അധ്യായം 8
നല്ല കൂട്ടുകാരെ കിട്ടാൻ ഞാൻ എന്ത് ചെയ്യണം?
“ദേഷ്യം വന്നാൽ എനിക്കത് ആരോടെങ്കിലും പ്രകടിപ്പിക്കണം. സങ്കടം വന്നാൽ എന്നെ ആശ്വസിപ്പിക്കാൻ ആരെങ്കിലും ഉണ്ടാകണം. സന്തോഷം വന്നാൽ അതു പങ്കിടാൻ ആരെങ്കിലും വേണം. കൂട്ടുകാരില്ലാതെ എനിക്കു ജീവിക്കാനാവില്ല.”—ബ്രിട്ടനി.
‘കൊച്ചുകുട്ടികൾക്ക് കളിക്കൂട്ടുകാരെയാണ് ആവശ്യം, കൗമാരക്കാർക്ക് സുഹൃത്തുക്കളെയും’ എന്ന് പൊതുവെ പറയാറുണ്ട്. കളിക്കൂട്ടുകാരനും സുഹൃത്തും തമ്മിലുള്ള വ്യത്യാസം എന്താണ്?
ഒരുമിച്ച് കളിച്ചുനടക്കുന്നവരാണ് കളിക്കൂട്ടുകാർ.
സുഹൃത്തുക്കളാകട്ടെ ഒരേ മൂല്യങ്ങൾ പങ്കിടുന്നവർക്കൂടെയാണ്.
“യഥാർഥസ്നേഹിതൻ എല്ലാ കാലത്തും സ്നേഹിക്കുന്നു; കഷ്ടതകളുടെ സമയത്ത് അവൻ കൂടപ്പിറപ്പായിത്തീരുന്നു” എന്ന് ബൈബിൾ പറയുന്നു. (സുഭാഷിതങ്ങൾ 17:17) കളിക്കൂട്ടുകാർക്കിടയിൽ ഉള്ളതിനെക്കാൾ ശക്തമായ ഒരു സുഹൃദ്ബന്ധത്തെയാണ് ഇവിടെ വർണിക്കുന്നത്
വസ്തുത: മുതിർന്നുവരുമ്പോൾ നിങ്ങൾക്ക് ഇങ്ങനെയുള്ള സുഹൃത്തുക്കളാണ് വേണ്ടത്:
1. നല്ല ഗുണങ്ങളുള്ളവർ
2. നല്ല മൂല്യങ്ങളുള്ളവർ
3. നിങ്ങളെ നല്ലൊരു വിധത്തിൽ സ്വാധീനിക്കാൻ കഴിയുന്നവർ
ചോദ്യം: ഇങ്ങനെയുള്ള സുഹൃത്തുക്കളെ എങ്ങനെ കണ്ടെത്താം? നമുക്കു നോക്കാം.
#1: നല്ല ഗുണങ്ങൾ
അറിഞ്ഞിരിക്കേണ്ടത്. സുഹൃത്താണെന്നു പറയുന്ന എല്ലാവരും ശരിക്കും നല്ല സുഹൃത്താകണമെന്നില്ല. “പരസ്പരം നശിപ്പിക്കാൻ തക്കംനോക്കിയിരിക്കുന്ന സുഹൃത്തുക്കളുണ്ട്” എന്ന് ബൈബിൾ പറയുന്നു. (സുഭാഷിതങ്ങൾ 18:24) സുഹൃത്തുക്കൾ അങ്ങനെയൊക്കെ ചെയ്യുമോ എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. പക്ഷേ ഒന്ന് ഓർത്തുനോക്കൂ: നിങ്ങളെ മുതലെടുക്കാൻ ശ്രമിച്ച ഒരു ‘സുഹൃത്ത്’ നിങ്ങൾക്ക് ഉണ്ടായിരുന്നിട്ടുണ്ടോ? നിങ്ങളെക്കുറിച്ച് കുറ്റംപറയുന്ന അല്ലെങ്കിൽ അപവാദങ്ങൾ പറഞ്ഞുപരത്തുന്ന ഒരു സുഹൃത്തോ? അങ്ങനെയൊരു അനുഭവമുണ്ടായാൽ ആ സുഹൃത്തിലുള്ള നിങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടേക്കാം.a ഓർക്കുക: ഒത്തിരി സുഹൃത്തുക്കൾ ഉള്ളതിലല്ല കാര്യം. ഉള്ള സുഹൃത്തുക്കൾ നല്ലവരായിരിക്കണം!
