കഴിഞ്ഞ വർഷത്തെ സവിശേഷതകൾ
“ദുർഘടസമയങ്ങൾ” എന്നു ദൈവവചനം വിശേഷിപ്പിക്കുന്ന ‘അന്ത്യകാലത്തിന്റെ’ അവസാനനാളുകളിലാണു നാം ജീവിക്കുന്നതെന്ന് കഴിഞ്ഞ വർഷത്തെ സംഭവങ്ങൾ കൂടുതലായി തെളിയിക്കുന്നു. (2 തിമൊ. 3:1, 2) അന്ത്യകാലം പൂർവോപരി ക്ലേശപൂർണമായിത്തീരവേ, ഭൂമിയിലെങ്ങുമുള്ള തന്റെ ദാസന്മാരുടെമേൽ യഹോവ അനുഗ്രഹം ചൊരിയുകയാണ്. അവൻ പകരുന്ന ശക്തിയാൽ പ്രകൃതിവിപത്തുകൾ, കുറ്റകൃത്യം, അക്രമം, രോഗം, വിഷാദം, വാർധക്യം, എതിർപ്പ്, നിസ്സംഗത തുടങ്ങിയ ഏതൊരു പ്രതിസന്ധിയിന്മധ്യേയും അവന്റെ സാക്ഷികൾ ‘തങ്ങൾക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുന്നു’.—എബ്രാ. 12:1.
“മതത്തിന്റെ പേരിൽ ചെയ്യപ്പെടുന്ന തിന്മപ്രവൃത്തികൾ അവസാനിക്കുമോ?”
“മതത്തിന്റെ പേരിൽ ചെയ്യപ്പെടുന്ന തിന്മപ്രവൃത്തികൾ അവസാനിക്കുമോ?” എന്ന രാജ്യവാർത്ത നമ്പർ 37 വിതരണം ചെയ്തുകൊണ്ട് 2006 ഒക്ടോബർ, നവംബർ മാസങ്ങളിൽ യഹോവയുടെ സാക്ഷികൾ തങ്ങളുടെ പ്രസംഗവേല ഊർജിതമാക്കി. ശക്തമായ ആ രാജ്യസന്ദേശത്തോട് ആളുകൾ എങ്ങനെയാണു പ്രതികരിച്ചത്?
“തകർപ്പൻ!” വ്യാജമതത്തിന്റെ കപടഭക്തി കണ്ട് മനംമടുത്തുപോയ ഒരു സ്വീഡീഷുകാരൻ അഭിപ്രായപ്പെട്ടു. രാജ്യവാർത്ത ലഭിച്ചതിന്റെ ഫലമായി ഇദ്ദേഹത്തെപ്പോലെ പലരും ബൈബിൾ പഠിക്കാൻ തുടങ്ങി.
നേപ്പാൾ
കാഠ്മണ്ഡുവിലുള്ള ഡിൽ, ഒരു പള്ളിഭക്തനു രാജ്യവാർത്ത നൽകി. അദ്ദേഹത്തിന്റെ മദ്യപാനം നിമിത്തം ഭാര്യ രണ്ടു മാസംമുമ്പ് വീടുവിട്ടുപോയിരുന്നു. രാജ്യവാർത്തയിലെ വിവരങ്ങൾ ചർച്ചചെയ്യാൻ ഡില്ലും ഭർത്താവ് ബൂഡയും മടങ്ങിച്ചെന്നപ്പോൾ, ചില പള്ളിയംഗങ്ങളുടെ സ്വഭാവം തനിക്കിഷ്ടമല്ലെന്നും പള്ളിയിൽ കേട്ടിട്ടുള്ള കാര്യങ്ങളിൽനിന്നു തികച്ചും വ്യത്യസ്തമായ കാര്യങ്ങളാണ് യഹോവയുടെ സാക്ഷികളിൽനിന്നു കേൾക്കാനാകുന്നതെന്നും അദ്ദേഹം പറഞ്ഞു. സഹോദരൻ അദ്ദേഹത്തെ വെളിപ്പാടു 18:2-4 കാണിച്ചുകൊടുക്കുകയും “മഹതിയാം ബാബിലോൻ” വിട്ടുപോരേണ്ടത് എത്ര അടിയന്തിരമാണെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തു. മൂന്നാമത്തെ സന്ദർശനത്തിൽ, ആവശ്യം ലഘുപത്രികയുടെ 13-ാം പാഠം ഉപയോഗിച്ച് അധ്യയനമാരംഭിച്ചു. അഞ്ചാമതു സന്ദർശിച്ചപ്പോൾ വീടുവിട്ടുപോയ ഭാര്യയെ കാണാനായി. യഹോവയുടെ സാക്ഷികളെക്കുറിച്ചു കേട്ടിട്ടുണ്ടായിരുന്ന അവർക്കു നമ്മുടെ സന്ദേശം ഇഷ്ടമായിരുന്നു. ഏഴാമത്തെ സന്ദർശനവേളയിൽ അവരും അധ്യയനത്തിനിരുന്നു. “ഇപ്പോൾ എന്റെ ഭർത്താവ് കുടിക്കാറില്ല,” അവർ പറഞ്ഞു.
ബ്രസീൽ
രാജ്യവാർത്ത ലഭിച്ച ഒരു മോട്ടോർ സൈക്കിൾ ടാക്സി ഡ്രൈവർ അതിന്റെ പ്രചാരണത്തിനായി ഏതാനും ദിവസം അതു തന്റെ ജാക്കറ്റിന്റെ പിമ്പിൽ പതിപ്പിച്ചുവെച്ചു. കൂടെ സഞ്ചരിക്കുന്നവർക്കൊന്നും അതിന്റെ പുറംപേജ് കാണാതിരിക്കാൻ കഴിയുമായിരുന്നില്ല.
ബ്രസീലിലെ ഒരു വീട്ടുവാതിൽക്കലെത്തിയ രണ്ടു സഹോദരിമാർ “അകത്തേക്കു വരാം, എന്നാൽ ജീവനുംകൊണ്ടു മടങ്ങിപ്പോകാമെന്നു വിചാരിക്കേണ്ട” എന്നൊരു ബോർഡ് കണ്ടു ഞെട്ടിപ്പോയി. പേടിച്ചരണ്ട അവർ, എന്താണു ചെയ്യേണ്ടതെന്നു രണ്ടു സഹോദരന്മാരോടു ചോദിച്ചു. അവിടേക്കു ചെല്ലാമെന്നുതന്നെ ആ സഹോദരന്മാർ തീരുമാനിച്ചു. യഹോവയോടു പ്രാർഥിച്ചശേഷം അവർ അവിടത്തെ പരമ്പരാഗതരീതിക്കു ചേർച്ചയിൽ കൈകൊട്ടിക്കൊണ്ട് ആഗമനം അറിയിച്ചു. പുറത്തുവന്ന പൊലീസ് ഉദ്യോഗസ്ഥനായ വീട്ടുകാരൻ സൗഹാർദപൂർവം രാജ്യവാർത്ത സ്വീകരിച്ചു. വീടു പുതുക്കിപ്പണിയുകയാണെന്നും ധാരാളം പണിസാധനങ്ങൾ പുറകുവശത്തു കിടപ്പുണ്ടെന്നും കള്ളന്മാരെ വിരട്ടാനാണ് ബോർഡ് സ്ഥാപിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. മടക്കസന്ദർശനത്തിനു ചെന്നപ്പോൾ സഹോദരന്മാർ അദ്ദേഹത്തിനു ബൈബിളധ്യയനവും ആരംഭിച്ചു.
മംഗോളിയ
ചേച്ചിയോടു സാക്ഷീകരിക്കാൻ സെസെഗ്മാ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. ഏതാനും യോഗങ്ങൾക്കും അടുത്തടുത്ത രണ്ടു വർഷങ്ങളിൽ സ്മാരകത്തിനും ഹാജരായെങ്കിലും ചേച്ചി വലിയ ഉത്സാഹമൊന്നും കാട്ടിയില്ല. ബൈബിളധ്യയനത്തിനും സമ്മതിച്ചില്ല. എന്നാൽ സെസെഗ്മായുടെ വീട്ടിൽ രാജ്യവാർത്ത നമ്പർ 37 കാണാനിടയായപ്പോൾ അവരുടെ താത്പര്യം വർധിച്ചു. രണ്ടു മണിക്കൂർ നീണ്ട ചർച്ചാവേളയിൽ അവർ പല ചോദ്യങ്ങളും ചോദിച്ചു, സെസെഗ്മാ അതിനെല്ലാം ബൈബിളുപയോഗിച്ച് ഉത്തരം നൽകി. അത്ഭുതപ്പെട്ടുപോയ ചേച്ചി കൂടുതൽ പഠിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ഇപ്പോൾ ക്രമമായി ബൈബിൾ പഠിച്ചുകൊണ്ടിരിക്കുകയാണ്.
ജോർജിയ
ഒരു സ്ത്രീക്കു രാജ്യവാർത്ത കൊടുത്തപ്പോൾ അതു മതവുമായി ബന്ധപ്പെട്ടതാണോയെന്ന് അവർ ആരാഞ്ഞു. അതേ എന്നറിയിച്ചപ്പോൾ, വായിച്ചുനോക്കാമെന്നു പറഞ്ഞുകൊണ്ട് അവരതു സ്വീകരിച്ചു. സാക്ഷികൾ മടങ്ങിച്ചെന്നപ്പോൾ, ഓർത്തഡോക്സ് സഭ തന്നെ വഞ്ചിക്കുകയായിരുന്നോ എന്ന് ആ സ്ത്രീ ചോദിച്ചു. ലോകാവസ്ഥകളുടെയും ചെറുപ്പക്കാരുടെ ധാർമികാധഃപതനത്തിന്റെയും കാര്യത്തിൽ അസ്വസ്ഥയായിരുന്നു അവർ. മക്കളുമായി സംസാരിക്കാൻ പൊതുവായ ഒരു വിഷയവും ഇല്ലെന്ന് അവർ പറഞ്ഞു. സാക്ഷികൾ 2 തിമൊഥെയൊസ് 3:1-5-ലേക്ക് അവരുടെ ശ്രദ്ധതിരിച്ചു, തുടർന്ന് ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം സമർപ്പിച്ചു. സാക്ഷികൾ പോകാനിറങ്ങിയപ്പോൾ അവർ ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ മതമാണ് സത്യമതമെന്ന് എനിക്കുറപ്പുണ്ട്. നിങ്ങൾക്കിടയിലെ ചെറുപ്പക്കാരുടെ വസ്ത്രധാരണവും സത്യസന്ധതയും ഉയർന്ന ധാർമിക നിലവാരങ്ങളും തികച്ചും അഭിനന്ദനാർഹമാണ്.” നമ്മുടെ മാസികകളുടെ സ്ഥിരം വായനക്കാരിയാണ് ഇപ്പോൾ ആ സ്ത്രീ.
ബംഗ്ലാദേശ്
മുമ്പു പ്രവർത്തിച്ചിട്ടില്ലാത്ത ഒരു പ്രദേശത്ത് രാജ്യവാർത്ത നമ്പർ 37 വിതരണം ചെയ്യുകയായിരുന്നു 19 വയസ്സുള്ള റിക്കൽ. താമസസ്ഥലത്തുനിന്നു കുറെ ദൂരെയായിരുന്നെങ്കിലും, ഒരു പ്രത്യേക സംരംഭമായതിനാൽ താൻ അതു ചെയ്യേണ്ടതാണെന്നു റിക്കലിനു തോന്നി. രണ്ടാമത്തെ വീട്ടിൽ അവൾ രണ്ടു ക്രൈസ്തവ പെൺകുട്ടികളെ കണ്ടുമുട്ടി. അവരുടെ അച്ഛൻ മരിച്ചിട്ട് രണ്ടുമാസമേ ആയിരുന്നുള്ളൂ. “ഞങ്ങൾക്കിതു സംഭവിക്കാൻ ദൈവം അനുവദിച്ചത് എന്തുകൊണ്ടാണ്?” അവർ ചോദിച്ചു. റിക്കൽ ബൈബിളിൽനിന്ന് അതിന് ഉത്തരം നൽകി. “ദൈവമാണു നിങ്ങളെ ഈ വീട്ടിലേക്കയച്ചത്” എന്നു പറഞ്ഞുകൊണ്ട് അവർ സന്തോഷത്തോടെ രാജ്യവാർത്ത സ്വീകരിച്ചു. ആ പെൺകുട്ടികളുടെ ആത്മീയാവശ്യം തിരിച്ചറിഞ്ഞ റിക്കൽ, ഒന്നിച്ചു ബൈബിൾ പഠിക്കാൻ അവരെ ക്ഷണിച്ചു; അവർ സമ്മതിച്ചു. ഉത്സാഹപൂർവം പഠിക്കുന്ന അവർക്കു നിരവധി ചോദ്യങ്ങളുമുണ്ട്. ധാരാളം ഗവേഷണം ചെയ്യേണ്ടിവരുന്നെങ്കിലും സത്യത്തിനായി വിശക്കുന്നവരെ ദൈവവചനം പഠിപ്പിക്കുന്നതിലൂടെ എന്തെന്നില്ലാത്ത സംതൃപ്തി ആസ്വദിക്കുകയാണ് റിക്കൽ.
