-
യോഹന്നാൻ: പഠനക്കുറിപ്പുകൾ—അധ്യായം 1വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
വചനം: ഗ്രീക്കിൽ, ലോഗൊസ്. ഇവിടെ ഒരു പദവിനാമമായി ഉപയോഗിച്ചിരിക്കുന്ന ഈ പദപ്രയോഗം യോഹ 1:14-ലും വെളി 19:13-ലും കാണാം. ഈ പദവിനാമം യേശുവിന്റേതാണെന്നു യോഹന്നാൻതന്നെ വെളിപ്പെടുത്തുന്നുണ്ട്. യേശു മനുഷ്യനായി വരുന്നതിനു മുമ്പ് ഒരു ആത്മവ്യക്തിയായിരുന്ന സമയത്തും ഒരു പൂർണമനുഷ്യനായി ഭൂമിയിൽ ശുശ്രൂഷ നടത്തിയ കാലത്തും സ്വർഗാരോഹണത്തിനു ശേഷമുള്ള സമയത്തും യേശുവിനെ വിശേഷിപ്പിക്കാൻ ഈ പദവിനാമം ഉപയോഗിച്ചിരിക്കുന്നതായി കാണാം. സ്രഷ്ടാവായ ദൈവത്തിന്റെ മറ്റ് ആത്മപുത്രന്മാർക്കും മനുഷ്യർക്കും ദൈവത്തിൽനിന്നുള്ള നിർദേശങ്ങളും വിവരങ്ങളും നൽകുന്ന, ദൈവത്തിന്റെ വക്താവായിരുന്നു യേശു. അതുകൊണ്ടുതന്നെ യേശു ഭൂമിയിലേക്കു വരുന്നതിനു മുമ്പുള്ള കാലത്ത് മനുഷ്യരുമായി ആശയവിനിമയം ചെയ്യാൻ യഹോവ പലപ്പോഴും ‘വചനം’ എന്ന ഈ ദൂതവക്താവിനെ ഉപയോഗിച്ചിട്ടുണ്ടെന്നു ന്യായമായും നിഗമനം ചെയ്യാം.—ഉൽ 16:7-11; 22:11; 31:11; പുറ 3:2-5; ന്യായ 2:1-4; 6:11, 12; 13:3.
കൂടെയായിരുന്നു: അക്ഷ. “നേർക്കായിരുന്നു.” ഈ വാക്യത്തിൽ പ്രോസ് എന്ന ഗ്രീക്കുപ്രത്യയം (Greek preposition), തൊട്ടടുത്തായിരിക്കുന്നതിനെയോ അടുത്ത കൂട്ടാളിയായിരിക്കുന്നതിനെയോ ആണ് സൂചിപ്പിക്കുന്നത്. ഇനി, വചനവും ഏകസത്യദൈവവും ഒന്നല്ല, രണ്ടു വ്യക്തികളാണെന്ന സൂചനയും ഈ ഗ്രീക്കുപദം തരുന്നുണ്ട്.
