പഠനലേഖനം 25
ഗീതം 7 യഹോവ നമ്മുടെ ബലം
യഹോവ ‘ജീവനുള്ള ദൈവമാണെന്ന്’ ഓർക്കുക
“യഹോവ ജീവനുള്ളവൻ!”—സങ്കീ. 18:46.
ഉദ്ദേശ്യം
നമ്മൾ ആരാധിക്കുന്ന ദൈവം ‘ജീവനുള്ള ദൈവമാണെന്ന്’ ഓർക്കുന്നതുകൊണ്ട് നമുക്കു ധാരാളം പ്രയോജനങ്ങളുണ്ട്.
1. പ്രശ്നങ്ങളൊക്കെയുണ്ടെങ്കിലും യഹോവയെ ആരാധിക്കുന്നതിൽ തുടരാൻ നമ്മളെ സഹായിക്കുന്നത് എന്താണ്?
“ബുദ്ധിമുട്ടു നിറഞ്ഞ സമയങ്ങൾ” എന്നാണ് ബൈബിൾ നമ്മുടെ കാലത്തെ വിളിക്കുന്നത്. (2 തിമൊ. 3:1) പൊതുവേ ആളുകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്കു പുറമേ ദൈവജനത്തിന് എതിർപ്പും ഉപദ്രവവും ഒക്കെ സഹിക്കേണ്ടിവരുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും യഹോവയെ ആരാധിക്കുന്നതിൽ തുടരാൻ നമുക്കു കഴിയുന്നത് എന്തുകൊണ്ടാണ്? അതിനു നമ്മളെ സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു കാര്യം യഹോവ ‘ജീവനുള്ള ദൈവമാണെന്ന്’ മനസ്സിലാക്കിയതാണ്.—യിരെ. 10:10; 2 തിമൊ. 1:12.
2. യഹോവ ജീവനുള്ള ദൈവമാണെന്നു പറഞ്ഞിരിക്കുന്നതിന്റെ അർഥമെന്താണ്?
2 പ്രശ്നങ്ങളുണ്ടാകുമ്പോൾ നമ്മളെ താങ്ങിനിറുത്തുന്ന, ഏതു സമയത്തും സഹായിക്കാനായി ഒരുങ്ങിനിൽക്കുന്ന ഒരു യഥാർഥവ്യക്തിയാണ് യഹോവ. (2 ദിന. 16:9; സങ്കീ. 23:4) യഹോവയെ ഈ വിധത്തിൽ ജീവനുള്ള ദൈവമായി കാണുന്നെങ്കിൽ എന്തു പ്രശ്നമുണ്ടായാലും അതിനെ വിജയകരമായി നേരിടാൻ നമുക്കാകും. അങ്ങനെ ചെയ്ത ഒരാളാണ് ദാവീദ് രാജാവ്.
3. “യഹോവ ജീവനുള്ളവൻ” എന്നു പറഞ്ഞപ്പോൾ ദാവീദ് എന്താണ് അർഥമാക്കിയത്?
3 യഹോവയെ നന്നായി അറിയാമായിരുന്നതുകൊണ്ട് ദാവീദ് യഹോവയിൽ ആശ്രയിച്ചു. ശൗൽ രാജാവ് ഉൾപ്പെടെയുള്ള ശത്രുക്കൾ ദാവീദിനെ കൊല്ലാനായി പിന്തുടർന്നപ്പോൾ അദ്ദേഹം യഹോവയോടു സഹായത്തിനായി പ്രാർഥിച്ചു. (സങ്കീ. 18:6) ദൈവം ആ പ്രാർഥന കേൾക്കുകയും ദാവീദിനെ രക്ഷിക്കുകയും ചെയ്തു. അപ്പോൾ ദാവീദ് ഇങ്ങനെ പറഞ്ഞു: “യഹോവ ജീവനുള്ളവൻ!” (സങ്കീ. 18:46) ഈ വാക്കുകൾ പറഞ്ഞപ്പോൾ ദൈവം ശരിക്കും ഉണ്ട് എന്നു മാത്രമല്ല ദാവീദ് ഉദ്ദേശിച്ചത്. “ജീവനുള്ള ദൈവമെന്ന നിലയിൽ യഹോവ തന്റെ ജനത്തിനുവേണ്ടി എപ്പോഴും പ്രവർത്തിക്കും” എന്ന ബോധ്യമാണു ദാവീദിന്റെ ഈ വാക്കുകളിൽ കാണുന്നത് എന്ന് സങ്കീർത്തനങ്ങളെക്കുറിച്ചുള്ള ഒരു പുസ്തകം പറയുന്നു. യഹോവ ജീവനുള്ള ദൈവമാണെന്നു സ്വന്തം അനുഭവങ്ങളിൽനിന്ന് ദാവീദ് മനസ്സിലാക്കിയിരുന്നു. ഈ ബോധ്യം, തുടർന്നും യഹോവയെ സേവിക്കാനും സ്തുതിക്കാനും ദാവീദിനെ പ്രേരിപ്പിച്ചു.—സങ്കീ. 18:28, 29, 49.
