അന്ത്യനാളുകൾ
നിർവ്വചനം: ബൈബിൾ “അന്ത്യനാളുകൾ” എന്ന പദപ്രയോഗം ഉപയോഗിക്കുന്നത് ഒരു വ്യവസ്ഥിതിയുടെ അന്ത്യത്തെ അടയാളപ്പെടുത്തുന്ന ദിവ്യ നിയമിത വിധി നിർവ്വഹണത്തിലേക്ക് നയിക്കുന്ന സമാപന കാലഘട്ടത്തെ പരാമർശിക്കാനാണ്. യെരൂശലേമിലെ ആലയത്തെ ചുററിപ്പററി പടുത്തുയർത്തപ്പെട്ട ആരാധനയോടുകൂടിയ യഹൂദവ്യവസ്ഥിതിക്ക് അതിന്റെ അന്ത്യനാളുകൾ പൊ. യു. 70-ലെ നാശത്തിൽ പര്യവസാനിച്ച കാലഘട്ടത്തിൽ അനുഭവപ്പെട്ടു. അന്നു സംഭവിച്ചത് സകല രാഷ്ട്രങ്ങളും ദൈവം കൽപ്പിച്ച ന്യായവിധി നിർവ്വഹണത്തെ അഭിമുഖീകരിക്കുമ്പോൾ കൂടുതൽ ശക്തമായും ആഗോള വ്യാപകമായും അനുഭവിക്കാനിരിക്കുന്നതിന്റെ ഒരു ചിത്രീകരണമായിരുന്നു. ലോകവ്യാപകമായ ഇന്നത്തെ ദുഷ്ടവ്യവസ്ഥിതി 1914-ൽ അതിന്റെ അന്ത്യനാളുകളിലേക്ക് പ്രവേശിച്ചു.
നാം ഇന്ന് “അന്ത്യനാളുകളിലാണ്” ജീവിക്കുന്നത് എന്ന് സൂചിപ്പിക്കുന്നത് എന്താണ്?
ഈ സുപ്രധാനമായ കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന സംഭവങ്ങളും അവസ്ഥകളും ബൈബിൾ വിവരിക്കുന്നു. “ആ അടയാളം” പല തെളിവുകൾ കൂടിച്ചേർന്ന സംയുക്തമായ ഒന്നാണ്; അതുകൊണ്ട് അതിന്റെ നിവൃത്തി അടയാളത്തിന്റെ എല്ലാ വശങ്ങളും ഒരു കാലഘട്ടത്തിൽത്തന്നെ വ്യക്തമായി കാണേണ്ടത് ആവശ്യമാക്കിത്തീർക്കുന്നു. അടയാളത്തിന്റെ വിവിധ വശങ്ങൾ മത്തായി 24, 25, മർക്കോസ് 13, ലൂക്കോസ് 21 എന്നീ അദ്ധ്യായങ്ങളിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു; കൂടുതൽ വിശദാംശങ്ങൾ 2 തിമൊഥെയോസ് 3:1-5; 2 പത്രോസ് 3:3, 4; വെളിപ്പാട് 6:1-8 എന്നിവിടങ്ങളിലുണ്ട്. ദൃഷ്ടാന്തമായി അടയാളത്തിന്റെ ശ്രദ്ധേയമായ ചില ഭാഗങ്ങൾ നാം പരിഗണിക്കും.
“ജനത ജനതക്കെതിരായും രാജ്യം രാജ്യത്തിനെതിരായും എഴുന്നേൽക്കും” (മത്താ. 24:7)
യുദ്ധം ആയിരക്കണക്കിനു വർഷങ്ങളിൽ ഭൂമിയിലെ ജീവിതത്തെ കളങ്കപ്പെടുത്തിയിട്ടുണ്ട്. സാർവദേശീയ യുദ്ധങ്ങളും രാഷ്ട്രങ്ങളിൽ ആഭ്യന്തര യുദ്ധങ്ങളും നടന്നിട്ടുണ്ട്. എന്നാൽ 1914 മുതൽ ഒന്നാം ലോകമഹായുദ്ധം നടന്നു. ഇത് രണ്ടു സൈന്യങ്ങൾ തമ്മിൽ യുദ്ധക്കളത്തിൽ നടത്തിയ വെറുമൊരു ഏററുമുട്ടലായിരുന്നില്ല. ചരിത്രത്തിലാദ്യമായി എല്ലാ വൻശക്തികളും യുദ്ധത്തിലേർപ്പെട്ടു. മുഴുരാഷ്ട്രങ്ങളും—പൗരജനങ്ങൾ ഉൾപ്പെടെ—യുദ്ധശ്രമങ്ങളെ പിന്താങ്ങുന്നതിന് സംഘടിപ്പിക്കപ്പെട്ടു. യുദ്ധത്തിന്റെ അന്ത്യഘട്ടമായപ്പോഴേക്കും ലോക ജനസംഖ്യയുടെ 93 ശതമാനം അതിൽ ഉൾപ്പെട്ടതായി കണക്കാക്കപ്പെട്ടിരിക്കുന്നു. 1914-ന്റെ ചരിത്ര പ്രാധാന്യം സംബന്ധിച്ച് 239, 240 പേജുകൾ കാണുക.)
വെളിപ്പാട് 6:4-ൽ മുൻകൂട്ടി പറയപ്പെട്ടപ്രകാരം ‘ഭൂമിയിൽ നിന്ന് സമാധാനം എടുത്തു കളയപ്പെട്ടു.’ അപ്രകാരം 1914 മുതൽ ലോകം സമാധാനമില്ലാത്ത ഒരവസ്ഥയിൽ തുടരുന്നു. രണ്ടാം ലോകമഹായുദ്ധം 1939 മുതൽ 1945 വരെ നടന്നു. ജോലിയിൽ നിന്നു വിരമിച്ച അഡ്മിറൽ ജീൻ ലാ റോക്വേയുടെ കണക്കനുസരിച്ച് 1945 മുതൽ 1982 വരെയുളള കാലഘട്ടത്തിൽ വേറെ 270 യുദ്ധങ്ങൾ നടന്നിട്ടുണ്ട്. ഈ നൂററാണ്ടിൽ യുദ്ധത്തിന്റെ ഫലമായി 10 കോടിയിലധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. കൂടാതെ ലോക സൈനിക സാമൂഹിക ചെലവുകളുടെ 1982-ലെ പതിപ്പനുസരിച്ച് ആ വർഷം സൈനിക പ്രവർത്തനങ്ങളിൽ നേരിട്ടോ അല്ലാതെയോ ഉൾപ്പെട്ട 10 കോടിയിലധികം ആളുകളുണ്ടായിരുന്നു.
