യേശുവിന്റെ ധൈര്യവും വിവേചനാപ്രാപ്തിയും അനുകരിക്കുക
“അവനെ നിങ്ങൾ കണ്ടിട്ടില്ലെങ്കിലും സ്നേഹിക്കുന്നു. ഇപ്പോൾ നിങ്ങൾ അവനെ കാണുന്നില്ലെങ്കിലും അവനിൽ വിശ്വസിക്കുന്നു.”—1 പത്രോ. 1:8.
1, 2. (എ) നമുക്ക് എങ്ങനെ നിത്യജീവൻ നേടാൻ കഴിയും? (ബി) ഏകാഗ്രതയോടെ യാത്ര തുടരാൻ നമ്മെ എന്തു സഹായിക്കും?
ക്രിസ്ത്യാനികളാകുമ്പോൾ, നാം ഒരു യാത്രയ്ക്ക് തുടക്കംകുറിക്കുകയാണ്. നാം ദൈവത്തോട് വിശ്വസ്തരായി തുടരുന്നെങ്കിൽ നമ്മുടെ യാത്ര സഫലമാകും, നമുക്ക് നിത്യം ജീവിക്കാനും കഴിയും. “അന്ത്യത്തോളം സഹിച്ചുനിൽക്കുന്നവൻ രക്ഷിക്കപ്പെടും” എന്നാണ് യേശു പറഞ്ഞത്. (മത്താ. 24:13) അതെ, നമ്മുടെ യാത്ര സഫലമാകണമെങ്കിൽ നാം “അന്ത്യത്തോളം” ദൈവത്തോട് വിശ്വസ്തരായി തുടരണം. അന്ത്യം എന്നത് ഈ വ്യവസ്ഥിതിയിലെ നമ്മുടെ ജീവിതാന്ത്യമാകാം അല്ലെങ്കിൽ വ്യവസ്ഥിതിയുടെതന്നെ അന്ത്യമാകാം. എന്നാൽ ലോകത്തിന്റെ ശ്രദ്ധാശൈഥില്യങ്ങൾ നിമിത്തം വ്യതിചലിച്ചുപോകാതിരിക്കാൻ നാം ജാഗ്രതയുള്ളവരായിരിക്കണം. (1 യോഹ. 2:15-17) അങ്ങനെയെങ്കിൽ, ഏകാഗ്രതയോടെ യാത്ര തുടരാൻ നമ്മെ എന്തു സഹായിക്കും?
2 യേശു നമുക്ക് ഒരു തികഞ്ഞ മാതൃക വെച്ചു. യേശുവിന്റെ യാത്രയെക്കുറിച്ച് അഥവാ ജീവിതഗതിയെക്കുറിച്ച് ബൈബിൾ പറയുന്നത് പഠിക്കുന്നതിലൂടെ ദൈവപുത്രൻ എങ്ങനെയുള്ള വ്യക്തിയാണെന്ന് നമുക്ക് മനസ്സിലാക്കാനാകും. അങ്ങനെയാകുമ്പോൾ നാം യേശുവിനെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യും. (1 പത്രോസ് 1:8, 9 വായിക്കുക.) നമുക്ക് അടുത്ത് പിന്തുടരാൻ കഴിയേണ്ടതിന് യേശു ഒരു മാതൃക വെച്ചു എന്ന് അപ്പൊസ്തലനായ പത്രോസ് പറയുകയുണ്ടായി. (1 പത്രോ. 2:21) ശ്രദ്ധാപൂർവം ആ മാതൃക അനുകരിക്കുന്നെങ്കിൽ അവസാനത്തോളം നമുക്ക് സഹിച്ചുനിൽക്കാൻ കഴിയും.a കഴിഞ്ഞ ലേഖനത്തിൽ യേശുവിന്റെ താഴ്മയും ആർദ്രതയും നമുക്ക് എങ്ങനെ പകർത്താമെന്ന് നാം മനസ്സിലാക്കി. ഈ ലേഖനത്തിൽ, യേശുവിന്റെ ധൈര്യവും വിവേചനാപ്രാപ്തിയും നമുക്ക് എങ്ങനെ അനുകരിക്കാം എന്ന് നാം പഠിക്കും.
യേശു ധൈര്യമുളളവനാണ്
3. എന്താണ് ധൈര്യം? നമുക്ക് അത് എങ്ങനെ നേടാൻ കഴിയും?