4. യഹോവ ജീവനുള്ള ദൈവമാണെന്ന ബോധ്യം നമ്മളെ എങ്ങനെയൊക്കെ സഹായിക്കും?
4 യഹോവ ജീവനുള്ള ദൈവമാണെന്ന ബോധ്യം തീക്ഷ്ണതയോടെ ദൈവത്തെ സേവിക്കാൻ നമ്മളെ സഹായിക്കും. അതു പരിശോധനകൾ സഹിച്ചുനിൽക്കാൻ ആവശ്യമായ ശക്തി നമുക്കു നൽകും. ദൈവസേവനത്തിൽ കഠിനാധ്വാനം ചെയ്യാനും എപ്പോഴും യഹോവയോട് അടുത്തുനിൽക്കാനും ആ ബോധ്യം നമ്മളെ പ്രേരിപ്പിക്കും.
ജീവനുള്ള ദൈവം നിങ്ങൾക്കുവേണ്ട ശക്തി തരും
5. പ്രശ്നങ്ങളുണ്ടാകുമ്പോൾ നമ്മൾ പേടിക്കേണ്ടതില്ലാത്തത് എന്തുകൊണ്ട്? (ഫിലിപ്പിയർ 4:13)
5 യഹോവ ജീവനുള്ള ദൈവമാണെന്നും നമ്മളെ സഹായിക്കാനായി എപ്പോഴും കൂടെയുണ്ടെന്നും ഓർക്കുന്നെങ്കിൽ, ചെറുതോ വലുതോ ആയ ഏതൊരു പ്രശ്നവും നമുക്ക് സഹിച്ചുനിൽക്കാനാകും. യഹോവയ്ക്കു സഹായിക്കാൻ കഴിയാത്തത്ര വലുതല്ല ഒരു പ്രശ്നവും. യഹോവ സർവശക്തനാണ്. സഹിച്ചുനിൽക്കാൻവേണ്ട ശക്തി നമുക്കു തരാൻ യഹോവയ്ക്കു കഴിയും. (ഫിലിപ്പിയർ 4:13 വായിക്കുക.) അതുകൊണ്ട് പ്രശ്നങ്ങൾ നേരിടുമ്പോൾ നമ്മൾ ഒട്ടും പേടിക്കേണ്ട ആവശ്യമില്ല. ചെറിയ പ്രശ്നങ്ങൾപ്പോലും നേരിടാൻ യഹോവ നമ്മളെ സഹായിക്കുന്നതു കാണുമ്പോൾ, വലിയ പ്രശ്നങ്ങളുടെ സമയത്തും യഹോവ കൂടെയുണ്ടാകും എന്ന നമ്മുടെ ഉറപ്പ് ശക്തമാകും.
6. ദാവീദിന്റെ ജീവിതത്തിലുണ്ടായ ഏതെല്ലാം അനുഭവങ്ങൾ യഹോവയിലുള്ള അദ്ദേഹത്തിന്റെ വിശ്വാസം കൂട്ടി?
