കഴിഞ്ഞ വർഷത്തെ സവിശേഷതകൾ
യഹോവയുടെ ഭൗമിക സംഘടന കഴിഞ്ഞ സേവന വർഷവും പുരോഗതി പ്രാപിക്കുന്നതിൽ തുടരുകയുണ്ടായി. 235 ദേശങ്ങളിലായി 60 ലക്ഷത്തിലധികം വരുന്ന യഹോവയുടെ സാക്ഷികൾ ദൈവത്തോടുള്ള തങ്ങളുടെ വിശ്വസ്തതയും നീതിനിഷ്ഠമായ ഒരു പുതിയ ലോകം സ്ഥാപിക്കുമെന്ന അവന്റെ വാഗ്ദാനത്തിലുള്ള വിശ്വാസവും പ്രകടമാക്കുന്നു എന്നതിൽ അവന്റെ അനുഗ്രഹം വ്യക്തമായി ദർശിക്കാനാകും. ഈ ദശലക്ഷങ്ങൾ ദൈവത്തിന്റെ ദാസന്മാരെന്നു വെറുതെ അവകാശപ്പെടുന്നവരല്ല. യേശു മുൻകൂട്ടി പറഞ്ഞതു പോലെയും മത്തായി 24:14-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരവും, ദൈവരാജ്യ സുവാർത്ത സജീവമായി ഘോഷിക്കുന്നവരാണ് അവർ. 2001-ലെ വാർഷികവാക്യത്തിനു ചേർച്ചയിൽ അവർ, ‘തികഞ്ഞവരും ദൈവഹിതം സംബന്ധിച്ചൊക്കെയും പൂർണ്ണനിശ്ചയമുള്ളവരുമായി നിൽക്കുന്നതിൽ’ തുടരുന്നു.—കൊലൊ. 4:12.
കഴിഞ്ഞ വർഷം ദൈവജനത്തിനിടയിൽ ആവേശകരമായ പല സംഭവങ്ങളും ഉണ്ടായി. അവയിൽ സവിശേഷമായ ചില കാര്യങ്ങൾ നമുക്കിപ്പോൾ പരിചിന്തിക്കാം.
ദൈവവചനം പഠിപ്പിക്കുന്നവരെ പ്രബോധിപ്പിക്കുന്ന കൺവെൻഷനുകൾ
കഴിഞ്ഞ വർഷത്തെ അവിസ്മരണീയമായ പ്രത്യേകതകളിൽ ഒന്ന്, യഹോവയുടെ സാക്ഷികളുടെ “ദൈവവചനം പഠിപ്പിക്കുന്നവർ” ഡിസ്ട്രിക്റ്റ് കൺവെൻഷൻ ആയിരുന്നു. 2001-ന്റെ മധ്യം മുതൽ 2002-ന്റെ തുടക്കം വരെ ഭൂമിയിലെമ്പാടും നൂറുകണക്കിനു സ്ഥലങ്ങളിൽ അതു നടത്തപ്പെട്ടു. ദശലക്ഷക്കണക്കിന് ആളുകൾ അതിൽ സംബന്ധിച്ചു. ത്രിദിന കൺവെൻഷനിലെ ആദ്യ ദിവസത്തെ ഒരു പ്രസംഗകൻ കൺവെൻഷന്റെ വിഷയം വിശദീകരിച്ചു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “തിരുവെഴുത്തു പണ്ഡിതന്മാരുടെ ഒരു ശ്രേഷ്ഠഗണത്തിന് പരിജ്ഞാനത്തിന്റെ താക്കോൽ കൊടുക്കുന്നതിൽ യേശു തത്പരനായിരുന്നില്ല. അവൻ തന്റെ ശിഷ്യന്മാരോടു പറഞ്ഞു: ‘ഞാൻ ഇരുട്ടത്തു നിങ്ങളോടു പറയുന്നതു വെളിച്ചത്തു പറവിൻ; ചെവിയിൽ പറഞ്ഞുകേൾക്കുന്നതു പുരമുകളിൽനിന്നു ഘോഷിപ്പിൻ.’ ദൈവപരിജ്ഞാനം സാധ്യമാകുന്നത്ര ആളുകളുമായി പങ്കുവെക്കാൻ യേശു അതിയായി ആഗ്രഹിച്ചു. അവനെ സംബന്ധിച്ചിടത്തോളം തിരുവെഴുത്തു പരിജ്ഞാനം മറച്ചുവെക്കാനുള്ളത് ആയിരുന്നില്ല, പങ്കുവെക്കാനുള്ളതായിരുന്നു.”
ബൈബിൾ പ്രവചനത്തിന്റെ അർഥത്തെ കുറിച്ചും ക്രിസ്ത്യാനികൾ തിരുവെഴുത്തു തത്ത്വങ്ങൾ എങ്ങനെ തങ്ങളുടെ ജീവിതത്തിൽ ബാധകമാക്കണം എന്നതിനെ കുറിച്ചും പ്രതിപാദിക്കുന്ന പ്രസംഗങ്ങൾ കൺവെൻഷൻ പരിപാടിയുടെ ഭാഗമായിരുന്നു. ഞായറാഴ്ച, യഹോവയുടെ അധികാരത്തെ ആദരിക്കുക എന്ന ശീർഷകത്തിൽ പുരാതന വേഷവിധാനങ്ങളോടു കൂടിയ ഒരു നാടകം ഉണ്ടായിരുന്നു. മരുഭൂമിയിൽ വെച്ചുള്ള കോരഹിന്റെ മത്സരത്തെയും അതിൽനിന്നു ഭിന്നമായി അവന്റെ പുത്രന്മാർ പ്രകടമാക്കിയ വിശ്വസ്ത ഗതിയെയും കുറിച്ചുള്ള ബൈബിൾ വിവരണത്തെ ആധാരമാക്കിയുള്ളത് ആയിരുന്നു അത്.
കൺവെൻഷനിൽ രണ്ടു പ്രസിദ്ധീകരണങ്ങൾ പ്രകാശനം ചെയ്യപ്പെട്ടു. യെശയ്യാ പ്രവചനം—മുഴു മനുഷ്യവർഗത്തിനുമുള്ള വെളിച്ചം, വാല്യം രണ്ട് ആയിരുന്നു അതിൽ ആദ്യത്തേത്. രണ്ടാമത്തേത്, ഒരു സംതൃപ്ത ജീവിതം—അത് എങ്ങനെ നേടാം? എന്ന ശീർഷകത്തോടു കൂടിയ ഒരു ലഘുപത്രികയും. അതു കൂടാതെ, നിങ്ങൾക്ക് ഒരു അമർത്യ ആത്മാവ് ഉണ്ടോ? (ഇംഗ്ലീഷ്) എന്ന തലക്കെട്ടോടു കൂടിയ ഒരു പുതിയ ലഘുലേഖയും പ്രകാശനം ചെയ്യപ്പെട്ടു.
ആഗസ്റ്റിൽ ഫ്രാൻസിലും ഇറ്റലിയിലും പ്രത്യേക കൺവെൻഷനുകൾ നടത്തപ്പെട്ടു. ഫ്രാൻസിൽ, ഈ പ്രത്യേക കൺവെൻഷനുകൾ നടത്തപ്പെട്ടത് പാരീസ്, ലിയോൺ, ബോർഡോ എന്നീ നഗരങ്ങളിലാണ്. ഈ മൂന്നു കൺവെൻഷനുകളിലെ മൊത്തം അത്യുച്ച ഹാജർ 1,60,045 ആയിരുന്നു. മാധ്യമങ്ങളുടെ മുൻവിധികൾക്ക് ഇരകളാകേണ്ടിവന്ന ഫ്രാൻസിലെ സഹോദരങ്ങൾക്ക് ഈ കൺവെൻഷനുകൾ വലിയ പ്രോത്സാഹനമേകി. ഒരു സഹോദരൻ ഇപ്രകാരം പറഞ്ഞു: “പോരാട്ടത്തിൽ ഞങ്ങൾ തനിച്ചായിരിക്കുന്നതു പോലെ ചിലപ്പോൾ തോന്നാറുണ്ട്. എന്നാൽ, ആയിരക്കണക്കിനു ക്രിസ്തീയ സഹോദരങ്ങളുടെ സന്ദർശനം മുന്നേറാൻ ഞങ്ങൾക്കു കരുത്തു പകർന്നിരിക്കുന്നു.”
ഇറ്റലിയിൽ റോം, മിലാൻ, ടൂറിൻ, ബാരി എന്നിവിടങ്ങളിലാണു പ്രത്യേക കൺവെൻഷനുകൾ നടത്തപ്പെട്ടത്. പരിപാടിയുടെ ചില ഭാഗങ്ങൾ ഫോൺവഴി മറ്റ് അഞ്ചു കൺവെൻഷൻ നഗരങ്ങളിലെ സഹോദരങ്ങളെ കേൾപ്പിക്കുകയുണ്ടായി. ഈ ഒമ്പതു കൺവെൻഷനുകളിൽ മൊത്തം 2,89,133 പേരാണ് ഹാജരായത്. ഫ്രാൻസിലും ഇറ്റലിയിലും നടന്ന ഈ കൺവെൻഷനുകളിൽ ഓരോന്നിലും സദസ്സിന്റെ മുമ്പാകെ ആവേശകരമായ ഒരു പ്രമേയം അവതരിപ്പിക്കപ്പെട്ടു. നിരവധി രാജ്യങ്ങളിൽനിന്ന് എത്തിയ പ്രതിനിധികൾ ഉവ്വ് എന്ന് ഉച്ചത്തിൽ പറഞ്ഞുകൊണ്ട് തങ്ങളുടെ പ്രതികരണം അറിയിച്ചു! ഈ പ്രഖ്യാപനത്തെ തുടർന്ന് നീണ്ട കരഘോഷം ഉയർന്നു.
രാജ്യവാർത്ത നമ്പർ 36 ഉപയോഗിച്ചുള്ള ഒരു ആഗോള സാക്ഷ്യം
രണ്ടായിരാം ആണ്ട് ഒക്ടോബർ, നവംബർ മാസങ്ങളിൽ രാജ്യവാർത്ത നമ്പർ 36-ന്റെ 50 കോടിയോളം പ്രതികൾ 189 ഭാഷകളിലായി ലോകമെങ്ങും വിതരണം ചെയ്യപ്പെട്ടു. ക്രിസ്തുയേശുവിന്റെ സഹസ്രാബ്ദ ഭരണത്തെ കുറിച്ചുള്ള തിരുവെഴുത്തു സന്ദേശവും അതോടൊപ്പം കൊടുത്തിരുന്ന വർണഭംഗിയാർന്ന ചിത്രങ്ങളും ഈ രാജ്യവാർത്തയെ അനേകർക്കും പ്രിയങ്കരമാക്കി. യഹോവയുടെ സാക്ഷികളിൽ ഒരാൾ ആണെങ്കിൽ, നിങ്ങളും അതിന്റെ വിതരണത്തിൽ പങ്കെടുത്തിരിക്കാം. ആ വിതരണത്തെ കുറിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു ലഭിച്ച ചില റിപ്പോർട്ടുകളാണ് താഴെ കൊടുത്തിരിക്കുന്നത്.
അലാസ്കയിൽ താപനില പൂജ്യത്തിനും താഴെ ആയിരുന്നെങ്കിലും, അവിടത്തെ സാക്ഷികൾ വയൽസേവനത്തിൽനിന്നു വിട്ടുനിന്നില്ല. നോർത്ത് പോൾ സഭയിലെ അധ്യക്ഷ മേൽവിചാരകൻ ഇങ്ങനെ പറഞ്ഞു: “ശൈത്യകാലം ആയിരുന്നിട്ടും ചില വീട്ടുകാർ മുറ്റത്തു നിന്നുതന്നെ രാജ്യവാർത്ത നമ്പർ 36 വായിച്ചു. ഇപ്പോഴത്തെ അവസ്ഥകളെയും മനുഷ്യവർഗത്തിനു ലഭിക്കാൻ പോകുന്ന അനുഗ്രഹങ്ങളെയും വിപരീത താരതമ്യം ചെയ്യുന്ന ലളിതമായ ആ സന്ദേശം ഹൃദ്യമാണ്.”
അൽബേനിയയിൽ ചില വൻനഗരങ്ങളിലെ 15 സഭകളെ വിദൂര ഗ്രാമങ്ങൾ സന്ദർശിക്കാൻ ക്ഷണിക്കുകയുണ്ടായി. വലിയ ഉത്സാഹത്തോടും സന്തോഷത്തോടും കൂടെ സഹോദരങ്ങൾ ആ ക്ഷണം സ്വീകരിച്ചു. ജനസംഖ്യ ഏകദേശം 50,000 ഉള്ള 56 ഗ്രാമങ്ങളിൽ അങ്ങനെ ആദ്യമായി സുവാർത്ത എത്തിച്ചേർന്നു.
അംഗോള ബ്രാഞ്ച് റിപ്പോർട്ടു ചെയ്യുന്നു: “സാമ്പത്തിക പ്രശ്നങ്ങളും യുദ്ധവും രാജ്യത്തെങ്ങുമുള്ള സഭകളെ ബാധിച്ചിരിക്കുന്നെങ്കിലും, പ്രസാധകർ കാട്ടിയ തീക്ഷ്ണതയുടെയും ഉത്സാഹത്തിന്റെയും ഫലമായി, ഞങ്ങളുടെ പ്രദേശത്ത് രാജ്യവാർത്ത നമ്പർ 36-ന്റെ വിതരണം വലിയ ഒരു വിജയമായിരുന്നു. പലരും അത് ആകാംക്ഷയോടെ സ്വീകരിച്ചു. തത്ഫലമായി, നവംബറിൽ അംഗോള 94,026 ഭവന ബൈബിൾ അധ്യയനങ്ങളുടെ ഒരു പുതിയ സർവകാല അത്യുച്ചം റിപ്പോർട്ടു ചെയ്തു. തലേ മാസത്തേതിനെക്കാൾ 10,000-ത്തോളം അധ്യയനങ്ങൾ കൂടുതലായിരുന്നു ഇത്.”
