നിരാശ സന്തോഷത്തിനു വഴിമാറിയപ്പോൾ
ബിസേന്റേ ഗൊൺസാലസ് പറഞ്ഞ പ്രകാരം
ആത്മഹത്യ ചെയ്യാനായി നാലു തവണ വെടിയുതിർത്തിട്ടും ഞാൻ മരിച്ചില്ല എന്നു കേട്ടപ്പോൾ അയൽക്കാർ എന്നെ ‘സൂപ്പർമാൻ’ എന്നു വിളിക്കാൻ തുടങ്ങി. പക്ഷേ ഞാൻ സൂപ്പർമാനൊന്നും അല്ലായിരുന്നു. ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനമെടുക്കാൻ എന്നെ പ്രേരിപ്പിച്ചത് എന്താണെന്നു ഞാൻ പറയട്ടെ.
ഇക്വഡോറിലെ ഗ്വൈയകിലിൽ 1951-ലാണ് ഞാൻ ജനിച്ചത്. കുട്ടികളായി ഞങ്ങൾ ഒമ്പതു പേരുണ്ടായിരുന്നു. കടലിനോടു ചേർന്നു സ്ഥിതിചെയ്യുന്ന ‘ദി ഇൻവേഷൻസ്’ എന്നറിയപ്പെടുന്ന സ്ഥലത്ത് മാതാപിതാക്കൾ ഞങ്ങൾക്കായി ഒരു വീടു പണിതു. പാവപ്പെട്ട കുടുംബങ്ങൾ അവിടെ അനധികൃതമായി കുടിയേറിപ്പാർക്കുകയായിരുന്നു. മുളകൊണ്ടുള്ള ഭിത്തികളും തകരംകൊണ്ടുള്ള മേൽക്കൂരകളുമുള്ള വീടുകളായിരുന്നു അവിടത്തേത്. വേലിയേറ്റ സമയത്തു വെള്ളം കയറുന്ന പ്രദേശത്തും കണ്ടൽമരങ്ങൾ വളരുന്ന ചതുപ്പുനിലങ്ങളിലും പണിതിരുന്ന ഈ വീടുകൾ താങ്ങുതടികളിൽ ഉയർത്തിനിറുത്തിയിരുന്നു. ഞങ്ങൾക്ക് വൈദ്യുതിയില്ലായിരുന്നു. മരക്കരിയിട്ടു കത്തിക്കുന്ന അടുപ്പിലായിരുന്നു പാചകം. കുടിവെള്ളം കിട്ടുന്ന സ്ഥലത്തെത്തുന്നതിന് ഒരു കിലോമീറ്റർ നടക്കണമായിരുന്നു.
വീട്ടുചെലവുകളിൽ സഹായിക്കുന്നതിനായി എന്റെ മൂത്ത സഹോദരങ്ങൾ ചെറുപ്രായത്തിൽത്തന്നെ ജോലി ചെയ്യാൻ തുടങ്ങി. 16 വയസ്സുള്ളപ്പോൾ സ്കൂൾ പഠനം നിറുത്തി ഞാൻ ഒരു ഫാക്ടറിയിൽ സന്ദേശവാഹകനായി ജോലിക്കു ചേർന്നു. കൂട്ടുകാരോടൊപ്പം ഞാൻ മദ്യപിക്കാനും അധാർമിക പ്രവർത്തനങ്ങളിൽ ഉൾപ്പെടാനും തുടങ്ങി. മനസ്സാക്ഷിക്കുത്തു തോന്നുമ്പോൾ ഞാൻ കുമ്പസാരിക്കുമായിരുന്നു. “മകനേ, നീ നിന്റെ തെറ്റെല്ലാം നല്ലവണ്ണം ഏറ്റുപറഞ്ഞിരിക്കുന്നു” എന്നു പറഞ്ഞിട്ട് യാതൊരു ആത്മീയ സഹായവും നൽകാതെ പുരോഹിതൻ എന്നെ പറഞ്ഞയയ്ക്കുമായിരുന്നു. അതുകൊണ്ട് ഞാൻ എന്റെ തെറ്റുകൾ ആവർത്തിച്ചുകൊണ്ടേയിരുന്നു. പാപം