6 യഹോവയിലുള്ള ദാവീദിന്റെ വിശ്വാസം കൂട്ടിയ രണ്ട് അനുഭവങ്ങൾ നോക്കാം. ദാവീദ് ഒരു ഇടയബാലനായിരുന്ന സമയത്ത്, ഒരിക്കൽ ഒരു സിംഹവും മറ്റൊരിക്കൽ ഒരു കരടിയും ആട്ടിൻകൂട്ടത്തിൽനിന്ന് ആടിനെ പിടിച്ചുകൊണ്ടുപോയി. ഈ രണ്ടു സമയങ്ങളിലും ദാവീദ് ധൈര്യത്തോടെ അവയുടെ പിന്നാലെ ചെന്ന് ആടിനെ രക്ഷിച്ചു. എന്നാൽ തന്റെ സ്വന്തം കഴിവുകൊണ്ടാണ് അങ്ങനെയൊക്കെ ചെയ്തതെന്ന് ദാവീദ് ഒരിക്കലും ചിന്തിച്ചില്ല. യഹോവയാണു ശക്തി തന്നതെന്നു ദാവീദിന് അറിയാമായിരുന്നു. (1 ശമു. 17:34-37) ഈ അനുഭവങ്ങൾ അദ്ദേഹം ഒരിക്കലും മറന്നില്ല. അതെക്കുറിച്ച് എപ്പോഴും ചിന്തിച്ചതുകൊണ്ട് ജീവനുള്ള ദൈവം ഭാവിയിലും തനിക്കുവേണ്ട ശക്തി തരുമെന്ന് ദാവീദിന് ഉറപ്പ് കിട്ടി.
7. ശരിയായ ഒരു വീക്ഷണമുണ്ടായിരുന്നത് ഗൊല്യാത്തിനെ നേരിടാൻ ദാവീദിനെ സഹായിച്ചത് എങ്ങനെയാണ്?
7 സാധ്യതയനുസരിച്ച് കൗമാരത്തിൽത്തന്നെയായിരുന്ന ദാവീദിന്റെ ജീവിതത്തിൽ മറ്റൊരു അനുഭവമുണ്ടായി. ദാവീദ് ഒരിക്കൽ ഇസ്രായേൽസൈന്യത്തിന്റെ പാളയത്തിലേക്കു ചെന്നപ്പോൾ അവിടെയുള്ള പടയാളികൾ പേടിച്ച് നിൽക്കുന്നതു കണ്ടു. അതിനു കാരണം ഗൊല്യാത്ത് എന്നു പേരുള്ള ഭീമാകാരനായ ഒരു ഫെലിസ്ത്യൻ ‘ഇസ്രായേൽപടനിരയെ വെല്ലുവിളിച്ചതായിരുന്നു.’ (1 ശമു. 17:10, 11) അയാളുടെ വലുപ്പത്തിലും കളിയാക്കലിലും ആയിരുന്നു പടയാളികൾ ശ്രദ്ധിച്ചത്. അതുകൊണ്ട് അവർ പേടിച്ചുപോയി. (1 ശമു. 17:24, 25) പക്ഷേ, ദാവീദ് ആ സാഹചര്യത്തെ കണ്ടതു വേറൊരു രീതിയിലാണ്. ഫെലിസ്ത്യൻ വെറുതേ ഇസ്രായേൽസൈന്യത്തെ വെല്ലുവിളിക്കുന്നതായല്ല, ‘ജീവനുള്ള ദൈവത്തെ’ വെല്ലുവിളിക്കുന്നതായിട്ടാണ് ദാവീദ് കണ്ടത്. (1 ശമു. 17:26) യഹോവയെക്കുറിച്ചാണു ദാവീദ് ചിന്തിച്ചത്. ഒരു ഇടയനായിരുന്നപ്പോൾ തന്നെ സഹായിച്ച ദൈവം, ഇപ്പോഴും തന്നെ സഹായിക്കുമെന്ന് ദാവീദ് ഉറച്ച് വിശ്വസിച്ചു. ആ ഉറപ്പുണ്ടായിരുന്നതുകൊണ്ട് ദാവീദ് ഗൊല്യാത്തിന്റെ നേരെ ചെല്ലുകയും വിജയിക്കുകയും ചെയ്തു!—1 ശമു. 17:45-51.
8. പ്രശ്നങ്ങളുടെ സമയത്ത് യഹോവ കൂടെയുണ്ടാകും എന്ന ബോധ്യം ശക്തമാക്കാൻ എന്തു സഹായിക്കും? (ചിത്രവും കാണുക.)