ചെയ്യാനാകുന്നത്. കണ്ട് പഠിക്കാൻ പറ്റുന്ന നല്ല ഗുണങ്ങളുള്ളവരെ സുഹൃത്തുക്കളാക്കുക.
“എന്റെ കൂട്ടുകാരി ഫിയോണയെക്കുറിച്ച് എല്ലാവർക്കും നല്ല അഭിപ്രായമേ ഉള്ളൂ. എന്നെക്കുറിച്ചും ആളുകൾ അങ്ങനെതന്നെ പറയണമെന്നാണ് എന്റെ ആഗ്രഹം. അവളെപ്പോലെ ഒരു നല്ല പേരുണ്ടായിരിക്കുന്നത് ഒരു വലിയ കാര്യമായി ഞാൻ കരുതുന്നു.”—ഇവറ്റ്, 17.
അഭ്യാസം.
1. ഗലാത്യർ 5:22, 23 വായിക്കുക.
2. സ്വയം ചോദിക്കുക: ‘എന്റെ സുഹൃത്തുക്കൾ “ദൈവാത്മാവിന്റെ ഫല”ത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഗുണങ്ങൾ പ്രകടിപ്പിക്കുന്നവരാണോ?’
3. നിങ്ങളുടെ ബെസ്റ്റ് ഫ്രണ്ട്സ് ആരൊക്കെയാണെന്ന് എഴുതുക. പേരിനടുത്തായി, ആ വ്യക്തിയെക്കുറിച്ച് ആലോചിക്കുമ്പോൾ ആദ്യം മനസ്സിലേക്കുവരുന്നത് എന്താണെന്ന് എഴുതുക.
പേര്
․․․․․
സ്വഭാവം
․․․․․
ഇതിൽനിന്ന് മനസ്സിലാക്കേണ്ടത്: നല്ല ഗുണങ്ങളൊന്നും മനസ്സിലേക്കു വരുന്നില്ലെങ്കിൽ കുറെക്കൂടെ നല്ല സുഹൃത്തുക്കളെ കണ്ടെത്താൻ സമയമായി എന്നർഥം!
#2: നല്ല മൂല്യങ്ങൾ
അറിഞ്ഞിരിക്കേണ്ടത്. എങ്ങനെയെങ്കിലുമൊക്കെ കുറെ പേരെ കൂട്ടുകാരാക്കാനാണ് ശ്രമിക്കുന്നതെങ്കിൽ നല്ല കൂട്ടുകാരെ കിട്ടാനുള്ള സാധ്യത കുറവായിരിക്കും. “വിഡ്ഢികളോടു കൂട്ടുകൂടുന്നവൻ ദുഃഖിക്കേണ്ടിവരും” എന്ന് ബൈബിൾ പറയുന്നു. (സുഭാഷിതങ്ങൾ 13:20) ‘വിഡ്ഢികൾ’ എന്ന് ഇവിടെ വിളിച്ചിരിക്കുന്നത് പരീക്ഷയ്ക്കു നല്ല മാർക്കില്ലാത്തവരെയോ ബുദ്ധിയില്ലാത്തവരെയോ ഒന്നുമല്ല. വേണ്ടപോലെയൊന്നും ചിന്തിക്കാതെ, ധാർമികമൂല്യങ്ങൾ വകവെക്കാതെ പ്രവർത്തിക്കുന്നവരെയാണ് അങ്ങനെ വിളിച്ചിരിക്കുന്നത്. അങ്ങനെയുള്ള സുഹൃത്തുക്കൾ ഇല്ലാതിരിക്കുന്നതാണു നല്ലത്!