ചെയ്തിട്ട് കുമ്പസാരിക്കുകയെന്ന സ്ഥിരംപരിപാടി അർഥശൂന്യമായി തോന്നിയപ്പോൾ ഒടുവിൽ ഞാൻ പള്ളിയിൽ പോകുന്നതു നിറുത്തി. ഏതാണ്ട് അതേ സമയത്തുതന്നെയാണ് എനിക്കു ചുറ്റുമുള്ള സമൂഹത്തിൽ നിലനിന്നിരുന്ന അനീതിയെക്കുറിച്ച് എനിക്കു തിരിച്ചറിവുണ്ടായത്. എണ്ണത്തിൽ ഭൂരിപക്ഷംവരുന്ന ദരിദ്രർ വയറുനിറയ്ക്കാൻ പാടുപെടുമ്പോൾ സമ്പന്നർ സുഖലോലുപതയിൽ ആറാടുകയായിരുന്നു. ജീവിതത്തിന് ഒരർഥവുമില്ലെന്നു തോന്നി. ഭാവി ഇരുളടഞ്ഞതായി കാണപ്പെട്ടു.
അങ്ങനെയിരിക്കെ ഒരു ദിവസം, എന്റെ നാലു സഹോദരിമാർ യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങൾ വായിക്കുന്ന കാര്യം ഞാൻ അറിയാനിടയായി. ഞാനും അവ വായിക്കാൻ തുടങ്ങി. അതിൽ ഒരു പുസ്തകം എനിക്കു വളരെ ഇഷ്ടപ്പെട്ടു. നിത്യജീവനിലേക്കു നയിക്കുന്ന സത്യം എന്ന പുസ്തകമായിരുന്നു അത്. യുക്തിസഹമായ വിധത്തിൽ കാര്യങ്ങൾ അവതരിപ്പിച്ചുകൊണ്ട് അത് പല ബൈബിൾ വിഷയങ്ങളെക്കുറിച്ചും എനിക്ക് അറിവു പകർന്നു. ‘ഇതുതന്നെയാണു സത്യം!’ എന്ന് എന്നോടുതന്നെ പറഞ്ഞത് ഞാൻ ഓർക്കുന്നു. എന്നാൽ സത്യത്തിനു ചേർച്ചയിൽ ജീവിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. തുടർന്നുവന്ന 15 വർഷത്തെ അനുഭവത്തിലൂടെ അത് എനിക്കു മനസ്സിലായി.
22 വയസ്സുള്ളപ്പോൾ എനിക്ക് ഒരു ബാങ്കിൽ ജോലി കിട്ടി. കൂടെ ജോലി ചെയ്യുന്ന ഒരാൾ, ആരും അറിയാതെ ബാങ്കിൽനിന്ന് പണം ‘കടമെടുക്കുകയും’ പിന്നീട് ആ ‘ലോൺ’ തിരിച്ചടയ്ക്കുകയും ചെയ്യാറുണ്ടായിരുന്നു. ആ വിദ്യ അയാൾ എന്നെയും പഠിപ്പിച്ചു. അങ്ങനെ ഞാനും ‘ലോൺ’ എടുക്കാൻ തുടങ്ങി. ഒടുവിൽ എന്റെ ഈ തെറ്റ് മൂടിവെക്കാൻ കഴിയില്ലെന്നായി, കാരണം അത്രയധികം പണം ഞാൻ എടുത്തിരുന്നു. ആ പണം മുഴുവൻ തിരിച്ചടയ്ക്കാൻ ഒരിക്കലും കഴിയില്ലെന്നു മനസ്സിലായപ്പോൾ എനിക്ക് എന്തെന്നില്ലാത്ത നിരാശ തോന്നി. അതുകൊണ്ട് കുറ്റം ഏറ്റുപറയാനും തെറ്റിനുള്ള കടുത്ത പ്രായശ്ചിത്തമായി ജീവനൊടുക്കാനും ഞാൻ തീരുമാനിച്ചു.