8 ജീവനുള്ള ദൈവം നമ്മളെ സഹായിക്കാനായി ഒരുങ്ങിനിൽക്കുകയാണ് എന്ന് ഓർക്കുന്നെങ്കിൽ പ്രശ്നങ്ങളെ വിജയകരമായി നേരിടാൻ നമുക്കും കഴിയും. (സങ്കീ. 118:6) ആ ബോധ്യം ശക്തമാക്കാൻ യഹോവ മുമ്പു ചെയ്ത കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചാൽ മതി. ഉദാഹരണത്തിന്, യഹോവ തന്റെ ആരാധകരെ രക്ഷിച്ചതിനെക്കുറിച്ചുള്ള ബൈബിൾവിവരണങ്ങൾ വായിക്കുക. (യശ. 37:17, 33-37) ഇനി, ഇന്ന് ദൈവം നമ്മുടെ സഹോദരങ്ങളെ സഹായിക്കുന്നതിന്റെ അനുഭവങ്ങൾ jw.org-ൽ നോക്കാനാകും. അതുപോലെ യഹോവ നിങ്ങൾക്കുവേണ്ടി പ്രവർത്തിച്ചതിനെക്കുറിച്ച് ചിന്തിക്കാനും സമയമെടുക്കുക. ഒരുപക്ഷേ സിംഹത്തിന്റെയും കരടിയുടെയും കൈയിൽനിന്ന് രക്ഷിച്ചതുപോലുള്ള വലിയ കാര്യങ്ങളൊന്നും നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ചിട്ടില്ല എന്നായിരിക്കും നിങ്ങൾക്കു തോന്നുന്നത്. പക്ഷേ ശരിക്കും യഹോവ നിങ്ങൾക്കുവേണ്ടി ഒരുപാടു കാര്യങ്ങൾ ചെയ്തിട്ടുണ്ട്. നിങ്ങളെ തന്നിലേക്ക് ആകർഷിച്ചു; തന്റെ സുഹൃത്താകാൻ അനുവദിച്ചു! (യോഹ. 6:44) ഇപ്പോഴും സത്യത്തിൽത്തന്നെ തുടരാൻ നിങ്ങളെ സഹായിക്കുന്നതും യഹോവയാണ്. ദൈവം നിങ്ങളുടെ പ്രാർഥന കേൾക്കുകയും, വേണ്ട സമയത്ത് സഹായം നൽകുകയും, പ്രശ്നങ്ങളുണ്ടായപ്പോൾ താങ്ങിനിറുത്തുകയും ചെയ്ത സന്ദർഭങ്ങൾ ഓർക്കാൻ സഹായിക്കണേ എന്നു പ്രാർഥിക്കുക. അത്തരം അനുഭവങ്ങളെക്കുറിച്ച് ചിന്തിക്കുന്നത്, തുടർന്നും യഹോവ നിങ്ങൾക്കുവേണ്ടി പ്രവർത്തിക്കും എന്ന ബോധ്യം ശക്തമാക്കും.
9. പ്രശ്നങ്ങളുണ്ടാകുമ്പോൾ ഏതു കാര്യത്തെക്കുറിച്ച് നമ്മൾ ചിന്തിക്കണം? (സുഭാഷിതങ്ങൾ 27:11)
9 യഹോവയെ ജീവനുള്ള ദൈവമായി കാണുമ്പോൾ നമുക്കു നേരിടുന്ന പരിശോധനകളെക്കുറിച്ച് നമുക്കൊരു ശരിയായ വീക്ഷണമുണ്ടായിരിക്കും. അത് എങ്ങനെയാണ്? നമ്മുടെ പ്രശ്നത്തെ യഹോവയും സാത്താനും ഉൾപ്പെട്ട വലിയൊരു പ്രശ്നത്തിന്റെ ഭാഗമായി നമ്മൾ കാണാൻതുടങ്ങും. പ്രശ്നങ്ങളുണ്ടാകുമ്പോൾ നമ്മൾ യഹോവയെ ഉപേക്ഷിക്കുമെന്നാണു സാത്താൻ പറയുന്നത്. (ഇയ്യോ. 1:10, 11; സുഭാഷിതങ്ങൾ 27:11 വായിക്കുക.) എന്നാൽ യഹോവയോടു വിശ്വസ്തരായി നിൽക്കുമ്പോൾ നമ്മൾ യഹോവയെ സ്നേഹിക്കുന്നെന്നും സാത്താൻ ഒരു നുണയനാണെന്നും തെളിയിക്കുകയാണ്. നിങ്ങൾ ഇപ്പോൾ ഗവൺമെന്റിന്റെ എതിർപ്പോ സാമ്പത്തികബുദ്ധിമുട്ടോ ശുശ്രൂഷയിലെ മോശം പ്രതികരണമോ അല്ലെങ്കിൽ അതുപോലുള്ള മറ്റ് ഏതെങ്കിലും പ്രശ്നങ്ങളോ നേരിടുന്നുണ്ടോ? എങ്കിൽ, അവയെയെല്ലാം യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കാനുള്ള അവസരങ്ങളായി കാണുക. നിങ്ങൾക്കു സഹിക്കാൻ പറ്റാത്തത്ര വലിയ പ്രശ്നം നേരിടാൻ യഹോവ ഒരിക്കലും അനുവദിക്കില്ലെന്ന് ഓർക്കുക. (1 കൊരി. 10:13) പ്രശ്നങ്ങളുണ്ടാകുമ്പോൾ സഹിച്ചുനിൽക്കാൻ വേണ്ട ശക്തി യഹോവ തരും.
