ഇന്നത്തെ ആളുകൾ എങ്ങനെയുള്ളവരായിരിക്കുമെന്ന് ബൈബിളിൽ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ടോ?
ബൈബിളിന്റെ ഉത്തരം
ഉണ്ട്. നമ്മുടെ ഈ കാലത്ത് പൊതുവെ ആളുകളുടെ സ്വഭാവം വളരെ മോശമാകുമെന്ന് ബൈബിളിൽ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്. അങ്ങനെ ധാർമികനിലവാരങ്ങളൊക്കെ തരംതാണുപോയിട്ട് സമൂഹം അധഃപതിക്കുമെന്ന് ബൈബിൾ സൂചിപ്പിക്കുന്നു.a (2 തിമൊഥെയൊസ് 3:1-5) എന്നാൽ അപ്പോഴും ധാർമികനിലവാരങ്ങളിൽ വിട്ടുവീഴ്ച ചെയ്യാത്ത കുറെ ആളുകൾ ഉണ്ടായിരിക്കുമെന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ട്. ദൈവത്തിന്റെ സഹായംകൊണ്ട് അവർ മോശമായ സ്വഭാവഗുണങ്ങളൊക്കെ മാറ്റിയെടുക്കുന്നു. ദൈവത്തിന് ഇഷ്ടപ്പെട്ട രീതിയിൽ ചിന്തിക്കാനും പ്രവർത്തിക്കാനും അവർ പഠിക്കുന്നു.—യശയ്യ 2:2, 3.
ഈ ലേഖനത്തിൽ താഴെ പറയുന്ന കാര്യങ്ങൾ ചർച്ച ചെയ്യും:
നമ്മുടെ കാലത്തെ ആളുകളുടെ ചിന്താരീതികളെയും പ്രവൃത്തികളെയും കുറിച്ച് ബൈബിൾ എന്തൊക്കെയാണ് മുൻകൂട്ടിപ്പറഞ്ഞിട്ടുള്ളത്?
നമ്മുടെ കാലത്തെ ആളുകളുടെ മോശമായ പല സ്വഭാവരീതികളെയും പ്രവർത്തനങ്ങളെയും കുറിച്ച് ബൈബിൾ മുൻകൂട്ടിപ്പറയുന്നുണ്ട്. അതിന്റെയെല്ലാം അടിസ്ഥാനം സ്വാർഥതയാണ്. ആളുകൾ “ആത്മനിയന്ത്രണമില്ലാത്തവരും,” “സ്വസ്നേഹികളും,” “ദൈവത്തെ സ്നേഹിക്കുന്നതിനു പകരം ജീവിതസുഖങ്ങൾ പ്രിയപ്പെടുന്നവരും” ആയിരിക്കുമെന്ന് ബൈബിൾ പറയുന്നുണ്ട്.—2 തിമൊഥെയൊസ് 3:2-4.
ഈ പ്രവചനത്തിൽ പറയുന്നതുപോലെയാണ് ഇന്നത്തെ ആളുകളും. സ്വന്തം കാര്യം നടക്കണം എന്ന ഒറ്റ ചിന്തയേ അവർക്കുള്ളൂ. ‘എന്റെ ഇഷ്ടങ്ങൾ, എന്റെ താത്പര്യങ്ങൾ, എന്റെ ആഗ്രഹങ്ങൾ.’ ഇതിലപ്പുറം ഒന്നും അവർക്കില്ല. അവർ ജീവിക്കുന്നത് അവർക്കുവേണ്ടി മാത്രമാണ്. ‘സ്വന്തം കാര്യം സിന്ദാബാദ്’ എന്നൊരു മനോഭാവം. അവർ അങ്ങേയറ്റം സ്വാർഥരായതുകൊണ്ട് ‘നന്മ ഇഷ്ടപ്പെടാത്തവരാണ്.’ നല്ല ഗുണങ്ങളൊന്നും അവർക്ക് ഇഷ്ടപ്പെടാൻ കഴിയുന്നില്ല. അവർ “നന്ദിയില്ലാത്തവരും” ആണ്. (2 തിമൊഥെയൊസ് 3:2, 3) ആര് എന്തു ചെയ്തുകൊടുത്താലും നന്ദി കാണിക്കണമെന്ന് അവർക്കു തോന്നുന്നേ ഇല്ല. ഒന്നിനോടും നന്ദിയും വിലമതിപ്പും ഇല്ലാത്ത ഒരു മനോഭാവം.