ബാങ്കിലേക്ക് ഒരു കത്തെഴുതിയ ശേഷം ഞാൻ ഒരു ചെറിയ തോക്കു വാങ്ങി. കടൽത്തീരത്ത് ആരും കാണാത്ത ഒരു സ്ഥലത്തുവെച്ച് എല്ലാം അവസാനിപ്പിക്കുക, അതായിരുന്നു ലക്ഷ്യം. നാലുതവണ ഞാൻ നിറയൊഴിച്ചു, രണ്ടുതവണ തലയ്ക്കുനേരെയും രണ്ടുതവണ നെഞ്ചിനുനേരെയും. ഗുരുതരമായി പരിക്കുപറ്റിയെങ്കിലും ഞാൻ മരിച്ചില്ല. സൈക്കിളിൽ വന്ന ഒരാൾ പെട്ടെന്നുതന്നെ എന്നെ ആശുപത്രിയിൽ എത്തിക്കാനുള്ള ക്രമീകരണം ചെയ്തു. സുഖം പ്രാപിച്ചശേഷം മോഷണക്കുറ്റത്തിനു വിചാരണചെയ്ത് എന്നെ ജയിലിലടച്ചു. പിന്നീട് ജയിലിൽനിന്നു പുറത്തുവന്ന എനിക്ക് എന്തെന്നില്ലാത്ത ലജ്ജയും നിരാശയും തോന്നി. കാരണം കുറ്റപ്പുള്ളിയെന്ന ലേബൽ എന്റെമേൽ പതിഞ്ഞിരുന്നു. നാലു വെടിയുണ്ടകളെ അതിജീവിച്ച എന്നെ അയൽക്കാർ ‘സൂപ്പർമാൻ’ എന്നു വിളിക്കാൻ തുടങ്ങി.
മാറ്റംവരുത്താനുള്ള ഒരവസരം
ഏതാണ്ട് ഈ സമയത്താണ് യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരു മിഷനറി എന്നെ സന്ദർശിച്ചത്. പോൾ സാൻചേസ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. അദ്ദേഹത്തിന്റെ മുഖത്തെ പുഞ്ചിരിയാണ് ഞാൻ ആദ്യം ശ്രദ്ധിച്ചത്. അദ്ദേഹത്തിന്റെ പ്രസന്നഭാവവും ശുഭാപ്തിവിശ്വാസവും എന്നെ വളരെയേറെ ആകർഷിച്ചു. അതുകൊണ്ടുതന്നെ ആളുകളെ ബൈബിൾ പഠിപ്പിക്കുന്ന ക്രമീകരണത്തെപ്പറ്റി പറഞ്ഞപ്പോൾ ഞാനതിനു സമ്മതിച്ചു. ‘സന്തോഷവും ജീവിതത്തിൽ ഒരു ഉദ്ദേശ്യവും കണ്ടെത്താൻ ഒരുപക്ഷേ ഇദ്ദേഹത്തിന് എന്നെ സഹായിക്കാനായേക്കും,’ ഞാൻ മനസ്സിൽ വിചാരിച്ചു.
ദൈവത്തിനു മനുഷ്യരോടുള്ള ബന്ധത്തിൽ ഒരു ഉദ്ദേശ്യമുണ്ടെന്നും അവനെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുന്നവർക്ക് ഒരിക്കൽ ഭൂമിയിലെ പറുദീസയിൽ ജീവിക്കാനാകുമെന്നും മനസ്സിലാക്കാൻ പോൾ എന്നെ സഹായിച്ചു. (സങ്കീർത്തനം 37:29) കൂടാതെ, അനീതിക്കും ദാരിദ്ര്യത്തിനും കാരണക്കാരൻ ദൈവമല്ലെന്നും അതൊക്കെ മനുഷ്യവർഗം ദൈവത്തിനെതിരെ മത്സരിച്ചതിന്റെ ഫലമാണെന്നും ഞാൻ മനസ്സിലാക്കി. (ആവർത്തനപുസ്തകം 32:4, 5) ഈ സത്യങ്ങൾ എന്റെ ജീവിതത്തെ പ്രകാശമാനമാക്കി. എന്നാൽ എന്റെ സ്വഭാവത്തിനു മാറ്റം വരുത്തുകയെന്നത് ബൈബിൾ പഠിക്കുന്നതിനെക്കാൾ വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.
