കഴിഞ്ഞ വർഷത്തെ സവിശേഷതകൾ
“അന്ത്യകാലത്ത്” യഹോവയാൽ പഠിപ്പിക്കപ്പെടേണ്ടതിന് ആളുകൾ അവന്റെ ആലങ്കാരിക പർവതത്തിലേക്ക് ഒഴുകിച്ചെല്ലുമെന്ന് യഹോവ മുൻകൂട്ടിപ്പറഞ്ഞു. (മീഖാ 4:1, 2) “ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും” എന്ന 2003-ലെ വാർഷിക വാക്യത്തിനു ചേർച്ചയിൽ അനേകർകൂടെ പ്രവർത്തിച്ചതിന്റെ ഫലമായി ആ പ്രവചനത്തിന്റെ നിവൃത്തി കഴിഞ്ഞ വർഷവും ദൃശ്യമായി. (യാക്കോ. 4:8) യഹോവയുമായി കൂടുതൽ അടുത്ത ഒരു ബന്ധം നട്ടുവളർത്താൻ പലരെയും സഹായിച്ച ഒരു സുപ്രധാന ക്രമീകരണം “ദൈവത്തിനു മഹത്ത്വം കൊടുക്കുവിൻ” എന്ന ഡിസ്ട്രിക്റ്റ് കൺവെൻഷനുകളുടെയും അന്താരാഷ്ട്ര കൺവെൻഷനുകളുടെയും പരമ്പരയായിരുന്നു.
“ദൈവത്തിനു മഹത്ത്വം കൊടുക്കുവിൻ” കൺവെൻഷനുകൾ
“യഹോവയ്ക്കു സ്തുതി കരേറ്റാൻ അവന്റെ അചേതന സൃഷ്ടികൾക്കു കഴിയുമെങ്കിൽ ചിന്തിക്കാനും സംസാരിക്കാനും പ്രാപ്തിയുള്ള നാം നമ്മുടെ മഹാ സ്രഷ്ടാവിനെ എത്രയധികം മഹത്ത്വപ്പെടുത്തണം!” മേൽപ്പറഞ്ഞ ഒരു കൺവെൻഷനിൽ പ്രസംഗകരിൽ ഒരാൾ ഉദ്ഘോഷിച്ചു. എന്നിട്ട് അദ്ദേഹം വെളിപ്പാടു 4:11 (NW) ഉദ്ധരിച്ചു: “ഞങ്ങളുടെ ദൈവമായ യഹോവേ, നീ മഹത്ത്വവും ബഹുമാനവും ശക്തിയും സ്വീകരിക്കാൻ യോഗ്യനാണ്. എന്തെന്നാൽ നീ സർവവും സൃഷ്ടിച്ചു. നിന്റെ ഹിതമനുസരിച്ച് അവയ്ക്ക് അസ്തിത്വം ലഭിക്കുകയും അവ സൃഷ്ടിക്കപ്പെടുകയും ചെയ്തു.”
32 അന്താരാഷ്ട്ര കൺവെൻഷനുകൾ ക്രമീകരിച്ചിരുന്നതിനാൽ “ദൈവത്തിനു മഹത്ത്വം കൊടുക്കുവിൻ” കൺവെൻഷൻ പരമ്പര യഹോവയെ സ്തുതിക്കുന്നതിനുള്ള കൂടുതലായ അവസരം പ്രദാനം ചെയ്തു. ഐക്യനാടുകൾ, ഓസ്ട്രേലിയ, കാനഡ, ഘാന, ചിലി, ജപ്പാൻ, ഡെൻമാർക്ക്, ദക്ഷിണാഫ്രിക്ക, മെക്സിക്കോ, യൂക്രെയിൻ, സ്പെയിൻ, സ്വിറ്റ്സർലൻഡ്, ഹവായ്, ഹംഗറി എന്നിവിടങ്ങളിലായാണ് അവ നടത്തപ്പെട്ടത്. മിഷനറിമാർക്കും വിദേശ നിയമനങ്ങളിലുള്ള മറ്റുള്ളവർക്കും അവരുടെ സ്വദേശം സന്ദർശിക്കാൻ ഉള്ള അവസരം ഈ കൺവെൻഷനുകൾ പ്രദാനം ചെയ്തു. വിദൂര ദേശങ്ങളിലെ അവരുടെ രാജ്യപ്രവർത്തനത്തെ വിവരിക്കുന്ന അഭിമുഖങ്ങൾ കൺവെൻഷൻ പരിപാടികളിൽ ഉൾപ്പെടുത്തിയിരുന്നു. വിദേശരാജ്യങ്ങളിൽനിന്നുള്ള ആയിരക്കണക്കിനു പ്രതിനിധികളും ഈ കൺവെൻഷനുകളിൽ സംബന്ധിച്ചു.
ആതിഥേയ രാജ്യങ്ങളിലെ ബ്രാഞ്ചുകൾ സന്ദർശിക്കാൻ സാധിച്ചത് അന്താരാഷ്ട്ര പ്രതിനിധികൾക്ക് വിശേഷിച്ചും ആനന്ദം പ്രദാനം ചെയ്ത ഒരു അനുഭവം ആയിരുന്നു. ഐക്യനാടുകളിലെ ബ്രാഞ്ചിന് 36 രാജ്യങ്ങളിൽനിന്നുള്ള 6,750 പ്രതിനിധികൾക്ക് ആതിഥ്യമരുളാനുള്ള പദവി ലഭിച്ചു. ആ അവസരത്തിൽ ഏകദേശം 15,000 പ്ലെയ്റ്റ് ഭക്ഷണം കൂടെ തയ്യാറാക്കേണ്ടി വന്നു! ഒരു ദിവസം, ബ്രാഞ്ച് സന്ദർശിക്കാൻ ഒരു ബസ് നിറയെ ദക്ഷിണാഫ്രിക്കയിൽനിന്നുള്ള സഹോദരങ്ങൾ എത്തിയിരുന്നു. ഉച്ചഭക്ഷണം കഴിച്ചശേഷം ബെഥേൽ കുടുംബത്തിനുവേണ്ടി അവർ ആഫ്രിക്കാൻസ്, ഇംഗ്ലീഷ്, ഘോസ, സെപ്പിടി, സെസോത്തോ, സുളു എന്നീ ആറു ഭാഷകളിലായി ചതുർഭാഗ താളൈക്യത്തിൽ ഗീതങ്ങൾ ആലപിച്ചു. പല ശ്രോതാക്കളുടെയും കണ്ണുകളിൽ ആനന്ദാശ്രുക്കൾ പൊടിയത്തക്കവിധം അത്ര വികാരാർദ്രവും മനോഹരവുമായിരുന്നു ആ ഗീതാലാപനം.
ബ്രാഞ്ച് ചുറ്റിനടന്നു കാണുകയായിരുന്ന മറ്റൊരു സന്ദർശകകൂട്ടത്തിലെ പ്രതിനിധികളിൽ ഒരാളുടെ ലാപ്പൽ കാർഡ്, അദ്ദേഹം ലോകത്തിന്റെ പകുതിയോളം ദൂരം സഞ്ചരിച്ചാണ് എത്തിയത് എന്നു സൂചിപ്പിച്ചു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഈ സമയമത്രയും എന്റെ ആത്മീയ സഹോദരങ്ങളോടൊപ്പം ആയിരിക്കാൻ കഴിഞ്ഞത് ഒരതുല്യ അനുഭവമാണ്. ഞാൻ ഒരിക്കലും ഇതു മറക്കില്ല. പുതിയ വ്യവസ്ഥിതിയുടെ ഒരു പൂർവദർശനം ആണിത്.” 17-ാം വയസ്സിൽ സത്യം ഉപേക്ഷിച്ചു പോവുകയും എന്നാൽ അടുത്ത കാലത്തു തിരിച്ചുവരികയും ചെയ്ത ബ്രിട്ടനിൽനിന്നുള്ള ഒരു സഹോദരൻ ധൂർത്ത പുത്രനെ കുറിച്ചുള്ള ബൈബിൾ വിവരണം ചിത്രീകരിക്കുന്ന ഒരു ഛായാചിത്രം കണ്ട് വികാരാധീനനായി. പിന്നീട്, ബ്രുക്ലിൻ ബെഥേൽ കുടുംബവുമൊത്ത് ഉച്ചഭക്ഷണം ആസ്വദിക്കവേ, യഹോവയുടെ കരുണയെ കുറിച്ചോർത്ത് അദ്ദേഹത്തിന്റെ കണ്ണുകൾ ഈറനണിഞ്ഞു. 29 വർഷത്തെ ദാമ്പത്യത്തിനിടയ്ക്ക് ഒരിക്കൽപ്പോലും താൻ കരയുന്നത് ഭാര്യ കണ്ടിരുന്നില്ലെന്ന് സ്പെയിനിൽനിന്നുള്ള ഒരു സഹോദരൻ പറഞ്ഞു. എന്നാൽ ടെക്സസിലെ ഹ്യൂസ്റ്റണിലുള്ള അന്താരാഷ്ട്ര വിമാനത്താവളത്തിൽ സന്തോഷം തുടിക്കുന്ന മുഖവുമായി ഒരു കൂട്ടം സാക്ഷികൾ തങ്ങളെ വരവേറ്റപ്പോൾ അദ്ദേഹം കരഞ്ഞുപോയി.
വലിയ കൺവെൻഷനുകൾ നടത്താൻ അനുയോജ്യമായ സ്ഥലം മിതമായ വാടകയ്ക്ക് ലഭിക്കുക എന്നത് പലപ്പോഴും ബുദ്ധിമുട്ടാണ്. എന്നാൽ മിക്കപ്പോഴും, യഹോവയുടെ സാക്ഷികൾ വർഷങ്ങളിലൂടെ സമ്പാദിച്ചെടുത്തിരിക്കുന്ന നല്ല പേര് ഇങ്ങനെയുള്ള അവസരങ്ങളിൽ അവരുടെ സഹായത്തിനെത്തുന്നു. ഉദാഹരണത്തിന് ഒരു ബ്രാഞ്ച് ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “വളരെയധികം അന്വേഷിച്ചശേഷം, കൺവെൻഷനിൽ സംബന്ധിക്കാനെത്തുന്ന ഏതാണ്ട് 50,000 പേരെ ഇരുത്താൻ സൗകര്യമുള്ള ഒരേയൊരു സ്ഥലം മാത്രമാണ് ഞങ്ങൾക്കു കണ്ടെത്താൻ കഴിഞ്ഞത്. എന്നാൽ സ്റ്റേഡിയം അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ, വാടക വളരെ കൂടുതലാണെന്ന് സഹോദരന്മാർക്കു മനസ്സിലായി. ബ്രാഞ്ചിലെ സഹോദരന്മാർ വിവരങ്ങൾ തിരക്കി ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ അതേ അധികൃതർ ബ്രാഞ്ചുമായി ബന്ധപ്പെട്ട് ഇക്കാര്യം ഒന്നുകൂടെ ചർച്ച ചെയ്യാൻ സാധിക്കുമോ എന്ന് അന്വേഷിച്ചു. പിന്നീട്, സീനിയർ മാനേജർമാരിൽ ഒരാൾ ഇങ്ങനെ അഭിപ്രായപ്പെട്ടു: ‘നിങ്ങളുടെ ആവശ്യമെന്താണെന്ന് ആദ്യം ഞങ്ങൾക്കത്ര വ്യക്തമല്ലായിരുന്നു. പക്ഷേ നിങ്ങളുടെ കൺവെൻഷനുകളെ കുറിച്ചും അടിസ്ഥാന സേവനങ്ങൾ സംഘടിപ്പിക്കാനുള്ള നിങ്ങളുടെ പ്രാപ്തിയെ കുറിച്ചും മനസ്സിലാക്കിയപ്പോൾ ഞങ്ങൾക്ക് എന്തെന്നില്ലാത്ത ഉത്സാഹം തോന്നി. നിങ്ങളുടെ മികച്ച സംഘാടനശേഷിയും വിശദാംശങ്ങൾക്കു പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ആസൂത്രണരീതിയും കർമപാടവവും ഉയർന്ന നിലവാരങ്ങളുമെല്ലാം ഞങ്ങളിൽ ഏറെ മതിപ്പുളവാക്കിയിരിക്കുന്നു.’” അങ്ങനെ, യഹോവയുടെ സാക്ഷികൾക്കു കൺവെൻഷൻ നടത്താൻ മിതമായ വാടകയ്ക്ക് സ്റ്റേഡിയം ലഭ്യമായി.
കൺവെൻഷനിൽ പ്രകാശനം ചെയ്യപ്പെട്ട പ്രസിദ്ധീകരണങ്ങൾ
നിങ്ങൾ ദൈവവചനത്തിന്റെ ഉത്സാഹിയായ ഒരു പഠിതാവാണോ? ആണെങ്കിൽ, കാണ്മിൻ! ആ ‘നല്ല ദേശം’ എന്ന 36 പേജുള്ള മുഴുവർണ ലഘുപത്രിക ലഭിച്ചപ്പോൾ നിങ്ങൾക്കു തീർച്ചയായും അതിരറ്റ സന്തോഷം തോന്നിയിരിക്കണം. അതിലെ ഭൂപടങ്ങൾ, ചിത്രങ്ങൾ, രേഖാചിത്രങ്ങൾ, കമ്പ്യൂട്ടർ ചിത്രീകരണങ്ങൾ തുടങ്ങിയ സവിശേഷതകൾക്ക് നിങ്ങളുടെ വ്യക്തിപരമായ പഠനത്തെ കൂടുതൽ ഫലകരമാക്കാൻ കഴിയും. അതുകൊണ്ട് നിങ്ങൾ സ്ഥിരമായി പഠനത്തിന് ഉപയോഗിക്കുന്ന ബൈബിളിന്റെയും പഠന സഹായികളുടെയും കൂട്ടത്തിൽ ഈ ലഘുപത്രികയുടെ ഒരു പ്രതി സൂക്ഷിക്കാൻ മറക്കരുത്. കൂടാതെ, സഭായോഗങ്ങളിൽ ബൈബിൾ ദേശങ്ങളെ കുറിച്ചുള്ള പ്രസംഗങ്ങളും ചർച്ചകളും ഉള്ളപ്പോൾ നിങ്ങളുടെ ലഘുപത്രികയും ഒപ്പം കൊണ്ടുപോകാൻ ഓർക്കുക.