ചെയ്യാനാകുന്നത്. കണ്ണുംപൂട്ടി ആരെയെങ്കിലുമൊക്കെ സുഹൃത്താക്കരുത്. സുഹൃത്തുക്കളെ നോക്കിയും കണ്ടും തിരഞ്ഞെടുക്കണം. (സങ്കീർത്തനം 26:4) എന്നുവെച്ച് ഏതെങ്കിലും തരത്തിൽ ഒരു വേർതിരിവ് കാണിക്കണമെന്നല്ല പറയുന്നത്. “നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലും ഉള്ള വ്യത്യാസം” മനസ്സിലാക്കാൻ നിങ്ങൾക്കു പറ്റണം, അതാണ് ഉദ്ദേശിക്കുന്നത്.—മലാഖി 3:18.
“ആത്മീയമായി നല്ല നിലയിലുള്ള, എന്റെ പ്രായക്കാരായ കൂട്ടുകാരെ കണ്ടുപിടിക്കാൻ പപ്പയും മമ്മിയും എന്നെ സഹായിച്ചു. താങ്ക്യൂ പപ്പാ, മമ്മീ.”—ക്രിസ്റ്റഫർ, 13.
താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം അടയാളപ്പെടുത്തുക:
കൂട്ടുകാരുടെകൂടെ ആയിരിക്കുമ്പോൾ, ശരിയല്ലാത്ത കാര്യങ്ങൾ ചെയ്യാൻ അവർ നിർബന്ധിക്കുമോ എന്നോർത്ത് ടെൻഷൻ തോന്നാറുണ്ടോ?
□ ഉണ്ട്
□ ഇല്ല
അച്ഛനും അമ്മയ്ക്കും നിങ്ങളുടെ കൂട്ടുകാരെ ഇഷ്ടമാകുമോ എന്ന് ഉറപ്പില്ലാത്തതുകൊണ്ട് അവരെ പരിചയപ്പെടുത്തിക്കൊടുക്കാൻ മടി തോന്നാറുണ്ടോ?
□ ഉണ്ട്
□ ഇല്ല
ഇതിൽനിന്ന് മനസ്സിലാക്കേണ്ടത്: “ഉണ്ട്” എന്നാണ് ഉത്തരമെങ്കിൽ, നല്ല നിലവാരമുള്ള സുഹൃത്തുക്കളെ കണ്ടെത്താൻ ശ്രമിക്കുക. നിങ്ങൾക്കു നല്ലൊരു മാതൃകയാണെന്നു തോന്നുന്ന ക്രിസ്ത്യാനികളെ സുഹൃത്താക്കുന്നത് നല്ലതായിരിക്കും.
#3: നല്ല സ്വാധീനം
അറിഞ്ഞിരിക്കേണ്ടത്. “ചീത്ത കൂട്ടുകെട്ടു നല്ല ശീലങ്ങളെ നശിപ്പിക്കുന്നു” എന്നു ബൈബിൾ പറയുന്നു. (1 കൊരിന്ത്യർ 15:33) ലോറൻ എന്ന പെൺകുട്ടി പറയുന്നത് ഇതാണ്: “ക്ലാസിലെ കുട്ടികളുടെ താളത്തിനൊത്ത് തുള്ളിയാൽ മാത്രമേ അവരെന്നെ കൂടെ കൂട്ടുകയുള്ളൂ. എനിക്കാണെങ്കിൽ ആരും കൂട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് കൂട്ടുകാരെ കിട്ടാൻവേണ്ടി ഞാൻ അവർ ചെയ്യുന്നതുപോലെയൊക്കെ ചെയ്യാൻ തുടങ്ങി.” എന്തായാലും ലോറൻ തന്റെ അനുഭവത്തിൽനിന്ന് ഒരു പാഠം പഠിച്ചു: മറ്റുള്ളവരെപ്പോലെ ആകാൻ ശ്രമിക്കുന്നതല്ല കൂട്ടുകാരെ കിട്ടാനുള്ള വഴി. അങ്ങനെ ചെയ്താൽ നിങ്ങൾ അവരുടെ കൈയിലെ കളിപ്പാവയാകേണ്ടിവരും. അവരുടെ ഇഷ്ടത്തിനനുസരിച്ച് തുള്ളുന്ന ഒരു പാവ. അതിന്റെ ആവശ്യമില്ല!
