അവരുടെ വിശ്വാസം അനുകരിക്കുക | യോനാഥാൻ
“ഉറ്റ സുഹൃത്തുക്കളായി”
യുദ്ധം അവസാനിച്ചു. ഏലെ താഴ്വര ശാന്തമായി. സൈനിക പാളയത്തിലെ കൂടാരങ്ങളെ തഴുകി കടന്നുപോകുകയാണ് തെന്നൽ. ഈ സമയത്ത് ശൗൽ രാജാവ് കൂടെയുള്ളവരെ വിളിച്ചു കൂട്ടുന്നു. ആ കൂട്ടത്തിൽ അദ്ദേഹത്തിന്റെ മൂത്ത മകനായ യോനാഥാനുമുണ്ട്. ഒരു ഇടയച്ചെറുക്കൻ ആവേശത്തോടെ തന്റെ കഥ വിവരിക്കുകയാണ് അവിടെ. ആ പയ്യൻ ദാവീദാണ്. ആവേശവും തീക്ഷ്ണതയും അവന്റെ കണ്ണുകളിൽ ജ്വലിക്കുന്നുണ്ട്. തെല്ലുപോലും കണ്ണെടുക്കാതെ കഥയിൽ ലയിച്ചിരിക്കുകയാണു രാജാവ്. എന്താണു യോനാഥാന്റെ വികാരം? യഹോവയുടെ സൈന്യത്തിൽ പ്രവർത്തിച്ച് ഒരുപാടു വിജയങ്ങൾ കൊയ്ത ചരിത്രം യോനാഥാനുണ്ട്. പക്ഷേ ഈ ദിവസം യോനാഥാന്റേതല്ല, ദാവീദിന്റേതാണ്. മല്ലനായ ഗൊല്യാത്തിനെ ദാവീദ് തറപറ്റിച്ച ദിവസം. എല്ലാവരും ദാവീദിനെ വാനോളം പുകഴ്ത്തുകയാണ്. ഇതു കേട്ട് യോനാഥാന് അസൂയ തോന്നിയോ?
യോനാഥാന്റെ പ്രതികരണം നിങ്ങളെ അതിശയിപ്പിച്ചേക്കാം. വിവരണം ഇങ്ങനെ പറയുന്നു: “ദാവീദ് ശൗലിനോടു സംസാരിച്ചുതീർന്നതും യോനാഥാനും ദാവീദും ഉറ്റ സുഹൃത്തുക്കളായി. യോനാഥാൻ ദാവീദിനെ ജീവനു തുല്യം സ്നേഹിച്ചുതുടങ്ങി.” യോനാഥാൻ സ്വന്തം മേലങ്കിയും മറ്റു വസ്ത്രങ്ങളും വില്ലും ദാവീദിനു കൊടുത്തു. വില്ലാളിവീരന്റെ വില്ല്! അത് ഒരു സമ്മാനംതന്നെയായിരുന്നു. ഇതു കൂടാതെ ദാവീദും യോനാഥാനും ഒരു ഉടമ്പടി ചെയ്യുന്നു. എന്നും പരസ്പരം പിന്തുണയ്ക്കുന്ന ഉറ്റ സുഹൃത്തുക്കളായിരിക്കുമെന്ന ഒരു ഉറച്ച കരാർ.—1 ശമുവേൽ 18:1-5.
അങ്ങനെ ബൈബിളിൽ കാണുന്ന വലിയ സൗഹൃദങ്ങളിൽ ഒന്നിനു തുടക്കമായി. വിശ്വാസികളുടെ നിരയിലുള്ളവർക്കു സൗഹൃദം വളരെ വിലപ്പെട്ടതാണ്. നമ്മൾ ജ്ഞാനത്തോടെ കൂട്ടുകാരെ തിരഞ്ഞെടുക്കുകയും അവരെ വിശ്വസ്തമായി പിന്തുണയ്ക്കുകയും ചെയ്താൽ സ്നേഹശൂന്യമായ ഈ കാലത്തും നമ്മുടെ വിശ്വാസം ശക്തമാക്കാൻ കഴിയും. (സുഭാഷിതങ്ങൾ 27:17) സൗഹൃദത്തെക്കുറിച്ച് യോനാഥാനിൽനിന്ന് നമുക്ക് എന്തെങ്കിലും പഠിക്കാനുണ്ടോ എന്നു നോക്കാം.
സൗഹൃദത്തിന്റെ അടിസ്ഥാനം
അത്ര പെട്ടെന്ന് എങ്ങനെയാണ് അവർ കൂട്ടുകാരായത്? ആ സൗഹൃദത്തിന്റെ അടിസ്ഥാനവുമായി അതിനു ബന്ധമുണ്ട്. ചില പശ്ചാത്തലവിവരങ്ങൾ നോക്കാം. യോനാഥാനു പ്രയാസം നിറഞ്ഞ സമയങ്ങളാണ്. ശൗൽ രാജാവിന്റെ സ്വഭാവം, വർഷങ്ങൾകൊണ്ട് വളരെവളരെ മോശമായിത്തീർന്നു. താഴ്മയും വിശ്വാസവും അനുസരണവും ഒക്കെയുണ്ടായിരുന്ന ശൗൽ ഇപ്പോൾ ധിക്കാരിയും അഹങ്കാരിയും ആയി മാറിയിരിക്കുന്നു.—1 ശമുവേൽ 15:17-19, 26.