ജീവനുള്ള ദൈവം നിങ്ങൾക്കു പ്രതിഫലം തരും
10. തന്നെ ആരാധിക്കുന്നവർക്കുവേണ്ടി ജീവനുള്ള ദൈവം എന്തു ചെയ്യും?
10 തന്നെ ആരാധിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്ന ദൈവമാണ് യഹോവ. (എബ്രാ. 11:6) ഇപ്പോൾത്തന്നെ യഹോവ സമാധാനവും സന്തോഷവും തരും, ഭാവിയിൽ നിത്യജീവനും. നമുക്കു പ്രതിഫലം നൽകാനുള്ള ആഗ്രഹവും ശക്തിയും യഹോവയ്ക്കുണ്ടെന്നു നമുക്ക് ഉറപ്പാണ്. ആ ബോധ്യം ദൈവസേവനത്തിൽ ഏറ്റവും നല്ലതു കൊടുക്കാൻ നമ്മളെ പ്രേരിപ്പിക്കും. മുമ്പുള്ള ദൈവദാസരും അങ്ങനെ ചെയ്തിട്ടുണ്ട്. അതിൽ ഒരാളാണ് ഒന്നാം നൂറ്റാണ്ടിലെ തിമൊഥെയൊസ്.—എബ്രാ. 6:10-12.
11. സഭയിൽ കഠിനാധ്വാനം ചെയ്യാൻ തിമൊഥെയൊസിനെ പ്രേരിപ്പിച്ചത് എന്താണ്? (1 തിമൊഥെയൊസ് 4:10)
11 1 തിമൊഥെയൊസ് 4:10 വായിക്കുക. ജീവനുള്ള ദൈവത്തിലാണു തിമൊഥെയൊസ് പ്രത്യാശവെച്ചത്. അതുകൊണ്ടാണ് യഹോവയ്ക്കുവേണ്ടിയും മറ്റുള്ളവർക്കുവേണ്ടിയും അദ്ദേഹം കഠിനാധ്വാനം ചെയ്തത്. അദ്ദേഹത്തിന് എന്തെല്ലാം ചെയ്യാനുണ്ടായിരുന്നു? പഠിപ്പിക്കുകയും പരസ്യമായി പ്രസംഗിക്കുകയും ചെയ്യുന്നതിൽ പുരോഗതി വരുത്താൻ അപ്പോസ്തലനായ പൗലോസ് അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. ഇനി, ചെറുപ്പക്കാരും പ്രായമായവരും ഉൾപ്പെടെ സഭയിൽ എല്ലാവർക്കും നല്ലൊരു മാതൃകയായിരിക്കാനും പൗലോസ് തിമൊഥെയൊസിനോടു പറഞ്ഞു. അതുപോലെ ബുദ്ധിമുട്ടുള്ള ചില നിയമനങ്ങളും അദ്ദേഹത്തിനു ചെയ്യാനുണ്ടായിരുന്നു. ആവശ്യമായവർക്കു സ്നേഹത്തോടെ എന്നാൽ ശക്തമായ ബുദ്ധിയുപദേശം കൊടുക്കുന്നതായിരുന്നു അതിലൊന്ന്. (1 തിമൊ. 4:11-16; 2 തിമൊ. 4:1-5) താൻ ചെയ്യുന്ന ഈ കാര്യങ്ങളൊക്കെ വേറെ ആരും കണ്ടില്ലെങ്കിലും, ആരും അഭിനന്ദിച്ചില്ലെങ്കിലും യഹോവ പ്രതിഫലം തരുമെന്നു തിമൊഥെയൊസിന് ഉറപ്പായിരുന്നു.—റോമ. 2:6, 7.
