പഠനലേഖനം 45
ഗീതം 138 നരച്ച മുടി സൗന്ദര്യം
വിശ്വസ്തരായ പുരുഷന്മാരുടെ അവസാനവാക്കുകളിൽനിന്ന് പഠിക്കുക
“പ്രായമായവർ ജ്ഞാനികളായിരിക്കില്ലേ? പ്രായം ചെല്ലുമ്പോൾ വിവേകം വർധിക്കില്ലേ?”—ഇയ്യോ. 12:12.
ഉദ്ദേശ്യം
ദൈവമായ യഹോവയെ അനുസരിക്കുന്നതു നമുക്ക് ഇപ്പോൾ അനുഗ്രഹങ്ങൾ നേടിത്തരും; ഭാവിയിൽ നിത്യജീവനും.
1. എന്തുകൊണ്ടാണു പ്രായമായവരിൽനിന്ന് പഠിക്കേണ്ടത്?
ജീവിതത്തിൽ പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കാൻ നമുക്ക് എല്ലാവർക്കും നല്ല ഉപദേശങ്ങൾ ആവശ്യമാണ്. സഭയിലുള്ള മൂപ്പന്മാരും അനുഭവപരിചയമുള്ള സഹോദരങ്ങളും നമുക്ക് ഇതുപോലുള്ള സഹായം തരാറുണ്ട്. അവരുടെ ഉപദേശം പഴഞ്ചനാണെന്നു ചിന്തിച്ച് അതു നമ്മൾ കേൾക്കാതിരിക്കരുത്. പ്രായമായവരിൽനിന്ന് നമ്മൾ പഠിക്കാൻ യഹോവ ആഗ്രഹിക്കുന്നു. നമ്മളെക്കാൾ കൂടുതൽ കാലം ജീവിച്ചതുകൊണ്ട് അവർക്കു നമ്മളെക്കാൾ അറിവും ജ്ഞാനവും അനുഭവപരിചയവും ഉണ്ട്.—ഇയ്യോ. 12:12.
2. ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
2 പുരാതനകാലത്ത് പ്രായമുള്ള വിശ്വസ്തരായ ദാസരെ ഉപയോഗിച്ച് യഹോവ തന്റെ ജനത്തെ പ്രോത്സാഹിപ്പിക്കുകയും വഴിനടത്തുകയും ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന്, മോശയുടെയും ദാവീദിന്റെയും അപ്പൊസ്തലനായ യോഹന്നാന്റെയും കാര്യമെടുക്കുക. അവർ വ്യത്യസ്തസമയങ്ങളിലാണു ജീവിച്ചിരുന്നത്. അതുപോലെ അവരുടെ സാഹചര്യങ്ങളും വ്യത്യസ്തമായിരുന്നു. ജീവിതാവസാനത്തോട് അടുത്തപ്പോൾ അവർ ജ്ഞാനമുള്ള ചില ഉപദേശങ്ങൾ ചെറുപ്പക്കാർക്കു കൊടുത്തു. പ്രായമുള്ള ഈ മൂന്ന് ദൈവദാസരും യഹോവയെ അനുസരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് എടുത്തുപറഞ്ഞു. അവരുടെ ജ്ഞാനമുള്ള ആ വാക്കുകൾ യഹോവ നമുക്കുവേണ്ടി തന്റെ വചനത്തിൽ കുറിച്ചിട്ടു. നമ്മൾ പ്രായമുള്ളവരാണെങ്കിലും ചെറുപ്പക്കാരാണെങ്കിലും അവരുടെ ആ ഉപദേശത്തിൽനിന്ന് നമുക്കു പ്രയോജനം നേടാനാകും. (റോമ. 15:4; 2 തിമൊ. 3:16) ഈ ലേഖനത്തിൽ അവരുടെ അവസാനവാക്കുകൾ എന്താണെന്നും അതിൽനിന്ന് നമുക്ക് എന്തു പഠിക്കാമെന്നും നോക്കും.
‘നിങ്ങൾ ദീർഘകാലം ജീവിച്ചിരിക്കും’
3. എന്തെല്ലാം നിയമനങ്ങൾ മോശയ്ക്ക് യഹോവയിൽനിന്ന് കിട്ടി?
3 യഹോവയ്ക്കുവേണ്ടി ഒരുപാടു കാര്യങ്ങൾ ചെയ്ത ഒരു വ്യക്തിയാണ് മോശ. അദ്ദേഹം ഒരു പ്രവാചകനും ന്യായാധിപനും സൈന്യാധിപനും എഴുത്തുകാരനും ആയി പ്രവർത്തിച്ചിട്ടുണ്ട്. മോശയ്ക്കു ധാരാളം ജീവിതാനുഭവങ്ങൾ ഉണ്ടായിരുന്നു. മോശ ഇസ്രായേല്യരെ യഹോവയുടെ സഹായത്തോടെ ഈജിപ്തിൽനിന്ന് വിടുവിക്കുകയും അവരെ വഴിനയിക്കുകയും യഹോവ ചെയ്ത പല അത്ഭുതങ്ങൾ നേരിട്ട് കാണുകയും ചെയ്തു. അതുപോലെ ആദ്യത്തെ അഞ്ചു ബൈബിൾപുസ്തകങ്ങളും 90-ാം സങ്കീർത്തനവും എഴുതാൻ യഹോവ മോശയെ ഉപയോഗിച്ചു. സാധ്യതയനുസരിച്ച് 91-ാം സങ്കീർത്തനവും ഇയ്യോബിന്റെ പുസ്തകവും അദ്ദേഹമായിരിക്കണം എഴുതിയത്.
