-
മർക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
എപ്പോഴും ഉണർന്നിരിക്കുക: ഗ്രീക്കുപദത്തിന്റെ അടിസ്ഥാനാർഥം “ഉണർന്നിരിക്കുക” എന്നാണെങ്കിലും പല സന്ദർഭങ്ങളിലും ഇതിന്റെ അർഥം “ജാഗ്രതയോടിരിക്കുക; ശ്രദ്ധയോടിരിക്കുക” എന്നൊക്കെയാണ്. ഈ വാക്യത്തിനു പുറമേ മർ 13:34, 37; 14:34, 37, 38 എന്നീ വാക്യങ്ങളിലും മർക്കോസ് ഈ പദം ഉപയോഗിച്ചിട്ടുണ്ട്.—മത്ത 24:42; 26:38; മർ 14:34 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
സന്ധ്യക്കോ: ഈ വാക്യത്തിൽ രാത്രിയുടെ നാലു യാമങ്ങളെക്കുറിച്ചാണു പറഞ്ഞിരിക്കുന്നത്. ഗ്രീക്ക്, റോമൻ സമ്പ്രദായമനുസരിച്ച് വൈകിട്ട് 6 മണിമുതൽ രാവിലെ 6 മണിവരെയുള്ള സമയം മൂന്നു മണിക്കൂർ വീതമുള്ള നാലു യാമങ്ങളായി തിരിച്ചിരുന്നു. (ഈ വാക്യത്തിലെ തുടർന്നുള്ള പഠനക്കുറിപ്പുകളും കാണുക.) എന്നാൽ മുമ്പ് എബ്രായരുടെ രീതി, രാത്രിയെ നാലു മണിക്കൂർ വീതമുള്ള മൂന്നു യാമങ്ങളായി തിരിക്കുന്നതായിരുന്നു. (പുറ 14:24; ന്യായ 7:19) പക്ഷേ യേശുവിന്റെ കാലമായപ്പോഴേക്കും അവരും റോമൻ സമ്പ്രദായം സ്വീകരിച്ചിരുന്നു. ഈ വാക്യത്തിലെ “സന്ധ്യ” എന്ന പദപ്രയോഗം രാത്രിയുടെ ആദ്യയാമത്തെ കുറിക്കുന്നു. സൂര്യാസ്തമയംമുതൽ രാത്രി ഏകദേശം 9 മണിവരെ നീളുന്നതായിരുന്നു അത്.—മത്ത 14:25-ന്റെ പഠനക്കുറിപ്പു കാണുക.
അർധരാത്രിക്കോ: ഗ്രീക്ക്, റോമൻ സമ്പ്രദായമനുസരിച്ച് ഇതു രാത്രിയുടെ രണ്ടാം യാമത്തെ കുറിക്കുന്നു. രാത്രി ഏകദേശം 9 മണിമുതൽ അർധരാത്രിവരെ നീളുന്നതായിരുന്നു ഇത്.—ഈ വാക്യത്തിലെ സന്ധ്യക്കോ എന്നതിന്റെ പഠനക്കുറിപ്പു കാണുക.
നേരം പുലരുംമുമ്പോ: അക്ഷ. “കോഴി കൂകുന്ന നേരത്തോ.” ഗ്രീക്ക്, റോമൻ സമ്പ്രദായമനുസരിച്ചുള്ള (രാത്രിയുടെ) മൂന്നാം യാമം ഇങ്ങനെയാണ് അറിയപ്പെട്ടിരുന്നത്. അർധരാത്രിമുതൽ അതിരാവിലെ ഏകദേശം 3 മണിവരെ നീളുന്നതായിരുന്നു ഇത്. (ഈ വാക്യത്തിലെ മുൻ പഠനക്കുറിപ്പുകൾ കാണുക.) സാധ്യതയനുസരിച്ച്, ‘കോഴി കൂകിയതായി’ പറഞ്ഞിരിക്കുന്ന സംഭവം നടന്നത് ഈ സമയത്തായിരിക്കാം. (മർ 14:72) മെഡിറ്ററേനിയനു കിഴക്കുള്ള നാടുകളിൽ സമയം കണക്കാക്കാൻ ആളുകൾ പണ്ടുമുതലേ കോഴിയുടെ കൂകൽ ഉപയോഗപ്പെടുത്തിയിരുന്നതായി പൊതുവേ അംഗീകരിക്കപ്പെടുന്നു. തെളിവനുസരിച്ച് ഇന്നും ആ രീതി ഉപയോഗത്തിലുണ്ട്.—മത്ത 26:34; മർ 14:30, 72 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
അതിരാവിലെയോ: ഗ്രീക്ക്, റോമൻ സമ്പ്രദായമനുസരിച്ച് ഇതു രാത്രിയുടെ നാലാം യാമത്തെ കുറിക്കുന്നു. അതിരാവിലെ ഏകദേശം 3 മണിമുതൽ സൂര്യോദയംവരെ നീളുന്നതായിരുന്നു ഇത്.—ഈ വാക്യത്തിലെ മുൻ പഠനക്കുറിപ്പുകൾ കാണുക.
-