3 നമ്മെ ശക്തരാക്കുകയും പ്രശ്നങ്ങളെ തരണം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്ന ഒരു ഗുണമാണ് ധൈര്യം. ശരിയായതിനുവേണ്ടി നിലകൊള്ളാനും ധൈര്യം നമ്മെ സഹായിക്കും. പരിശോധനകൾ നേരിടുമ്പോൾ ശാന്തത കൈവിടാതെ ദൈവത്തോട് വിശ്വസ്തരായി നിൽക്കാൻ അത് നമ്മെ പ്രാപ്തരാക്കുന്നു. ദൈവഭയം, പ്രത്യാശ, സ്നേഹം എന്നിവയുമായി ധൈര്യം ബന്ധപ്പെട്ടിരിക്കുന്നു. എങ്ങനെ? ദൈവത്തെ അപ്രീതിപ്പെടുത്തുമോ എന്ന ഭയം നമുക്കുണ്ടെങ്കിൽ മാനുഷഭയം നമ്മെ ബാധിക്കാൻ നാം അനുവദിക്കില്ല. (1 ശമൂ. 11:7; സദൃ. 29:25) യഹോവയിലുള്ള പ്രത്യാശ ഇപ്പോഴുള്ള നമ്മുടെ പ്രശ്നങ്ങളിലേക്കു നോക്കാതിരിക്കാനും നമുക്കു ലഭിക്കാനിരിക്കുന്ന ഭാവിയിൽ ശ്രദ്ധകേന്ദ്രീകരിക്കാനും നമ്മെ സഹായിക്കും. (സങ്കീ. 27:14) പരിശോധനകളിന്മധ്യേയും ധൈര്യം കാണിക്കാൻ നിസ്സ്വാർഥസ്നേഹം നമ്മെ പ്രേരിപ്പിക്കും. (യോഹ. 15:13) ദൈവത്തിൽ വിശ്വാസം അർപ്പിക്കുകയും ദൈവപുത്രനായ യേശുവിനെ അനുഗമിക്കുകയും ചെയ്യുന്നതിലൂടെ നമുക്ക് ധൈര്യം ലഭിക്കും.—സങ്കീ. 28:7.
4. ആലയത്തിൽവെച്ച് യേശു എങ്ങനെ ധൈര്യം പ്രകടമാക്കി? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
4 ‘ആലയത്തിൽ ഉപദേഷ്ടാക്കളുടെ നടുവിലിരുന്ന’ 12 വയസ്സുകാരനായ യേശു ധൈര്യം പ്രകടമാക്കിയ ഒരു സന്ദർഭം പരിചിന്തിക്കുക. (ലൂക്കോസ് 2:41-47 വായിക്കുക.) അവിടെയുണ്ടായിരുന്ന മതോപദേഷ്ടാക്കൾക്ക് മോശൈക ന്യായപ്രമാണത്തെക്കുറിച്ചു മാത്രമല്ല യഹൂദ പാരമ്പര്യങ്ങളെക്കുറിച്ചും നല്ല അറിവുണ്ടായിരുന്നു. ഈ പാരമ്പര്യങ്ങൾ, ന്യായപ്രമാണം അനുസരിക്കുന്നത് ഏറെ ബുദ്ധിമുട്ടാക്കിത്തീർത്തു. അവരുടെ ജ്ഞാനത്തെ ഭയന്ന് അവരോടു സംസാരിക്കുന്നതിൽനിന്ന് യേശു ഒഴിഞ്ഞുനിന്നില്ല. പകരം അവരോടു “ചോദ്യങ്ങൾ ചോദി”ച്ചുകൊണ്ടേയിരുന്നു. ഒരു ചെറിയ കുട്ടി ചോദിക്കുന്ന സാധാരണ ചോദ്യങ്ങളല്ല യേശു ചോദിച്ചതെന്ന് വ്യക്തം. മതാധ്യാപകരെ പിടിച്ചിരുത്തുകയും അവരെ ചിന്തിപ്പിക്കുകയും ചെയ്ത ആഴമേറിയ ചോദ്യങ്ങളായിരിക്കും യേശു ചോദിച്ചത്. വാദപ്രതിവാദങ്ങളിലേക്ക് നയിച്ചേക്കാവുന്ന തന്ത്രപരമായ ചോദ്യങ്ങൾ ചോദിച്ച് യേശുവിനെ കുടുക്കാനാണ് ശ്രമിച്ചതെങ്കിൽ അവർ പരാജയപ്പെട്ടിരിക്കുമെന്ന് തീർച്ചയാണ്. ആ അധ്യാപകരടക്കം യേശുവിന്റെ വാക്കുകൾ കേട്ടവരെല്ലാം യേശുവിന്റെ “ഗ്രാഹ്യത്തിലും ഉത്തരങ്ങളിലും വിസ്മയിച്ചു.” അതെ, ദൈവവചനത്തിലുള്ള സത്യത്തിനുവേണ്ടി യേശു സധൈര്യം നിലകൊണ്ടു!
5. തന്റെ ശുശ്രൂഷയിൽ ഉടനീളം വ്യത്യസ്തവിധങ്ങളിൽ യേശു ധൈര്യം കാണിച്ചത് എങ്ങനെ?
