-
ലൂക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
കഠിനശ്രമം ചെയ്യുക: അഥവാ, “പോരാടിക്കൊണ്ടിരിക്കുക.” ഇടുക്കുവാതിലിലൂടെ അകത്ത് കടക്കാൻ നമ്മൾ അത്യുത്സാഹത്തോടെ, മനസ്സ് അർപ്പിച്ച് പ്രവർത്തിക്കണം എന്ന് ഊന്നിപ്പറയുകയായിരുന്നു യേശു ഇവിടെ. മേൽപ്പറഞ്ഞ പദപ്രയോഗത്തെ, “കഴിവിന്റെ പരമാവധി ശ്രമിക്കുക; കഴിയുന്നതെല്ലാം ചെയ്യുക” എന്നൊക്കെ ഈ വാക്യത്തിൽ പരിഭാഷപ്പെടുത്താമെന്നു ചില ആധികാരികഗ്രന്ഥങ്ങൾ പറയുന്നു. ഇവിടെ കാണുന്ന അഗോനിസൊമായ് എന്ന ഗ്രീക്കുക്രിയയുമായി ബന്ധമുള്ള അഗോൻ എന്ന ഗ്രീക്ക് നാമപദം പലപ്പോഴും കായികമത്സരങ്ങളെ കുറിക്കാനാണ് ഉപയോഗിച്ചിരുന്നത്. എബ്ര 12:1-ൽ ഈ നാമപദം ജീവനുവേണ്ടിയുള്ള ക്രിസ്തീയ ‘ഓട്ടമത്സരത്തെ’ കുറിക്കാൻ ആലങ്കാരികാർഥത്തിൽ ഉപയോഗിച്ചിരിക്കുന്നതായി കാണാം. അതിനെ കുറെക്കൂടെ വിശാലമായ അർഥത്തിൽ, “പോരാട്ടം” എന്നും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. (ഫിലി 1:30; കൊലോ 2:1; 1തിമ 6:12; 2തിമ 4:7) ലൂക്ക 13:24-ൽ കാണുന്ന ഗ്രീക്കുക്രിയയുടെ വിവിധരൂപങ്ങളെ, ‘മത്സരത്തിൽ പങ്കെടുക്കുക’ (1കൊ 9:25), “കഠിനമായി അധ്വാനിക്കുക” (കൊലോ 1:29), “തീവ്രമായി (പ്രവർത്തിക്കുക)” (കൊലോ 4:12), “യത്നിക്കുക” (1തിമ 4:10), “പൊരുതുക” (1തിമ 6:12) എന്നെല്ലാം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഇതു കായികമത്സരങ്ങളുമായി ബന്ധപ്പെട്ട ഒരു പദപ്രയോഗമായതുകൊണ്ട് യേശു ഇവിടെ നമ്മളെ പ്രോത്സാഹിപ്പിക്കുന്നത്, സമ്മാനം നേടാൻ കൈയും മെയ്യും മറന്ന്, സർവശക്തിയുമെടുത്ത് മുന്നേറുന്ന ഒരു കായികതാരത്തെപ്പോലെ പരിശ്രമിക്കാനാണെന്നു ചിലർ അഭിപ്രായപ്പെടുന്നു.
-