“നമ്മുടെ മക്കൾ—അവകാശമായി ലഭിച്ച അമൂല്യ സ്വത്ത്” എന്ന പ്രസംഗത്തിനിടയിൽ പ്രസംഗകൻ 256 പേജുള്ള മനോഹരമായ ചിത്രങ്ങളോടു കൂടിയ, മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക (ഇംഗ്ലീഷ്) എന്ന പുസ്തകം പ്രകാശനം ചെയ്തു. ദൈവത്തിൽനിന്നു തങ്ങൾക്കു ലഭിച്ചിരിക്കുന്ന അമൂല്യ സ്വത്തിനെ അതിയായി വിലമതിക്കുന്ന മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞുമക്കളോടൊപ്പം വിശിഷ്ടമായ ഈ പുതിയ പ്രസിദ്ധീകരണം പഠിക്കുന്നത് ആസ്വദിക്കും. “കുട്ടികൾക്ക് ധാർമിക മാർഗദർശനം, അതായത് ജീവിതത്തെ ഭരിക്കേണ്ട തത്ത്വങ്ങൾ ആവശ്യമാണ്,” പുസ്തകം പറയുന്നു. “ഇളംപ്രായം മുതലേ അവർക്ക് അവ ആവശ്യമാണ്. സഹായം നൽകാൻ വൈകിപ്പോയാൽ ഫലം ഹൃദയഭേദകമായിരിക്കും, അങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടാകുന്നുമുണ്ട്.”
മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക പുസ്തകത്തിൽ 230-ലധികം—ബൈബിൾ കഥാപുസ്തകത്തിൽ ഉള്ളതിന്റെ ഏതാണ്ട് ഇരട്ടി—ചിത്രങ്ങൾ ഉണ്ട്. ഓരോ ചിത്രത്തിനും അല്ലെങ്കിൽ ചിത്രങ്ങളുടെ കൂട്ടത്തിനും ചിത്രക്കുറിപ്പുകൾ നൽകിയിട്ടുണ്ട്, ഇവയിൽ പലതും ചോദ്യരൂപത്തിലുള്ളവയാണ്. ഉത്തരങ്ങൾ അതേ പേജിൽത്തന്നെ കാണാൻ കഴിയും. ഈ ചോദ്യങ്ങളും പുസ്തകത്തിൽ ഉടനീളം കാണാൻ കഴിയുന്ന മറ്റനവധി ചോദ്യങ്ങളും ഹൃദയത്തിലുള്ളത് തുറന്നു പ്രകടമാക്കാൻ കുട്ടികളെ സഹായിക്കുന്ന സംഭാഷണങ്ങൾക്കു തുടക്കമിടാൻ പ്രയോജനപ്പെടും. ഉദാഹരണത്തിന്, 101-ാം പേജിലെ ചിത്രക്കുറിപ്പ് ഇങ്ങനെ വായിക്കുന്നു: “‘താങ്ക് യു’ പറയാൻ ഓർക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?” മാതാപിതാക്കളേ, “കുട്ടികൾക്ക് മാതാപിതാക്കളിൽനിന്ന് ആവശ്യമായിരിക്കുന്നത്” എന്ന ശീർഷകത്തോടു കൂടിയ ആമുഖം തീർച്ചയായും നിങ്ങൾ വായിച്ചിരിക്കണം. അവിടെ നൽകിയിരിക്കുന്ന നിർദേശങ്ങൾ പ്രാവർത്തികമാക്കുന്നപക്ഷം ഈ മികച്ച അധ്യയനസഹായിയിൽനിന്ന് നിങ്ങളുടെ കുടുംബം വലിയ പ്രയോജനങ്ങൾ ആസ്വദിക്കും.
ബധിരർ ഇരുകൈയും നീട്ടി സ്വീകരിച്ച ഒരു വീഡിയോ
1915-ൽ ഐക്യനാടുകളിൽ ജോൺ എ. ഗിലെസ്പി എന്ന ഒരു പിൽഗ്രിം അതായത് സഞ്ചാര മൂപ്പൻ, അന്താരാഷ്ട്ര ബൈബിൾ വിദ്യാർഥികളുടെ—യഹോവയുടെ സാക്ഷികൾ അന്ന് അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്—കൺവെൻഷനിൽ സംബന്ധിക്കാനെത്തിയ ബധിരരുടെ ചെറിയ സദസ്സിനുവേണ്ടി ആംഗ്യഭാഷയിൽ ഗീതങ്ങൾ ആലപിച്ചു. ഇന്ന് ലോകവ്യാപകമായി ബധിരരായ പ്രസാധകരുടെയും താത്പര്യക്കാരുടെയും 1,200-ലധികം സഭകളും കൂട്ടങ്ങളും ഉണ്ട്. ഇവർ ആത്മീയമായി പോഷിപ്പിക്കപ്പെടുന്നത് എങ്ങനെയാണ്?
ഇന്ന് ബൈബിൾ പഠനസഹായികൾ 18 ആംഗ്യഭാഷകളിൽ ലഭ്യമാണ്, കൂടുതൽ കൂടുതൽ ആംഗ്യഭാഷകളിൽ ഇവ പുറത്തിറക്കിക്കൊണ്ടിരിക്കുകയുമാണ്. അമേരിക്കൻ ആംഗ്യഭാഷ ഉപയോഗിക്കുന്നവർക്ക് 2002 സെപ്റ്റംബറിൽ വിശേഷപ്പെട്ട ഒരു സമ്മാനം ലഭിച്ചു. ആ മാസം മുതൽ വീക്ഷാഗോപുര അധ്യയന ലേഖനങ്ങളുടെ വീഡിയോകൾ പ്രതിമാസപ്പതിപ്പായി ലഭ്യമാകാൻ തുടങ്ങി. ഒരുപക്ഷേ മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാതെ പോയേക്കാവുന്ന ചില വിധങ്ങളിൽ ഈ ക്രമീകരണം ബധിരരെ സഹായിക്കുന്നു.
ഉദാഹരണത്തിന് ഇതു പരിചിന്തിക്കുക: ബധിരരല്ലാത്ത സാക്ഷികളിൽ മിക്കവർക്കും നിരവധി തിരുവെഴുത്തുകൾ ഓർമയിൽനിന്ന് ഉദ്ധരിക്കാൻ കഴിയും. കാരണം, ഓരോ തവണയും അവർ ആ തിരുവെഴുത്തുകളിലെ ഒരേ വാക്കുകളാണ് കേൾക്കുന്നത് അല്ലെങ്കിൽ വായിക്കുന്നത്. എന്നാൽ ബധിരരായ പ്രസാധകരുടെ കാര്യത്തിൽ സംഗതി വ്യത്യസ്തമാണ്. എന്തുകൊണ്ട്? അമേരിക്കൻ ആംഗ്യഭാഷയിൽ ബൈബിൾ ലഭ്യമല്ല; അതുകൊണ്ട് സഭായോഗങ്ങളിൽ പരിപാടികൾ കൈകാര്യം ചെയ്യുന്നവർ ആംഗ്യഭാഷയിലൂടെ തിരുവെഴുത്തുകൾ പരിഭാഷപ്പെടുത്തുന്നത് എല്ലായ്പോഴും ഒരേ രീതിയിലായിരിക്കില്ല. എന്നാൽ അമേരിക്കൻ ആംഗ്യഭാഷയിലുള്ള പ്രസിദ്ധീകരണങ്ങളുടെ വീഡിയോകൾ രംഗത്തുവന്നതോടെ ഇതിനു മാറ്റം വരാൻ തുടങ്ങി. ഇപ്പോൾ വീക്ഷാഗോപുര അധ്യയന ലേഖനങ്ങൾ വീഡിയോയിൽ ലഭ്യമായിരിക്കുന്നതിനാൽ ബധിരരായ സദസ്യർക്ക് എല്ലായ്പോഴും ബൈബിൾ ഭാഗങ്ങളുടെ ഒരേ പരിഭാഷതന്നെ ലഭിക്കുന്നു.
ഇതിനുപുറമേ, അമേരിക്കൻ ആംഗ്യഭാഷാ സഭകൾക്കും കൂട്ടങ്ങൾക്കും വീക്ഷാഗോപുര അധ്യയനത്തിന് വ്യാഖ്യാതാക്കളെ നിയമിക്കേണ്ടി വരുന്നില്ല. മറ്റു സഭകളിൽ വായനയ്ക്കു നിയമനം കിട്ടുന്ന വ്യക്തിക്ക്, അധ്യയന സമയത്ത് ലേഖനം നന്നായി വായിക്കുന്നതിന് ഏതാണ്ട് ഒരു മണിക്കൂർ എടുത്ത് അധ്യയന ലേഖനം വായിച്ച് പരിശീലിച്ചാൽ മതിയാകും. അതേസമയം ബധിരരായ പ്രസാധകരുള്ള സഭകളിൽ നിയമനം കിട്ടുന്നവർക്ക് തയ്യാറാകാനായി മിക്കപ്പോഴും മണിക്കൂറുകൾ ചെലവിടേണ്ടതായി വരുന്നു. എന്നാൽ ഇപ്പോൾ ആ വിലയേറിയ സമയം മറ്റ് ആത്മീയ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാൻ അവർക്കു കഴിയും. ഈ പുതിയ ക്രമീകരണത്തെ സഹോദരങ്ങൾ എങ്ങനെയാണു വീക്ഷിക്കുന്നത്?
യു.എസ്.എ.-യിലെ റോഡ് ഐലന്റിലുള്ള ബധിരരായ ഒരു കൂട്ടം പ്രസാധകർ ഇങ്ങനെ എഴുതി: “വീക്ഷാഗോപുരം വീഡിയോയിൽ ലഭ്യമാകാൻ പോകുന്നു എന്ന അറിയിപ്പുണ്ടായപ്പോൾ ഞങ്ങൾക്ക് ഉണ്ടായ സന്തോഷത്തിന് അതിരില്ല. ഞങ്ങളുടെ പ്രസാധകരിൽ ചിലരുടെ കണ്ണുകൾ നിറഞ്ഞുപോയി.” “അഭിപ്രായം പറയാൻ ആരെ ക്ഷണിക്കണം എന്നു തിട്ടപ്പെടുത്താൻ ബുദ്ധിമുട്ടായിരിക്കത്തക്കവിധം” അത്രയധികം കൈകളാണ് ഇപ്പോൾ ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഉയരുന്നത് എന്ന് ഫ്ളോറിഡയിലെ ഒരു വീക്ഷാഗോപുര അധ്യയന നിർവാഹകൻ പറഞ്ഞു. “അഭിപ്രായങ്ങളുടെ ഗുണമേന്മയും പ്രകടമായ തോതിൽ വർധിച്ചിട്ടുണ്ട്” എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. മറ്റൊരു മൂപ്പൻ ഇപ്രകാരം എഴുതി: “ഫലങ്ങൾ ശ്രദ്ധേയമാണ്! ബുദ്ധിമുട്ടുള്ള ആശയങ്ങൾ പോലും നന്നായി മനസ്സിലാക്കാൻ [ബധിര സഹോദരങ്ങൾക്ക്] ഇപ്പോൾ കഴിയുന്നുണ്ട്.” അതേ, യഹോവയുടെ സമൃദ്ധമായ അനുഗ്രഹത്താൽ കൂടുതൽ കൂടുതൽ ബധിരർക്ക് ദൈവത്തെ അറിയാനും മഹത്ത്വപ്പെടുത്താനും ഉള്ള പദവി ലഭിക്കുന്നു. ഇതിൽ അവർ സന്തോഷവും കൃതജ്ഞതയും ഉള്ളവരാണ്.—റോമ. 10:10.
പരിഭാഷകർക്കു സഹായം
വിശ്വസ്ത ഗൃഹവിചാരകവർഗം തയ്യാറാക്കുന്ന ആത്മീയ ആഹാരം ഇന്ന് ചുരുങ്ങിയത് 390 ഭാഷകളിലെങ്കിലും ലഭ്യമാണ്. (ലൂക്കൊ. 12:42) അതുകൊണ്ടുതന്നെ പരിഭാഷ വേല യഹോവയുടെ സംഘടനയുടെ പ്രവർത്തനത്തിന്റെ ഒരു പ്രമുഖ ഭാഗമാണ്, അത് സദാ വളർന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.
ശരിയായ പരിഭാഷ എന്നു പറയുന്നത് കേവലം മൂല പാഠത്തിലുള്ള ഓരോ വാക്കിന്റെയും തത്തുല്യ പ്രാദേശിക പദം നൽകലല്ല. പകരം കൃത്യമായ ആശയം വിവർത്തനം ചെയ്യുക എന്നതാണ്. അതുകൊണ്ട് വ്യക്തമായും പരിഭാഷകർ മൊഴിമാറ്റം നടത്തുന്നതിനു മുമ്പ് മൂല പാഠത്തിന്റെ അർഥം കൃത്യമായും മനസ്സിലാക്കിയിരിക്കണം. ചിലപ്പോൾ ഇത് വളരെ ബുദ്ധിമുട്ടായിരുന്നേക്കാം.