5 തന്റെ ശുശ്രൂഷയിൽ ഉടനീളം വ്യത്യസ്തവിധങ്ങളിൽ യേശു ധൈര്യം കാണിച്ചു. ദൃഷ്ടാന്തത്തിന്, മതനേതാക്കന്മാർ തങ്ങളുടെ വ്യാജോപദേശങ്ങളാൽ ജനങ്ങളെ വഴിതെറ്റിച്ചിരിക്കുകയാണെന്ന് യേശു അവരെ ബോധ്യപ്പെടുത്തി. (മത്താ. 23:13-36) കൂടാതെ, ലോകം തന്നെ സ്വാധീനിക്കാൻ യേശു ഒട്ടും അനുവദിച്ചില്ല. (യോഹ. 16:33) എതിർപ്പുകൾക്കു മധ്യേയും പ്രസംഗിക്കുന്നതിൽ തുടർന്നു. (യോഹ. 5:15-18; 7:14) യഹോവയുടെ ആലയത്തെയും അവിടെ നടന്നിരുന്ന സത്യാരാധനയെയും മലിനപ്പെടുത്തിയവരെ യേശു ധീരതയോടെ രണ്ടു വട്ടം തുരത്തിയോടിച്ചു.—മത്താ. 21:12, 13; യോഹ. 2:14-17.
6. ഭൂമിയിലെ തന്റെ അവസാനദിവസം യേശു ധൈര്യം കാണിച്ചത് എങ്ങനെ?
6 ഭൂമിയിലെ തന്റെ ജീവിതത്തിന്റെ അവസാനദിവസം യേശു കാണിച്ച ധൈര്യത്തെക്കുറിച്ച് നമുക്കു പരിശോധിക്കാം. യൂദാ തന്നെ ഒറ്റിക്കൊടുത്ത ശേഷം എന്തു സംഭവിക്കുമെന്ന് യേശുവിന് അറിയാമായിരുന്നു. എന്നിട്ടും, “നീ ചെയ്യുന്നതു വേഗത്തിൽ ചെയ്തുതീർക്കുക” എന്ന് പെസഹാ ആചരണവേളയിൽ യേശു യൂദായോടു പറഞ്ഞു. (യോഹ. 13:21-27) തുടർന്ന്, ഗെത്ത്ശെമന തോട്ടത്തിൽ തന്നെ പിടിക്കാൻ വന്ന പടയാളികളോട്, അവർ അന്വേഷിക്കുന്ന യേശു താൻതന്നെയാണെന്ന് യേശു ധൈര്യപൂർവം വെളിപ്പെടുത്തി. സ്വന്തം ജീവൻ അപകടത്തിലായിരുന്നിട്ടും തന്റെ ശിഷ്യന്മാരെ രക്ഷിക്കാനായി, “ഇവർ പൊയ്ക്കൊള്ളട്ടെ” എന്ന് യേശു പടയാളികളോട് പറഞ്ഞു. (യോഹ. 18:1-8) പിന്നീട് യഹൂദ ഹൈക്കോടതി ചോദ്യം ചെയ്തപ്പോൾ താൻ ക്രിസ്തുവും ദൈവപുത്രനും ആണെന്ന് ധൈര്യത്തോടെ യേശു അവരോട് പറഞ്ഞു. മഹാപുരോഹിതൻ തന്നെ കൊല്ലാൻ ഒരു കാരണം അന്വേഷിക്കുകയാണെന്ന് അറിഞ്ഞിട്ടും യേശു ഭയന്നില്ല. (മർക്കോ. 14:60-65) ഒരു ദണ്ഡനസ്തംഭത്തിലെ മരണത്തോളം തന്റെ നിർമലത കാത്ത് “സകലവും പൂർത്തിയായിരിക്കുന്നു” എന്ന് ഉറക്കെപ്പറഞ്ഞുകൊണ്ട് യേശു ജീവൻ വെടിഞ്ഞു.—യോഹ. 19:28-30.
യേശുവിന്റെ ധൈര്യം പകർത്തുക
7. യുവജനങ്ങളേ, യഹോവയുടെ നാമത്തിൽ അറിയപ്പെടുന്നതിനെ നിങ്ങൾ എങ്ങനെ വീക്ഷിക്കുന്നു, നിങ്ങൾക്കു ധൈര്യമുണ്ടെന്ന് എങ്ങനെ കാണിക്കാൻ കഴിയും?