4. മരിക്കുന്നതിനു മുമ്പ് മോശ ആരെയാണു പ്രോത്സാഹിപ്പിച്ചത്? എന്തുകൊണ്ട്?
4 തന്റെ മരണത്തിനു തൊട്ടുമുമ്പ്, 120 വയസ്സുള്ളപ്പോൾ മോശ യഹോവ തങ്ങൾക്കുവേണ്ടി ചെയ്ത കാര്യങ്ങളെക്കുറിച്ച് ഓർമിപ്പിക്കാൻ എല്ലാ ഇസ്രായേല്യരെയും വിളിച്ചുകൂട്ടി. ആ കൂട്ടത്തിലുണ്ടായിരുന്ന ഇസ്രായേല്യരിൽ ചിലർ തങ്ങളുടെ ചെറുപ്പകാലത്ത് യഹോവ ചെയ്ത അത്ഭുതങ്ങളും ദൈവം ഈജിപ്തുകാരെ ശിക്ഷിച്ചതും എല്ലാം നേരിട്ട് കണ്ടവരാണ്. (പുറ. 7:3, 4) ചെങ്കടൽ വിഭജിച്ചപ്പോൾ അവർ അതിലൂടെ നടക്കുകയും ദൈവം ഫറവോനെയും സൈന്യത്തെയും നശിപ്പിച്ചതു നേരിട്ട് കാണുകയും ചെയ്തു. (പുറ. 14:29-31) ഇനി വിജനഭൂമിയിൽവെച്ച് അവർ യഹോവയുടെ സംരക്ഷണവും കരുതലും എല്ലാം അനുഭവിച്ചറിഞ്ഞു. (ആവ. 8:3, 4) ഇപ്പോൾ അവർ വാഗ്ദത്തദേശത്തിനു തൊട്ടടുത്ത് എത്തിയിരിക്കുകയാണ്. അതുകൊണ്ടാണു മരിക്കുന്നതിനു മുമ്പ് മോശ ജനത്തെ പ്രോത്സാഹിപ്പിച്ചത്. അദ്ദേഹം എന്താണ് അവരോടു പറഞ്ഞത്?a
5. ആവർത്തനം 30:19, 20-ൽ കാണുന്ന മോശയുടെ അവസാനവാക്കുകൾ ഇസ്രായേല്യർക്ക് എന്ത് ഉറപ്പുകൊടുത്തു?
5 മോശ എന്താണു പറഞ്ഞത്? (ആവർത്തനം 30:19, 20 വായിക്കുക.) മുമ്പിലേക്കു നോക്കുമ്പോൾ മനോഹരമായ ഒരു ഭാവിയാണ് അവരെ കാത്തിരിക്കുന്നതെന്നു മോശ ഇസ്രായേല്യരെ ഓർമിപ്പിച്ചു. യഹോവയുടെ അനുഗ്രഹമുണ്ടെങ്കിൽ ഇസ്രായേല്യർക്കു വാഗ്ദത്തദേശത്ത് ദീർഘകാലം ജീവിക്കാൻ പറ്റുമായിരുന്നു. എത്ര മനോഹരമായ, ഫലസമൃദ്ധിയുള്ള ഒരു ദേശമായിരുന്നു അത്! മോശ അതിനെക്കുറിച്ച് ഇങ്ങനെ വിവരിച്ചു: ‘നീ പണിയാത്ത വലുതും ശ്രേഷ്ഠവും ആയ നഗരങ്ങളും നീ അധ്വാനിച്ചുണ്ടാക്കാത്ത നല്ല വസ്തുക്കളെല്ലാം നിറഞ്ഞ വീടുകളും നീ വെട്ടിയുണ്ടാക്കാത്ത ജലസംഭരണികളും നീ നട്ടുവളർത്താത്ത മുന്തിരിത്തോട്ടങ്ങളും ഒലിവ് മരങ്ങളും നിനക്കു തരും.’—ആവ. 6:10, 11.
6. ഇസ്രായേല്യരെ കീഴടക്കാൻ യഹോവ എന്തുകൊണ്ടാണു മറ്റു ജനതകളെ അനുവദിച്ചത്?