അർമേനിയ
മുമ്പ് ബൈബിൾ പഠിച്ചിരുന്ന ലിലിറ്റ് ഒരിക്കൽ, ഇലിസ എന്നു പേരുള്ള സാധാരണ പയനിയറെ ഫോണിൽ വിളിച്ചുപറഞ്ഞു: “നാളെ എന്തു പരിപാടിയുണ്ടെങ്കിലും അതു മാറ്റിവെച്ച് എന്നെക്കാണാൻ വരണം, നമുക്കു പഠനം പുനരാരംഭിക്കണം.” എന്തായിരുന്നു കാരണം? യഹോവയുടെ സാക്ഷികളോടൊപ്പം ആദ്യം ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ, “എന്നെ വേണോ അതോ യഹോവയെ വേണോ എന്നു തീരുമാനിച്ചുകൊള്ളൂ” എന്ന് ഭർത്താവ് അവരോടു പറഞ്ഞിരുന്നു. അതോടെ പഠനം നിന്നു. രണ്ടുവർഷത്തിനുശേഷം ഒരിക്കൽ മക്കളുമൊത്തു പാർക്കിലൂടെ നടക്കുമ്പോഴാണ് രാജ്യവാർത്ത നമ്പർ 37 കിട്ടുന്നത്. അതോടെ അവരുടെ താത്പര്യവും ധൈര്യവും സടകുടഞ്ഞെണീറ്റു. “50 വർഷത്തോളം സുഖമായി ജീവിച്ചിട്ട് മരിക്കുന്നതാകാം നിങ്ങൾക്കിഷ്ടം. എന്നാൽ എനിക്കങ്ങനെയല്ല,” അവർ ഭർത്താവിനോടു പറഞ്ഞു. വ്യക്തിത്വത്തിലുള്ള പാകപ്പിഴകൾ പരിഹരിക്കാൻ ബൈബിൾപഠനം തന്നെ സഹായിക്കുമെന്നും അവർ എടുത്തുകാട്ടി. അതോടെ എതിർപ്പുകൾ കെട്ടടങ്ങി, ബൈബിൾപഠനം പുനരാരംഭിച്ചു. ഇപ്പോൾ ബൈബിളധ്യയനത്തിന്റെ സമയത്ത് ഭർത്താവാണ് അവരുടെ മക്കളെ നോക്കുന്നത്.
കംബോഡിയ
പ്രത്യേക വിതരണകാലത്ത് ഊവെഗ് എന്നു പേരുള്ള മിഷനറി ഒരു മുസൽമാനെ സന്ദർശിച്ചു. രാജ്യവാർത്ത വായിച്ചശേഷം, മതങ്ങൾ യുദ്ധങ്ങളിൽ പങ്കെടുക്കരുതെന്ന ആശയത്തോട് അദ്ദേഹം യോജിപ്പു പ്രകടമാക്കി. തീവ്രവാദികൾ നിമിത്തം സ്വന്തം മതത്തിന്റെ സത്പേരു കളങ്കപ്പെട്ടതിൽ അത്യന്തം ദുഃഖിതനുമായിരുന്നു അദ്ദേഹം. ഒരു യുദ്ധവിമുക്ത ലോകത്തെക്കുറിച്ചുള്ള ദൈവത്തിന്റെ വാഗ്ദാനം ചൂണ്ടിക്കാട്ടിക്കൊണ്ട് ഊവെഗ് അദ്ദേഹത്തെ സങ്കീർത്തനം 46:9 വായിച്ചുകേൾപ്പിച്ചു. പിറ്റെയാഴ്ച ബൈബിൾ പഠിപ്പിക്കുന്നു പുസ്തകവും പരിചയപ്പെടുത്തി. ബൈബിളിനോടുള്ള ആഴമായ ആദരവോടെ ഇപ്പോൾ അദ്ദേഹം ക്രമമായി ബൈബിൾ പഠിക്കുന്നു.
റഷ്യ
“നിങ്ങൾ പറയുന്നതാണു സത്യമെന്ന് എനിക്കറിയാം. നിങ്ങളുടെ മതം ഒഴികെ മറ്റെല്ലാ മതങ്ങളെയും നിങ്ങളുടെ ദൈവമായ യഹോവ നശിപ്പിക്കുമെന്നും എനിക്കറിയാം,” രണ്ടു സഹോദരിമാരിൽനിന്നു രാജ്യവാർത്ത സ്വീകരിച്ച ഒരു ഓർത്തഡോക്സ് പുരോഹിതൻ പറഞ്ഞു. സ്വർഗീയ പ്രത്യാശയെക്കുറിച്ചും ഭൂമിയിലെ പറുദീസയെക്കുറിച്ചും തനിക്കറിയാവുന്ന കാര്യങ്ങളും അദ്ദേഹം അവരോടു പറഞ്ഞു. സ്വന്തം മതം നശിപ്പിക്കപ്പെടുമെന്ന് അറിയാമെങ്കിൽപ്പിന്നെ എന്തുകൊണ്ടാണ് അതിൽ തുടരുന്നതെന്നായി സഹോദരിമാർ. “അതെന്റെ തൊഴിലാണ്. മൂന്ന് അപ്പാർട്ടുമെന്റുകളും നാലു കാറുകളുമുണ്ടെനിക്ക്. അതെല്ലാം കൈവെടിയാൻ എനിക്കാവില്ല,” അദ്ദേഹം മറുപടി പറഞ്ഞു.
സ്മാരകത്തിന്റെ പ്രചാരണത്തിനുള്ള പ്രത്യേക പരിപാടി
ദൈവത്തിന്റെ അനർഹദയയും സ്നേഹവും ഉയർത്തിക്കാട്ടിക്കൊണ്ട് ലോകമെങ്ങുമുള്ള യഹോവയുടെ സാക്ഷികൾ 2007 ഏപ്രിൽ 2 തിങ്കളാഴ്ച കർത്താവിന്റെ സന്ധ്യാഭക്ഷണത്തിന്റെ ആചരണത്തിൽ പങ്കുചേർന്നു. ഈ സുപ്രധാന അനുസ്മരണത്തിനുള്ള ഒരുക്കമായി മാർച്ച് 17 മുതൽ ഏപ്രിൽ 2 വരെ ഒരു പ്രത്യേക ക്ഷണക്കത്തും വിതരണംചെയ്യപ്പെട്ടു. അനേകം ബൈബിൾ വിദ്യാർഥികളും കുട്ടികളും സുവിശേഷ വേലയിലേക്കു കാലെടുത്തുവെക്കാൻ, വർധിച്ച പ്രവർത്തനത്തിന്റെ ഈ സമയം പ്രയോജനപ്പെടുത്തി.
ഐക്യനാടുകൾ
സ്മാരകനാൾ വൈകുന്നേരം യഹോവയുടെ സാക്ഷികളുടെ ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള ലോകാസ്ഥാനത്തു ഡ്യൂട്ടിയിലായിരുന്ന ഒരു സഹോദരന്, സ്മാരകം നടക്കുന്ന സ്ഥലം ആരാഞ്ഞുകൊണ്ട് ഒന്നിനുപുറകെ ഒന്നായി നിരവധി ഫോൺകോളുകൾ ലഭിച്ചു. സ്മാരകത്തിനു ഹാജരാകാനുള്ള ക്ഷണത്തോടുള്ള പ്രതികരണമായിരുന്നു അവയിൽ മിക്കതും. “ഞാൻ വീട്ടിലേക്കു വന്നുകയറിയതേയുള്ളൂ, അപ്പോഴാണ് ഇന്നു രാത്രിയിലെ നിങ്ങളുടെ പരിപാടിയുടെ ക്ഷണക്കത്തു കാണുന്നത്. പോകണമെന്നുണ്ട്, പക്ഷേ സമയം എപ്പോഴാണെന്ന് അറിയില്ല,” ഒരു സ്ത്രീ പറഞ്ഞു.
സ്മാരകാചരണത്തിന്റെ പ്രാധാന്യം വിശദീകരിച്ചുകൊണ്ട് 16 വയസ്സുള്ള ജാക്വലിൻ അവളുടെ ടീച്ചറിനൊരു ക്ഷണക്കത്തു നൽകി. ടീച്ചർ വന്നപ്പോൾ അവൾ ആശ്ചര്യപ്പെട്ടുപോയി. സ്മാരകം യഹോവയുടെ സാക്ഷികളുടെ ഒരു സമ്മേളന ഹാളിലായിരുന്നതിനാൽ പരിപാടിക്കുശേഷം ജാക്വലിൻ ടീച്ചറിനെ അവിടമെല്ലാം കൊണ്ടുനടന്നു കാണിച്ചു. അവിടത്തെ ശുദ്ധിയും സംഘാടനവും ടീച്ചറെ അതിയായി ആകർഷിച്ചു, പ്രത്യേകിച്ച് അതു നിർമിച്ചതും സംരക്ഷിക്കുന്നതും സ്വമേധാസേവകരാണെന്നു മനസ്സിലാക്കിയപ്പോൾ. പ്രസംഗം ഒത്തിരി ഇഷ്ടപ്പെട്ടെന്നു പറഞ്ഞശേഷം അവർ ചോദിച്ചു: “പ്രസംഗകൻ പറഞ്ഞ ആ ബൈബിളധ്യയനത്തിൽ പങ്കെടുക്കാൻ എനിക്കെങ്ങനെ സാധിക്കും?” “അതിനല്ലേ ഞാനുള്ളത്!” സന്തോഷപൂർവം ജാക്വലിൻ പറഞ്ഞു. എല്ലാ തിങ്കളാഴ്ചയും സ്കൂൾവിട്ടശേഷം ജാക്വലിൻ ടീച്ചറുമൊത്ത് ബൈബിൾ പഠിക്കാൻ തുടങ്ങി.