കാമറൂണിൽ ഒരു കൂട്ടം സാക്ഷികൾ ഒരു ഗ്രാമത്തിലേക്കു യാത്ര ചെയ്യവേ, അവരുടെ കയ്യിൽനിന്ന് രാജ്യവാർത്ത നമ്പർ 36-ന്റെ ഒരു പായ്ക്കറ്റ് അറിയാതെ വീണുപോയി. ഒരു മനുഷ്യൻ തന്റെ കൃഷിയിടത്തിലേക്കു പോകുന്ന വഴിക്ക് ആ പായ്ക്കറ്റു റോഡരികിൽ കിടക്കുന്നതു കണ്ടു. സാക്ഷികൾ രാജ്യവാർത്ത വിതരണം ചെയ്യുന്നതു കണ്ടിരുന്ന അയാൾ അതെടുത്ത് വിതരണം ചെയ്യാൻ തുടങ്ങി! നാലെണ്ണം ഒഴികെ ബാക്കിയെല്ലാം അയാൾ വിതരണം ചെയ്തു. ആളുകൾ ബാക്കിയുള്ള ആ നാലെണ്ണം ചോദിച്ചപ്പോൾ, വിസമ്മതത്തോടെ അയാൾ ഇങ്ങനെ പറഞ്ഞു: “ഇവ ഞാൻ വിതരണം ചെയ്തതിനുള്ള കൂലിയാണ്; ഇവ എന്റെ കുടുംബത്തിനുള്ളതാണ്. സാക്ഷികൾ ഇതുവഴി വരുമ്പോൾ നിങ്ങൾക്കുള്ള പ്രതികൾ തന്നുകൊള്ളും.”
കൊളംബിയയിൽ രാജ്യവാർത്ത നമ്പർ 36-ന്റെ ഒരു പ്രതി സ്വീകരിച്ച ഒരു സ്ത്രീക്കു സാക്ഷികൾ മടക്കസന്ദർശനം നടത്തി. താൻ യഹോവയുടെ സാക്ഷികളോടു സംസാരിക്കാൻ എല്ലായ്പോഴും വിസമ്മതം കാട്ടിയിരുന്നു എന്ന് ആ സ്ത്രീ പറഞ്ഞു. എന്നാൽ, രാജ്യവാർത്ത നമ്പർ 36 വായിച്ചശേഷം, വാസ്തവത്തിൽ താൻ വളരെ നല്ല ഒരു സംഗതി തനിക്കുതന്നെ നിഷേധിക്കുകയായിരുന്നു എന്ന് അവർ തിരിച്ചറിഞ്ഞു. അവർ മുട്ടിന്മേൽനിന്ന് ദൈവത്തോടു ക്ഷമ യാചിച്ചു. പിന്നീട് സാക്ഷികളുമായി ബന്ധപ്പെട്ട അവർ ഇപ്പോൾ ബൈബിൾ പഠിച്ചുകൊണ്ടിരിക്കുന്നു.
കോംഗോയിലെ (കിൻഷാസ) ഒരു ഗ്രാമത്തിൽ, യൂണിഫോം ധാരിയായ ഒരു പോലീസുകാരൻ വലിയ താത്പര്യത്തോടെ രാജ്യവാർത്ത നമ്പർ 36 വായിച്ചു. കുറെ കഴിഞ്ഞ് അദ്ദേഹം സാക്ഷികളെ കണ്ടെത്തി, അതിലെ സന്ദേശം ശക്തവും ആശ്വാസദായകവും ആണെന്ന് അറിയിച്ചു. പിന്നീട് അവിടെനിന്നു പോയ അദ്ദേഹം അൽപ്പനേരത്തിനു ശേഷം മടങ്ങിവന്നു, അപ്പോൾ മഫ്ടിവേഷത്തിലായിരുന്ന അദ്ദേഹത്തിന്റെ കൈയിൽ ഒരു ബൈബിളും ഉണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു: “ഈ സന്ദേശത്തിന്റെ പ്രാധാന്യവും അടിയന്തിരതയും കണക്കിലെടുത്ത് അതു വിതരണം ചെയ്യുന്നതിൽ നിങ്ങളോടു ചേരാൻ ഞാൻ ആഗ്രഹിക്കുന്നു!” ആദ്യം അദ്ദേഹംതന്നെ ബൈബിൾ പഠിക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ച് സാക്ഷികൾ ദയാപുരസ്സരം അദ്ദേഹത്തിനു വിവരിച്ചുകൊടുത്തു. അതിനു സമ്മതിച്ച അദ്ദേഹം ഇപ്പോൾ നല്ല പുരോഗതി വരുത്തിക്കൊണ്ടിരിക്കുന്നു.
ഗ്രീസിൽ, ജോയി എന്നു പേരുള്ള ഒരു യുവതി തന്റെ വീട്ടുവാതിൽക്കൽ രാജ്യവാർത്ത നമ്പർ 36-ന്റെ ഒരു കോപ്പി കിടക്കുന്നതു കണ്ടു. അതു വായിച്ച ഉടനെതന്നെ അവൾ യഹോവയുടെ സാക്ഷികളിൽ ഒരാളായ തന്റെ ആന്റിക്ക് ഫോൺ ചെയ്തു. ആ സന്ദേശം തന്റെ ഹൃദയത്തിൽ തട്ടിയെന്നും യഹോവയുടെ സാക്ഷികളോടു താൻ സംസാരിക്കാൻ ആഗ്രഹിക്കുന്നെന്നും അവൾ ആന്റിയോടു പറഞ്ഞു. അവളുടെ പ്രദേശത്ത് ഒരു പ്രത്യേക പയനിയറായി സേവിക്കുന്ന ഒരു സഹോദരിയുമായി ജോയിയുടെ ആന്റി ബന്ധപ്പെട്ടു. ആ പയനിയർ ജോയിയെ കാണാൻ ചെന്നപ്പോൾ, ഇരുവരും അതിശയിച്ചുപോയി. കാരണം, അവർ പരസ്പരം അറിയുന്നവരായിരുന്നു. കൈവശം ബൈബിൾ ഉണ്ടെങ്കിലും, താൻ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളോടു ബന്ധപ്പെട്ട തിരുവെഴുത്തുകൾ കണ്ടെത്താൻ തനിക്ക് അറിയില്ലെന്ന് ജോയി ആ സഹോദരിയോടു പറഞ്ഞു. ജോയി ഉടൻ ഒരു ഭവന ബൈബിൾ അധ്യയനത്തിനു സമ്മതിച്ചു.
യഹോവയുടെ സാക്ഷികളിൽ ഒരുവനായ തന്റെ മകനെ എതിർത്തിരുന്ന കൊറിയയിലെ ഒരു സ്ത്രീ ഒരു സാക്ഷിയിൽനിന്ന് രാജ്യവാർത്ത നമ്പർ 36 സ്വീകരിച്ചു. മൂന്നു ദിവസത്തിനു ശേഷം, ആ സാക്ഷി അവരെ വീണ്ടും സന്ദർശിച്ച് പറുദീസയെ കുറിച്ചു ബൈബിൾ പറയുന്ന കാര്യങ്ങൾ വിശദീകരിച്ചു. ആ സ്ത്രീ അനുകൂലമായി പ്രതികരിച്ചു, ഒരു ബൈബിൾ അധ്യയനം ആരംഭിക്കുകയും ചെയ്തു. അവരുടെ മകൻ നിറകണ്ണുകളോടെ ഇങ്ങനെ പറഞ്ഞു: “എന്റെ അമ്മ ബൈബിൾ പഠിക്കാൻ തുടങ്ങിയെന്ന് എനിക്കു വിശ്വസിക്കാനേ കഴിയുന്നില്ല.” ആ സ്ത്രീ ഇപ്പോൾ നല്ല പുരോഗതി വരുത്തിക്കൊണ്ടിരിക്കുന്നു.
ലൈബീരിയയിലെ ഒരു ഉൾനാടൻ പ്രദേശത്ത് ഗ്രാമങ്ങൾ തോറും സഞ്ചരിച്ച് രാജ്യവാർത്ത വിതരണം ചെയ്യുകയായിരുന്ന ചില സാക്ഷികൾ പ്രധാന പാതയിൽനിന്ന് വഴിതെറ്റി വനപ്രദേശത്തുള്ള ഒരു ഒറ്റപ്പെട്ട കൃഷിയിടത്തിൽ ചെന്നുചേർന്നു. തങ്ങൾക്കു വഴിതെറ്റിയെന്നു സാക്ഷികൾ അവിടെ ഉണ്ടായിരുന്ന കർഷകരോടു പറഞ്ഞപ്പോൾ, അവരിൽ ഒരു ചെറുപ്പക്കാരൻ ഇങ്ങനെ പ്രതിവചിച്ചു: “ഞങ്ങൾക്ക് ഇതിന്റെ പ്രതികൾ ലഭിക്കേണ്ടതിനു ദൈവത്തിന്റെ ആത്മാവാണ് നിങ്ങളെ ഇവിടേക്കു നയിച്ചത്.”
നെതർലൻഡ്സിലെ ആളുകൾ ആകാംക്ഷയോടെ രാജ്യവാർത്ത നമ്പർ 36 സ്വീകരിച്ചു. 20 ലക്ഷം പ്രതികളാണു ചുരുങ്ങിയ സമയത്തിനുള്ളിൽ വിതരണം ചെയ്യപ്പെട്ടത്. ജർമനിയിലെ സെൽറ്റേഴ്സിലുള്ള ബ്രാഞ്ച് കൂടുതലായി 1,00,000 പ്രതികൾ അച്ചടിച്ചെങ്കിലും, സഭകൾ പിന്നെയും കൂടുതൽ പ്രതികൾ ആവശ്യപ്പെടുകയുണ്ടായി. ഹെൽമോൺഡ് നഗരത്തിലെ ഒരു സാക്ഷി, പ്രസ്തുത ലഘുലേഖ ലോകമെങ്ങും വിതരണം ചെയ്യപ്പെടുന്നതായി ഒരു വീട്ടുകാരനെ അറിയിച്ചപ്പോൾ, “ഒന്നു നിൽക്കൂ” എന്നു പറഞ്ഞിട്ട് അയാൾ വീടിനകത്തേക്കു പോയി, നമ്മുടെ പ്രസാധകൻ പറഞ്ഞത് ശരിയാണോ എന്ന് അറിയാൻ ഫ്രാൻസിലുള്ള തന്റെ ഒരു സുഹൃത്തിന് ഫോൺ ചെയ്തു. അയാൾ സ്നേഹിതനോട് പറഞ്ഞു: “യഹോവയുടെ സാക്ഷികളിൽ ഒരാൾ ഒരു ലഘുലേഖയുമായി എന്റെ വീട്ടിൽ വന്നിരിക്കുന്നു. അതു ലോകമെങ്ങും വിതരണം ചെയ്യപ്പെടുന്ന ഒന്നാണെന്നാണ് അയാൾ പറയുന്നത്. താങ്കൾക്ക് ആ ലഘുലേഖ കിട്ടിയോ?” ആ സുഹൃത്തിന്റെ മറുപടി ഇതായിരുന്നു: “ഉവ്വ്, പത്തു മിനിട്ട് മുമ്പാണ് എനിക്ക് അതു കിട്ടിയത്.” ആ മനുഷ്യൻ ഫോൺ താഴെവെച്ചിട്ട് മടങ്ങിവന്ന് ലഘുലേഖയുടെ ഒരു പ്രതി സ്വീകരിച്ചു.
ഏഴാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയിൽനിന്ന് രസകരമായ ഒരു കത്ത് റഷ്യ ബ്രാഞ്ചിനു ലഭിച്ചു. കത്തിൽ അവൻ ഇങ്ങനെ എഴുതിയിരുന്നു: “ഹലോ. പുതിയ സഹസ്രാബ്ദത്തെ കുറിച്ചുള്ള ഒരു ലഘുലേഖ ഞങ്ങളുടെ മെയിൽബോക്സിൽനിന്നു കിട്ടിയപ്പോൾ എനിക്കു വലിയ സന്തോഷം തോന്നി! ഈ വർഷം ഞങ്ങളെ ഏറ്റവും സന്തോഷിപ്പിച്ചത് നിങ്ങളുടെ ഈ ലഘുലേഖയാണ്! ദയവായി ഞങ്ങൾക്കു കൂടുതൽ വിവരങ്ങൾ അയച്ചുതരുമല്ലോ.”
രാജ്യവാർത്ത നമ്പർ 36 പൊതുജനങ്ങൾക്കു മാത്രമല്ല, സാക്ഷികൾക്കും പ്രയോജനം ചെയ്യുകയുണ്ടായി. സയ്പാനിലെ ഒരു സാക്ഷി പറഞ്ഞതു ശ്രദ്ധിക്കുക: “രാജ്യവാർത്തയുടെ വിതരണം ഞാൻ ശരിക്കും ആസ്വദിച്ചു. 1998-ലാണ് ഞാൻ സ്നാപനമേറ്റത്. അതുകൊണ്ട് ശുശ്രൂഷയുടെ ഈ വശത്തു പങ്കുപറ്റാൻ എനിക്കു ലഭിച്ച ആദ്യത്തെ അവസരമായിരുന്നു അത്. സായാഹ്ന സാക്ഷീകരണം പരീക്ഷിച്ചു നോക്കാൻ അത് എനിക്കു പ്രോത്സാഹനമേകി, തന്മൂലം ഇപ്പോൾ കൂടുതൽ ആളുകളോടു സാക്ഷീകരിക്കാൻ എനിക്കു കഴിയുന്നു. ഈ പ്രവർത്തനം എന്റെ വിശ്വാസത്തെ ബലപ്പെടുത്തിയിരിക്കുന്നു. തന്നെയുമല്ല, ഞാൻ യഹോവയോടു കുറെക്കൂടി അടുത്തുവന്നിരിക്കുന്നതു പോലെ തോന്നുകയും ചെയ്യുന്നു.”