ഭരണസംഘത്തിന്റെ നിർദേശപ്രകാരം, പ്രാപ്തരായ ഒരു കൂട്ടം സഹോദരന്മാർക്ക് അധ്യാപകരായി സേവിക്കുന്നതിനുള്ള പ്രത്യേക പരിശീലനം ലഭിക്കുകയുണ്ടായി. ഇംപ്രൂവ്ഡ് ഇംഗ്ലീഷ് കോമ്പ്രഹെൻഷൻ എന്നായിരുന്നു അവർ പങ്കെടുത്ത കോഴ്സിന്റെ പേര്. ന്യൂയോർക്കിലെ പാറ്റേഴ്സണിലുള്ള വാച്ച്ടവർ വിദ്യാഭ്യാസ കേന്ദ്രത്തിൽ വെച്ചു നടന്ന പ്രസ്തുത കോഴ്സ് പൂർത്തിയാക്കിയ ശേഷം ഈ സഹോദരന്മാർ സേവനവർഷം 2002-ലും 2003-ലും ലോകമെമ്പാടുമുള്ള പരിഭാഷാ സംഘങ്ങളെ സന്ദർശിക്കുകയും അവരുമായി കോഴ്സിലെ വിവരങ്ങൾ പങ്കുവെക്കുകയും ചെയ്തു. ജോലിസമയത്തുതന്നെ അവർക്കു പ്രായോഗിക സഹായം നൽകിക്കൊണ്ട് ഏതാണ്ട് മൂന്നു മാസം അവർ ഓരോ പരിഭാഷാ സംഘത്തോടുമൊപ്പം ചെലവഴിച്ചു. ഈ പരിപാടിയുടെ സഹായത്താൽ ഇംഗ്ലീഷ് പാഠത്തിന്റെ അർഥം കൂടുതൽ മെച്ചമായി ഉൾക്കൊള്ളാൻ കഴിയുന്നതായി പരിഭാഷകർ കണ്ടെത്തുന്നു.
ഒരു പരിഭാഷാ സംഘം ഇങ്ങനെ പറഞ്ഞു: “ഞങ്ങളുടെ നിയമനം മെച്ചമായി കൈകാര്യം ചെയ്യുന്നതിനു യോഗ്യത പ്രാപിക്കാൻ യഹോവ കരുണാപൂർവം ഞങ്ങളെ സഹായിച്ചിരിക്കുന്നു. ഇപ്പോൾ ഞങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസമുണ്ട്. യഹോവയുടെ അനുഗ്രഹത്താൽ നല്ല ഫലങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു.” ഒരു പരിഭാഷാ മേൽവിചാരകൻ ഇങ്ങനെ പറഞ്ഞു: “കഴിഞ്ഞ കാലത്ത്, ഞങ്ങളിൽ പലരും ബുദ്ധിമുട്ടുള്ള ഇംഗ്ലീഷ് പദപ്രയോഗങ്ങളും വാചകങ്ങളുമായി മല്ലിട്ടുകൊണ്ട് മണിക്കൂറുകൾ ചെലവഴിച്ചിരുന്നു. ഇത് ഞങ്ങൾ ചെയ്യുന്ന ജോലിയുടെ വേഗം കുറച്ചിരുന്നു. അതുകൊണ്ട് ഇംപ്രൂവ്ഡ് ഇംഗ്ലീഷ് കോമ്പ്രഹെൻഷൻ കോഴ്സ് ഒരു വലിയ സഹായമായിരുന്നെന്നു പറയാം. ഇംഗ്ലീഷ് പാഠത്തെ ക്രമീകൃതമായ വിധത്തിൽ എങ്ങനെ വിശകലനം ചെയ്യാമെന്ന് അതു ഞങ്ങൾക്കു കാണിച്ചുതന്നു. കൂടാതെ, ബുദ്ധിമുട്ടുള്ള വാചകങ്ങളും മറ്റും കൈകാര്യം ചെയ്യാനുള്ള വിദ്യകളും ഞങ്ങൾ കോഴ്സിലൂടെ പഠിച്ചു. തത്ഫലമായി, ഇപ്പോൾ ഞങ്ങൾക്ക് അത്ര ഉത്കണ്ഠപ്പെടേണ്ടി വരുന്നില്ല. കൂടുതൽ വേഗത്തിൽ, കൃത്യതയോടെ ഞങ്ങൾക്ക് പരിഭാഷ ചെയ്യാൻ സാധിക്കുന്നു.”
മറ്റൊരു പരിഭാഷാ സംഘം ഇങ്ങനെ എഴുതി: “സമാനമായ ഏതൊരു ലൗകിക കോഴ്സിനെയും അപേക്ഷിച്ച് കൂടുതൽ പ്രായോഗികമായിരുന്നു ഇത്. കാരണം ഞങ്ങളുടെ പ്രത്യേക ആവശ്യങ്ങളെ മുൻനിറുത്തിയായിരുന്നു അതു തയ്യാറാക്കിയത്. ലോകമെമ്പാടുമുള്ള പരിഭാഷകരെ ഈ കോഴ്സ് സഹായിക്കുമെന്നും അങ്ങനെ ചെമ്മരിയാടുതുല്യരായവർക്ക് കൂടുതൽ എളുപ്പത്തിൽ സത്യം ‘ഗ്രഹിക്കാൻ’ സാധിക്കുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു.”—മത്താ. 13:23.
ഇതുവരെ 150-ലധികം ഭാഷകളിലായി ഏതാണ്ട് 1,660 പരിഭാഷകർ ഈ കോഴ്സിൽനിന്നു പ്രയോജനം അനുഭവിച്ചിട്ടുണ്ട്. കൂടാതെ, ആംഗ്യഭാഷകളിലേക്കു പരിഭാഷപ്പെടുത്തുന്നവരെയും സ്പാനിഷിൽനിന്ന് മധ്യ അമേരിക്കയിലെയും തെക്കേ അമേരിക്കയിലെയും തദ്ദേശ ഭാഷകളിലേക്കു പരിഭാഷ നടത്തുന്നവരെയും ഈ പരിപാടി സഹായിച്ചിരിക്കുന്നു.
മെച്ചപ്പെട്ട അധ്യാപകരായിരിക്കാൻ സജ്ജരാക്കപ്പെടുന്നു
യഹോവയും അവന്റെ ഏകജാത പുത്രനായ “വചന”വും ആശയവിനിമയത്തിന് വലിയ പ്രാധാന്യം നൽകുന്നു. (യോഹ. 1:1, 14; 3:16; വെളി. 19:13) അതേ വീക്ഷണം പ്രതിഫലിപ്പിച്ചുകൊണ്ട്, വിശ്വസ്ത അടിമവർഗം പ്രസംഗ, പഠിപ്പിക്കൽ പ്രാപ്തികൾ മെച്ചപ്പെടുത്തുന്നതിന് ദൈവജനത്തെ സഹായിക്കാൻ കഠിനമായി പ്രയത്നിച്ചുകൊണ്ടിരിക്കുന്നു. ആ ലക്ഷ്യം മുൻനിറുത്തിയാണ് യഹോവയുടെ സംഘടന ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക എന്ന പുസ്തകം തയ്യാറാക്കിയത്. 2003 ജനുവരിയിൽ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ ഈ പാഠപുസ്തകം ഉപയോഗിക്കാൻ തുടങ്ങിയതിൽപ്പിന്നെ നിരവധി പ്രസാധകർ അതിനോടുള്ള തങ്ങളുടെ വിലമതിപ്പ് അറിയിച്ചിട്ടുണ്ട്.
“ഫലപ്രദമായി ആശയവിനിമയം നടത്താൻ പ്രായഭേദമെന്യേ മതാംഗങ്ങളെ ഇത്രയധികം സഹായിക്കുന്ന വേറൊരു മതസമൂഹവും ഇല്ല” എന്ന് ഫിലിപ്പീൻസിലുള്ള ഒരു മൂപ്പൻ എഴുതി. ബ്രസീലിലുള്ള ഒരു മൂപ്പൻ ഇങ്ങനെ പറഞ്ഞു: “പഠിപ്പിക്കൽ വേലയോടുള്ള ബന്ധത്തിൽ പറയുകയാണെങ്കിൽ, 2003 ജനുവരി യഹോവയുടെ സാക്ഷികളുടെ ചരിത്രത്തിലെ ഒരു വഴിത്തിരിവാണെന്ന് ഞാൻ കരുതുന്നു.” മറ്റൊരു മൂപ്പൻ പറഞ്ഞത് ഇങ്ങനെയാണ്: “സഭയിലെ ചെറുപ്രായക്കാർ [ദിവ്യാധിപത്യ] സ്കൂൾപരിപാടികളിൽ പങ്കുപറ്റാൻ ഇപ്പോൾ കൂടുതൽ താത്പര്യം പ്രകടമാക്കുന്നതായി കാണാനാകുന്നുണ്ട്. സ്കൂളിൽ ഉപയോഗിച്ചു തുടങ്ങുന്നതിനു മുമ്പുതന്നെ ചിലർ ആ പുസ്തകം പുറത്തോടു പുറം വായിക്കുകയും അതിലെ എല്ലാ അഭ്യാസങ്ങളും പൂർത്തിയാക്കുകയും ചെയ്തിരിക്കുന്നു!” ഒരു സഞ്ചാര മേൽവിചാരകൻ ഇടയസന്ദർശനങ്ങൾക്ക് ശുശ്രൂഷാസ്കൂൾ പുസ്തകം പലപ്പോഴും ഉപയോഗപ്പെടുത്താറുണ്ട്. അദ്ദേഹം എഴുതുന്നു: “‘വായനയിൽ ഉത്സുകനായിരിക്കുക,’ ‘പഠനം പ്രതിഫലദായകം,’ ‘എങ്ങനെ ഉത്തരം പറയണമെന്ന് അറിയുക’ എന്നീ അധ്യായങ്ങൾ യോഗങ്ങൾക്കും ശുശ്രൂഷയ്ക്കും തയ്യാറാകുന്നതിന് വളരെ സഹായിക്കുന്നു.”
ബ്രിട്ടനിൽനിന്നുള്ള ഒരു സഹോദരി ഇപ്രകാരം പറഞ്ഞു: “പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന അഭ്യാസങ്ങൾ പഠിപ്പിക്കൽ പ്രക്രിയയുടെ ഒരു സവിശേഷ ഭാഗമാണ്. [ദിവ്യാധിപത്യ] സ്കൂളിൽ പഠിപ്പിക്കപ്പെടുന്ന പ്രാപ്തികൾ വളർത്തിയെടുക്കാൻ നാം ആഗ്രഹിക്കുന്നെങ്കിൽ നിത്യവും നാം അവ പരിശീലിക്കേണ്ടതുണ്ട്. പാഠപുസ്തകത്തിലെ അഭ്യാസങ്ങൾ നമ്മെ അതിനു പ്രാപ്തരാക്കുന്നു.” ജപ്പാനിൽനിന്നുള്ള, സംസാരവൈകല്യമുള്ള ഒരു സഹോദരൻ എഴുതുന്നു: “വായനയ്ക്കുള്ള നിയമനം കിട്ടുന്ന ഓരോ പ്രാവശ്യവും, പ്ലാറ്റ്ഫോമിൽനിന്ന് അതു ശരിക്കു വായിക്കാൻ കഴിയുമോ എന്ന ഭയവുമായി എനിക്കു മല്ലിടേണ്ടതുണ്ട്. എന്റെതന്നെ നിഷേധാത്മക ചിന്തകളാണ് പ്രശ്നം ഒന്നുകൂടെ രൂക്ഷമാക്കുന്നതെന്ന് എനിക്കറിയാം. അതുകൊണ്ട് കഴിഞ്ഞ പ്രാവശ്യം നിയമനം ലഭിച്ചപ്പോൾ ശുശ്രൂഷാസ്കൂൾ പുസ്തകത്തിലെ ‘വ്യക്തമായി സംസാരിക്കേണ്ട വിധം’ എന്ന ഉപശീർഷകത്തിനു കീഴിലും (87, 88 പേജുകൾ) ‘വിക്ക് വിജയകരമായി തരണം ചെയ്യാൻ’ എന്ന ചതുരത്തിലും (95-ാം പേജ്) നൽകിയിരിക്കുന്ന ആശയങ്ങൾ ഞാൻ എഴുതിയെടുത്തു. ഉടനെതന്നെ എന്റെ സംസാര വൈകല്യം തരണം ചെയ്യാമെന്നൊന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല, പക്ഷേ തോറ്റു പിന്മാറില്ലെന്ന് ഞാൻ ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്!”
കെനിയ ബ്രാഞ്ച് എഴുതുന്നു: “ബുറുണ്ടിയിലെ സഹോദരങ്ങൾ ഇപ്പോൾ കിറുണ്ടി ഭാഷയിൽ ലഭ്യമായ പുതിയ പാഠപുസ്തകത്തോടുള്ള തങ്ങളുടെ വിലമതിപ്പ് അറിയിച്ചിട്ടുണ്ട്. പലർക്കും പരിമിതമായ ഔദ്യോഗിക വിദ്യാഭ്യാസം മാത്രം ലഭിച്ചിട്ടുള്ള രാജ്യത്ത്, ദിവ്യാധിപത്യ സ്കൂൾ വിദ്യാർഥികൾക്ക് ഇപ്പോൾ ബുദ്ധിയുപദേശ പോയിന്റുകൾ കൂടുതൽ മെച്ചമായി മനസ്സിലാക്കാൻ കഴിയുന്നു. തത്ഫലമായി, തങ്ങളുടെ ഭാഗങ്ങൾ അവതരിപ്പിക്കുമ്പോൾ അവർ ഇപ്പോൾ കൂടുതൽ ഉത്സാഹം പ്രകടമാക്കുന്നു.”