7 യേശുവിന്റെ ധൈര്യം നമുക്ക് എങ്ങനെ അനുകരിക്കാൻ കഴിയും? സ്കൂളിലായിരിക്കുമ്പോൾ. യുവജനങ്ങളേ, നിങ്ങൾ യഹോവയുടെ സാക്ഷികളാണെന്ന് സഹപാഠികളോടും മറ്റുള്ളവരോടും മടികൂടാതെ പറയുമ്പോൾ നിങ്ങൾ ധൈര്യമുള്ളവരാണെന്ന് തെളിയിക്കുകയാണ്, മറ്റുള്ളവർ നിങ്ങളെ കളിയാക്കിയാൽപ്പോലും. അങ്ങനെ ചെയ്യുമ്പോൾ യഹോവയുടെ നാമത്തിൽ അറിയപ്പെടുന്നതിൽ അഭിമാനിക്കുന്നു എന്ന് നിങ്ങൾ കാണിക്കുകയായിരിക്കും. (സങ്കീർത്തനം 86:12 വായിക്കുക.) നിങ്ങൾ പരിണാമത്തിൽ വിശ്വസിക്കാൻ ചിലർ ആഗ്രഹിച്ചേക്കാം. എന്നാൽ സൃഷ്ടിപ്പിനെക്കുറിച്ച് ബൈബിൾ പറയുന്നതാണ് സത്യമെന്ന് വിശ്വസിക്കാൻ നിങ്ങൾക്ക് ന്യായമായ കാരണങ്ങളുണ്ട്. “നിങ്ങളുടെ പ്രത്യാശയ്ക്കുള്ള കാരണം ചോദിക്കുന്ന” ഏവരോടും ഉത്തരം പറയാൻ ജീവന്റെ ഉത്ഭവം—പ്രസക്തമായ അഞ്ചു ചോദ്യങ്ങൾ എന്ന ലഘുപത്രിക നിങ്ങൾക്ക് ഉപയോഗിക്കാനാകും. (1 പത്രോ. 3:15) ബൈബിൾസത്യത്തിനുവേണ്ടി ധൈര്യപൂർവം നിലകൊണ്ടെന്ന് നിങ്ങൾ തിരിച്ചറിയുമ്പോൾ നിങ്ങൾക്ക് ആത്മസംതൃപ്തി തോന്നും!
8. ധൈര്യത്തോടെ പ്രസംഗിക്കാൻ നമുക്ക് എന്ത് കാരണങ്ങളാണുള്ളത്?
8 ശുശ്രൂഷയിലായിരിക്കുമ്പോൾ. സത്യക്രിസ്ത്യാനികളായ നാം “യഹോവയിൽനിന്നുള്ള അധികാരത്താൽ സധൈര്യം പ്രസംഗി”ക്കുന്നതിൽ തുടരണം. (പ്രവൃ. 14:3) ധൈര്യത്തോടെ നമുക്ക് പ്രസംഗിക്കാനാകുന്നത് എന്തുകൊണ്ട്? ഒന്നാമതായി, നാം പ്രസംഗിക്കുന്നത് സത്യമാണെന്ന് നമുക്കറിയാം. കാരണം അതിന് ആധാരം ബൈബിളാണ്. (യോഹ. 17:17) രണ്ടാമതായി, നാം “ദൈവത്തിന്റെ കൂട്ടുവേലക്കാർ” ആണ്. നമ്മെ സഹായിക്കാൻ പരിശുദ്ധാത്മാവിനെയും നൽകിയിരിക്കുന്നു. (1 കൊരി. 3:9; പ്രവൃ. 4:31) മൂന്നാമതായി, നാം യഹോവയെയും ആളുകളെയും സ്നേഹിക്കുന്നതുകൊണ്ട് മറ്റുള്ളവരോട് സുവാർത്ത ഘോഷിക്കാൻ നമ്മുടെ കഴിവിന്റെ പരമാവധി ചെയ്യാൻ നാം പ്രചോദിതരായിത്തീരുന്നു. (മത്താ. 22:37-39) ധൈര്യമുള്ളവരായതിനാൽ നാം പ്രസംഗപ്രവർത്തനം നിറുത്തിക്കളയില്ല. മതനേതാക്കന്മാരാൽ വഞ്ചിക്കപ്പെട്ടവരോ അല്ലെങ്കിൽ ‘അന്ധരാക്കപ്പെട്ടവരോ’ ആയ വ്യക്തികളെ സത്യം അറിയിക്കാൻ നാം നിശ്ചയിച്ചുറച്ചിരിക്കുന്നു. (2 കൊരി. 4:4) നമ്മുടെ സന്ദേശത്തെ മറ്റുള്ളവർ എതിർത്താലും നിഷേധിച്ചാലും സുവാർത്ത ഘോഷിക്കുന്നതിൽ നാം തുടരുകതന്നെ ചെയ്യും.—1 തെസ്സ. 2:1, 2.
9. പരിശോധനകൾ നേരിടുമ്പോൾ നമുക്ക് എങ്ങനെ ധൈര്യം കാണിക്കാനാകും?
9 പരിശോധനകൾ നേരിടുമ്പോൾ. നാം ദൈവത്തിൽ ആശ്രയിക്കുമ്പോൾ പരിശോധനകളെ സഹിച്ചുനിൽക്കാൻ ആവശ്യമായ വിശ്വാസവും ധൈര്യവും യഹോവ നമുക്ക് തരും. പ്രിയപ്പെട്ട ഒരാൾ മരിച്ചാൽ നാം വിലപിക്കും, എന്നാൽ പ്രത്യാശ കൈവിടില്ല. “സർവാശ്വാസത്തിന്റെയും” ദൈവം നമ്മെ ബലപ്പെടുത്തും എന്ന ബോധ്യം നമുക്കുണ്ട്. (2 കൊരി. 1:3, 4; 1 തെസ്സ. 4:13) നമ്മൾ രോഗികളോ പരിക്കേറ്റവരോ ആണെങ്കിൽ നമുക്ക് വേദനയെടുത്തേക്കാം. എന്നാലും ദൈവത്തെ അപ്രീതിപ്പെടുത്തുന്ന ഒരു ചികിത്സയും നാം സ്വീകരിക്കില്ല. (പ്രവൃ. 15:28, 29) നാം വിഷാദമഗ്നരാണെങ്കിൽ, “നമ്മുടെ ഹൃദയം നമ്മെ കുറ്റപ്പെടു”ത്തിയേക്കാം. എന്നാൽ നമ്മൾ ഒരിക്കലും മടുത്തു പിന്മാറില്ല. “ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ” ആയതുകൊണ്ട് നാം ദൈവത്തിൽ ആശ്രയിക്കും.b—1 യോഹ. 3:19, 20; സങ്കീ. 34:18.