നമ്മുടെ കാലത്തിന്റെ പ്രത്യേകതയായി ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന വേറെയും സ്വഭാവരീതികളുണ്ട്. അവയുടെയും അടിസ്ഥാനം സ്വാർഥതയാണ്. അവയിൽ ചിലതിനെക്കുറിച്ചാണ് താഴെ പറയുന്നത്:
അത്യാഗ്രഹികൾ. ‘പണക്കൊതിയുള്ളവർ’ ഇന്നു ധാരാളമുണ്ട്. (2 തിമൊഥെയൊസ് 3:2) കുറെ വരുമാനം ഉണ്ടാക്കുക, വസ്തുവകകൾ വാരിക്കൂട്ടുക. ഇതൊക്കെയാണ് അവരുടെ ലക്ഷ്യം. അതാണ് ജീവിതവിജയം എന്നാണ് അവരുടെ വിശ്വാസം.
അഹങ്കാരികൾ. “പൊങ്ങച്ചക്കാരും ധാർഷ്ട്യമുള്ളവരും” “അഹങ്കാരത്താൽ ചീർത്തവരും” ആണ് പലരും. (2 തിമൊഥെയൊസ് 3:2, 4) അങ്ങനെയുള്ളവർ തങ്ങൾക്കുള്ള കഴിവുകളെയോ ഗുണങ്ങളെയോ സമ്പത്തിനെയോ കുറിച്ചൊക്കെ ഊതിപ്പെരുപ്പിച്ച് പൊങ്ങച്ചം പറയും.
പരദൂഷണം പറയുന്നവർ. ഇന്ന് ഒരുപാടു പേർ “ദൈവനിന്ദകരും” “പരദൂഷണം പറയുന്നവരും” ആണ്. (2 തിമൊഥെയൊസ് 3:2, 3) ദൈവത്തെയോ മറ്റ് ആളുകളെയോ നിന്ദിക്കുകയും അവരെക്കുറിച്ച് ഇല്ലാത്തത് പറയുകയും ചെയ്യുന്നവരെയാണ് ഈ വാക്കുകൾ അർഥമാക്കുന്നത്.
കടുംപിടിത്തക്കാർ. ഇന്നു പലരും “വിശ്വസിക്കാൻ കൊള്ളാത്തവരും” “ഒരു കാര്യത്തോടും യോജിക്കാത്തവരും” “ചതിയന്മാരും തന്നിഷ്ടക്കാരും” ആണ്. (2 തിമൊഥെയൊസ് 3:2-4) ഇങ്ങനെയുള്ളവർ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകില്ല, ഒത്തുതീർപ്പിലെത്താൻ ശ്രമിക്കില്ല, വാക്കു പാലിക്കുകയും ഇല്ല.
അക്രമസ്വഭാവമുള്ളവർ. ഇന്നു പലരും ‘ക്രൂരന്മാരാണ്.’ (2 തിമൊഥെയൊസ് 3:3) അവർക്ക് പെട്ടെന്നു ദേഷ്യം വരും. ദേഷ്യം വന്നാൽപ്പിന്നെ എന്തു ക്രൂരതയും അവർ കാണിച്ചുകൂട്ടും.
നിയമം ലംഘിക്കുന്നവർ. നമ്മുടെ കാലത്ത് ‘നിയമലംഘനം വർധിച്ചുവരുമെന്ന്’ യേശു മുൻകൂട്ടിപ്പറഞ്ഞു. (മത്തായി 24:12) പലയിടങ്ങളിലും ‘പ്രക്ഷോഭങ്ങളും’ ‘കലാപങ്ങളും’ ഉണ്ടാകുമെന്നും യേശു പ്രവചിച്ചു.—ലൂക്കോസ് 21:9, അടിക്കുറിപ്പ്.
കുടുംബാംഗങ്ങളോട് സ്നേഹമില്ലാത്തവർ. ഇന്നു പലരും “മാതാപിതാക്കളെ അനുസരിക്കാത്തവരും” കുടുംബാംഗങ്ങളോട് “സഹജസ്നേഹമില്ലാത്തവരും” ആണ്. (2 തിമൊഥെയൊസ് 3:2, 3) ഇവർ കുടുംബത്തിലുള്ളവരെ അവഗണിക്കുകയും ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം സംഭവങ്ങൾ ഇന്ന് കൂടിവരുകയാണ്.