അങ്ങനെയിരിക്കെ എനിക്ക് ഒരു ഓഫീസ് ജോലി കിട്ടി. കമ്പനിയുടെ പണം കൈകാര്യം ചെയ്യുന്നത് അതിൽ ഉൾപ്പെട്ടിരുന്നു. വീണ്ടും ഞാൻ പ്രലോഭനത്തിനു വഴങ്ങി മോഷ്ടിക്കാൻ തുടങ്ങി. മോഷണം മറച്ചുവെക്കാൻ എനിക്കു കഴിയാതെ വന്നപ്പോൾ ഞാൻ ഇക്വഡോറിലെ മറ്റൊരു നഗരത്തിലേക്ക് ഓടിപ്പോയി. ഒരു വർഷത്തോളം അവിടെ താമസിച്ചു. രാജ്യംവിടാൻ ഞാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അങ്ങനെ ഞാൻ വീട്ടിൽ മടങ്ങിയെത്തി.
പോൾ എന്നെ വീണ്ടും കണ്ടുമുട്ടി. അധ്യയനം പുനരാരംഭിച്ചു. ഇത്തവണ, ബൈബിൾ തത്ത്വങ്ങൾ ജീവിതത്തിൽ ബാധകമാക്കാനും യഹോവയെ സേവിക്കാനും ഞാൻ തീരുമാനിച്ചുറച്ചു. അതുകൊണ്ടുതന്നെ, ഞാൻ നടത്തിയ മോഷണത്തെക്കുറിച്ച് പോളിനോടു പറഞ്ഞു. എഫെസ്യർ 4:28 പോലുള്ള ബൈബിൾ വാക്യങ്ങളിലേക്ക് എന്റെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് അദ്ദേഹം തക്കതായ ബുദ്ധിയുപദേശം നൽകി. അവിടെ ഇങ്ങനെ പറയുന്നു: “കള്ളൻ ഇനി കക്കാതെ . . . അദ്ധ്വാനിക്കയത്രേ വേണ്ടത്.” മോഷണക്കുറ്റം ഏറ്റെടുത്ത് അതിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടതുണ്ടെന്ന് എനിക്കു മനസ്സിലായി.
എന്റെ സാഹചര്യത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കെ കലാകാരനെന്ന നിലയിൽ ഞാൻ ഒരു സ്വയംതൊഴിൽ കണ്ടെത്തി. ഒരു ദിവസം ഒരാൾ സ്റ്റുഡിയോയിൽ വന്നിട്ട് ഒരു പെയിന്റിങ്ങിൽ താത്പര്യം പ്രകടിപ്പിച്ചു. എന്നാൽ അദ്ദേഹം ഒരു കുറ്റാന്വേഷകനായിരുന്നു, എന്നെ അറസ്റ്റുചെയ്യാനുള്ള വാറണ്ട് അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ടായിരുന്നു. അങ്ങനെ ഒരിക്കൽക്കൂടി എനിക്ക് കോടതി കയറേണ്ടിവന്നു, ഞാൻ ജയിലിലുമായി. പോൾ എന്നെ കാണാൻ വന്നപ്പോൾ “ബൈബിൾ മനസ്സിലാക്കുന്നതിന് എന്നെ സഹായിക്കാനായി ചെയ്യുന്ന ശ്രമത്തെക്കുറിച്ചോർത്ത് താങ്കൾ ഒരിക്കലും ഖേദിക്കേണ്ടിവരില്ല” എന്ന് ഞാൻ അദ്ദേഹത്തിനു വാക്കു കൊടുത്തു. ജയിലിലായിരിക്കെ ഞാൻ ബൈബിൾ പഠനം തുടർന്നു.