ചെയ്യാനാകുന്നത്. നിങ്ങൾ ആകെ മാറി അവരെപ്പോലെയാകണം എന്നു നിർബന്ധംപിടിക്കുന്നവരുമായുള്ള എല്ലാ കൂട്ടുകെട്ടും നിറുത്തുക. അങ്ങനെ ചെയ്യുമ്പോൾ കൂട്ടുകാരുടെ എണ്ണം കുറഞ്ഞുപോയേക്കാം. എങ്കിലും നിങ്ങൾക്കു സന്തോഷമുണ്ടായിരിക്കും. മറ്റാരുടെയും ഇഷ്ടത്തിന് ജീവിക്കേണ്ടല്ലോ. അതു മാത്രമല്ല, നിങ്ങളെ നല്ല രീതിയിൽ സ്വാധീനിക്കുന്ന സുഹൃത്തുക്കളെ കണ്ടെത്താനുള്ള അവസരവും തുറന്നുകിട്ടും.—റോമർ 12:2.
“എന്റെ ബെസ്റ്റ് ഫ്രണ്ടാണ് ക്ലിന്റ്. അവൻ ഒരിക്കലും എടുത്തുചാടി ഒന്നും ചെയ്യില്ല. മറ്റുള്ളവരുടെ മനസ്സറിഞ്ഞ് പെരുമാറാനും അറിയാം. ശരിക്കുംപറഞ്ഞാൽ അവനെക്കണ്ടാണ് ഞാൻ പഠിക്കുന്നത്.”—ജെയ്സൺ, 21.
സ്വയം ചോദിക്കുക:
കൂട്ടുകാരെപ്പോലെ ആകണമല്ലോ എന്നോർത്ത് ഞാൻ അവരെപ്പോലെ മോശമായി ഡ്രസ്സ് ചെയ്യുകയോ സംസാരിക്കുകയോ പെരുമാറുകയോ ചെയ്യാറുണ്ടോ?
□ ഉണ്ട്
□ ഇല്ല
അല്ലാത്തപ്പോൾ പോകാൻ മടിക്കുന്ന സ്ഥലങ്ങളിൽ കൂട്ടുകാർ നിർബന്ധിക്കുന്നതുകൊണ്ടുമാത്രം ഞാൻ പോകാറുണ്ടോ?
□ ഉണ്ട്
□ ഇല്ല
ഇതിൽനിന്ന് മനസ്സിലാക്കേണ്ടത്: “ഉണ്ട്” എന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ മാതാപിതാക്കളോടോ പക്വതയുള്ള മുതിർന്ന മറ്റാരോടെങ്കിലുമോ ഉപദേശം ചോദിക്കുക. നിങ്ങൾ യഹോവയുടെ സാക്ഷികളിൽ ഒരാളാണെങ്കിൽ, നല്ല സുഹൃത്തുക്കളെ തിരഞ്ഞെടുക്കാൻ സഹായിക്കാമോ എന്ന് ഒരു ക്രിസ്തീയമൂപ്പനോടു ചോദിക്കുക.
ഈ വിഷയത്തെക്കുറിച്ച് കൂടുതൽ അറിയാൻ വാല്യം 2-ലെ 9-ാം അധ്യായം വായിച്ചുനോക്കുക
അടുത്ത അധ്യായത്തിൽ
ചെയ്യരുതാത്ത കാര്യങ്ങൾ ചെയ്യാൻ കൂട്ടുകാർ നിങ്ങളെ നിർബന്ധിച്ചാലോ? അല്ലെങ്കിൽ, നിങ്ങൾക്കുതന്നെ അങ്ങനെ തോന്നിയാലോ? ആ സമയത്ത് വഴങ്ങിക്കൊടുക്കാതെ എങ്ങനെ പിടിച്ചുനിൽക്കാം? അടുത്ത അധ്യായത്തിൽ അതിനെപ്പറ്റി വായിക്കുക.