സോളമൻ ദ്വീപുകളിലെ മലെയ്റ്റ എന്ന ഒരു വിദൂര പ്രദേശത്തു ചെന്ന് സാക്ഷികൾ രാജ്യവാർത്ത നമ്പർ 36 വിതരണം ചെയ്തു. അഞ്ചു മണിക്കൂർ നടന്ന് ഒടുവിൽ അവർ ഒരു ഗ്രാമത്തിൽ എത്തിച്ചേർന്നു. അവരെ സ്വാഗതം ചെയ്ത അവിടത്തെ പാസ്റ്റർ അവരിൽ വലിയ താത്പര്യം പ്രകടമാക്കി. കഴിഞ്ഞ ഒമ്പതു വർഷത്തിൽ ഒരിക്കൽ പോലും തന്റെ സഭയെ പ്രതിനിധീകരിക്കുന്ന ഒരാൾ പുറത്തുനിന്നും അവിടെ ചെല്ലുകയോ അവരിൽ താത്പര്യം പ്രകടമാക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ബൈബിൾ സന്ദേശം മനസ്സിലാക്കാൻ തങ്ങളെ സഹായിക്കുന്നതിന് അപരിചിതരായ ഒരു കൂട്ടം ആളുകൾ കഷ്ടപ്പെട്ട് മലകൾ താണ്ടി ഇതാ ഇവിടെ വന്നിരിക്കുന്നു. സഹോദരങ്ങൾ ആ ഗ്രാമത്തിലെ എല്ലാ കുടുംബങ്ങളിലും ബൈബിൾ അധ്യയനങ്ങൾ തുടങ്ങി. അവർ രണ്ടാഴ്ചയിൽ ഒരിക്കൽ അവിടം സന്ദർശിച്ചു. പത്ത് അധ്യയനങ്ങൾ നന്നായി പുരോഗമിക്കാൻ തുടങ്ങി. അവിടെ ഒരു ഗ്രൂപ്പ് തുടങ്ങാൻ കഴിയേണ്ടതിന് ആർക്കെങ്കിലും അവിടെ താമസിക്കാൻ പറ്റുമെങ്കിൽ, ഗ്രാമത്തിലെ പള്ളി യോഗസ്ഥലമായി ഉപയോഗിക്കാൻ കഴിയുമെന്ന് പാസ്റ്റർ പറഞ്ഞു. ഇപ്പോൾ ഒരു പ്രത്യേക പയനിയർ അവിടത്തെ ഒരു കൂട്ടത്തെ പതിവായി സന്ദർശിക്കുന്നു. ഒടുവിൽ ലഭിച്ച റിപ്പോർട്ട് അനുസരിച്ച്, പള്ളിക്കാരുടെ ഒരു പ്രതിനിധി അവരെ സന്ദർശിച്ച് യഹോവയുടെ സാക്ഷികളുമൊത്തു ബൈബിൾ പഠിക്കുന്നതു നിറുത്തിയാൽ ഗ്രാമവാസികൾക്കു ഭക്ഷ്യവസ്തുക്കൾ നൽകാമെന്നു വാഗ്ദാനം ചെയ്തു. എന്നാൽ, തങ്ങൾ ബൈബിൾ പഠനം നിറുത്തുന്ന പ്രശ്നമില്ലെന്ന് അവർ ഒന്നടങ്കം പറഞ്ഞു.
വെനെസ്വേലയിലെ ഒരു വിദൂര ഗ്രാമപ്രദേശത്ത് അവധിക്കാലം ചെലവഴിക്കുകയായിരുന്ന ചില സാക്ഷികൾ, തങ്ങളുടെ വഴികാട്ടിയായി വന്ന ഒരു പെമോൺ ഇൻഡ്യൻ വംശജന് രാജ്യവാർത്ത നമ്പർ 36-ന്റെ ഒരു പ്രതി നൽകി. അതു ലഭിച്ചതിൽ അതീവ സന്തോഷം പ്രകടിപ്പിച്ച അയാൾ ആ ലഘുലേഖ പലയാവർത്തി വായിച്ചു. അതു മഴയിൽ നനഞ്ഞപ്പോൾ, ഉണങ്ങിക്കിട്ടാൻ അയാൾ അതു വളരെ ശ്രദ്ധാപൂർവം തൂക്കിയിട്ടു. തന്റെ ഗോത്രക്കാർക്കു വിതരണം ചെയ്യുന്നതിനു കൂടുതൽ പ്രതികൾ അയാൾ ആവശ്യപ്പെടുകയും ചെയ്തു.
പുതിയ സേവനവർഷത്തിലെ നിയമപരമായ സംഭവവികാസങ്ങൾ
മനസ്സാക്ഷിപരമായ കാരണങ്ങളാൽ, ഇവൈലോ സ്റ്റെഫാനോഫ് ബൾഗേറിയയിലെ സൈന്യത്തിൽ ചേരാൻ വിസമ്മതിച്ചു. തത്ഫലമായി, അധികാരികൾ അദ്ദേഹത്തിന് ഒന്നര വർഷത്തെ ജയിൽശിക്ഷ വിധിച്ചു. തനിക്ക് മതസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരിക്കുന്നതായി പരാതിപ്പെട്ടുകൊണ്ട് സ്റ്റെഫാനോഫ് ‘യൂറോപ്യൻ മനുഷ്യാവകാശ കോടതി’യിൽ കേസു കൊടുത്തു. അദ്ദേഹത്തിന്റെ കേസ് വിചാരണയ്ക്ക് എടുക്കുമെന്നു കോടതി അറിയിച്ചപ്പോൾ, ബൾഗേറിയൻ അധികാരികൾ സൗഹാർദപരമായ ഒരു ഒത്തുതീർപ്പിനായി മുന്നോട്ടു വന്നു. അതനുസരിച്ച്, സ്റ്റെഫാനോഫ് സഹോദരനും അതേ പ്രശ്നം അഭിമുഖീകരിച്ചിരുന്ന മറ്റു സാക്ഷികളും പൂർണമായും കുറ്റവിമുക്തരായി പ്രഖ്യാപിക്കപ്പെട്ടു. 2001 മേയ് 3-ന് ഈ സൗഹാർദപരമായ ഒത്തുതീർപ്പ് കോടതി അംഗീകരിച്ചു. ഒത്തുതീർപ്പിന്റെ ഭാഗമായി, സൈനിക സേവനത്തിനു പകരമായുള്ള സിവിൽ സേവനത്തിന്റെ ദൈർഘ്യം കുറയ്ക്കാനും അധികാരികൾ സമ്മതിച്ചു. മുമ്പ് അതു നിർബന്ധിത സൈനിക സേവനകാലത്തിന്റെ ഇരട്ടിയായിരുന്നു.
മതപരമായ ഉദ്ദേശ്യങ്ങൾക്കു വീടുതോറും പോകുന്നവർ ആദ്യം ഒരു പെർമിറ്റ് എടുക്കേണ്ടതാണെന്ന് കാനഡയിലെ ക്വിബെക്കിലുള്ള ബ്ലെയ്ൻവിൽ നഗരാധികാരികൾ ഒരു നിയമം കൊണ്ടുവന്നു. പെർമിറ്റ് അനുസരിച്ച് തിങ്കൾ മുതൽ വെള്ളി വരെ മാത്രമേ വീടുതോറുമുള്ള സന്ദർശനങ്ങൾ നടത്താൻ സാധിക്കുമായിരുന്നുള്ളൂ. മാത്രമല്ല, കാലാവധി രണ്ടു മാസത്തേക്കു മാത്രമുള്ള അത് 12 മാസം കഴിഞ്ഞാലേ പുതുക്കാൻ സാധിക്കുമായിരുന്നുള്ളൂ. 2001 ഏപ്രിൽ 17-ന് ക്വിബെക്കിലെ ഒരു മേൽക്കോടതി ജഡ്ജി, ആ നിയമം യഹോവയുടെ സാക്ഷികളുടെ പരസ്യ ശുശ്രൂഷയ്ക്കു ബാധകമല്ലെന്നു വിധിച്ചു. യഹോവയുടെ സാക്ഷികൾക്ക് അത്തരമൊരു പെർമിറ്റിന്റെ ആവശ്യമില്ലെന്നും അവരുടെ മതപ്രവർത്തനങ്ങൾക്ക് മണിക്കൂർ-ദിവസ-മാസ-വർഷ വ്യവസ്ഥകൾ ബാധകമല്ലെന്നും അദ്ദേഹം പ്രസ്താവിച്ചു. യഹോവയുടെ സാക്ഷികളുടെ ശുശ്രൂഷയെ “ഒരു ക്രിസ്തീയ സാമൂഹിക സേവനം” എന്നു വിശേഷിപ്പിച്ച അദ്ദേഹം അവരുടെ പ്രസിദ്ധീകരണങ്ങൾ “മതം, ബൈബിൾ, മയക്കുമരുന്നുകൾ, മദ്യാസക്തി, യുവജന വിദ്യാഭ്യാസം, ദാമ്പത്യ പ്രശ്നങ്ങൾ, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളെ കുറിച്ചു പ്രതിപാദിക്കുന്ന കാര്യമാത്രപ്രസക്തിയുള്ള സാഹിത്യങ്ങൾ” ആണെന്നു പറഞ്ഞു. സാക്ഷികളെ വിൽപ്പനക്കാരോടു താരതമ്യം ചെയ്യുന്നത് “അപമാനകരവും നിന്ദാകരവും ദ്രോഹപരവും മാന്യതയ്ക്കു നിരക്കാത്തതും” ആണെന്നും ജഡ്ജി പ്രസ്താവിച്ചു.
ജോർജിയയിലെ ടിബിലിസിയിലുള്ള സുപ്രീം കോടതി 2001 ഫെബ്രുവരി 22-ന്, യഹോവയുടെ സാക്ഷികൾ അവിടെ ഉപയോഗിച്ചിരുന്ന നിയമപരമായ രണ്ടു കോർപ്പറേഷനുകളുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള തീരുമാനം പുറപ്പെടുവിച്ചു. ‘ജോർജിയയിലെ യഹോവയുടെ സാക്ഷികളുടെ യൂണിയൻ,’ ‘ജോർജിയയിലെ വാച്ച്ടവർ സൊസൈറ്റിയുടെ റെപ്രസെന്റേഷൻ’ എന്നിവ ആയിരുന്നു ആ കോർപ്പറേഷനുകൾ. അങ്ങനെയൊരു തീരുമാനം എടുത്തിട്ടുണ്ടെങ്കിലും, യഹോവയുടെ സാക്ഷികളുടെമേൽ വിലക്കൊന്നുമില്ല എന്നു കോടതി വ്യക്തമാക്കി. യോഗങ്ങൾ നടത്തൽ, സാഹിത്യങ്ങൾ ഇറക്കുമതി ചെയ്യൽ, വസ്തുവകകൾ വാടകയ്ക്കെടുക്കുകയോ സ്വന്തമാക്കുകയോ ചെയ്യൽ എന്നിവ ഉൾപ്പെടെ മതപരമായ പ്രവർത്തനങ്ങൾ യഹോവയുടെ സാക്ഷികൾക്കു തുടർന്നും നടത്താൻ കഴിയുമെന്നും കോടതി പ്രസ്താവിച്ചു. എന്നിരുന്നാലും, മതതീവ്രവാദികൾ കോടതിയുടെ തീരുമാനത്തെ അവഗണിച്ചുകൊണ്ട് കടുത്ത ആക്രമണങ്ങൾ അഴിച്ചുവിട്ടിരിക്കുന്നു. ഒരു മനുഷ്യാവകാശ സംഘടന അതിനെ “ഭീകരതയുടെ തേർവാഴ്ച” എന്നാണു വിളിച്ചത്. ഈ അനിയന്ത്രിത അക്രമത്തെ ചെറുക്കുന്നതിൽ സർക്കാർ കാട്ടുന്ന അനാസ്ഥയ്ക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് യഹോവയുടെ സാക്ഷികൾ 2001 ജൂൺ 29-ന് ‘യൂറോപ്യൻ മനുഷ്യാവകാശ കോടതി’യിൽ ഒരു പരാതി നൽകി. അവരുടെ പരാതി അടിയന്തിരമായി കണക്കിലെടുക്കാൻ ജൂലൈ 2-ന് കോടതി ഉത്തരവിട്ടു. സന്തോഷകരമെന്നു പറയട്ടെ, 2001 മാർച്ച് 14-ന് ജോർജിയയിലെ കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് നിയമവിരുദ്ധമായി പിടിച്ചെടുത്ത ഏകദേശം 20 ടൺ ബൈബിൾ സാഹിത്യങ്ങൾ 2001 മേയ് 30-ന് സാക്ഷികൾക്കു വിട്ടുകിട്ടിയിരുന്നു. ആ സാഹിത്യങ്ങൾ, ജോർജിയയിലെങ്ങുമുള്ള സഭകൾക്ക് ഉടൻ വിതരണം ചെയ്യപ്പെട്ടു.