എഴുതാനുള്ള പ്രാപ്തികൾ മെച്ചപ്പെടുത്താനും പുസ്തകം ചിലരെ സഹായിച്ചിരിക്കുന്നു. മെക്സിക്കോയിലുള്ള, പ്രായാധിക്യം മൂലം അവശയായ ഒരു സഹോദരി പറയുന്നു: “ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 71-73 പേജുകളിൽ കത്തുകൾ എഴുതുന്നതു സംബന്ധിച്ച് ചില പ്രായോഗിക നിർദേശങ്ങൾ ഞാൻ കണ്ടു. എന്റെ ശാരീരിക പരിമിതികൾ നിമിത്തം സാക്ഷീകരണത്തിന് ഞാൻ ഈ രീതിയാണ് പിൻപറ്റിക്കൊണ്ടിരിക്കുന്നത്. എന്നിരുന്നാലും എന്റെ ബന്ധുക്കളെ ഞാൻ ഒഴിവാക്കിയിരുന്നു. പക്ഷേ ഈ പുതിയ പുസ്തകത്തിലൂടെ നൽകപ്പെട്ട മാർഗനിർദേശത്തിന്റെ ഫലമായി എനിക്ക് ഇപ്പോൾ അവരോട് മെച്ചമായി സാക്ഷീകരണം നടത്താൻ കഴിയും.” ദക്ഷിണാഫ്രിക്കയിലെ ഒരു ഡിസ്ട്രിക്റ്റ് മേൽവിചാരകൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഇത് ഏറെ വിശിഷ്ടമായ ഒരു പുസ്തകമാണ്. പ്രസംഗ ഗുണങ്ങളെ കേവലം ഒരു സാങ്കേതിക രീതിയിലല്ല ആത്മീയ രീതിയിലാണ് ഈ പുസ്തകം കൈകാര്യം ചെയ്യുന്നത്. ഈ ഗുണങ്ങൾ ക്രിസ്തീയ സ്നേഹത്തിന്റെയും മറ്റുള്ളവരിലുള്ള താത്പര്യത്തിന്റെയും ഉത്പന്നമായിരിക്കുന്നത് എങ്ങനെയെന്ന് അതു കാണിച്ചുതരുന്നു.”
നിയമപരമായ സംഭവവികാസങ്ങൾ
2002 ജൂൺ 17-ന് ഐക്യനാടുകളിലെ സുപ്രീം കോടതി വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ന്യൂയോർക്ക് ഇൻകോർപറേറ്റഡും വില്ലേജ് ഓഫ് സ്റ്റ്രാറ്റനും തമ്മിലുള്ള കേസിൽ ചരിത്രപ്രധാനമായ ഒരു തീർപ്പു കൽപ്പിച്ചു. പ്രചാരണങ്ങൾക്ക് അല്ലെങ്കിൽ പണപ്പിരിവുകൾക്ക് മുൻകൂട്ടി അനുവാദം വാങ്ങണമെന്ന് അനുശാസിക്കുന്ന ഉത്തരവുകൾ യഹോവയുടെ സാക്ഷികളുടെ പരസ്യ ശുശ്രൂഷയ്ക്ക് ബാധകമാക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ഒമ്പതംഗ ബെഞ്ചിലെ 8 ജഡ്ജിമാർ വിധിന്യായത്തിൽ അഭിപ്രായപ്പെട്ടു.
ഈ വിജയത്തെ തുടർന്ന് ഐക്യനാടുകളിലെ ബ്രാഞ്ച് ഓഫീസിന്റെ നിയമവകുപ്പ് രാജ്യത്തുടനീളമുള്ള മുനിസിപ്പാലിറ്റികളുമായി ബന്ധപ്പെട്ടു. തത്ഫലമായി, പ്രചാരണ പരിപാടികളെ അല്ലെങ്കിൽ പണപ്പിരിവുകളെ നിയന്ത്രിക്കുന്ന ഉത്തരവ് നമ്മുടെ പരസ്യ ശുശ്രൂഷയ്ക്കു ബാധകമാക്കാൻ മുമ്പ് ശ്രമിച്ച 238 മുനിസിപ്പാലിറ്റികളിൽ നമ്മുടെ പ്രസംഗവേലയോടു ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞു. കൂടാതെ, സ്റ്റ്രാറ്റൻ തീർപ്പിന്റെ ഫലമായി മറ്റ് 216 മുനിസിപ്പാലിറ്റികളിലെ രാജ്യപ്രസാധകർക്ക് വയൽസേവനത്തിൽ ഏർപ്പെടുന്നതിനു മുമ്പ് പോലീസിനെയോ മറ്റ് അധികാരികളെയോ ഫോണിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവായിക്കിട്ടി. അത്തരം പ്രതിബന്ധങ്ങൾ യഹോവ ഇനിയും നീക്കം ചെയ്യുമാറാകട്ടെ.—യെശ. 40:4; മത്താ. 24:14.
അർമേനിയയിൽ മനസ്സാക്ഷിപരമായ കാരണത്താൽ സൈന്യത്തിൽ ചേരാൻ വിസമ്മതിക്കുന്നതിന്റെ പേരിൽ അധികാരികൾ ഇപ്പോഴും സഹോദരന്മാരെ അറസ്റ്റു ചെയ്ത് തടവിലാക്കിക്കൊണ്ടിരിക്കുന്നു. തലസ്ഥാന നഗരിയായ യെരവാനിലെ പ്രോസിക്യൂട്ടർ, ശിക്ഷിക്കപ്പെട്ട നിരവധി സഹോദരന്മാർക്ക് കൂടുതൽ വർഷത്തെ തടവുശിക്ഷ വാങ്ങിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തിൽ അപ്പീൽ നൽകിയിരിക്കുകയാണ്. ന്യായാധിപന്മാർ ഈ അപ്പീലുകൾ സ്വീകരിക്കുകയും കൂടുതൽ കഠിനമായ ശിക്ഷകൾ വിധിക്കുകയും ചെയ്യുന്നു.
2003 ഫെബ്രുവരിയിൽ യൂറോപ്യൻ മനുഷ്യാവകാശ കോടതി യഹോവയുടെ സാക്ഷികളുടെ രണ്ടു മുൻ മിഷനറിമാർ നൽകിയ പരാതി പരിഗണനയ്ക്കെടുത്തു. 1995-ൽ ബൾഗേറിയ വിടാൻ ഇവരോട് ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ മതസ്വാതന്ത്ര്യം ധ്വംസിക്കപ്പെട്ടിരിക്കുന്നതായും തങ്ങൾ വിവേചനയ്ക്ക് ഇരയായിരിക്കുന്നതായും ദമ്പതികൾക്കു തോന്നി. പരാതി “അടിസ്ഥാനരഹിതമല്ലെന്ന്” കോടതി കണ്ടെത്തി.
എറിട്രിയയിലെ അസ്മാറയിലുള്ള ഒരു സഭ കർത്താവിന്റെ സന്ധ്യാഭക്ഷണം ആചരിച്ചുകഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ, പോലീസ് യോഗസ്ഥലം വളഞ്ഞ് പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സന്നിഹിതരായിരുന്ന 164 പേരെയും അറസ്റ്റു ചെയ്തു. രാത്രി മുഴുവൻ അവരെ കസ്റ്റഡിയിൽ പാർപ്പിച്ച് ചോദ്യം ചെയ്തു. പിറ്റേന്ന് അധികാരികൾ കുട്ടികളെയും സഹോദരിമാരിൽ ഭൂരിഭാഗം പേരെയും താത്പര്യക്കാരെയും വിട്ടയച്ചു. ശേഷിച്ചവരെ അസ്മാറയിലെ ഏറ്റവും വലിയ ജയിലിലേക്കു മാറ്റി. ചിലരെ ഏതാണ്ട് ഒരു മാസത്തിനു ശേഷമാണ് വിട്ടയച്ചത്. ഇതിനു പുറമേ, മനസ്സാക്ഷിപരമായ കാരണത്താൽ സൈന്യത്തിൽ ചേരാൻ വിസമ്മതിച്ചതിന് പത്തു സഹോദരന്മാർ ഇപ്പോഴും തടവിൽ കഴിയുന്നുണ്ട്. ഇവരിൽ 3 പേരെ ഒമ്പതു വർഷത്തെ തടവിനാണു വിധിച്ചിരിക്കുന്നത്.
ജോർജിയയിൽ നമ്മുടെ സഹോദരന്മാർക്കു നേരെ ഹീനമായ ആക്രമണങ്ങൾ തുടരുകയാണ്. ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾ നടന്നുകൊണ്ടിരിക്കെ പ്രാദേശിക അധികാരികളും സായുധ പോലീസും കയറിച്ചെന്ന് നിർബന്ധമായി പരിപാടികൾ നിറുത്തിച്ചു. അവർ സ്റ്റേജുകളിൽ കയറിച്ചെന്ന് സദസ്യരെ പിരിച്ചുവിട്ടു. ഒരിടത്ത്, സഹോദരന്മാർ കൺവെൻഷന് എത്തിച്ചേരുന്നതു തടയാൻ അവർ റോഡുകളിൽ തടസ്സം സൃഷ്ടിച്ചു. യഹോവയുടെ സാക്ഷികളെ ഉപദ്രവിക്കുന്നതിൽ നേതൃത്വം നൽകിക്കൊണ്ടിരിക്കുന്ന വ്യക്തിയെ വിചാരണ ചെയ്യാനിരിക്കുകയാണ്, എങ്കിലും അയാളെ അറസ്റ്റ് ചെയ്തിട്ടില്ല. 19 പ്രാവശ്യമെങ്കിലും അയാളുടെ വിചാരണ മാറ്റിവെച്ചിട്ടുണ്ട്. ചില സാഹചര്യങ്ങളിൽ അയാളുടെ അനുയായികൾ കോടതിമുറി കയ്യേറുകയും സഹോദരന്മാരെ ചീത്ത വിളിക്കുകയും ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ട്. നികുതി വകുപ്പ് സാക്ഷികളുടെ നികുതി രജിസ്ട്രേഷൻ നമ്പർ മുൻകാല പ്രാബല്യത്തോടെ റദ്ദാക്കി, ഈ നമ്പറാകട്ടെ സാഹിത്യങ്ങൾ ഇറക്കുമതി ചെയ്യാനും മറ്റ് ഇടപാടുകൾ നടത്താനും സാക്ഷികൾക്ക് ആവശ്യമാണുതാനും.
കോസോവോയിൽനിന്നും റൊമേനിയയിൽനിന്നും നല്ല വാർത്ത ലഭിച്ചിരിക്കുന്നു. 2003 മേയ് 20-ന് കൊസോവോയിലെ 90 രാജ്യപ്രസാധകർക്ക് നിയമാംഗീകാരം ലഭിച്ചു, അവരുടെ ചാർട്ടറും രജിസ്റ്റർ ചെയ്യപ്പെട്ടു. സമാനമായി, 2003 മേയ് 22-ന് യഹോവയുടെ സാക്ഷികളെ ഒരു മതമായി അംഗീകരിച്ചുകൊണ്ടുള്ള ഒരു ഔദ്യോഗിക ഉത്തരവ് റൊമേനിയൻ ഗവൺമെന്റ് പുറത്തിറക്കി. ഉത്തരവിന്റെ 3-ാം വകുപ്പിൽ ഇങ്ങനെ പ്രസ്താവിച്ചിരുന്നു: “‘യഹോവയുടെ സാക്ഷികളുടെ മതസംഘടന’യാകുന്ന ക്രിസ്തീയ മതത്തിന്, റൊമേനിയൻ രാഷ്ട്രം അംഗീകരിച്ചിട്ടുള്ള മതങ്ങൾക്ക് നിയമപരമായി ഉള്ള എല്ലാ അവകാശങ്ങളും കടപ്പാടുകളും ഉണ്ടായിരിക്കുന്നതാണ്.” 2000-ത്തിൽ റൊമേനിയയിലെ സുപ്രീം കോടതി പ്രസ്താവിച്ച വിധിയെ തുടർന്നുള്ളതായിരുന്നു ഈ ഉത്തരവ്.
റഷ്യയിലെ മോസ്കോയിൽ യഹോവയുടെ സാക്ഷികളെ നിരോധിക്കാൻ ലക്ഷ്യംവെച്ചുള്ള വിചാരണ 2003 മേയ് 22-ന് അനിശ്ചിതകാലത്തേക്കു നീട്ടി. ഒരു കാലാവധി വെക്കാതെ ജഡ്ജി, കഴിഞ്ഞ പത്തു വർഷത്തിൽ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച സാഹിത്യങ്ങളിലെ മനശ്ശാസ്ത്രപരമായ ഘടകങ്ങളുടെ സ്വാധീനത്തെ കുറിച്ച് വീണ്ടുമൊരു “വിദഗ്ധ” പഠനത്തിന് ഉത്തരവിട്ടു. അത്തരം പഠനങ്ങളുടെ ശാസ്ത്രീയ സാധുത സംശയാവഹമാണ്. എന്നാൽ ഇതിനിടെ യൂറോപ്യൻ മനുഷ്യാവകാശ കോടതി സഹോദരന്മാർ സമർപ്പിച്ചിട്ടുള്ള ഒരു അപേക്ഷ പരിശോധിക്കാൻ തുടങ്ങിയിട്ടുണ്ട്. മോസ്കോയിലെ സാക്ഷികൾ കഴിഞ്ഞ ഏഴു വർഷമായി നീതിന്യായ വകുപ്പിൽനിന്നു നേരിട്ടുകൊണ്ടിരിക്കുന്ന ഉപദ്രവത്തിനും വിവേചനയ്ക്കും എതിരെയുള്ള പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടുള്ളതാണ് അപേക്ഷ.
