-
യോഹന്നാൻ 7:49വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
49 എന്നാൽ നിയമം അറിഞ്ഞുകൂടാത്ത ഈ ജനം ശപിക്കപ്പെട്ടവരാണ്.”
-
-
യോഹന്നാൻ: പഠനക്കുറിപ്പുകൾ—അധ്യായം 7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
ജനം ശപിക്കപ്പെട്ടവരാണ്: അഹങ്കാരികളും സ്വയനീതിക്കാരും ആയ പരീശന്മാരും ജൂതനേതാക്കന്മാരും, യേശുവിനെ ശ്രദ്ധിച്ച സാധാരണക്കാരായ ആളുകളെ അവജ്ഞയോടെയാണു കണ്ടിരുന്നത്. അതുകൊണ്ടുതന്നെ അവർ അവരെ ‘ശപിക്കപ്പെട്ട ജനം’ എന്നു വിളിച്ചിരുന്നു. അവർ ദൈവത്തിന്റെ ശാപത്തിൻകീഴിലാണ് എന്നൊരു ധ്വനിയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്ന എപാരറ്റസ് (വെറുപ്പിനെ സൂചിപ്പിക്കുന്നു.) എന്ന ഗ്രീക്കുപദം തരുന്നത്. ഇനി, സാധാരണക്കാരായ ആളുകളോടുള്ള വെറുപ്പിനെ സൂചിപ്പിക്കാൻ ജൂതമതനേതാക്കന്മാർ അംഹാരെറ്റ്സ് (“ദേശത്തെ ആളുകൾ”) എന്നൊരു എബ്രായപദവും ഉപയോഗിച്ചിരുന്നു. തുടക്കത്തിൽ ഇത്, ഒരു ദേശത്തെ എല്ലാ പൗരന്മാരെയും കുറിക്കാൻ ആദരവോടെ ഉപയോഗിച്ചിരുന്ന ഒരു പദമായിരുന്നു. പാവപ്പെട്ടവരെയും എളിയവരെയും മാത്രമല്ല പ്രമുഖരായ ആളുകളെപ്പോലും അന്ന് അംഹാരെറ്റ്സ് എന്നു വിളിച്ചിരുന്നു. (ഉൽ 23:7; 2രാജ 23:35; യഹ 22:29) എന്നാൽ യേശുവിന്റെ കാലമായപ്പോഴേക്കും ഈ പദത്തിന്റെ അർഥം മാറി. മോശയുടെ നിയമം അറിയാത്തവരെന്നു മുദ്രകുത്തിയിരുന്നവരെയും റബ്ബിമാരുടെ പാരമ്പര്യങ്ങളിലെ തീർത്തും നിസ്സാരമായ കാര്യങ്ങൾ അനുസരിക്കുന്നതിൽ വീഴ്ചവരുത്തുന്നവരെയും ഒക്കെ കുറിക്കാൻ ഈ പദം ഉപയോഗിച്ചുതുടങ്ങി. റബ്ബിമാർക്ക് ഇങ്ങനെയൊരു മനോഭാവം ഉണ്ടായിരുന്നതായി പിൽക്കാലത്തെ അവരുടെ പല ലിഖിതങ്ങളും സൂചിപ്പിക്കുന്നുണ്ട്. പല മതനേതാക്കന്മാരും അത്തരം ആളുകളെ അവജ്ഞയോടെയാണു കണ്ടിരുന്നത്. അവരോടൊപ്പം ഭക്ഷണം കഴിക്കാനോ അവരിൽനിന്ന് എന്തെങ്കിലും വിലയ്ക്കു വാങ്ങാനോ അവരുമായി ഇടപഴകാനോ അവർ വിസമ്മതിച്ചിരുന്നു.
-