ജർമനിയിലെ ബെർലിനിലുള്ള ‘ഫെഡറൽ അഡ്മിനിസ്ട്രേറ്റിവ് കോടതി’ 1997-ൽ, യഹോവയുടെ സാക്ഷികൾക്കു പൊതു നിയമപ്രകാരമുള്ള കോർപ്പറേഷൻ എന്ന നിയമസാധുത നൽകാൻ വിസമ്മതിച്ചു. രാഷ്ട്രീയ തിരഞ്ഞെടുപ്പുകളിൽ നിഷ്പക്ഷത പാലിക്കുന്നതു നിമിത്തം യഹോവയുടെ സാക്ഷികൾ രാഷ്ട്രത്തോട് വേണ്ടത്ര കൂറുള്ളവരല്ല എന്ന ആരോപണത്തിന്റെ പേരിലായിരുന്നു ഈ വിസമ്മതം. ഇതേത്തുടർന്ന് സാക്ഷികൾ അപ്പീൽ കൊടുത്തു. കൂടുതലായ അത്തരം കൂറിന്റെ ആവശ്യമില്ലെന്ന് 2000 ഡിസംബർ 19-ന് ‘ജർമനിയിലെ ഫെഡറൽ കൺസ്റ്റിറ്റ്യൂഷണൽ കോടതി’ വിധിച്ചു. എന്നിരുന്നാലും, നിയമപരമായ കോർപ്പറേഷൻ എന്ന സ്ഥാനം അവർക്കു നൽകാൻ കഴിയുമോ എന്ന കാര്യം പുനഃപരിശോധിക്കാൻ അഡ്മിനിട്രേറ്റിവ് കോടതികളിലേക്കു കേസ് മടക്കി അയച്ചിരിക്കുകയാണ്. ഇപ്രാവശ്യം, യഹോവയുടെ സാക്ഷികൾ വ്യക്തികളുടെ അവകാശങ്ങൾ നിഷേധിക്കുന്നുണ്ടോ എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും കേസ് പുനഃപരിശോധിക്കുക. രക്തത്തിന്റെ ഉപയോഗം, കുട്ടികളെ വളർത്തൽ, പുറത്താക്കൽ, കുടുംബബന്ധങ്ങൾ തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച വിശ്വാസങ്ങളും നടപടികളും ഇപ്പോൾ ഈ കേസിന്റെ അന്വേഷണ പരിധിയിൽ വന്നിരിക്കുകയാണ്.
നിഷ്പക്ഷത പാലിച്ചതിന്റെ പേരിൽ തടവിലാക്കപ്പെട്ടതിനാൽ, ഗ്രീസിലെ 3,500 സാക്ഷികളെ ഗവൺമെന്റ് രേഖകളിൽ കുറ്റവാളികളായി കണക്കാക്കിയിരുന്നു. അതിന്റെ ഫലമായി, ഈ സാക്ഷികൾക്ക് സർക്കാർ സർവീസിലും മാനവക്ഷേമ സംഘടനകളിലും ബാങ്കുകളിലും ജോലി ലഭിക്കാതെവന്നു. ചില പ്രൊഫഷണൽ രംഗങ്ങളിൽ ജോലി ചെയ്യാനുള്ള അവകാശം പോലും അവർക്കു നിഷേധിക്കപ്പെട്ടു. എന്നാൽ, സാക്ഷികളെ മേലാൽ കുറ്റവാളികളായി കണക്കാക്കരുതെന്ന് അനുശാസിക്കുന്ന ഒരു നിയമം ഇപ്പോൾ ഗ്രീസിൽ പാസാക്കിയിരിക്കുകയാണ്. നിസ്സംശയമായും, മനസ്സാക്ഷിപരമായ കാരണങ്ങളാൽ നിർബന്ധിത സൈനിക സേവനത്തിനു വിസമ്മതിക്കാനുള്ള ഒരു വ്യക്തിയുടെ അവകാശം സംബന്ധിച്ച ത്ലിമെനോസ് വേഴ്സസ് ഗ്രീസ് കേസിൽ യൂറോപ്യൻ മനുഷ്യാവകാശ കോടതി കൈക്കൊണ്ട അനുകൂല വിധിയാണ് ഈ പുതിയ നിയമത്തിനു പ്രചോദനമായത്.
യഹോവയുടെ സാക്ഷികളിൽ ഒരാൾ ഉൾപ്പെട്ട ഒരു കേസിൽ 2001 മാർച്ച് 30-ന് ജപ്പാനിലെ കോബെ ജില്ലാ കോടതി അനുകൂലമായ ഒരു വിധി പുറപ്പെടുവിച്ചു. ബാപ്റ്റിസ്റ്റ് മതശുശ്രൂഷകൻ ഒരു സഹോദരിയെ തട്ടിക്കൊണ്ടുപോയി അവളുടെ മതവിശ്വാസങ്ങൾ ‘തള്ളിപ്പറയിക്കാൻ’ 17 ദിവസം തടഞ്ഞുവെച്ചു. പ്രതി സഹോദരിയുടെ മുൻഭർത്താവുമായും കുടുംബാംഗങ്ങളുമായും ഗൂഢാലോചന നടത്തി ആ സഹോദരിയുടെ ഹിതത്തിനു വിരുദ്ധമായിട്ടാണ് ഇപ്രകാരം തടഞ്ഞുവെച്ചത്. പ്രതി നഷ്ടപരിഹാരമായി 4,00,000 യെൻ (1,51,800 രൂപ) കൊടുക്കണമെന്ന് കോടതി വിധിച്ചു.
യഹോവയുടെ സാക്ഷികളുടെ മതസംഘടന നിയമാംഗീകാരമുള്ള ഒരു മതമാണെന്നും മതങ്ങൾക്കു നിയമം കൽപ്പിക്കുന്ന എല്ലാ അവകാശങ്ങളും അതിനും ഉണ്ടെന്നും രണ്ടു വിധിന്യായങ്ങളിലായി റൊമേനിയയിലെ സുപ്രീം കോടതി അസന്ദിഗ്ധമായി പ്രസ്താവിച്ചു. ആ തീരുമാനങ്ങളെ തകിടം മറിക്കാൻ ‘സ്റ്റേറ്റ് സെക്രട്ടറിയേറ്റ് ഓഫ് റിലിജൻസ്’ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 2001 ഏപ്രിൽ 2-ന് സുപ്രീം കോടതി അതിന്റെ മുൻ തീരുമാനങ്ങളെ ഉയർത്തിപ്പിടിച്ചു. സുപ്രീം കോടതിയിൽ നിന്നുള്ള നിർദേശങ്ങൾ ഉണ്ടായിരുന്നിട്ടും, ‘സ്റ്റേറ്റ് സെക്രട്ടറിയേറ്റ് ഓഫ് റിലിജൻസ്’ ഇതുവരെ യഹോവയുടെ സാക്ഷികളെ പൂർണമായും നിയമാംഗീകാരമുള്ള മതസംഘടനയായി അംഗീകരിച്ചിട്ടില്ല.
ആറു വർഷത്തെ നിയമനടപടികൾക്കും മൂന്നു വർഷത്തെ കോടതി കേസിനും ശേഷം, റഷ്യയിലെ മോസ്കോയിൽ യഹോവയുടെ സാക്ഷികളുടെമേൽ നിരോധനം ഏർപ്പെടുത്താനുള്ള ഒരു ഹർജി 2001 ഫെബ്രുവരി 23-ന് ഒരു ജഡ്ജി തള്ളിക്കളഞ്ഞു. എന്നാൽ, സഹോദരങ്ങളുടെ ആശ്വാസം താത്കാലികമായിരുന്നു. കാരണം, 2001 മേയ് 30-ന് മോസ്കോയിലെ സിറ്റി കോടതി, കീഴ്ക്കോടതിയുടെ തീരുമാനത്തെ തള്ളിക്കളയുകയും ആ കേസ് വീണ്ടും സമ്പൂർണ വിചാരണയ്ക്ക് എടുക്കാൻ ഉത്തരവിടുകയും ചെയ്തു. 1996 മുതൽ, അടിസ്ഥാനരഹിത ആരോപണങ്ങളെ പ്രതി യഹോവയുടെ സാക്ഷികൾക്കു കോടതി കയറേണ്ടിവരുന്നത് ഇത് ആറാം തവണയാണ്.
സ്വന്തം ശരീരത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാനും ആരോഗ്യ സംബന്ധമായ കാര്യങ്ങളിൽ മറ്റൊരാളെ നിയമാനുസൃത അധികാരിയായി (മുക്ത്യാർ എന്ന സ്ഥാനത്ത്) വെക്കാനുമുള്ള അവകാശത്തിനു ലഭിച്ച വലിയൊരു അംഗീകാരമായിരുന്നു 2001 ഫെബ്രുവരി 21-ന് ഐക്യനാടുകളിലെ പെൻസിൽവേനിയ സുപ്പീരിയർ കോടതി കൈക്കൊണ്ട തീരുമാനം. താൻ രക്തപ്പകർച്ച സ്വീകരിക്കില്ല എന്നുള്ള മാരിയ ഡൂരാന്റെ അസന്ദിഗ്ധമായ തീരുമാനത്തിനു ചേർച്ചയിലായിരുന്നു പ്രസ്തുത വിധി. മാരിയ മുൻകരുതലുകൾ എടുത്തിരുന്നെങ്കിലും, മറ്റൊരു മതവിശ്വാസിയായ ഭർത്താവ് ഡോക്ടർമാരുമായും ആശുപത്രിയുമായും ചേർന്ന് അവളുടെ അടിയന്തിര രക്ഷിതാവായി വർത്തിക്കാനുള്ള ഒരു കോടതി ഉത്തരവു നേടി. തന്റെ ആരോഗ്യരക്ഷാ മുക്ത്യാർ ആയി മാരിയ ഒരു സഹവിശ്വാസിയെ നിയമിച്ചിരുന്നിട്ടു കൂടിയാണ് ഈ സംഭവം നടന്നത്. രോഗിയുടെ ഇണയുടെയോ ബന്ധുക്കളുടെയോ ഡോക്ടർമാരുടെയോ എതിർപ്പ് ഉണ്ടായിരുന്നാലും, സ്വന്തം ആരോഗ്യപരിപാലനം സംബന്ധിച്ച് അവൾ നൽകിയിരുന്ന വ്യക്തമായ നിർദേശങ്ങളും തന്റെ ആരോഗ്യരക്ഷയ്ക്കായി അവൾ ഏർപ്പെടുത്തിയ ക്രമീകരണവും മാനിക്കപ്പെടേണ്ടതായിരുന്നു എന്ന് അടിയന്തിര ഉത്തരവിനെ മറിച്ചുവിധിച്ചുകൊണ്ട് മേൽക്കോടതി പ്രസ്താവിച്ചു.
കൂടുതൽ രാജ്യഹാളുകളുടെ ആവശ്യം
പല രാജ്യങ്ങളിലും രാജ്യഹാൾ നിർമാണം വെല്ലുവിളി നിറഞ്ഞതായിരുന്നു എന്നു മാത്രമല്ല, അതിനു ദീർഘകാലം വേണ്ടിവരുകയും ചെയ്തിരുന്നു. നിർമാണം നടക്കവേ, ചില സഭകൾ വാടകയ്ക്കെടുത്ത ഇടങ്ങളിലാണ് മാസങ്ങളോളം—വർഷങ്ങളോളം പോലും—കൂടിവന്നത്. ഒരു ആഫ്രിക്കൻ രാജ്യത്തെ പണി പൂർത്തിയാകാത്ത ഒരു രാജ്യഹാളിന്റെ കഴുക്കോലുകൾക്കിടയിൽ ഒരു കാട്ടുതത്ത കൂടുകെട്ടി. താമസിയാതെ, സഹോദരങ്ങൾ രാജ്യഗീതങ്ങൾ ആലപിക്കുമ്പോൾ ആ തത്തയും അതിനൊത്തു ചൂളമടിക്കാൻ തുടങ്ങി. ആരും അതത്ര ഗൗനിച്ചില്ല. ആ ഹാളിന്റെ നിർമാണം വളരെ സാവധാനമാണു പുരോഗമിച്ചത്. അതിനിടെ, നമ്മുടെ തത്ത വീക്ഷാഗോപുര അധ്യയന നിർവാഹകനെ അനുകരിച്ച് സഹോദരങ്ങളുടെ പേരുകൾ പോലും വിളിക്കാൻ തുടങ്ങി! ഒടുവിൽ രാജ്യഹാളിന്റെ നിർമാണം പൂർത്തിയായപ്പോൾ, ആ തത്തയ്ക്കു പാർക്കാൻ മറ്റൊരു ഇടം തേടേണ്ടിവന്നു.
ഇന്നു നിലവിലുള്ള പുതിയ കെട്ടിട നിർമാണ പരിപാടികളുടെ ഫലമായി, രാജ്യഹാളുകളുടെ നിർമാണം അതിശയകരമായ വേഗത്തിലാണു പൂർത്തിയാകുന്നത്. എന്തിന്, മിക്ക വികസിത രാജ്യങ്ങളിലും വെറും മൂന്നോ നാലോ ആഴ്ചകൾക്കുള്ളിലാണ് രാജ്യഹാളുകളുടെ നിർമാണം പൂർത്തിയാകുന്നതും സമർപ്പണം നടക്കുന്നതും! കഴിഞ്ഞ സേവനവർഷത്തിൽ ആഫ്രിക്കയിൽ മാത്രം 1,074 പുതിയ രാജ്യഹാളുകളാണ് നിർമിക്കപ്പെട്ടത്—ഒരു പ്രവൃത്തിദിവസം ഏകദേശം 4 ഹാളുകൾ എന്ന തോതിൽ!
പുതിയ രാജ്യഹാൾ നിർമാണ പരിപാടിക്ക് യഥാർഥത്തിൽ ഇരട്ട ഉദ്ദേശ്യമാണ് ഉള്ളത്. ഒന്നാമത്, രാജ്യഹാളുകളുടെ ആവശ്യം നിവർത്തിക്കുക. ദക്ഷിണാഫ്രിക്ക ബ്രാഞ്ച് ഇപ്രകാരം എഴുതുന്നു: “തികച്ചും ആവേശകരമായ ഒന്നാണ് ഈ നിർമാണ പദ്ധതി. ഇതിന്റെ ഫലമായി, രാജ്യഹാളുകൾ അങ്ങേയറ്റം ആവശ്യമായിരിക്കുന്ന രാജ്യങ്ങളിൽ തീർച്ചയായും നിരവധി ഹാളുകൾ ഉയർന്നുവരും.” പ്രാപ്തരായ പ്രാദേശിക സാക്ഷികളെ ഉപയോഗിച്ച് ഭാവിയിൽ നിർമാണ പ്രവർത്തനങ്ങൾ നിർവഹിക്കാൻ കഴിയുന്ന ഒരു അവസ്ഥ ഉളവാക്കുക എന്നതാണ് രണ്ടാമത്തെ ഉദ്ദേശ്യം. ഉദാഹരണത്തിന്, ബെനിനിൽ ഈ നിർമാണ പ്രവർത്തനം പൂർണമായും നടത്തുന്നത് പ്രാദേശിക സഹോദരങ്ങൾ തന്നെയാണ്, ഭാവിയിൽ അവിടെ ആവശ്യമുള്ള രാജ്യഹാളുകൾ നിർമിക്കാനും ഈ സഹോദരങ്ങൾക്കു കഴിയും.