സൈപ്രസിന്റെ വടക്കുഭാഗത്തെ മന്ത്രിസഭ 2002 ആഗസ്റ്റ് 8-ന് പുറപ്പെടുവിച്ച E-1516-2002 എന്ന നമ്പരിലുള്ള ഉത്തരവിൽ ദ്വീപിന്റെ ആ ഭാഗത്ത് യഹോവയുടെ സാക്ഷികൾക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ചു. 1997-ൽ നിരോധനത്തെ തുടർന്ന് പയനിയർമാരെ അവിടെനിന്നു നാടുകടത്തിയിരുന്നു. കണ്ടുകെട്ടിയിരുന്ന രണ്ടു രാജ്യഹാളുകൾ സഹോദരങ്ങൾക്കു തിരിച്ചു നൽകി.
ഉസ്ബക്കിസ്ഥാനിൽ “മതവിദ്വേഷം ഊതിക്കത്തിക്കുകയും പ്രായപൂർത്തിയാകാത്തവരെ വശീകരിച്ച് [തന്റെ മതത്തിൽ] ചേർക്കുകയും” ചെയ്യുന്നുവെന്ന കുറ്റം മാറാറ്റ് മൂഡാറീസോഫിന്റെ മേൽ ആരോപിക്കപ്പെട്ടു. വീണ്ടും അത് ആവർത്തിക്കുന്നപക്ഷം അദ്ദേഹത്തെ തടവിലാക്കാൻ ഉത്തരവുണ്ടായി. വാസ്തവത്തിൽ അദ്ദേഹം ചെയ്ത “കുറ്റം” തന്റെ അയൽക്കാരോട് സുവാർത്ത പ്രസംഗിക്കുകയും സഭായോഗങ്ങളിൽ പ്രതിവാര ബൈബിൾ ചർച്ചകൾ നടത്തുകയും ചെയ്തു എന്നതായിരുന്നു. എന്നാൽ മൂഡാറീസോഫ് സഹോദരനു ലഭിച്ച ഈ അന്യായ ശിക്ഷാവിധിക്കെതിരെ അടുത്തിടെ ഉസ്ബക്കിസ്ഥാനിലെ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരുന്നു. കോടതി ഇപ്പോൾ ശിക്ഷ റദ്ദാക്കിയിരിക്കുകയാണ്.
പരിശോധനകളെ തരണം ചെയ്യുന്നു
ഈ വ്യവസ്ഥിതി അതിന്റെ സമാപനത്തോട് അടുക്കവേ, അക്രമവും രാഷ്ട്രീയ അസ്ഥിരതയും വർധിച്ചുകൊണ്ടിരിക്കുകയാണ്. പലപ്പോഴും ഇത് കടുത്ത ബുദ്ധിമുട്ടുകൾക്ക് ഇടയാക്കുന്നു. കഴിഞ്ഞ വർഷവും ആഭ്യന്തര യുദ്ധം ലൈബീരിയയെയും അതിന്റെ തലസ്ഥാനമായ മോൺറോവിയയെയും ദുരിതത്തിലാഴ്ത്തി. “തെരുവുയുദ്ധങ്ങൾ ഒരാഴ്ച നീണ്ടുനിന്നു, നഗരത്തിലെങ്ങും അരാജകത്വം നടമാടി” എന്ന് റോയിറ്റേഴ്സ് ന്യൂസ് റിപ്പോർട്ട് പറയുന്നു. “വിമതർ പിൻവാങ്ങിയതിനെ തുടർന്ന് അന്തരീക്ഷം ശാന്തമായതുപോലെ കാണപ്പെട്ടെങ്കിലും ജൂൺ 24-ന് കൂടുതൽ ശക്തമായ ആക്രമണം ഉണ്ടായി. ഇത് വലിയ തോതിലുള്ള നാശനഷ്ടങ്ങൾക്കും ആളപായത്തിനും ഇടയാക്കി.” നഗരത്തിന്റെ ഒരു ഭാഗത്ത്, ഷെല്ലാക്രമണത്തിൽനിന്നും ചീറിപ്പായുന്ന വെടിയുണ്ടകളിൽനിന്നും രക്ഷപ്പെടാനായി സഹോദരങ്ങൾക്ക് രാജ്യഹാളിന്റെ നനഞ്ഞ തറയിൽ കമിഴ്ന്നുകിടക്കേണ്ടിവന്നു എന്ന് ബ്രാഞ്ച് ഓഫീസ് പറയുന്നു. “നഗരത്തിൽ കനത്ത നാശം ഉണ്ടായ”തായി സഹോദരന്മാർ എഴുതി. “അഴുകിയ ജഡങ്ങളിൽനിന്നുള്ള ദുർഗന്ധം അന്തരീക്ഷത്തിൽ തങ്ങിനിന്നിരുന്നു.” പടർന്നുപിടിച്ച കോളറ മറ്റനേകരുടെ ജീവൻ അപഹരിച്ചു.
ആയുധധാരികളായ ആളുകൾ വന്ന് വീടുകളും രാജ്യഹാളുകളും കൊള്ളയടിക്കുന്നത് സാധാരണമായിരുന്നു. വിലപിടിപ്പുള്ള എന്തും മോഷ്ടിക്കപ്പെടുമെന്ന് അറിയാമായിരുന്നതിനാൽ പല സഹോദരങ്ങളും അടിസ്ഥാന ആവശ്യങ്ങൾക്കു വേണ്ടിയിരുന്ന സാധനങ്ങൾ മാത്രമേ കരുതിയിരുന്നുള്ളു എന്ന് മോൺറോവിയയിൽനിന്നുള്ള ഒരു മിഷനറി ദമ്പതികൾ വിശദീകരിച്ചു. കളവു പോയ കിടക്കകൾക്കു പകരം പുതിയതൊരെണ്ണം വാങ്ങാൻ പോലും കുടുംബങ്ങൾ ശ്രമിച്ചില്ല, പകരം അവർ നിലത്ത് പായകളിൽ കിടന്നുറങ്ങി. സ്വന്തം വീടുകളിലേക്കു മടങ്ങിവരാൻ സാധിക്കാഞ്ഞവർ അഭയാർഥികളായി കഴിയുകയോ അയൽരാജ്യത്തേക്കു പലായനം ചെയ്യുകയോ ചെയ്തു.
“ആളുകൾ അന്നന്നു കഴിഞ്ഞുപോകുന്നതിനെ കുറിച്ചു മാത്രമേ ചിന്തിക്കുന്നുള്ളൂ,” ബ്രാഞ്ച് എഴുതുന്നു. “എങ്കിലും സാധിക്കുമ്പോഴെല്ലാം യോഗങ്ങളിൽ ഹാജരാകാനും വയൽസേവനത്തിൽ പങ്കെടുക്കാനും സഹോദരങ്ങൾ കാണിക്കുന്ന ഉത്സാഹം പ്രോത്സാഹജനകമാണ്.” ദുരിതാശ്വാസ സാമഗ്രികൾ എത്തുമ്പോൾ, “സഹോദരങ്ങൾ ആദ്യം അഭ്യർഥിക്കുന്നത് ബൈബിളധിഷ്ഠിത സാഹിത്യങ്ങളും മറ്റുമാണ്, ചില സാഹചര്യങ്ങളിൽ നഷ്ടപ്പെട്ട വയൽസേവന ബാഗിനു പകരം മറ്റൊന്നും,” മുമ്പ് പരാമർശിച്ച മിഷനറിമാർ പറഞ്ഞു.
അച്ചടി ഉത്തരവാദിത്വം അതതു മേഖലകൾക്കു ലഭിക്കുന്നു
2001 സെപ്റ്റംബർ 1-ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഏഴു സഹോദരന്മാരെ ഒരു അച്ചടി പഠന സംഘത്തിൽ സേവിക്കാൻ തിരഞ്ഞെടുത്തു. അച്ചടിപ്രവർത്തനം നടക്കുന്ന എല്ലാ ബ്രാഞ്ചുകളെ കുറിച്ചും പഠിച്ച് നിലവിലുള്ള സൗകര്യങ്ങൾ മെച്ചമായി ഉപയോഗപ്പെടുത്തുന്നതിനുള്ള വഴികൾ നിർദേശിക്കാൻ ഭരണസംഘം മേൽപ്പറഞ്ഞ സഹോദരന്മാരോട് ആവശ്യപ്പെട്ടു. ഇവർ മുന്നോട്ടു വെച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ 2001 ഒക്ടോബർ 17-ന് ഭരണസംഘം, ഓരോ മേഖലയ്ക്കും ആവശ്യമായ പ്രസിദ്ധീകരണങ്ങൾ അച്ചടിക്കുന്നതിന്റെ ഉത്തരവാദിത്വം അതതു മേഖലയ്ക്കു നൽകാനുള്ള തീരുമാനമെടുത്തു. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക എന്നിവയാണ് ഈ മേഖലകൾ.
2002-ന്റെ ആരംഭത്തിൽ പുതിയ ക്രമീകരണം പ്രാബല്യത്തിൽ വന്നു. ഫലം പ്രോത്സാഹജനകമായിരുന്നിട്ടുണ്ട്. ഉദാഹരണത്തിന് പുസ്തക ഉത്പാദനത്തിന്റെ കാര്യമെടുക്കാം. 2000-ത്തിൽ ഗോളമെമ്പാടും ആവശ്യമായ പുസ്തകങ്ങളുടെ ഏതാണ്ട് 50 ശതമാനം ഉത്പാദിപ്പിച്ചിരുന്നത് ഐക്യനാടുകളിലെ ബ്രാഞ്ചാണ്. എന്നാൽ പുതിയ ക്രമീകരണം നിലവിൽ വന്നതോടെ ഈ ബ്രാഞ്ച് വെറും 26 ശതമാനം മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂ. അങ്ങനെ പുസ്തകങ്ങൾ കയറ്റി അയയ്ക്കാൻ വേണ്ടിവരുന്ന ചെലവ് ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. തന്നെയുമല്ല, ഐക്യനാടുകളിലെ അച്ചടിശാലയിലെ ജോലിക്കാരുടെയും യന്ത്രങ്ങളുടെയും എണ്ണം കുറയ്ക്കാനും ഇതു മൂലം സാധിച്ചിരിക്കുന്നു. അച്ചടിയന്ത്രങ്ങൾ കയ്യടക്കിയിരുന്ന സ്ഥലവും ഇപ്പോൾ ഒഴിവായിക്കിട്ടിയിട്ടുണ്ട്. എല്ലാറ്റിനും പുറമേ, മറ്റു രാജ്യങ്ങളിലെ സൗകര്യങ്ങൾ കൂടുതൽ ഫലകരമായി ഉപയോഗിക്കാനും പുതിയ ക്രമീകരണം ഇടയാക്കിയിരിക്കുന്നു.
അച്ചടിമേഖലയിലെ പരിഷ്കാരങ്ങൾക്കു പുറമേ പുതിയ ഏഴ് എംഎഎൻ റോളണ്ട് ലിഥോമൻ അച്ചടിയന്ത്രങ്ങൾ വാങ്ങാൻ ഭരണസംഘം അനുമതി നൽകി. പഴക്കം ചെന്ന, കാര്യക്ഷമത കുറഞ്ഞ ഉപകരണങ്ങളുടെ സ്ഥാനത്ത് ഇനി ഇവ ഉപയോഗിക്കപ്പെടും. ഭാവിയിലെ അച്ചടി ആവശ്യങ്ങൾക്കു വേണ്ടി കരുതാൻ ഇത് സഹായകമായിരിക്കും. പുതിയ അച്ചടിയന്ത്രങ്ങളിൽ അഞ്ചെണ്ണം ബ്രസീൽ, ബ്രിട്ടൻ, ജപ്പാൻ, ദക്ഷിണാഫ്രിക്ക, മെക്സിക്കോ എന്നിവിടങ്ങളിലെ ബ്രാഞ്ചുകൾക്കുള്ളതാണ്. ഈ അച്ചടിയന്ത്രങ്ങളിൽ പലതും സ്ഥാപിക്കപ്പെട്ടുകഴിഞ്ഞു. ബാക്കി രണ്ടെണ്ണം ന്യൂയോർക്കിലെ വാൾക്കില്ലിലുള്ള അച്ചടിശാലയ്ക്കുള്ളതാണ്. 2004 ഏപ്രിൽ, മേയ് മാസങ്ങളിലായി അവ സ്ഥാപിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നു. ഓരോ അച്ചടിയന്ത്രത്തിനും 40 മീറ്റർ നീളമുണ്ട്, ഇവ ഓരോന്നും മണിക്കൂറിൽ 90,000 (സെക്കൻഡിൽ 25) മുഴുവർണ മാസികകൾ അല്ലെങ്കിൽ മാസികാവലുപ്പത്തിലുള്ള സിഗ്നേച്ചറുകൾ ഉത്പാദിപ്പിക്കും.
ബ്രുക്ലിനിലും വാൾക്കിലിലും കൂടുതലായ മാറ്റങ്ങൾ
പുതിയ അച്ചടിയന്ത്രങ്ങളോടൊപ്പം വാൾക്കിൽ ബ്രാഞ്ചിന് പുതിയ ഒരു ബയൻഡിങ് ഉപകരണം കൂടെ ലഭിക്കും. ഒരു മിനിട്ടിൽ 120 എണ്ണം എന്ന തോതിൽ, കട്ടിബയൻഡിട്ട പുസ്തകങ്ങളും ഡീലക്സ് ബൈബിളുകളും ഉത്പാദിപ്പിക്കാൻ ഈ യന്ത്രത്തിനു കഴിയും. ബ്രുക്ലിനിലെ ഷിപ്പിങ് ഡിപ്പാർട്ട്മെന്റ് വാൾക്കിലിലേക്കു മാറ്റുന്നതായിരിക്കും, അവിടെ വളരെ ഉയരത്തിൽ സാഹിത്യം ശേഖരിച്ചു വെക്കാനുള്ള സൗകര്യം ഉള്ളതിനാൽ സാഹിത്യങ്ങൾ സൂക്ഷിക്കാനുള്ള ഇടത്തിന് ബ്രുക്ലിനിൽ ആവശ്യമായിരുന്നതിന്റെ പകുതി തറവിസ്തീർണം പോലും വേണ്ടിവരില്ല.
