഉള്ള സ്നേഹം പ്രകടിപ്പിക്കാൻ എന്തു ചെയ്യാനാകുമെന്നു ചിന്തിക്കുക. കോവിഡ്-19 മഹാമാരിയുടെ സമയത്ത് സാമുവലിനും ഭാര്യ ഡാനിയയ്ക്കും വീട്ടിൽനിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ബുദ്ധിമുട്ടു നിറഞ്ഞ ഈ സാഹചര്യങ്ങളിലെല്ലാം അവർ പതിവായി ടെലിഫോണിലൂടെയും കത്തിലൂടെയും സാക്ഷീകരിച്ചു. സൂമിലൂടെ ബൈബിൾപഠനങ്ങളും നടത്തി. തന്റെ ക്യാൻസർ ചികിത്സയ്ക്കുവേണ്ടി ആശുപത്രിയിൽ പോകുമ്പോഴൊക്കെ സാമുവൽ അവിടെയുള്ളവരോടു സാക്ഷീകരിക്കുമായിരുന്നു. അതിനിടയിലാണു ഡാനിയ വീണ് മൂന്നു മാസം കിടപ്പിലായത്. അതിനു ശേഷം ആറു മാസം വീൽച്ചെയറിലും ആയിരുന്നു. ഡാനിയ പറയുന്നു: “എന്റെ സാഹചര്യത്തിൽനിന്നുകൊണ്ട് ചെയ്യാൻ കഴിയുന്നതെല്ലാം ഞാൻ ചെയ്തു. എന്നെ സഹായിച്ച നഴ്സിനോടും സാധനങ്ങൾ എത്തിച്ച് തന്ന ആളുകളോടും ഒക്കെ ഞാൻ സാക്ഷീകരിച്ചു. ഒരു മെഡിക്കൽ കമ്പനിയിൽ ജോലി ചെയ്യുന്ന സ്ത്രീയുമായി നല്ല സംഭാഷണങ്ങൾ നടത്താനും എനിക്കു കഴിഞ്ഞു.” സാമുവൽ പറയുന്നു: “കഷ്ടപ്പാടുകൾ വരുമ്പോൾ നമ്മൾ ക്ഷീണിതരാകും, മാനസികമായും ആത്മീയമായും തളരും. അതുകൊണ്ട് യഹോവയുടെ സേവനത്തിൽ സന്തോഷം കണ്ടെത്താൻ നമ്മൾ ശ്രമിക്കണം.” സാഹചര്യങ്ങൾ കാരണം സാമുവലിനും ഡാനിയയ്ക്കും മുമ്പത്തെ അത്രയും ചെയ്യാൻ കഴിയില്ലായിരുന്നെങ്കിലും തങ്ങളെക്കൊണ്ട് ആകുന്നതുപോലെ ചെയ്തുകൊണ്ട് അവർ സന്തോഷം കണ്ടെത്തി.
17. ഈ ലേഖനത്തിലെ നിർദേശങ്ങളിൽനിന്ന് പരമാവധി പ്രയോജനം നേടാൻ നമ്മൾ എന്തു ചെയ്യണം?
17 ഈ ലേഖനത്തിലെ ഓരോ നിർദേശവും പാചകക്കുറിപ്പിലെ ഓരോ ചേരുവപോലെയാണ്. എല്ലാ ചേരുവകളും ചേർത്ത് പാകം ചെയ്യുമ്പോഴാണു ഭക്ഷണത്തിനു രുചി വരുന്നത്. അതുപോലെ ഈ ലേഖനത്തിലെ അഞ്ചു നിർദേശങ്ങളും പ്രാവർത്തികമാക്കുമ്പോഴാണു നമുക്ക് അതിന്റെ പ്രയോജനം മുഴുവനായി കിട്ടുക. അപ്പോൾ തെറ്റായ ചിന്തകളെ മറികടക്കാനും ശുശ്രൂഷയിൽ സന്തോഷം കണ്ടെത്താനും നമുക്കു കഴിയും.
ശുശ്രൂഷയിലെ സന്തോഷം വർധിപ്പിക്കാൻ താഴെ പറയുന്ന കാര്യങ്ങൾ എങ്ങനെയാണു സഹായിക്കുന്നത്?
നന്നായി തയ്യാറാകാൻ സമയമെടുക്കുന്നത്
ധൈര്യത്തിനായി പ്രാർഥിക്കുന്നത്
യഹോവയോടും അയൽക്കാരോടും ഉള്ള സ്നേഹത്തെക്കുറിച്ച് ചിന്തിക്കുന്നത്
ഗീതം 80 “യഹോവ നല്ലവനെന്നു രുചിച്ചറിയൂ!”