അപ്പന്റെ ഈ മാറ്റങ്ങൾ യോനാഥാനെ വല്ലാതെ അസ്വസ്ഥനാക്കിയിട്ടുണ്ടാകും. കാരണം അപ്പനോട് അത്രയ്ക്ക് അടുപ്പമുണ്ട് യോനാഥാന്. (1 ശമുവേൽ 20:2) യഹോവ തിരഞ്ഞെടുത്ത ജനതയ്ക്കു ശൗൽ എന്ത് ആപത്താണു വരുത്തിവെക്കാൻ പോകുന്നതെന്നു യോനാഥാൻ ചിന്തിച്ചുകാണും. രാജാവിന്റെ അനുസരണക്കേടു പ്രജകളെ വഴിതെറ്റിക്കുകയും യഹോവയുടെ പ്രീതി നഷ്ടമാകുന്നതിലേക്കു നയിക്കുകയും ചെയ്യുമോ? ഇതെക്കുറിച്ച് ഓർത്ത് യോനാഥാൻ തീർച്ചയായും വേവലാതിപ്പെട്ടിട്ടുണ്ടാകും. യോനാഥാനെപ്പോലെ വിശ്വാസികളുടെ നിരയിലുള്ളവർക്ക് ഇത്തരം സാഹചര്യങ്ങൾ ശരിക്കും കഷ്ടകാലം തന്നെയാണ്.
യുവാവായ ദാവീദിനോടു യോനാഥാനെ അടുപ്പിച്ചത് എന്താണെന്നു മനസ്സിലാക്കാൻ ഈ വിവരങ്ങൾ സഹായിക്കുന്നു. യോനാഥാൻ ദാവീദിന്റെ ശക്തമായ വിശ്വാസം ശ്രദ്ധിച്ചു. മല്ലനായ ഗൊല്യാത്തിന്റെ രൂപം കണ്ട് മുട്ടുവിറച്ച ശൗലിന്റെ സൈന്യത്തിലെ പടയാളികളെപ്പോലെയായിരുന്നില്ല ദാവീദ്. യഹോവയുടെ പേരിൽ പോരാടാൻ പോയതാണു സർവായുധസജ്ജനായ ഗൊല്യാത്തിനെക്കാൾ തന്നെ ശക്തനാക്കിയതെന്നു ദാവീദ് ചിന്തിച്ചു.—1 ശമുവേൽ 17:45-47.
വർഷങ്ങൾക്കു മുമ്പ് യോനാഥാനും ഇങ്ങനെ ചിന്തിച്ചിട്ടുള്ളതാണ്. ഒരു കാവൽസേനാതാവളത്തിലെ മുഴുവൻ ആയുധധാരികളായ പടയാളികളെയും ആക്രമിച്ച് തോൽപ്പിക്കാൻ വെറും രണ്ടു പേർക്ക്, തനിക്കും തന്റെ ആയുധവാഹകനും, കഴിയുമെന്നു യോനാഥാന് ഉറപ്പുണ്ടായിരുന്നു. എന്തുകൊണ്ട്? “യഹോവയെ തടയാൻ ഒന്നിനുമാകില്ല” എന്നാണു യോനാഥാൻ പറഞ്ഞത്. (1 ശമുവേൽ 14:6) അതുകൊണ്ട് പല കാര്യങ്ങളിലും യോനാഥാനും ദാവീദിനും സമാനതകളുണ്ടായിരുന്നു. അതിൽ മുന്തിനിന്നത് യഹോവയിലുള്ള ശക്തമായ വിശ്വാസവും ആഴമായ സ്നേഹവും ആണ്. അവരുടെ സൗഹൃദത്തിന്റെ അടിസ്ഥാനം അതായിരുന്നു. ഏകദേശം 50-നോട് അടുത്ത് പ്രായം വരുന്ന ധീരനായ ഒരു രാജപുത്രനായിരുന്നു യോനാഥാൻ. ദാവീദാണെങ്കിൽ താഴ്മയുള്ള ഒരു ഇടയൻ. വയസ്സ് 20 പോലുമായിട്ടില്ല. പക്ഷേ ഈ വ്യത്യാസങ്ങളൊന്നും അവരുടെ സൗഹൃദത്തെ ലവലേശം ബാധിച്ചില്ല.a
അവർ ചെയ്ത ഉടമ്പടി അവരുടെ സൗഹൃദത്തിന് ഒരു സംരക്ഷണമായിരുന്നു. എങ്ങനെ? തന്നെക്കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യം എന്തായിരുന്നെന്ന് ദാവീദിന് അറിയാമായിരുന്നു. ദാവീദായിരുന്നു ഇസ്രായേലിലെ അടുത്ത രാജാവ്. ഇക്കാര്യം ദാവീദ് യോനാഥാനിൽനിന്ന് മറച്ചുവെച്ചോ? ഇല്ല. ഇവരുടേതുപോലുള്ള നല്ല സൗഹൃദങ്ങൾക്ക് ഇടയിൽ ഇടമറവുകളൊന്നുമില്ല. ഏതു സൗഹൃദങ്ങളെയും ശക്തമാക്കി നിറുത്തുന്നതു തുറന്ന ആശയവിനിമയമാണ്. ദാവീദ് രാജാവാകുമെന്ന് അറിഞ്ഞപ്പോൾ യോനാഥാന് എന്തു