നിലവിലുള്ള അഞ്ച് മേഖലാ രാജ്യഹാൾ ഓഫീസുകൾ ബ്രുക്ലിനിലെ ഡിസൈൻ/ബിൽഡ് ഓഫീസുമായി സഹകരിച്ച് പൂർവ യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ഓഷ്യാനിയ, മധ്യ-ദക്ഷിണ അമേരിക്ക, കരീബിയൻ ദ്വീപുകൾ എന്നിവിടങ്ങളിലെ ബ്രാഞ്ചുകൾക്കു രാജ്യഹാൾ നിർമാണ പ്രവർത്തനം ഏകോപിപ്പിക്കുന്നതിൽ സഹായം നൽകുന്നു. ഇപ്പോൾ ലഭ്യമായ മാർഗനിർദേശങ്ങളും കരുതലുകളും പൂർണമായി പ്രയോജനപ്പെടുത്താൻ ബ്രാഞ്ചു കമ്മിറ്റികളെ സഹായിക്കുന്നതിന് ഈ ഓഫീസുകൾ അവയുമായി സഹകരിച്ചു പ്രവർത്തിക്കുന്നു. ഉദാഹരണത്തിന്, നിർമാണ പ്രവർത്തനം ഏകോപിപ്പിക്കാൻ ഒരു ‘രാജ്യഹാൾ നിർമാണ വിഭാഗം’ ഓരോ ബ്രാഞ്ചിലും സ്ഥാപിച്ചിട്ടുണ്ട്. ഈ വിഭാഗം സ്ഥലം തിരഞ്ഞെടുക്കുന്ന കാര്യത്തിലും സഭകളെ സഹായിക്കുന്നു. പ്രാദേശിക നിർമാണ സാമഗ്രികളെയും രീതികളെയും അടിസ്ഥാനമാക്കി നല്ല നിലവാരമുള്ള പ്ലാനുകളാണ് ആവിഷ്കരിച്ചിരിക്കുന്നത്.
പണത്തിന്റെയും വിദഗ്ധ ജോലിക്കാരുടെയും അഭാവം നിർമാണ പ്രവർത്തനങ്ങൾക്കു തടസ്സം സൃഷ്ടിച്ചിരുന്ന 92 ദേശങ്ങളിൽ ഇപ്പോൾ, 352 മുഴുസമയ രാജ്യഹാൾ നിർമാണ ഗ്രൂപ്പുകളിലായി ദീർഘകാല/ഹ്രസ്വകാല അടിസ്ഥാനത്തിൽ സേവിക്കുന്ന 4,000 സന്നദ്ധ പ്രവർത്തകരുണ്ട്. ഈ ഗ്രൂപ്പുകളുടെ വിജയത്തിന് അടിസ്ഥാനമായ ഒരു സംഗതി രാജ്യഹാൾ നിർമാണ ദാസന്മാർ നൽകിയ സഹായമാണ്. തിരഞ്ഞെടുത്ത രാജ്യങ്ങളിൽ പ്രത്യേക മുഴുസമയ സേവനത്തിന്റെ ഒരു പുതിയ വിഭാഗത്തിലുള്ള യോഗ്യരായ പ്രാദേശിക സഹോദരന്മാരാണ് ഇവർ. മാത്രമല്ല, നിർമാണ പരിപാടിയുമായി ബന്ധപ്പെട്ട് പ്രധാന സ്ഥാനങ്ങൾ വഹിക്കാൻ 152 സാർവദേശീയ ദാസന്മാർ പ്രാദേശിക സഹോദരന്മാരെ പരിശീലിപ്പിക്കുന്നു. തീർച്ചയായും, രാജ്യഹാൾ നിർമാണം സഭയുടെ ഒരു പ്രോജക്റ്റാണ്. അതുകൊണ്ട് നിർമാണ പ്രവർത്തനങ്ങൾ ഏറെയും നിർവഹിക്കുന്നത് സ്വമേധയാ മുന്നോട്ടുവരുന്ന സഭാംഗങ്ങൾ തന്നെയാണ്.
ഈ പുതിയ നിർമാണ പരിപാടിയോടുള്ള ആളുകളുടെ പ്രതികരണം എന്താണ്? വെനെസ്വേലയിലെ ട്രൂഹിയോയിലുള്ള സേറാ ലിൻഡയിൽ ഈ അടുത്ത കാലത്താണ് ആദ്യത്തെ രാജ്യഹാൾ നിർമിച്ചത്. സന്തോഷാശ്രുക്കളോടെ ഒരു പ്രസാധകൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഞങ്ങളുടെ പട്ടണം ഭൂപടത്തിൽ പോലുമില്ല. എന്നിട്ടും യഹോവ ഞങ്ങളെ ഓർത്തതിൽ ഞങ്ങൾക്ക് അതിരറ്റ സന്തോഷമുണ്ട്!”
ബ്രസീലിലെ റിയോ ഡി ജനീറോയിലുള്ള ഒരു സഹോദരി ഇപ്രകാരം എഴുതാൻ പ്രേരിതയായി: “കഴിഞ്ഞ പത്തു വർഷമായി ഞാൻ കാൽനടയായാണു യോഗങ്ങൾക്കു പോയിരുന്നത്. കാൽനടക്കാർക്കായുള്ള വീതികുറഞ്ഞ ഒരു പാലം കടന്നു വേണമായിരുന്നു എനിക്കു പോകാൻ, ഞാൻ ഗർഭിണി ആയിരുന്നപ്പോൾ പോലും. ഒടുവിൽ, എന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. ഞങ്ങളുടെ പ്രദേശത്ത് ഇപ്പോഴിതാ ഒരു രാജ്യഹാൾ! ബൈബിൾ വിദ്യാർഥികളിൽ പലരും യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങിയിരിക്കുന്നു. മുമ്പ് ബൈബിൾ പഠിച്ചിരുന്നെങ്കിലും പിന്നീട് എന്നെ എതിർത്ത പിതാവും രാജ്യഹാളിന്റെ സമർപ്പണം മുതൽ ഒരൊറ്റ യോഗവും മുടക്കിയിട്ടില്ല. ഈ വാരത്തിൽ അദ്ദേഹം വീണ്ടും ബൈബിൾ പഠിക്കാൻ തുടങ്ങി.” സാക്ഷിയല്ലാത്ത ഒരു നിരീക്ഷകൻ ഇങ്ങനെ പറയുന്നു: “60 വയസ്സുള്ള ഞാൻ ഇതു പോലൊന്നു മുമ്പൊരിക്കലും കണ്ടിട്ടില്ല! സാക്ഷികൾ ഒത്തൊരുമിച്ച് വളരെ വേഗത്തിലും സന്തോഷത്തോടെയും ജോലി ചെയ്യുന്നു. നഗരസമിതിക്കു വേണ്ടി പണിയെടുക്കുന്ന ഒരു മേസ്തിരിയാണ് ഞാൻ. ഞങ്ങളുടെ പണി ഇഴഞ്ഞുനീങ്ങുമ്പോൾ ആരെങ്കിലും ഇങ്ങനെ പറയുക പതിവാണ്: ‘നമ്മെ സഹായിക്കാൻ യഹോവയുടെ സാക്ഷികളെ വിളിക്കേണ്ടിവരുമെന്നാണു തോന്നുന്നത്!’”
യൂക്രെയിനിലെ ഒരു മൂപ്പൻ ഇങ്ങനെ പറയുന്നു: “ഒറ്റ മാസംകൊണ്ട് നല്ല നിലവാരമുള്ള ഒരു രാജ്യഹാൾ നിർമിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. അതുകൊണ്ട് കുടുംബങ്ങളിൽ നിന്നും സഭാ ഉത്തരവാദിത്വങ്ങളിൽ നിന്നും വളരെക്കാലം വിട്ടുനിൽക്കേണ്ടി വന്നിട്ടില്ല.” അവിടെയുള്ള ഒരു സഹോദരി ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഞങ്ങൾക്കു വലിയ സന്തോഷം തോന്നുന്നു. യഹോവ തന്റെ ജനത്തെ എങ്ങനെ സഹായിക്കുന്നുവെന്ന് സ്വന്തം കണ്ണാൽ ഞങ്ങൾ കണ്ടു. മുമ്പ്, സാമ്പത്തിക പരാധീനതകൾ ഉണ്ടായിരുന്നതിനാൽ സ്വന്തമായി ഒരു രാജ്യഹാൾ എന്നെങ്കിലും ഉണ്ടാകുമെന്ന് ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചതല്ല.”
അനുയോജ്യമായ ഒരു യോഗസ്ഥലം ഉള്ളപ്പോൾ മലാവിയിൽ സാക്ഷികളോടൊത്തു സഹവസിക്കാൻ താത്പര്യക്കാർക്കു വലിയ ഉത്സാഹമാണ്. നാഫിസി സഭ ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “ഇപ്പോൾ ആളുകൾക്കു നല്ലൊരു സാക്ഷ്യമായി ഉതകുന്ന മനോഹരമായ ഒരു രാജ്യഹാൾ ഞങ്ങൾക്കുണ്ട്. അതിനാൽ, സുവാർത്ത പ്രസംഗിക്കാൻ പോകുമ്പോൾ ബൈബിൾ അധ്യയനങ്ങൾ തുടങ്ങുക എളുപ്പമാണ്. സ്കൂളിലും ജോലിസ്ഥലത്തും വീടുകളിലും എന്നു വേണ്ട എല്ലായിടത്തും ആളുകൾക്കു വലിയ വിസ്മയമാണ്. ഞങ്ങളുടെ രാജ്യഹാൾ ആണ് എല്ലാവരുടെയും സംസാരവിഷയം.”
രാജ്യഹാൾ നിർമാണ പരിപാടി മൊസാമ്പിക്കിലെ സമൂഹ നേതാക്കന്മാരിലും അനുകൂലമായ ഒരു പ്രതികരണം ഉളവാക്കിയിരിക്കുന്നു. സഹോദരങ്ങൾ ഒരു ഗോത്രത്തലവനോട് രാജ്യഹാൾ നിർമിക്കുന്നതിനുള്ള സ്ഥലം ചോദിച്ചു. അനുമതി കൊടുത്തുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: “മറ്റു പ്രദേശങ്ങളിൽ നടക്കുന്ന രാജ്യഹാൾ നിർമാണത്തെ കുറിച്ചു ഞാൻ കേട്ടിരുന്നു. ഈ പ്രദേശത്ത് അത്തരമൊരു ഹാൾ നിർമിക്കപ്പെടാത്തതിൽ എനിക്കു വിഷമം ഉണ്ടായിരുന്നു. നമ്മുടെ രാജ്യഹാൾ നിർമിക്കാൻ ആസൂത്രണം ചെയ്തതിനു യഹോവയുടെ സാക്ഷികളേ നിങ്ങൾക്കു നന്ദി!”
സുസംഘടിതമായ പദ്ധതികൾക്ക് സഭയിലെ സഹോദരങ്ങളുടെ സന്നദ്ധ മനോഭാവത്തിന്മേൽ എന്തു ഫലമാണ് ഉള്ളത്? സിംബാബ്വേയിലെ ഒരു നിർമാണ ഗ്രൂപ്പിലെ ഒരംഗം വിവരിക്കുന്നു: “മഴയത്ത് മണിക്കൂറുകൾ യാത്ര ചെയ്ത് ഗ്രാമപ്രദേശത്തു രാജ്യഹാൾ നിർമിക്കുന്ന സ്ഥലത്ത് ഞങ്ങളെത്തി. ഒരു മരത്തിനു കീഴെ തീ കൂട്ടി സഹോദരങ്ങൾ ഞങ്ങളെയും കാത്ത് അതിനു ചുറ്റും ഇരിപ്പുണ്ടായിരുന്നു. ചുറ്റുപാടും നനഞ്ഞു കുതിർന്ന അവസ്ഥയിലും പുഞ്ചിരിച്ചുകൊണ്ട് അവർ ഞങ്ങളെ സ്വീകരിച്ചു. ഞങ്ങൾ വരുമെന്ന് അറിഞ്ഞ് സഭയിലെ 60 സഹോദരങ്ങൾ ചേർന്ന് അസ്തിവാരം ഇടാൻ തക്കവണ്ണം മണ്ണു നീക്കം ചെയ്തിരുന്നു. അവർ അന്നു രാവിലെ നാലു മണിക്കു തുടങ്ങിയ ആ വേല വൈകുന്നേരം ആറു മണി ആയപ്പോഴേക്കും പൂർത്തിയാക്കിയിരുന്നു.”