പ്രവചനത്തിന്റെ ഈ വശം നിവർത്തിക്കുന്നതിന് ഇതിൽ കൂടുതൽ ആവശ്യമാണോ? ഉടനടി ഉപയോഗിക്കപ്പെടാൻ തക്കവണ്ണം പതിനായിരക്കണക്കിന് ന്യൂക്ലിയർ ആയുധങ്ങൾ സജ്ജമായി വയ്ക്കപ്പെട്ടിരിക്കുന്നു. രാഷ്ട്രങ്ങൾ തങ്ങളുടെ ന്യൂക്ലിയർ ആയുധശേഖരത്തിന്റെ ഒരംശമെങ്കിലും ഉപയോഗിച്ചാൽ മാനവസംസ്ക്കാരം, സാദ്ധ്യതയനുസരിച്ച് മുഴു മനുഷ്യവർഗ്ഗംപോലും നശിപ്പിക്കപ്പെടും എന്ന് പ്രമുഖ ശാസ്ത്രജ്ഞൻമാർ പറഞ്ഞിരിക്കുന്നു. എന്നാൽ ബൈബിൾ പ്രവചനം ചൂണ്ടിക്കാണിക്കുന്ന അനന്തരഫലം അതല്ല.
“അവിടവിടെ . . . ഭക്ഷ്യക്ഷാമം ഉണ്ടായിരിക്കും” (മത്താ. 24:7)
മനുഷ്യ ചരിത്രത്തിൽ പല ഭക്ഷ്യക്ഷാമങ്ങളും ഉണ്ടായിരുന്നിട്ടുണ്ട്. ഈ ഇരുപതാം നൂററാണ്ട് ഏതളവിൽ അവയാൽ ബാധിക്കപ്പെട്ടിരിക്കുന്നു? ലോകമഹായുദ്ധം യൂറോപ്പിലും ഏഷ്യയിലും വ്യാപകമായി പട്ടിണി അനുഭവപ്പെടാൻ ഇടയാക്കി. വിപുലവ്യാപകമായ ഭക്ഷ്യക്ഷാമത്തിന് ഇടയാക്കുമാറ് ആഫ്രിക്ക വരൾച്ചയാൽ ബാധിക്കപ്പെട്ടു. 1980-ന്റെ അവസാനത്തിൽ ഭക്ഷ്യകാർഷിക സംഘടന കണക്കാക്കിയതനുസരിച്ച് 45 കോടി ജനങ്ങൾ പട്ടിണിയിലാണ്. 100 കോടിയോളം ജനങ്ങൾക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ല. ഭക്ഷ്യ ദൗർലഭ്യം മൂലം ഓരോ വർഷവും ഇവരിൽ 4 കോടി ആളുകൾ—ചില വർഷങ്ങളിൽ 5 കോടിയോളവും—മരിക്കുന്നു.
ഈ ഭക്ഷ്യദൗർലഭ്യം സംബന്ധിച്ച് എന്തെങ്കിലും വ്യത്യാസമുണ്ടോ? ഗോതമ്പും യവവും പോലുള്ള ആഹാരസാധനങ്ങൾ കുറഞ്ഞ അളവിൽ വാങ്ങാൻപോലും ഒരു ദിവസത്തെ വേതനം (ഒരു ദിനാർ; മത്തായി 20:2 കാണുക) കൊടുക്കേണ്ടിവരുമെന്നും എണ്ണയും വീഞ്ഞും ദുർവ്യയം ചെയ്യരുതെന്നും വെളിപ്പാട് 6:6 മുന്നറിയിപ്പു നൽകി. ആ കാലത്ത് ഇവയെല്ലാം മധ്യപൂർവദേശത്ത് അവശ്യഭക്ഷ്യവസ്തുക്കളായി കണക്കാക്കിയിരുന്നു. അതുകൊണ്ട് കടുത്ത ഭക്ഷ്യക്ഷാമമുണ്ടാകുമെന്ന് ഇത് അർഥമാക്കി. സാഹചര്യം മേലാൽ പ്രാദേശികമല്ല, മറിച്ച് ആഗോള വ്യാപകമാണ്. 1981-ൽ ന്യൂയോർക്ക് ടൈംസ് ഇപ്രകാരം റിപ്പോർട്ടു ചെയ്തു: “ജീവിത നിലവാരത്തിന്റെ ഉയർച്ചയും ലോകത്തിലെല്ലായിടത്തും അനുഭവപ്പെടുന്ന കൂടുതലായ ഭക്ഷണത്തിന്റെ ആവശ്യകതയും ഏററം ദരിദ്രമായ രാഷ്ട്രങ്ങൾക്ക് അവയ്ക്കാവശ്യമായ ഭക്ഷണം ഇറക്കുമതി ചെയ്യുന്നത് കൂടുതൽ പ്രയാസകരമാക്കിത്തീർത്തുകൊണ്ട് ഭക്ഷ്യ സാധനങ്ങളുടെ വിലയിൻമേൽ സമ്മർദ്ദം ചെലുത്തിയിരിക്കുന്നു.” അനേകം രാജ്യങ്ങളിൽ ആധുനിക ശാസ്ത്രത്തിന്റെ സഹായത്തോടെ പോലും ഭക്ഷ്യോൽപ്പാദനം മൊത്തം ജനസംഖ്യാ വർദ്ധനവിനൊപ്പം എത്തിക്കാൻ കഴിഞ്ഞിട്ടില്ല. ആധുനിക ഭക്ഷ്യകാര്യ വിദഗ്ദ്ധർ ഈ പ്രശ്നത്തിന് യാതൊരു യഥാർത്ഥ പരിഹാരവും കാണുന്നില്ല.