കപടഭക്തർ. ഇന്ന് ഒരുപാടു പേർക്ക് “ഭക്തിയുടെ വേഷം” മാത്രമേ ഉള്ളൂ. (2 തിമൊഥെയൊസ് 3:5) ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നതിനു പകരം തങ്ങളെ സുഖിപ്പിക്കുന്ന കാര്യങ്ങൾ പറയുന്ന മതനേതാക്കന്മാരുടെ പിന്നാലെ പോകുന്നവരാണ് അവർ.—2 തിമൊഥെയൊസ് 4:3, 4.
സ്വാർഥരായ ആളുകളുടെ പ്രവൃത്തികൾ മറ്റുള്ളവരെ എങ്ങനെ ബാധിക്കും?
സ്വാർഥരായ ആളുകളാണ് ഇന്ന് എവിടെയും. അതുകൊണ്ടുതന്നെ അവർ കാരണം മാനസികവും വൈകാരികവും ആയി വേദന അനുഭവിക്കുന്ന ആളുകളുടെ എണ്ണവും മുമ്പെന്നത്തേതിലും കൂടുതലാണ്. (സഭാപ്രസംഗകൻ 7:7) പണസ്നേഹികൾ പണത്തിനുവേണ്ടി എങ്ങനെയും മറ്റുള്ളവരെ മുതലെടുക്കും. സഹജസ്നേഹമില്ലാത്തവരാണെങ്കിൽ കുടുംബാംഗങ്ങളെ ഉപദ്രവിക്കുന്നവരാണ്. ഇങ്ങനെ ഉപദ്രവമേൽക്കുന്നവർ വിഷാദത്തിന് അടിമപ്പെടുന്നു അല്ലെങ്കിൽ ജീവനൊടുക്കുന്നു. ഇനി, വഞ്ചനയും അവിശ്വസ്തതയും ഒക്കെ കാണിക്കുന്നവർ മറ്റുള്ളവരുടെ മനസ്സിനെ വല്ലാതെ മുറിവേൽപ്പിക്കും. ആ മുറിപ്പാടുകളുമായി അവർക്ക് നീറിനീറി കഴിയേണ്ടിവരുന്നു.
ആളുകളുടെ സ്വഭാവം ഇങ്ങനെ മോശമായിത്തീരുന്നതിന്റെ കാരണം എന്താണ്?
ആളുകളിൽ കാണുന്ന ഈ മാറ്റത്തിന്റെ കാരണങ്ങൾ എന്താണെന്ന് ബൈബിൾ പറയുന്നുണ്ട്:
ഇന്ന് ആളുകൾക്ക് ദൈവത്തോടും സഹമനുഷ്യനോടും ഉള്ള ആത്മാർഥസ്നേഹം കുറഞ്ഞുവരുകയാണ്. (മത്തായി 24:12) അതു കുറയുന്നതിന് അനുസരിച്ച് സ്വാർഥത കൂടുന്നു.
പിശാചായ സാത്താനെ സ്വർഗത്തിൽനിന്ന് വലിച്ചെറിഞ്ഞിരിക്കുകയാണ്. അവന്റെ പ്രവർത്തനം മുഴുവനും ഇപ്പോൾ ഭൂമിയിലാണ്. (വെളിപാട് 12:9, 12) മനുഷ്യരുടെ സ്വാർഥത ഇത്രയധികം കൂടിവന്നിരിക്കുന്നതിന്റെ കാരണം സാത്താന്റെ ഈ ദുഷ്ടസ്വാധീനമാണ്.—1 യോഹന്നാൻ 5:19.
ആളുകളുടെ സ്വഭാവരീതികൾ ഇങ്ങനെ അധഃപതിക്കുമ്പോൾ നമ്മൾ എന്താണ് ചെയ്യേണ്ടത്?