ദക്ഷിണാഫ്രിക്ക
ഒറ്റപ്പെട്ട ഒരു പ്രദേശത്തെ 9 പ്രസാധകരുള്ള ഒരു സഭയ്ക്ക്, തങ്ങൾ ആവശ്യപ്പെട്ട 500 സ്മാരക ക്ഷണക്കത്തുകൾക്കു പകരം ഒരെണ്ണംമാത്രം കിട്ടിയപ്പോൾ ആശ്ചര്യം അടക്കാനായില്ല. മേൽവിലാസ ലേബൽ പറിഞ്ഞുപോയതിനാൽ ബ്രാഞ്ചോഫീസ് അയച്ച പാഴ്സൽ ആർക്കുള്ളതാണെന്നു മനസ്സിലാക്കാൻ പ്രാദേശിക പോസ്റ്റോഫീസിലെ ജോലിക്കാർക്കു കഴിയാതെപോയെന്ന് പിന്നീടവർ മനസ്സിലാക്കി. എവിടെനിന്ന് ആർക്ക് അയച്ചിരിക്കുന്നതാണെന്നു കണ്ടുപിടിക്കാൻ ജോലിക്കാർ അതു പൊട്ടിച്ചുനോക്കി. ക്ഷണക്കത്തുകൾ കണ്ടപ്പോൾ അവ വിതരണത്തിനുള്ളതാണെന്ന് അവർ തിരിച്ചറിഞ്ഞു. അതുകൊണ്ട് അവർ പോസ്റ്റോഫീസിൽത്തന്നെയുള്ള ഓരോ ലെറ്റർ ബോക്സിലും ഓരോ ക്ഷണക്കത്തുവീതം ഇട്ടുകൊണ്ട് അതു മുഴുവൻ ‘വിതരണം ചെയ്തു.’ സഭയുടെ ലെറ്റർ ബോക്സിൽനിന്ന് ക്ഷണക്കത്തിന്റെ ഒരു കെട്ടിനു പകരം അതിന്റെ ഒരു കോപ്പിമാത്രം ലഭിച്ചപ്പോഴാണ് സഹോദരന്മാർക്കു കാര്യം പിടികിട്ടിയത്. തങ്ങളുടെ ലെറ്റർ ബോക്സിൽനിന്നു കിട്ടിയ ക്ഷണക്കത്തുമായി എത്തിയ പലരും ഉൾപ്പെടെ 42 പേർ സ്മാരകത്തിനു ഹാജരായപ്പോൾ ആ 9 സഹോദരങ്ങൾക്കുമുണ്ടായ സന്തോഷം അവർണനീയമായിരുന്നു!
ഇറ്റലി
സ്മാരകത്തിനു ഹാജരാകുന്നതിന്റെ പ്രാധാന്യം വിശദീകരിച്ചുകൊണ്ട് ഗബ്രിയേല എന്ന തന്റെ ബൈബിൾ വിദ്യാർഥിക്ക് പട്രീഷ്യ ഒരു ക്ഷണക്കത്തു നൽകി. ഗബ്രിയേലയുടെ 5 വയസ്സായ മകൻ മാത്തിയ സംഭാഷണം സശ്രദ്ധം കേൾക്കുന്നുണ്ടായിരുന്നു. ടീച്ചർക്കു കൊടുക്കാൻ തനിക്കൊരു ക്ഷണക്കത്തു തരാമോയെന്ന് അവൻ ചോദിച്ചു. പിറ്റേദിവസം, സ്മാരകത്തിന്റെ പ്രാധാന്യം വിശദീകരിച്ചുകൊണ്ടും ടീച്ചർ വരുമെന്നു പ്രതീക്ഷിക്കുന്നതായി പറഞ്ഞുകൊണ്ടും മാത്തിയ അതു ടീച്ചറിനു കൊടുത്തു. മാത്തിയയുടെ ബോധ്യം തന്നെ വല്ലാതെ ആകർഷിച്ചെന്നും സ്മാരകത്തിനു ഹാജരാകാൻ താൻ തീരുമാനിച്ചിരിക്കുകയാണെന്നും, ഏതാനും ദിവസങ്ങൾക്കുശേഷം അധ്യാപക-രക്ഷാകർത്തൃ യോഗത്തിൽ പങ്കെടുക്കാനെത്തിയ ഗബ്രിയേലയോടു ടീച്ചർ പറഞ്ഞു. ഗബ്രിയേലയോടും മാത്തിയയോടുമൊപ്പം അവർ സ്മാരകത്തിനു വന്നു. പ്രസംഗം സാകൂതം ശ്രദ്ധിച്ച ടീച്ചറിന് അവിടെയുള്ള എല്ലാ കുട്ടികളുടെയും മികച്ച പെരുമാറ്റത്തിൽ വലിയ മതിപ്പുതോന്നി. മാത്തിയ പറഞ്ഞതുപോലെ സ്മാരകത്തിന്റെ പ്രാധാന്യം ഇപ്പോൾ തനിക്കു മനസ്സിലാകുന്നുണ്ടെന്ന് പിന്നീടവർ പറഞ്ഞു. അതിനുശേഷം ടീച്ചറിന്റെ മകനുവേണ്ടി മാത്തിയ എന്റെ ബൈബിൾ കഥാപുസ്തകത്തിന്റെ ഒരു കോപ്പി നൽകി. ടീച്ചറുമൊത്തുള്ള കൂടുതലായ ചർച്ചകൾക്കായി ഗബ്രിയേലയും പട്രീഷ്യയും ഏർപ്പാടുകൾ ചെയ്യുകയും ചെയ്തു.
മെക്സിക്കോ
ഒരിക്കൽ ഒരു മൂപ്പൻ ഒരു പ്രെസ്ബിറ്റേറിയൻ പുരോഹിതനോടു സംസാരിക്കുകയും അദ്ദേഹത്തെ സ്മാരകത്തിനു ക്ഷണിക്കുകയും ചെയ്തു. സന്തോഷത്തോടെ ക്ഷണക്കത്തു സ്വീകരിച്ച അദ്ദേഹം ഇടവകയിലുള്ളവർക്കു നൽകാനായി കൂടുതൽ ക്ഷണക്കത്തുകൾ ലഭിക്കുമോയെന്നു ചോദിച്ചപ്പോൾ മൂപ്പന് അതിശയം! സ്മാരകദിവസം വൈകുന്നേരമായപ്പോൾ, ഇടവകയിലെ 40 അംഗങ്ങളുമായി—ഓരോരുത്തരുടെയും കയ്യിൽ വാതിൽക്കൽ കാണിക്കാൻവേണ്ടി ക്ഷണക്കത്തുമുണ്ടായിരുന്നു—ആ മതശുശ്രൂഷകൻ എത്തിച്ചേർന്നപ്പോൾ സഹോദരങ്ങളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. ഇനിയും കൂടുതൽപേർക്കു വരണമെന്നുണ്ടായിരുന്നെന്നും എന്നാൽ ക്ഷണക്കത്തില്ലെങ്കിൽ സംബന്ധിക്കാൻ കഴിയില്ലെന്നു കരുതിയെന്നും ശുശ്രൂഷകൻ അറിയിച്ചു. സ്മാരകത്തിനു മൊത്തം 191 പേർ ഹാജരായപ്പോൾ ആ സഭയിലെ 11 പ്രസാധകർക്ക് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു!
ഓസ്ട്രേലിയ
സാക്ഷികളോടൊത്തു ബൈബിൾ പഠിക്കുന്ന ഒരു ചെറുപ്പക്കാരൻ, അദ്ദേഹം ജോലിചെയ്യുന്ന ജിംനേഷ്യത്തിലുള്ളവരോടു തന്റെ ബൈബിളധ്യയനത്തെക്കുറിച്ചു പറയാറുണ്ടായിരുന്നു. അക്കൂട്ടത്തിൽപ്പെട്ട ഒരു സ്ത്രീ, സ്മാരകത്തിൽ സംബന്ധിക്കാനുള്ള അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചു. കൗമാരത്തിൽ അടുത്തുള്ള രാജ്യഹാളിൽനിന്ന് അവൾ ഗീതങ്ങൾ കേൾക്കുമായിരുന്നു. യോഗങ്ങളിൽ സംബന്ധിക്കാൻ മാതാപിതാക്കളോട് അനുവാദം ചോദിക്കുകയും ചെയ്തിരുന്നു. എന്നാൽ യഹോവയുടെ സാക്ഷികളുമായി ഒരു ഏർപ്പാടും വേണ്ടെന്നായിരുന്നു അവരുടെ നിർദേശം. എന്നിട്ടും ചില യോഗങ്ങൾക്കൊക്കെ പങ്കെടുക്കാൻ അവൾക്കു കഴിഞ്ഞു. പക്ഷേ കുടുംബം താമസംമാറിയപ്പോൾ ആ ബന്ധം അറ്റുപോയി. സ്മാരകത്തിന് എത്തിയപ്പോൾ അവിടെയുള്ളവർ അവരെ ഒരു സഹോദരിക്കു പരിചയപ്പെടുത്തിക്കൊടുക്കുകയും അങ്ങനെ ബൈബിളധ്യയനം ആരംഭിക്കുകയും ചെയ്തു. അവർ സഭായോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി, ഭർത്താവിനും താത്പര്യം ജനിച്ചു. ജിംനേഷ്യത്തിൽ ജോലിചെയ്യുന്ന ചെറുപ്പക്കാരൻ സ്നാനത്തിന്റെ പടിയിലേക്കു പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രസാധകനാണിപ്പോൾ.
കസാഖ്സ്ഥാൻ
കൊച്ചുകുട്ടികളുള്ളതിനാൽ സ്മാരകത്തിനു വരാനാകില്ലെന്ന് ഒരു താത്പര്യക്കാരി പരിതപിച്ചു. എന്നാൽ സ്മാരകത്തിന്റെ ദിവസമായപ്പോൾ, ആ സ്ത്രീയുടെ അഞ്ചുവയസ്സുള്ള മകൾ ഉടുപ്പൊക്കെ മാറി തനിയെ രാജ്യഹാളിലേക്കു പോയി. മകളെ കാണാതായ അമ്മ അന്വേഷണം ആരംഭിച്ചു. മകൾ സ്മാരകത്തിനു പോയിക്കാണുമെന്ന് ഊഹിച്ച് അവർ നേരെ അവിടേക്കു ചെന്നു. ഊഹം ശരിയായിരുന്നു. രാജ്യഹാളിൽ വന്നസ്ഥിതിക്ക് ഏതായാലും പ്രസംഗം കേൾക്കാമെന്നു തീരുമാനിച്ച അവർ മകളോടൊപ്പമിരുന്ന് സശ്രദ്ധം പ്രസംഗം കേട്ടു.
സുവാർത്തയ്ക്കു നിയമസാധുത തേടുന്നു
ഫ്രാൻസ്
ലൂവിയേയിലെ ബെഥേലംഗങ്ങൾക്കു നൽകുന്ന അലവൻസിനു ടാക്സ് കൊടുക്കണമെന്ന് 1996 മുതൽ ഫ്രാൻസിലെ ചില അധികാരികൾ നിഷ്കർഷിക്കുകയുണ്ടായി. എന്നാൽ ബെഥേലംഗങ്ങൾ ശമ്പളം പറ്റുന്ന തൊഴിലാളികൾ അല്ലാത്തതിനാൽ ടാക്സ് കൊടുക്കേണ്ടതില്ലെന്ന് 2007 മാർച്ച് 28-ന് ‘അഡ്മിനിസ്ട്രേറ്റീവ് കോർട്ട് ഓഫ് പാരീസ്’ വിധിച്ചു. “സ്വന്തം സമുദായവുമായുള്ള അഭേദ്യമായ ഒരു ആത്മീയ ബന്ധമാണ്, ലൂവിയേയിൽ സ്ഥിതിചെയ്യുന്ന ബെഥേലിലെ സ്ഥിരാംഗങ്ങളായ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിന്റെ അടിസ്ഥാനം” എന്ന് കോടതി ചൂണ്ടിക്കാട്ടി. ബെഥേൽ കുടുംബത്തിന്റെ പ്രവർത്തനങ്ങൾ മതപരമാണെന്ന വസ്തുതയ്ക്ക് അടിവരയിട്ട ഈ തീരുമാനം ബ്രസീലിലെ ഒരു ഉന്നത കോടതി കൈക്കൊണ്ട തീരുമാനത്തോടു ചേർച്ചയിലാണ്.
സ്മാരകാചരണത്തിനായി മുനിസിപ്പൽ ഹാൾ യഹോവയുടെ സാക്ഷികൾക്കു വാടകയ്ക്കു നൽകാൻ വിസമ്മതിച്ച ലയൺനഗരത്തിന്റെ കാര്യമെടുക്കുക. ആ ഹാൾ യഹോവയുടെ സാക്ഷികൾക്കു വാടകയ്ക്കു കൊടുക്കാൻ 2007 മാർച്ച് 15-ന് അഡ്മിനിസ്ട്രേറ്റീവ് കോടതി നഗരാധികാരികൾക്കു നിർദേശം നൽകി. അധികാരികൾ സ്റ്റേറ്റ് കൗൺസിലിന് അപ്പീൽ നൽകിയെങ്കിലും അഡ്മിനിസ്ട്രേറ്റീവ് കോടതിയുടെ തീരുമാനത്തോടു സ്റ്റേറ്റ് കൗൺസിൽ പറ്റിനിൽന്നു. നഗരാധികാരികളുടെ നടപടി “സമ്മേളിക്കാനുള്ള സ്വാതന്ത്ര്യം എന്ന അടിസ്ഥാന അവകാശത്തിന്മേലുള്ള ഗുരുതരവും വ്യക്തമായ നിയമലംഘനം ഉൾപ്പെട്ടതുമായ കടന്നുകയറ്റം” ആയിരുന്നെന്ന് സ്റ്റേറ്റ് കൗൺസിൽ അഭിപ്രായപ്പെട്ടു. കേസ് നടത്തിയതിന്റെ ചെലവ് യഹോവയുടെ സാക്ഷികളുടെ പ്രാദേശിക കൂട്ടത്തിനു നൽകാനും കൗൺസിൽ വിധിച്ചു.
