അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ
11 ജനതകളിൽപ്പെട്ടവരും ദൈവവചനം സ്വീകരിച്ചെന്ന് യഹൂദ്യയിലുണ്ടായിരുന്ന അപ്പോസ്തലന്മാരും സഹോദരന്മാരും അറിഞ്ഞു. 2 പത്രോസ് യരുശലേമിൽ വന്നപ്പോൾ, പരിച്ഛേദനയെ* അനുകൂലിച്ചിരുന്നവർ+ പത്രോസിനെ വിമർശിക്കാൻതുടങ്ങി.* 3 അവർ ചോദിച്ചു: “പരിച്ഛേദനയേൽക്കാത്തവരുടെ വീട്ടിൽ പോയി താങ്കൾ അവരോടൊപ്പം ഭക്ഷണം കഴിച്ചില്ലേ?” 4 അപ്പോൾ പത്രോസ് അവരോടു കാര്യങ്ങളെല്ലാം വിവരിച്ചു:
5 “ഞാൻ യോപ്പ നഗരത്തിൽ പ്രാർഥിക്കുകയായിരുന്നു. സ്വപ്നാവസ്ഥയിലായിരിക്കുമ്പോൾ ഞാൻ ഒരു ദിവ്യദർശനം കണ്ടു: ഒരു വലിയ ലിനൻവിരിപോലുള്ള എന്തോ ഒന്ന്* ആരോ നാലു മൂലയിലും പിടിച്ച് ആകാശത്തുനിന്ന് താഴേക്ക് ഇറക്കുന്നു. അതു നേരെ എന്റെ അടുത്തേക്ക് ഇറങ്ങിവന്നു.+ 6 ഞാൻ അതിലേക്കു സൂക്ഷിച്ചുനോക്കി. അതിൽ ഭൂമിയിലെ നാൽക്കാലികളും കാട്ടുമൃഗങ്ങളും ഇഴജന്തുക്കളും* പക്ഷികളും ഉണ്ടായിരുന്നു. 7 ‘പത്രോസേ, എഴുന്നേറ്റ് ഇവയെ അറുത്ത് തിന്നൂ’ എന്നു പറയുന്ന ഒരു ശബ്ദവും ഞാൻ കേട്ടു. 8 എന്നാൽ ഞാൻ, ‘അയ്യോ, അങ്ങനെ പറയരുതു കർത്താവേ, മലിനമോ അശുദ്ധമോ ആയ ഒന്നും ഞാൻ ഇതുവരെ കഴിച്ചിട്ടില്ല’ എന്നു പറഞ്ഞു. 9 അപ്പോൾ ആകാശത്തുനിന്ന് ആ ശബ്ദം വീണ്ടും എന്നോട്, ‘ദൈവം ശുദ്ധീകരിച്ചവയെ നീ മലിനമെന്നു വിളിക്കരുത്’ എന്നു പറഞ്ഞു. 10 മൂന്നാമതും ഇങ്ങനെ സംഭവിച്ചു. പിന്നെ എല്ലാം ആകാശത്തിലേക്കു തിരികെ എടുക്കപ്പെട്ടു. 11 ആ സമയത്തുതന്നെ, മൂന്നു പേർ എന്നെ അന്വേഷിച്ച് ഞങ്ങൾ താമസിച്ചിരുന്ന വീട്ടിൽ എത്തി. കൈസര്യയിലുള്ള ഒരാൾ അയച്ചതായിരുന്നു അവരെ.+ 12 ഒട്ടും മടിക്കാതെ അവരുടെകൂടെ പോകാൻ പരിശുദ്ധാത്മാവ് എന്നോടു പറഞ്ഞു. ഈ ആറു സഹോദരന്മാരും എന്റെകൂടെ വന്നു. അങ്ങനെ ഞങ്ങൾ ആ മനുഷ്യന്റെ വീട്ടിൽ എത്തി.
13 “വീട്ടിൽ ഒരു ദൈവദൂതൻ വന്നെന്നും, ‘യോപ്പയിലേക്ക് ആളയച്ച് പത്രോസ് എന്ന് അറിയപ്പെടുന്ന ശിമോനെ വരുത്തുക,+ 14 നിനക്കും നിന്റെ കുടുംബത്തിനും രക്ഷ ലഭിക്കാനുള്ള കാര്യങ്ങൾ അവൻ നിനക്കു പറഞ്ഞുതരും’ എന്നു പറഞ്ഞെന്നും അദ്ദേഹം ഞങ്ങളെ അറിയിച്ചു. 15 ഞാൻ അവരോടു സംസാരിച്ചുതുടങ്ങിയപ്പോൾ, അന്നു നമ്മുടെ മേൽ പരിശുദ്ധാത്മാവ് വന്നതുപോലെ അവരുടെ മേലും വന്നു.+ 16 ‘യോഹന്നാൻ വെള്ളംകൊണ്ട് സ്നാനപ്പെടുത്തി.+ എന്നാൽ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ട് സ്നാനപ്പെടുത്തും’+ എന്നു കർത്താവ് പറയാറുണ്ടായിരുന്നതു ഞാൻ അപ്പോൾ ഓർത്തു. 17 കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന നമുക്കു നൽകിയ അതേ സമ്മാനംതന്നെ ദൈവം അവർക്കും നൽകിയെങ്കിൽ, ദൈവത്തെ തടയാൻ* ഞാൻ ആരാണ്?”+
18 ഈ കാര്യങ്ങൾ കേട്ടപ്പോൾ അവർ പത്രോസിനെ വിമർശിക്കുന്നതു നിറുത്തി.* “ജനതകളിൽപ്പെട്ടവർക്കും ജീവൻ ലഭിക്കാൻവേണ്ടി, അവർക്കു മാനസാന്തരപ്പെടാൻ ദൈവം അവസരം നൽകിയിരിക്കുന്നു”+ എന്നു പറഞ്ഞ് അവർ ദൈവത്തെ മഹത്ത്വപ്പെടുത്തി.