എന്റെ ആത്മാർഥത ഞാൻ തെളിയിച്ചു
ജയിലിൽനിന്നു പുറത്തുവന്നപ്പോൾ പൂർണ ഹൃദയത്തോടെ യഹോവയെ സേവിക്കാൻ ഞാൻ ഒരു ഉറച്ച തീരുമാനമെടുത്തു. അടുത്ത രണ്ടുവർഷംകൊണ്ട് ഞാൻ എന്റെ ആത്മാർഥത തെളിയിക്കുകയും ചെയ്തു. 1988-ൽ യഹോവയുടെ സാക്ഷികളിൽ ഒരാളായി ഞാൻ സ്നാപനമേറ്റു. പാഴാക്കിക്കളഞ്ഞ സമയത്തിനുള്ള പരിഹാരമായി ഞാൻ ഒരു പയനിയർ എന്നനിലയിൽ മുഴുസമയ സേവനം ആരംഭിച്ചു. യുവ റൗഡിസംഘങ്ങളിലെ അംഗങ്ങളെ കണ്ടുമുട്ടുന്നതിന് ഞാൻ ഒരു പ്രത്യേക ശ്രമം ചെയ്തു.
അതിൽ ഒരു സംഘം ഞങ്ങളുടെ രാജ്യഹാളിന്റെ ഭിത്തിയിൽ കുത്തിവരയ്ക്കാറുണ്ടായിരുന്നു. ഈ സംഘത്തിലുള്ളവരെ എനിക്ക് അറിയാമായിരുന്നു, അവർ എവിടെയാണ് താമസിച്ചിരുന്നതെന്നും. ഞാനവരെ ചെന്നുകണ്ട് രാജ്യഹാൾ എന്തിനുവേണ്ടിയുള്ളതാണെന്നു വിശദീകരിക്കുകയും അതിനെ ആദരവോടെ കാണണമെന്ന് ദയാപൂർവം അഭ്യർഥിക്കുകയും ചെയ്തു. അതിനുശേഷം അങ്ങനെയൊരു പ്രശ്നമേ ഉണ്ടായിട്ടില്ല.
പിന്നീട് ഹാൾ പുതുക്കിപ്പണിയുന്നതിനോടുള്ള ബന്ധത്തിൽ പെയിന്റ് ചുരണ്ടിക്കളയവേ “തവള” (സ്പാനീഷിൽ ലാ റാണാ) എന്ന് എഴുതിയിരിക്കുന്നത് ഫെർനാൻഡോ എന്ന ഒരു യുവസാക്ഷിയുടെ ശ്രദ്ധയിൽപ്പെട്ടു. “അത് ഞാനായിരുന്നു!” അവൻ അതിശയത്തോടെ പറഞ്ഞു. റൗഡിസംഘത്തിൽ ആയിരുന്നപ്പോൾ ഫെർനാൻഡോയാണ് തന്റെ ആ ഇരട്ടപ്പേര് ഹാളിന്റെ ചുവരിൽ എഴുതിപ്പിടിപ്പിച്ചത്. ഇപ്പോഴിതാ അവൻതന്നെ അതു ചുരണ്ടിക്കളയുന്നു!