ബ്രുക്ലിനിൽ കാലിയായ കെട്ടിടങ്ങൾ ഇനി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കും. ഇതിനു പുറമേ 360 ഫർമാൻ തെരുവിലെ, ഷിപ്പിങ് പോലുള്ള ഡിപ്പാർട്ടുമെന്റുകൾ പ്രവർത്തിച്ചിരുന്നതും 95,000 ചതുരശ്ര മീറ്റർ വരുന്നതുമായ കെട്ടിടം വിൽക്കാൻ പരിപാടിയുള്ളതായി 2003 ജൂണിൽ ഭരണസംഘം അറിയിച്ചു. ആ കെട്ടിടത്തിലുണ്ടായിരുന്ന മറ്റു ഡിപ്പാർട്ട്മെന്റുകളിൽ ചിലത് ബ്രുക്ലിൻ ബെഥേലിന്റെ മറ്റു ഭാഗങ്ങളിലേക്കു മാറ്റിക്കഴിഞ്ഞു, ബാക്കിയുള്ളവ താമസിയാതെ മാറ്റുന്നതായിരിക്കും.
രാജ്യഹാൾ നിർമാണം
സേവനവർഷം 2003-ൽ ലോകവ്യാപകമായി 2,340 രാജ്യഹാളുകളുടെ നിർമാണം പൂർത്തിയാക്കപ്പെട്ടു. അതായത്, പ്രതിമാസം ശരാശരി 195 ഹാളുകൾ അഥവാ പ്രതിദിനം ഏതാണ്ട് 6 എണ്ണം വീതം! സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ദേശങ്ങൾക്കായുള്ള രാജ്യഹാൾ നിർമാണ പദ്ധതി നിലവിൽ വന്നത് 1999 നവംബറിലാണ്. അതിൽപ്പിന്നെ 7,730 ഹാളുകൾ നിർമിക്കപ്പെട്ടിട്ടുണ്ട്. പല സ്ഥലങ്ങളിലും, പുതിയ ഹാൾ പണിതു കഴിയുമ്പോൾ യോഗഹാജർ കുത്തനെ ഉയരുകയും താമസിയാതെ ഹാളുകൾ നിറഞ്ഞു കവിയുകയും ചെയ്യുന്നു.
ആഫ്രിക്കയിൽ നിർമാണ പദ്ധതി ആരംഭിക്കുമ്പോൾ ആ ഭൂഖണ്ഡത്തിൽ 38 രാജ്യങ്ങളിലായി ആരാധനയ്ക്കു കൂടിവരാൻ അനുയോജ്യമായ 550 സ്ഥലങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ നാലു വർഷം കഴിയുന്നതിനുമുമ്പ് ആ 38 രാജ്യങ്ങളിൽ 5,060-ൽ അധികം രാജ്യഹാളുകൾ—ഓരോ മൂന്നോ നാലോ സഭകൾക്കും ശരാശരി ഒരെണ്ണം വീതം—ഉണ്ടായിരുന്നു. രാജ്യഹാൾ പദ്ധതികൾ പൊതുജനത്തിന്മേൽ ചെലുത്തുന്ന പ്രഭാവത്തെ കുറിച്ചു പറയുന്ന ഒരു റിപ്പോർട്ടിൽ മലാവി ബ്രാഞ്ച് അവിടത്തെ ക്രൈസ്തവ സാഹിത്യ സമിതി പുറത്തിറക്കിയ ഒരു പുതിയ നിഘണ്ടുവിനെ കുറിച്ചു പരാമർശിക്കുകയുണ്ടായി. ബ്രാഞ്ച് ഇങ്ങനെ പറയുന്നു: “നിഘണ്ടുവിൽ യഹോവയുടെ സാക്ഷികൾ എന്ന പേരും ചിച്ചേവായിലുള്ള അതിന്റെ കൃത്യമായ പരിഭാഷയും നൽകിയിട്ടുണ്ട്. ആ പേര് എങ്ങനെ വാക്യത്തിൽ പ്രയോഗിക്കാം എന്നു കാണിക്കുന്നതിനായി നിഘണ്ടു ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: ‘യഹോവയുടെ സാക്ഷികൾ ഒട്ടനവധി പള്ളികൾ പണിതിട്ടുണ്ട്.’”
മറ്റൊരു ആഫ്രിക്കൻ രാജ്യത്തെ ബ്രാഞ്ച് ഓഫീസ് ഇങ്ങനെ എഴുതി: “ഒരിക്കൽ സഹോദരന്മാർ ഒരു രാജ്യഹാൾ നിർമിക്കാനുള്ള അപേക്ഷ രജിസ്റ്റർ ചെയ്യാനായി ഒരു ഉദ്യോഗസ്ഥന്റെ അടുക്കൽ ചെന്നു. അയാൾ ഉടനെ ആ പേപ്പറുകളെല്ലാം വലിച്ചുകീറി ചവറ്റുകുട്ടയിലിട്ടു. മൂന്നാം പ്രാവശ്യവും ഇത് ആവർത്തിച്ചപ്പോൾ സഹോദരന്മാർ കാര്യങ്ങൾ യഹോവയുടെ കരങ്ങളിൽ ഏൽപ്പിച്ചു. ഈ സംഭവം നടന്ന് അധികം കഴിയുന്നതിനു മുമ്പ് അധികാരികൾ ഈ സഹോദരന്മാരിൽ ഒരാളെ അദ്ദേഹത്തിന്റെ സത്യസന്ധത നിമിത്തം ഗവൺമെന്റ് ഉദ്യോഗസ്ഥർക്ക് ചില പ്രത്യേക ലോണുകൾ അനുവദിച്ചു കൊടുക്കുന്ന ഒരു തസ്തികയിൽ നിയമിച്ചു.
“ലോണിന് അപേക്ഷിക്കാൻ ചെന്നവരുടെ കൂട്ടത്തിൽ അന്ന് നമ്മുടെ കടലാസ്സുകൾ വലിച്ചുകീറിയ ആ ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു. സഹോദരനെ ഓഫീസിൽ കണ്ടയുടനെ അയാൾ തിരിഞ്ഞുനടന്നു. ഒരാഴ്ച കഴിഞ്ഞ്, ഉദ്യോഗസ്ഥൻ ഒരുപക്ഷേ മാറിവന്നിരിക്കാം എന്ന പ്രതീക്ഷയിൽ അയാൾ മടങ്ങിവന്നു. എന്നാൽ ഈ പ്രാവശ്യം സഹോദരൻ അയാളെ സമീപിച്ച് ലോണിനുള്ള അപേക്ഷ ചോദിച്ചുവാങ്ങി അത് അനുവദിച്ചുകൊടുത്തു. അയാൾ ആകെ ലജ്ജിച്ചുപോയി. നിർമാണത്തിനുള്ള അപേക്ഷ വീണ്ടും സമർപ്പിക്കാൻ ആ ഉദ്യോഗസ്ഥൻ സഹോദരന്മാരോടു പറഞ്ഞു. അപേക്ഷ അനുവദിച്ചുകിട്ടാനായി അയാൾ നേരിട്ട് അത് മേലുദ്യോഗസ്ഥനു നൽകുകയും രാജ്യഹാൾ നിർമാണത്തിനുള്ള അനുവാദം നേടിയെടുക്കുകയും ചെയ്തു. സാക്ഷികളോട് ആദരവു തോന്നിയ അയാൾ ഇങ്ങനെ പറഞ്ഞു: ‘അവർ തിന്മയ്ക്കു പകരം തിന്മ ചെയ്യുന്നവരല്ല.’”
യൂക്രെയിൻ ബ്രാഞ്ച് ഇങ്ങനെ വിവരിക്കുന്നു: “സ്ഥലം അന്വേഷിക്കുന്നതിനിടെ ആർട്സിസ് നഗരത്തിലെ സഹോദരന്മാർ ഒരു റീജണൽ ആർക്കിടെക്റ്റുമായി ബന്ധപ്പെടാനിടയായി. അവർ ആ സ്ത്രീക്ക് നിർമാണം പൂർത്തിയായ ചില രാജ്യഹാളുകളുടെ ഫോട്ടോകൾ കാണിച്ചുകൊടുത്തു. മതിപ്പു തോന്നിയ ആർക്കിടെക്റ്റ് ഇങ്ങനെ പറഞ്ഞു: ‘ഇത്തരത്തിലുള്ള ഒരു രാജ്യഹാൾ നമ്മുടെ ഡിസ്ട്രിക്റ്റ് അഡ്മിനിസ്ട്രേഷൻ മേഖലയ്ക്കടുത്തായിരിക്കണം പണിയുന്നത്. കാരണം അത് നഗര കേന്ദ്രത്തിന് നല്ല ഒരു അലങ്കാരമായിരിക്കും.’ എന്നിട്ട് അവർ ഒരു സ്ഥലം നിർദേശിച്ചു. പിന്നീട് അവിടത്തെ പ്രധാന ആർക്കിടെക്റ്റ് ഇങ്ങനെ കൂട്ടിച്ചേർത്തു: ‘നിർമാണം തുടങ്ങുന്നതിനു മുമ്പ് പ്ലാനുകൾ സംബന്ധിച്ച് ഒത്തുതീർപ്പിലെത്തുന്ന ഒരു മതസമൂഹത്തെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. സാധാരണഗതിയിൽ ഇതിനു വിപരീതമാണ് സംഭവിക്കാറ്.’”
ലിസിചാൻസ്ക് നഗരത്തിൽ ഒരു രാജ്യഹാളിന്റെ പണി നടന്നുകൊണ്ടിരുന്ന ഒരു സ്ഥലത്ത് സമീപ നഗരത്തിൽനിന്നുള്ള ഒരു ബിസിനസ്സുകാരി ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഞാൻ നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്റെ നഗരത്തിലും നിങ്ങൾ ഇത്തരത്തിലുള്ള ഒരു രാജ്യഹാൾ പണിയണം. അനുയോജ്യമായ ഒരു സ്ഥലം കണ്ടെത്തുന്നതിനു നിങ്ങളെ സഹായിക്കാൻ പോലും ഞാൻ ഒരുക്കമാണ്.” ആ പ്രദേശത്ത് അഞ്ച് സാക്ഷികളേ താമസിക്കുന്നുള്ളു എന്നും അതുകൊണ്ട് അവിടെ ഒരു സഭ രൂപീകരിക്കാനും ഹാൾ പണിയാനും ഇപ്പോൾ സാധിക്കില്ലെന്നും സഹോദരന്മാർ പറഞ്ഞു. “ശരി, നിങ്ങൾക്ക് എത്ര പേരെ വേണം?” അവർ തുടർന്നു: “ആറാമത്തെ ആളായി എന്റെ പേര് ചേർത്തോളൂ.” ഒരുപക്ഷേ അത് കാര്യമായി പറഞ്ഞതായിരിക്കില്ലെങ്കിലും അവർ ഒരു ബൈബിളധ്യയനം സ്വീകരിക്കുകയുണ്ടായി.
പുതിയ സമ്മേളന ഹാളുകൾ
കഴിഞ്ഞ സേവനവർഷത്തിൽ, ബ്രസീലിലെ ന്യാൻഡിയാറായിലും ഗോയിയാനിയയിലും ചിലിയിലെ സാന്റിയാഗോയിലുള്ള എൽ ട്രിബോളിലും ഡൊമിനിക്കയിലെ മോർനേ ഡാൻയെലിലും ഇക്വഡോറിലെ മാചാലായിലും ഇറ്റലിയിലെ സിസിലിയിലുള്ള സിറാക്യൂസിലും പാപ്പുവ ന്യൂഗിനിയിലെ ഗെറെഹൂവിലും ടോഗോയിലെ ലോമേയിലും യു.എസ്.എ.-യിലെ ന്യൂയോർക്കിലുള്ള ന്യൂബർഗിലും അതുപോലെ ഫ്ളോറിഡയിലുള്ള വെസ്റ്റ് പാം ബീച്ചിലും സമ്മേളന ഹാളുകൾ നിർമിക്കുകയും സമർപ്പിക്കുകയും ചെയ്തു. ന്യൂബർഗിലെ നിർമാണത്തെ കുറിച്ച് സ്ഥലത്തെ ഒരു ബിസിനസ്സുകാരൻ ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ സംഘടന വിസ്മയം ജനിപ്പിക്കുന്നതാണ്! വ്യത്യസ്ത പശ്ചാത്തലങ്ങളും പ്രാപ്തികളും കഴിവുകളുമൊക്കെയുള്ള സന്നദ്ധസേവകരെയാണ് നിങ്ങൾ ഉപയോഗിക്കുന്നത്, അവരാകട്ടെ യോജിപ്പോടെ വേല ചെയ്യുകയും ചെയ്യുന്നു. ഇങ്ങനെയൊരു കാര്യം ഞാൻ ഒരിക്കലും കണ്ടിട്ടില്ല!” സ്ഥലത്തെ ഒരു ബിൽഡിങ് ഇൻസ്പെക്ടർക്ക് പണിയെ കുറിച്ചു മാത്രമല്ല സഹോദരങ്ങളെ കുറിച്ചും മതിപ്പു തോന്നി. “എനിക്കിവിടെ വരാൻ ഇഷ്ടമാണ്,” അദ്ദേഹം പറഞ്ഞു. “നിങ്ങളോടൊപ്പമായിരിക്കുന്നത് ഹൃദ്യമായ ഒരനുഭവമാണ്.”
