ന്യായാധിപന്മാർ
17 എഫ്രയീംമലനാട്ടിൽ+ മീഖ എന്നൊരാളുണ്ടായിരുന്നു. 2 മീഖ അമ്മയോടു പറഞ്ഞു: “അമ്മയുടെ 1,100 വെള്ളിക്കാശു മോഷ്ടിച്ചവനെ അമ്മ ശപിക്കുന്നതു ഞാൻ കേട്ടിരുന്നു. ഇതാ, ആ വെള്ളിക്കാശ്! ഞാനാണ് അത് എടുത്തത്.” അപ്പോൾ മീഖയുടെ അമ്മ പറഞ്ഞു: “മകനേ, യഹോവ നിന്നെ അനുഗ്രഹിക്കട്ടെ.” 3 മീഖ ആ 1,100 വെള്ളിക്കാശ് അമ്മയ്ക്കു തിരിച്ചുകൊടുത്തു. അമ്മ പറഞ്ഞു: “എന്റെ മകനുവേണ്ടി, ഒരു വിഗ്രഹവും ഒരു ലോഹപ്രതിമയും*+ ഉണ്ടാക്കാൻ എന്റെ കൈയിൽനിന്ന് ഈ വെള്ളി ഞാൻ യഹോവയ്ക്കു സമർപ്പിക്കും. ഞാൻ ഇതാ, അതു നിനക്കുതന്നെ തിരിച്ചുതരുന്നു.”
4 മീഖ വെള്ളി അമ്മയ്ക്കു മടക്കിക്കൊടുത്തപ്പോൾ അമ്മ 200 വെള്ളിക്കാശ് എടുത്ത് വെള്ളിപ്പണിക്കാരനു കൊടുത്തു. വെള്ളിപ്പണിക്കാരൻ ഒരു വിഗ്രഹവും ഒരു ലോഹപ്രതിമയും ഉണ്ടാക്കി; അവ മീഖയുടെ വീട്ടിൽ വെച്ചു. 5 മീഖയ്ക്ക് ഒരു ദേവമന്ദിരമുണ്ടായിരുന്നു. മീഖ ഒരു ഏഫോദും+ കുലദൈവപ്രതിമകളും*+ ഉണ്ടാക്കി ആൺമക്കളിൽ ഒരാളെ പുരോഹിതനായി അവരോധിച്ചു.+ 6 അക്കാലത്ത് ഇസ്രായേലിൽ ഒരു രാജാവുണ്ടായിരുന്നില്ല.+ ഓരോരുത്തരും തനിക്കു ശരിയെന്നു തോന്നിയതുപോലെ പ്രവർത്തിച്ചുപോന്നു.+
7 യഹൂദയിലെ ബേത്ത്ലെഹെമിൽ+ യഹൂദാകുടുംബത്തിൽപ്പെട്ട ഒരു യുവാവുണ്ടായിരുന്നു. ലേവ്യനായ+ ആ യുവാവ് കുറച്ച് കാലമായി അവിടെ താമസിച്ചുവരുകയായിരുന്നു. 8 താമസിക്കാൻ ഒരു സ്ഥലം അന്വേഷിച്ച് യുവാവ് യഹൂദയിലെ ബേത്ത്ലെഹെം നഗരത്തിൽനിന്ന് യാത്രയായി. യാത്രയ്ക്കിടെ അയാൾ എഫ്രയീംമലനാട്ടിൽ മീഖയുടെ+ വീട്ടിൽ എത്തി. 9 അപ്പോൾ മീഖ ആ യുവാവിനോട്, “എവിടെനിന്ന് വരുന്നു” എന്നു ചോദിച്ചു. യുവാവ് പറഞ്ഞു: “ഞാൻ യഹൂദയിലെ ബേത്ത്ലെഹെമിൽനിന്നുള്ള ഒരു ലേവ്യനാണ്. താമസിക്കാൻ ഒരു സ്ഥലം അന്വേഷിച്ച് പോകുകയാണ്.” 10 അപ്പോൾ മീഖ പറഞ്ഞു: “എന്നോടൊപ്പം താമസിച്ച് എനിക്കൊരു പിതാവും* പുരോഹിതനും ആയി സേവിക്കുക. ഞാൻ എല്ലാ വർഷവും പത്തു വെള്ളിക്കാശും വസ്ത്രവും ആഹാരവും തരാം.” അങ്ങനെ ആ ലേവ്യൻ മീഖയോടൊപ്പം വീടിന് അകത്തേക്കു ചെന്നു. 11 അയാൾ മീഖയോടൊപ്പം താമസിക്കാൻ സമ്മതിച്ചു. ആ യുവാവ് മീഖയ്ക്ക് ഒരു മകനെപ്പോലെയായി. 12 മീഖ ആ ലേവ്യനെ സ്വന്തം പുരോഹിതനായി അവരോധിച്ചു.+ അയാൾ മീഖയുടെ വീട്ടിൽ താമസിച്ചു. 13 മീഖ പറഞ്ഞു: “ഒരു ലേവ്യനെ എന്റെ പുരോഹിതനായി ലഭിച്ചതുകൊണ്ട് യഹോവ എനിക്കു നന്മ വരുത്തുമെന്ന് ഉറപ്പാണ്.”