തോന്നിക്കാണും? താൻ ഒരു നാൾ രാജാവാകുമെന്നും അപ്പന്റെ തെറ്റുകളെല്ലാം തിരുത്തുമെന്നും യോനാഥാൻ മനക്കോട്ട കെട്ടിയിട്ടുണ്ടായിരുന്നെങ്കിലോ? അങ്ങനെ എന്തെങ്കിലും യോനാഥാന്റെ മനസ്സിലുണ്ടായിരുന്നതായി ബൈബിളിൽ പറയുന്നില്ല. പക്ഷേ പ്രസക്തമായ ഒരു കാര്യത്തെക്കുറിച്ച് പറയുന്നുണ്ട്, യോനാഥാന്റെ വിശ്വസ്തതയെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും. യഹോവയുടെ ആത്മാവ് ദാവീദിനോടൊപ്പമുണ്ടെന്ന് യോനാഥാൻ മനസ്സിലാക്കി. (1 ശമുവേൽ 16:1, 11-13) അതുകൊണ്ട് യോനാഥാൻ ദാവീദുമായി ചെയ്ത ഉടമ്പടിയനുസരിച്ച് പ്രവർത്തിച്ചു. ദാവീദിനെ ഒരു ശത്രുവായിട്ടല്ല, മിത്രമായിട്ടുതന്നെ തുടർന്നും കണ്ടു. യഹോവയുടെ ഇഷ്ടം നടന്നുകാണാനാണു യോനാഥാൻ ആഗ്രഹിച്ചത്.
യോനാഥാനും ദാവീദും യഹോവയോടു വിശ്വസ്തരും സ്നേഹമുള്ളവരും ആയിരുന്നു
ആ സൗഹൃദം ഒരു വലിയ അനുഗ്രഹമായിത്തീർന്നു. യോനാഥാന്റെ വിശ്വാസത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം? എല്ലാ ദൈവദാസനും സൗഹൃദത്തിന്റെ വില മനസ്സിലാക്കാണം. നമ്മുടെ അതേ പ്രായത്തിലുള്ളവരെയോ സാഹചര്യങ്ങളിലുള്ളവരെയോ മാത്രമേ സുഹൃത്തുക്കളാക്കാവൂ എന്നില്ല. സുഹൃത്തുക്കൾ വിശ്വാസത്തിൽ ഉറപ്പുള്ളവരാണെങ്കിൽ അവർക്കു നമ്മളെ ഒരുപാടു സഹായിക്കാൻ കഴിയും. യോനാഥാനും ദാവീദിനും പല തവണ പരസ്പരം ബലപ്പെടുത്താനും പ്രോത്സാഹിപ്പിക്കാനും കഴിഞ്ഞു. അവർക്ക് അത് ആവശ്യവുമായിരുന്നു. കാരണം അവരുടെ സൗഹൃദം തകർത്തേക്കാവുന്ന ചില സംഭവങ്ങൾ വരാനിരിക്കുകയായിരുന്നു.
അപ്പനോ കൂട്ടുകാരനോ?
ആദ്യമൊക്കെ ശൗലിനു ദാവീദിനെ വലിയ ഇഷ്ടമായിരുന്നു. സൈന്യത്തിന്റെ ചുമതല ദാവീദിനെ ഏൽപ്പിക്കുകയും ചെയ്തു. കുറച്ച് കാലത്തിനുള്ളിൽ, യോനാഥാനെ തോൽപ്പിക്കാൻ കഴിയാഞ്ഞ ഒരു ശത്രുവിനു ശൗൽ കീഴടങ്ങി, അസൂയയ്ക്ക്. ഇസ്രായേലിന്റെ ശത്രുക്കളായ ഫെലിസ്ത്യരുടെ മേൽ ദാവീദ് ഒന്നിനു പുറകെ ഒന്നായി വിജയം വരിച്ചുകൊണ്ടിരുന്നു. ദാവീദ് ആളുകളുടെ പുകഴ്ചാപാത്രമായി മാറി. “ശൗൽ ആയിരങ്ങളെ കൊന്നു, ദാവീദോ പതിനായിരങ്ങളെ” എന്നു ചില സ്ത്രീകൾ പാടുകപോലും ചെയ്തു. ആ പാട്ട് ശൗലിന് ഇഷ്ടപ്പെട്ടില്ല. “അന്നുമുതൽ എപ്പോഴും ശൗൽ ദാവീദിനെ സംശയദൃഷ്ടിയോടെയാണു കണ്ടത്.” (1 ശമുവേൽ 18:7, 9) ദാവീദ് രാജസ്ഥാനം തട്ടിയെടുക്കുമോ എന്നു ശൗൽ ഭയന്നു. ആ ചിന്ത മണ്ടത്തരമായിരുന്നു. ശൗലിനു ശേഷം താൻ രാജാവാകുമെന്ന കാര്യം ദാവീദിനു നന്നായി അറിയാമായിരുന്നെങ്കിലും ഭരിച്ചുകൊണ്ടിരിക്കുന്ന യഹോവയുടെ അഭിഷിക്തരാജാവിന്റെ സ്ഥാനം കൈക്കലാക്കുന്നതിനെക്കുറിച്ച് ദാവീദ് ചിന്തിച്ചുപോലുമില്ല.