6 എന്നാൽ മോശ ഇസ്രായേല്യർക്ക് ഒരു മുന്നറിയിപ്പും നൽകി. ആ ദേശത്ത് തുടർന്നും ജീവിക്കണമെങ്കിൽ അവർ യഹോവയുടെ നിയമങ്ങൾ അനുസരിക്കണമായിരുന്നു. യഹോവയെ ശ്രദ്ധിച്ചുകൊണ്ടും ദൈവത്തോടു ‘പറ്റിച്ചേർന്നുകൊണ്ടും’ ‘ജീവൻ തിരഞ്ഞെടുക്കാൻ‘ മോശ അവരോടു പറഞ്ഞു. എന്നാൽ ഇസ്രായേല്യർ യഹോവയെ അനുസരിച്ചില്ല. അതുകൊണ്ട് കുറച്ച് നാളുകൾ കഴിഞ്ഞ് അസീറിയക്കാരും അതിനുശേഷം ബാബിലോൺകാരും ഇസ്രായേല്യരെ കീഴടക്കി ബന്ദികളായി പിടിച്ചുകൊണ്ടുപോകാൻ യഹോവ അനുവദിച്ചു.—2 രാജാ. 17:6-8, 13, 14; 2 ദിന. 36:15-17, 20.
7. മോശയുടെ വാക്കുകളിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (ചിത്രവും കാണുക.)
7 എന്താണു നമുക്കുള്ള പാഠം? അനുസരണം നമ്മുടെ ജീവൻ രക്ഷിക്കും. ഇസ്രായേല്യർ വാഗ്ദത്തദേശത്തിനു തൊട്ടടുത്ത് എത്തിയിരുന്നതുപോലെതന്നെ നമ്മളും ഇന്നു ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന പുതിയ ലോകത്തിനു തൊട്ടടുത്ത് എത്തിയിരിക്കുകയാണ്. പെട്ടെന്നുതന്നെ യഹോവ ഈ ഭൂമിയെ ഒരു പറുദീസയാക്കും. (യശ. 35:1; ലൂക്കോ. 23:43) പിശാചായ സാത്താനും അവന്റെ ഭൂതങ്ങളും ഇല്ലാതാകും. (വെളി. 20:2, 3) പിന്നെ ഒരിക്കലും യഹോവയിൽനിന്ന് ആളുകളെ അകറ്റുന്ന വ്യാജമതം ഉണ്ടായിരിക്കില്ല. (വെളി. 17:16) മേലാൽ, മനുഷ്യഗവൺമെന്റുകളൊന്നും തങ്ങളുടെ കീഴിലുള്ള ജനങ്ങളെ അടിച്ചമർത്തില്ല. (വെളി. 19:19, 20) പറുദീസയിൽ ആരും ഒരു പ്രശ്നവും ഉണ്ടാക്കില്ല. (സങ്കീ. 37:10, 11) യഹോവയുടെ നീതിയുള്ള നിയമങ്ങൾ എല്ലാ ആളുകളും അനുസരിക്കുന്നതുകൊണ്ട് എങ്ങും സമാധാനവും ഐക്യവും ഉണ്ടായിരിക്കും. അതുപോലെ എല്ലാവരും പരസ്പരം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യും. (യശ. 11:9) ആ മനോഹരമായ സമയത്തിനായി നമ്മൾ കാത്തിരിക്കുകയാണ്. നമ്മൾ യഹോവയെ അനുസരിക്കുകയാണെങ്കിൽ നമുക്കു പറുദീസാഭൂമിയിൽ ജീവിക്കാനാകും. അതും ഏതാനും വർഷങ്ങൾ മാത്രമല്ല, എന്നേക്കുമായി!—സങ്കീ. 37:29; യോഹ. 3:16.
8. നിത്യം ജീവിക്കാനുള്ള വാഗ്ദാനം ഒരു മിഷനറിയെ എങ്ങനെയാണു സഹായിച്ചത്? (യൂദ 20, 21)
8 ദൈവം തന്നിരിക്കുന്ന നിത്യജീവന്റെ വാഗ്ദാനം എപ്പോഴും നമ്മുടെ ഹൃദയത്തിലുണ്ടെങ്കിൽ എന്തെല്ലാം പ്രശ്നങ്ങളുണ്ടെങ്കിലും നമ്മൾ യഹോവയോടു പറ്റിനിൽക്കും. (യൂദ 20, 21 വായിക്കുക.) നമ്മുടെ വ്യക്തിപരമായ ബലഹീനതകൾക്കെതിരെ പോരാടാനും ഈ വാഗ്ദാനം നമുക്കു ശക്തി തരും. ആഫ്രിക്കയിൽ വർഷങ്ങളായി മിഷനറിയായി സേവിക്കുന്ന ഒരു സഹോദരനു തുടർച്ചയായി തന്റെ ഒരു ബലഹീനതയോടു പോരാടേണ്ടിവന്നു. അദ്ദേഹം പറഞ്ഞു: “യഹോവയെ അനുസരിച്ചില്ലെങ്കിൽ എനിക്കു പറുദീസാഭൂമിയിൽ നിത്യം ജീവിക്കാൻ പറ്റില്ലല്ലോ എന്നു ഞാൻ ഓർത്തു. അങ്ങനെ ചിന്തിച്ചതു പ്രശ്നത്തിന് എതിരെ പോരാടാനും സഹായത്തിനായി യഹോവയോടു കൂടെക്കൂടെ പ്രാർഥിക്കാനും എന്നെ പ്രേരിപ്പിച്ചു. യഹോവയുടെ സഹായത്തോടെ എനിക്ക് ആ പ്രശ്നം മറികടക്കാനായി.”