ഫെർനാൻഡോയെ ഞാൻ ആദ്യം കാണുമ്പോൾ അവൻ മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നു. മയക്കുമരുന്നാസക്തരെയും മറ്റും ചികിത്സിക്കുന്ന രണ്ടു കേന്ദ്രങ്ങളിൽ അമ്മ അവനെ അയച്ചിരുന്നെങ്കിലും പ്രയോജനമൊന്നും ഉണ്ടായില്ല. അങ്ങനെ അവർ അവനെ നന്നാക്കാനുള്ള ശ്രമമൊക്കെ ഉപേക്ഷിച്ച് അവനെ വീട്ടിൽ തനിച്ചാക്കി മറ്റൊരു സ്ഥലത്തേക്കു പോയി. മയക്കുമരുന്നിനുള്ള പണം ഉണ്ടാക്കാനായി വിലകിട്ടുന്നത് എല്ലാം, എന്തിന് വീടിന്റെ വാതിലുകളും ജനലുകളും മേൽക്കൂരയും പോലും, ഫെർനാൻഡോ വിറ്റുകളഞ്ഞു. ഒരു ദിവസം തെരുവിൽവെച്ച് ഞാൻ അവനെ സമീപിച്ചു. കുടിക്കാൻ ഒരു ശീതള പാനീയം കൊടുത്തിട്ട് ബൈബിളധ്യയനത്തെക്കുറിച്ച് അവനോടു പറഞ്ഞു. അവൻ അതിനു സമ്മതിച്ചു. സത്യത്തോടു നല്ല രീതിയിൽ പ്രതികരിക്കുകയും ചെയ്തു; അതെന്നെ വളരെയധികം സന്തോഷിപ്പിച്ചു. റൗഡിസംഘത്തോടും മയക്കുമരുന്നുശീലത്തോടും വിടപറഞ്ഞ അവൻ ക്രിസ്തീയ യോഗങ്ങളിൽ സംബന്ധിക്കുകയും താമസിയാതെ സ്നാപനമേൽക്കുകയും ചെയ്തു.
ഞാനും ഫെർനാൻഡോയും കൂടെ വീടുതോറും പ്രസംഗിക്കാനായി പോകുമ്പോൾ പലപ്പോഴും ആളുകൾ ഞങ്ങളെ തിരിച്ചറിയുമായിരുന്നു. “ഇതാര്, തവളയോ!” അല്ലെങ്കിൽ “ഇത് നമ്മുടെ സൂപ്പർമാനല്ലേ?” എന്നൊക്കെ അവർ പറയുന്നതു കേൾക്കാം. ഞങ്ങൾ എന്താണു ചെയ്യുന്നതെന്ന് അവർ ചോദിക്കുമായിരുന്നു. റൗഡിയും കള്ളനും ആയിരുന്ന രണ്ടുപേർ ഇപ്പോൾ ബൈബിളും കയ്യിൽപ്പിടിച്ച് അവരെ സന്ദർശിക്കുന്നത് അവരെ അത്ഭുതപ്പെടുത്തി.
ഒരിക്കൽ ഞാൻ ഒരാളോടു സാക്ഷീകരിക്കുകയായിരുന്നു. ഫെർനാൻഡോയാകട്ടെ ആ വ്യക്തിയുടെ അയൽക്കാരനോടു സംസാരിച്ചുകൊണ്ടു നിൽക്കുകയായിരുന്നു. ഞാൻ സംസാരിച്ചുകൊണ്ടിരുന്ന വ്യക്തി ഫെർനാൻഡോയെ ചൂണ്ടി ഇങ്ങനെ പറഞ്ഞു: “ദാ, ആ നിൽക്കുന്ന മനുഷ്യനില്ലേ, അയാൾ ഒരിക്കൽ എന്റെ തലയ്ക്കുനേരെ തോക്കുചൂണ്ടി എന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.” ഫെർനാൻഡോ തന്റെ മോശമായ ശീലങ്ങളൊക്കെ ഉപേക്ഷിച്ചെന്നും ഇപ്പോൾ ബൈബിൾ തത്ത്വങ്ങൾ അനുസരിച്ചു ജീവിക്കുകയാണെന്നും ഞാൻ അദ്ദേഹത്തോടു പറഞ്ഞു. അയൽക്കാരനോടു സംസാരിച്ചു കഴിഞ്ഞപ്പോൾ ഞാൻ ഫെർനാൻഡോയെ അടുത്തുവിളിച്ചിട്ട് വീട്ടുകാരനു പരിചയപ്പെടുത്തി. “ജീവിതത്തിൽ ഇത്രയൊക്കെ മാറ്റംവരുത്തിയ നിന്നെ അഭിനന്ദിക്കാതിരിക്കാൻ വയ്യ” എന്ന് അയാൾ ഫെർനാൻഡോയോടു പറഞ്ഞു.