ദാവീദിനെ യുദ്ധത്തിൽ കൊല്ലാനുള്ള തന്ത്രങ്ങൾ ശൗൽ മനഞ്ഞെങ്കിലും ഒന്നും ഫലിച്ചില്ല. യുദ്ധങ്ങളിലെ ദാവീദിന്റെ വിജയം ഒരു തുടർക്കഥയായി മാറി. അങ്ങനെ ദാവീദ് ആളുകളുടെ സ്നേഹവും ആദരവും നേടിയെടുത്തുകൊണ്ടേയിരുന്നു. ദാവീദിനെ കൊല്ലാനുള്ള അടുത്ത നീക്കത്തിൽ ശൗൽ ദാസന്മാരെയും മൂത്ത മകനെയും കൂട്ടാൻ ശ്രമിച്ചു. ഇതൊക്കെ കണ്ട യോനാഥാന്റെ ഹൃദയം തകർന്നിട്ടുണ്ടാകില്ലേ? (1 ശമുവേൽ 18:25-30; 19:1) യോനാഥാൻ വിശ്വസ്തനായ ഒരു മകനായിരുന്നു, അതോടൊപ്പം വിശ്വസ്തനായ ഒരു സുഹൃത്തും. ഇപ്പോൾ ഈ രണ്ടു വിശ്വസ്തതകൾ തമ്മിൽ ഒരു ഏറ്റുമുട്ടൽ നടക്കാൻ പോകുകയാണ്. ഇതിൽ ഏതു വിജയിക്കും?
യോനാഥാൻ ഇങ്ങനെ പറഞ്ഞു: “രാജാവ് അങ്ങയുടെ ദാസനായ ദാവീദിനോടു പാപം ചെയ്യരുത്. കാരണം, ദാവീദ് അങ്ങയോടു പാപം ചെയ്തിട്ടില്ലല്ലോ. മാത്രമല്ല, ദാവീദ് അങ്ങയ്ക്കുവേണ്ടി ചെയ്തതെല്ലാം അങ്ങയ്ക്ക് ഉപകാരപ്പെട്ടിട്ടുമുണ്ട്. സ്വന്തം ജീവൻ പണയംവെച്ചാണു ദാവീദ് ആ ഫെലിസ്ത്യനെ വകവരുത്തിയത്. അങ്ങനെ, യഹോവ ഇസ്രായേലിനു മുഴുവൻ ഒരു മഹാവിജയം തന്നു. അങ്ങ് അതു കണ്ട് മതിമറന്ന് സന്തോഷിച്ചതുമാണ്. അതുകൊണ്ട്, കാരണം കൂടാതെ ദാവീദിനെപ്പോലെ ഒരു നിരപരാധിയുടെ രക്തം ചൊരിഞ്ഞ് അങ്ങ് എന്തിനാണു പാപം ചെയ്യുന്നത്?” എന്തോ, ആ സമയത്ത് സുബോധമുണ്ടായിരുന്ന ശൗൽ യോനാഥാൻ പറഞ്ഞതു കേട്ടു. ദാവീദിനെ കൊല്ലില്ലെന്നു ശപഥംപോലും ചെയ്തു. എന്നാൽ ശൗൽ വാക്കു പാലിച്ചില്ല. ദാവീദ് കൂടുതൽ വിജയം നേടിയപ്പോൾ അസൂയ മൂത്ത് ഒരിക്കൽ ശൗൽ ദാവീദിനു നേരെ കുന്തം എറിഞ്ഞു. (1 ശമുവേൽ 19:4-6, 9, 10) പക്ഷേ ദാവീദ് അവിടെനിന്ന് ഓടിരക്ഷപ്പെട്ടു.
ഇതുപോലെ വിശ്വസ്തതകൾ തമ്മിൽ ഏറ്റുമുട്ടിയ ഒരു സാഹചര്യം നിങ്ങൾക്കുണ്ടായിട്ടുണ്ടോ? അതു വലിയ മനപ്രയാസമുണ്ടാക്കുന്ന കാര്യമാണ്. അങ്ങനെയുള്ള സാഹചര്യങ്ങളിൽ കുടുംബത്തിന് ഒന്നാം സ്ഥാനം കൊടുക്കണമെന്നാണു ചിലർ പറയുന്നത്. പക്ഷേ എന്തു ചെയ്യണമെന്ന് യോനാഥാന് അറിയാമായിരുന്നു. ദാവീദ് വിശ്വസ്തനായ, അനുസരണമുള്ള ഒരു ദൈവദാസനായിരിക്കുമ്പോൾ യോനാഥാന് എങ്ങനെ അപ്പന്റെ പക്ഷത്തു നിൽക്കാൻ പറ്റും? യഹോവയുടെ കാഴ്ചപ്പാടു കണക്കിലെടുത്താണ് ആരോടു വിശ്വസ്തനായിരിക്കണമെന്നു യോനാഥാൻ തീരുമാനിച്ചത്. അതുകൊണ്ടാണു യോനാഥാൻ ദാവീദിനോടൊപ്പം നിന്നത്. യഹോവയോടുള്ള വിശ്വസ്തതയ്ക്കു യോനാഥാൻ ഒന്നാം സ്ഥാനം കൊടുത്തു. അപ്പനായതുകൊണ്ട് അദ്ദേഹത്തിന് ഇഷ്ടപ്പെടുന്ന കാര്യം പറഞ്ഞേക്കാം എന്നു ചിന്തിക്കാതെ ഉള്ള കാര്യം ഉള്ളതുപോലെ പറഞ്ഞ് യോനാഥാൻ അപ്പനോടുള്ള വിശ്വസ്തതയും കാണിച്ചു. യോനാഥാൻ വിശ്വസ്തത കാണിച്ച വിധം പകർത്തുന്നതു നമുക്കും പ്രയോജനം ചെയ്യും.