“നീ വിജയം വരിക്കും”
9. ദാവീദിനു ജീവിതത്തിൽ എന്തെല്ലാം പരിശോധനകൾ നേരിടേണ്ടിവന്നു?
9 മഹാനായ ഒരു രാജാവായിരുന്നു ദാവീദ്. അതുപോലെ അദ്ദേഹം ഒരു സംഗീതജ്ഞനും കവിയും യോദ്ധാവും പ്രവാചകനും ആയിരുന്നു. പലപല പ്രശ്നങ്ങളിലൂടെ അദ്ദേഹത്തിനു കടന്നുപോകേണ്ടിവന്നിട്ടുണ്ട്. തന്റെ ജീവനെടുക്കാൻ തക്കംപാർത്ത് നടക്കുന്ന ശൗൽ രാജാവിന്റെ കണ്ണിൽപ്പെടാതെ ദാവീദിനു കുറച്ച് വർഷങ്ങൾ ഒളിച്ച് കഴിയേണ്ടിവന്നു. ഇനി രാജാവായതിനു ശേഷം തന്റെ മകനായ അബ്ശാലോം ഭരണം തട്ടിയെടുക്കാൻ ശ്രമിച്ചപ്പോൾ ദാവീദ് വീണ്ടും ഒളിച്ച് താമസിച്ചു. ദാവീദിന് ഒരുപാടു പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും ഗുരുതരമായ തെറ്റുകൾ പറ്റിയെങ്കിലും അദ്ദേഹം ജീവിതാവസാനംവരെ യഹോവയോടു വിശ്വസ്തനായി തുടർന്നു. യഹോവ ദാവീദിനെ വിശേഷിപ്പിച്ചത്, ‘എന്റെ മനസ്സിന് ഇണങ്ങിയ ഒരാൾ’ എന്നാണ്. അങ്ങനെയെങ്കിൽ നമ്മൾ ദാവീദിന്റെ ഉപദേശം ശ്രദ്ധിക്കേണ്ടതല്ലേ!—പ്രവൃ. 13:22; 1 രാജാ. 15:5.
10. ശലോമോൻ രാജാവാകുന്നതിനു മുമ്പ് ദാവീദ് അദ്ദേഹത്തിന് ഉപദേശം കൊടുത്തത് എന്തിനാണ്?
10 ദാവീദ് തന്റെ മകനും ഇസ്രായേലിന്റെ ഭാവി രാജാവും ആയ ശലോമോന് ഉപദേശം കൊടുത്തു. തന്നെ ആരാധിക്കേണ്ടതിന് ഒരു ആലയം പണിയാൻ യഹോവ തിരഞ്ഞെടുത്തതു ശലോമോനെയായിരുന്നു. (1 ദിന. 22:5) എന്നാൽ ശലോമോനു പലപല പ്രശ്നങ്ങൾ നേരിടേണ്ടിവരുമായിരുന്നു. ദാവീദ് ഇപ്പോൾ ശലോമോനോട് എന്താണു പറയാൻപോകുന്നത്? നമുക്കു നോക്കാം.
11. 1 രാജാക്കന്മാർ 2:2, 3 അനുസരിച്ച് ദാവീദ് ശലോമോന് എന്ത് ഉറപ്പാണു കൊടുത്തത്, ആ വാക്കുകൾ എങ്ങനെയാണു സത്യമായിത്തീർന്നത്? (ചിത്രവും കാണുക.)
11 ദാവീദ് എന്താണു പറഞ്ഞത്? (1 രാജാക്കന്മാർ 2:2, 3 വായിക്കുക.) ദൈവത്തെ അനുസരിക്കുകയാണെങ്കിൽ ജീവിതത്തിൽ വിജയമുണ്ടാകും എന്നു ദാവീദ് തന്റെ മകനോടു പറഞ്ഞു. കുറെ വർഷം ശലോമോന് യഹോവയുടെ അനുഗ്രഹമുണ്ടായിരുന്നു. (1 ദിന. 29:23-25) അദ്ദേഹം പ്രൗഢഗംഭീരമായ ഒരു ആലയം നിർമിച്ചു. ചില ബൈബിൾപുസ്തകങ്ങൾ എഴുതി. ഇനി അദ്ദേഹത്തിന്റെ വാക്കുകൾ ബൈബിളിലെ മറ്റു പല ഭാഗങ്ങളിലും കാണാം. അതുപോലെ ജ്ഞാനത്തിന്റെയും സമ്പത്തിന്റെയും കാര്യത്തിൽ ശലോമോൻ പ്രസിദ്ധനായിരുന്നു. (1 രാജാ. 4:34) പക്ഷേ, ദാവീദ് പറഞ്ഞതുപോലെതന്നെ യഹോവയെ അനുസരിച്ചാൽ മാത്രമേ ശലോമോനു വിജയം കിട്ടുമായിരുന്നുള്ളൂ. എന്നാൽ ശലോമോനു പ്രായമായപ്പോൾ അദ്ദേഹം വ്യാജദൈവങ്ങളിലേക്കു തിരിഞ്ഞു. ദൈവത്തിന് അത് ഇഷ്ടമായില്ല. അതുകൊണ്ട് ദയയോടെയും നീതിയോടെയും ജനത്തെ ഭരിക്കാനുള്ള ജ്ഞാനം ശലോമോനു നഷ്ടമായി.—1 രാജാ. 11:9, 10; 12:4.