“വലിയ ഭൂകമ്പങ്ങൾ ഉണ്ടായിരിക്കും” (ലൂക്കോ. 21:11)
കഴിഞ്ഞ നൂററാണ്ടുകളിൽ വലിയ ഭൂകമ്പങ്ങളുണ്ടായിരുന്നിട്ടുണ്ടെന്നുളളത് വാസ്തവമാണ്; കൂടാതെ സൂക്ഷ്മോപകരണങ്ങൾ ഉപയോഗിച്ച് ശാസ്ത്രജ്ഞൻമാർ ഓരോ വർഷവും ഒരു ദശലക്ഷം ഭൂചലനങ്ങളെങ്കിലും രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ ഒരു വലിയ ഭൂകമ്പമുണ്ടാകുമ്പോൾ അത് തിരിച്ചറിയാൻ ആളുകൾക്ക് പ്രത്യേക ഉപകരണങ്ങളൊന്നും ആവശ്യമില്ല.
ആയിരത്തിത്തൊളളായിരത്തിപതിനാലിനു ശേഷം വലിയ ഭൂകമ്പങ്ങളുടെ ശ്രദ്ധേയമായ ഒരു സംഖ്യ വാസ്തവത്തിൽ ഉണ്ടായിരുന്നിട്ടുണ്ടോ? കൊളൊറാഡോയിലെ ബോൾഡറിലുളള ദേശീയ ജിയോ ഫിസിക്കൽ ഡേററാ സെൻററിൽ നിന്നു ലഭിച്ച വിവരങ്ങളും പല പ്രാമാണിക ഗ്രന്ഥങ്ങളിൽ നിന്നുളള രേഖകളും വച്ച് 1984-ൽ ഒരു പട്ടിക തയ്യാറാക്കപ്പെട്ടു. അതിൽ റിക്ററർസ്കെയിലിൽ 7.5 പോയിൻറ് അടയാളപ്പെടുത്തപ്പെട്ടതോ അല്ലെങ്കിൽ അഞ്ച് ദശലക്ഷം (യു. എസ്സ്.) ഡോളർ വില വരുന്ന വസ്തു നാശം സംഭവിച്ചതോ അല്ലെങ്കിൽ 100 അല്ലെങ്കിൽ അതിലേറെ മരണത്തിന് ഇടയാക്കിയതോ ആയ ഭൂകമ്പങ്ങൾ ഉൾപ്പെടുത്തപ്പെട്ടു. 1914-ന് മുമ്പുളള 2,000 വർഷത്തിൽ അത്തരം 856 ഭൂകമ്പങ്ങൾ നടന്നതായി കണക്കാക്കപ്പെട്ടു. അതേ കണക്കനുസരിച്ച് 1914-ന് ശേഷമുളള വെറും 69 വർഷത്തിനുളളിൽ അത്തരം 605 ഭൂചലനങ്ങളുണ്ടായി. അതിന്റെ അർത്ഥം 1914-ന് മുമ്പുളള 2,000 വർഷത്തോടുളള താരതമ്യത്തിൽ ഓരോ വർഷത്തെയും ഭൂചലനങ്ങൾ മുമ്പത്തെക്കാൾ 20 മടങ്ങായിരുന്നിട്ടുണ്ട് എന്നാണ്.
“അവിടവിടെ പകർച്ചവ്യാധികൾ” (ലൂക്കോ. 21:11)
ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനത്തിൽ ചരിത്രത്തിൽ മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്തവിധം 2 കോടിയിലധികം ജീവനൊടുക്കിക്കൊണ്ട് സ്പാനിഷ് ഇൻഫ്ളുവൻസ ഭൂഗോളത്തിന് ചുററും ആഞ്ഞടിച്ചു. വൈദ്യശാസ്ത്രത്തിൽ പുരോഗതി ഉണ്ടായിട്ടും ഓരോ വർഷവും കാൻസർ, ഹൃദ്രോഗം, ലൈംഗിക ബന്ധങ്ങളിലൂടെ പകരുന്ന നിരവധി രോഗങ്ങൾ, മൾട്ടിപ്പിൾ സ്ക്ലെറോസിസ്, മലേറിയ, റിവർ ബ്ലൈൻഡ്നസ്സ്, ചാഗാസ് രോഗം എന്നിവയാൽ വളരെയധികം ആളുകൾ മരിക്കുന്നു.
‘നിയമരാഹിത്യത്തിന്റെ വർദ്ധനവും അതോടൊപ്പം അനേകരുടെ സ്നേഹം തണുത്തുപോകലും’ (മത്താ. 24:11, 12)
കുററകൃത്യത്തെക്കുറിച്ച് പഠിക്കുന്ന ഒരു പ്രമുഖൻ ഇപ്രകാരം പറയുന്നു: “ആഗോളാടിസ്ഥാനത്തിൽ നിങ്ങൾ കുററകൃത്യത്തെ വീക്ഷിക്കുമ്പോൾ എല്ലായിടത്തും നിരന്തരമായുളള അതിന്റെ വർദ്ധനവാണ് നിങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്നത്. അതിന് എന്തെങ്കിലും അപവാദമുണ്ടെങ്കിൽ അത് തികച്ചും ഒററപ്പെട്ടു നിൽക്കുന്നു, അത് പെട്ടെന്നുതന്നെ കുററകൃത്യങ്ങളുടെ വേലിയേററത്തിൽ മുങ്ങിപ്പോയേക്കാം.” (ദി ഗ്രോത്ത് ഓഫ് ക്രൈം, ന്യൂയോർക്ക്, 1977 സർ ലിയോൺ റാഡ്സിനോവിസ് ആൻഡ് ജോവാൻ കിംഗ്, പേ. 4, 5) ഈ വർദ്ധനവ് യഥാർത്ഥമാണ്; അത് കൂടുതൽ മെച്ചമായി റിപ്പോർട്ടു ചെയ്യുന്നതിന്റെ ഒരു സംഗതിയല്ല. കഴിഞ്ഞ തലമുറകളിലും കുററവാളികളുണ്ടായിരുന്നു എന്നത് സത്യമാണ്, എന്നാൽ മുമ്പൊരിക്കലും ഇന്നത്തെപ്പോലെ വ്യാപകമായിരുന്നിട്ടില്ല. പ്രായമായവർക്ക് വ്യക്തിപരമായ അനുഭവത്തിൽ നിന്ന് ഇതറിയാം.