ലയണിൽ ഇങ്ങനെയൊരു അനുകൂല വിധിയുണ്ടായിട്ടും, എതിരാളികളുടെയും മാധ്യമങ്ങളുടെയും ഗവൺമെന്റ് അധികാരികളുടെയുംപോലും നോട്ടപ്പുള്ളികളാണ് ഇന്നും ഫ്രാൻസിലെ യഹോവയുടെ സാക്ഷികൾ. ഉദാഹരണത്തിന്, യഹോവയുടെ സാക്ഷികൾ “മാഫിയാസംഘങ്ങളുടെ നീക്കത്തിനു തുല്യമായ വിധത്തിലാണു പ്രവർത്തിക്കുന്നത്” എന്ന് 2005-ൽ പരസ്യമായി നടത്തിയ അഭിമുഖത്തിൽ ഫ്രഞ്ച് നാഷണൽ അസംബ്ലിയുടെ ഒരു മുൻ പ്രതിനിധി കുറ്റപ്പെടുത്തി. യഹോവയുടെ സാക്ഷികൾ ആ ആരോപണത്തിനെതിരെ രംഗത്തുവന്നു, 2007 ജൂലൈയിൽ റൂവാനിലുള്ള അപ്പീൽ കോടതി സാക്ഷികൾക്ക് അനുകൂലമായി വിധിപ്രഖ്യാപിക്കുകയും ചെയ്തു. ആരോപകന്റെ “കടുത്ത പ്രസ്താവനകൾ ഒരു കാരണവശാലും ന്യായീകരിക്കാനാവില്ലെന്നും അവ അനുവദനീയമായ സംസാരസ്വാതന്ത്ര്യത്തിന്റെ അതിർവരമ്പുകൾ ലംഘിച്ചു” എന്നും കോടതി ചൂണ്ടിക്കാട്ടി. യഹോവയുടെ സാക്ഷികളുടെ അസ്സോസിയേഷന്റെമേൽ നീതിരഹിതവും നിയമവിരുദ്ധവുമായ നികുതിഭാരം കെട്ടിവെക്കാനുള്ള നീക്കത്തിൽ ഉറ്റിരിക്കുകയാണ് ഫ്രഞ്ച് ഗവൺമെന്റ്. പ്രസ്തുത കേസ് ഇപ്പോൾ യൂറോപ്യൻ മനുഷ്യാവകാശ കോടതി പരിഗണിച്ചുവരുന്നു. തങ്ങൾക്കു യഹോവയുടെ പിന്തുണയുണ്ടെന്ന കാര്യത്തിൽ സഹോദരങ്ങൾക്കു പൂർണബോധ്യമുണ്ട്.
ഉസ്ബക്കിസ്ഥാൻ
സഹോദരീസഹോദരന്മാർക്കെതിരെ ആയിരത്തിലേറെ അറസ്റ്റുകളും തടവുകളും ആക്രമണങ്ങളും ഇവിടെയുണ്ടായിട്ടുണ്ട്. 2005, 2006 വർഷങ്ങളിലെ സ്മാരകാചരണവേളയിലാണ് മിക്ക അറസ്റ്റുകളും നടന്നത്. എന്നാൽ 2007-ൽ സ്മാരകത്തോടു ബന്ധപ്പെട്ട് യാതൊരു പ്രശ്നവും റിപ്പോർട്ടുചെയ്യപ്പെട്ടില്ലെന്നു പറയുന്നതിൽ ഞങ്ങൾക്കു സന്തോഷമുണ്ട്. എന്നാൽ ആശ്വാസകാലം അധികം നീണ്ടുനിന്നില്ല. താമസിയാതെതന്നെ മതപ്രചാരണത്തിന്റെ പേരിൽ ഒരു സഹോദരിയെയും സഹോദരനെയും അറസ്റ്റുചെയ്ത് വിചാരണ നടത്തി. വിവാഹിതനും രണ്ടു മക്കളുടെ അച്ഛനുമായ സഹോദരനെ രണ്ടു വർഷത്തെ തടവിനു വിധിച്ചു. രണ്ടു വർഷത്തേക്ക് ഒരു പാളയത്തിലേക്ക് അയച്ചുകൊണ്ടും അവിടത്തെ കൂലിയുടെ 20 ശതമാനം ഗവൺമെന്റിലേക്ക് എടുത്തുകൊണ്ടുമായിരുന്നു സഹോദരിയെ ശിക്ഷിച്ചത്.
ജോർജിയ
യഹോവയുടെ സാക്ഷികൾക്കെതിരായ അക്രമത്തിനു കൂട്ടുനിന്നതിന്റെ പേരിൽ ജോർജിയ ഗവൺമെന്റിനെതിരെ 2007 മേയ് 3-ന് യൂറോപ്യൻ മനുഷ്യാവകാശ കോടതി ഐകകണ്ഠ്യേന ഒരു വിധി പുറപ്പെടുവിക്കുകയും അക്രമത്തിനിരയായവർക്കു നഷ്ടപരിഹാരം നൽകണമെന്ന് അനുശാസിക്കുകയും ചെയ്തു. 1999 ഒക്ടോബറിനും 2002 നവംബറിനുമിടയിൽ ഉഗ്രമായ 138 ആക്രമണങ്ങളാണ് യഹോവയുടെ സാക്ഷികൾക്കെതിരെ അരങ്ങേറിയത്. ചിലയിടങ്ങളിൽ പൊലീസുകാർ സന്നിഹിതരായിരുന്നെങ്കിലും അവർ വെറുതെ നോക്കിനിന്നതേയുള്ളൂ. മതതീവ്രവാദികളുടെ ആക്രമണങ്ങളിൽനിന്നു നമ്മുടെ സഹോദരീസഹോദരന്മാരെ രക്ഷിക്കുന്നതിനു നടപടി സ്വീകരിക്കാതിരുന്നുകൊണ്ട് ജോർജിയയിലെ മുൻ ഗവൺമെന്റ്, മനുഷ്യാവകാശം സംബന്ധിച്ച യൂറോപ്യൻ നീതിന്യായ വ്യവസ്ഥകൾ പ്രകാരമുള്ള തങ്ങളുടെ കടപ്പാടുകൾ കാറ്റിൽപ്പറത്തിയെന്നും ഒപ്പം നമ്മുടെ സഹോദരങ്ങളുടെ മതസ്വാതന്ത്ര്യത്തിന്മേൽ കൈവെച്ചുവെന്നും കോടതി കണ്ടെത്തി. മതസ്വാതന്ത്ര്യം നിഷേധിക്കാനാവില്ലെന്നും ഭൂരിപക്ഷത്തിന്റെ എതിർപ്പിന്മധ്യേയും യഹോവയുടെ സാക്ഷികളെ സംരക്ഷിക്കേണ്ടതുണ്ടെന്നും കോടതി കരുതുന്നുവെന്നതിന്റെ ശക്തമായ സൂചനയാണിത്.
എറിട്രിയ
ഗവൺമെന്റ് അംഗീകൃതമായ നാലു മതങ്ങളുടെ അധികാരസീമയിൽപ്പെടാത്ത സ്വതന്ത്രമായ എല്ലാ കൂട്ടങ്ങളുടെയുംമേൽ അഞ്ചു വർഷംമുമ്പ് ഗവൺമെന്റ് പിടിമുറുക്കിയശേഷം ഇന്നും ഇവിടെയുള്ള യഹോവയുടെ സാക്ഷികൾ കടുത്ത എതിർപ്പു നേരിടുകയാണ്. ആരാധനയ്ക്കായി വീടുകളിൽ കൂടിവരുമ്പോൾ നമ്മുടെ സഹോദരങ്ങളെ അറസ്റ്റുചെയ്യുകയും പീഡിപ്പിക്കുകയും വിശ്വാസം ഉപേക്ഷിക്കാൻ ശക്തമായ സമ്മർദത്തിനു വിധേയരാക്കുകയും ചെയ്യുന്നു. 2007 ഏപ്രിലിലെ കണക്കനുസരിച്ച്, യോഗങ്ങളിൽ സംബന്ധിക്കുകയോ സുവാർത്ത ഘോഷിക്കുകയോ മനസ്സാക്ഷി നിമിത്തം സൈനിക സേവനത്തിനു വിസമ്മതിക്കുകയോ ചെയ്തതിന്റെ പേരിൽ യഹോവയുടെ സാക്ഷികളിൽ 24 പേർ അപ്പോഴും തടവിലുണ്ടായിരുന്നു. 60-ഓ അതിൽക്കൂടുതലോ പ്രായമുള്ളവരാണ് അതിൽ മൂന്നുപേർ. പത്തുപേർ അത്യന്തം വൃത്തിഹീനമായ അവസ്ഥകളിൽ കഴിയുന്നു. മൂന്നുപേർ തടവിലാക്കപ്പെട്ടത് 1994-ൽ ആയിരുന്നു. സഹോദരങ്ങളെ സഹായിക്കാനുള്ള കൂടുതലായ ശ്രമങ്ങൾ ഫലംകണ്ടിട്ടില്ലെങ്കിലും പെട്ടെന്നുതന്നെ അവർക്ക് ആശ്വാസം ലഭിക്കുമെന്നു നാം പ്രത്യാശിക്കുന്നു. “പീഡനത്തിൽനിന്നും അക്രമത്തിൽനിന്നും” തന്റെ ദാസന്മാരെ വീണ്ടെടുക്കുന്നവനായ യഹോവയിലേക്കു നാം തുടർന്നും നോക്കുന്നു.—സങ്കീ. 72:14, പി.ഒ.സി. ബൈബിൾ.
അൻഡോറ
സഹോദരങ്ങൾ നിയമാംഗീകാരത്തിനായി 1973-ൽ ആരംഭിച്ച ശ്രമങ്ങൾ ഒടുവിൽ 2006 ഡിസംബർ 14-നു ഫലംകണ്ടു. അൻഡോറയിൽ ഉദ്ദേശം 150 രാജ്യഘോഷകരുണ്ട്.
കൊറിയ
സൈനികസേവനത്തിനുള്ള വിസമ്മതത്തിന്റെ പേരിൽ ദക്ഷിണ കൊറിയയിലുള്ള സഹോദരന്മാരെ തുറങ്കിലടയ്ക്കാൻ തുടങ്ങിയിട്ട് 50-ലേറെ വർഷമായി. അവരിൽ 5 പേർ മരണമടഞ്ഞു. ദക്ഷിണ കൊറിയയുടെ ഭരണഘടനയിലെ എല്ലാ നിയമസാധ്യതകളും പയറ്റിനോക്കിയ യൂൻ, ഖോയി എന്നീ സഹോദരന്മാർ ഒടുവിൽ ഐക്യരാഷ്ട്രങ്ങളുടെ മനുഷ്യാവകാശ കമ്മിറ്റിയെ അഭയംപ്രാപിച്ചു. സഹോദരങ്ങളുടെ മനുഷ്യാവകാശങ്ങൾ ലംഘിച്ചതിലൂടെ ദക്ഷിണ കൊറിയ കുറ്റംചെയ്തെന്നും അവർക്കു നഷ്ടപരിഹാരം നൽകണമെന്നും കമ്മിറ്റി വിധിച്ചു. തത്ത്വങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കണമോ അറസ്റ്റുവരിക്കണമോ എന്ന കാര്യത്തിൽ മനസ്സാക്ഷിപൂർവം തീരുമാനമെടുക്കാൻ ശേഷമുള്ളവർ നിർബന്ധിക്കപ്പെടുകയില്ലെന്ന് ഉറപ്പുവരുത്താൻ നടപടികൾ സ്വീകരിക്കാനും കമ്മിറ്റി ആ രാജ്യത്തോടു നിർദേശിച്ചു. ശരാശരി 70 സഹോദരന്മാരാണ് ഓരോ മാസവും തുറങ്കിലടയ്ക്കപ്പെടുന്നത്.