12. ദാവീദിന്റെ വാക്കുകളിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
12 എന്താണു നമുക്കുള്ള പാഠം? അനുസരണം വിജയത്തിലേക്കു നയിക്കും. (സങ്കീ. 1:1-3) ശലോമോനെപ്പോലെ നമ്മളെയും സമ്പന്നനോ അറിയപ്പെടുന്ന ഒരാളോ ആക്കുമെന്ന് യഹോവ പറഞ്ഞിട്ടില്ല. എന്നാൽ, തന്നെ അനുസരിക്കുകയാണെങ്കിൽ നല്ല തീരുമാനങ്ങളെടുക്കാനുള്ള ജ്ഞാനം തരുമെന്ന് യഹോവ ഉറപ്പുതന്നിട്ടുണ്ട്. (സുഭാ. 2:6, 7; യാക്കോ. 1:5) ജോലി, വിദ്യാഭ്യാസം, വിനോദം, പണം എന്നീ കാര്യങ്ങളോടുള്ള ബന്ധത്തിൽ നല്ല തീരുമാനങ്ങളെടുക്കാൻ യഹോവയുടെ തത്ത്വങ്ങൾ സഹായിക്കും. ദൈവത്തിന്റെ ജ്ഞാനമനുസരിച്ച് പ്രവർത്തിക്കുമ്പോൾ നിലനിൽക്കുന്ന ദോഷം വരുത്തുന്ന കാര്യങ്ങളിൽനിന്ന് അതു നമ്മളെ സംരക്ഷിക്കും. (സുഭാ. 2:10, 11) നല്ല സൗഹൃദങ്ങൾ വളർത്തിയെടുക്കാൻ അതു നമ്മളെ സഹായിക്കും. അതുപോലെ സന്തോഷകരമായ ഒരു കുടുംബജീവിതത്തിന് ആവശ്യമായ മാർഗനിർദേശങ്ങളും നമുക്കു ലഭിക്കും.
13. ജീവിതത്തിൽ വിജയിക്കാൻ കാർമനെ സഹായിച്ചത് എന്താണ്?
13 മൊസാമ്പിക്കിലുള്ള കാർമന്റെ അനുഭവം നോക്കാം. കൂടുതൽ വിദ്യാഭ്യാസം നേടുന്നതാണു ജീവിതത്തിൽ വിജയിക്കാൻ സഹായിക്കുന്നതെന്നു കാർമൻ ചിന്തിച്ചു. അതുകൊണ്ട് അവൾ ഒരു യൂണിവേഴ്സിറ്റിയിൽ കെട്ടിടങ്ങൾ ഡിസൈൻ ചെയ്യുന്ന ഒരു കോഴ്സിനു ചേർന്നു. കാർമൻ ഇങ്ങനെ പറഞ്ഞു: “പഠിക്കുന്ന കാര്യങ്ങളൊക്കെ എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു. പക്ഷേ അത് എന്റെ സമയവും ഊർജവും എല്ലാം കവർന്നെടുത്തു. ഞാൻ രാവിലെ ഏഴരയ്ക്കു കോളേജിൽ എത്തിയാൽ വൈകുന്നേരം ആറു മണിവരെ അവിടെയായിരിക്കും. എനിക്കു മീറ്റിങ്ങിന് എത്താൻ വളരെ ബുദ്ധിമുട്ടായിരുന്നു. അത് എന്റെ ആത്മീയതയെ ബാധിച്ചു. ഞാൻ ശരിക്കും രണ്ടു യജമാനന്മാരെ സേവിക്കാൻ ശ്രമിക്കുകയാണല്ലോ എന്ന് ഉള്ളിന്റെ ഉള്ളിൽ എനിക്കു തോന്നി.” (മത്താ. 6:24) കാർമൻ തന്റെ സാഹചര്യത്തെക്കുറിച്ച് പ്രാർഥിക്കുകയും അതെക്കുറിച്ച് നമ്മുടെ പ്രസിദ്ധീകരണങ്ങളിൽനിന്ന് ഗവേഷണം ചെയ്ത് പഠിക്കുകയും ചെയ്തു. അവൾ ഇങ്ങനെയും പറഞ്ഞു: “സഭയിലെ മൂപ്പന്മാരിൽനിന്നും എന്റെ അമ്മയിൽനിന്നും എനിക്കു നല്ല ഉപദേശങ്ങൾ കിട്ടി. അവസാനം യൂണിവേഴ്സിറ്റി വിടാനും യഹോവയെ മുഴുസമയം സേവിക്കാനും ഞാൻ തീരുമാനിച്ചു. ഞാൻ ഏറ്റവും നല്ല തീരുമാനമാണ് എടുത്തതെന്ന് എനിക്കു മനസ്സിലായി. എനിക്ക് അതിൽ ഒത്തിരി സന്തോഷമുണ്ട്.”