പ്രവചനത്തിൽ പരാമർശിച്ചിരിക്കുന്ന നിയമരാഹിത്യത്തിൽ നമുക്ക് അറിയാവുന്ന ദൈവനിയമങ്ങളോടുളള അവജ്ഞയും ദൈവത്തിനു പകരം തന്നെത്തന്നെ ഒരുവന്റെ ജീവിതത്തിന്റെ കേന്ദ്രമാക്കി വയ്ക്കുന്നതും ഉൾപ്പെടുന്നു. ഈ മനോഭാവത്തിന്റെ ഫലമായി വിവാഹമോചന നിരക്ക് കുതിച്ചുയരുന്നു, വിവാഹത്തിന് പുറമേയുളള ലൈംഗികതയും സ്വവർഗ്ഗരതിയും വ്യാപകമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു, ഓരോ വർഷവും കോടിക്കണക്കിന് ഭ്രൂണഹത്യയും നടക്കുന്നു. അത്തരം നിയമരാഹിത്യം (മത്തായി 24:11, 12-ൽ) സ്വന്തം പഠിപ്പിക്കലുകൾക്ക് അനുകൂലമായി ദൈവവചനത്തെ തളളിക്കളയുന്ന വ്യാജ പ്രവാചകൻമാരുടെ സ്വാധീനത്തോട് ബന്ധപ്പെട്ടിരിക്കുന്നു. ബൈബിളിനോട് പററിനിൽക്കാതെ അത്തരം തത്വശാസ്ത്രങ്ങൾക്ക് ശ്രദ്ധകൊടുക്കുന്നത് സ്നേഹരഹിതമായ ഒരു ലോകത്തിന് സംഭാവന ചെയ്തിരിക്കുന്നു. (1 യോഹ. 4:8) അതേപ്പററിയുളള 2 തിമൊഥെയോസ് 3:1-5-ലെ വിവരണം വായിക്കുക.
‘ഭയങ്കരകാഴ്ചകൾ ഉണ്ടാകും’ (ലൂക്കോ. 21:11)
“ഇന്നു നമ്മെ ഭരിക്കുന്ന ഏററം വലിയ ഒററപ്പെട്ട വികാരം ഭയമാണ് എന്നതാണ് വസ്തുത,” എന്ന് യു. എസ്സ്. ന്യൂസ് & വേൾഡ് റിപ്പോർട്ട് പറഞ്ഞു. (ഒക്ടോബർ 11, 1965, പേ. 144) “ഇതിന് മുമ്പൊരിക്കലും മനുഷ്യവർഗ്ഗം ഇന്നത്തെപ്പോലെ ഭയത്തിൻ കീഴിലായിരുന്നിട്ടില്ല” എന്ന് ഹോർസൂ എന്ന ജർമ്മൻ മാസിക റിപ്പോർട്ടു ചെയ്തു.—നമ്പർ 25, ജൂൺ 20, 1980, പേ. 22.
അതിക്രമങ്ങൾ, തൊഴിലില്ലായ്മ, അനേകം രാഷ്ട്രങ്ങൾ നിരാശാജനകമാംവണ്ണം കടത്തിലായിരിക്കുന്നതിനാലുളള സാമ്പത്തിക അസന്തുലിതാവസ്ഥ, ലോകവ്യാപകമായ പാരിസ്ഥിതിക മലിനീകരണം, ശക്തവും സ്നേഹപൂർവ്വകവുമായ കുടുംബബന്ധങ്ങളുടെ അഭാവം, ന്യൂക്ലിയർ സർവ്വനാശത്തിന്റേതായ ഉടനടിയുളള അപകടത്തിലാണ് മനുഷ്യവർഗ്ഗം എന്ന ശക്തമായ വിചാരം എന്നിങ്ങനെ നിരവധി ഘടകങ്ങൾ ഈ ലോകവ്യാപക ഭീകരാന്തരീക്ഷത്തിന് സംഭാവന ചെയ്യുന്നു.
‘ക്രിസ്തുവിന്റെ യഥാർത്ഥ അനുയായികൾ അവന്റെ നാമം നിമിത്തം സകല ജനതകളുടെയും വിദ്വേഷത്തിനു പാത്രമാകും’ (മത്താ. 24:9)
ഈ പീഡനം രാഷ്ട്രീയ കാര്യങ്ങളിലെ ഇടപെടൽ നിമിത്തമല്ല, മറിച്ച് ‘യേശുക്രിസ്തുവിന്റെ നാമം നിമിത്തമാണ്.’ അവന്റെ അനുയായികൾ യഹോവയുടെ മശിഹൈക രാജാവെന്ന നിലയിൽ അവനോട് പററി നിൽക്കുന്നതിനാൽ, ഏതു ഭൗമിക ഭരണാധികാരിയേക്കാളും അധികമായി അവർ ക്രിസ്തുവിനെ അനുസരിക്കുന്നതിനാൽ, മാനുഷ ഗവൺമെൻറുകളുടെ കാര്യാദികളിൽ ഉൾപ്പെടാതെ വിശ്വസ്തരായി അവന്റെ രാജ്യത്തിന്റെ പക്ഷത്തു നിൽക്കുന്നതിനാൽ തന്നെ. ആധുനികകാല ചരിത്രം സാക്ഷ്യപ്പെടുത്തുന്നതുപോലെ ഭൂമിയുടെ എല്ലാ ഭാഗങ്ങളിലും യഹോവയുടെ സാക്ഷികളുടെ അനുഭവം അതായിരുന്നിട്ടുണ്ട്.