വിശ്വസ്തതയുടെ വില
യോനാഥാൻ ശൗലിനെയും ദാവീദിനെയും ഒന്നിപ്പിക്കാൻ വീണ്ടും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ദാവീദ് യോനാഥാനെ രഹസ്യത്തിൽ വന്ന് കണ്ടിട്ട് തന്റെ ജീവൻ ആപത്തിലാണെന്നു പറഞ്ഞു. “എനിക്കും മരണത്തിനും ഇടയിൽ വെറും ഒരു അടി അകലമേ ഉള്ളൂ” എന്നാണു ദാവീദ് പറഞ്ഞത്. ശൗലിന്റെ മനോഭാവം അനുകൂലമാണോ പ്രതികൂലമാണോ എന്നു മനസ്സിലാക്കി ദാവീദിനെ അറിയിക്കാമെന്നു യോനാഥാൻ വാക്കു കൊടുത്തു. ദാവീദ് ഒളിച്ചിരുന്ന സമയത്ത് യോനാഥാൻ അമ്പ് എയ്തുകൊണ്ടാണു സൂചന കൊടുത്തത്. ഒരു സത്യം ചെയ്യാൻ മാത്രമേ യോനാഥാൻ ദാവീദിനോടു പറഞ്ഞുള്ളൂ. “യഹോവ ദാവീദിന്റെ ശത്രുക്കളെ ഒന്നടങ്കം ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുമ്പോഴും എന്റെ വീട്ടുകാരോടു നീ അചഞ്ചലമായ സ്നേഹം കാണിക്കാതിരിക്കരുതേ” എന്നാണു യോനാഥാൻ പറഞ്ഞത്. യോനാഥാന്റെ വീട്ടുകാരോട് എപ്പോഴും കരുതൽ കാണിക്കുമെന്നു ദാവീദ് ഉറപ്പുകൊടുത്തു.—1 ശമുവേൽ 20:3, 13-27.
യോനാഥാൻ ദാവീദിനെക്കുറിച്ച് നല്ലതു പറഞ്ഞെങ്കിലും രാജാവിനു കലി വന്നു. “ധിക്കാരിയായ സ്ത്രീയുടെ സന്തതീ” എന്നു ശൗൽ യോനാഥാനെ വിളിച്ചു. ദാവീദിനോടുള്ള യോനാഥാന്റെ വിശ്വസ്തത കുടുംബത്തിന് അപമാനമാണെന്നും പറഞ്ഞു. സ്വന്തം ഗുണം നോക്കാൻ പ്രേരിപ്പിച്ചുകൊണ്ട് ശൗൽ യോനാഥാനോട് ഇങ്ങനെ പറയുന്നു: “യിശ്ശായിയുടെ മകൻ ഈ ഭൂമുഖത്ത് ജീവിച്ചിരിക്കുന്നിടത്തോളം നീയും നിന്റെ രാജാധികാരവും വേരുറയ്ക്കില്ല.” യോനാഥാന് ഒരു കുലുക്കവും ഇല്ല. അദ്ദേഹം വീണ്ടും അപ്പനോടു ചോദിക്കുന്നു: “എന്തിനാണു ദാവീദിനെ കൊല്ലുന്നത്? ദാവീദ് എന്തു ചെയ്തു?” ഇതു കേട്ട ശൗൽ അക്രമാസക്തനായി. വയസ്സായെങ്കിലും ശൗൽ ഇപ്പോഴും ഒരു വീരയോദ്ധാവുതന്നെയാണ്. അദ്ദേഹം മകനു നേരെ കുന്തം എറിഞ്ഞു. നല്ല തഴക്കവും പഴക്കവും ചെന്ന യോദ്ധാവായിരുന്നെങ്കിലും ഇത്തവണ ശൗലിന് ഉന്നം തെറ്റി. അപമാനിതനായ യോനാഥാൻ അതിവേദനയോടും ദേഷ്യത്തോടും കൂടെ അവിടെനിന്ന് ഇറങ്ങിപ്പോയി.—1 ശമുവേൽ 20:24-34.