19 സ്തെഫാനൊസിന്റെ മരണത്തെത്തുടർന്ന് ഉപദ്രവങ്ങളുണ്ടായപ്പോൾ ശിഷ്യന്മാർ ഫൊയ്നിക്യ,+ സൈപ്രസ്, അന്ത്യോക്യ എന്നീ പ്രദേശങ്ങൾവരെ ചിതറിപ്പോയിരുന്നു.+ പക്ഷേ അവർ ജൂതന്മാരോടു മാത്രമേ ദൈവവചനം പ്രസംഗിച്ചുള്ളൂ.+ 20 എന്നാൽ സൈപ്രസിൽനിന്നും കുറേനയിൽനിന്നും ചില ശിഷ്യന്മാർ അന്ത്യോക്യയിൽ ചെന്ന് ഗ്രീക്ക് ഭാഷ സംസാരിക്കുന്നവരോടു കർത്താവായ യേശുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിക്കാൻതുടങ്ങി. 21 യഹോവയുടെ കൈ അവരുടെകൂടെയുണ്ടായിരുന്നതിനാൽ അനേകം ആളുകൾ വിശ്വാസികളായിത്തീർന്നു, അവർ കർത്താവിലേക്കു തിരിഞ്ഞു.+
22 അവരെക്കുറിച്ചുള്ള വാർത്ത യരുശലേമിലെ സഭയിൽ എത്തിയപ്പോൾ അവർ ബർന്നബാസിനെ+ അന്ത്യോക്യയിലേക്ക് അയച്ചു. 23 അവിടെ എത്തിയ ബർന്നബാസ് ദൈവം അനർഹദയ കാണിച്ചതു കണ്ട് വളരെ സന്തോഷിച്ചു. തുടർന്നും കർത്താവിനോടു പറ്റിനിൽക്കുമെന്ന് ഉറച്ച തീരുമാനമെടുക്കാൻ ബർന്നബാസ് എല്ലാവരെയും പ്രോത്സാഹിപ്പിച്ചു.+ 24 പരിശുദ്ധാത്മാവ് നിറഞ്ഞ, ഉറച്ച വിശ്വാസമുള്ള ഒരു നല്ല മനുഷ്യനായിരുന്നു ബർന്നബാസ്. അങ്ങനെ, വലിയൊരു കൂട്ടം ആളുകൾ കർത്താവിലേക്കു ചേർന്നു.+ 25 അതിനു ശേഷം ബർന്നബാസ് ശൗലിനെ തിരഞ്ഞ് തർസൊസിലേക്കു പോയി.+ 26 ബർന്നബാസ് ശൗലിനെ കണ്ടുപിടിച്ച് അന്ത്യോക്യയിലേക്കു കൂട്ടിക്കൊണ്ടുവന്നു. ഒരു വർഷം മുഴുവൻ അവർ ആ സഭയോടൊപ്പം കൂടിവരുകയും അനേകം ആളുകളെ പഠിപ്പിക്കുകയും ചെയ്തു. അന്ത്യോക്യയിൽവെച്ചാണു ദൈവഹിതമനുസരിച്ച് ശിഷ്യന്മാരെ ആദ്യമായി ക്രിസ്ത്യാനികൾ എന്നു വിളിച്ചത്.+
27 അക്കാലത്ത് യരുശലേമിൽനിന്ന് ചില പ്രവാചകന്മാർ+ അന്ത്യോക്യയിൽ വന്നു. 28 ലോകം മുഴുവൻ വലിയൊരു ക്ഷാമം+ വരാൻപോകുകയാണെന്നു പ്രവചിക്കാൻ അക്കൂട്ടത്തിലുണ്ടായിരുന്ന അഗബൊസിനെ+ പരിശുദ്ധാത്മാവ് പ്രേരിപ്പിച്ചു. ക്ലൗദ്യൊസിന്റെ ഭരണകാലത്താണ് ആ ക്ഷാമം ഉണ്ടായത്.+ 29 ശിഷ്യന്മാർ ഓരോരുത്തരും അവരുടെ കഴിവനുസരിച്ച്+ യഹൂദ്യയിലുള്ള സഹോദരങ്ങൾക്കു സഹായം എത്തിച്ചുകൊടുക്കാൻ+ തീരുമാനിച്ചു. 30 അവർ ബർന്നബാസിന്റെയും ശൗലിന്റെയും കൈവശം അതു മൂപ്പന്മാർക്കു കൊടുത്തയച്ചു.+