‘രാജ്യത്തിന്റെ ഈ സുവാർത്ത ഒരു സാക്ഷ്യത്തിനായിട്ട് നിവസിത ഭൂമിയിലെല്ലാം പ്രസംഗിക്കപ്പെടും’ (മത്താ. 24:14)
യേശുക്രിസ്തുവിന്റെ കൈകളിലെ ദൈവരാജ്യം സ്വർഗ്ഗങ്ങളിൽ ഭരണം ആരംഭിച്ചിരിക്കുന്നുവെന്നും അത് വേഗത്തിൽ തന്നെ ഈ മുഴു ദുഷ്ടവ്യവസ്ഥിതിയെയും നശിപ്പിക്കുമെന്നും അതിന്റെ ഭരണത്തിൻകീഴിൽ മനുഷ്യവർഗ്ഗം പൂർണ്ണതയിലേക്ക് വരുത്തപ്പെടുകയും ഭൂമി പറുദീസയായിത്തീരുകയും ചെയ്യുമെന്നുമുളളതാണ് പ്രസംഗിക്കപ്പെടേണ്ട സുവാർത്ത. ഇന്ന് ആ സുവാർത്ത ഭൂമിയുടെ അതിവിദൂരഭാഗത്തോളം 200-ലധികം രാജ്യങ്ങളിലും ദ്വീപസമൂഹങ്ങളിലും പ്രസംഗിക്കപ്പെടുന്നുണ്ട്. സാദ്ധ്യതയുളള എല്ലാവർക്കും കേൾക്കാനുളള അവസരം കൊടുക്കുന്നതിനുവേണ്ടി ആവർത്തിച്ച് വീടുതോറുമുളള സന്ദർശനങ്ങൾ നടത്തുന്നതിന് യഹോവയുടെ സാക്ഷികൾ ഓരോവർഷവും ദശകോടിക്കണക്കിന് മണിക്കൂറുകൾ ചെലവഴിക്കുന്നു.
“അന്ത്യനാളുകളിലെ” ഈ സംഭവങ്ങളെല്ലാം എന്തിലേക്കാണ് വിരൽ ചൂണ്ടുന്നത്?
ലൂക്കോ. 21:31, 32: “ഇവ സംഭവിക്കുന്നതു നിങ്ങൾ കാണുമ്പോൾ ദൈവരാജ്യം ആസന്നമായിരിക്കുന്നു എന്ന് അറിഞ്ഞുകൊളളുക [അതായത് രാജ്യം ഈ ദുഷ്ട വ്യവസ്ഥിതിയെ നശിപ്പിക്കുകയും ഭൂമിയിലെ കാര്യാദികൾ പൂർണ്ണമായി ഏറെറടുക്കുകയും ചെയ്യുന്ന സമയം]. ഇതെല്ലാം സംഭവിച്ചു കഴിയുവോളം ഈ തലമുറ ഒരു പ്രകാരത്തിലും നീങ്ങിപ്പോവുകയില്ല എന്ന് ഞാൻ സത്യമായിട്ട് നിങ്ങളോട് പറയുന്നു.” (1914 മുതൽ ഈ അടയാളം ദൃശ്യമാണ്; അതുകൊണ്ട് ശേഷിച്ചിരിക്കുന്ന സമയം വളരെ ചുരുങ്ങിയിരിക്കണം. ഇതാണ് സംഗതി എന്നതിന് ലോകാവസ്ഥകൾ എല്ലാ സൂചനയും നൽകുന്നു.)
“അന്ത്യനാളുകൾ” 1914-ൽ ആണ് തുടങ്ങിയതെന്ന് യഹോവയുടെ സാക്ഷികൾ പറയുന്നത് എന്തുകൊണ്ടാണ്?
ആയിരത്തിതൊളളായിരത്തി പതിനാല് എന്ന വർഷം ബൈബിൾ പ്രവചനത്താൽ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. കാലഗണന സംബന്ധിച്ച വിശദാംശങ്ങൾക്ക് “തീയതികൾ” എന്ന മുഖ്യ ശീർഷകത്തിൻ കീഴിൽ 95-97 പേജുകൾ കാണുക. ഈ സമയത്തെ അടയാളപ്പെടുത്തുന്ന ലോകാവസ്ഥകൾ കൃത്യമായി മൂൻകൂട്ടിപ്പറയപ്പെട്ടതുപോലെ തന്നെ നിലവിൽ വന്നു എന്ന വസ്തുത ഈ തീയതിയുടെ കൃത്യത കാണിച്ചു തരുന്നു. മുകളിൽ വിവരിച്ചിരിക്കുന്ന വസ്തുതകൾ ഇതു തെളിയിക്കുന്നു.
ലൗകിക ചരിത്രകാരൻമാർ 1914-നെ എങ്ങനെയാണ് വീക്ഷിക്കുന്നത്?
“ഇന്ന് കൂടുതൽ സൗകര്യപ്രദമായ ഒരു സ്ഥാനത്തുനിന്ന് പിന്തിരിഞ്ഞു നോക്കുമ്പോൾ ഒന്നാം ലോകമഹായുദ്ധം ബ്രിട്ടീഷ് ചരിത്രകാരനായ ആർനോൾഡ് റേറായിൻബി വളരെ കൃത്യമായി ‘കുഴപ്പങ്ങളുടെ സമയം’ എന്ന് വിളിച്ച ഇരുപതാം നൂററാണ്ടിലെ കാലഘട്ടത്തെ ആനയിച്ചു എന്നും അതിൽ നിന്ന് നമ്മുടെ സംസ്ക്കാരം ഒരു പ്രകാരത്തിലും വിമുക്തമായിട്ടില്ല എന്നും നമുക്ക് കാണാൻ കഴിയുന്നു. കഴിഞ്ഞ അര നൂററാണ്ടുകാലത്തെ തകിടം മറിച്ചിലുകളെല്ലാം നേരിട്ടോ അല്ലാതെയോ 1914-ൽ നിന്ന് ഉത്ഭവിച്ചിട്ടുളളവയാണ്.”—ദി ഫാൾ ഓഫ് ഡിനാസ്ററീസ്: ദി കൊല്ലാപ്സ് ഓഫ് ദി ഓൾഡ് ഓർഡർ (ന്യൂയോർക്ക്, 1963), എഡ്മണ്ട് ടെയിലർ, പേ. 16.
