ശമുവേൽ ഒന്നാം ഭാഗം
23 “ഫെലിസ്ത്യർ കെയിലയ്ക്കെതിരെ+ യുദ്ധം ചെയ്യുകയാണ്. അവർ മെതിക്കളങ്ങൾ കൊള്ളയടിക്കുന്നു” എന്നു ദാവീദിനു വിവരം കിട്ടി. 2 അപ്പോൾ, ദാവീദ് യഹോവയോട്,+ “ഞാൻ പോയി ആ ഫെലിസ്ത്യരെ വകവരുത്തണോ” എന്നു ചോദിച്ചു. യഹോവ ദാവീദിനോടു പറഞ്ഞു: “പോയി ഫെലിസ്ത്യരെ വകവരുത്തി കെയിലയെ രക്ഷിക്കൂ!” 3 പക്ഷേ, കൂടെയുള്ള പുരുഷന്മാർ ദാവീദിനോടു പറഞ്ഞു: “നമ്മൾ ഇവിടെ യഹൂദയിലായിരുന്നിട്ടുതന്നെ പേടിച്ചാണു കഴിയുന്നത്.+ അപ്പോൾപ്പിന്നെ, കെയിലയിൽ ഫെലിസ്ത്യരുടെ പടനിരയ്ക്കെതിരെ എങ്ങനെ ചെല്ലും?”+ 4 അതുകൊണ്ട്, ദാവീദ് വീണ്ടും യഹോവയുടെ ഉപദേശം തേടി.+ അപ്പോൾ, യഹോവ ദാവീദിന് ഇങ്ങനെ ഉത്തരം കൊടുത്തു: “എഴുന്നേറ്റ് കെയിലയിലേക്കു ചെല്ലൂ! ആ ഫെലിസ്ത്യരെ ഞാൻ നിന്റെ കൈയിൽ ഏൽപ്പിക്കും.”+ 5 അങ്ങനെ, ദാവീദ് തന്റെ ആളുകളെയും കൂട്ടി കെയിലയിലേക്കു ചെന്ന് ഫെലിസ്ത്യരോടു പോരാടി. അവരെ കൊന്ന് അവിടെ ഒരു മഹാസംഹാരം നടത്തുകയും അവരുടെ മൃഗങ്ങളെ പിടിച്ചുകൊണ്ടുപോരുകയും ചെയ്തു. അങ്ങനെ, ദാവീദ് കെയിലനിവാസികളെ രക്ഷിച്ചു.+
6 അഹിമേലെക്കിന്റെ മകനായ അബ്യാഥാർ+ കെയിലയിൽ ദാവീദിന്റെ അടുത്തേക്ക് ഓടിച്ചെന്നപ്പോൾ ഒരു ഏഫോദും കൈയിൽ കൊണ്ടുവന്നിരുന്നു. 7 “ദാവീദ് കെയിലയിൽ എത്തിയിട്ടുണ്ട്” എന്നു ശൗലിനു വിവരം കിട്ടി. അപ്പോൾ ശൗൽ പറഞ്ഞു: “ദൈവം ദാവീദിനെ എന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു.*+ കതകുകളും ഓടാമ്പലുകളും ഉള്ള ഒരു നഗരത്തിൽ പ്രവേശിച്ച് ദാവീദ് കുടുക്കിലായിരിക്കുന്നല്ലോ.” 8 അങ്ങനെ കെയിലയിലേക്കു ചെന്ന് ദാവീദിനെയും ആളുകളെയും വളഞ്ഞുപിടിക്കാൻ ശൗൽ ജനത്തെയെല്ലാം യുദ്ധത്തിനു വിളിച്ചുകൂട്ടി. 9 ശൗൽ തനിക്ക് എതിരെ ഗൂഢാലോചന നടത്തുന്നെന്നു മനസ്സിലാക്കിയ ദാവീദ് പുരോഹിതനായ അബ്യാഥാരിനോട്, “ഏഫോദ് കൊണ്ടുവരൂ”+ എന്നു പറഞ്ഞു. 10 പിന്നെ, ദാവീദ് പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവേ, ഞാൻ കാരണം ശൗൽ കെയിലയിലേക്കു വന്ന് നഗരത്തെ നശിപ്പിക്കാൻ പോകുന്നെന്ന് അങ്ങയുടെ ഈ ദാസൻ കേട്ടു.+ 11 കെയിലയിലെ നേതാക്കന്മാർ* എന്നെ ശൗലിന്റെ കൈയിൽ ഏൽപ്പിക്കുമോ? അങ്ങയുടെ ഈ ദാസൻ കേട്ടതുപോലെ ശൗൽ ഇങ്ങോട്ടു വരുമോ? ഇസ്രായേലിന്റെ ദൈവമായ യഹോവേ, ദയവായി അങ്ങയുടെ ഈ ദാസനോടു പറഞ്ഞാലും.” അപ്പോൾ യഹോവ, “അവൻ വരും” എന്നു പറഞ്ഞു. 12 “കെയിലയിലെ നേതാക്കന്മാർ എന്നെയും എന്റെ ആളുകളെയും ശൗലിന്റെ കൈയിൽ ഏൽപ്പിക്കുമോ” എന്നു ദാവീദ് ചോദിച്ചപ്പോൾ, “ഏൽപ്പിക്കും” എന്ന് യഹോവ പറഞ്ഞു.