14. മോശയുടെയും ദാവീദിന്റെയും പ്രധാനസന്ദേശം എന്തായിരുന്നു?
14 മോശയും ദാവീദും യഹോവയെ വളരെയധികം സ്നേഹിച്ചു. ദൈവത്തെ അനുസരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവർക്ക് അറിയാമായിരുന്നു. അവരുടെ അവസാനവാക്കുകളിൽ തങ്ങളുടെ മാതൃക പിൻപറ്റാനും യഹോവയോടു വിശ്വസ്തരായി തുടരാനും അവർ മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചു. എന്നാൽ യഹോവയെ ഉപേക്ഷിക്കുകയാണെങ്കിൽ യഹോവയുടെ അംഗീകാരവും ഭാവി അനുഗ്രഹങ്ങളും നഷ്ടമാകുമെന്നും അവർ മുന്നറിയിപ്പു കൊടുത്തു. അവരുടെ ആ ഉപദേശം നമുക്ക് ഇന്നും പ്രയോജനം ചെയ്യും. നൂറ്റാണ്ടുകൾക്കു ശേഷം മറ്റൊരു ദൈവദാസനും ദൈവത്തോടുള്ള വിശ്വസ്തതയുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞു.
‘അതിനെക്കാൾ വലിയ സന്തോഷം ഇല്ല’
15. അപ്പോസ്തലനായ യോഹന്നാൻ തന്റെ ജീവിതത്തിൽ എന്തെല്ലാം കാര്യങ്ങൾ കണ്ടു?
15 യേശുവിന്റെ അടുത്ത സുഹൃത്തും അപ്പോസ്തലനും ആയിരുന്നു യോഹന്നാൻ. (മത്താ. 10:2; യോഹ. 19:26) യേശുവിന്റെ ഭൂമിയിലുള്ള ശുശ്രൂഷയിൽ ഉടനീളം യോഹന്നാൻ യേശുവിനോടൊപ്പം ഉണ്ടായിരുന്നു. യേശു ചെയ്ത പല അത്ഭുതങ്ങൾക്കും അദ്ദേഹം സാക്ഷ്യം വഹിച്ചു. പ്രശ്നങ്ങളുടെ സമയത്ത് അദ്ദേഹം യേശുവിനോടു വിശ്വസ്തനായിരുന്നു. യോഹന്നാന്റെ കൺമുന്നിൽവെച്ചായിരുന്നു യേശു വധിക്കപ്പെട്ടത്. ഇനി പുനരുത്ഥാനപ്പെട്ടതിനു ശേഷവും അദ്ദേഹം യേശുവിനെ കണ്ടു. ക്രിസ്ത്യാനിത്വത്തിന്റെ വളർച്ചയുടെ സമയത്തും യോഹന്നാൻ ഉണ്ടായിരുന്നു. “ആകാശത്തിൻകീഴിലുള്ള എല്ലാ സൃഷ്ടികളുടെ ഇടയിലും . . . സന്തോഷവാർത്ത” ഘോഷിക്കുന്നതു കാണാൻ യോഹന്നാനു കഴിഞ്ഞു.—കൊലോ. 1:23.
16. യോഹന്നാന്റെ കത്തുകളിൽനിന്ന് ആർക്കെല്ലാം പ്രയോജനം കിട്ടിയിട്ടുണ്ട്? ഇന്ന് ആർക്കെല്ലാം പ്രയോജനം കിട്ടുന്നുണ്ട്?
16 തന്റെ ജീവിതാവസാനത്തോടടുത്ത് യോഹന്നാൻ ദൈവപ്രചോദിതമായി “യേശുക്രിസ്തുവിന്റെ വെളിപാട്” എഴുതി. (വെളി. 1:1) ഇനി സുവിശേഷവിവരണങ്ങളിൽ ഒരെണ്ണവും മൂന്നു കത്തുകളും എഴുതാൻ യോഹന്നാന് അവസരം ലഭിച്ചു. അദ്ദേഹം തന്റെ മൂന്നാമത്തെ കത്ത് എഴുതിയത് ഒരു വിശ്വസ്തക്രിസ്ത്യാനിയായ ഗായോസിനായിരുന്നു. തന്റെ ഒരു ആത്മീയപുത്രനായിട്ടാണു യോഹന്നാൻ അദ്ദേഹത്തെ കണ്ടത്. (3 യോഹ. 1) ആ സമയമായപ്പോഴേക്കും യോഹന്നാൻ മക്കളെപ്പോലെ സ്നേഹിച്ചിരുന്ന ഒരുപാടു ക്രിസ്ത്യാനികൾ ഉണ്ടായിരുന്നിരിക്കണം. പ്രായമുള്ള ഈ വിശ്വസ്തദാസൻ എഴുതിയതെല്ലാം യേശുവിന്റെ അനുഗാമികൾക്ക് ഇന്നോളം ഒരു പ്രോത്സാഹനമാണ്.