“രണ്ടാം ലോകമഹായുദ്ധത്തിന്റെ തലമുറ, എന്റെ തലമുറ, എല്ലായ്പ്പോഴും അവരുടെ ഏററുമുട്ടലിനെ ആധുനികകാല മാററത്തിന്റെ ഉറവിടമായി വീക്ഷിക്കും. . . . നമുക്ക് നമ്മുടെ പൊങ്ങച്ചം, ചരിത്രവുമായുളള നമ്മുടെ വ്യക്തിപരമായ ബന്ധം അനുവദിച്ചു കിട്ടണം. എന്നാൽ സാമൂഹികമായി, അതിലും നിർണ്ണായകമായ മാററം സംഭവിച്ചത് ഒന്നാം ലോകമഹായുദ്ധത്തോടെയാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. അപ്പോഴായിരുന്നു നൂററാണ്ടുകളിലൂടെ പടുത്തുയർത്തപ്പെട്ട രാഷ്ട്രീയവും സാമൂഹികവുമായ വ്യവസ്ഥിതികൾ, ചിലപ്പോൾ ആഴ്ചകൾക്കുളളിൽ തകർന്നു വീണത്. മററുളളവക്ക് സ്ഥായിയായ മാററം സംഭവിച്ചു. ഒന്നാം ലോകമഹായുദ്ധത്തോടെയായിരുന്നു യുഗങ്ങളായി നിലനിന്നുപോന്ന സുനിശ്ചിതമായ കാര്യങ്ങൾ നഷ്ടമായത്. . . . രണ്ടാം ലോകമഹായുദ്ധം ഈ മാററങ്ങൾ തുടർന്നുകൊണ്ടുപോകയും വികസിപ്പിക്കുകയും ഉറപ്പാക്കുകയും ചെയ്തു. സാമൂഹികമായി പറഞ്ഞാൽ രണ്ടാം ലോകമഹായുദ്ധം ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനത്തെ പോരാട്ടമായിരുന്നു.”—ദി എയ്ജ് ഓഫ് അൺസേർട്ടിനിററി (ബോസ്ററൺ, 1977), ജോൺ. കെ. ഗാൽബ്രെയിത്ത്, പേ. 133.
“അര നൂററാണ്ട് കഴിഞ്ഞിരിക്കുന്നു, എന്നിട്ടും ആ മഹായുദ്ധ ദുരന്തം [1914-ൽ ആരംഭിച്ച ഒന്നാം ലോകമഹായുദ്ധം] അവശേഷിപ്പിച്ച അടയാളം രാഷ്ട്രങ്ങളുടെ ശരീരത്തിൽ നിന്നും ആത്മാവിൽ നിന്നും മാഞ്ഞുപോയിട്ടില്ല . . . ഈ ഭയങ്കര അനുഭവത്തിന്റെ ശാരീരികവും ധാർമ്മികവുമായ വലിപ്പം അത്രയധികമായിരുന്നതിനാൽ അവശേഷിച്ച യാതൊന്നും മുമ്പത്തെപ്പോലെ ആയിരുന്നില്ല. സമൂഹം സമൂലം: ഭരണവ്യവസ്ഥകൾ, ദേശീയാതിർത്തികൾ, നിയമങ്ങൾ, സായുധ സൈന്യങ്ങൾ, രാജ്യാന്തര ബന്ധങ്ങൾ, അല്ല, പ്രത്യയശാസ്ത്രങ്ങൾ, കുടുംബജീവിതം, സാമ്പത്തിക നിലകൾ, സ്ഥാനങ്ങൾ, വ്യക്തിബന്ധങ്ങൾ—എല്ലാം അടിമുടി മാറിപ്പോയി. . . . മനുഷ്യവർഗ്ഗത്തിന് ഇന്നുവരെ വീണ്ടെടുക്കാൻ കഴിയാത്തവണ്ണം അതിന്റെ സമനില തെററി.”—ജനറൽ ചാൾസ് ഡിഗോൾ 1968-ൽ പറഞ്ഞത് (ലി മോണ്ടി, നവം. 12, 1968, പേ. 9)
ഇന്നത്തെ ലോകവ്യവസ്ഥിതിയുടെ അവസാനത്തിനു ശേഷം ഭൂമിയിൽ ആരെങ്കിലും ജീവിച്ചിരിക്കുമോ?
തീർച്ചയായും ഉവ്വ്. ഇന്നത്തെ ആഗോള വ്യവസ്ഥിതിയുടെ അവസാനം വരുന്നത് ഒരു ന്യൂക്ലിയർ യുദ്ധത്തിലെ വിവേചനാരഹിതമായ കൂട്ടക്കൊലയാലല്ല, മറിച്ച് “സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധം” ഉൾപ്പെടുന്ന മഹോപദ്രവത്താലായിരിക്കും. (വെളി. 16:14, 16) ആ യുദ്ധം ഭൂമിയെ നശിപ്പിക്കുകയോ മുഴുമനുഷ്യവർഗ്ഗത്തെയും ഇല്ലാതാക്കുകയോ ചെയ്യുകയില്ല.
മത്താ. 24:21, 22: “ലോകാരംഭം മുതൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്തതും ഇനിമേൽ ഉണ്ടാകുകയില്ലാത്തതുമായ മഹോപദ്രവം അന്നുണ്ടാകും. വാസ്തവത്തിൽ ആ നാളുകൾ ചുരുക്കപ്പെടാഞ്ഞാൽ യാതൊരു ജഡവും രക്ഷിക്കപ്പെടുകയില്ല; എന്നാൽ തെരഞ്ഞെടുക്കപ്പെട്ടവർ നിമിത്തം ആ നാളുകൾ ചുരുക്കപ്പെടും.” (അതുകൊണ്ട് കുറച്ചു “ജഡം” മനുഷ്യവർഗ്ഗത്തിൽ കുറച്ചുപേർ, അതിജീവിക്കും.)
സദൃ. 2:21, 22: “നീതിമാൻമാരായിരിക്കും ഭൂമിയിൽ വസിക്കുന്നത്, നിഷ്ക്കളങ്കൻമാരായിരിക്കും അതിൽ ശേഷിച്ചിരിക്കുന്നത്. ദുഷ്ടൻമാരെ സംബന്ധിച്ചാണെങ്കിൽ, അവർ ഭൂമിയിൽ നിന്നു തന്നെ ഛേദിക്കപ്പെടും; വഞ്ചകരോ അതിൽ നിന്ന് പിഴുതു കളയപ്പെടും.”