ഈ പ്രശ്നത്തോടുള്ള ബന്ധത്തിൽ പോയകാലങ്ങളിലെല്ലാം, ഒന്നരവർഷത്തെ ജയിൽവാസത്തിനുള്ള കോടതിവിധി ഏറ്റുവാങ്ങുകയായിരുന്നു പല സഹോദരന്മാരും. എന്നാൽ അടുത്തകാലത്ത്, നമ്മുടെ പല യുവസഹോദരന്മാരും അതിനെതിരെ അപ്പീൽ കൊടുത്തിരിക്കുന്നു, അത്തരം നൂറുകണക്കിന് അപ്പീലുകൾ ഇപ്പോൾ കൈകാര്യംചെയ്യപ്പെട്ടുവരികയാണ്. അതുകൊണ്ട് സൈനികേതര മേൽനോട്ടത്തിലുള്ള പകരം സേവനവ്യവസ്ഥകൾ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നതായി കൊറിയൻ ഗവൺമെന്റ് വെളിപ്പെടുത്തിയിരിക്കുന്നു. അത് എന്താകുമെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. പകരക്രമീകരണപ്രകാരമുള്ള തൊഴിൽ ചെയ്യാൻ മനസ്സാക്ഷി അനുവദിക്കുന്നവർക്ക് അതു സ്വീകാര്യമായിരിക്കുമോയെന്നും ഇപ്പോൾ പറയാനാവില്ല.
അർജന്റീന
2007 ജൂലൈയിൽ നീതിന്യായ-മനുഷ്യാവകാശ വകുപ്പു മന്ത്രി, ബൈബിൾപരിശീലിത മനസ്സാക്ഷി നിമിത്തം സൈനികസേവനം നിരാകരിച്ച ബിക്ടർ ഗ്വാഗ്ലിയാർഡോ അന്യായമായി തടവിലാക്കപ്പെട്ടിരിക്കുന്നുവെന്നു പ്രസ്താവിക്കുന്ന ഒരു പ്രമേയത്തിൽ ഒപ്പിട്ടു. ബിക്ടറിനെപ്പോലെ ജയിലിൽക്കഴിയുന്ന മറ്റുള്ളവർക്കും ഈ നീക്കം പ്രയോജനംചെയ്തേക്കാം.
അർമേനിയ
ക്രിസ്തീയ നിഷ്പക്ഷതയുടെ ലംഘനത്തിനിടയാക്കുന്ന ഒരു പകരം സേവനത്തിനു സമ്മതിക്കാതിരുന്ന 19 സഹോദരന്മാർക്കു ക്രിമിനൽ വിചാരണ നേരിടേണ്ടിവന്നു. എന്നാൽ ആ നടപടി പിൻവലിച്ചിരിക്കുന്നുവെന്ന് അറിയിച്ചുകൊണ്ട് പ്രോസിക്യൂട്ടർ ജനറലിന്റെ ഓഫീസിൽനിന്ന് 2006 സെപ്റ്റംബറിൽ സഹോദരന്മാർക്കു കത്തു കിട്ടി. എങ്കിലും ഒരു ക്രിസ്ത്യാനിക്കു സ്വീകാര്യമായ പകരം സേവനവ്യവസ്ഥ ഗവൺമെന്റ് ഇനിയും ഏർപ്പെടുത്തിയിട്ടില്ല. അങ്ങനെ 2007 പകുതിയായപ്പോഴേക്കും, മൂന്നു വർഷമായി ജയിൽവാസം അനുഭവിക്കുന്ന 71 യുവസഹോദരന്മാരുണ്ടായിരുന്നു.
അവരിലൊരാളാണ് വാഹാൻ ബായാറ്റ്യാൻ. ഒന്നരവർഷത്തെ ജയിൽശിക്ഷയ്ക്കു വിധിക്കപ്പെട്ട അദ്ദേഹത്തിന് കൂടുതൽ കടുത്തശിക്ഷ നൽകണമെന്ന് പ്രോസിക്യൂട്ടർ വാദിച്ചു, സഹോദരന്റെ മനസ്സാക്ഷിപരമായ വിസമ്മതം “അടിസ്ഥാനരഹിതവും അപകടകരവു”മാണെന്ന് അദ്ദേഹം ആരോപിച്ചു. അതു കേൾക്കേണ്ടതാമസം, അപ്പീൽകോടതി തടവുശിക്ഷ ഒരു വർഷംകൂടി കൂട്ടി, സുപ്രീംകോടതി അതു ശരിവെക്കുകയും ചെയ്തു. ബായാറ്റ്യാൻ സഹോദരൻ യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ അപ്പീൽ കൊടുത്തു. കേസിന്റെ വിശദമായ പരിശോധന നടത്താനുള്ള മനസ്സൊരുക്കം പ്രകടമാക്കിക്കൊണ്ട് കോടതി ആ അപ്പീൽ സ്വീകരിച്ചു. ബായാറ്റ്യാനും സമാന സാഹചര്യത്തിലുള്ള മറ്റുള്ളവർക്കും അനുകൂലമായ ഒരു വിധിയുണ്ടാകുമെന്നു നമുക്കു പ്രതീക്ഷിക്കാം.
അസർബൈജാൻ
യഹോവയുടെ സാക്ഷികൾക്ക് ഇവിടെ നിയമാനുസൃത രജിസ്ട്രേഷൻ ഉണ്ടെങ്കിലും ഇന്നും പല വെല്ലുവിളികൾ നേരിടുകയാണ് ഇവിടെയുള്ള നമ്മുടെ സഹോദരങ്ങൾ. 2006 ഡിസംബർ 24-ന് 200-ഓളം സഹോദരീസഹോദരന്മാരും താത്പര്യക്കാരും ബാക്കൂവിൽ ഒരു ബൈബിൾചർച്ചയിൽ സംബന്ധിക്കുകയായിരുന്നു. സമാധാനപരമായ ആ യോഗത്തിനു തടസ്സംസൃഷ്ടിക്കാൻ, ടെലിവിഷൻ റിപ്പോർട്ടർമാർക്കും പ്രാദേശിക അധികാരികൾക്കുമൊപ്പം സായുധ പോലീസ് പാഞ്ഞെത്തി. പരിശോധനയ്ക്കുള്ള അനുമതി കൂടാതെ എത്തിയ പൊലീസ് ആ വാടകക്കെട്ടിടത്തിന്റെ വാതിൽ തല്ലിപ്പൊളിച്ച് എല്ലാവരെയും അറസ്റ്റുചെയ്തു. രണ്ടുപേർക്കെങ്കിലും അടികിട്ടി. നിരവധി ബൈബിൾ പ്രസിദ്ധീകരണങ്ങളും സംഭാവനപ്പെട്ടികളും നിയമരേഖകളും ഒപ്പം ബൈബിളും ബൈബിൾ പ്രസിദ്ധീകരണങ്ങളും പരിഭാഷപ്പെടുത്താൻ ഉപയോഗിച്ചിരുന്ന കുറെ കമ്പ്യൂട്ടറുകളും അവർ പിടിച്ചെടുത്തു. മിക്കവരെയും അന്നു വൈകുന്നേരംതന്നെ വിട്ടയച്ചെങ്കിലും അക്കൂട്ടത്തിലുണ്ടായിരുന്ന ആറ് വിദേശ സ്വമേധാസേവകരെ “മതപ്രചാരണം നടത്തുന്നതായി” ആരോപിച്ച് നാടുകടത്തി. സൈനികസേവനത്തിനുള്ള വിസമ്മതം നിമിത്തം തടവുശിക്ഷ നേരിടുന്നതോടൊപ്പം പ്രസിദ്ധീകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിലും ഇവിടെയുള്ള നമ്മുടെ സഹോദരങ്ങൾ വെല്ലുവിളികൾ നേരിടുകയാണ്.
ഇസ്രയേൽ
തങ്ങളുടെ ഹാളിൽ ഒരു കൺവെൻഷൻ നടത്താൻ യഹോവയുടെ സാക്ഷികളെ അനുവദിക്കാതിരുന്ന ഹൈഫാ കോൺഗ്രസ് സെന്റർ, സാക്ഷികളോടു വിവേചനം കാട്ടിയെന്ന് 2007 ഫെബ്രുവരി 5-ന് ഹൈഫാ ജില്ലാ കോടതി പ്രസ്താവിച്ചു. നിയമനടപടികൾക്കു വേണ്ടിവന്ന ചെലവിന്റെ ഒരു ഭാഗം കോൺഗ്രസ് സെന്റർ നഷ്ടപരിഹാരമായി നൽകണമെന്നും കോടതി ഉത്തരവിട്ടു. “മാനേജ്മെന്റിന് എല്ലാ ഇടപാടുകാരെയും ഒരേപോലെ കാണാനുള്ള സാമാന്യ കടപ്പാട്” ഉണ്ടെന്നും “പ്രസ്തുത കേസിൽ ആ കടപ്പാട് ലംഘിക്കപ്പെട്ടു” എന്നും ഗവൺമെന്റ് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഈ അനുകൂല വിധി, ഇസ്രയേലിലെ നമ്മുടെ സഹോദരങ്ങൾക്ക് ആരാധനയ്ക്കായി വലിയ സമ്മേളനങ്ങൾ നടത്തുക എളുപ്പമാക്കിത്തീർക്കും.
ടാജികിസ്ഥാൻ
കസ്റ്റംസ് അധികാരികൾ നാം അയച്ച പ്രസിദ്ധീകരണങ്ങൾ രണ്ടു പ്രാവശ്യം പിടിച്ചെടുത്തു; സംഘടനയെ നിരോധിക്കാനും പ്രസിദ്ധീകരണങ്ങൾക്കു വിലക്കുകൽപ്പിക്കാനും സാംസ്കാരിക മന്ത്രാലയത്തിന്മേൽ സമ്മർദംചെലുത്തപ്പെട്ടു. ഗിലെയാദ് ബിരുദധാരികളായ രണ്ടു മിഷനറിമാരെ രാജ്യത്തുനിന്നു പുറത്താക്കുന്നതിൽ എതിരാളികൾ വിജയിച്ചു. തുടർന്ന് 2007 ഒക്ടോബർ 11-ന് അധികാരികൾ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം നിരോധിച്ചു. ഇത്തരം അനീതികൾക്കെല്ലാമെതിരെ നാം അപ്പീൽ കൊടുത്തിട്ടുണ്ട്. സേവനവർഷം 2007-ൽ 14 ശതമാനം വർധന ആസ്വദിച്ച, ഫലദായകമായ ഈ പ്രദേശത്തു തുടർന്നും സുവാർത്ത ഘോഷിക്കാൻ യഹോവ വഴിതുറക്കുമാറാകട്ടെ എന്നു ഞങ്ങൾ പ്രാർഥിക്കുന്നു.