യോനാഥാൻ സ്വന്തം താത്പര്യത്തിന് ഒന്നാം സ്ഥാനം കൊടുത്തില്ല
പിറ്റേ ദിവസം രാവിലെതന്നെ യോനാഥാൻ ദാവീദ് ഒളിച്ചിരുന്ന സ്ഥലത്തിന് അടുത്തുള്ള വയലിലേക്കു പോയി. പറഞ്ഞ് ഒത്തപോലെതന്നെ യോനാഥാൻ ഒരു അമ്പ് എയ്തുകൊണ്ട്, ശൗൽ ഇപ്പോഴും ദാവീദിനെ കൊല്ലാൻ നോക്കിനടക്കുകയാണെന്ന കാര്യം അറിയിച്ചു. എന്നിട്ട് യോനാഥാൻ പരിചാരകനെ നഗരത്തിലേക്കു പറഞ്ഞുവിട്ടു. പിന്നെ അവിടെ യോനാഥാനും ദാവീദും മാത്രമായി. അവർക്കു സംസാരിക്കാൻ അൽപ്പം സമയം കിട്ടി. രണ്ടു പേരും കരഞ്ഞു. അഭയാർഥിജീവിതം തുടങ്ങാൻ പോകുന്ന ദാവീദിനെ ദുഃഖത്തോടെ യാത്ര അയച്ചുകൊണ്ട് യോനാഥാൻ അവിടെനിന്ന് വിട വാങ്ങി.—1 ശമുവേൽ 20:35-42.
സ്വന്തം താത്പര്യത്തെ കടത്തിവെട്ടുന്നതായിരുന്നു യോനാഥാന്റെ വിശ്വസ്തത. എല്ലാ വിശ്വസ്തരെയും വിടാതെ പിന്തുടരുന്ന ശത്രുവായ സാത്താൻ, ശൗലിനെപ്പോലെ യോനാഥാനും സ്വന്തം പ്രശസ്തിക്കും അധികാരത്തിനും ഒന്നാം സ്ഥാനം കൊടുക്കാൻ ഉറപ്പായും പ്രതീക്ഷിച്ചുകാണും. ഓർക്കുക: സ്വാർഥാഭിലാഷങ്ങൾ മനുഷ്യർക്ക് ആകർഷകമായി തോന്നാനാണു സാത്താൻ ആഗ്രഹിക്കുന്നത്. നമ്മുടെ ആദ്യമാതാപിതാക്കളായ ആദാമിന്റെയും ഹവ്വയുടെയും കാര്യത്തിൽ സാത്താൻ വിജയിച്ചു. (ഉൽപത്തി 3:1-6) പക്ഷേ യോനാഥാന്റെ മുന്നിൽ സാത്താൻ മുട്ടു മടക്കി. ഇതു സാത്താനെ എത്രമാത്രം ചൊടിപ്പിച്ചുകാണും! ഇതുപോലുള്ള സമ്മർദങ്ങളെ നിങ്ങൾ ചെറുത്തുനിൽക്കുമോ? സ്വാർഥത മുഖമുദ്രയായ ഒരു കാലത്താണു നമ്മൾ ജീവിക്കുന്നത്. (2 തിമൊഥെയൊസ് 3:1-5) യോനാഥാന്റെ നിസ്വാർഥമായ വിശ്വസ്തതയിൽനിന്ന് നമ്മൾ പാഠം പഠിക്കുമോ?
“നീ എനിക്ക് എത്ര പ്രിയങ്കരനായിരുന്നു”
ഊണിലും ഉറക്കത്തിലും ദാവീദിനെ കൊല്ലണമെന്ന ഒരൊറ്റ ചിന്തയാണു ശൗലിന്. നിരപരാധിയായ ഒരു മനുഷ്യന്റെ കഥ കഴിക്കാൻ ഒരു ഭ്രാന്തനെപ്പോലെ സൈന്യത്തെയുംകൊണ്ട് രാജ്യത്തുടനീളം ചുറ്റുന്ന തന്റെ അപ്പനെ നിസ്സഹായനായി നോക്കിനിൽക്കാനേ യോനാഥാനു കഴിയുന്നുള്ളൂ. (1 ശമുവേൽ 24:1, 2, 12-15; 26:20) യോനാഥാനും അവർക്കൊപ്പം കൂടിയോ? അനാവശ്യമായ ഈ പരക്കംപാച്ചിലിൽ യോനാഥാൻ കൂടിയതിന്റെ ഒരു സൂചനയും തിരുവെഴുത്തു നൽകുന്നില്ല. യഹോവയോടും ദാവീദിനോടും ദാവീദുമായി ചെയ്ത ഉടമ്പടിയോടും ഉള്ള യോനാഥാന്റെ വിശ്വസ്തത അങ്ങനെ കൂറു മാറാൻ അദ്ദേഹത്തെ എങ്ങനെ പ്രേരിപ്പിക്കും!
കൂട്ടുകാരനോടുള്ള യോനാഥാന്റെ സ്നേഹം ഒട്ടും കുറഞ്ഞില്ല. ദാവീദിനെ വീണ്ടും കാണാനുള്ള ഒരു വഴി അദ്ദേഹം കണ്ടുപിടിച്ചു. അതു ഹോറെശിൽവെച്ചായിരുന്നു. ഹോറെശിന്റെ അർഥം “മരങ്ങളുള്ള സ്ഥലം” എന്നാണ്. സാധ്യതയനുസരിച്ച് ഹെബ്രോനു തെക്കുകിഴക്കായി ഏതാനും മൈലുകൾ അകലെയുള്ള വനനിബിഡമായ പർവതപ്രദേശമായിരുന്നു അത്. എന്തിനായിരിക്കും ഈ അഭയാർഥിയെ കാണാൻ യോനാഥാൻ ജീവൻപോലും അപകടപ്പെടുത്തി പോയത്? “യഹോവയിൽ ശക്തിയാർജിക്കാൻ” ദാവീദിനെ സഹായിക്കുക എന്നതായിരുന്നു യോനാഥാന്റെ ലക്ഷ്യമെന്നു ബൈബിൾ പറയുന്നു. (1 ശമുവേൽ 23:16) യോനാഥാൻ അത് എങ്ങനെ ചെയ്തു?
