-
പ്രവൃത്തികൾ: പഠനക്കുറിപ്പുകൾ—അധ്യായം 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
മായ്ച്ചുകിട്ടാൻ: ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുക്രിയയെ “തുടച്ച് ഇല്ലാതാക്കുക” എന്നു നിർവചിക്കാം. ബൈബിളിൽ ഈ പദം, കണ്ണീർ തുടച്ചുകളയുന്നതിനെക്കുറിച്ചും (വെളി 7:17; 21:4) ജീവന്റെ പുസ്തകത്തിൽനിന്ന് പേര് മായ്ച്ചുകളയുന്നതിനെക്കുറിച്ചും (വെളി 3:5) പറയുന്നിടത്ത് ഉപയോഗിച്ചിട്ടുണ്ട്. “ഒരു പാടുപോലും അവശേഷിപ്പിക്കാതെ ഇല്ലാതാക്കുക” എന്നൊരു അർഥമാണ് ഈ വാക്യത്തിൽ ആ പദത്തിനുള്ളത്. കൈകൊണ്ട് എഴുതിയ അക്ഷരങ്ങൾ മായ്ച്ചുകളയുന്നതിന്റെ ചിത്രമാണ് ഇവിടെ ഈ പദപ്രയോഗം നൽകുന്നതെന്നു ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ഇതേ ഗ്രീക്കുപദം കൊലോ 2:14-ൽ ‘മായ്ച്ചുകളയുക’ എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്.
മാനസാന്തരപ്പെട്ട് ദൈവത്തിലേക്കു തിരിയുക: ഇവിടെ “മാനസാന്തരപ്പെടുക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മെറ്റാനോയ്യ എന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “മനസ്സു മാറ്റുക” എന്നാണ്. ചിന്തയിലോ മനോഭാവത്തിലോ ഉദ്ദേശ്യത്തിലോ വരുത്തുന്ന മാറ്റത്തെയാണ് ഇത് അർഥമാക്കുന്നത്. മാനസാന്തരം എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്, ദൈവവുമായുള്ള ബന്ധത്തിൽ വന്ന വിള്ളലുകൾ നികത്തി അതു പഴയപടിയാക്കാനുള്ള ആഗ്രഹത്തെയാണ്. ആത്മാർഥമായ മാനസാന്തരമുള്ളയാൾ, തന്റെ തെറ്റായ ജീവിതഗതിയെക്കുറിച്ച് ഓർത്ത് അങ്ങേയറ്റം ഖേദിക്കുകയും താൻ ചെയ്ത പാപം മേലാൽ ആവർത്തിക്കാതിരിക്കാൻ തീരുമാനിച്ചുറയ്ക്കുകയും ചെയ്യും. (2കൊ 7:10, 11; മത്ത 3:2, 8 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.) ഇനി, അത്തരം മാനസാന്തരമുള്ളയാൾ ‘ദൈവത്തിലേക്കു തിരിയാനും’ തയ്യാറാകും. തന്റെ തെറ്റായ പ്രവൃത്തികൾ ഉപേക്ഷിച്ച ആ വ്യക്തി അങ്ങനെ ദൈവത്തിന് ഇഷ്ടമുള്ള ഒരു ജീവിതരീതി സ്വീകരിക്കും. “ദൈവത്തിലേക്കു തിരിയുക” എന്നു പരിഭാഷപ്പെടുത്താറുള്ള എബ്രായ, ഗ്രീക്ക് ക്രിയകളുടെ (എബ്രായയിൽ, ഷൂബ്; ഗ്രീക്കിൽ സ്ട്രെഫോ; എപിസ്ട്രെഫോ) അക്ഷരാർഥം “തിരിയുക; തിരിച്ചുവരുക” എന്നൊക്കെ മാത്രമാണ്. (ഉൽ 18:10; 50:14; പ്രവൃ 15:36) എന്നാൽ ഒരു ആത്മീയാർഥത്തിൽ ഉപയോഗിക്കുമ്പോൾ ഈ പദത്തിന്, തെറ്റായ ജീവിതം ഉപേക്ഷിച്ച് ദൈവത്തിലേക്കു തിരിയുന്നതിനെ കുറിക്കാനാകും.—1രാജ 8:33; യഹ 33:11; പ്രവൃ 15:3; 26:20 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