അതേ രാജ്യത്തെ സോംഗോറോ സഭയ്ക്കു രാജ്യഹാൾ ഉണ്ടായിരുന്നില്ല. 1924-ൽ സ്നാപനമേറ്റതു മുതൽ നേഥൻ മൂച്ചിങ്ഗൂറി അവിടെ സേവിച്ചിരുന്നു. വർഷങ്ങളോളം, ഷോന ഭാഷയിലേക്ക് അദ്ദേഹം ബൈബിൾ പ്രസിദ്ധീകരണങ്ങൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം താമസിച്ചിരുന്നത് ബെഥേലിനു പുറത്ത് ആയിരുന്നതിനാൽ, അദ്ദേഹത്തിന്റെ ചെലവുകൾ വഹിച്ചുകൊള്ളാമെന്ന് ബ്രാഞ്ച് പറഞ്ഞെങ്കിലും അദ്ദേഹം അതു സ്വീകരിച്ചില്ല. എന്നിരുന്നാലും, തന്റെ ഭൗമിക ജീവിതം പൂർത്തിയാക്കുന്നതിനു മുമ്പ് ഒരു രാജ്യഹാളിൽ കൂടിവരുന്നതിനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു. 2001 ഏപ്രിൽ 8-ന്, തന്റെ 93-ാമത്തെ വയസ്സിൽ മൂച്ചിങ്ഗൂറി സഹോദരന്റെ ആഗ്രഹം സഫലമായി. അന്നാണ് സോംഗോറോ സഭ തങ്ങളുടെ പുതിയ രാജ്യഹാളിൽ ആദ്യമായി കൂടിവന്നത്. കർത്താവിന്റെ സന്ധ്യാഭക്ഷണത്തിന്റെ ആചരണമായിരുന്നു പ്രസ്തുത അവസരം.
രാജ്യഹാൾ നിർമാണ പരിപാടി 1999 നവംബറിൽ തുടങ്ങിയതു മുതൽ 92 രാജ്യങ്ങളിലായി 2,097 പുതിയ രാജ്യഹാളുകളാണ് നിർമിക്കപ്പെട്ടത്—ആഴ്ചയിൽ ശരാശരി 22 എണ്ണം എന്ന തോതിൽ! ഈ “സമത്വം” സാധ്യമാക്കുന്നത് ലോകമെങ്ങുമുള്ള നമ്മുടെ സഹോദരങ്ങളുടെ സ്നേഹപുരസ്സരമായ സംഭാവനകളാണ്. തത്ഫലമായി ‘ഏറെയുള്ള [സഭയ്ക്ക്] ഏറെയും കുറവുള്ള [സഭയ്ക്ക്] കുറവും’ എന്ന അവസ്ഥ ഉണ്ടായിരിക്കുന്നില്ല. (2 കൊരി. 8:14, 15) ഈ ആഗോള ശ്രമത്തെ യഹോവ അനുഗ്രഹിക്കുന്നുണ്ടോ? ഇതു പരിചിന്തിക്കുക: ഈ സ്ഥലങ്ങളിൽ പലതിലും, അനുയോജ്യമായ ഒരു രാജ്യഹാൾ പണിത് ഒരു മാസത്തിനകം അവിടത്തെ യോഗഹാജർ ഇരട്ടിയായിരിക്കുന്നു.
രക്തരഹിത ചികിത്സയും ശസ്ത്രക്രിയയും —മൂന്നു വീഡിയോകൾ
ജർമനിയിൽനിന്നും മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള സഹോദരങ്ങളുമായി സഹകരിച്ച് ‘ഓഡിയോ/വീഡിയോ ഡിപ്പാർട്ട്മെന്റ്’ മൂന്നു വീഡിയോകൾ നിർമിച്ചു. രക്തരഹിത ചികിത്സയുടെയും ശസ്ത്രക്രിയയുടെയും ന്യായയുക്തതയും ഫലപ്രദത്വവും പ്രകടമാക്കുന്നവയാണ് ആ വീഡിയോകൾ. ഈ മൂന്നു വീഡിയോകളിലും പ്രസിദ്ധ ശസ്ത്രക്രിയാവിദഗ്ധർ, രക്തം ഉപയോഗിച്ചുള്ള ചികിത്സാരീതികളെ അപേക്ഷിച്ച് രക്തരഹിത ചികിത്സാരീതികൾ എത്രമാത്രം ഫലപ്രദമാണെന്ന് എടുത്തുകാണിക്കുന്നു. ആ പരമ്പരയിലെ ഒന്നാമത്തെ വീഡിയോ രക്തപ്പകർച്ചയ്ക്കു പകരമുള്ള ചികിത്സാരീതികൾ—ലളിതം, സുരക്ഷിതം, ഫലപ്രദം (ഇംഗ്ലീഷ്) എന്ന ശീർഷകത്തിലുള്ളതായിരുന്നു. അതു ഡോക്ടർമാർക്കും മെഡിക്കൽ വിദ്യാർഥികൾക്കും വേണ്ടി പ്രത്യേകം തയ്യാറാക്കിയത് ആയിരുന്നു. രക്തഘടകങ്ങളുടെ പ്രവർത്തനം ചിത്രീകരിക്കാൻ കമ്പ്യൂട്ടർ ആനിമേഷൻ വിദ്യ ഇതിൽ ഉപയോഗിച്ചിട്ടുണ്ട്.
ആദ്യത്തെ ഈ വീഡിയോ, കൃത്യസമയത്തുതന്നെ പൂർത്തിയാകുകയും 34-ാമത്തെ വാർഷിക ‘യു.എസ്. ഇന്റർനാഷണൽ ഫിലിം ആൻഡ് വീഡിയോ ഫെസ്റ്റിവലി’ലേക്ക് അതിനു പ്രവേശനം ലഭിക്കുകയും ചെയ്തു. ഈ പരിപാടിയിൽ ആകെ 33 രാജ്യങ്ങളിൽ നിന്നുള്ള 1,500 വീഡിയോകളോ ഫിലിമുകളോ ഉണ്ടായിരുന്നു. രക്തപ്പകർച്ചയ്ക്കു പകരമുള്ള ചികിത്സാരീതികൾ മൂന്നു വിഭാഗങ്ങളിലായി വിലയിരുത്തപ്പെട്ടു. ‘റിസേർച്ച് ഡോക്യുമെന്റേഷൻ’, ‘പ്രൊഫണൽ-എജ്യൂക്കേഷണൽ’ എന്നീ രണ്ടു വിഭാഗങ്ങളിൽ രണ്ടാം സ്ഥാനം നേടിയ അത് ‘സിൽവർ സ്ക്രീൻ അവാർഡ്’ കരസ്ഥമാക്കി. ‘കറന്റ് ഇഷ്യൂസ്’ എന്ന മൂന്നാമത്തെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ഈ വീഡിയോയ്ക്ക് ‘ഗോൾഡ് ക്യാമറാ അവാർഡും’ കിട്ടി. ഈ വീഡിയോയുടെ ഗുണമേന്മയും കൃത്യതയും വൈശിഷ്ട്യവും മറ്റും ചലച്ചിത്ര വ്യവസായ രംഗത്തെ വിദഗ്ധർ അംഗീകരിക്കുന്നതായും അതുവഴി അതിലെ സന്ദേശത്തിന്റെ വിശ്വാസ്യതയെ സ്ഥിരീകരിക്കുന്നതായും ഈ അവാർഡുകൾ പ്രകടമാക്കുന്നു.
രക്തപ്പകർച്ചയ്ക്കു പകരമുള്ള ആരോഗ്യ പരിരക്ഷ—രോഗിയുടെ ആവശ്യങ്ങളും അവകാശങ്ങളും നിവർത്തിക്കൽ (ഇംഗ്ലീഷ്) എന്നതായിരുന്നു പ്രസ്തുത പരമ്പരയിലെ രണ്ടാമത്തെ വീഡിയോയുടെ ശീർഷകം. വൈദ്യരംഗത്തെ പത്രപ്രവർത്തകർ, ആരോഗ്യ ഉദ്യോഗസ്ഥർ, സാമൂഹിക സേവകർ, നീതിന്യായരംഗത്ത് ഉള്ളവർ എന്നിവരെ ഉദ്ദേശിച്ച് തയ്യാറാക്കിയതായിരുന്നു അത്. ശീർഷകം സൂചിപ്പിക്കുന്നതുപോലെ, രോഗികളുടെ നിയമപരമായ അവകാശങ്ങൾ അംഗീകരിച്ചുകൊണ്ട് അവരുടെ ചികിത്സാപരമായ ആവശ്യങ്ങൾ എങ്ങനെ നിവർത്തിക്കാമെന്ന വിഷയമാണ് ഈ വീഡിയോ കൈകാര്യം ചെയ്യുന്നത്. തന്നെയുമല്ല, രക്തരഹിത ശസ്ത്രക്രിയാ രീതികൾ ചെലവു കുറഞ്ഞതാണെന്നും അതു വെളിപ്പെടുത്തുന്നു.
പരമ്പരയിലെ മൂന്നാമത്തെ വീഡിയോയുടെ പേര് രക്തരഹിത ചികിത്സ—വൈദ്യശാസ്ത്രം വെല്ലുവിളിയെ വിജയകരമായി നേരിടുന്നു (ഇംഗ്ലീഷ്) എന്നാണ്. പ്രധാനമായും പൊതുജനങ്ങൾക്കായി തയ്യാറാക്കിയ ഈ വീഡിയോ ഐക്യനാടുകളിലെ ടെലിവിഷൻ ശൃംഖലകളിൽ ഇതിനോടകം സംപ്രേക്ഷണം ചെയ്തുകഴിഞ്ഞു. ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്ന സാക്ഷികളല്ലാത്ത വിദഗ്ധ വ്യക്തികളിൽ നിന്നുള്ള അനുകൂല അഭിപ്രായങ്ങൾ രക്തരഹിത ശസ്ത്രക്രിയ സംബന്ധിച്ച് ആളുകൾക്ക് അറിവു പകരാനും അവിജ്ഞരുടെ മുൻവിധിയെ മറികടക്കാനും വളരെ സഹായിക്കും.
പുതിയ ബ്രാഞ്ച് സൗകര്യങ്ങൾ ദൈവത്തിനു സ്തുതി കരേറ്റുന്നു
കഴിഞ്ഞ സേവന വർഷത്തിൽ നടന്ന അഞ്ചു ബ്രാഞ്ചുകളുടെ സമർപ്പണങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകളാണ് പിൻവരുന്നത്. നമുക്ക് ആദ്യം തെക്കേ അമേരിക്കയിലേക്കു പോകാം. അവിടെ വെനെസ്വേല, ഉറുഗ്വേ എന്നീ രാജ്യങ്ങളിലാണ് പുതിയ ബ്രാഞ്ച് സൗകര്യങ്ങൾ സമർപ്പിക്കപ്പെട്ടത്. അടുത്തതായി, പൂർവ യൂറോപ്പിലെ യൂക്രെയിനിലേക്കായിരിക്കും നാം പോകുക, ഈ രാജ്യത്ത് യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം 50-ലധികം വർഷമായി നിരോധിക്കപ്പെട്ടിരുന്നു. അവിടെനിന്ന് നമുക്ക് ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ തെക്കുഭാഗത്തുള്ള മലാവി എന്ന രാജ്യത്തേക്കു പോകാം. വർഷങ്ങളോളം യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തെ നിരോധിച്ചിരുന്ന, അവരെ പീഡിപ്പിച്ചിരുന്ന ഒരു രാജ്യമാണ് അത്. നമ്മുടെ ഒടുവിലത്തെ ലക്ഷ്യസ്ഥാനം കരീബിയൻ സമുദ്രത്തിലെ മനോഹരമായ ബാർബഡോസ് എന്ന ദ്വീപാണ്.
വെനെസ്വേല: 2001 മാർച്ച് 3-ന് പുതിയ ബ്രാഞ്ച് സമുച്ചയത്തിന്റെ സമർപ്പണത്തിനായി 22 രാജ്യങ്ങളിൽ നിന്നുള്ള 1,600 സന്ദർശകർ വളരെ മനോഹരമായ ഒരു സ്ഥലത്തു കൂടിവന്നു. തലസ്ഥാന നഗരിയായ കരാക്കസിൽനിന്ന് 80 കിലോമീറ്റർ [50 മൈൽ] അകലെയാണ് ഈ സ്ഥലം. മാർച്ചിൽ ഇവിടെ വേനലാണ്. അതിനാൽ അരാഗ്വാ പർവതപ്രദേശം ഉണങ്ങിവരണ്ട അവസ്ഥയിലായിരുന്നു. എന്നാൽ ബ്രാഞ്ചിന്റെ സ്ഥലത്തെ കിണറുകളിൽ നിന്നുള്ള വെള്ളം ജലസേചനത്തിനായി ഉപയോഗിക്കുന്നതിന്റെ ഫലമായി ബ്രാഞ്ച് കെട്ടിടങ്ങൾക്കു ചുറ്റുമുള്ള പുൽത്തകിടിയും കരിമ്പനകളും മറ്റും ഹരിതാഭമായിരുന്നു. നന്നായി വസ്ത്രധാരണം ചെയ്ത സന്ദർശകർ—പലരും ക്യാമറകളും പിടിച്ച്—പരിസരപ്രദേശത്തും കെട്ടിടത്തിന് അകത്തും പുറത്തുമൊക്കെയായി ചുറ്റിനടന്നു. അവരുടെ മുഖങ്ങളിൽ വിസ്മയവും ആഹ്ലാദവും പ്രകടമായിരുന്നു.
വെനെസ്വേലയിൽ ആദ്യമായി ബ്രാഞ്ച് സ്ഥാപിക്കപ്പെടുന്നത് 1946 സെപ്റ്റംബറിലാണ്. അന്ന് ആ രാജ്യത്ത് സുവാർത്ത പ്രസംഗിക്കുന്നവരായി 19 പ്രസാധകരേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, തുടർന്നുവന്ന 50 വർഷങ്ങളിൽ ആവശ്യങ്ങൾ വർധിച്ചുവന്നതു നിമിത്തം, പല ബ്രാഞ്ചു സൗകര്യങ്ങളും അപര്യാപ്തമായിത്തീർന്നു. ഈ പുതിയ ബ്രാഞ്ച് വെനെസ്വേലയിൽ സുവാർത്ത ഘോഷിക്കുന്ന 88,541 പ്രസാധകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നു.