യേശു വിവേചനാപ്രാപ്തിയുള്ളവനാണ്
10. എന്താണ് വിവേചനാപ്രാപ്തി, വിവേചനാപ്രാപ്തിയുള്ള ഒരു ക്രിസ്ത്യാനിയുടെ സംസാരവും പ്രവൃത്തിയും എങ്ങനെയുള്ളതായിരിക്കും?
10 ശരിയും തെറ്റും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനും ശരിയായതു ചെയ്യാൻ തീരുമാനിക്കാനും ഉള്ള വകതിരിവിനെയാണ് വിവേചനാപ്രാപ്തി എന്ന് പറയുന്നത്. (എബ്രാ. 5:14) വിവേചനാപ്രാപ്തി നന്നായി ഉപയോഗിക്കുന്ന ഒരു ക്രിസ്ത്യാനി ദൈവവുമായുള്ള തന്റെ ബന്ധം ശക്തിപ്പെടുത്തുന്ന തീരുമാനങ്ങൾ എടുക്കുന്നു. തന്റെ സംസാരത്താൽ ആരെയും മുറിപ്പെടുത്താതിരിക്കാൻ അദ്ദേഹം ശ്രദ്ധാലുവായിരിക്കും. പകരം, മറ്റുള്ളവരെ സഹായിക്കുന്ന വിധത്തിലുള്ള വാക്കുകൾ തിരഞ്ഞെടുക്കുന്നതുകൊണ്ട് അദ്ദേഹം യഹോവയെ പ്രസാദിപ്പിക്കുന്നു. (സദൃ. 11:12, 13) അദ്ദേഹം “ദീർഘക്ഷമയുള്ളവ”നാണ്. (സദൃ. 14:29) അദ്ദേഹം “ചൊവ്വായി നടക്കുന്നു.” എന്നുവെച്ചാൽ, തന്റെ ജീവിതത്തിൽ ഉടനീളം അദ്ദേഹം നല്ല തീരുമാനങ്ങൾ കൈക്കൊള്ളുന്നു. (സദൃ. 15:21) വിവേചനാപ്രാപ്തിയുള്ളവരായിരിക്കാൻ നമുക്ക് എങ്ങനെ സാധിക്കും? നമ്മൾ ദൈവവചനം പഠിക്കുകയും പഠിക്കുന്നത് ബാധകമാക്കുകയും വേണം. (സദൃ. 2:1-5, 10, 11) വിവേചനാപ്രാപ്തി കാണിക്കുന്നതിൽ യേശു വെച്ച തികഞ്ഞ മാതൃക പഠിക്കാനും പകർത്താനും നമുക്കാകും.
11. തന്റെ സംസാരത്തിൽ യേശു വിവേചനാപ്രാപ്തി പ്രകടമാക്കിയത് എങ്ങനെ?
11 തന്റെ സകല വാക്കിലും പ്രവൃത്തിയിലും യേശു വിവേചനാപ്രാപ്തി പ്രകടമാക്കി. യേശുവിന്റെ സംസാരത്തിൽ. സുവാർത്ത പ്രസംഗിച്ചപ്പോൾ ദയയോടുകൂടിയ വാക്കുകളാണ് യേശു ഉപയോഗിച്ചത്. അവ ശ്രോതാക്കളെ വിസ്മയിപ്പിച്ചു. (ലൂക്കോ. 4:22; മത്താ. 7:28) യേശു മിക്കപ്പോഴും ദൈവവചനം വായിക്കുകയോ പരാമർശിക്കുകയോ ചെയ്തു. ഏതു സാഹചര്യത്തിൽ ഏതു തിരുവെഴുത്ത് ഉപയോഗിക്കണമെന്ന് യേശുവിന് കൃത്യമായി അറിയാമായിരുന്നു. (മത്താ. 4:4, 7, 10; 12:1-5; ലൂക്കോ. 4:16-21) അതുപോലെ, യേശു തിരുവെഴുത്തുകൾ വിശദീകരിച്ച വിധം ജനങ്ങളെ ആഴമായി സ്വാധീനിച്ചു. എമ്മാവുസിനു പോകുകയായിരുന്ന തന്റെ രണ്ട് ശിഷ്യന്മാരോട് ഉയിർപ്പിക്കപ്പെട്ട യേശു തനിക്കു ബാധകമാകുന്ന തിരുവെഴുത്തുകളുടെ അർഥം വിശദീകരിച്ചു. “അവൻ വഴിയിൽവെച്ചു നമ്മോടു സംസാരിക്കുകയും തിരുവെഴുത്തുകൾ നമുക്കു വിശദീകരിച്ചുതരുകയും ചെയ്തപ്പോൾ നമ്മുടെ ഹൃദയം ജ്വലിച്ചുകൊണ്ടിരുന്നില്ലയോ?” എന്ന് പിന്നീട് ആ ശിഷ്യന്മാർ തമ്മിൽ ചോദിച്ചു.—ലൂക്കോ. 24:27, 32.