12. കഠിനാധ്വാനം ചെയ്യാൻ മൂപ്പന്മാരെ പ്രേരിപ്പിക്കുന്നത് എന്താണ്? (ചിത്രവും കാണുക.)
12 ഇന്നത്തെ മൂപ്പന്മാർക്കും അവർ ചെയ്യുന്ന എല്ലാ സേവനങ്ങളും യഹോവ കാണുന്നുണ്ടെന്നും വിലമതിക്കുന്നുണ്ടെന്നും ഉറപ്പുണ്ടായിരിക്കാനാകും. അവർ ഇടയസന്ദർശനങ്ങൾ നടത്തുകയും പഠിപ്പിക്കുകയും പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്യുന്നു. അതിനു പുറമേ പല മൂപ്പന്മാരും നിർമാണപദ്ധതികളിൽ പങ്കെടുക്കുകയും ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സഹായിക്കുകയും ചെയ്യുന്നുണ്ട്. ഇനി, രോഗീസന്ദർശന കൂട്ടത്തിലോ ആശുപത്രി ഏകോപനസമിതിയിലോ പ്രവർത്തിക്കുന്നവരും ഉണ്ട്. സഭയുടെ ഇതുപോലുള്ള പ്രവർത്തനങ്ങൾക്കായി തങ്ങളെത്തന്നെ വിട്ടുകൊടുക്കുന്ന മൂപ്പന്മാർക്ക് ഒരു കാര്യം അറിയാം: സഭ ഏതെങ്കിലും മനുഷ്യരുടേതല്ല, യഹോവയുടേതാണ്. അതുകൊണ്ട് അവർ തങ്ങളുടെ നിയമനങ്ങളിൽ കഠിനാധ്വാനം ചെയ്യുന്നു. അവർ ചെയ്യുന്ന സേവനത്തിന് യഹോവ പ്രതിഫലം നൽകുമെന്ന് അവർക്ക് ഉറപ്പാണ്.—കൊലോ. 3:23, 24.
13. യഹോവയ്ക്കുവേണ്ടി നിങ്ങൾ ചെയ്യുന്ന കാര്യങ്ങളെ യഹോവ എങ്ങനെയാണു കാണുന്നത്?
13 സഭയിൽ എല്ലാവർക്കും മൂപ്പന്മാരാകാൻ പറ്റില്ലായിരിക്കാം. പക്ഷേ യഹോവയ്ക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാൻ എല്ലാവർക്കുമാകും. യഹോവയെ സേവിക്കാൻ നമ്മൾ പരമാവധി ശ്രമിക്കുമ്പോൾ ദൈവം അതിൽ സന്തോഷിക്കുന്നു. ലോകവ്യാപക പ്രവർത്തനത്തിനുവേണ്ടി ചെറിയൊരു തുകയാണെങ്കിലും നമ്മൾ സംഭാവന ഇടുമ്പോൾ ദൈവം അതു ശ്രദ്ധിക്കുന്നുണ്ട്. മീറ്റിങ്ങിന് ഉത്തരം പറയാൻ പേടിയും ചമ്മലും ഒക്കെ തോന്നിയിട്ടും നമ്മൾ അതിനുവേണ്ടി നന്നായി ശ്രമിക്കുന്നതു കാണുമ്പോൾ യഹോവ അതിൽ സന്തോഷിക്കുന്നു. അതുപോലെ നമ്മളോടു തെറ്റു ചെയ്ത ഒരാളോടു നമ്മൾ ക്ഷമിക്കുമ്പോൾ അതും യഹോവ വിലയേറിയതായി കാണുന്നുണ്ട്. അതുകൊണ്ട് ദൈവത്തിനുവേണ്ടി ഒരുപാടൊന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ എന്നു നിങ്ങൾക്കു തോന്നിയാലും ചെയ്യാൻ പറ്റുന്നതിന്റെ പരമാവധി ചെയ്യുമ്പോൾ യഹോവ അതു വിലമതിക്കുകയും നിങ്ങളെ സ്നേഹിക്കുകയും ചെയ്യും. ദൈവം അതിനു പ്രതിഫലം തരുമെന്ന് ഉറപ്പാണ്.—ലൂക്കോ. 21:1-4.