വചനം ഒരു ദൈവമായിരുന്നു: അഥവാ “വചനം ദിവ്യനായിരുന്നു (അല്ലെങ്കിൽ “ദൈവത്തെപ്പോലുള്ളവനായിരുന്നു”).” യോഹന്നാന്റെ ഈ പ്രസ്താവന, ‘വചനത്തിന്റെ’ (ഗ്രീക്കിൽ, ലോഗൊസ്; ഈ വാക്യത്തിലെ വചനം എന്നതിന്റെ പഠനക്കുറിപ്പു കാണുക.) അഥവാ യേശുക്രിസ്തുവിന്റെ ഒരു സവിശേഷതയെയാണു വർണിക്കുന്നത്. മറ്റെല്ലാം സൃഷ്ടിക്കാൻ യഹോവ ഉപയോഗിച്ച ആദ്യജാതപുത്രൻ എന്ന അതുല്യസ്ഥാനമുള്ളതുകൊണ്ട് ‘വചനത്തിന്,’ “ഒരു ദൈവം; ദൈവത്തെപ്പോലുള്ളവൻ; ദിവ്യൻ” എന്നീ വിശേഷണങ്ങൾ ചേരും. എന്നാൽ പല പരിഭാഷകരും ഈ ഭാഗത്തെ, “വചനം ദൈവമായിരുന്നു” എന്നു പരിഭാഷപ്പെടുത്തണമെന്നു വാദിക്കുന്നവരാണ്. പക്ഷേ അതിലൂടെ അവർ ‘വചനത്തെ’ സർവശക്തനായ ദൈവത്തിനു തുല്യനാക്കുകയാണ്. എന്നാൽ ‘വചനവും’ സർവശക്തനായ ദൈവവും ഒന്നാണെന്നു സൂചിപ്പിക്കാൻ യോഹന്നാൻ ഉദ്ദേശിച്ചില്ല. അങ്ങനെ പറയാൻ തക്കതായ കാരണങ്ങളുണ്ട്. ഒന്നാമതായി, ഈ പ്രസ്താവനയ്ക്കു മുമ്പും പിമ്പും ഉള്ള ഭാഗങ്ങളിൽ “വചനം ദൈവത്തിന്റെകൂടെയായിരുന്നു” എന്നു വ്യക്തമാക്കുന്നുണ്ട്. ഇനി, 1-ഉം 2-ഉം വാക്യങ്ങളിൽ തെയോസ് എന്ന പദം മൂന്നു പ്രാവശ്യം കാണുന്നുണ്ടെങ്കിലും അതിൽ ഒന്നാമത്തെയും മൂന്നാമത്തെയും സ്ഥലങ്ങളിൽ മാത്രമേ തെയോസ് എന്ന പദത്തിനു മുമ്പ് ഗ്രീക്കിൽ ഒരു നിശ്ചായക ഉപപദം കാണുന്നുള്ളൂ; രണ്ടാമത്തേതിനു മുമ്പ് ഉപപദങ്ങളൊന്നും കാണുന്നില്ല. ഇതിൽ രണ്ടാമത്തെ തെയോസിനു മുമ്പ് നിശ്ചായക ഉപപദം കാണുന്നില്ലാത്തതു പ്രത്യേകം കണക്കിലെടുക്കണമെന്നു പല പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. തെയോസ് എന്ന പദത്തിനു മുമ്പ് ഉപപദം ഉപയോഗിച്ചാൽ അതു സർവശക്തനായ ദൈവത്തെയാണു കുറിക്കുന്നത്. അതേസമയം, ഈ വ്യാകരണഘടനയിൽ തെയോസ് എന്ന പദത്തിനു മുമ്പ് ഒരു ഉപപദം ഉപയോഗിച്ചിട്ടില്ലെങ്കിൽ, അത് ‘വചനത്തിന്റെ’ പ്രകൃതിയെ അഥവാ ഒരു സവിശേഷതയെ മാത്രമാണു കുറിക്കുന്നത്. അതുകൊണ്ടാണ് ബൈബിളിന്റെ പല ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ പരിഭാഷകളും “വചനം” എന്ന പദത്തെ പുതിയ ലോക ഭാഷാന്തരത്തിലെപ്പോലെ, “ഒരു ദൈവം; ദിവ്യൻ; ദൈവത്വമുള്ളവൻ; ദൈവത്തെപ്പോലുള്ളവൻ” എന്നൊക്കെ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. സാധ്യതയനുസരിച്ച് എ.