12, 13. യേശു ദീർഘക്ഷമയോടും ന്യായബോധത്തോടും പ്രവർത്തിച്ചതിന്റെ ഉദാഹരണങ്ങൾ ഏവ?
12 യേശുവിന്റെ വികാരങ്ങളിലും മനോഭാവത്തിലും. “ദീർഘക്ഷമയുള്ള” വ്യക്തിയായിരിക്കാൻ വിവേചനാപ്രാപ്തി യേശുവിനെ സഹായിച്ചു. (സദൃ. 16:32) വികാരങ്ങളെ നിയന്ത്രിക്കാൻ യേശുവിന് കഴിഞ്ഞിരുന്നു. “സൗമ്യത”യുള്ള ഒരു വ്യക്തിയായിരുന്നു യേശു. (മത്താ. 11:29) തന്റെ ശിഷ്യന്മാർ തെറ്റുകൾ വരുത്തിയെങ്കിലും യേശു അവരോട് എല്ലായ്പോഴും ക്ഷമിച്ചു. (മർക്കോ. 14:34-38; ലൂക്കോ. 22:24-27) തന്നോട് മറ്റുള്ളവർ അപമര്യാദയായി പെരുമാറിയ സാഹചര്യങ്ങളിൽപ്പോലും യേശു ശാന്തനായി നിലകൊണ്ടു.—1 പത്രോ. 2:23.
13 ന്യായബോധത്തോടെ പ്രവർത്തിക്കാനും വിവേചനാപ്രാപ്തി യേശുവിനെ സഹായിച്ചു. മോശൈക ന്യായപ്രമാണം നൽകിയിരുന്നതിനു പിന്നിലെ ഉദ്ദേശ്യം യേശുവിന് അറിയാമായിരുന്നു. അതിന്റെ അന്തഃസത്ത മനസ്സിലാക്കിക്കൊണ്ടാണ് യേശു ആളുകളോട് പെരുമാറിയത്. ഉദാഹരണത്തിന് “രക്തസ്രാവത്താൽ വലഞ്ഞിരുന്ന” സ്ത്രീയുടെ കാര്യം എടുക്കുക. (മർക്കോസ് 5:25-34 വായിക്കുക.) ജനക്കൂട്ടത്തിനിടയിലൂടെ വന്ന് ആ സ്ത്രീ യേശുവിന്റെ വസ്ത്രത്തിൽ തൊട്ടു. അവൾ സുഖം പ്രാപിച്ചു. ന്യായപ്രമാണപ്രകാരം അശുദ്ധയായിരുന്നതിനാൽ അവൾ ആരെയും തൊടരുതായിരുന്നു. (ലേവ്യ. 15:25-27) എന്നാൽ യേശു അവളോട് ദയാരഹിതമായി സംസാരിച്ചില്ല. പകരം “കരുണ, വിശ്വസ്തത” എന്നീ ഗുണങ്ങൾ കാണിച്ചു. കാരണം നിഷ്കർഷയോടെ നിയമം അനുസരിക്കുന്നതിനെക്കാൾ പ്രാധാന്യം ഈ ഗുണങ്ങൾക്കുണ്ടെന്ന് യേശു തിരിച്ചറിഞ്ഞിരുന്നു. (മത്താ. 23:23) യേശു ദയാപുരസ്സരം ഇങ്ങനെ പറഞ്ഞു: “മകളേ, നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു. സമാധാനത്തോടെ പൊയ്ക്കൊള്ളുക; നിന്നെ വലച്ചിരുന്ന കഠിന രോഗത്തിൽനിന്നു സ്വതന്ത്രയായി ആരോഗ്യത്തോടെ ജീവിക്കുക.” വിവേചനാപ്രാപ്തി ദയ കാണിക്കാൻ യേശുവിനെ പ്രേരിപ്പിച്ചതിന്റെ എത്ര നല്ല ദൃഷ്ടാന്തം!
14. യേശു എന്തു ചെയ്യാനാണ് തീരുമാനിച്ചത്, ശുശ്രൂഷയിൽ സമ്പൂർണശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ യേശു തുടർന്നത് എങ്ങനെ?