ജീവനുള്ള ദൈവത്തോട് എപ്പോഴും അടുത്തുനിൽക്കുക
14. യഹോവയോട് അടുത്തുനിൽക്കുന്നത് വിശ്വസ്തരായിരിക്കാൻ സഹായിക്കുന്നത് എങ്ങനെ? (ചിത്രവും കാണുക.)
14 യഹോവ നമുക്കൊരു യഥാർഥവ്യക്തിയാണെങ്കിൽ യഹോവയോടു വിശ്വസ്തരായിരിക്കാൻ നമുക്ക് എളുപ്പമായിരിക്കും. യോസേഫ് അതിനു നല്ലൊരു ഉദാഹരണമാണ്. അധാർമികപ്രവൃത്തികളിൽ ഏർപ്പെടാനുള്ള പ്രലോഭനത്തെ യോസേഫ് ശക്തമായി എതിർത്തു. ദൈവത്തെ ശരിക്കുള്ള ഒരു വ്യക്തിയായി കാണാൻ കഴിഞ്ഞതുകൊണ്ട് ദൈവത്തെ വിഷമിപ്പിക്കാൻ യോസേഫ് ആഗ്രഹിച്ചില്ല. (ഉൽപ. 39:9) നമുക്കും യഹോവ ഒരു യഥാർഥ വ്യക്തിയായിത്തീരണമെങ്കിൽ, ദൈവത്തോടു പ്രാർഥിക്കാനും ദൈവവചനം വായിക്കാനും നമ്മൾ സമയം മാറ്റിവെക്കണം. അപ്പോൾ യഹോവയുമായുള്ള നമ്മുടെ സൗഹൃദം വളരും. യോസേഫിനെപ്പോലെ നമുക്കും യഹോവയുമായി ഒരു അടുത്തബന്ധമുണ്ടെങ്കിൽ ദൈവത്തെ വിഷമിപ്പിക്കുന്ന ഒന്നും ചെയ്യാൻ നമ്മൾ ആഗ്രഹിക്കില്ല.—യാക്കോ. 4:8.
15. വിജനഭൂമിയിലായിരുന്ന ഇസ്രായേല്യർക്കു സംഭവിച്ചതിൽനിന്ന് നമുക്ക് എന്ത് പഠിക്കാം? (എബ്രായർ 3:12)
15 യഹോവ ജീവനുള്ള ദൈവമാണ് എന്ന കാര്യം മറന്നാൽ നമ്മൾ യഹോവയിൽനിന്ന് എളുപ്പം അകന്നുപോയേക്കാം. വിജനഭൂമിയിലായിരുന്ന ഇസ്രായേല്യർക്കു സംഭവിച്ചത് അതാണ്. “യഹോവ ഞങ്ങളുടെ ഇടയിൽ ഉണ്ടോ ഇല്ലയോ” എന്ന് അവർ ചോദിച്ചു. (പുറ. 17:2, 7) യഹോവയുണ്ട് എന്നൊക്കെ അവർക്ക് അറിയാമായിരുന്നു. പക്ഷേ യഹോവ തങ്ങൾക്കുവേണ്ടി കരുതുമോ എന്ന് അവർ സംശയിക്കാൻതുടങ്ങി. അങ്ങനെ അവസാനം അവർ യഹോവയോടു ധിക്കാരം കാണിച്ചു. അവർക്കു സംഭവിച്ചത് നമുക്കൊരു മുന്നറിയിപ്പാണ്. അവരെപ്പോലെയാകാൻ നമ്മൾ ആഗ്രഹിക്കുന്നില്ല.—എബ്രായർ 3:12 വായിക്കുക.
16. ഏതു കാര്യം നമ്മുടെ വിശ്വാസത്തിന് ഒരു പരിശോധനയായേക്കാം?