17. 3 യോഹന്നാൻ 4 അനുസരിച്ച് എന്തു ചെയ്യുന്നതു സന്തോഷം തരും?
17 യോഹന്നാൻ എന്താണ് എഴുതിയത്? (3 യോഹന്നാൻ 4 വായിക്കുക.) ദൈവത്തെ അനുസരിക്കുമ്പോൾ സന്തോഷം കിട്ടുമെന്നു യോഹന്നാൻ എഴുതി. യോഹന്നാൻ മൂന്നാമത്തെ കത്ത് എഴുതുന്ന സമയമായപ്പോഴേക്കും ചില ആളുകൾ തെറ്റായ കാര്യങ്ങൾ പഠിപ്പിക്കുകയും സഭയിൽ ഭിന്നതയുണ്ടാക്കുകയും ചെയ്തിരുന്നു. എങ്കിലും ചിലർ “സത്യത്തിൽ നടക്കുന്നതു” തുടർന്നു. അവർ യഹോവയുടെ ‘കല്പനകൾ അനുസരിച്ച് നടന്നു.’ (2 യോഹ. 4, 6) ഈ വിശ്വസ്തരായ ക്രിസ്ത്യാനികൾ യോഹന്നാനെ മാത്രമല്ല യഹോവയെയും വളരെയധികം സന്തോഷിപ്പിച്ചു.—സുഭാ. 27:11.
18. യോഹന്നാന്റെ വാക്കുകളിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
18 എന്താണു നമുക്കുള്ള പാഠം? വിശ്വസ്തത സന്തോഷത്തിലേക്കു നയിക്കും. (1 യോഹ. 5:3) ഉദാഹരണത്തിന്, നമ്മൾ യഹോവയെ സന്തോഷിപ്പിക്കുന്നുണ്ടെന്ന് ഓർക്കുമ്പോൾ നമുക്കു സന്തോഷം കിട്ടും. നമ്മൾ മോശമായ കാര്യങ്ങൾ ഒഴിവാക്കുകയും യഹോവയുടെ കല്പനകൾ അനുസരിക്കുകയും ചെയ്യുന്നതു കാണുമ്പോൾ യഹോവയ്ക്കു സന്തോഷമാകും. (സുഭാ. 23:15) സ്വർഗത്തിലുള്ള ദൂതന്മാർക്കും സന്തോഷം തോന്നും. (ലൂക്കോ. 15:10) ഇനി, പ്രശ്നങ്ങളും പ്രലോഭനങ്ങളും ഒക്കെ ഉണ്ടാകുമ്പോൾ നമ്മുടെ സഹോദരങ്ങൾ വിശ്വസ്തരായി നിൽക്കുന്നതു കാണുന്നതു നമ്മളെയും സന്തോഷിപ്പിക്കും. (2 തെസ്സ. 1:4) ഒടുവിൽ സാത്താന്റെ ഈ ലോകം നശിപ്പിക്കപ്പെടുന്ന സമയത്ത് അതുവരെ നമ്മൾ വിശ്വസ്തരായിനിന്നല്ലോ എന്ന് ഓർക്കുമ്പോൾ നമുക്ക് എത്ര സന്തോഷമായിരിക്കും തോന്നുന്നത്!
19. മറ്റുള്ളവരെ സത്യം പഠിപ്പിക്കുന്നതിനെക്കുറിച്ച് റേയ്ച്ചൽ സഹോദരി എന്താണു പറഞ്ഞത്? (ചിത്രവും കാണുക.)
19 യഹോവയെക്കുറിച്ച് മറ്റുള്ളവരെ പഠിപ്പിക്കുമ്പോൾ നമുക്ക് എന്തെന്നില്ലാത്ത സന്തോഷം കിട്ടും. ഡൊമിനിക്കൻ റിപ്പബ്ലിക്കിലുള്ള റേയ്ച്ചലിന്റെ കാര്യമെടുക്കുക. ദൈവമായ യഹോവയെക്കുറിച്ച് മറ്റുള്ളവരെ പഠിപ്പിക്കുന്നതു വലിയൊരു പദവിയായിട്ടാണു സഹോദരി കാണുന്നത്. താൻ സത്യം പഠിപ്പിച്ച ആത്മീയമക്കളെക്കുറിച്ച് സഹോദരി ഇങ്ങനെ പറഞ്ഞു: “ഞാൻ പഠിപ്പിക്കുന്ന ആളുകൾ യഹോവയെ സ്നേഹിക്കുന്നതും യഹോവയിൽ കൂടുതൽ ആശ്രയിക്കുന്നതും യഹോവയെ സന്തോഷിപ്പിക്കാനായി ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുന്നതും കാണുമ്പോൾ എനിക്ക് ഒരുപാടു സന്തോഷം തോന്നാറുണ്ട്. ആ സന്തോഷം വെച്ചുനോക്കുമ്പോൾ അവരെ പഠിപ്പിക്കാനായി ഞാൻ ചെയ്ത ശ്രമങ്ങളും ത്യാഗങ്ങളും എല്ലാം വളരെ ചെറുതാണ്.”