13 ഉടനെ, ദാവീദും കൂടെയുള്ള 600-ഓളം പേരും+ കെയില വിട്ട് ഓരോരോ സ്ഥലത്തേക്കു മാറിമാറി പൊയ്ക്കൊണ്ടിരുന്നു. ദാവീദ് കെയിലയിൽനിന്ന് രക്ഷപ്പെട്ടെന്നു കേട്ട ശൗൽ പിന്നെ ദാവീദിനെ പിന്തുടർന്നില്ല. 14 പിന്നീട്, ദാവീദ് വിജനഭൂമിയിൽ, എത്തിപ്പെടാൻ പ്രയാസമുള്ള സ്ഥലങ്ങളിലാണു കഴിഞ്ഞത്. സീഫ്വിജനഭൂമിയിലെ മലനാട്ടിലായിരുന്നു+ ദാവീദിന്റെ താമസം. ശൗൽ നിരന്തരം ദാവീദിനുവേണ്ടി അന്വേഷിച്ചുകൊണ്ടിരുന്നു.+ പക്ഷേ, യഹോവ ദാവീദിനെ ശൗലിന്റെ കൈയിൽ ഏൽപ്പിച്ചില്ല. 15 ശൗൽ തന്നെ കൊല്ലാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്നു ദാവീദിന് അറിയാമായിരുന്നു.* ഈ സമയം ദാവീദ് സീഫ്വിജനഭൂമിയിലെ ഹോറെശിലായിരുന്നു.
16 ശൗലിന്റെ മകനായ യോനാഥാൻ ഹോറെശിൽ ദാവീദിന്റെ അടുത്ത് ചെന്ന്, യഹോവയിൽ ശക്തിയാർജിക്കാൻ ദാവീദിനെ സഹായിച്ചു.+ 17 യോനാഥാൻ പറഞ്ഞു: “പേടിക്കേണ്ടാ. എന്റെ അപ്പനായ ശൗൽ നിന്നെ കണ്ടുപിടിക്കില്ല. നീ ഇസ്രായേലിനു രാജാവാകും.+ ഞാൻ നിനക്കു രണ്ടാമനും. എന്റെ അപ്പനായ ശൗലിനും അത് അറിയാം.”+ 18 തുടർന്ന്, അവർ രണ്ടു പേരും യഹോവയെ സാക്ഷിയാക്കി ഒരു ഉടമ്പടി ചെയ്തു.+ ദാവീദ് ഹോറെശിൽ തങ്ങി. യോനാഥാൻ വീട്ടിലേക്കും പോയി.