യൂക്രെയിൻ
2007 മേയ് 12-ന് ലവിഫ് സ്റ്റേഡിയത്തിൽ ഒരു പരസ്യപ്രസംഗം നടക്കാനിരിക്കുകയായിരുന്നു. എന്നാൽ ശത്രുക്കളുടെ സമ്മർദത്തിനു വഴങ്ങിയ മാനേജ്മെന്റ് കരാർ റദ്ദാക്കി. യഹോവയുടെ സാക്ഷികൾ നഗരത്തിന്റെ സമാധാനത്തിനു ഭീഷണിയല്ലെന്ന് മാനേജ്മെന്റിനെ ബോധ്യപ്പെടുത്താൻ പെട്ടെന്നുതന്നെ യൂക്രെയിനിലെയും ഐക്യനാടുകളിലെയും ഗവൺമെന്റ് അധികാരികളുമായി സഹോദരങ്ങൾ ബന്ധപ്പെട്ടു. പ്രസംഗത്തിന്റെ ദിവസം യൂക്രെയിനിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കാറിലും ബസ്സിലും ട്രെയിനിലുമായി യഹോവയുടെ സാക്ഷികൾ ലവിഫിലേക്കു പ്രവഹിക്കുമ്പോഴും ചർച്ച നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഊഷ്മളമായ സഹവാസം ആസ്വദിച്ചുകൊണ്ടും രാജ്യഗീതങ്ങൾ ആലപിച്ചുകൊണ്ടും ആ സഹോദരസഹസ്രങ്ങൾ സ്റ്റേഡിയത്തിന്റെ അടച്ചിട്ട ഗേറ്റുകൾക്കു വെളിയിൽ ക്ഷമയോടെ കാത്തുനിന്നു. പെട്ടെന്ന്, പരിപാടി തുടങ്ങേണ്ട സമയത്തിന് വെറും 20 മിനിട്ടുമുമ്പ്, സ്റ്റേഡിയം അധികാരികൾ അവർക്കായി ഗേറ്റുകൾ തുറന്നുകൊടുക്കാൻ നിർബന്ധിതരായി. സ്റ്റേഡിയത്തിലേക്കു പ്രവേശിച്ച 27,000-ത്തിലധികം സഹോദരീസഹോദരന്മാർ മേഖലാ മേൽവിചാരകന്റെ പ്രസംഗം കേട്ട് ഉത്സാഹഭരിതരായി.
തുർക്ക്മെനിസ്ഥാൻ
ഇവിടെ യഹോവയുടെ സാക്ഷികൾക്കു നിയമാംഗീകാരം ഇല്ല. അൽപ്പകാലത്തെ സമാധാനാന്തരീക്ഷം ഭഞ്ജിച്ചുകൊണ്ട് അധികാരികൾ വീണ്ടും സഹോദരങ്ങളെ പീഡിപ്പിക്കാൻ തുടങ്ങി. എന്നാൽ സഹോദരങ്ങൾ ധൈര്യത്തോടും ജാഗ്രതയോടും കൂടെ യോഗങ്ങൾ നടത്തുകയും അയൽക്കാരുമായി സുവാർത്ത പങ്കുവെക്കുകയും ചെയ്യുന്നു. (മത്താ. 10:16) സൈനികസേവനം നിരാകരിച്ചതിന്റെ പേരിൽ മൂന്നു യുവസഹോദരന്മാർ അറസ്റ്റിലായി. രണ്ടുപേർക്കുള്ള ശിക്ഷ പിന്നീടാണു വിധിക്കുന്നതെങ്കിലും ഒരു സഹോദരനെ ഒന്നരവർഷത്തെ തടവിനു വിധിച്ചു. ജയിലിലെ അവസ്ഥകൾ അങ്ങേയറ്റം പരിതാപകരമായിരുന്നതിനാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സഹോദരങ്ങൾ അദ്ദേഹത്തിന്റെ ദയനീയസ്ഥിതിയെക്കുറിച്ചു ചിന്തിക്കാൻ തുടങ്ങി. വിദേശങ്ങളിലുള്ള അഭിഭാഷകരായ സഹോദരങ്ങൾക്ക് വീസ നിഷേധിക്കപ്പെട്ടതിനാൽ അവിടെയെത്തി സഹോദരങ്ങൾക്കായി വാദിക്കാൻ നിർവാഹമില്ലാതെപോയി. എന്നാൽ സഹായത്തിനായി നാം അത്യുന്നതനോടു കഴിക്കുന്ന പ്രാർഥനകൾക്കു തടയിടാൻ ഒരു അധികാരിക്കുമാകില്ല.—1 തിമൊ. 2:1, 2.
കസാഖ്സ്ഥാൻ
യഹോവയുടെ സാക്ഷികൾക്ക് ഇപ്പോഴും നിയമാംഗീകാരമില്ലാത്ത ഈ രാജ്യത്ത്, നമ്മുടെയൊരു സഹോദരിയുടെ വീട്ടിൽ ക്രിസ്തീയ യോഗം നടക്കുകയായിരുന്നു. അപ്പോഴാണ് പ്രോസിക്യൂട്ടറിന്റെ ഓഫീസിൽനിന്ന് ആറ് ഉദ്യോഗസ്ഥർ അവിടെയെത്തുന്നത്. അഞ്ചു സഹോദരിമാർക്കും അവിടെ അപ്പോൾ ഇല്ലാതിരുന്ന ഒരു സഹോദരനും അവർ ഭീമമായ പിഴ വിധിച്ചു. വിധിക്കെതിരെ അപ്പീൽ കൊടുത്തിരിക്കുകയാണ്.
ടർക്കി
2007 ജൂലൈ 31. അന്നാണ് ടർക്കി ബ്രാഞ്ചിലെ സഹോദരങ്ങൾക്ക് യഹോവയുടെ സാക്ഷികൾ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യപ്പെട്ടു എന്ന ഉറപ്പു ലഭിക്കുന്നത്. അതവരെ എത്രയും സന്തോഷിപ്പിച്ചു. സാക്ഷികളുടെ പ്രവർത്തനത്തിന്റെ നിയമസാധുത സംബന്ധിച്ച് ഗവൺമെന്റ് ഫയൽചെയ്ത കേസുമായി രണ്ടുവർഷത്തിലേറെ പടപൊരുതിയശേഷമാണ് രജിസ്ട്രേഷൻ സഫലമായത്. ഈസ്റ്റാൻബുളിലുള്ള ഒരു വിചാരണാ കീഴ്ക്കോടതി നമുക്ക് അനുകൂലമായി വിധിച്ചപ്പോൾ ഗവൺമെന്റ് സുപ്രീംകോടതിയിൽ അപ്പീൽ നൽകി. എന്നാൽ സുപ്രീംകോടതി വിചാരണക്കോടതിയുടെ തീരുമാനത്തോടു പറ്റിനിന്നു, അങ്ങനെ രജിസ്ട്രേഷനും നടന്നു. അതുവഴി, സ്ഥലം വാങ്ങാനും കൺവെൻഷനുകൾക്കായി ഹാളുകളും മറ്റും വാടകയ്ക്കെടുക്കാനും സംഭാവനകൾ സ്വീകരിക്കാനും യഹോവയുടെ സാക്ഷികളുടെ നിയമാവകാശങ്ങൾക്കായി വാദിക്കാനും ബ്രാഞ്ചിന് അധികാരം ലഭിച്ചു.
രാജ്യവാർത്ത നമ്പർ 37 വിതരണംചെയ്തുകൊണ്ടിരുന്ന യഹോവയുടെ സാക്ഷികളിൽ രണ്ടുപേർക്ക് “ആളുകളെ ശല്യപ്പെടുത്തുന്നതിന്റെ” പേരിൽ പിഴയിട്ടു. എന്നാൽ “യഹോവയുടെ സാക്ഷികൾ തങ്ങളുടെ പ്രസിദ്ധീകരണങ്ങൾ മറ്റുള്ളവരെ പരിചയപ്പെടുത്തുന്നത് ചിന്താസ്വാതന്ത്ര്യത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും പരിധിക്കുള്ളിൽപ്പെടുന്നു” എന്നും ടർക്കിയിലെ പൗരന്മാർക്ക് “തങ്ങളുടെ വിശ്വാസങ്ങൾ പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്” എന്നും പറഞ്ഞുകൊണ്ട് ഈസ്റ്റാൻബുളിലെ സിസ്ലി പീസ് കോർട്ട് പിഴ റദ്ദാക്കി. സൈന്യത്തിൽ ചേരാൻ വിസമ്മതിക്കുന്ന പ്രായപൂർത്തിയായ സഹോദരന്മാർ ഏതു സമയത്തും തടവിലാക്കപ്പെടുകയോ പിഴയൊടുക്കേണ്ടിവരുകയോ ചെയ്തേക്കാം. ഇതുപോലുള്ള മറ്റു വെല്ലുവിളികളും ടർക്കിയിലെ സഹോദരങ്ങൾ നേരിടുന്നുണ്ട്.
ഇതുവരെ ശ്രദ്ധിച്ച ചില റിപ്പോർട്ടുകൾ പ്രകടമാക്കുന്നതുപോലെ, ദൈവത്തെ ആരാധിക്കാനുള്ള തങ്ങളുടെ അവകാശത്തിൽ യൂറോപ്യൻ രാജ്യങ്ങൾ കൈകടത്തുമ്പോൾ യഹോവയുടെ സാക്ഷികൾ മിക്കപ്പോഴും യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ അപ്പീൽ കൊടുക്കുന്നു. 2007-ന്റെ മധ്യത്തോടെ നിഷ്പക്ഷത, രജിസ്ട്രേഷൻ, പീഡനം എന്നിവയുമായി ബന്ധപ്പെട്ട് 22 അപേക്ഷകൾ ഈ കോടതിയുടെ പരിഗണനയിലുണ്ടായിരുന്നു. യൂറോപ്പിലോ മറ്റു സ്ഥലങ്ങളിലോ ആയിരുന്നാലും ഇത്തരം പ്രതിസന്ധികൾ നേരിടുന്ന നമ്മുടെ സഹോദരങ്ങൾക്കായി നാം പ്രാർഥിക്കേണ്ടത് അനിവാര്യമാണ്.—2 കൊരി. 1:10, 11.
വിശ്വസ്തതയും നിർമലതയും
യഹോവയുടെ സാക്ഷികളെ നിരോധിച്ചിരുന്ന സോവിയറ്റ് യുഗത്തിൽ മൃഗീയമായ എതിർപ്പിന്മധ്യേയും റഷ്യയിലെ നമ്മുടെ സഹോദരങ്ങൾ നിർമലത മുറുകെപ്പിടിച്ചത് എങ്ങനെയെന്ന് ഈ വാർഷികപുസ്തകത്തിന്റെ ചരിത്രവിഭാഗത്തിൽ വായിക്കാനാകും. എന്നാൽ വേലയ്ക്കു പ്രശ്നങ്ങളില്ലാത്ത നാടുകളിൽപ്പോലും കുടിലമായ വിധങ്ങളിൽ നമ്മുടെ നിർമലത തകർക്കാൻ സാത്താനും പിണയാളുകളും അക്ഷീണം പ്രവർത്തിക്കുകയാണ്. യഹോവയുടെ ദാസന്മാർ വിശ്വസ്തരായി നിലകൊള്ളുമ്പോൾ അവന്റെ ഹൃദയത്തെ അതെത്ര സന്തോഷിപ്പിക്കുന്നു! (സദൃ. 27:11) ഈ ഭാഗത്തു കൊടുത്തിരിക്കുന്ന ഏതാനും അനുഭവങ്ങൾ, ലോകത്തിനു ചുറ്റുമുള്ള ദൈവജനം തങ്ങളുടെ അനുദിന ജീവിതത്തിൽ വിശ്വാസവും വിശ്വസ്തതയും മുറുകെപ്പിടിക്കുന്നത് എങ്ങനെയെന്നു കാണിക്കുന്നു.