യഹോവ ഉന്മേഷകാലങ്ങൾ നൽകുകയും: ലഭ്യമായ ഗ്രീക്ക് കൈയെഴുത്തുപ്രതികളിൽ ഇവിടെ കാണുന്നതു “കർത്താവിന്റെ മുഖത്തുനിന്ന് ഉന്മേഷകാലങ്ങൾ ലഭിക്കുകയും” എന്നാണ്. (അനു. സി കാണുക.) എന്നാൽ ഇവിടെ പറഞ്ഞിരിക്കുന്ന “കത്താവ്” യേശുവല്ല, ദൈവമായ യഹോവയാണെന്നു വാക്യസന്ദർഭം (പ്രവൃ 3:17-22) സൂചിപ്പിക്കുന്നു. കാരണം ഈ കർത്താവാണു ‘ക്രിസ്തുവായ യേശുവിനെ അയയ്ക്കുന്നതെന്നു’ പ്രവൃ 3:20 പറയുന്നു. ഇനി, പ്രവൃ 3:22-ലും “കർത്താവ്” എന്നതിന്റെ ഗ്രീക്കുപദമാണ് (കിരിയോസ്) ഉപയോഗിച്ചിരിക്കുന്നതെങ്കിലും അതിൽ ഉദ്ധരിച്ചിരിക്കുന്ന ആവ 18:15-ന്റെ മൂല എബ്രായപാഠത്തിൽ അവിടെ ദൈവനാമമാണു (ചതുരക്ഷരി) കാണുന്നത്. (പ്രവൃ 3:22-ന്റെ പഠനക്കുറിപ്പു കാണുക.) “മുഖം” എന്നതിന്റെ എബ്രായപദം ദൈവനാമത്തോടൊപ്പം (ചതുരക്ഷരി) ഉപയോഗിക്കുന്ന രീതി (“യഹോവയുടെ മുഖം” എന്നതുപോലെ) എബ്രായതിരുവെഴുത്തുകളിൽ സാധാരണമാണ്.—പുറ 34:24; സങ്ക 34:16, അടിക്കുറിപ്പ്.
കാലങ്ങൾ: അഥവാ “നിശ്ചയിക്കപ്പെട്ടിരിക്കുന്ന സമയങ്ങൾ.” ഇവിടെ കാണുന്ന കയ്റോസ് എന്ന ഗ്രീക്കുപദത്തിന് (അതിന്റെ ബഹുവചനരൂപത്തെ ഇവിടെ “കാലങ്ങൾ” എന്നു പരിഭാഷ ചെയ്തിരിക്കുന്നു.) ഒരു പ്രത്യേക സമയബിന്ദുവിനെയോ കൃത്യമായ സമയദൈർഘ്യമുള്ള ഒരു കാലയളവിനെയോ കൊയ്ത്ത്, വിളവെടുപ്പ് എന്നിവപോലെ പ്രത്യേകസവിശേഷതകളുള്ള ഒരു ‘കാലത്തെയോ’ (അഥവാ ‘സമയത്തെയോ’) കുറിക്കാനാകും. (മത്ത 13:30; 21:34; മർ 11:13) യേശുവിന്റെ ശുശ്രൂഷ തുടങ്ങാനായി ‘നിശ്ചയിച്ചിരുന്ന കാലത്തെക്കുറിച്ചും’ (മർ 1:15) യേശുവിന്റെ മരണത്തിനായി നിശ്ചയിച്ചിരുന്ന ‘സമയത്തെക്കുറിച്ചും’ (മത്ത 26:18) പറയുന്ന ഭാഗങ്ങളിലും ഇതേ ഗ്രീക്കുപദം കാണാം. ഇനി, ദൈവത്തിന്റെ ക്രമീകരണത്തിന് അഥവാ സമയപ്പട്ടികയ്ക്ക് ഉള്ളിലുള്ള, ഭാവികാലഘട്ടങ്ങളെ കുറിക്കാനും കയ്റോസ് ഉപയോഗിച്ചിട്ടുണ്ട്. പ്രധാനമായും ക്രിസ്തുവിന്റെ സാന്നിധ്യം, രാജ്യം എന്നിവയുമായി ബന്ധപ്പെട്ടാണ് അത് അത്തരത്തിൽ ഉപയോഗിച്ചിരിക്കുന്നത്.—പ്രവൃ 1:7; 1തെസ്സ 5:1.
-