[അടിക്കുറിപ്പ്]
a തെറ്റുപറ്റാത്തവരായി ആരുമില്ല. (റോമർ 3:23) അതുകൊണ്ട് ഒരു സുഹൃത്തിൽനിന്ന് മോശമായ അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽത്തന്നെ ആ വ്യക്തി ആത്മാർഥമായി പശ്ചാത്തപിക്കുന്നെങ്കിൽ നിങ്ങൾക്ക് അതു ക്ഷമിക്കാൻ കഴിഞ്ഞേക്കും. “പാപങ്ങൾ എത്രയുണ്ടെങ്കിലും സ്നേഹം അതെല്ലാം മറയ്ക്കുന്നു” എന്ന് ഓർക്കുക.—1 പത്രോസ് 4:8.
ഓർത്തിരിക്കേണ്ട വാക്യം
“കൂടപ്പിറപ്പിനെക്കാൾ കൂറുള്ള കൂട്ടുകാരുമുണ്ട്.”—സുഭാഷിതങ്ങൾ 18:24.
എളുപ്പവഴി
എപ്പോഴും ശരി ചെയ്യാൻ ശ്രമിക്കുക. അപ്പോൾ, അതുപോലെതന്നെ ചെയ്യുന്ന കുട്ടികൾ നിങ്ങളെ കൂടെക്കൂട്ടാൻ സാധ്യതയുണ്ട്. അവരായിരിക്കും നിങ്ങൾക്കു കിട്ടാവുന്ന ഏറ്റവും നല്ല കൂട്ടുകാർ!
നിങ്ങൾക്ക് അറിയാമോ. . . ?
ദൈവം ആരോടും വേർതിരിവ് കാണിക്കുന്നില്ല. പക്ഷേ തന്റെ “കൂടാരത്തിൽ അതിഥിയായി” ആരെ സ്വീകരിക്കണം എന്ന് വളരെ ശ്രദ്ധയോടെയാണ് ദൈവം തീരുമാനിക്കുന്നത്.—സങ്കീർത്തനം 15:1-5.
ചെയ്തുനോക്കൂ!
നല്ല കൂട്ടുകാരെ കിട്ടാൻ ഞാൻ ․․․․․
ഞാൻ കുറച്ചുകൂടെ അടുത്തറിയാൻ ആഗ്രഹിക്കുന്ന, എന്നെക്കാൾ പ്രായമുള്ള ചിലർ ഇവരൊക്കെയാണ്: ․․․․․
കൂട്ടുകാരെ കണ്ടുപിടിക്കുന്ന കാര്യത്തിൽ ഞാൻ അച്ഛനോടും അമ്മയോടും ചോദിച്ച് മനസ്സിലാക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ഇതൊക്കെയാണ്: ․․․․․
നിങ്ങൾക്ക് എന്തു തോന്നുന്നു?
● നിങ്ങളുടെ കൂട്ടൂകാരന് ഏതൊക്കെ ഗുണങ്ങൾ വേണമെന്നാണ് നിങ്ങൾ ഏറ്റവും ആഗ്രഹിക്കുന്നത്? എന്തുകൊണ്ട്?
● ഒരു നല്ല കൂട്ടുകാരനാകാൻ ഏതൊക്കെ ഗുണങ്ങളാണ് ഇനി നിങ്ങൾ വളർത്തിയെടുക്കേണ്ടത്?