14 യേശു ജീവിതം നയിച്ച വിധത്തിൽ. യേശു വിവേചനാപ്രാപ്തിയുള്ള വ്യക്തിയാണെന്ന് താൻ ജീവിതം നയിച്ച വിധത്തിലൂടെ തെളിയിച്ചു. തന്റെ പ്രധാന ജോലിയായി യേശു ശുശ്രൂഷ തിരഞ്ഞെടുത്തു. (ലൂക്കോ. 4:43) തന്റെ വേലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും തന്റെ നിയമനം നന്നായി പൂർത്തീകരിക്കാനും ഉതകുന്ന തീരുമാനങ്ങൾ യേശു കൈക്കൊണ്ടു. ദൃഷ്ടാന്തത്തിന്, ശുശ്രൂഷയ്ക്കുവേണ്ടി തന്റെ സമയവും ഊർജവും മുഴുവനായി ചെലവഴിക്കാൻ കഴിയേണ്ടതിന് യേശു എപ്പോഴും തന്റെ ജീവിതം ലളിതമാക്കി നിറുത്തി. (ലൂക്കോ. 9:58) തന്റെ മരണശേഷവും പ്രസംഗവേല തുടർന്ന് കൊണ്ടുപോകാൻ മറ്റുള്ളവരെ പരിശീലിപ്പിക്കേണ്ടതുണ്ടെന്ന് യേശു തിരിച്ചറിഞ്ഞു. (ലൂക്കോ. 10:1-12; യോഹ. 14:12) “യുഗസമാപ്തിയോളം” ശുശ്രൂഷയിൽ തന്റെ ശിഷ്യന്മാരെ സഹായിക്കുമെന്ന ഉറപ്പ് യേശു അവർക്കു നൽകി.—മത്താ. 28:19, 20.
യേശുവിന്റെ വിവേചനാപ്രാപ്തി പകർത്തുക
15. നമ്മുടെ സംസാരത്തിൽ നമുക്ക് എങ്ങനെ വിവേചനാപ്രാപ്തി കാണിക്കാൻ കഴിയും?
15 യേശുവിന്റെ വിവേചനാപ്രാപ്തി നമുക്ക് എങ്ങനെ പകർത്താൻ കഴിയും? നമ്മുടെ സംസാരത്തിൽ. നമ്മുടെ സഹോദരീസഹോദരന്മാരോട് സംസാരിക്കുമ്പോൾ അവരെ ഇടിച്ചുകളയുന്ന വിധത്തിലുള്ള വാക്കുകൾ ഉപയോഗിക്കാതെ അവരെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുള്ള വാക്കുകളാണ് നാം ഉപയോഗിക്കുന്നത്. (എഫെ. 4:29) ദൈവരാജ്യത്തെക്കുറിച്ച് മറ്റുള്ളവരോട് സംസാരിക്കുമ്പോൾ, “ഉപ്പിനാൽ രുചിവരുത്തിയതുപോലെ” ആയിരിക്കണം നമ്മുടെ വാക്കുകൾ. നയത്തോടും വിവേകത്തോടും കൂടെയായിരിക്കണം നമ്മുടെ സംസാരം. (കൊലോ. 4:6) ആളുകളുടെ ആവശ്യങ്ങളും താത്പര്യങ്ങളും മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ട് ശ്രദ്ധാപൂർവം നാം വാക്കുകൾ തിരഞ്ഞെടുക്കുന്നു. ദയയോടെയുള്ള വാക്കുകൾ നാം ഉപയോഗിക്കുന്നെങ്കിൽ, ആളുകൾ നമ്മെ ശ്രദ്ധിക്കാൻ മനസ്സ് കാണിച്ചേക്കാം, നമ്മുടെ സന്ദേശം അവരുടെ ഹൃദയത്തെ സ്പർശിക്കുകയും ചെയ്തേക്കാം. നമ്മുടെ വിശ്വാസങ്ങളെക്കുറിച്ച് വിശദീകരിക്കുമ്പോൾ സാധ്യമായ അവസരങ്ങളിലെല്ലാം ബൈബിളിൽനിന്നാണ് നാം വായിക്കുന്നത്. കാരണം, ആധികാരികമായ ഉറവ് അതാണ്. നമുക്ക് പറയാൻ കഴിയുന്ന ഏതൊരു വാക്കിനെക്കാളും ശക്തമാണ് ബൈബിളിന്റെ സന്ദേശമെന്ന് നമുക്കറിയാം.—എബ്രാ. 4:12.
16, 17. (എ) കോപത്തിന് താമസമുള്ളവരും ന്യായബോധമുള്ളവരും ആണെന്ന് നമുക്ക് എങ്ങനെ കാണിക്കാൻ കഴിയും? (ബി) ശുശ്രൂഷയിൽ സമ്പൂർണശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ തുടരാൻ നമുക്ക് എങ്ങനെ കഴിയും?