സങ്കീ. 37:29, 34: “നീതിമാൻമാർ തന്നെ ഭൂമി കൈവശമാക്കും, അവർ അതിൽ എന്നേക്കും വസിക്കുകയും ചെയ്യും. യഹോവയിൽ പ്രത്യാശിച്ച് അവന്റെ വഴി അനുസരിക്കുക, ഭൂമി കൈവശമാക്കുവാൻ അവൻ നിന്നെ ഉയർത്തും. ദുഷ്ടൻമാർ ഛേദിക്കപ്പെടുമ്പോൾ നീ അതു കാണും.”
ദുഷ്ടൻമാരെ നശിപ്പിക്കുന്നതിനു മുൻപ് ഇത്രയും സമയം കടന്നുപോകാൻ ദൈവം അനുവദിക്കുന്നത് എന്തുകൊണ്ട്?
2 പത്രോ. 3:9: “ചിലർ താമസം എന്ന് വിചാരിക്കുന്നതുപോലെ യഹോവ തന്റെ വാഗ്ദത്തം സംബന്ധിച്ച് താമസമുളളവനല്ല, മറിച്ച് ആരും നശിപ്പിക്കപ്പെടാൻ അവൻ ആഗ്രഹിക്കാതെ എല്ലാവരും അനുതാപത്തിലേക്ക് വരണമെന്ന് അവൻ ആഗ്രഹിക്കുന്നതുകൊണ്ട് അവൻ നിങ്ങളോട് ദീർഘക്ഷമ കാണിക്കുന്നതേയുളളു.”
മർക്കോ. 13:10: “സകല ജനതകളിലും സുവാർത്ത ആദ്യമേ പ്രസംഗിക്കപ്പെടേണ്ടതുണ്ട്.”
മത്താ. 25:31, 32, 46: “മനുഷ്യപുത്രൻ [യേശുക്രിസ്തു] തന്റെ മഹത്വത്തിൽ സകല ദൂതൻമാരോടുംകൂടെ വരുമ്പോൾ അവൻ തന്റെ മഹത്വമുളള സിംഹാസനത്തിലിരിക്കും. സകല ജനതകളും അവന്റെ മുമ്പാകെ കൂട്ടിച്ചേർക്കപ്പെടും. ഒരു ഇടയൻ ചെമ്മരിയാടുകളെ കോലാടുകളിൽ നിന്ന് വേർതിരിക്കുന്നതുപോലെ അവൻ ആളുകളെ തമ്മിൽ വേർതിരിക്കും. ഇവർ [രാജാവിന്റെ തന്നെ പ്രതിനിധികളായി ക്രിസ്തുവിന്റെ ആത്മീയ സഹോദരൻമാരെ തിരിച്ചറിയുന്നതിൽ പരാജയപ്പെടുന്നവർ] നിത്യഛേദനത്തിലേക്കും നീതിമാൻമാർ നിത്യജീവനിലേക്കും പോകും.”
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ—
‘യുദ്ധങ്ങളും ഭക്ഷ്യക്ഷാമങ്ങളും ഭൂകമ്പങ്ങളും കുററകൃത്യവും എന്നും ഉണ്ടായിരുന്നിട്ടുണ്ട്; ഇന്ന് അവസ്ഥകൾ അതിലും മോശമൊന്നുമല്ല’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘നിങ്ങൾ അങ്ങനെ വിചാരിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ട്. ഇത്തരം കാര്യങ്ങൾ അനുദിന വാർത്തയായിരിക്കുന്ന ഒരു ലോകത്തിലാണ് നാം ജനിച്ചത്. എന്നാൽ ഇരുപതാം നൂററാണ്ട് തികച്ചും വ്യത്യസ്തമാണെന്ന് ചരിത്രകാരൻമാർ വിശദീകരിക്കുന്നു. (239, 240 പേജുകളിൽ നിന്നുളള ഉദ്ധരണികൾ വായിക്കുക.)’
അല്ലെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും: ‘യുദ്ധങ്ങളും ഭക്ഷ്യക്ഷാമങ്ങളും ഭൂകമ്പങ്ങളും കുററകൃത്യവും ഉണ്ടായിരുന്നിട്ടുണ്ടെന്നുളള കേവല വസ്തുതയല്ല പ്രധാനമായിരിക്കുന്നത്. യേശു തന്ന അടയാളം സംയുക്തമായ ഒന്നായിരുന്നുവെന്ന് നിങ്ങൾ തിരിച്ചറിഞ്ഞിരുന്നോ?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: ‘ഏതെങ്കിലും ഒരു സംഭവം അതിൽതന്നെ നാം “അന്ത്യനാളുകളിലാ”ണെന്ന് തെളിയിക്കുമെന്ന് അവൻ പറഞ്ഞില്ല. എന്നാൽ അടയാളം മുഴുവൻ ദൃശ്യമാകുമ്പോൾ അത് അർത്ഥവത്താണ്—വിശേഷിച്ചും ബൈബിൾ കാലക്കണക്കിൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഒരു വർഷം മുതൽ അത് ആഗോളാടിസ്ഥാനത്തിൽ പ്രത്യക്ഷമാകുമ്പോൾ.’ (234-239-ഉം 95-97-ഉം പേജുകൾകൂടെ കാണുക.)
‘ഏതെങ്കിലും ഭാവി തലമുറ ഈ പ്രവചനത്തിന് ഇതിലും മെച്ചമായി യോജിക്കുകയില്ല എന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം?’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘അത് രസകരമായ ഒരു ചോദ്യമാണ്, അതിനുളള ഉത്തരം നാം വാസ്തവത്തിൽ “അന്ത്യകാലത്താണ്” ജീവിക്കുന്നത് എന്ന വസ്തുത വിശേഷവൽക്കരിക്കുന്നു. എങ്ങനെ? കൊളളാം, യേശു തന്ന അടയാളത്തിൽ ഭാഗികമായി ജനതകളും രാജ്യങ്ങളും തമ്മിലുളള യുദ്ധങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. ഈ അടയാളത്തിന്റെ നിവൃത്തിക്ക് വൻശക്തികൾ തമ്മിലുളള മറെറാരു സമഗ്രയുദ്ധത്തിന് നാം കാത്തിരിക്കേണ്ടതുണ്ടെങ്കിൽ എന്തായിരിക്കും സംഭവിക്കുക? അത്തരമൊരു യുദ്ധം ആരെയും തന്നെ അതിജീവകരായി അവശേഷിപ്പിക്കുകയില്ല. അതുകൊണ്ട് അതിജീവകരുണ്ടായിരിക്കണമെന്നുളള ദൈവത്തിന്റെ ഉദ്ദേശ്യം നാം ഈ പഴയ വ്യവസ്ഥിതിയുടെ അന്ത്യത്തോട് വളരെയടുത്താണെന്ന് സൂചിപ്പിക്കുന്നു.’