ന്യൂബർഗിലെ നിർമാണം പൂർത്തിയാകാറായ സമയത്ത് ഒരു അഗ്നിബാധ ഉണ്ടാകുകയും കെട്ടിടത്തിന് 20 ശതമാനം കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. നിരുത്സാഹിതരാകുന്നതിനു പകരം സഹോദരങ്ങൾ തികച്ചും ക്രിയാത്മകമായി പ്രതികരിച്ചു. കെട്ടിടം പൂർവസ്ഥിതിയിലാക്കുന്നതിനു വേണ്ട നടപടികൾ അവർ കൈക്കൊണ്ടു. തത്ഫലമായി, ഒരു മാസത്തിൽ താഴെ സമയംകൊണ്ട് കെട്ടിടത്തിന്റെ കേടുപാടുകൾ പോക്കാനും നിശ്ചയിച്ചിരുന്ന പ്രകാരം 2002 ഒക്ടോബർ 19-നു തന്നെ സമർപ്പണം നടത്താനും കഴിഞ്ഞു. സ്വമേധയാസേവകരെ കുറിച്ച് പറയവേ ഒരു പ്രാദേശിക വർത്തമാനപത്രം ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “60,000 ചതുരശ്ര അടി വരുന്ന കെട്ടിടത്തിന്റെ അഞ്ചിലൊന്നിനെ ചാമ്പലാക്കിയ അഗ്നിനാളങ്ങളെക്കാൾ തീക്ഷ്ണമായിട്ടാണ് അവരുടെ വിശ്വാസം ആളിക്കത്തുന്നത്.” ദൈവജനത്തിന്റെ അമൂല്യ ഐക്യത്തിനുള്ള അംഗീകാരമെന്ന നിലയിൽ സമ്മേളന ഹാളിലേക്കു നയിക്കുന്ന പൊതു നിരത്തിന് ഐക്യത്തിന്റെ തെരുവ് എന്നർഥമുള്ള യൂണിറ്റി പ്ലെയ്സ് എന്നു പേരിടാൻ സഹോദരങ്ങൾക്ക് അനുവാദം നൽകപ്പെട്ടു.
ബ്രാഞ്ച് സമർപ്പണങ്ങൾ
ആഭ്യന്തര, രാഷ്ട്രീയ കലഹങ്ങൾക്കു മധ്യേ ഐവറി കോസ്റ്റിലെ സഹോദരങ്ങൾ 2003 മാർച്ച് 29-ന് അബിജാനിലെ ബ്രാഞ്ചിന്റെ നിരവധി വരുന്ന പുതിയ കെട്ടിടങ്ങളുടെ സമർപ്പണത്തിനായി സമാധാനത്തിൽ കൂടിവന്നു. ഒരു പുതിയ രാജ്യഹാളും താമസത്തിനുള്ള രണ്ടു കെട്ടിടങ്ങളും അതുപോലെ ഒരു വലിയ ഊണുമുറി, അടുക്കള, അലക്കുശാല, സ്റ്റോറേജ് മുറികൾ, മെയിന്റനൻസ് ഡിപ്പാർട്ട്മെന്റുകൾ എന്നിവയടങ്ങുന്ന ഒരു കെട്ടിടവും ഇതിൽ ഉൾപ്പെടുന്നു. 1982-ൽ നിർമിക്കപ്പെട്ട ബ്രാഞ്ചിന്റെ എതിർവശത്തായാണ് പുതിയ കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നത്. 15 രാജ്യങ്ങളിൽനിന്നുള്ള സ്വമേധയാസേവകർ—ഇവരിൽ പലരും സ്വന്തം ചെലവിലായിരുന്നു വന്നത്—110 പേരടങ്ങുന്ന പ്രാദേശിക നിർമാണ സംഘത്തെ സഹായിച്ചു. ബ്രാഞ്ച് സന്ദർശിച്ച, മേഖല മേൽവിചാരകനായ സെബാസ്റ്റ്യൻ ജോൺസണാണ് സമർപ്പണ പ്രസംഗം നടത്തിയത്. “നിർമലാരാധനയിൽ ഹൃദയം ഏകാഗ്രമാക്കുക” എന്നതായിരുന്നു പ്രസംഗവിഷയം.
2003 ഫെബ്രുവരി 15 ശനിയാഴ്ച ഗയാനയിലെ പുതിയ ബ്രാഞ്ചിന്റെ സമർപ്പണം നടന്നു. 332 പേർ പരിപാടിയിൽ സംബന്ധിച്ചു. ജർമൻ ബ്രാഞ്ചിൽനിന്നുള്ള റിച്ചർഡ് കെൽസിയാണു സമർപ്പണ പ്രസംഗം നടത്തിയത്. അഖിലാണ്ഡത്തിന്റെ മഹാ നിർമാതാവാണ് യഹോവ എന്ന വസ്തുതയിലേക്ക് അദ്ദേഹം ഏവരുടെയും ശ്രദ്ധ ക്ഷണിച്ചു. എന്നിരുന്നാലും, യഹോവയുടെ ആദ്യത്തേതും ഏറ്റവും ശ്രേഷ്ഠവുമായ സൃഷ്ടിക്രിയ, മഹത്ത്വമാർന്ന ഒരു ആത്മസൃഷ്ടി—അവന്റെ ഏകജാത പുത്രൻ—അസ്തിത്വത്തിൽ വരുന്നതിന് ഇടയാക്കി എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആദ്യകാല മിഷനറിമാരിൽ പലരും സമർപ്പണ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു, അവരിൽ ചിലർ 40-ലധികം വർഷംകൂടിയാണ് അവിടേക്കു വന്നത്! 2,000-ത്തിൽ അൽപ്പം കൂടുതൽ മാത്രം സുവാർത്താഘോഷകരുള്ള ഗയാനയിൽ ഞായറാഴ്ചത്തെ പ്രത്യേക പരിപാടിയിൽ പങ്കെടുക്കാൻ 12 രാജ്യങ്ങളിൽനിന്നായി 4,752 പേർ എത്തിയത് ഏവരെയും പുളകംകൊള്ളിച്ചു.
ഹെയ്റ്റിയിലെ ബെഥേലിൽ പുതിയതായി പണിത കെട്ടിടങ്ങളുടെ സമർപ്പണ വേളയിൽ സംസാരിക്കവേ ദീർഘകാലം മുമ്പ് ആ രാജ്യത്ത് സേവനം അനുഷ്ഠിച്ചിരുന്ന ജോർജ് കോർവിൻ വികാരഭരിതനായി. സാങ് മാർക്കിൽ ആയിടെ സന്ദർശനം നടത്തിയതിനെ കുറിച്ച് പ്രതിപാദിക്കുകയായിരുന്നു അദ്ദേഹം. പോർട്ട് ഓ പ്രിന്റ്സിൽനിന്ന് 60 കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന തുറമുഖ പട്ടണമായ സാങ് മാർക്കിൽ 40-ലധികം വർഷം മുമ്പ് മിഷനറിയായി സേവിക്കവേ കോർവിൻ സഹോദരൻ അവിടെ ആദ്യത്തെ സഭ സ്ഥാപിക്കുന്നതിൽ സഹായിച്ചു. ഇന്ന് ആ പട്ടണത്തിൽ നാലു വലിയ സഭകൾ ഉണ്ട്. ദീർഘകാലമായി വിശ്വസ്തരും അചഞ്ചലരുമായി നിലകൊള്ളുന്ന അദ്ദേഹത്തിന്റെ ബൈബിൾ വിദ്യാർഥികൾ അതിരറ്റ ആഹ്ലാദത്തോടെയാണ് അദ്ദേഹത്തെ വരവേറ്റത്. കോർവിൻ സഹോദരൻ ഹെയ്റ്റിയിൽ വരുമ്പോൾ ആ രാജ്യത്ത് 900-ത്തിൽ താഴെ പ്രസാധകർ മാത്രമാണ് ഉണ്ടായിരുന്നത്. ബ്രാഞ്ച് ഓഫീസാകട്ടെ ചെറിയൊരു വാടകവീടും. രണ്ട് അംഗങ്ങളേ അന്ന് ബ്രാഞ്ചിൽ ഉണ്ടായിരുന്നുള്ളൂ.
1986-ൽ ഹെയ്റ്റിയിൽ പുതിയൊരു ബ്രാഞ്ച് പണിതു, എന്നാൽ അതും മതിയാകാതെ വന്നു. പുതുതായി സമർപ്പിക്കപ്പെട്ട, വിസ്തൃതമാക്കപ്പെട്ട ബ്രാഞ്ചിൽ ഇപ്പോൾ 40 അംഗങ്ങളടങ്ങുന്ന ഒരു ബെഥേൽ കുടുംബം ഉണ്ട്. 12,000-ത്തിലധികം വരുന്ന പ്രസാധകർക്ക് ഇവർ സേവനം ചെയ്യുന്നു. ഐക്യനാടുകൾ, ഓസ്ട്രേലിയ, കാനഡ, ജർമനി, ഡെൻമാർക്ക്, ബ്രിട്ടൻ എന്നിവിടങ്ങളിൽനിന്നുള്ള സ്വമേധയാസേവകർ നിർമാണ വേലയിൽ പങ്കെടുത്തു. കൂടാതെ അവർ ഹെയ്റ്റിയിലെ സ്വമേധയാസേവകരെ അമൂല്യമായ നിർമാണ വൈദഗ്ധ്യങ്ങൾ പഠിപ്പിക്കുകയും ചെയ്തു.
നിർമാണത്തിനുള്ള സാമഗ്രികളും ഉപകരണങ്ങളും ഹെയ്റ്റിയിൽ വേണ്ടത്ര ലഭ്യമല്ലായിരുന്നതിനാൽ അവ ഇറക്കുമതി ചെയ്യേണ്ടതുണ്ടായിരുന്നു. ഇത് ചില അവസരങ്ങളിൽ നിർമാണപ്രവർത്തനത്തെ മന്ദീഭവിപ്പിച്ചെങ്കിലും പണി നിന്നുപോയില്ല. 2002 നവംബർ 23 ശനിയാഴ്ച സമർപ്പണദിനം വന്നെത്തി. 13 രാജ്യങ്ങളിൽനിന്നു വന്ന 240 പ്രതിനിധികൾ ഉൾപ്പെടെ 3,122 പേർ പരിപാടിക്ക് സന്നിഹിതരായിരുന്നു. ഭരണസംഘത്തിലെ ഡേവിഡ് സ്പ്ലെയ്ൻ ആയിരുന്നു സമർപ്പണ പ്രസംഗം നടത്തിയത്. പിറ്റേന്ന് പോർട്ട് ഓ പ്രിന്റ്സിലെ സിൽവ്യോ കാറ്റോർ സ്റ്റേഡിയത്തിൽ നടന്ന പ്രത്യേക പരിപാടിയിൽ 20,000-ത്തിൽപ്പരം പേർ സംബന്ധിച്ചു.
“നാം എഴുന്നേററു പണിയുക.” (നെഹെ. 2:18) നെഹെമ്യാവിന്റെ കാലത്തെ വിശ്വസ്ത യഹൂദർ പറഞ്ഞ പ്രോത്സാഹജനകമായ ഈ വാക്കുകൾ ഹംഗറിയിൽ 2000 ജൂൺ ലക്കത്തിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ബുഡാപെസ്റ്റിലെ പുതിയ ബ്രാഞ്ചിന്റെ നിർമാണത്തിൽ പങ്കുചേരാൻ രാജ്യമെമ്പാടുമുള്ള ദൈവജനത്തെ ക്ഷണിച്ചിരുന്നു. രാജ്യത്തെ 251 സഭകളെയും പ്രതിനിധാനം ചെയ്തുകൊണ്ട് 13,741 സ്വമേധയാസേവകർ നിർമാണത്തിൽ പങ്കുചേർന്നു. ഒരു പഴയ സൈനിക ക്യാമ്പിന്റെ മുഖഛായ മാറ്റിയെടുത്തതാണ് ഈ ബ്രാഞ്ച്. പണി പൂർത്തിയാവാൻ രണ്ടു വർഷം വേണ്ടിവന്നു. 2003 മേയ് 10-ന് നടന്ന സമർപ്പണ പരിപാടിയിൽ 22 ദേശങ്ങളിൽനിന്നായി 554 അതിഥികൾ പങ്കെടുത്തു. ഭരണസംഘത്തിലെ അംഗമായ ഗൈ പിയേഴ്സ് “യഹോവ അത് വളരുമാറാക്കുന്നു” എന്ന സമർപ്പണ പ്രസംഗം നടത്തി.
മെക്സിക്കോയിൽ ബ്രാഞ്ച് വിപുലീകരണം ഒരു പതിവു വിശേഷതയാണ്. 1974, 1985, 1989 എന്നീ വർഷങ്ങളിൽ ബ്രാഞ്ചിന്റെ വിവിധ കെട്ടിടങ്ങളുടെ സമർപ്പണം നടന്നിരുന്നു. 2003 മാർച്ച് 15-ന് 14 പുതിയ കെട്ടിടങ്ങൾ സമർപ്പിക്കപ്പെട്ടു. പുതിയ കെട്ടിടങ്ങൾക്കായുള്ള 80,000 ചതുരശ്ര മീറ്റർ വരുന്ന അസ്ഥിവാരമിടുന്നത് പ്രത്യേക വെല്ലുവിളി തന്നെയായിരുന്നു. ഒന്നാമതായി, ആ സ്ഥലത്ത് മുമ്പ് ഒരു തടാകം സ്ഥിതി ചെയ്തിരുന്നതിനാൽ മണ്ണ് ഉറപ്പുള്ളതല്ലായിരുന്നു. അതുകൊണ്ട് അവിടെ കെട്ടിടം പണിയുക ബുദ്ധിമുട്ടായിരുന്നു. രണ്ടാമതായി ആ പ്രദേശത്ത് ഭൂകമ്പങ്ങൾ ഉണ്ടാകാറുണ്ട്. അതിനാൽ ഇളകാത്ത, സുരക്ഷിതമായ അടിസ്ഥാനം നിർമിക്കാൻ പണിക്കാർക്ക് 3,261 കുഴൽത്തൂണുകൾ—ഓരോന്നും ഏതാണ്ട് 24 മീറ്റർ താഴ്ചയിൽ—കുഴിച്ചിറക്കേണ്ടതുണ്ടായിരുന്നു! പ്ലാൻ തയ്യാറാക്കാനും നിർമാണത്തിനും കൂടെ 12 വർഷം വേണ്ടിവന്നു. മെക്സിക്കോയിൽനിന്ന് 28,600 സ്വമേധയാസേവകരും മറ്റു രാജ്യങ്ങളിൽനിന്ന് 734 പേരും വേലയിൽ പങ്കെടുത്തു.