സ്വീഡൻ
അധാർമികതയിൽ ഏർപ്പെടാനായി സഹപ്രവർത്തകരിൽനിന്നുള്ള നിരന്തരമായ സമ്മർദമാണ് സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന ഒരു പയനിയർ സഹോദരി നേരിടുന്ന വെല്ലുവിളി. എന്നാൽ അത്തരം സാഹചര്യങ്ങൾ കൈകാര്യംചെയ്യാൻ സമർഥമായ ഒരു മാർഗം ഈ സഹോദരി കണ്ടെത്തിയിരിക്കുന്നു. ഒന്നാമതായി, പുതുതായി വരുന്ന ജോലിക്കാരോട് താൻ യഹോവയുടെ സാക്ഷികളിൽ ഒരാളാണെന്ന് ആദ്യംതന്നെ പറയുന്നു. താൻ വിവാഹിതയാണെന്നും കൂടെക്കൂടെ സൂചിപ്പിക്കും. തങ്ങളുടെ ശക്തമായ വിവാഹബന്ധം എടുത്തുകാട്ടിക്കൊണ്ട് താനും ഭർത്താവും ഒരേപോലെ ആസ്വദിക്കുന്ന കാര്യങ്ങളെക്കുറിച്ച് സഹപ്രവർത്തകരോടു പറയാൻ കിട്ടുന്ന ഒരവസരവും സഹോദരി പാഴാക്കുകയില്ല. രോഗികളെക്കുറിച്ചു സംസാരിക്കാൻ ഡോക്ടറെ കാണേണ്ടതുള്ളപ്പോൾ അദ്ദേഹം തീൻമുറിയിലായിരിക്കുന്ന സമയം തിരഞ്ഞെടുക്കുന്നു. അവിടെയാകുമ്പോൾ മറ്റുള്ളവരും ഉണ്ടായിരിക്കുമല്ലോ. ജോലിചെയ്യുന്ന മുറിയിലേക്ക് അപ്രതീക്ഷിതമായി ആരെങ്കിലും കടന്നുവരുകയും വാതിലടയ്ക്കുകയും ചെയ്താൽ തത്ക്ഷണം യഹോവയോടു പ്രാർഥിച്ചുകൊണ്ട് സൗഹൃദത്തോടും എന്നാൽ ഒരു നേഴ്സിന്റെ ഭാവം കൈവിടാതെയും അവളതു കൈകാര്യംചെയ്യും.
ജർമനി
13 വർഷമായി വടക്കേ ജർമനിയിലെ ഒരു കമ്പനിയിൽ ജോലിചെയ്തുവരികയാണ് മാര്യാൻ. കൂടെക്കൂടെ ജോലിസമയം മാറിക്കൊണ്ടിരുന്നതിനാൽ മധ്യവാര യോഗങ്ങളിൽ സംബന്ധിക്കുന്നതു മിക്കപ്പോഴും ബുദ്ധിമുട്ടായിരുന്നു. അദ്ദേഹം പറയുന്നു: “അതെന്നെ നിരാശനാക്കി, കാരണം യോഗങ്ങൾ ഞാൻ അത്രമാത്രം പ്രിയപ്പെട്ടിരുന്നു. എല്ലാ യോഗങ്ങളിലും സംബന്ധിക്കാൻ വഴി കാണിച്ചുതരണമേയെന്നു കൂടെക്കൂടെ യഹോവയോടു അപേക്ഷിക്കുമായിരുന്നു.” സൂപ്പർവൈസറെ കണ്ടു സംസാരിക്കാനുള്ള ധൈര്യത്തിനായി അദ്ദേഹം പ്രാർഥിച്ചു. ജോലി ചെയ്തുതീരുന്നപക്ഷം, യോഗദിവസങ്ങളിൽ നേരത്തേ പൊയ്ക്കൊള്ളാൻ അദ്ദേഹം അനുവദിക്കുകയും ചെയ്തു. എന്നാൽ അങ്ങനെ ഏറെക്കാലം തുടരാനായില്ല. പുതുതായി വന്ന സൂപ്പർവൈസർ, യോഗങ്ങൾക്കു പോകാൻ മാര്യാനെ അനുവദിച്ചില്ല. “കമ്പനിയുടെ മുതലാളിയുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിനയപൂർവം ഞാൻ അദ്ദേഹത്തോടു പറഞ്ഞു,” മാര്യാൻ അനുസ്മരിക്കുന്നു. സംഭാഷണവേളയിൽ മുതലാളിക്കു നല്ലൊരു സാക്ഷ്യംനൽകാനും യോഗങ്ങൾക്കു പോകാൻ താത്പര്യപ്പെടുന്നതിന്റെ കാരണം വിശദീകരിക്കാനും മാര്യാനു സാധിച്ചു. ഒപ്പമുള്ള മറ്റു ജോലിക്കാർക്കെല്ലാം സമ്മതമാണെങ്കിൽ യോഗദിവസങ്ങളിൽ നേരത്തേ പോകാൻ അദ്ദേഹം സമ്മതിക്കുകയും ചെയ്തു. വിവരങ്ങൾ ധരിപ്പിക്കാൻ സഹപ്രവർത്തകരെ വിളിച്ചുകൂട്ടിയ മാര്യാൻ അവർക്കും നല്ലൊരു സാക്ഷ്യംനൽകി. അങ്ങനെ എല്ലാ മധ്യവാരയോഗങ്ങളിലും ഇപ്പോൾ സംബന്ധിക്കാനാകുന്നു. “യോഗങ്ങളിൽ സംബന്ധിക്കാൻ വലിയൊരു പോരാട്ടംതന്നെ നടത്തേണ്ടിവന്നു. എന്നാൽ യഹോവയോടുള്ള തീവ്രമായ പ്രാർഥനയിലൂടെ സാധാരണയിൽക്കവിഞ്ഞ ശക്തി എനിക്കു ലഭിച്ചു,” മാര്യാൻ പറയുന്നു.
ബ്രിട്ടൻ
സ്കൂൾ പാർട്ടികളിൽ പങ്കെടുക്കാനുള്ള നിരന്തരമായ ക്ഷണം 16 വയസ്സുള്ള സോഫിക്ക് വിശ്വാസത്തിന്റെ ഒരു പരിശോധനയായിരുന്നു. അവൾ പറയുന്നു: “ചില പാർട്ടികളെല്ലാം രസകരമാണെന്നു തോന്നിയാലും കാലാന്തരത്തിൽ പ്രശ്നങ്ങളിലേക്കു നയിക്കുന്ന സാഹചര്യങ്ങൾക്ക് അതെല്ലാം വഴിവെക്കുമെന്നതിനാൽ ദുഃഖിക്കേണ്ടിവരുമെന്ന് എനിക്കറിയാമായിരുന്നു. അടുത്തയിടെ ഒരു പെൺകുട്ടി എന്നെ ഒരു പാർട്ടിക്കു ക്ഷണിച്ചു, വെറുമൊരു നേരമ്പോക്കായിട്ടാണ് ആ വാരാന്തത്തിൽ അതു നടത്തുന്നത് എന്നായിരുന്നു അവൾ പറഞ്ഞത്. എന്നാൽ അന്നേ ദിവസം അവളുടെ ജന്മദിനമാണെന്ന് താമസിയാതെ ഞാനറിഞ്ഞു. അതിനു പോകാതിരുന്നത് എന്തൊരു അനുഗ്രഹമായിരുന്നെന്നോ! അന്നു രാത്രിമുഴുവൻ അവളുടെ മാതാപിതാക്കൾ പുറത്തായിരുന്നെന്നും അവളുടെ കൂട്ടുകാരിൽ പലരും നന്നായി കുടിച്ചുവെന്നും പിന്നീടു ഞാൻ കേട്ടു. അതുകൊണ്ടാണ് സത്യത്തിലുള്ളവരും പല പ്രായത്തിലുള്ളവരുമൊത്തു വിനോദവേളകൾക്കായി കൂടിവരാൻ ഞാനിഷ്ടപ്പെടുന്നത്. ആ സഹവാസം ആത്മീയമായി എനിക്കു പ്രയോജനം ചെയ്യും. രാത്രിയാകുമ്പോൾ ഞങ്ങളുടെ വീട്ടിൽ കൂടിവന്ന് സംഗീതോപകരണങ്ങൾ വായിക്കാനും വെളിമ്പ്രദേശങ്ങളിൽ ഒന്നിച്ചു ഭക്ഷണം പാകംചെയ്തു കഴിക്കാനും ഗ്രാമാന്തരങ്ങളിലൂടെ നടക്കാനുമൊക്കെ ഞാനും എന്റെ അനുജനും ചെറുപ്പക്കാരെയും പ്രായമായവരെയും ക്ഷണിക്കാറുണ്ട്. ഇപ്പോൾ മറ്റുള്ളവർ എന്നെ പാർട്ടികൾക്കു വിളിക്കുമ്പോൾ യഹോവയുമായുള്ള എന്റെ ബന്ധത്തെ അതെങ്ങനെ ബാധിക്കുമെന്നു ഞാൻ ചിന്തിക്കും. ശരിയായതു ചെയ്യുന്നതുകൊണ്ട് നമുക്കു യാതൊന്നും നഷ്ടമാകില്ലെന്നു ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു.”
ഇറ്റലി
സ്കൂളിൽ പെൺകുട്ടികളുടെ ഹരമായിരുന്നു 17 വയസ്സുള്ള ജോവാനി. അവൻ പക്ഷേ, അതിനൊന്നും നിന്നുകൊടുത്തില്ല. എന്നാൽ അവനോടു വിശേഷാൽ കമ്പംതോന്നിയ ഒരു കുട്ടി ഇങ്ങനെയൊരു കത്തെഴുതി: “നമ്മൾ തമ്മിൽ എന്തൊരു ചേർച്ചയാണെന്നു നോക്കൂ, ജോവാനി! എനിക്കു നിന്നെ ജീവനാണ്. ആ മാസ്മരിക വ്യക്തിത്വം എന്നെ വല്ലാതെ ആകർഷിക്കുന്നു. ജോവാനി നല്ലൊരു തീരുമാനമെടുക്കുമെന്നാണ് എന്റെ പ്രതീക്ഷ. സ്നേഹപൂർവം, സ്വന്തം . . . ” കത്തിന്റെയൊടുവിൽ പെൺകുട്ടിയുടെ പേരും കവറിന്റെ പുറത്ത്, ലിപ്സ്റ്റിക് പുരട്ടിയ ചുണ്ടുകളാലുള്ള മുത്തത്തിന്റെ അടയാളവും ഉണ്ടായിരുന്നു. ജോവാനി പറയുന്നു: “അടുത്ത ഏതാനും ദിവസങ്ങളിൽ ഞാൻ ശരിക്കും വിഷമിച്ചുപോയി. അവളെപ്പോലെ സുന്ദരിയായ ഒരു പെണ്ണിനെ ഇനി എന്നെങ്കിലും കണ്ടുമുട്ടാനാകുമോയെന്നു ഞാൻ സംശയിച്ചു. കാര്യം മനസ്സിലാക്കിയപ്പോൾ സഹപാഠികളും എന്നെ പ്രോത്സാഹിപ്പിച്ചു. ‘ഈ അവസരം കളഞ്ഞുകുളിക്കരുത്’ എന്നും ‘അങ്ങനെ ചെയ്യുന്നതു മണ്ടത്തരമായിരിക്കും’ എന്നും അവർ പറഞ്ഞു. ഞാൻ ഒരു ക്രിസ്ത്യാനിയാണെന്ന അവബോധം എന്നെ വിട്ടുപോകുന്നതായി എനിക്കു തോന്നി. യഹോവയോടു പ്രാർഥിച്ചശേഷം ഞാൻ മാതാപിതാക്കളോടു കാര്യം പറഞ്ഞു. അവർ ഞെട്ടിപ്പോയി. ഞാൻ ഇത്തരം സാഹചര്യങ്ങളിൽ അകപ്പെട്ടുപോകുമെന്നു സ്വപ്നത്തിൽപ്പോലും അവർ കരുതിയിരുന്നില്ല. ഉടൻതന്നെ ഞങ്ങൾ ഒരുമിച്ചു തിരുവെഴുത്തുവിവരങ്ങൾ പരിശോധിക്കാൻ തുടങ്ങി, പ്രത്യേകിച്ച് യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും—പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകത്തിന്റെ സഹായത്താൽ. സഭയിലെ പക്വതയുള്ള സഹോദരങ്ങളോടും ഞാൻ സംസാരിച്ചു. ഒടുവിൽ ശരിയായ തീരുമാനം കൈക്കൊള്ളാനും പെൺകുട്ടിയുടെ അഭ്യർഥന നിരസിക്കാനും എനിക്കു കഴിഞ്ഞു. എന്റെ നിശ്ചയദാർഢ്യം നിമിത്തം സഹപാഠികൾക്ക് എന്നോടിന്നു വലിയ ആദരവാണ്.”