അല്ലെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും: ‘ലോകസംഭവങ്ങളെ ഈ പ്രവചനത്തോട് ഒത്തു നോക്കുന്നത് ഒരു വിരലടയാളം അതിന്റെ യഥാർത്ഥ ഉടമയുടെ വിരലിനോട് ഒത്തുനോക്കുന്നതുപോലെയാണ്. ഇതേ വിരലടയാളത്തോടു കൂടിയ മറെറാരാളുണ്ടായിരിക്കുകയില്ല. അതുപോലെ 1914-ൽ തുടങ്ങിയ സംഭവ മാതൃക ഏതെങ്കിലും ഭാവി തലമുറയിൽ ആവർത്തിക്കപ്പെടുകയില്ല.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: (1) ‘അടയാളമായിത്തീരുന്ന സകലവും വ്യക്തമായി തെളിഞ്ഞിരിക്കുകയാണ്.’ (2) ‘തീർച്ചയായും നാം നോഹയുടെ നാളിലെ ആളുകളെപ്പോലെയായിരിക്കാൻ ആഗ്രഹിക്കുന്നില്ല. (മത്താ. 24:37-39)’
‘നാം നമ്മുടെ ജീവിതകാലത്ത് അവസാനം കാണുകയില്ല’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘ദൈവം ഏതെങ്കിലുമൊരു സമയത്ത് ഇടപെടാൻ പോകുകയാണെന്ന് നിങ്ങൾ വിശ്വസിക്കുന്നു, ഇല്ലേ?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: (1) ‘അതെപ്പോഴായിരിക്കുമെന്ന് നമുക്കാർക്കെങ്കിലും അറിയാനുളള ഏകമാർഗ്ഗം ആവശ്യമായ വിവരങ്ങൾ അവൻ നമുക്ക് ലഭ്യമാക്കുക എന്നതാണ്. ആ നാളും നാഴികയും യാതൊരു മനുഷ്യനും അറിയാൻ പാടില്ല എന്ന് യേശു വ്യക്തമായി പറഞ്ഞു; എന്നാൽ അതു സംഭവിക്കുന്ന തലമുറയിൽ നടക്കുന്ന കാര്യങ്ങൾ യേശു വിശദമായി വർണ്ണിച്ചു.’ (2) ‘നിങ്ങൾക്ക് വ്യക്തിപരമായി പരിചയമുളള സംഭവങ്ങളെപ്പററിയാണ് ആ വിവരണം. (സാദ്ധ്യമെങ്കിൽ മുൻ പേജുകളിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് അടയാളത്തിന്റെ വിശദാംശങ്ങൾ ചർച്ചചെയ്യുക.)’
‘ഞാൻ ഈ വക കാര്യങ്ങളെപ്പററി ഉൽക്കണ്ഠപ്പെടാറില്ല; ഞാൻ അന്നന്നത്തേക്കു മാത്രം ജീവിക്കുന്നു’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘ഭാവിയെ സംബന്ധിച്ച അതിരു കടന്ന ഉൽക്കണ്ഠ ഇല്ലാതിരിക്കുന്നത് തീർച്ചയായും നല്ലതാണ്. എന്നാൽ നാമെല്ലാവരും നമ്മെത്തന്നെയും നമ്മുടെ പ്രിയപ്പെട്ടവരെയും സംരക്ഷിക്കത്തക്ക ഒരു വിധത്തിൽ നമ്മുടെ ജീവിതം ആസൂത്രണം ചെയ്യാൻ ശ്രമിക്കുക തന്നെ ചെയ്യുന്നു. യാഥാർത്ഥ്യ ബോധത്തോടുകൂടിയ ആസൂത്രണം പ്രായോഗികമാണ്. ആസന്ന ഭാവിയിൽ അത്ഭുതകരമായ കാര്യങ്ങൾ വരാനിരിക്കുന്നു എന്ന് ബൈബിൾ കാണിച്ചു തരുന്നു, അവയിൽ നിന്ന് പ്രയോജനം അനുഭവിക്കാൻ തക്കവണ്ണം നാം ആസൂത്രണം ചെയ്യുന്നുവെങ്കിൽ നാം ജ്ഞാനികളായിരിക്കും. (സദൃ. 1:33; 2 പത്രോ. 3:13)’
‘ഈ മോശമായ അവസ്ഥകളെപ്പററി ഞാൻ ചിന്തിക്കാറില്ല; ഭാവിയെപ്പററി ശുഭാപ്തി വിശ്വാസമുണ്ടായിരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘രസാവഹമായി, തന്റെ അനുയായികൾക്ക് നമ്മുടെ നാളുകളിൽ ശുഭാപ്തി വിശ്വാസമുണ്ടായിരിക്കാൻ നല്ല കാരണമുണ്ടായിരിക്കുമെന്ന് യേശു പറഞ്ഞു. (ലൂക്കോ. 21:31)’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: ‘എന്നാൽ ലോകത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളുടെ നേരെ കണ്ണടച്ച് സന്തുഷ്ടരായിരിക്കാനല്ല അവൻ അവരോട് പറയുന്നതെന്ന് കുറിക്കൊളളുക. അവരുടെ ശുഭാപ്തി വിശ്വാസത്തിന് നല്ല അടിസ്ഥാനമുണ്ടായിരിക്കുമെന്നാണ് അവൻ പറയുന്നത്; അത് ലോക സംഭവങ്ങളുടെ അർത്ഥം അവർക്ക് മനസ്സിലാകുന്നതിനാലും അവയുടെ അനന്തരഫലം എന്തെന്ന് അറിയുന്നതിനാലുമായിരിക്കും.’