[ആകർഷകവാക്യം]
ചില കുട്ടികളുമായുള്ള കൂട്ടുകെട്ട് വേണ്ടെന്ന് ഡാഡിയും മമ്മിയും പറഞ്ഞു. എനിക്കാണെങ്കിൽ അവരെയല്ലാതെ വേറെ ആരെയും കൂട്ടുകാരായി സങ്കൽപ്പിക്കാൻ കഴിയില്ലായിരുന്നു. പക്ഷേ ഡാഡിയും മമ്മിയും പറഞ്ഞതിൽ കാര്യമുണ്ടായിരുന്നു. ഞാൻ എന്റെ ഭാഗത്തുനിന്ന് മാത്രം ചിന്തിക്കാതെ ഒന്ന് മാറിചിന്തിച്ചപ്പോഴാണ് അവരെക്കാളൊക്കെ എത്രയോ നല്ല കൂട്ടുകാർ വേറെയുണ്ടെന്ന് എനിക്കു മനസ്സിലായത്.”—കോൾ
[ചതുരം]
ശ്രമിച്ചുനോക്കൂ
കൂട്ടുകാരെക്കുറിച്ച് അച്ഛനമ്മമാരോടു സംസാരിക്കുക. നിങ്ങളുടെ പ്രായത്തിൽ അവർക്ക് എങ്ങനെയുള്ള കൂട്ടുകാരാണ് ഉണ്ടായിരുന്നതെന്ന് ചോദിക്കുക. ‘ഏതെങ്കിലും കൂട്ടുകാരെക്കുറിച്ച്, അവരുമായി കൂട്ടുകൂടണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ, ഉണ്ടെങ്കിൽ എന്തായിരുന്നു കാരണം’ എന്നും ചോദിക്കാം. അച്ഛനും അമ്മയും നേരിട്ട പ്രശ്നങ്ങൾ നിങ്ങൾക്ക് എങ്ങനെ ഒഴിവാക്കാം എന്നും ചോദിച്ച് മനസ്സിലാക്കുക.
അച്ഛനും അമ്മയ്ക്കും നിങ്ങളുടെ കൂട്ടുകാരെ പരിചയപ്പെടുത്തിക്കൊടുക്കുക. അങ്ങനെ ചെയ്യാൻ മടി തോന്നുന്നുണ്ടെങ്കിൽ ചിന്തിച്ചുനോക്കുക: ‘എന്തുകൊണ്ടാണ് ഞാൻ അതിനു മടിക്കുന്നത്?’ അച്ഛനും അമ്മയ്ക്കും ഇഷ്ടപ്പെടാത്ത എന്തെങ്കിലും കാര്യം നിങ്ങളുടെ കൂട്ടുകാരിൽ ഉണ്ടോ? ഉണ്ടെങ്കിൽ, കൂട്ടുകാരെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ നിങ്ങൾ കുറെക്കൂടെ ശ്രദ്ധിക്കണം എന്നാണ് അർഥം.
കൂട്ടുകാർ സംസാരിക്കുമ്പോൾ നന്നായി ശ്രദ്ധിക്കുക. കൂട്ടുകാർ അവരുടെ എന്തെങ്കിലും കാര്യങ്ങളോ വിഷമങ്ങളോ ഒക്കെ പറയുമ്പോൾ ശ്രദ്ധിച്ചുകേൾക്കുക. അങ്ങനെ അവരുടെ കാര്യത്തിൽ താത്പര്യമുണ്ടെന്നു കാണിക്കുക.—ഫിലിപ്പിയർ 2:4.
ക്ഷമിക്കുക. കൂട്ടുകാർ എല്ലാം തികഞ്ഞവരായിരിക്കണമെന്നു പ്രതീക്ഷിക്കരുത്. “നമ്മളെല്ലാം പലതിലും തെറ്റിപ്പോകുന്നവരാണല്ലോ.”—യാക്കോബ് 3:2.
കൂട്ടുകാർ എപ്പോഴും നിങ്ങളുടെ കൂടെത്തന്നെയുണ്ടായിരിക്കണമെന്ന് വാശിപിടിക്കരുത്. അവർക്ക് അവരുടേതായ കാര്യങ്ങളും കാണുമല്ലോ. അതുകൊണ്ട് എപ്പോഴും ഒട്ടിപ്പിടിച്ച് നടന്ന് അവരെ ശല്യംചെയ്യരുത്. നല്ല കൂട്ടുകാർ നിങ്ങൾക്ക് അവരെ വേണ്ടപ്പോൾ ഓടിയെത്തുകതന്നെ ചെയ്യും.—സഭാപ്രസംഗകൻ 4:9, 10.
[ചിത്രം]
മറ്റുള്ളവരെപ്പോലെ ആകാൻ ശ്രമിച്ചാൽ നിങ്ങൾ അവരുടെ കൈയിലെ കളിപ്പാവയാകേണ്ടിവരും. അവരുടെ ഇഷ്ടത്തിനനുസരിച്ച് തുള്ളുന്ന ഒരു പാവ