മെക്സിക്കോ
37 വർഷംമുമ്പു സ്നാനമേറ്റ 59-കാരനായ ആന്റോണ്യോ പറയുന്നു: “19 വയസ്സുള്ളപ്പോഴാണ് എനിക്കു സന്ധിവാതമുള്ളതായി കണ്ടുപിടിക്കുന്നത്. 35 വർഷത്തോളം എന്നെയൊരു വീൽച്ചെയറിൽ പിടിച്ചിരുത്തിയ ആ രോഗവുമായി പൊരുത്തപ്പെട്ടു ജീവിക്കുകയെന്നത് അങ്ങേയറ്റം അസഹ്യമായിരുന്നു. ചിലപ്പോഴൊക്കെ ഞാൻ നിരാശയിലാണ്ടുപോകുന്നു. എന്നാൽ ആരോഗ്യം അനുവദിക്കുന്നിടത്തോളം ക്രിസ്തീയ പ്രവർത്തനങ്ങളിൽ തിരക്കോടെ ഏർപ്പെടുന്നതിനാൽ ഞാൻ ശക്തീകരിക്കപ്പെടുന്നു.” ഏഴു വർഷംമുമ്പ് അമ്മ മരിച്ചപ്പോൾ ആന്റോണ്യോയുടെ ജീവിതം കൂടുതൽ ദുസ്സഹമായി. അമ്മയായിരുന്നു അന്നുവരെ അദ്ദേഹത്തിന്റെ ആശ്രയം. “യഹോവ തന്റെ ദാസന്മാരെ കൈവിടുകയില്ലെന്നും അവർക്ക് ആവശ്യമായ സഹായം നൽകുമെന്നും അന്നുമുതലിന്നോളം എനിക്കു കാണാൻ കഴിഞ്ഞു. എന്നെ പരിപാലിക്കാൻ സഭ ഒരു സഹോദരനെ ഏർപ്പെടുത്തി, ചില സഹോദരങ്ങൾ എന്റെ അടിസ്ഥാന ആവശ്യങ്ങൾക്കുള്ള ചെലവുകൾ വഹിക്കുകയും ചെയ്യുന്നു,” ആന്റോണ്യോ പറയുന്നു. എല്ലാ രാജ്യവാഗ്ദാനങ്ങളും നിറവേറ്റപ്പെടുന്ന സമയത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആന്റോണ്യോ.
“നിന്റെ കൂടാരത്തിന്റെ സ്ഥലത്തെ വിശാലമാക്കുക”
“നിന്റെ കൂടാരത്തിന്റെ സ്ഥലത്തെ വിശാലമാക്കുക; നിന്റെ നിവാസങ്ങളുടെ തിരശ്ശീലകളെ അവർ നിവിർക്കട്ടെ.” (യെശ. 54:2) ആരാധനാ സ്ഥലങ്ങളുടെയും ബ്രാഞ്ച് കെട്ടിടങ്ങളുടെയും ആവശ്യം കുതിച്ചുയരുന്ന ഒരു സാഹചര്യത്തിൽ ഈ പ്രാവചനിക വാക്കുകൾ വിസ്മയാവഹമായ നിവൃത്തി കാണുകയാണ്. കഴിഞ്ഞ വർഷം ലോകവ്യാപകമായി നടന്ന മറ്റെല്ലാ നിർമാണപ്രവർത്തനങ്ങൾക്കും പുറമേ, തുടർന്നുവരുന്ന ആറ് ബ്രാഞ്ചുകളുടെ സമർപ്പണം യഹോവയുടെ സാക്ഷികൾക്കു പ്രത്യേകിച്ചും വലിയ സന്തോഷത്തിനു കാരണമായി.
പോർട്ടോറിക്കോ
പല ഡിപ്പാർട്ടുമെന്റുകളിലും ആളുകളുടെ എണ്ണം കൂടിയതിനാൽ ബ്രാഞ്ച് കെട്ടിടം നിർമിച്ച് വെറും 13 വർഷമായപ്പോഴേക്കും അതു വിപുലപ്പെടുത്തേണ്ടിവന്നു. 2006 സെപ്റ്റംബർ 16 ശനിയാഴ്ച, ഭരണസംഘത്തിലെ അംഗമായ ഡേവിഡ് സ്പ്ലെയ്ൻ പുതിയ സമുച്ചയത്തിന്റെ സമർപ്പണ പ്രസംഗം നടത്തി.
കൊളംബിയ
ബോഗോട്ടായിൽനിന്ന് 42 കിലോമീറ്റർ വടക്കുപടിഞ്ഞാറുള്ള ഫാക്കാറ്റാറ്റിവായിൽ പണിതീർത്ത കെട്ടിടസമുച്ചയത്തിന്റെ സമർപ്പണത്തിനായി 2006 നവംബർ 11-ന് 30 രാജ്യങ്ങളിൽനിന്നായി സഹോദരീസഹോദരന്മാർ കൊളംബിയ ബ്രാഞ്ചിൽ സമ്മേളിച്ചു. മൊത്തം 3,605 പേരുണ്ടായിരുന്നു. മൂന്നുനാലു പതിറ്റാണ്ടുകളായി തമ്മിൽക്കാണാതിരുന്ന പലരും ആശ്ലേഷബദ്ധരായി. ഭരണസംഘാംഗമായ ഗെരിറ്റ് ലോഷ് നടത്തിയ സമർപ്പണ പ്രസംഗം അവർ കേട്ടു സന്തോഷിച്ചു.
ഫിജി
ഫിജിയുടെ തലസ്ഥാനവും തുറമുഖ നഗരവുമായ സൂവയിൽനിന്ന് കേവലം 5 മിനിട്ടു നടന്നാൽ മനോഹരമായ ബ്രാഞ്ചോഫീസ് കാണാം. 2006 നവംബർ 11 ശനിയാഴ്ച, ഭരണസംഘാംഗമായ ജെഫ്രി ജാക്സൺ 410 പേരടങ്ങിയ സദസ്സിനുമുമ്പാകെ സമർപ്പണ പ്രസംഗം നടത്തി.
ബുറുണ്ടി
പ്രകൃതിസുന്ദരമായ ഈ മധ്യ ആഫ്രിക്കൻ രാജ്യത്തെ യഹോവയുടെ സാക്ഷികൾക്ക് 2006 നവംബർ 25 മറക്കാനാകാത്ത ദിവസമായിരുന്നു. ഭരണസംഘത്തിലെ ഒരു അംഗമായ ഗൈ പിയേഴ്സ് ചേതോഹരമായ പുത്തൻ ബ്രാഞ്ച് കെട്ടിടത്തിന്റെ സമർപ്പണം നടത്തിയപ്പോൾ 11 രാജ്യങ്ങളിൽനിന്നായി 1,141 പേരാണു കൂടിവന്നത്! യഹോവയുടെ അനുഗ്രഹം സമൃദ്ധമായി ആസ്വദിക്കുന്ന ഈ രാജ്യത്ത് ഇനിയും ധാരാളം പേർ ആരാധനയിൽ നമ്മോടൊപ്പം ചേരാൻ നല്ല സാധ്യതയുണ്ട്.
റുവാണ്ട
നിരോധനങ്ങളും ആഭ്യന്തരയുദ്ധങ്ങളും നിറഞ്ഞ 30 വർഷത്തെ പ്രക്ഷുബ്ധ കാലഘട്ടത്തിനുശേഷം, നയനമനോഹരങ്ങളായ പൂന്തോട്ടങ്ങൾക്കു നടുവിൽ സ്ഥാനംപിടിച്ച സുന്ദരമായൊരു ബ്രാഞ്ചോഫീസിന്റെ സമർപ്പണം നിർവഹിക്കാനായി ഗൈ പിയേഴ്സിനു സ്വാഗതമരുളിയപ്പോൾ റുവാണ്ടയിലെ നമ്മുടെ സഹോദരീസഹോദരന്മാരുടെ സന്തോഷം അണപൊട്ടിയൊഴുകി.
പല സഹോദരങ്ങളുടെയും ജീവൻ അപഹരിച്ച ഹീനമായ വംശഹത്യകൾ നടമാടിയിട്ടും, ആയിരം കുന്നുകളുടെ നാട് എന്നറിയപ്പെടുന്ന ഈ രാജ്യത്ത് യഹോവയുടെ വേല തുടർന്നും അഭിവൃദ്ധിപ്പെടുകയാണ്. 2006 ഡിസംബർ 2 ശനിയാഴ്ച നടന്ന സമർപ്പണ ചടങ്ങിൽ 15 രാജ്യങ്ങളിൽനിന്നുള്ള 112 പ്രതിനിധികളടക്കം 553 പേർ ഹാജരായി.
ഉഗാണ്ട
തലസ്ഥാനനഗരിയുടെ തെക്കൻ പ്രാന്തപ്രദേശത്തു സ്ഥിതിചെയ്യുന്ന പുതിയ ബ്രാഞ്ചിന്റെ സമർപ്പണം 2007 ജനുവരി 20 ശനിയാഴ്ചയായിരുന്നു. ഭരണസംഘാംഗമായ ആന്തൊണി മോറിസാണു സമർപ്പണ പ്രസംഗം നടത്തിയത്. 20 ബ്രാഞ്ചുകളിൽനിന്നുള്ള 170 പ്രതിനിധികൾ ഉൾപ്പെടെ 665 പേർ സന്നിഹിതരായി.
‘യഹോവ വൻ കാര്യങ്ങൾ ചെയ്തിരിക്കുന്നു’
കഴിഞ്ഞ വർഷത്തിലുടനീളം അരങ്ങേറിയ, യഹോവയുടെ അത്ഭുതകരമായ പ്രവൃത്തികളെക്കുറിച്ചു ചിന്തിക്കുമ്പോൾ നമുക്കു സന്തോഷിക്കാതിരിക്കാനാകില്ല. ഒരേ സ്വരത്തിൽ, കൃതജ്ഞതയോടെ സങ്കീർത്തനക്കാരന്റെ പിൻവരുന്ന വാക്കുകൾ നാം ഏറ്റുപാടുന്നു: “യഹോവ ഞങ്ങൾക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു; അതുകൊണ്ട് ഞങ്ങൾ സന്തോഷിക്കുന്നു.”—സങ്കീ. 126:3.
[9-ാം പേജിലെ ചതുരം/ ചിത്രം]
എല്ലാ അർഥത്തിലുമുള്ള ഒരു ആഗോള സംരംഭം
രാജ്യവാർത്ത ലോകവ്യാപകമായി വിതരണം ചെയ്യപ്പെടുന്നുവെന്നതു സത്യമാണോയെന്ന് പലയിടങ്ങളിലുമുള്ള ആളുകൾ സംശയിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഐക്യനാടുകളിലുള്ള തന്റെയൊരു സ്നേഹിതനു രാജ്യവാർത്ത ലഭിച്ചുവോയെന്നു ഫോൺ ചെയ്തു ചോദിക്കുന്നതുവരെ കാത്തുനിൽക്കാൻ ബ്രസീലിലുള്ള ഒരു മനുഷ്യൻ പ്രസാധകനോടു പറഞ്ഞു. “കിട്ടി, പത്തുമിനിട്ടുമുമ്പ് എനിക്കും കിട്ടി അതിന്റെയൊരു പ്രതി,” സ്നേഹിതൻ മറുപടി പറഞ്ഞു. മതിപ്പു തോന്നിയ വീട്ടുകാരൻ രാജ്യവാർത്ത സ്വീകരിക്കുകയും അതു സശ്രദ്ധം വായിക്കാമെന്നു പറയുകയും ചെയ്തു.
[12-ാം പേജിലെ ചിത്രം]
സഭയുടെ ലെറ്റർബോക്സിലുമുണ്ടായിരുന്നു ഒരു ക്ഷണക്കത്ത്
[25-ാം പേജിലെ ചിത്രം]
ആന്റോണ്യോ വയൽസേവനത്തിനായി പുറപ്പെടുന്നു
[28, 29 പേജുകളിലെ ചിത്രങ്ങൾ]
ബ്രാഞ്ച് സമർപ്പണങ്ങൾ
പോർട്ടോറിക്കോ
റുവാണ്ട
കൊളംബിയ
ബുറുണ്ടി
ഫിജി
ഉഗാണ്ട