19 പിന്നീട്, സീഫിലെ പുരുഷന്മാർ ഗിബെയയിൽ+ ശൗലിന്റെ അടുത്ത് ചെന്ന് പറഞ്ഞു: “ദാവീദ് ഞങ്ങളുടെ അടുത്ത് ഹോറെശിൽ,+ എത്തിപ്പെടാൻ പ്രയാസമുള്ള സ്ഥലങ്ങളിൽ ഒളിച്ച് താമസിക്കുന്നു.+ അയാൾ യശീമോനു* തെക്കുള്ള*+ ഹഖീലക്കുന്നിലുണ്ട്.+ 20 രാജാവേ, അങ്ങയുടെ ഇഷ്ടംപോലെ എപ്പോൾ വേണമെങ്കിലും അങ്ങോട്ടു വന്നുകൊള്ളൂ. ഞങ്ങൾ അയാളെ അങ്ങയുടെ കൈയിൽ ഏൽപ്പിച്ചുതരാം.”+ 21 അപ്പോൾ, ശൗൽ പറഞ്ഞു: “യഹോവ നിങ്ങളെ അനുഗ്രഹിക്കട്ടെ. നിങ്ങൾ എന്നോട് അനുകമ്പ കാണിച്ചല്ലോ. 22 ദയവായി നിങ്ങൾ ചെന്ന് കൃത്യമായി അവൻ എവിടെയാണെന്നും ആരാണ് അവനെ അവിടെ കണ്ടതെന്നും അന്വേഷിച്ച് കണ്ടുപിടിക്കൂ. കാരണം, ഞാൻ മനസ്സിലാക്കിയിടത്തോളം അവൻ വലിയ തന്ത്രശാലിയാണ്. 23 അവന്റെ ഒളിസങ്കേതങ്ങൾ എവിടെയെല്ലാമെന്ന് സൂക്ഷ്മമായി അന്വേഷിച്ച് ഉറപ്പുവരുത്തി തെളിവുമായി എന്റെ അടുത്ത് മടങ്ങിവരുക. അപ്പോൾ, ഞാൻ നിങ്ങളോടൊപ്പം വരും. അവൻ ദേശത്തുണ്ടെങ്കിൽ യഹൂദാസഹസ്രങ്ങളിൽ* മുഴുവൻ തിരഞ്ഞിട്ടാണെങ്കിലും ഞാൻ അവനെ കണ്ടെത്തും.”
24 അങ്ങനെ, അവർ അവിടം വിട്ട് ശൗലിനു മുമ്പേ സീഫിലേക്കു പോയി.+ ഈ സമയം ദാവീദും കൂട്ടരും യശീമോനു തെക്കുള്ള അരാബയിൽ+ മാവോൻവിജനഭൂമിയിലായിരുന്നു.+ 25 ശൗൽ ആളുകളെയും കൂട്ടി ദാവീദിനെ അന്വേഷിച്ച് പുറപ്പെട്ടു.+ ഇതു കേട്ട ഉടൻ ദാവീദ് മാവോൻവിജനഭൂമിയിലുള്ള പാറക്കെട്ടുകളിലേക്കു പോയി+ അവിടെ താമസിച്ചു. ശൗൽ ഇത് അറിഞ്ഞ് ദാവീദിനെ തേടി മാവോൻവിജനഭൂമിയിലേക്കു ചെന്നു. 26 ശൗൽ മലയുടെ ഒരു വശത്ത് എത്തിയപ്പോൾ ദാവീദും കൂട്ടരും മലയുടെ മറുവശത്തുണ്ടായിരുന്നു. എത്രയും വേഗം ശൗലിൽനിന്ന് അകന്നുമാറാനായിരുന്നു ദാവീദിന്റെ ശ്രമം.+ പക്ഷേ, ദാവീദിനെയും കൂട്ടരെയും വളഞ്ഞുപിടിക്കാൻ ശൗൽ അവരോട് അടുത്തുകൊണ്ടിരുന്നു.+ 27 എന്നാൽ, ഒരു ദൂതൻ ശൗലിന്റെ അടുത്ത് വന്ന്, “വേഗം വരൂ! ഫെലിസ്ത്യർ ദേശത്ത് മിന്നലാക്രമണം നടത്തിയിരിക്കുന്നു!” എന്നു പറഞ്ഞു. 28 അതോടെ, ശൗൽ ദാവീദിനെ പിന്തുടരുന്നതു നിറുത്തി+ ഫെലിസ്ത്യരെ നേരിടാൻ മടങ്ങിപ്പോയി. അതുകൊണ്ടാണ് ആ സ്ഥലത്തിനു വിഭജനത്തിന്റെ പാറക്കെട്ടുകൾ എന്നു പേര് വന്നത്.
29 പിന്നെ, ദാവീദ് അവിടെനിന്ന് പോയി ഏൻ-ഗദിയിലെ,+ എത്തിപ്പെടാൻ പ്രയാസമുള്ള സ്ഥലങ്ങളിൽ താമസിച്ചു.