ഡി. മൂന്ന്, നാല് നൂറ്റാണ്ടുകളിൽ പുറത്തിറക്കിയ, യോഹന്നാന്റെ സുവിശേഷത്തിന്റെ സഹിദിക്ക്, ബൊഹൈറിക്ക് തർജമകളും (കോപ്ടിക് ഭാഷയുടെ പ്രാദേശികരൂപങ്ങളാണ് ഇവ രണ്ടും.) ഇതിനോടു യോജിക്കുന്നു. കാരണം, ആ പരിഭാഷകളും യോഹ 1:1-ൽ തെയോസ് എന്ന പദം, ഒന്നാമത്തെ സ്ഥലത്ത് പരിഭാഷ ചെയ്തിരിക്കുന്നതിൽനിന്ന് വ്യത്യസ്തമായാണു രണ്ടാമത്തെ സ്ഥലത്ത് ചെയ്തിരിക്കുന്നത്. ‘വചനത്തിന്റെ’ പ്രകൃതി ദൈവത്തെപ്പോലെയാണ് എന്നു സൂചിപ്പിക്കുന്ന ഈ പരിഭാഷകൾ ‘വചനത്തിന്റെ’ ഒരു സവിശേഷത എടുത്തുകാട്ടുക മാത്രമാണു ചെയ്യുന്നത്. അല്ലാതെ “വചനം” പിതാവിനോട്, അഥവാ സർവശക്തനായ ദൈവത്തോട്, തുല്യനാണെന്നു പറയുന്നില്ല. “ക്രിസ്തുവിലാണല്ലോ എല്ലാ ദൈവികഗുണങ്ങളും അതിന്റെ പൂർണരൂപത്തിലുള്ളത്” എന്നു പറയുന്ന കൊലോ 2:9-ഉം ഈ ആശയവുമായി യോജിക്കുന്നു. ഇനി, 2പത്ര 1:4-ൽ ക്രിസ്തുവിന്റെ കൂട്ടവകാശികളെക്കുറിച്ചുപോലും പറയുന്നത് അവർ ‘ദൈവപ്രകൃതിയിൽ പങ്കാളികളാകും’ എന്നാണ്. സെപ്റ്റുവജിന്റ് പരിഭാഷയിൽ, പൊതുവേ തെയോസ് എന്നു തർജമ ചെയ്തിരിക്കുന്നത് ഏൽ, ഏലോഹീം എന്നീ എബ്രായപദങ്ങളെയാണ് എന്നതും ശ്രദ്ധിക്കുക. സാധാരണയായി “ദൈവം” എന്നു പരിഭാഷപ്പെടുത്താറുള്ള ആ പദങ്ങളുടെ അടിസ്ഥാനാർഥം “ശക്തനായവൻ; ബലവാൻ” എന്നൊക്കെ മാത്രമാണ്. ഈ എബ്രായപദങ്ങൾ സർവശക്തനായ ദൈവത്തെ മാത്രമല്ല മറ്റു ദൈവങ്ങളെയും മനുഷ്യരെയും കുറിക്കാനും ഉപയോഗിച്ചിട്ടുണ്ട്. (യോഹ 10:34-ന്റെ പഠനക്കുറിപ്പു കാണുക.) വചനത്തെ “ഒരു ദൈവം” എന്നോ “ശക്തനായവൻ” എന്നോ വിളിക്കുന്നത് യശ 9:6-ലെ പ്രവചനവുമായും ചേരും. കാരണം മിശിഹ, “ശക്തനാം ദൈവം” എന്ന് (“സർവശക്തനാം ദൈവം” എന്നല്ല.) വിളിക്കപ്പെടുമെന്നും തന്റെ പ്രജകളായിരിക്കാൻ പദവി ലഭിക്കുന്നവരുടെ “നിത്യപിതാവ്” ആയിരിക്കുമെന്നും ആണ് അവിടെ പറയുന്നത്. അതു സാധ്യമാക്കുന്നതാകട്ടെ, മിശിഹയുടെ പിതാവായ, “സൈന്യങ്ങളുടെ അധിപനായ യഹോവയുടെ” തീക്ഷ്ണതയാണ്.—യശ 9:7.
-