ഫെർനാൻഡോയും ഞാനും എത്ര തവണ ഇതുപോലുള്ള അഭിപ്രായങ്ങൾ കേട്ടിട്ടുണ്ടെന്ന് ഞാനോർക്കുന്നില്ല. അതൊക്കെ ഒരു നല്ല സാക്ഷ്യം കൊടുക്കുന്നതിനുള്ള അവസരം നൽകി. അനേകം ബൈബിളധ്യയനങ്ങളും ആരംഭിക്കാൻ കഴിഞ്ഞു. അതേ, യഹോവയുടെ സാക്ഷികളായി അറിയപ്പെടുന്നതിൽ ഞാനും ഫെർനാൻഡോയും അഭിമാനംകൊള്ളുന്നു.
എന്റെ ജീവിതത്തിലെ ഒരു നാഴികക്കല്ല്
2001-ൽ എനിക്ക് 50 വയസ്സായപ്പോൾ, പെറുവിൽവെച്ചു നടന്ന ശുശ്രൂഷാ പരിശീലന ക്ലാസ്സിൽ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചു. എനിക്ക് എന്തെന്നില്ലാത്ത അതിശയവും ആഹ്ലാദവും തോന്നി. സമഗ്രമായ ആത്മീയ പ്രബോധനങ്ങൾ പ്രദാനംചെയ്യുന്ന, എട്ട് ആഴ്ചത്തെ ഈ കോഴ്സ് യോഗ്യരായ സാക്ഷികളെ അവരുടെ ശുശ്രൂഷയിൽ സഹായിക്കുന്നതിനുവേണ്ടിയുള്ളതാണ്.
ശുശ്രൂഷാ പരിശീലന സ്കൂളിന്റെ എല്ലാ പ്രത്യേകതകളും ഞാൻ ആസ്വദിച്ചു—പ്രസംഗം നടത്തുന്നത് ഒഴികെ; അത് എനിക്കൊരു പേടിസ്വപ്നമായിരുന്നു. എന്നെക്കാൾ പ്രായംകുറഞ്ഞ പല വിദ്യാർഥികളും ഒന്നാന്തരം പ്രസംഗങ്ങൾ നടത്തി; അവർക്കൊക്കെ നല്ല ആത്മവിശ്വാസം ഉള്ളതായി തോന്നി. എന്നാൽ എന്റെ ആദ്യത്തെ പ്രസംഗം നടത്താനായി ഞാൻ എഴുന്നേറ്റപ്പോൾ, കുട്ടിക്കാലംമുതൽക്കേ എന്നെ അലട്ടിയിരുന്ന അപകർഷത വീണ്ടും എനിക്ക് അനുഭവപ്പെട്ടു. എന്റെ മുട്ടുകൾ കൂട്ടിയിടിച്ചു, വിയർത്തു നനഞ്ഞിരുന്ന എന്റെ കൈകൾ വിറച്ചു, ശബ്ദം ഇടറാൻ തുടങ്ങി. എന്നാൽ യഹോവ പരിശുദ്ധാത്മാവിനെ ഉപയോഗിച്ചുകൊണ്ടും സ്നേഹമുള്ള സഹോദരന്മാരിലൂടെയും എന്നെ ബലപ്പെടുത്തി. അധ്യാപകരിൽ ഒരാൾ എന്റെ കാര്യത്തിൽ പ്രത്യേക താത്പര്യം കാണിക്കുകപോലും ചെയ്തു. ക്ലാസ്സിനുശേഷം പ്രസംഗങ്ങൾ തയ്യാറാകാൻ അദ്ദേഹം എന്നെ സഹായിച്ചു. ഏറ്റവും പ്രധാനമായി, യഹോവയിൽ ആശ്രയിക്കാൻ അദ്ദേഹം എന്നെ പഠിപ്പിച്ചു. കോഴ്സിന്റെ അവസാനമായപ്പോഴേക്കും ഒരു സദസ്സിനു മുമ്പാകെ പ്രസംഗം നടത്തുന്നത് ഞാൻ ശരിക്കും ആസ്വദിക്കാൻ തുടങ്ങി, ജീവിതത്തിൽ ആദ്യമായി.