“പേടിക്കേണ്ടാ” എന്നു യോനാഥാൻ തന്റെ യുവസുഹൃത്തിനോടു പറഞ്ഞു. എന്നിട്ട് ഈ ഉറപ്പും കൊടുത്തു: “എന്റെ അപ്പനായ ശൗൽ നിന്നെ കണ്ടുപിടിക്കില്ല.” അക്കാര്യത്തിൽ യോനാഥാന് ഇത്ര ഉറപ്പ് എന്താണ്? യഹോവയുടെ ഉദ്ദേശ്യം തീർച്ചയായും നടക്കുമെന്ന യോനാഥാന്റെ വിശ്വാസമായിരുന്നു അത്. എന്നിട്ട് യോനാഥാൻ പറഞ്ഞു: “നീ ഇസ്രായേലിനു രാജാവാകും.” വർഷങ്ങൾക്കു മുമ്പ് ഇതേ കാര്യം, യഹോവയുടെ ആജ്ഞയനുസരിച്ച് ശമുവേൽ പ്രവാചകനും ദാവീദിനോടു പറഞ്ഞതാണ്. യഹോവയുടെ വാക്കുകൾ എപ്പോഴും ആശ്രയയോഗ്യമാണെന്നു യോനാഥാൻ ഇപ്പോൾ ദാവീദിനെ ഓർമിപ്പിച്ചു. തന്റെ ഭാവിയെക്കുറിച്ച് യോനാഥാൻ എന്താണു പറഞ്ഞത്? “ഞാൻ നിനക്കു രണ്ടാമനും.” അദ്ദേഹത്തിന്റെ താഴ്മയ്ക്കു വിലയിടാനാകില്ല. തന്നെക്കാൾ 30 വയസ്സിന് ഇളയതായ ഒരാളുടെ ആജ്ഞയനുസരിച്ച്, അയാളുടെ വലങ്കൈയായി പ്രവർത്തിക്കാൻ യോനാഥാനു മനസ്സായിരുന്നു. യോനാഥാൻ അവസാനം ഇങ്ങനെ പറഞ്ഞു: “എന്റെ അപ്പനായ ശൗലിനും അത് അറിയാം.” (1 ശമുവേൽ 23:17, 18) അടുത്ത രാജാവാകാൻ ദൈവം തിരഞ്ഞെടുത്തിരിക്കുന്ന വ്യക്തിയെ പോരാടി തോൽപ്പിക്കാനാകില്ലെന്നു ശൗലിന് അറിയാമായിരുന്നു.
പിന്നീടുള്ള വർഷങ്ങളിൽ ആ കൂടിക്കാഴ്ചയെക്കുറിച്ച് ദാവീദ് ഒരു ചെറിയ തേങ്ങലോടെ ഓർത്തിട്ടുണ്ടാകും. അത് അവരുടെ അവസാന കൂടിക്കാഴ്ചയായിരുന്നു. ദാവീദിനു രണ്ടാമനാകാനുള്ള യോനാഥാന്റെ പ്രതീക്ഷ പൊലിഞ്ഞുപോയി.
ഇസ്രായേലിന്റെ ശത്രുക്കളായ ഫെലിസ്ത്യർക്കെതിരെ പോരാടാൻ അപ്പന്റെ പക്ഷം ചേർന്ന് യോനാഥാൻ യുദ്ധത്തിനു പോയി. നല്ല ആന്തരത്തോടെയാണു യോനാഥാൻ അപ്പനോടൊപ്പം പോരാടാൻ പോയത്. അപ്പൻ തെറ്റു ചെയ്തെന്നു കരുതി യോനാഥാൻ യഹോവയെ സേവിക്കുന്നതിൽ പിന്നോക്കം പോയില്ല. എന്നത്തെയുംപോലെ ധീരതയോടെയും വിശ്വസ്തതയോടെയും അദ്ദേഹം പോരാടി. പക്ഷേ അന്ന് കാര്യങ്ങൾ ഇസ്രായേലിന് ഒട്ടും അനുകൂലമായിരുന്നില്ല. ഭൂതവിദ്യ ചെയ്യുന്ന അളവോളം ശൗൽ ദുഷ്ടനായിത്തീർന്നിരുന്നു. ദൈവനിയമപ്രകാരം അതു ഗുരുതരമായ തെറ്റായിരുന്നു. അങ്ങനെ ശൗലിന് യഹോവയുടെ അനുഗ്രഹം നഷ്ടമായി. യോനാഥാൻ ഉൾപ്പെടെ ശൗലിന്റെ മൂന്ന് ആൺമക്കൾ പോരാട്ടത്തിൽ കൊല്ലപ്പെട്ടു. ഗുരുതരമായ മുറിവേറ്റ ശൗൽ ആത്മഹത്യ ചെയ്തു.—1 ശമുവേൽ 28:6-14; 31:2-6.