ഭരണസംഘത്തിലെ മൂന്ന് അംഗങ്ങൾ സമർപ്പണ പരിപാടിയിൽ പങ്കുചേർന്നു. യഹോവയുമായി ഒരടുത്ത ബന്ധം ഉണ്ടായിരിക്കുന്നതിൽനിന്ന് ഉളവാകുന്ന വലിയ സന്തോഷത്തെ കുറിച്ച് ഗൈ പിയേഴ്സ് സംസാരിച്ചു. ദൈവസേവനത്തിലെ വിശ്വസ്ത ഗതിയുടെ അനുഗ്രഹങ്ങൾ ഈ അന്ത്യകാലത്ത് ക്രിസ്ത്യാനികൾ നേരിടുന്ന ഏത് പരിശോധനകളെക്കാളും ഏറെ വലുതായിരിക്കുന്നത് എങ്ങനെയെന്ന് തിയോഡർ ജാരറ്റ്സ് വിവരിച്ചു. ഗെരിറ്റ് ലോഷ്, “സത്യത്തിന്റെ ദൈവത്തെ ആരാധിക്കുക!” എന്ന സമർപ്പണ പ്രസംഗം സ്പാനിഷിൽ നടത്തി.
2002 നവംബർ 23-ന് പെറു ബ്രാഞ്ച് മനോഹരമായ പുതിയൊരു അഞ്ചുനില ഓഫീസ് കെട്ടിടവും പാർപ്പിട കെട്ടിടവും ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ സമർപ്പിച്ചു. “വിപുലീകരണം യഹോവയ്ക്കുള്ള സ്തുതിയിൽ കലാശിക്കുന്നു” എന്ന സമർപ്പണ പ്രസംഗം ഗെരിറ്റ് ലോഷ് നടത്തി. പിറ്റേന്നു ഞായറാഴ്ച, പെറുവിൽ നടക്കുന്ന പ്രസംഗവേലയുടെ മേലുള്ള യഹോവയുടെ സമൃദ്ധമായ അനുഗ്രഹത്തിലേക്കു ശ്രദ്ധ ക്ഷണിക്കുന്ന ഒരു പ്രത്യേക പരിപാടിയിൽ പങ്കെടുക്കാനായി ലൈമയിലുള്ള സാൻ മാർകോസ് സ്റ്റേഡിയത്തിൽ 59,940 പേർ കൂടിവന്നു. ആ അനുഗ്രഹം എത്ര പ്രകടമായിരുന്നു! 1946-ൽ ആദ്യത്തെ മിഷനറിമാർ പ്രസംഗവേലയ്ക്കു നേതൃത്വം നൽകാനായി എത്തുമ്പോൾ ആ രാജ്യത്ത് ഏതാനും പ്രസാധകരും താത്പര്യക്കാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് പെറുവിൽ 87,318 പ്രസാധകരും 916 സഭകളും ഉണ്ട്.
റഷ്യ ബ്രാഞ്ചിൽ, താമസത്തിനുള്ള പുതിയ കെട്ടിടങ്ങളുടെയും ഓഫീസുകളുടെയും സംഭരണ സംവിധാനങ്ങളുടെയും സമർപ്പണത്തിനു സാക്ഷ്യം വഹിക്കാനായി 30 വ്യത്യസ്ത രാജ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന 600 അതിഥികളും 350 ബെഥേൽ കുടുംബാംഗങ്ങളും കൂടിവന്നു. 2003 മേയ് 17-നായിരുന്നു അത്. മുൻ സമർപ്പണം നടന്നിട്ട് ആറു വർഷമേ ആയിട്ടുള്ളു എന്നിരിക്കെ ഇത്ര പെട്ടെന്ന് ഒരു വിപുലീകരണത്തിന്റെ ആവശ്യം എന്തായിരുന്നു?
സെന്റ് പീറ്റേഴ്സ്ബർഗിന്റെ പ്രാന്തപ്രദേശത്തായി സോൾന്യെച്ച്നോയെയിൽ സ്ഥിതി ചെയ്യുന്ന റഷ്യ ബ്രാഞ്ച് പത്തു രാജ്യങ്ങളിലെ രാജ്യപ്രസംഗവേലയ്ക്കു മേൽനോട്ടം വഹിക്കുന്നുണ്ട്. 11 സമയമേഖലകൾ ഉൾക്കൊള്ളുന്ന ഈ വിസ്തൃത പ്രദേശത്ത് സംസാരിക്കുന്ന ഭാഷകളുടെ എണ്ണം 100-ലധികമാണ്. അതുകൊണ്ട് ബ്രാഞ്ചിൽ നിർവഹിക്കപ്പെടുന്ന വേലയുടെ നല്ലൊരു ഭാഗം പരിഭാഷയാണ്. ഇപ്പോൾ ഇവിടെ 34 ഭാഷകളിലേക്ക് ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങൾ പരിഭാഷപ്പെടുത്തുന്നുണ്ട്. ഇതിനു പുറമേ, കഴിഞ്ഞ സമർപ്പണത്തിനു ശേഷം ഈ പ്രദേശത്തെ പ്രസാധകരുടെ എണ്ണത്തിൽ 40,000-ത്തിലധികം വർധന ഉണ്ടായിട്ടുണ്ട്. പ്രതിവർഷം ഏതാണ്ട് 7,000 എന്ന തോതിലായിരുന്നു വർധന! “വളർച്ച അനസ്യൂതം തുടരുകയാണ്,” ബ്രാഞ്ച് എഴുതുന്നു. യഹോവയുടെ സമൃദ്ധമായ അനുഗ്രഹത്തോടുള്ള പ്രതികരണമെന്ന നിലയിൽ തങ്ങളുടെ ‘നിവാസത്തിന്റെ കയറുകളെ നീട്ടാൻ’ റഷ്യയിലെ സഹോദരങ്ങൾ അതീവ സന്തോഷമുള്ളവരായിരുന്നു.—യെശ. 54:2.
സോവിയറ്റ് യുഗത്തിൽ വളരെയധികം പീഡനം സഹിച്ച പ്രായമായ ഒട്ടനവധി വിശ്വസ്ത സഹോദരങ്ങൾ ശനിയാഴ്ചത്തെ സമർപ്പണ പരിപാടിക്ക് സന്നിഹിതരായിരുന്നു. “ഞാൻ ഈ ആലയത്തെ മഹത്വപൂർണ്ണമാക്കും” എന്ന, ഹഗ്ഗായി 2:7-നെ ആധാരമാക്കിയുള്ള സമർപ്പണ പ്രസംഗം ഡേവിഡ് സ്പ്ലെയ്ൻ അവതരിപ്പിക്കവേ എല്ലാവരും അത് സാകൂതം ശ്രദ്ധിച്ചു. പുതിയ കെട്ടിടങ്ങൾ മനോഹരവും സ്തുതി കൈവരുത്തുന്നതുമാണെങ്കിലും ഓരോ ക്രിസ്ത്യാനിയുടെയും ദൈവിക നടത്തയും ആത്മീയ ഗുണങ്ങളുമാണ് പ്രമുഖമായും യഹോവയ്ക്കു മഹത്ത്വം കൈവരുത്തുന്നതും സത്യാരാധനയ്ക്ക് അലങ്കാരം ചാർത്തുന്നതും എന്ന് അദ്ദേഹം വിശദമാക്കി. ഞായറാഴ്ച, ചാറ്റൽ മഴയും തണുപ്പും ഗണ്യമാക്കാതെ 9,800 പേർ സെന്റ്പീറ്റേഴ്സ്ബർഗിലെ കീറോഫ് സ്റ്റേഡിയത്തിൽ നടന്ന പ്രത്യേക പരിപാടി ആസ്വദിക്കാൻ കൂടിവന്നു.
ലോകവ്യാപകമായി വ്യത്യസ്ത ബ്രാഞ്ചുകളിലായി മൊത്തം 19,848 നിയമിത ശുശ്രൂഷകർ സേവനം അനുഷ്ഠിക്കുന്നുണ്ട്. എല്ലാവരും യഹോവയുടെ സാക്ഷികളുടെ പ്രത്യേക മുഴുസമയസേവകരുടെ ലോകവ്യാപക വ്യവസ്ഥയിൻ കീഴിൽ വരുന്നവരാണ്.
[12, 13 പേജുകളിലെ ചാർട്ട്/ചിത്രങ്ങൾ]
ചില സംഭവങ്ങൾ സേവനവർഷം 2003-ൽ നടന്നത്
2002 സെപ്റ്റംബർ 1
സെപ്റ്റംബർ 1: അമേരിക്കൻ ആംഗ്യഭാഷയിലുള്ള വീക്ഷാഗോപുര അധ്യയന ലേഖനങ്ങൾ വീഡിയോയിൽ ലഭ്യമാക്കുന്നു.
നവംബർ 23: ഹെയ്റ്റിയിലെയും പെറുവി ലെയും ബ്രാഞ്ചുകളുടെ സമർപ്പണം.
2003 ജനുവരി 1
ജനുവരി 1: ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക എന്ന പുതിയ പാഠപുസ്തകം സഭകൾ ഉപയോഗിക്കാൻ തുടങ്ങുന്നു.
ഫെബ്രുവരി 15: ഗയാനയിലെ ബ്രാഞ്ചിന്റെ സമർപ്പണം.
മാർച്ച് 15, 29: മെക്സിക്കോയിലെയും ഐവറി കോസ്റ്റിലെയും ബ്രാഞ്ചുകളുടെ സമർപ്പണം.
ഏപ്രിൽ 16: എറിട്രിയയിലെ അസ്മാരയിൽ സ്മാരകാചരണത്തിൽ പങ്കെടുക്കുകയായിരുന്ന 164 പേരെ പോലീസ് അറസ്റ്റു ചെയ്യുന്നു.
2003 മേയ് 1
മേയ് 10, 17: ഹംഗറിയിലെയും റഷ്യയിലെയും ബ്രാഞ്ചുകളുടെ സമർപ്പണം.
മേയ് 20: കൊസോവോയിൽ യഹോവയുടെ സാക്ഷികൾ നിയമപരമായി രജിസ്റ്റർ ചെയ്യപ്പെടുന്നു.
മേയ് 22: യഹോവയുടെ സാക്ഷികൾ ഒരു മതം ആണെന്ന് റൊമേനിയ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നു. മോസ്കോയിൽ യഹോവയുടെ സാക്ഷികളെ നിരോധിക്കുന്നതു സംബന്ധിച്ച കേസിന്റെ വിചാരണ അനിശ്ചിത കാലത്തേക്കു നീട്ടിവെക്കുന്നു.
ആഗസ്റ്റ്: ബ്രിട്ടൻ ബ്രാഞ്ചിൽ പുതിയ എംഎഎൻ റോളണ്ട് ലിഥോമൻ അച്ചടിയന്ത്രം സ്ഥാപിക്കപ്പെടുന്നു.
2003 ആഗസ്റ്റ് 31
ആഗസ്റ്റ് 31: വികസ്വര ദേശങ്ങളിൽ 1999 നവംബർ മുതൽ ഏതാണ്ട് 7,730 രാജ്യഹാളുകളുടെ നിർമാണം പൂർത്തിയായിട്ടുണ്ട്. 235 ദേശങ്ങളിലായി 64,29,351 സജീവ പ്രസാധകരുണ്ട്.
[ചിത്രങ്ങൾ]
ഹെയ്റ്റി
പെറു
[11-ാം പേജിലെ ഗ്രാഫ്]
(പ്രസിദ്ധീകരണം കാണുക)
ഭാഷകളുടെ എണ്ണത്തിലെ വർധന:
എല്ലാ പ്രസിദ്ധീകരണങ്ങളും
“വീക്ഷാഗോപുരം”
“ഉണരുക!”
400
300
200
100
1880 1920 1960 2000
[14-ാം പേജിലെ ചിത്രം]
ഇംപ്രൂവ്ഡ് ഇംഗ്ലീഷ് കോമ്പ്രഹെൻഷൻ കോഴ്സിന്റെ അധ്യാപകരായി തിരഞ്ഞെടുക്കപ്പെട്ട സഹോദരന്മാരും അവരുടെ ഭാര്യമാരും
[22, 23 പേജുകളിലെ ചിത്രം]
അച്ചടിയന്ത്രം, ഒരു സിറ്റി ബസ്സിനോടുള്ള താരതമ്യത്തിൽ
അച്ചടിയന്ത്രത്തിന്റെ വലുപ്പം:
നീളം: 40 മീറ്റർ
ഉയരം: 5.5 മീറ്റർ
ഭാരം: 201 ടൺ
[28, 29 പേജുകളിലെ ചിത്രങ്ങൾ]
(1) ഗയാന, (2) ഹംഗറി, (3) ഐവറി കോസ്റ്റ് എന്നിവിടങ്ങളിലെ അടുത്തയിടെ സമർപ്പിക്കപ്പെട്ട ബ്രാഞ്ച് കെട്ടിടങ്ങൾ