16 യഹോവയോട് അടുത്തുനിൽക്കുന്നത് ഇന്നത്തെ ഈ ലോകത്തിൽ അത്ര എളുപ്പമല്ല. കാരണം, പലരും ദൈവമുണ്ടെന്നുപോലും അംഗീകരിക്കുന്നില്ല. ഇനി, ദൈവം പറയുന്നത് അനുസരിക്കാത്തവർ സന്തോഷത്തോടെ ജീവിക്കുന്നതായിരിക്കും നമ്മൾ കാണുന്നത്. ഇതൊക്കെ നമ്മുടെ വിശ്വാസത്തിന് ഒരു പരിശോധനയായേക്കാം. ദൈവമില്ല എന്നൊന്നും നമ്മൾ പറയില്ലായിരിക്കും. പക്ഷേ, ദൈവം നമുക്കുവേണ്ടി പ്രവർത്തിക്കുമോ എന്നു ചിലപ്പോൾ നമ്മൾ സംശയിച്ചുതുടങ്ങിയേക്കാം. 73-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരനും ഒരു സമയത്ത് അങ്ങനെ തോന്നി. തന്റെ ചുറ്റുമുള്ളവർ ദൈവത്തിന്റെ നിയമങ്ങൾ അവഗണിച്ചിട്ടും സന്തോഷത്തോടെ ജീവിക്കുന്നതായി അദ്ദേഹം കണ്ടു. ദൈവത്തെ സേവിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ എന്ന് അദ്ദേഹം ചിന്തിച്ചു.—സങ്കീ. 73:11-13.
17. യഹോവയോട് അടുത്തുനിൽക്കാൻ നമ്മളെ എന്തു സഹായിക്കും?
17 തന്റെ ചിന്തയ്ക്കു മാറ്റം വരുത്താൻ സങ്കീർത്തനക്കാരനെ എന്താണു സഹായിച്ചത്? യഹോവയെ മറക്കുന്നവർക്ക് എന്തായിരിക്കും സംഭവിക്കുന്നതെന്ന് അദ്ദേഹം ശരിക്കും ചിന്തിച്ചു. (സങ്കീ. 73:18, 19, 27) യഹോവയെ സേവിക്കുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ചും അദ്ദേഹം ഓർത്തു. (സങ്കീ. 73:24) യഹോവ നമ്മളെ അനുഗ്രഹിച്ചിരിക്കുന്നത് എങ്ങനെയെല്ലാമാണെന്നു ചിന്തിക്കാൻ നമുക്കും സമയമെടുക്കാം. യഹോവയെ സേവിച്ചില്ലായിരുന്നെങ്കിൽ നമ്മുടെ ജീവിതം എങ്ങനെയാകുമായിരുന്നു എന്നും ചിന്തിക്കാം. ഇങ്ങനെയെല്ലാം ചെയ്യുന്നെങ്കിൽ വിശ്വസ്തരായിരുന്നുകൊണ്ട് സങ്കീർത്തനക്കാരനെപ്പോലെ നമുക്കും പറയാനാകും: “ഞാൻ ദൈവത്തോട് അടുത്ത് ചെല്ലും; അതല്ലോ എനിക്കു നല്ലത്.”—സങ്കീ. 73:28.
18. ഭാവിയെക്കുറിച്ച് നമ്മൾ പേടിക്കേണ്ടതില്ലാത്തത് എന്തുകൊണ്ട്?
18 ഈ അവസാനനാളുകളിൽ എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും നമുക്ക് അതെല്ലാം വിജയകരമായി നേരിടാനാകും. കാരണം, നമ്മൾ ‘ജീവനുള്ള സത്യദൈവത്തെയാണ് സേവിക്കുന്നത്.’ (1 തെസ്സ. 1:9) തന്നെ ആരാധിക്കുന്നവർക്കുവേണ്ടി പ്രവർത്തിക്കുന്ന, ഒരു യഥാർഥവ്യക്തിയാണു നമ്മുടെ ദൈവം. മുൻകാലങ്ങളിലെ ദൈവദാസരുടെകൂടെ യഹോവയുണ്ടായിരുന്നു; ഇന്നു നമ്മുടെകൂടെയും ഉണ്ട്. പെട്ടെന്നുതന്നെ നമ്മൾ മഹാകഷ്ടതയെ നേരിടേണ്ടിവരും. പക്ഷേ നമ്മൾ ഒറ്റയ്ക്കായിരിക്കില്ല. (യശ. 41:10) അതുകൊണ്ട് നമുക്കു ധൈര്യത്തോടെ ഇങ്ങനെ പറയാം: “യഹോവ എന്നെ സഹായിക്കും. ഞാൻ പേടിക്കില്ല.”—എബ്രാ. 13:5, 6.
ഗീതം 3 ഞങ്ങളുടെ പ്രത്യാശ, ഞങ്ങളുടെ ആശ്രയം, ഞങ്ങളുടെ ശക്തി