അങ്ങനെയിരിക്കെ എന്റെ ആത്മവിശ്വാസത്തിന്റെ മാറ്റുരയ്ക്കുന്ന ഒരു സംഭവം ഉണ്ടായി. ഗ്വൈയകിലിൽവെച്ചു നടന്ന യഹോവയുടെ സാക്ഷികളുടെ ഒരു കൺവെൻഷനിൽ 25,000 പേരടങ്ങുന്ന ഒരു സദസ്സിനു മുമ്പാകെ, ഒരു സാക്ഷിയായിത്തീർന്നത് എങ്ങനെയെന്നു ഞാൻ വിശദീകരിച്ചു. ഇത്രയധികം ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദവിയെക്കുറിച്ച് ഓർത്തപ്പോൾ, സംസാരിക്കുന്നതിനിടയിൽ ഞാൻ വികാരഭരിതനായിപ്പോയി. എന്റെ ശബ്ദം ഇടറാൻ തുടങ്ങി. കൺവെൻഷനിൽ സംബന്ധിച്ച ഒരാൾ പിന്നീട് എന്നെ സമീപിച്ചിട്ട് പറഞ്ഞു: “ഗൊൺസാലസ് സഹോദരാ, ആ അനുഭവം കേട്ടിട്ട് കണ്ണുനിറയാത്ത ഒരാൾ പോലുമില്ലായിരുന്നു സദസ്സിൽ.” മോശമായ ശീലങ്ങൾ ഉപേക്ഷിക്കാൻ കഠിനശ്രമം ചെയ്തുകൊണ്ടിരുന്നവർക്ക് എന്റെ അനുഭവം ഒരു പ്രോത്സാഹനമാകണം, അതായിരുന്നു എന്റെ ആഗ്രഹം.
ഇപ്പോൾ ഞാൻ ഒരു മൂപ്പനും സാധാരണ പയനിയറുമാണ്. 16 പേരെ ബൈബിൾ സത്യത്തെക്കുറിച്ചുള്ള സൂക്ഷ്മ പരിജ്ഞാനം നേടുന്നതിന് സഹായിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം ഞാൻ ആസ്വദിച്ചിരിക്കുന്നു. എന്റെ മാതാപിതാക്കളും നാലു സഹോദരിമാരും അവരുടെ ജീവിതം യഹോവയ്ക്കു സമർപ്പിച്ചതിൽ ഞാൻ അങ്ങേയറ്റം സന്തോഷിക്കുന്നു. 2001-ൽ എന്റെ അമ്മ മരിച്ചു. മരണം വരെ അമ്മ ദൈവത്തോടുള്ള വിശ്വസ്തത പാലിച്ചു. യഹോവ തന്നെക്കുറിച്ച് അറിയാൻ എനിക്ക് അവസരം നൽകിയതിന് അവനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ദൈവത്തോട് അടുക്കാൻ മറ്റുള്ളവരെയും സഹായിക്കുകയാണ് അവനോടുള്ള നന്ദി പ്രകടിപ്പിക്കാൻ പറ്റിയ ഏറ്റവും നല്ല മാർഗമെന്ന് ഞാൻ മനസ്സിലാക്കുന്നു.—യാക്കോബ് 4:8.
[12-ാം പേജിലെ ചിത്രം]
ബൈബിൾ പഠിക്കാൻ ഞാൻ സഹായിച്ച ഫെർനാൻഡോ, തവള എന്നറിയപ്പെട്ടിരുന്ന മുൻറൗഡി
[12-ാം പേജിലെ ചിത്രം]
ബൈബിൾ പഠിക്കാൻ എന്നെ സഹായിച്ച പോൾ സാൻചേസ് എന്ന മിഷനറി
[13-ാം പേജിലെ ചിത്രം]
ബിസേന്റേ ഗൊൺസാലസ്, ഇന്ന്