“ഇവരിൽനിന്ന് അകന്നുമാറുക” എന്ന് ദൈവവചനം പറയുന്നു. (2 തിമൊഥെയൊസ് 3:5) മറ്റു മനുഷ്യരിൽനിന്നെല്ലാം അകന്നുമാറി എവിടെയെങ്കിലും ഒറ്റപ്പെട്ട് കഴിയണമെന്നല്ല പറഞ്ഞുവരുന്നത്. ദൈവഭക്തിയില്ലാത്ത, സ്വാർഥരായ ആളുകളുമായി വലിയ കൂട്ടിനൊന്നും പോകരുത് എന്നാണ് അതിന്റെ അർഥം.—യാക്കോബ് 4:4.
എല്ലാ മനുഷ്യരുടെയും സ്വഭാവം മോശമാകുമോ?
ഇല്ല. “നടമാടുന്ന എല്ലാ വൃത്തികേടുകളും കാരണം നെടുവീർപ്പിട്ട് ഞരങ്ങുന്ന” ചിലർ ഉണ്ടായിരിക്കുമെന്ന് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്. (യഹസ്കേൽ 9:4) ചിന്തയിലും പ്രവർത്തനങ്ങളിലും ഒന്നും സ്വാർഥത കടന്നുവരാതിരിക്കാൻ അവർ ശ്രദ്ധിക്കും. ദൈവത്തിന്റെ നിലവാരങ്ങൾ അനുസരിച്ചായിരിക്കും അവർ ജീവിക്കുന്നത്. സംസാരത്തിലും പെരുമാറ്റത്തിലും എല്ലാം അവർ മറ്റുള്ളവരിൽനിന്ന് തികച്ചും വ്യത്യസ്തരായിരിക്കും. (മലാഖി 3:16, 18) ഉദാഹരണത്തിന്, അവർ എല്ലാവരുമായും എപ്പോഴും സമാധാനത്തിലായിരിക്കാൻ ശ്രമിക്കും. യുദ്ധങ്ങളിലും അക്രമങ്ങളിലും ഒന്നും ഉൾപ്പെടില്ല.—മീഖ 4:3.
മനുഷ്യസമൂഹം അധഃപതിച്ച് അധഃപതിച്ച് അവസാനം ആകപ്പാടെ ക്രമസമാധാനമില്ലാത്ത അവസ്ഥയിലായിപ്പോകുമോ?
ഇല്ല. അങ്ങനെ ഒരിക്കലും സംഭവിക്കില്ല. പകരം ദൈവത്തിന്റെ നിലവാരങ്ങൾ ലംഘിക്കാൻ നിശ്ചയിച്ചുറച്ചിരിക്കുന്നവരെ ദൈവം പെട്ടെന്നുതന്നെ നീക്കിക്കളയും. (സങ്കീർത്തനം 37:38) ദൈവം ഒരു “പുതിയ ഭൂമി” സ്ഥാപിക്കും, എന്നുവെച്ചാൽ ഒരു പുതിയ മനുഷ്യസമൂഹമായിരിക്കും പിന്നെ ഈ ഭൂമിയിൽ ഉണ്ടായിരിക്കുക. (2 പത്രോസ് 3:13) സൗമ്യതയുള്ള ആ മനുഷ്യർ എന്നെന്നും സമാധാനത്തോടെ കഴിയും. (സങ്കീർത്തനം 37:11, 29) ഇതൊന്നും വെറുതെ പറയുന്നതല്ല. ഇപ്പോൾപ്പോലും ദൈവത്തിന്റെ നീതിയുള്ള നിലവാരങ്ങൾ അനുസരിച്ച് ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ ബൈബിൾ ആളുകളെ സഹായിക്കുന്നുണ്ട്.—എഫെസ്യർ 4:23, 24.
a ബുദ്ധിമുട്ടു നിറഞ്ഞ അവസാനകാലം നമ്മൾ ജീവിക്കുന്ന ഈ കാലഘട്ടമാണെന്ന് ബൈബിൾപ്രവചനങ്ങളും ലോകാവസ്ഥകളും തെളിയിക്കുന്നു. (2 തിമൊഥെയൊസ് 3:1) കൂടുതൽ വിവരങ്ങൾ അറിയാൻ, “അന്ത്യകാലത്തിന്റെ അല്ലെങ്കിൽ അവസാനനാളുകളുടെ അടയാളം എന്താണ്?” എന്ന ലേഖനം വായിക്കുക.