സമർപ്പണ പരിപാടിയിൽ പങ്കെടുത്ത പലരും ബ്രാഞ്ചിന്റെ ആറു വർഷത്തെ നിർമാണത്തിൽ പങ്കെടുത്തവരായിരുന്നു. ഒരു സാർവദേശീയ ദാസൻ ഇങ്ങനെ പറഞ്ഞു: “നിർമാണ പദ്ധതിയിൽ പങ്കെടുക്കുന്നതിനു മണിക്കൂറുകൾ യാത്ര ചെയ്യാൻ സഹോദരങ്ങൾ ഒരുക്കമായിരുന്നു, അതു വളരെ പ്രോത്സാഹനം പകർന്നു. ഉദാഹരണത്തിന്, ഒരു സഭയിലെ ഒരു കൂട്ടം സഹോദരങ്ങൾ ഒരു ബസ് വാടകയ്ക്ക് എടുത്തു. രാത്രി 11 മണിക്ക് യാത്ര പുറപ്പെട്ട അവർ പിറ്റേന്നു രാവിലെ 6 മണിക്ക് സ്ഥലത്ത് എത്തിച്ചേർന്നു. പ്രഭാതഭക്ഷണം കഴിച്ചശേഷം അവർ മുഴു ദിവസവും ജോലി ചെയ്തു. എന്നിട്ട് വൈകുന്നേരം മടങ്ങിപ്പോയി, ഏഴു മണിക്കൂർ വേണമായിരുന്നു അവർക്ക് സ്വന്തം സ്ഥലത്തു തിരിച്ചെത്താൻ.” സഹോദരങ്ങൾ ഐക്യത്തിൽ ജോലി ചെയ്യവേ, സഹവാസം വളരെ ആസ്വാദ്യമായിരുന്നു—സങ്കീ. 133:1.
ഭരണസംഘത്തിലെ ഗെരിറ്റ് ലോഷ് ആണ് സമർപ്പണ പ്രസംഗം നടത്തിയത്, അതിന്റെ വിഷയം “വികസനം യഹോവയ്ക്കു സ്തുതി കരേറ്റുന്നു” എന്നതായിരുന്നു. പിറ്റേന്ന്, രാജ്യത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നുള്ള സാക്ഷികളും താത്പര്യക്കാരുമടക്കം 1,13,260 പേർ സമർപ്പണ പരിപാടിയുടെ സംഗ്രഹം ഉൾപ്പെടെയുള്ള ഒരു പ്രത്യേക പരിപാടിക്കായി വലെൻചിയ നഗരത്തിൽ കൂടിവന്നു.a
ഉറുഗ്വേ: “എത്ര നല്ല ആളുകൾ! നിരവധി ആളുകൾ, പുരുഷന്മാരും സ്ത്രീകളും, വലിയ സന്തോഷത്തോടെ കഠിനവേല ചെയ്യുന്നതു കാണുന്നത് തീർച്ചയായും ഹൃദ്യമാണ്. ശരിയായ പ്രചോദനം ഉണ്ടായിരിക്കുകയും ഭൗതിക നേട്ടം ലക്ഷ്യമാക്കാതെ പ്രവർത്തിക്കുകയും ചെയ്യുന്നെങ്കിൽ മാത്രമേ ഇതു സാധ്യമാകൂ. അഭിനന്ദനങ്ങൾ, നിങ്ങളുടെ സത്പ്രവൃത്തികളിൽ തുടരുക!” ഉറുഗ്വേയിലെ ബ്രാഞ്ച് നിർമാണ പദ്ധതി സന്ദർശിച്ച നിരവധി നിരീക്ഷകർ പറഞ്ഞ അഭിപ്രായങ്ങളിൽ ഒന്നാണ് ഇത്.
നിർമാണ സമയത്ത് യഹോവയുടെ സാക്ഷികൾ പ്രകടമാക്കിയ തീക്ഷ്ണതയുടെയും സഹകരണത്തിന്റെയും ഈ ആത്മാവ് വർഷങ്ങളായുള്ള തങ്ങളുടെ വിദ്യാഭ്യാസ വേലയിലും അവർ പ്രകടമാക്കിയിരിക്കുന്നു. 60 വർഷം മുമ്പ് ഉറുഗ്വേയിലെ സാക്ഷികളുടെ എണ്ണം വളരെ കുറവായിരുന്നു. ആ രാജ്യത്തുടനീളം സൈക്കിളിൽ സഞ്ചരിച്ചു സാക്ഷ്യം നൽകിയ ആറു ജർമൻ പയനിയർമാരും ഇക്കൂട്ടത്തിൽ പെടുന്നു. എന്നാൽ ഇന്ന് ഉറുഗ്വേയിലെ യഹോവയുടെ സാക്ഷികൾ പരക്കെ അറിയപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന ഒരു സംഘടനയാണ്. ഈ രാജ്യത്ത് 287 പേരിൽ ഒരാൾ വീതം ഒരു സാക്ഷിയാണ്. ഓരോ സഭയിലും ശരാശരി അഞ്ചു മൂപ്പന്മാർ വീതമുണ്ട്. തീർച്ചയായും, വികസനത്തിന് അനുസരിച്ച് കൂടുതലായ ബ്രാഞ്ച് സൗകര്യങ്ങൾ ആവശ്യമാണ്.
രണ്ടായിരത്തൊന്ന് മാർച്ച് 31-ന് നടന്ന സമർപ്പണ സമയത്ത്, നിർമാണ പദ്ധതിയിൽ തങ്ങളുടെ വൈദഗ്ധ്യവും പരിചയസമ്പന്നതയും പങ്കിട്ട നിരവധി സാക്ഷികൾ വിലമതിപ്പു പ്രകടിപ്പിച്ചു. പ്രസ്തുത പരിപാടിയിൽ, ഉറുഗ്വേയിൽ സേവിച്ച മുൻ മിഷനറിമാരിൽ പലരുമായുള്ള അഭിമുഖങ്ങളും ഉണ്ടായിരുന്നു. ആ സമർപ്പണ പരിപാടിയിൽ പങ്കെടുക്കുന്നതിന് അവർ വിദൂര നാടുകളിൽനിന്ന് യാത്ര ചെയ്ത് അവിടെ എത്തി. ലോഷ് സഹോദരനാണ് സമർപ്പണ പ്രസംഗം നടത്തിയത്. പ്രസംഗ പ്രവർത്തനത്തിന്റെ മുഖ്യ ഉദ്ദേശ്യം യഹോവയ്ക്കു സ്തുതിയും മഹത്ത്വവും കരേറ്റുക എന്നതാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.b
യൂക്രെയിൻ: യൂക്രെയിനിൽ സുവാർത്താ ഘോഷകർ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് 110-ലധികം വർഷമായി. എന്നാൽ, കഴിഞ്ഞ ദശകം ത്വരിതഗതിയിലുള്ള വളർച്ചയുടെ ഒരു കാലഘട്ടമായിരുന്നു. 1990-കളിൽ പ്രസാധകരുടെ എണ്ണത്തിൽ 530 ശതമാനം വർധന ഉണ്ടായതു നിമിത്തം അടിയന്തിരമായി ബ്രാഞ്ച് സൗകര്യങ്ങൾ പണിയേണ്ടത് ആവശ്യമായിവന്നു. ബ്രാഞ്ച് നിർമാണത്തിനായി ലവോഫ് നഗരത്തിന് 5 കിലോമീറ്റർ [3 മൈൽ] വടക്കു മാറി മനോഹരമായ ഒരു ഗ്രാമീണ പ്രദേശം തിരഞ്ഞെടുത്തു. ഈ സമുച്ചയത്തിൽ താമസത്തിനായുള്ള 104 മുറികളും ആധുനിക ഓഫീസുകളും ഒരു അടുക്കളയും അലക്കുശാലയും ഒരു ഗരാജും സാഹിത്യങ്ങൾ ശേഖരിച്ചു വെക്കുന്നതിനുള്ള ഒരു സ്ഥലവും ഉണ്ട്.
നിർമാണത്തിനുള്ള അനുമതി ലഭിച്ച് രണ്ടു വർഷവും മൂന്നു മാസവും പിന്നിട്ടപ്പോൾ, മുമ്പ് ഒരു യുവജന ക്യാമ്പായി വർത്തിച്ചിരുന്ന ആ സ്ഥലം സഹോദരങ്ങൾ മനോഹരമായ കെട്ടിടങ്ങൾ നിറഞ്ഞ ഒരു ഇടമാക്കി മാറ്റിയിരുന്നു. സാക്ഷികളുടെ പ്രവർത്തനം നിരോധിക്കപ്പെട്ടിരുന്ന വർഷങ്ങളിൽ അവർ യോഗങ്ങൾ നടത്താൻ ഉപയോഗിച്ചിരുന്ന ഒരു വനത്തിലാണ് പുതിയ ബ്രാഞ്ച് സ്ഥിതി ചെയ്യുന്നത്.
പ്രാദേശിക അധികാരികൾ, ബ്രാഞ്ചിലേക്കുള്ള റോഡ് കല്ലു പാകിയത് ആയിരിക്കണം എന്ന വ്യവസ്ഥ വെച്ചു. പ്രസ്തുത ജോലിക്കായി സഹോദരങ്ങൾ ഒരു പ്രാദേശിക നിർമാണ കമ്പനിയെ ഏർപ്പാടാക്കി. കരാർ പ്രകാരം, 2000 ഒക്ടോബർ അവസാനത്തോടെ 1,200 മീറ്റർ [.75 മൈൽ] ദൈർഘ്യമുള്ള ആ റോഡിന്റെ പണി പൂർത്തിയാകണമായിരുന്നു. കാരണം, നവംബറിൽ മഞ്ഞു വീഴാൻ തുടങ്ങുമായിരുന്നു. കരാർ പ്രകാരമുള്ള തീയതിക്കുള്ളിൽ അതിന്റെ പണി പൂർത്തിയാക്കാൻ കമ്പനിക്കു കഴിഞ്ഞില്ല. എന്നാൽ റോഡു നിർമാണത്തിനു കാലാവസ്ഥ അപ്പോഴും അനുയോജ്യം ആയിരുന്നതിനാൽ, പണി പൂർത്തിയാക്കാൻ സഹായിക്കാമെന്നു സഹോദരങ്ങൾ തീരുമാനിച്ചു. ഏവരുടെയും കഠിനാധ്വാനത്തിന്റെ ഫലമായി ഒടുവിൽ 2000 ഡിസംബർ 16 ശനിയാഴ്ച റോഡിന്റെ പണി പൂർത്തിയായി. അന്നു രാത്രി ആ പ്രദേശമാകെ മഞ്ഞുകൊണ്ടു മൂടിയിരുന്നു. 2000-ാം ആണ്ടിലെ ശരത്കാലം അത്രയ്ക്കു നീണ്ടുപോകാനും ചൂടുള്ളതായിരിക്കാനും എന്താണു കാരണം എന്നു ചോദിച്ചാൽ അവിടത്തുകാർ പറയും: “കാരണം യഹോവയുടെ സാക്ഷികൾക്കു റോഡിന്റെ പണി പൂർത്തിയാക്കാനുണ്ടായിരുന്നു.”
സമർപ്പണ പരിപാടി നടന്നത് 2001 മേയ് 19-ന് ആണ്. അതിൽ പങ്കെടുക്കുന്നതിന് 35 രാജ്യങ്ങളിൽ നിന്നുള്ള സഹോദരങ്ങൾ എത്തിയിരുന്നു. ഭരണസംഘത്തിലെ തിയോഡർ ജാരറ്റ്സ്, ഗെരിറ്റ് ലോഷ് എന്നിവരുടെ പ്രസംഗങ്ങൾ ആ പരിപാടിയുടെ പ്രത്യേകത ആയിരുന്നു. പിറ്റേന്ന്, ലവോഫിലെയും കിയേവിലെയും ഏറ്റവും വലിയ സ്റ്റേഡിയങ്ങളിൽ നടത്തപ്പെട്ട ഒരു പ്രത്യേക പരിപാടിക്കായി 72,023 പേരാണു കൂടിവന്നത്. നിരോധനകാലത്തു പതിറ്റാണ്ടുകളോളം സേവിച്ച പലരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. അത്തരം മനോഹരമായ ഒരു ബ്രാഞ്ച് കാണാൻ സാധിച്ചതിൽ അവർ എത്രയധികം സന്തോഷിച്ചുവെന്നോ! ഈ ബ്രാഞ്ച് യഹോവയ്ക്കു വലിയ ബഹുമാനവും സ്തുതിയും കരേറ്റുന്നതിൽ തുടരും.c
മലാവി: 2,200-ലധികം മലാവിയൻ സാക്ഷികളും 21 രാജ്യങ്ങളിൽ നിന്നെത്തിയ 200 സന്ദർശകരും 2001 മേയ് 19 ശനിയാഴ്ച ഉച്ചകഴിഞ്ഞ്, നീളമുള്ള യൂക്കാലിപ്റ്റസ് മരങ്ങളും മുളയും ഉണക്കപ്പുല്ലും ഉപയോഗിച്ച് നിർമിച്ച പന്തലിനു കീഴെ ഒരുമിച്ചു കൂടി. ഇരുട്ടു പരന്നു തുടങ്ങിയിരുന്നതിനാൽ, സമാപന ഗീതത്തിലെ വാക്കുകൾ പാട്ടുപുസ്തകത്തിൽ കാണാൻ പ്രയാസമായിരുന്നു. മനോഹരമായ സ്റ്റേജിൽനിന്നുകൊണ്ട് ഒരു സഹോദരൻ ഗീതാലാപനത്തിനു നേതൃത്വം നൽകി. 56-ാം നമ്പർ ഗീതം തനി ആഫ്രിക്കൻ രീതിയിൽ സംഗീതോപകരണങ്ങളുടെ അകമ്പടിയില്ലാതെ ചതുർഭാഗ താളലയത്തോടെ അവർ ചേർന്നു പാടി. സദസ്യർക്കു പാട്ടുപുസ്തകത്തിന്റെ ആവശ്യം ഇല്ലായിരുന്നു; പാട്ടിന്റെ വരികൾ അവർക്കു ഹൃദിസ്ഥമായിരുന്നു. യഹോവയുടെ ഈ വിശ്വസ്ത ദാസന്മാർ—മിക്കവരും സ്നാപനമേറ്റിട്ട് 40 വർഷമോ അതിൽ കൂടുതലോ ആയവരും തങ്ങളുടെ വിശ്വാസത്തെ പ്രതി കഠിനമായ പരിശോധനകൾ അനുഭവിച്ചവരും ആയിരുന്നു—ആ ഗീതം ആലപിക്കുന്നതു കേട്ടപ്പോൾ സന്ദർശകരായി എത്തിയവർക്കു തങ്ങളുടെ വികാരങ്ങൾ അടക്കാനായില്ല.