വിശ്വസ്തപുരുഷന്മാരുടെ അവസാനവാക്കുകളിൽനിന്ന് പ്രയോജനം നേടുക
20. ഏതെല്ലാം വിധങ്ങളിലാണു നമ്മൾ മോശയെയും ദാവീദിനെയും യോഹന്നാനെയും പോലെയായിരിക്കുന്നത്?
20 മോശയും ദാവീദും യോഹന്നാനും ജീവിച്ചിരുന്നതു നമ്മുടേതിൽനിന്നും വ്യത്യസ്തമായ കാലഘട്ടങ്ങളിലും സാഹചര്യങ്ങളിലും ആയിരുന്നു. എന്നാൽ പല കാര്യങ്ങളിലും നമ്മൾ അവരെപ്പോലെയാണ്. അവർ നമ്മളെപ്പോലെതന്നെ സത്യദൈവത്തെയാണ് ആരാധിച്ചത്. അവരെപ്പോലെ നമ്മളും യഹോവയോടു പ്രാർഥിക്കുകയും യഹോവയിൽ ആശ്രയിക്കുകയും നിർദേശങ്ങൾക്കായി യഹോവയിലേക്കു നോക്കുകയും ചെയ്യുന്നു. പ്രായമുള്ള ആ പുരുഷന്മാരെപ്പോലെ നമുക്കും ഈ ഉറപ്പുണ്ട്: തന്നെ അനുസരിക്കുന്നവരെ യഹോവ സമൃദ്ധമായി അനുഗ്രഹിക്കുമെന്ന്.
21. മോശയുടെയും ദാവീദിന്റെയും യോഹന്നാന്റെയും വാക്കുകൾ അനുസരിച്ചാൽ യഹോവ നമ്മളെ എങ്ങനെ അനുഗ്രഹിക്കും?
21 അതുകൊണ്ട് യഹോവയുടെ നിർദേശങ്ങൾ അനുസരിച്ചുകൊണ്ട് പ്രായമുള്ള ആ പുരുഷന്മാരുടെ അവസാനവാക്കുകൾക്കു ചേർച്ചയിൽ നമുക്കു ജീവിക്കാം. അങ്ങനെയാകുമ്പോൾ നമുക്കു “ദീർഘകാലം ജീവിച്ചിരിക്കാൻ” ആകും; അതെ, എന്നേക്കുമായി! (ആവ. 30:20) അതുപോലെ, ചെയ്യുന്ന കാര്യങ്ങളിലെല്ലാം നമ്മൾ വിജയിക്കും. ഇനി യഹോവയുടെ അംഗീകാരം നേടുമ്പോൾ അതു നമുക്കു സന്തോഷവും തരും. ദൈവം നമ്മുടെയൊക്കെ ചിന്തകൾക്കും അപ്പുറം നമ്മളെ അനുഗ്രഹിക്കും.—എഫെ. 3:20.
ഗീതം 129 നമ്മൾ എന്നും സഹിച്ചുനിൽക്കും
a ചെങ്കടലിൽവെച്ച് യഹോവയുടെ അത്ഭുതങ്ങൾ നേരിട്ട് കണ്ട ഇസ്രായേല്യരിൽ മിക്കവരും വാഗ്ദത്തദേശം കാണാൻ ജീവനോടെ ഉണ്ടായിരുന്നില്ല. (സംഖ്യ 14:22, 23) 20 വയസ്സോ അതിനു മുകളിലോ പ്രായമുള്ള എല്ലാ പുരുഷന്മാരും വിജനഭൂമിയിൽവെച്ച് മരിക്കുമെന്ന് യഹോവ പറഞ്ഞിരുന്നു. (സംഖ്യ 14:29) എന്നാൽ യോശുവയും കാലേബും ലേവിഗോത്രത്തിൽപ്പെട്ട ഒരുപാടു പേരും അതുപോലെ 20 വയസ്സിൽ താഴെ പ്രായമുണ്ടായിരുന്നവരിൽ പലരും യോർദാൻ നദി കടന്നു. അങ്ങനെ അവർ വാഗ്ദത്തദേശത്ത് എത്തി.—ആവ. 1:24-40.
b ചിത്രത്തിന്റെ വിവരണം: ഇടത്ത്: ദാവീദ് തന്റെ മകനായ ശലോമോന് അവസാനമായി ചില ഉപദേശങ്ങൾ കൊടുക്കുന്നു. വലത്ത്: സഹോദരീസഹോദരന്മാർ മുൻനിരസേവനസ്കൂളിൽനിന്ന് പഠിക്കുന്നു.