യോനാഥാൻ പറഞ്ഞു: “നീ ഇസ്രായേലിനു രാജാവാകും. ഞാൻ നിനക്കു രണ്ടാമനും.”—1 ശമുവേൽ 23:17.
ഇത് അറിഞ്ഞ ദാവീദ് കടുത്ത ദുഃഖത്തിലാണ്ടുപോയി. തനിക്കു ധാരാളം ദുരിതവും കഷ്ടപ്പാടും വരുത്തിയ ശൗലിനെ ഓർത്തുപോലും ദാവീദ് ദുഃഖിച്ചു. അത്രയ്ക്കു വലുതായിരുന്നു ആ മനസ്സ്! ശൗലിനും യോനാഥാനും വേണ്ടി ദാവീദ് ഒരു വിലാപഗീതം രചിച്ചു. ഒരുപക്ഷേ, തന്റെ പ്രിയപ്പെട്ട ഗുരുവും സുഹൃത്തുമായ യോനാഥാനെക്കുറിച്ചുള്ള ദാവീദിന്റെ ഏറ്റവും ഹൃദയസ്പർശിയായ വാക്കുകൾ അതിലേതായിരിക്കാം. “യോനാഥാനേ, എൻ സോദരാ, നിന്നെ ഓർത്ത് എന്റെ മനം വിതുമ്പുന്നു. നീ എനിക്ക് എത്ര പ്രിയങ്കരനായിരുന്നു! എന്നോടുള്ള നിന്റെ സ്നേഹം സ്ത്രീകളുടെ പ്രേമത്തെക്കാൾ വിശിഷ്ടം!”—2 ശമുവേൽ 1:26.
യോനാഥാനു കൊടുത്ത വാക്കു ദാവീദ് മറന്നുകളഞ്ഞില്ല. വർഷങ്ങൾക്കു ശേഷം, യോനാഥാന്റെ വൈകല്യമുള്ള മകനായ മെഫിബോശെത്തിനെ ദാവീദ് തേടിക്കണ്ടുപിടിക്കുകയും കൂടെ നിറുത്തുകയും ചെയ്തു. (2 ശമുവേൽ 9:1-13) യോനാഥാന്റെ വിശ്വസ്തത, ദാവീദിനു കൊടുത്ത ബഹുമതി, എന്തു വന്നാലും കൂട്ടുകാരനോടു പറ്റിനിൽക്കാനുള്ള മനസ്സൊരുക്കം—ഇതിൽനിന്നെല്ലാം ദാവീദ് ഒരുപാടു കാര്യങ്ങൾ പഠിച്ചിട്ടുണ്ടാകും. ഇതൊക്കെ നമുക്കും പകർത്താൻ കഴിയുന്ന നല്ല പാഠങ്ങളല്ലേ? യോനാഥാനെപ്പോലുള്ള കൂട്ടുകാരെ നമുക്കും കണ്ടുപിടിക്കാനാകുമോ? നമുക്ക് അതുപോലൊരു സുഹൃത്തായിരിക്കാനാകുമോ? യഹോവയിലുള്ള വിശ്വാസം വളർത്താനും ശക്തമാക്കാനും നമ്മൾ കൂട്ടുകാരെ സഹായിക്കുന്നെങ്കിൽ, യഹോവയോടുള്ള വിശ്വസ്തതയ്ക്കു നമ്മൾ ഒന്നാം സ്ഥാനം കൊടുക്കുന്നെങ്കിൽ, സ്വന്തം താത്പര്യം നോക്കാതെ എപ്പോഴും വിശ്വസ്തരായി നിൽക്കുന്നെങ്കിൽ നമ്മളും യോനാഥാനെപ്പോലുള്ള ഒരു സുഹൃത്തായിരിക്കും. നമ്മൾ യോനാഥാന്റെ വിശ്വാസം അനുകരിക്കുകയായിരിക്കും.
a ശൗലിന്റെ ഭരണത്തിന്റെ തുടക്കത്തിലാണു യോനാഥാനെക്കുറിച്ച് തിരുവെഴുത്തുകളിൽ ആദ്യം പറയുന്നത്. അപ്പോൾ യോനാഥാൻ സൈന്യാധിപനായിരുന്നു. അതുകൊണ്ട് കുറഞ്ഞത് 20 വയസ്സെങ്കിലും ഉണ്ടായിരുന്നിരിക്കും. (സംഖ്യ 1:3; 1 ശമുവേൽ 13:2) ശൗൽ 40 വർഷം ഭരിച്ചു. അങ്ങനെയാണെങ്കിൽ ശൗലിന്റെ മരണസമയത്ത് യോനാഥാന് ഏകദേശം 60 വയസ്സുണ്ടായിരുന്നിരിക്കും. ശൗൽ മരിക്കുമ്പോൾ ദാവീദിനു 30 വയസ്സായിരുന്നു. (1 ശമുവേൽ 31:2; 2 ശമുവേൽ 5:4) അതുകൊണ്ട് യോനാഥാൻ സാധ്യതയനുസരിച്ച് ദാവീദിനെക്കാൾ ഏകദേശം 30 വയസ്സിനു മൂത്തതായിരുന്നു.