16 നമ്മുടെ വികാരങ്ങളിലും മനോഭാവത്തിലും. നമ്മൾ സമ്മർദത്തിൻകീഴിൽ ആയിരിക്കുമ്പോൾ നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കാനും “കോപത്തിനു താമസമുള്ളവ”രായിരിക്കാനും വിവേചനാപ്രാപ്തി നമ്മെ സഹായിക്കുന്നു. (യാക്കോ. 1:19) ആളുകൾ നമ്മെ മുറിപ്പെടുത്തുമ്പോൾ, അവർ ആ വിധത്തിൽ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാക്കാൻ നാം ശ്രമിക്കും. അപ്പോൾ അവരോട് ക്ഷമിക്കാനും ദേഷ്യപ്പെടാതിരിക്കാനും നമുക്ക് എളുപ്പമായിരിക്കും. (സദൃ. 19:11) ന്യായബോധമുള്ളവരായിരിക്കാനും വിവേചനാപ്രാപ്തി നമ്മെ സഹായിക്കുന്നു. നമ്മുടെ സഹോദരീസഹോദരന്മാരിൽനിന്ന് നാം ഒരിക്കലും പൂർണത പ്രതീക്ഷിക്കുന്നില്ല. ഒരുപക്ഷേ, നമുക്കു മുഴുവനായി മനസ്സിലാക്കാൻ കഴിയാത്ത ചില പ്രശ്നങ്ങൾ അവർ നേരിടുന്നുണ്ടാകും എന്ന് നാം മനസ്സിൽപ്പിടിക്കുന്നു. അവരുടെ അഭിപ്രായങ്ങൾ ശ്രദ്ധിക്കാൻ നാം തയ്യാറാണ്. സാധ്യമാകുമ്പോഴെല്ലാം നമുക്ക് വഴക്കം കാണിക്കാനാകും. അതായത് എല്ലായ്പോഴും നമ്മുടേതായ വിധത്തിൽ കാര്യങ്ങൾ നടക്കണമെന്ന് നാം ശഠിക്കില്ല.—ഫിലി. 4:5.
17 നമ്മൾ ജീവിതം നയിക്കുന്ന വിധത്തിൽ. സുവാർത്ത പ്രസംഗിക്കുക എന്നതിനെക്കാൾ മഹത്തരമായ വേറെ ഒരു പദവിയുമില്ലെന്ന് നമുക്ക് അറിയാം. അതുകൊണ്ട് ശുശ്രൂഷയിൽ സമ്പൂർണശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്ന തീരുമാനങ്ങൾ എടുക്കാൻ നാം ആഗ്രഹിക്കുന്നു. അങ്ങനെ ജീവിതത്തിൽ പ്രമുഖസ്ഥാനം നാം യഹോവയ്ക്കു നൽകുന്നു. അന്ത്യം വരുന്നതിനുമുമ്പ് സുവാർത്ത പ്രസംഗിക്കാനായി നമ്മുടെ സമയവും ഊർജവും മുഴുവനായി ഉപയോഗിക്കാൻ നാം ലളിതമായ ജീവിതം നയിക്കുന്നു.—മത്താ. 6:33; 24:14.
18. നിത്യജീവനിലേക്കുള്ള യാത്ര തുടരാൻ നമുക്ക് എങ്ങനെ സാധിക്കും, എന്താണ് നിങ്ങളുടെ ദൃഢനിശ്ചയം?
18 യേശുവിന്റെ വ്യക്തിത്വത്തിലെ ആകർഷകമായ ചില ഗുണങ്ങളെക്കുറിച്ചുള്ള പഠനം നാം ആസ്വദിച്ചു. അല്ലേ? അങ്ങനെയെങ്കിൽ, യേശുവിന്റെ മറ്റു ഗുണങ്ങളെക്കുറിച്ചുകൂടി പഠിച്ചുകൊണ്ട് യേശുവിനെപ്പോലെയാകാൻ പരിശ്രമിക്കുന്നത് എത്രയധികം പ്രയോജനം ചെയ്യുമെന്ന് ചിന്തിക്കുക. അതുകൊണ്ട് യേശുവിന്റെ കാൽച്ചുവടുകൾ അടുത്തു പിന്തുടരാൻ നമുക്ക് ദൃഢനിശ്ചയം ചെയ്യാം. അങ്ങനെ ചെയ്യുമ്പോൾ, നിത്യജീവനിലേക്കുള്ള യാത്ര തുടരാനും യഹോവയോട് കൂടുതൽ അടുക്കാനും നമുക്ക് കഴിയും.
a സ്വർഗീയപ്രത്യാശയുള്ള ക്രിസ്ത്യാനികൾക്കുവേണ്ടിയാണ് 1 പത്രോസ് 1:8, 9 എഴുതിയിരിക്കുന്നതെങ്കിലും, പത്രോസിന്റെ വാക്കുകൾ ഭൗമികപ്രത്യാശയുള്ളവർക്കും തത്ത്വത്തിൽ ബാധകമാണ്.
b പരിശോധനകൾ നേരിട്ടപ്പോൾ ധൈര്യം കാണിച്ച വ്യക്തികളുടെ ദൃഷ്ടാന്തങ്ങൾക്കായി 2000 ഡിസംബർ 1 വീക്ഷാഗോപുരം 24-28 പേജുകൾ; 2003 മെയ് 8 ഉണരുക! 18-21 പേജുകൾ; 1995 ജനുവരി 22 ഉണരുക! 11-15 പേജുകൾ എന്നിവ കാണുക.