സന്ദർശകരായി എത്തിയ സഹോദരങ്ങൾ അന്നു രാവിലെ പുതിയ ബ്രാഞ്ച് സൗകര്യങ്ങൾ ചുറ്റിനടന്നു കാണവേ, പെട്ടെന്ന് ഒരു ഉൾപ്രേരണയാലെന്നവണ്ണം രാജ്യഗീതങ്ങൾ പാടുകയും ടൂർ പോയ വഴിക്കു തങ്ങൾ കണ്ടുമുട്ടിയവരെ കൈ വീശിക്കാണിക്കുകയും ചെയ്തു. അതിനു മുമ്പ്, അന്താരാഷ്ട്ര സന്ദർശകരെ സ്വാഗതം ചെയ്യുന്നതിനായി ഉച്ചഭാഷിണിയിലൂടെ രാജ്യസംഗീതം വാല്യം 1 കേൾപ്പിക്കാൻ വിമാനത്താവള അധികൃതർ സമ്മതിച്ചിരുന്നു. അത് എത്ര ഊഷ്മളവും ദിവ്യാധിപത്യപരവുമായ സ്വാഗതം ആയിരുന്നു! അവർ ആ സംഗീതം ഇപ്പോഴും വിമാനത്താവളത്തിൽ കേൾപ്പിക്കുന്നുണ്ട്.
“യഹോവയുടെ സേവനത്തിൽ നിങ്ങൾ കൃതജ്ഞത പ്രകടമാക്കുന്നുവോ?” എന്നതായിരുന്നു മേഖലാമേൽവിചാരകൻ എന്ന നിലയിൽ മലാവി ബ്രാഞ്ച് സന്ദർശിച്ച സേബാസ്റ്റിയെൻ ജോൺസൺ ഉന്നയിച്ച ചോദ്യം. മീഖാ 6:6-8 വിശദീകരിച്ച ജോൺസൺ സഹോദരൻ, യഹോവ നമ്മിൽനിന്ന് അധികമായൊന്നും ആവശ്യപ്പെടുന്നില്ല എന്ന് പ്രസംഗത്തിലൂടെ വ്യക്തമാക്കി. ദിവസവും ബൈബിൾ വായിക്കാനും അതിലെ ആരോഗ്യാവഹമായ തത്ത്വങ്ങൾ ബാധകമാക്കാനും പ്രസംഗകൻ പ്രോത്സാഹനം നൽകി. ഭരണസംഘത്തിലെ ഗൈ പിയേഴ്സ് നടത്തിയ സമർപ്പണ പ്രസംഗത്തിന്റെ വിഷയം “യഹോവ സൃഷ്ടിക്കുന്നതിൽ ആനന്ദിച്ചു സന്തോഷിക്കുക” എന്നതായിരുന്നു. പിയേഴ്സ് സഹോദരൻ ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ പ്രവർത്തനവും വിശ്വസ്ത സേവനത്തിന്റെ നീണ്ട ചരിത്രവുമാണ് ഇന്നത്തെ വർധനയ്ക്കുള്ള അടിസ്ഥാനം. പരമോന്നത ദൈവമായ യഹോവയുടെ വിശുദ്ധ സേവനത്തിൽ കഴിവിന്റെ പരമാവധി ചെയ്യുന്നതിൽ തുടരുക.”
മേയ് 20 ഞായറാഴ്ച ലിലോങ്വേയിലെ സ്റ്റേഡിയത്തിൽ 17,378 പേർ കൂടിവരികയുണ്ടായി. മലാവിയിൽ 1993-ൽ നിരോധനം നീക്കം ചെയ്യപ്പെട്ടപ്പോൾ പ്രസാധകരുടെ എണ്ണം 30,000 ആയിരുന്നുവെന്ന് അവരോടു പറയുകയുണ്ടായി. ഇന്ന് ആ രാജ്യത്ത് 50,000-ത്തോളം സാക്ഷികളുണ്ട്! അതേ, പുതുതായി നിർമിച്ച ബെഥേൽ കെട്ടിട സമുച്ചയത്തിന്റെ സമർപ്പണം തീർച്ചയായും സ്മരണീയമായ ഒന്നായിരുന്നു, അത് യഹോവയ്ക്കുള്ള വിജയത്തിന്റെ ഒരു ദിവസമായിരുന്നു!d
ബാർബഡോസ്: പുൽത്തകിടിയും പൂച്ചെടികളുമൊക്കെയുള്ള ഒരു ഉയർന്ന സ്ഥലത്താണ് പുതിയ ബാർബഡോസ് ബ്രാഞ്ചും അതിനോടു ചേർന്നുള്ള രാജ്യഹാളും. രണ്ടര ഏക്കർ [1 ഹെക്ട.] വരുന്ന ആ സ്ഥലത്തുനിന്നു നോക്കിയാൽ സമീപത്തുള്ള മനോഹരമായ കരീബിയൻ കടലിന്റെ ഗംഭീര ദൃശ്യം കാണാം. 18 മാസംകൊണ്ട് പണിതീർത്ത ഇവിടത്തെ മനോഹരമായ ബ്രാഞ്ച് സ്ഥിതി ചെയ്യുന്നത് സെന്റ് ജയിംസിലെ പ്രൊസ്പെക്റ്റിലുള്ള ശാന്തമായ ഒരു സ്ഥലത്താണ്, ബാർബഡോസിന്റെ തലസ്ഥാനമായ ബ്രിഡ്ജ്ടൗണിൽനിന്ന് ഏകദേശം 4 കിലോമീറ്റർ [2.5 മൈൽ] അകലെ.
ഈ പുതിയ ബ്രാഞ്ച് കെട്ടിടം പത്തു പേരടങ്ങുന്ന ബെഥേൽ കുടുംബത്തിനു വേണ്ടിയുള്ളതാണ്. താമസിക്കാനുള്ള എട്ടു മുറികളും ഓഫീസുകളും കൂടാതെ തീൻമുറിയും ഇതിലുണ്ട്. 275 പേർക്ക് ഇരിക്കാവുന്ന ഒരു രാജ്യഹാളും ഇവിടെയുണ്ട്. ഇവിടെനിന്നും പത്തു മിനിട്ട് വാഹനമോടിച്ചു പോയാൽ എത്തുന്ന ബ്രിഡ്ജ്ടൗണിന്റെ ഹൃദയഭാഗത്താണ് മുമ്പത്തെ ബ്രാഞ്ച് സ്ഥിതി ചെയ്തിരുന്നത്. 1969-ൽ ഈ ബ്രാഞ്ച് പ്രവർത്തിച്ചു തുടങ്ങുമ്പോൾ അതിന്റെ മേൽനോട്ടത്തിലുള്ള ആറു പ്രമുഖ ദ്വീപുകളിലും മറ്റു നിരവധി ചെറിയ ദ്വീപുകളിലുമായി മൊത്തം 1,200-ഓളം പ്രസാധകരാണ് ഉണ്ടായിരുന്നത്. എന്നാൽ 2000-ാം ആണ്ട് ആയപ്പോഴേക്കും 25 സഭകളിലും ഒരു ഒറ്റപ്പെട്ട കൂട്ടത്തിലുമായി അവരുടെ എണ്ണം 2,390 ആയി വർധിച്ചിരുന്നു. അപ്പോഴേക്കും, എണ്ണത്തിൽ വർധിച്ചുവരുന്ന സഭകളുടെ ആവശ്യം നിവർത്തിക്കാൻ ആ സൗകര്യങ്ങൾ അപര്യാപ്തമായിത്തീർന്നിരുന്നു. മാത്രമല്ല, അതു നിലകൊണ്ടിരുന്ന, ഒരിക്കൽ ശാന്തമായിരുന്ന ആ പ്രദേശം ശബ്ദമുഖരിതമായ ഒരു വാണിജ്യ പ്രദേശമായും മാറിക്കഴിഞ്ഞിരുന്നു.
പുതിയ ബ്രാഞ്ചിന്റെ സമർപ്പണം നടന്നത് 2001 ജൂൺ 2 ശനിയാഴ്ച ആയിരുന്നു. ബാർബഡോസ് ബ്രാഞ്ചിന്റെ മേൽനോട്ടത്തിലുള്ള ദ്വീപുകളിൽനിന്നും മറ്റു 15 രാജ്യങ്ങളിൽനിന്നും എത്തിയ ക്ഷണിക്കപ്പെട്ട 676 അതിഥികൾ സമർപ്പണ പരിപാടികൾ നന്നായി ആസ്വദിച്ചു. ബാർബഡോസിലെ സാക്ഷികളുടെ പ്രവർത്തനത്തിന്റെ ചരിത്രവും പ്രസ്തുത അവസരത്തിൽ വിവരിക്കപ്പെട്ടു. ആ പരിപാടിയിലെ പ്രസക്തമായ ഇനം ഭരണസംഘത്തിലെ ജോൺ ഇ. ബാർ നടത്തിയ, “യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കൽ” എന്ന ഊഷ്മളമായ പ്രസംഗമായിരുന്നു. സമർപ്പണ പരിപാടിയിൽ ഉൾപ്പെടുത്താൻ കഴിയാഞ്ഞവരുടെ പ്രയോജനത്തിനായി പിറ്റേന്ന് ഒരു പ്രത്യേക യോഗം നടത്തപ്പെട്ടു. അതിൽ 3,332 പേർ സംബന്ധിക്കുകയുണ്ടായി.e
ലോകവ്യാപകമായി ഇത്തരം ബ്രാഞ്ച് സൗകര്യങ്ങളിൽ സേവിക്കുന്നത് 20,133 നിയമിത ശുശ്രൂഷകരാണ്. ഇവരെല്ലാം പ്രത്യേക മുഴുസമയ ദാസന്മാരുടെ ഗണത്തിൽ പെട്ട അംഗങ്ങളാണ്.
[അടിക്കുറിപ്പുകൾ]
a യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്തകം 1996-ന്റെ (ഇംഗ്ലീഷ്) 187-252 പേജുകളിൽ വെനെസ്വേലയുടെ ദിവ്യാധിപത്യ ചരിത്രം കാണാം.
b വാർഷികപുസ്തകം 1999-ന്റെ 225-55 പേജുകളിൽ ഉറുഗ്വേയുടെ ദിവ്യാധിപത്യ ചരിത്രം കാണാം.
c യൂക്രെയിനിലെ സാക്ഷീകരണ പ്രവർത്തനത്തിന്റെ ചരിത്രം ഈ വാർഷികപുസ്തകത്തിന്റെ 119-255 പേജുകളിൽ കാണാം.
d വാർഷികപുസ്തകം 1999-ന്റെ 149-222 പേജുകളിൽ മലാവിയുടെ ദിവ്യാധിപത്യ ചരിത്രം നിങ്ങൾക്കു കാണാം.
e വാർഷികപുസ്തകം 1989-ന്റെ (ഇംഗ്ലീഷ്) 149-97 പേജുകളിൽ ബാർബഡോസിന്റെ ദിവ്യാധിപത്യ ചരിത്രം വന്നിരുന്നു.
[6-ാം പേജിലെ ചിത്രങ്ങൾ]
ഹോങ്കോംഗിൽ നടന്ന “ദൈവവചനം പഠിപ്പിക്കുന്നവർ” ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിൽ പരമ്പരാഗത ചൈനീസിലും ലളിത ചൈനീസിലുമുള്ള “പുതിയലോക ഭാഷാന്തര”ത്തിന്റെ പ്രകാശനം ഉൾപ്പെട്ടിരുന്നു
[11-ാം പേജിലെ ചിത്രങ്ങൾ]
“രാജ്യവാർത്ത” നമ്പർ 36-ന്റെ 50 കോടിയോളം പ്രതികൾ ലോകമെങ്ങുമായി വിതരണം ചെയ്യപ്പെട്ടു
[13-ാം പേജിലെ ചിത്രം]
ഫ്രാൻസിലെ സ്ട്രാസ്ബുർഗിലുള്ള ‘യൂറോപ്യൻ മനുഷ്യാവകാശ കോടതി’
[21-ാം പേജിലെ ചിത്രം]
മൂച്ചിങ്ഗൂറി സഹോദരനും ഭാര്യയും പുതിയ രാജ്യഹാളിനു മുന്നിൽ
[22-ാം പേജിലെ ചിത്രം]
മൂന്ന് അവാർഡുകൾ കരസ്ഥമാക്കിയ “രക്തപ്പകർച്ചയ്ക്കു പകരമുള്ള ചികിത്സാരീതികൾ—ലളിതം, സുരക്ഷിതം, ഫലപ്രദം” എന്ന വീഡിയോ
[28, 29 പേജുകളിലെ ചിത്രങ്ങൾ]
പുതുതായി സമർപ്പിക്കപ്പെട്ട ബ്രാഞ്ച് സൗകര്യങ്ങൾ
(1) മലാവി
(2) ബാർബഡോസ്
(3) ഉറുഗ്വേ
(4) വെനെസ്വേല
(5) യൂക്രെയിൻ